നോമ്പ് : ചില അടിസ്ഥാന കാര്യങ്ങൾ

നോമ്പ് അനുഷ്ടിക്കുവാൻ കഴിവും ശേഷിയുമുള്ള മുസ്ലിംകളെല്ലാം റമളാനിൽ നോമ്പ് അനുഷ്ടിക്കുന്നു. എല്ലാവരും ഒന്നിച്ച് അനുഷ്ഠിക്കുന്ന ഇബാദത്തായി നോമ്പ് അല്ലാതെ മറ്റൊരു ഇബാദത്ത് ഇല്ലെന്നുതന്നെ പറയാം. നോമ്പുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആളുകൾ നോമ്പ് അനുഷ്ഠിക്കുന്നത് വ്യത്യസ്തങ്ങളായ കാരണങ്ങളാണ്. ശരിയായ അറിവിന്റെയും വിശ്വാസത്തിന്റയും അടിസ്ഥാനത്തിൽ നോമ്പ് അനുഷ്ഠിക്കുന്നവർ, എല്ലാവരും നോമ്പ് അനുഷ്ഠിക്കുമ്പോൾ  സമൂഹത്തിന്റെ ആ ഒഴുക്കിനനുസരിച്ച് നോമ്പ് അനുഷ്ഠിക്കുന്നവർ, എല്ലാവരും നോമ്പ് അനുഷ്ഠിക്കുമ്പോൾ  ഞാൻ മാത്രം എങ്ങനെ നോമ്പ് അനുഷ്ഠിക്കാതിരിക്കും എന്ന് കരുതി നോമ്പ് അനുഷ്ഠിക്കുന്നവർ ഇങ്ങനെ പല കാരണങ്ങളാൽ ആളുകൾ നോമ്പ് അനുഷ്ഠിക്കുന്നുണ്ട്.

ഒന്നാമതായി, ശരിയായ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കണം നാം നോമ്പ് അനുഷ്ഠിക്കേണ്ടത്. ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തെതാണ് റമളാനിലെ നോമ്പ്. അത് അനുഷ്ഠിക്കൽ നിർബന്ധമാണെന്നും അത് ഉപേക്ഷിക്കുക വഴി ഇസ്ലാമിക വൃത്തത്തിൽ നിന്നും പുറത്ത് പോകുന്നതാണെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഓരോ മുസ്ലിമും നോമ്പ് അനുഷ്ഠിക്കേണ്ടത്. മാത്രമല്ല, അത് അല്ലാഹു കൽപ്പിച്ചതുമാണ്.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ

ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8 – മുസ്ലിം:16)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌.(ഖു൪ആന്‍:2/183)

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ ﻓَﻤَﻦ ﺷَﻬِﺪَ ﻣِﻨﻜُﻢُ ٱﻟﺸَّﻬْﺮَ ﻓَﻠْﻴَﺼُﻤْﻪُ ۖ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. (ഖു൪ആന്‍:2/185)

രണ്ടാമതായി, ഈമാനോടെയും ഇഹ്തിസാബോടെയും നോമ്പ് അനുഷ്ഠിക്കേണ്ടത്. അക്കാര്യം അല്ലാഹുവിന്റെ റസൂൽ ﷺ പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)

ഈമാനി്നറെ (വിശ്വാസത്തിന്റെ) അടിസ്ഥാനത്തിലാണ് നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, ഖദ്റിലും വിശ്വസിക്കലാകുന്നു. അല്ലാഹുവിലുള്ള വിശ്വാസമാണ് മറ്റുള്ള വിശ്വാസ കാര്യങ്ങളുടെയെല്ലാം അടിസ്ഥാനം.

ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കർമ്മങ്ങൾ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. വിശ്വാസം ശരിയല്ലെങ്കിൽ കർമ്മങ്ങളും ശരിയാകില്ല. അല്ലാഹുവിൽ പങ്ക് ചേർത്തവന്റെ ഒരു കർമ്മവും അല്ലാഹു സ്വീകരിക്കുകയില്ല. ശിർക്ക് ചെയ്തവന്റെ കർമ്മങ്ങളെല്ലാം നിഷ്ഫലമാണ്. നോമ്പിന്റെ കാര്യവും അങ്ങനെതന്നെ. അതുകൊണ്ടുതന്നെ നോമ്പ് സ്വീകരിക്കപ്പെടണമെങ്കിൽ ശരിയായ വിശ്വാസം നമുക്ക് ഉണ്ടാകണം.

ഈമാനിനോടൊപ്പം ചേർത്ത് പറഞ്ഞിട്ടുള്ളത് ഇഹ്തിസാബ് അഥവാ പ്രതിഫലേച്ഛയാണ്. ‘ആളുകളെല്ലാം നോമ്പെടുക്കുന്നു, പിന്നെ ഞാൻ മാത്രം എങ്ങനെ തിന്നുകയും കുടിക്കുകയും ചെയ്യും’ എന്ന ചിന്തയിലല്ല നോമ്പ് അനുഷ്ഠിക്കേണ്ടത്. അല്ലാഹു നിശ്ചയിച്ച ഈ മഹത്തായ നിയമത്തോടെ വെറുപ്പിന്റെ ഒരു അംശം പോലും സത്യവിശ്വാസിക്ക് പാടുള്ളതല്ല. ‘അല്ലാഹുവിലേക്ക് അടുക്കുവാൻ അവൻ ഇങ്ങനെയൊരു കർമ്മം നിശ്ചയിച്ചു തന്നല്ലോ’ എന്ന നന്ദിയോടെയുള്ള ചിന്തയാണ് സത്യവിശ്വാസികൾക്ക് വേണ്ടത്. അതോടൊപ്പം അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കുയും വേണം. നോമ്പ് അനുഷ്ഠിക്കുന്നവർക്ക് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള കണക്കല്ലാത്ത പ്രതിഫലം, പാപമോചനം, സ്വർഗ പ്രവേശനം, നരക മോചനം തുടങ്ങിയവ ആഗ്രഹിക്കണം.

മൂന്നാമതായി, കഷ്ടപ്പെട്ട് നോമ്പ് അനുഷ്ഠിച്ചിട്ട്, അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലമൊന്നും ലഭിക്കാതെ കേവലം പട്ടിണിയായി പരിണമിക്കുന്ന അവസ്ഥയെ ഭയപ്പെടുക. അതായത് തിൻമകൾ പ്രവർത്തിക്കുന്നത് നോമ്പിന്റെ പ്രതിഫലത്തെ നഷ്ടപ്പെടുത്തും.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلاَّ الْجُوعُ. وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلاَّ السَّهَرُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എത്രയോ നോമ്പുകാരുണ്ട്. അവന് തന്റെ നോമ്പിലൂടെ പട്ടിണി കിടന്നതല്ലാതെ (മറ്റൊരു പ്രയോജനവും) ഇല്ല. എത്രയോ രാത്രി നമസ്കാരക്കാരുണ്ട്. അവന് തന്റെ രാത്രി നമസ്കാരത്തിലൂടെ ഉറക്കമിളച്ചു എന്നതല്ലാതെ (മറ്റൊരു പ്രയോജനവും) ഇല്ല. (ഇബ്നുമാജ:7/1760)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി:1903)

قَالَ أبُو عبدِ الله جَابِرُ بنُ عبدِ الله رضي الله عنهما :إذَا صُمْتَ فَليَصُمْ سَمْعُكَ وَبَصَرُكَ وَلِسَانُكَ عَنِ الكَذِبِ وَالمَحَارِمِ وَدَعْ أذَى الجَارِ وليَكُنْ عَلَيكَ وَقَارٌ وَسَكِينَةٌ يَوْمَ صَوْمِكَ وَلا تَجْعَلْ يَوْمَ صَوْمِكَ وَيَوْمَ فِطْرِكَ سَوَاءً

മഹാനായ സ്വഹാബി ജാബിറുബ്നു അബ്ദില്ല (റ) പറഞ്ഞു:നീ നോമ്പെടുത്താൽ നിന്റെ കാതും, കണ്ണും, നാവും കളവിൽനിന്നും ഹറാമുകളിൽ നിന്നും നോമ്പെടുക്കട്ടേ.. അയൽവാസിയെ ഉപദ്രവിക്കുന്നത് നീ ഒഴിവാക്കുകയും ചെയ്യണം.. നിന്റെ നോമ്പിന്റെ ദിവസം നിനക്ക് ഗാഭീര്യവും അച്ചടക്കവും ഉണ്ടാകണം .. നിനക്ക് നോമ്പുള്ള ദിവസവും നോമ്പില്ലാത്ത ദിവസവും നീ ഒരു പോലെയാക്കരുത്.مصنف ابن أبي شيبة (2/271)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ الصِّيَامُ جُنَّةٌ، فَلاَ يَرْفُثْ وَلاَ يَجْهَلْ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ‏.‏ مَرَّتَيْنِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വ്രതം ഒരു പരിചയാണ്. അതിനാൽ (നോമ്പുകാരൻ) ചീത്ത വാക്കു പറയുകയോ മാന്യതക്ക് നിരക്കാത്തത് പ്രവർത്തിക്കുകയോ ചെയ്യരുത്. അവനോട് ആരെങ്കിലും ശണ്ഠ കൂടുകയോ വഴക്കു പറയുകയോ ചെയ്താൽ ഞാൻ നോമ്പുകാരനാണെന്ന് അവൻ രണ്ട് തവണ പറയട്ടെ……..(ബുഖാരി: 1894)

ചീത്തവാക്കുകള്‍, പ്രവൃത്തികള്‍, ചിന്തകള്‍ എന്നിവകൊണ്ട് നോമ്പ് മുറിയുകയില്ലെങ്കിലും നോമ്പിന്റെ പ്രതിഫലം കുറയാന്‍ അത് കാരണമാകും. (ഫതാവാ ഇബ്‌നുബാസ് 15/320).

നാലാമതായി, നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും ശുദ്ധീകരണം ചെയ്യണം. നോമ്പുകാരന്റെ പക്കല്‍ നിന്ന് അറിയാതെ വന്നുപോയ പിഴവുകള്‍ക്ക് പ്രായശ്ചിത്തമാണ് ഫിത്൪ സകാത്ത്‌.

ഫിത്൪ സകാത്ത്‌ ധനികർക്ക് മാത്രം ബാധകമായ കാര്യമാണെന്നാണ് പലരുടെയും ധാരണ. കുറഞ്ഞ സാമ്പത്തികമുള്ളവര്‍ പോലും ഇതു നല്‍കണം.  അതായത് പെരുന്നാള്‍ ദിവസത്തെ ചെലവ് കഴിച്ചു മിച്ചമുള്ള എല്ലാ മുസ്ലിമിനും ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുന്നു. അവന്‍ തന്റെയും താന്‍ ചെലവിനു നല്‍കാന്‍ ബാധ്യതപ്പെട്ടവരുടെയും സകാത്ത് നല്‍കണം.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ، وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاَةِ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: മുസ്ലിംകളായ സ്വതന്ത്രനും അടിമക്കും പുരുഷനും, സ്ത്രീക്കും, ചെറിയവനും, വലിയവനും ഒരു സ്വാഹ് ഈത്തപ്പഴമോ, ബാർലിയോ ഫിത്വ്ർ സകാത്ത് നൽകൽ അല്ലാഹുവിന്റെ റസൂൽ ﷺ നിർബന്ധമാക്കിയിരിക്കുന്നു. ആളുകൾ (പെരുന്നാൾ) നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായി അത് നൽകുവാൻ അവിടുന്നു കൽപിച്ചു. (ബുഖാരി: 1503- മുസ്ലിം: 984)

അഞ്ചാമതായി, നമ്മുടെ നോമ്പ് പരലോകത്ത് നമുക്ക് ഉപകാരപ്പെടണം. അതിന് മുസ്ലിമായി മരിക്കാൻ കഴിയണം. മുസ്ലിമായി മരിക്കണമെങ്കിൽ മുസ്ലിമായി ജീവിക്കണം. റമളാൻ കഴിഞ്ഞാൽ അഞ്ച് നേരത്തെ നമസ്കാരം ഒഴിവാക്കി ജീവിക്കുന്നവരായി നാം മാറരുത്. ഒരാൾ അഞ്ച് നേരത്തെ നമസ്കാരം ഒഴിവാക്കുന്നതോടെ ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്ത് പോകുന്നു. ആ അവസ്ഥയിൽ മരിക്കുകയാണെങ്കിൽ നമ്മുടെ സൽകർമ്മങ്ങളൊക്കെ പരലോകത്ത് നമുക്ക് ഉപകാരപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെ റമളാനിന് ശേഷവും ഇസ്ലാമിലായി, മുസ്ലിമായി ജീവിക്കാൻ നമുക്ക് കഴിയണം.

قال  مُحَمَّدُ بنُ صَالِح العُثَيْمِين رحمه الله: تَارِكُ الصـَّلاةِ صَوْمُهُ لَيْسَ بِصَحِيحٍ وَلَا مَقْبُولٍ مِـنْهُ لِأنَّ تَارِكَ الصَّلاةِ كَافِرٌ مُرْتَدٌّ

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:നിസ്കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ് ശരിയാവുകയില്ല അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുകയുമില്ല..കാരണം നിസ്കാരം ഉപേക്ഷിക്കുന്നവൻ കാഫിറും ഇസ് ലാമിൽ നിന്ന് പുറത്ത് പോയവനുമാണ്. (فتَاوَى الصيَام صـ87)

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: നിസ്കരിക്കാത്ത ഒരാൾ നോമ്പെടുത്താൽ അവന്റെ നോമ്പ് പരലോകത്ത് അല്ലാഹുവിന്റെ അടുക്കൽ തള്ളപ്പെട്ടതും സ്വീകരിക്കപ്പെടാത്തതും അവന് ഉപകാരപ്പെടാത്തതുമാകുന്നു. നമ്മൾ അവനോട് പറയുന്നു: “നീ നിസ്കരിക്കുക. എന്നിട്ട് നോമ്പെടുക്കുക”. നിസ്കരിക്കാതെ നീ നോമ്പെടുത്താൽ നിന്റെ നോമ്പ് നിന്നിലേക്ക് തന്നെ തള്ളപ്പെട്ടതാകുന്നു. കാരണം ഒരു കാഫിറിൽ നിന്നും ആരാധനകൾ സ്വീകരിക്കപ്പെടുന്നതല്ല. ( فقه العبادات: ١/٢٢٧)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *