അമുസ്ലിം രാജ്യത്തെ മുസ്ലിംകളുടെ ഇസ്ലാം പൂര്‍ണ്ണമല്ലേ?

അനിസ്ലാമിക രാജ്യത്ത് ജീവിക്കുന്ന മുസ്ലിംകളുടെ ഇസ്ലാം പൂര്‍ണ്ണമല്ലേ? അവര്‍ക്ക് സ്വര്‍ഗ പ്രവേശനം സാധ്യമല്ലേ? അവരെല്ലാവരും മുസ്ലിം രാജ്യത്തേക്ക് ഹിജ്റ പോകേണ്ടതുണ്ടോ?മുസ്ലിംകളിലെ ചില ആളുകളെങ്കിലും ആശങ്കപ്പെടുന്നതും ഉത്തരം തേടുന്നതുമായ ചോദ്യങ്ങളാണ് ഇത്. അനിസ്ലാമിക രാജ്യത്ത് 100 % ഇസ്ലാമായി ജീവിക്കാൻ സാധിക്കില്ലെന്നും ചിലര്‍ കണക്കാക്കുന്നു.  ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

ഇസ്‌ലാം പരിചയപ്പെടുത്താന്‍ വന്ന സകല പ്രവാചകന്മാരും ബഹുമതങ്ങളും വ്യത്യസ്ത ചിന്താധാരകളും കലര്‍ന്ന സാമൂഹിക അന്തരീക്ഷത്തില്‍ തന്നെയാണ് ജീവിച്ചതും വളര്‍ന്നതും അതിശക്തവും യുക്തിഭദ്രവുമായി പ്രബോധനം നിര്‍വഹിച്ചതും. ഇതില്‍ നിന്നു തന്നെ ഇസ്‌ലാം, ബഹുസ്വര സമൂഹത്തില്‍ പൂര്‍ണാര്‍ത്ഥത്തില്‍ സാധ്യമാണെന്ന് വ്യക്തമാണ്. ശി൪ക്കില്‍ മുങ്ങിക്കുളിച്ച ഒരു സമൂഹത്തില്‍ ജീവിച്ചിട്ടും ഇബ്രാഹിം നബി عليه السلام യെ കുറിച്ച് അദ്ദേഹം കടമകള്‍ നിറവേറ്റിയ വ്യക്തിത്വമെന്ന് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത് ശ്രദ്ധയമാണ്. അനിസ്ലാമിക വ്യവസ്ഥിതിയില്‍ ജീവിച്ചിട്ടും അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്വാസിയായി ജീവിക്കാന്‍ സാധിച്ചുവെന്ന് ചുരുക്കം.

وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ

(കടമകള്‍) നിറവേറ്റിയ ഇബ്രാഹീം (ഖു൪ആന്‍:53/37)

{وَإِبْرَاهِيمَ الَّذِي وَفَّى} أَيْ: قَامَ بِجَمِيعِ مَا ابْتَلَاهُ اللَّهُ بِهِ، وَأَمَرَهُ بِهِ مِنَ الشَّرَائِعِ وَأُصُولِ الدِّينِ وَفُرُوعِهِ،

{(കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും} അതായത്: അല്ലാഹുവിന്റെ പരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയാക്കി. മതനിയമങ്ങളില്‍നിന്നും അടിസ്ഥാനപരമായും ശാഖാപരമായും കല്‍പിച്ചതെല്ലാം നിര്‍വഹിക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

യൂസുഫ് നബി عليه السلام ഇസ്‌ലാമികേതരമായ നിയമവ്യവസ്ഥ പിന്തുടരുന്ന ഒരു രാജ്യത്ത് (ഈജിപ്തില്‍ ), അവിടെയുള്ള രാജാവിനോട് പറഞ്ഞത് കാണുക:

قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌ ‎﴿٥٥﴾‏ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَآءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَآءُ ۖ وَلَا نُضِيعُ أَجْرَ ٱلْمُحْسِنِينَ ‎﴿٥٦﴾‏

അദ്ദേഹം (യൂസുഫ്)പറഞ്ഞു: താങ്കൾ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേൽപിക്കൂ. തീർച്ചയായും ഞാൻ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും. അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്നവിധം നാം സ്വാധീനം നൽകി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവർക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തർക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല. (ഖുര്‍ആൻ:12/55-56)

ലോകത്തുള്ള മുഴുവൻ സത്യവിശ്വാസികൾക്കും മാതൃകയായി അല്ലാഹു ഉദാഹരിച്ച അക്രമിയായ ഭരണാധികാരിയായിരുന്ന ഫിർഔനിന്റെ ഭാര്യയായിരുന്ന ആസിയ رضي الله عنها ജീവിച്ചത് ഇസ്ലാമിക രാജ്യത്തായിരുന്നില്ല.

وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ

സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. (ഖുർആൻ:66/11)

മുഹമ്മദ്  നബി ﷺ യുടെ സ്വഹാബിമാര്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന നജ്ജാശി രാജാവ് പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുന്നുണ്ട്. നജ്ജാശി രാജാവ് മരിച്ചസമയത്ത് അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കരിക്കാൻപോലും അവിടെ മുസ്ലിംകൾ ഉണ്ടായിരുന്നില്ല.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله പറയുന്നു: നബി ﷺയുടെ പ്രബോധനം കേട്ട് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്ന് തിരിച്ചറിഞ്ഞ്, അദ്ദേഹത്തിലും അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുകയും കഴിവിന്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്ത് അനിസ്‌ലാമിക നാട്ടിൽ ജീവിച്ചിരുന്ന എല്ലാ അവിശ്വാസികളും അപ്രകാരം തന്നെയാണ്. നജ്ജാശിയെ പോലെയുള്ളവർ അതിനുള്ള ഉദാഹരണമാണ്. ഇസ്‌ലാമിക രാജ്യത്തേക്ക് പലായനം ചെയ്യാനോ, എല്ലാ നിയമങ്ങളും പാലിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന് എല്ലാ മതവിധികളും പഠിപ്പിച്ചുകൊടുക്കാൻ പോലും ആരുമില്ലായിരുന്നു. എന്നാൽ പോലും സ്വർഗത്തിൽ പ്രവേശിക്കുന്ന സത്യവിശ്വാസികളിൽ അദ്ദേഹം ഉൾപ്പെടും. ഫിർഔന്റെ ആൾക്കാരിൽപ്പെട്ട – തന്റെ വിശ്വാസം മറച്ചുവെച്ചുകൊണ്ടിരുന്ന – (ക്വുർആൻ പരിചയപ്പെടുത്തിയ) ഒരു വിശ്വാസിയും, ഫിർഔനിന്റെ തന്നെ ഭാര്യയും അവിശ്വാസികളുടെ കൂടെ ഈജിപ്തിൽ ജീവിച്ച യൂസുഫ് നബിയുമൊക്കെ സമാനമായ ഉദാഹരണങ്ങളാണ്. യൂസുഫ് നബി عليه السلام ക്ക് അറിയുന്നതെല്ലാം പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. തൗഹീദിലേക്കും ഈമാനിലേക്കും അദ്ദേഹം അവരെ ക്ഷണിച്ചു. പക്ഷേ, അവർ തിരസ്‌കരിച്ചു. (മിൻഹാജുസ്സുന്ന അന്നബവിയ്യ)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ أَعْرَابِيًّا، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ دَخَلْتُ الْجَنَّةَ‏.‏ قَالَ ‏”‏ تَعْبُدُ اللَّهَ لاَ تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلاَةَ الْمَكْتُوبَةَ، وَتُؤَدِّي الزَّكَاةَ الْمَفْرُوضَةَ، وَتَصُومُ رَمَضَانَ ‏”‏‏.‏ قَالَ وَالَّذِي نَفْسِي بِيَدِهِ لاَ أَزِيدُ عَلَى هَذَا‏.‏ فَلَمَّا وَلَّى قَالَ النَّبِيُّ صلى الله عليه وسلم ‏”‏ مَنْ سَرَّهُ أَنْ يَنْظُرَ إِلَى رَجُلٍ مِنْ أَهْلِ الْجَنَّةِ فَلْيَنْظُرْ إِلَى هَذَا ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: ഒരു അഅ്റാബി നബി ﷺ യുടെ അടുക്കല്‍ വന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ ചെയ്താല്‍ എനിക്ക് സ്വ൪ഗത്തില്‍ പ്രവേശിക്കാന്‍ ഉതകുന്ന ഒരു ക൪മ്മം അറിയിച്ച് തരിക. നബി ﷺ പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, അവനില്‍ യാതൊന്നിനെയും പങ്ക് ചേ൪ക്കാതിരിക്കുക. നി൪ബന്ധ നമസ്കാരങ്ങള്‍ കൃത്യമായി നി൪വ്വഹിക്കുക, നി൪ബന്ധ (ദാനമായ) സക്കാത്ത് കൊടുത്തുവീട്ടുക, റമളാനില്‍ നോമ്പ് അനുഷ്ടിക്കുക. അയാള്‍ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍(അല്ലാഹു) തന്നെയാണെ സത്യം,ഇതിനേക്കാള്‍ ഞാന്‍ യാതൊന്നിനെയും വ൪ദ്ധിപ്പിക്കുകയില്ല. അയാള്‍ തിരിഞ്ഞു പോയപ്പോള്‍ നബി ﷺ പറഞ്ഞു: സ്വ൪ഗ വാസികളില്‍ പെട്ട ഒരാളിലേക്ക് നോക്കുന്നത് ആ൪ക്കെങ്കിലും സന്തോഷകരമാണെങ്കില്‍ അയാള്‍ ഇദ്ദേഹത്തിലേക്ക് നോക്കികൊള്ളട്ടെ. (ബുഖാരി:1397)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *