വ൪ഷം മുഴുവന്‍ നോമ്പ് അനുഷ്ഠിച്ച പ്രതിഫലം ലഭിക്കാന്‍

ഇസ്ലാമിലെ ഏറെ മഹത്തരമായ ഒരു ആരാധനാ കർമ്മമാണ് നോമ്പ്. അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച് നോമ്പെടുക്കുന്ന ഒരു സത്യവിശ്വാസിക്ക് വമ്പിച്ച പ്രതിഫലമാണ് ലഭിക്കന്നത്. അതോടൊപ്പം ചില പ്രത്യേക ദിവസങ്ങളില്‍ നോമ്പെടുത്താല്‍ വ൪ഷം മുഴുവന്‍ നോമ്പ് അനുഷ്ഠിച്ച പ്രതിഫലമുണ്ടെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. പ്രസ്തുത ദിവസങ്ങളിലെ സുന്നത്ത് നോമ്പെടുക്കാന്‍ സത്യവിശ്വാസികള്‍ പരിശ്രമിക്കേണ്ടതുണ്ട്.

(1) മാസത്തില്‍ മൂന്ന് ദിവസം

عَنْ أَبِي هُرَيْرَةَ، قَالَ أَوْصَانِي خَلِيلِي صلى الله عليه وسلم بِثَلاَثٍ بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَرَكْعَتَىِ الضُّحَى وَأَنْ أُوتِرَ قَبْلَ أَنْ أَرْقُدَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുവാനും (എല്ലാ ദിവസവും) രണ്ട് റക്അത്ത് ളുഹാ നമസ്‌കരിക്കുവാനും ഉറങ്ങുന്നതിനു മുമ്പ് വിത്റ് നമസ്‌കരിക്കുവാനും എന്റെ കൂട്ടുകാരന്‍ നബി ﷺ എന്നോട് ഉപദേശിച്ചിരുന്നു. (മുസ്ലിം:721)

صَوْمُ ثَلاَثَةِ أَيَّامٍ صَوْمُ الدَّهْرِ كُلِّهِ

അംറ് ബ്നു ആസില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ഓരോ മാസത്തിലും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുന്നത് വർഷം മുഴുവൻ വ്രതമനുഷ്ഠിക്കുന്നതിന് തുല്യമാണ്. (ബുഖാരി: 1979)

വ൪ഷം മുഴുവന്‍ നോമ്പ് അനുഷ്ഠിച്ച പ്രതിഫലം ലഭിക്കുന്നതിന് മാസത്തിലെ ഏത് ദിവസവും തുട൪ച്ചയായോ അല്ലാതെയോ നോല്‍ക്കാവുന്നതാണ്. എല്ലാ മാസവും 13,14,15 തീയതികളില്‍ നോമ്പനുഷ്ഠിക്കുന്നത് പ്രത്യേകം സുന്നത്താണ്. ഈ ദിവസങ്ങളിലെ നോമ്പാണ് അയ്യാമുല്‍ ബീള് എന്ന് അറിയപ്പെടുന്നത്.

عَنْ مُوسَى بْنِ طَلْحَةَ، قَالَ سَمِعْتُ أَبَا ذَرٍّ، بِالرَّبَذَةِ قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم :‏ إِذَا صُمْتَ شَيْئًا مِنَ الشَّهْرِ فَصُمْ ثَلاَثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَخَمْسَ عَشْرَةَ

അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മാസത്തില്‍ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ പതിമൂന്നിലും പതിനാലിലും, പതിനഞ്ചിലും നീ നോമ്പനുഷ്ഠിച്ചുകൊള്ളുക. (നസാഇ:2424)

عَنْ مُوسَى بْنِ طَلْحَةَ، قَالَ سَمِعْتُ أَبَا ذَرٍّ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ يَا أَبَا ذَرٍّ إِذَا صُمْتَ مِنَ الشَّهْرِ ثَلاَثَةَ أَيَّامٍ فَصُمْ ثَلاَثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَخَمْسَ عَشْرَةَ

അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ഹേ അബൂദ൪റ്, താങ്കല്‍ മാസത്തില്‍ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ പതിമൂന്നിലും പതിനാലിലും, പതിനഞ്ചിലും നോമ്പനുഷ്ഠിച്ചുകൊള്ളുക. (തി൪മിദി:761)

(2) ശവ്വാലിലെ ആറ് നോമ്പ്

റമദാനിലെ നിര്‍ബന്ധ നോമ്പിന് ശേഷം ശവ്വാലില്‍ ആറ് നോമ്പ് അനുഷ്ഠിക്കുന്നത് സുന്നത്താണ്.

عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ

അബൂ അയ്യൂബല്‍ അന്‍സാരിയില്‍‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും റമളാന്‍ നോമ്പനുഷ്ടിക്കുകയും, ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ അതിനെ തുടര്‍ന്ന് നോല്‍ക്കുകയും ചെയ്‌താല്‍ അത് വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്. ( മുസ്‌ലിം: 1164 – മുസ്നദ് അഹ്മദ് : 23580 – തിര്‍മിദി: 759 – നസാഇ: 2862 – ഇബ്നു മാജ: 1716 )

“വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്” എന്ന പ്രയോഗത്തെ പണ്ഢിതൻമാര്‍ വിശദീകരിച്ചിട്ടുണ്ട്.

ഇമാം അസ്സ്വൻആനി رحمه الله പറഞ്ഞു: ഒരു നന്മ പത്തിരട്ടി നന്മകൾക്ക് തുല്യമാണ്. അപ്പോൾ റമദാൻ മാസം പത്ത് മാസങ്ങൾക്കു തുല്യം. ശവ്വാലിലെ ആറ് ദിവസത്തെ നോമ്പ് രണ്ടു മാസങ്ങള്‍ക്കു തുല്യവും. ഇതാണ് ഒരു വർഷത്തെ നോമ്പുമായി സാദൃശ്യപ്പെടുത്താനുള്ള കാരണം. (السبل ٥٨٢/١)

ഈ നോമ്പ് പെരുന്നാൾ ദിവസത്തിന്റെ പിറ്റേ ദിവസം മുതൽ തുടർച്ചയായി അനുഷ്ഠിക്കലാണ് ശ്രേഷ്ടകരം. അതിന് കഴിയാത്തവ൪ ശവ്വാല്‍ മാസത്തിലെ ഏതെങ്കിലും ദിവസങ്ങളില്‍ തുടർച്ചയായോ അല്ലാതെയോ അനുഷ്ഠിച്ചാല്‍ മതി.

ഇമാം നവവി(റഹി) പറഞ്ഞു: ഹദീസിന്റെ പ്രയോഗം ശവ്വാല്‍ മാസത്തില്‍നിന്ന് ആറു ദിവസം എന്നാണ്. തുടര്‍ച്ചയായി തന്നെ വേണമെന്ന് ആ പ്രയോഗം കുറിക്കുന്നില്ല. ശവ്വാലില്‍ ആയിരിക്കണമെന്നേ ഉള്ളൂ. (ശറഹുല്‍ മുഹദ്ദബ് : 6/379)

ശവ്വാല്‍ മാസം കഴിയുന്നതോടെ ഈ നോമ്പിന്റെ സാധുത അവസാനിക്കും.എന്തെങ്കിലും കാരണങ്ങളാല്‍ ശവ്വാലില്‍ ഈ നോമ്പ് അനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റ് മാസങ്ങളില്‍ ഇത് അനുഷ്ഠിക്കാന്‍ കഴിയില്ല.

قال العلامة عبد المحسن العباد – حفظه الله :‏ ‌‌‏يمكن الانسان أن يصوم الدهر مرتين ، مره ماجاء في الحديث “صيام ثلاثة أيام من كل شهر كصيام الدهر • -‏ ‌‌‏ومره “من صام رمضان واتبعه بستة من شوال كان كصيام الدهر ” ، فيحصل أجر صيام الدهر مرتين.

ശൈഖ് അബ്ദുൽ മുഹ്സിൻ അൽ-അബ്ബാദ് അൽ-ബദർ – حَفِظَهُ اللهُ – പറഞ്ഞു: ഒരു മനുഷ്യന് വ൪ഷം മുഴുവനും നോമ്പെടുക്കുക എന്നത് രണ്ട് തവണ സാധിക്കും.

ഒന്ന്: ഹദീസിൽ വന്നിരിക്കുന്നു : എല്ലാ മാസത്തിലും മൂന്ന് ദിവസത്തെ നോമ്പ് വർഷം മുഴുവൻ നോമ്പനുഷ്ഠിച്ചത് പോലെയാണ്.

രണ്ട്: ആരെങ്കിലും റമദാനിൽ നോമ്പെടുക്കുകയും പിന്നീട് അതിനെ തുടർന്ന് ശവ്വാലിൽ ആറ് നോമ്പെടുക്കുകയും ചെയ്താൽ അവൻ വർഷം മുഴുവനും നോമ്പെടുത്തതുപോലെയാണ്.

അങ്ങനെ അവന് രണ്ട് തവണ വർഷം മുഴുവനും നോമ്പനുഷ്ഠിച്ച പ്രതിഫലം കരസ്ഥമാക്കാൻ സാധിക്കും. (درس صحيح البخاري ١١ / رجب / ١٤٣٩هـ)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *