ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തെതാണ് നോമ്പ്. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ അല്ലാഹുവിന് വേണ്ടി ത്യജിക്കുന്ന ആരാധനയാണ് നോമ്പ്. ഇത് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിനുള്ള തെളിവ് കാണുക:

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ

ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8 – മുസ്ലിം:16)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌.(ഖു൪ആന്‍:2/183)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:ഹേ, വിശ്വസിച്ചവരേ എന്ന് വിളിച്ചുകൊണ്ടാണ് നോമ്പ് നിങ്ങളില്‍ നിയമിക്കപ്പെട്ടിരിക്കുന്നുവെന്ന് അല്ലാഹു പറയുന്നത്. അതിനാല്‍, ഓരോ സത്യവിശ്വാസിക്കും നോമ്പ് നിര്‍ബന്ധമാകുന്നു. പ്രത്യേകം ഒഴിവ് നല്‍കപ്പെട്ടവര്‍ മാത്രമേ ഇതില്‍ നിന്ന് ഒഴിവുള്ളൂ. ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/183 ന്റെ വിശദീകരണം)

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ ﻓَﻤَﻦ ﺷَﻬِﺪَ ﻣِﻨﻜُﻢُ ٱﻟﺸَّﻬْﺮَ ﻓَﻠْﻴَﺼُﻤْﻪُ ۖ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌.  (ഖു൪ആന്‍:2/185)

സംശയലേശമന്യെ പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെട്ട ഈ അടിസ്ഥാനകാര്യത്തെ വല്ലവനും നിഷേധിക്കുന്നുവെങ്കില്‍ അവന്‍ അവിശ്വാസിയായി മാറും എന്നത് മുസ്‌ലിം ലോകത്തെ ഇജ്മാഅ് ആണ് (ശര്‍ഹു മുസ്‌ലിം 1/205).

എന്നാല്‍ നോമ്പ് നിര്‍ബന്ധമാണെന്ന് അംഗീകരിക്കുകയും അതിനെ നിസ്സാരവല്‍കരിച്ചുകൊണ്ട് ഉപേക്ഷിക്കുകയും ചെയ്തവന്‍ പാപിയായി ഗണിക്കപ്പെടും. അവന്‍ മതഭ്രഷ്ടനായിരിക്കുമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്.

ഹിജ്‌റ വര്‍ഷം രണ്ടിലാണ് റമദാന്‍ നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടത്. 9 റമദാനുകളിലാണ് നബി ﷺ നോമ്പനുഷ്ഠിച്ചത് . (ശര്‍ഹുല്‍ മുംതിഅ് :6/298)

നോമ്പ് നിര്‍ബന്ധമാക്കിയതിലെ യുക്തി

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ (തഖ്‌വ ആർജ്ജിക്കുവാൻ)  വേണ്ടിയത്രെ അത്‌.(ഖു൪ആന്‍:2/183)

നോമ്പ് നിര്‍ബന്ധമാക്കിയതിലെ യുക്തി ഈ ഖുർആൻ വചനത്തിൽ നിന്നുതന്നെ വ്യക്തമാണ്. അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ ആരാധിക്കുകയെന്നതാണ് നോമ്പ്  നിര്‍ബന്ധമാക്കിയതിലൂടെ ഉദ്ദേശിക്കപ്പടുന്നത്. തഖ്‌വ എന്നാല്‍ നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും കല്‍പനകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യലാണ്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി:1903)

നോമ്പുകാരന് നിര്‍ബന്ധമായ കാര്യങ്ങള്‍ ചെയ്യലും നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും അനിവാര്യമാണെന്ന് ഹദീസില്‍ നിന്ന് വ്യക്തമായി. ഏഷണി, പരദൂഷണം, കളവ് എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക, നിഷിദ്ധമായ കച്ചവടം ഉപേക്ഷിക്കുക, മ്ലേഛതകളില്‍ നിന്ന് അകന്ന് നില്‍ക്കുക തുടങ്ങിയവ റമദാനില്‍ പരിപൂര്‍ണമായും പാലിക്കപ്പെടുകയാണെങ്കില്‍ മറ്റു മാസങ്ങളിലും അവനത് പാലിക്കുവാന്‍ സാധിക്കുന്നതാണ്.

നോമ്പിന്റെ ശ൪ത്വുകള്‍

നോമ്പ് സ്വീകരിക്കപ്പെടാനുള്ള ശ൪ത്വുകള്‍

1- മുസ്ലിമായിരിക്കുക.

ഏതൊരു സൽകർമ്മവും അല്ലാഹു സ്വീകരിക്കുന്നതിനുള്ള പ്രഥമമായ നിബന്ധനയാണിത്. അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിക്കുന്നവരുടെ കർമ്മങ്ങളെ കുറിച്ച് അല്ലാഹു പറയുന്നു:

وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَٰتُهُمْ إِلَّآ أَنَّهُمْ كَفَرُوا۟ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأْتُونَ ٱلصَّلَوٰةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَٰرِهُونَ

അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, മടിയന്‍മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്കാരത്തിന് ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്‌.(ഖു൪ആന്‍:9/54)

وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَٰهُ هَبَآءً مَّنثُورًا

അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും. (ഖു൪ആന്‍:25/23)

അതെ, നോമ്പ് ശരിയാകുന്നതും നിർബന്ധമാകുന്നതും മുസ്ലിമിന് മാത്രമാകുന്നു.

2- ബുദ്ധിയുണ്ടായിരിക്കുക.

ബുദ്ധിയുള്ളയാളുകൾക്ക് മാത്രമേ നോമ്പ് നിർബന്ധമാകുകയുള്ളൂ. ബുദ്ധിയില്ലാത്ത, ഭ്രാന്തുള്ളയാൾക്ക് നോമ്പ് നിർബന്ധമില്ല. അവരുടെ നോമ്പ് സ്വഹീഹുമല്ല.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ رُفِعَ الْقَلَمُ عَنْ ثَلاَثَةٍ عَنِ الْمَجْنُونِ الْمَغْلُوبِ عَلَى عَقْلِهِ حَتَّى يُفِيقَ وَعَنِ النَّائِمِ حَتَّى يَسْتَيْقِظَ وَعَنِ الصَّبِيِّ حَتَّى يَحْتَلِمَ

നബി ﷺ പറഞ്ഞു: മൂന്ന് പേരിൽ നിന്നും പേന ഉയർത്തപ്പെട്ടിരിക്കുന്നു (അഥവാ നിയമങ്ങൾ അവർക്ക് ബാധകമല്ല). ബുദ്ധിഭ്രമം വന്നവന് അത് നീങ്ങുന്നതുവരെ, ഉറങ്ങുന്നവന് അവൻ എഴുന്നേൽക്കുന്നതുവരെ, കുട്ടി പ്രായപൂർത്തി ആകുന്നതുവരെ. (അബൂദാവൂദ് : 4401 – സ്വഹീഹ് അൽബാനി)

വാർദ്ധക്യം അധികരിച്ച് കാര്യങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലുള്ളയാൾക്കും നോമ്പ് നിർബന്ധമില്ല. അവർ നോമ്പിന് പകരം ഫിദ്യയും നൽകേണ്ടതില്ല. കാരണം നിയമങ്ങൾ ബാധകമല്ലാത്ത അവസ്ഥയിലാണ് അവർ ഉള്ളത്.

3- സ്ത്രീകള്‍ ഹയ്ളില്‍ നിന്നും നിഫാസില്‍ നിന്നും ശുദ്ധിയായിരിക്കുക.

നോമ്പ് അനുഷ്ഠിക്കുന്ന സ്ത്രീകൾ സ്ത്രീകള്‍ ഹയ്ളില്‍ നിന്നും നിഫാസില്‍ നിന്നും മുക്തി നേടിയവരായിരിക്കണം. ആര്‍ത്തവകാരികളും പ്രസവരക്തമുള്ളവരും ആയിട്ടുള്ള സ്ത്രീകള്‍ നോമ്പെടുക്കാന്‍ പാടില്ല. അവര്‍ റമദാനിലെ നോമ്പ് ഉപേക്ഷിക്കുകയും ശേഷം അത് നോറ്റു വീട്ടുകയും ചെയ്യേണ്ടതുണ്ട്. പകല്‍ വേളയില്‍ ഒരു സ്ത്രീ ആര്‍ത്തവകാരിയായിക്കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ മുതല്‍ അവള്‍ നോമ്പ് എടുക്കേണ്ടതില്ല. എന്നാല്‍ റമദാന്‍ കഴിഞ്ഞാല്‍ അവരത് നോറ്റു വീട്ടേണ്ടതുണ്ട്.

4- രാത്രി നിയ്യത്ത് വെച്ചിരിക്കുക.

റമളാനിലെ നോമ്പാണെങ്കില്‍ രാത്രി ഇശാ നമസ്കാരത്തിന് ശേഷം ഫജ്റിന് മുമ്പായി നോമ്പെടുക്കാനുള്ള ഉദ്ദേശം (തീരുമാനം) ഉണ്ടാവണം.

عَنْ حَفْصَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ مَنْ لَمْ يُجْمِعِ الصِّيَامَ قَبْلَ الْفَجْرِ فَلاَ صِيَامَ لَهُ

ഹഫ്സയില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: പ്രഭാതത്തിനു മുമ്പായി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല. (അബൂദാവൂദ് : 2454 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

എന്നാല്‍ സുന്നത് നോമ്പാണെങ്കില്‍ ഫജ്‌റിന് ശേഷം പകല്‍സമയത്ത് തീരുമാനമെടുത്താലും മതി.

നോമ്പ് നിര്‍ബന്ധമാകണമെങ്കിലുള്ള ശര്‍ത്വുകള്‍

5- നോമ്പ് എടുക്കാനുള്ള (ആരോഗ്യ) ശേഷി ഉണ്ടായിരിക്കുക.

നോമ്പ് എടുക്കാനുള്ള (ആരോഗ്യ) ശേഷി ഉള്ളയാളുകൾക്ക് മാത്രമേ നോമ്പ് നിർബന്ധമാകുകയുള്ളൂ. ആരോഗ്യപരമായി നോമ്പ് അനുഷ്ഠിക്കാവാൻ അശക്തിയുള്ള ആളുകൾക്ക് നോമ്പ് നിർബന്ധമല്ല. എന്നാൽ പ്രസ്തുത കാരണത്താൽ നോമ്പ് ഒഴിവാക്കിയ ആളുകൾ പിന്നീട് നോമ്പെടുത്ത് വീട്ടേണ്ടാതാണ്.

ﻭَﻣَﻦ ﻛَﺎﻥَ ﻣَﺮِﻳﻀًﺎ ﺃَﻭْ ﻋَﻠَﻰٰ ﺳَﻔَﺮٍ ﻓَﻌِﺪَّﺓٌ ﻣِّﻦْ ﺃَﻳَّﺎﻡٍ ﺃُﺧَﺮَ

ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.)  (ഖു൪ആന്‍:2/185)

6- യാത്രക്കാരന്‍ അല്ലാതിരിക്കുക.

യാത്രക്കാരനല്ലാത്ത, നാട്ടിൽ താമസിക്കുന്നവർക്ക് മാത്രമേ നോമ്പ് നിർബന്ധമാകുകയുള്ളൂ. യാത്രക്കാർക്ക് നോമ്പ് ഒഴിവാക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുന്നതിന് അനുവാദമുണ്ട്. എന്നാൽ പ്രസ്തുത കാരണത്താൽ നോമ്പ് ഒഴിവാക്കിയ ആളുകൾ പിന്നീട് നോമ്പെടുത്ത് വീട്ടേണ്ടാതാണ്.

ﻭَﻣَﻦ ﻛَﺎﻥَ ﻣَﺮِﻳﻀًﺎ ﺃَﻭْ ﻋَﻠَﻰٰ ﺳَﻔَﺮٍ ﻓَﻌِﺪَّﺓٌ ﻣِّﻦْ ﺃَﻳَّﺎﻡٍ ﺃُﺧَﺮَ

ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.)  (ഖു൪ആന്‍:2/185)

7- പ്രായപൂര്‍ത്തിയായിരിക്കുക.

കുട്ടികൾക്ക് പ്രായപൂർത്തി എത്തുന്നതുവരെ നോമ്പ് നിർബന്ധമല്ല. ഇസ്ലാമിന്റെ ഏതൊരു വിധിവിലക്കും ബാധകമാകുന്നത് പ്രായപൂർത്തി എത്തുന്നതോടു കൂടിയാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ رُفِعَ الْقَلَمُ عَنْ ثَلاَثَةٍ عَنِ الْمَجْنُونِ الْمَغْلُوبِ عَلَى عَقْلِهِ حَتَّى يُفِيقَ وَعَنِ النَّائِمِ حَتَّى يَسْتَيْقِظَ وَعَنِ الصَّبِيِّ حَتَّى يَحْتَلِمَ

നബി ﷺ പറഞ്ഞു: മൂന്ന് പേരിൽ നിന്നും പേന ഉയർത്തപ്പെട്ടിരിക്കുന്നു (അഥവാ നിയമങ്ങൾ അവർക്ക് ബാധകമല്ല). ബുദ്ധിഭ്രമം വന്നവന് അത് നീങ്ങുന്നതുവരെ, ഉറങ്ങുന്നവന് അവൻ എഴുന്നേൽക്കുന്നതുവരെ, കുട്ടി പ്രായപൂർത്തി ആകുന്നതുവരെ. (അബൂദാവൂദ് : 4401 – സ്വഹീഹ് അൽബാനി)

ആൺകുട്ടികൾക്ക് പ്രായപൂർത്തിയാകുന്നത് മൂന്നിലൊരു കാര്യം സംഭവിച്ചാലാണ്. ഒന്നുകിൽ ഉറക്കത്തിലോ മറ്റോ സ്ഖലനം സംഭവിക്കുക, അല്ലെങ്കിൽ രഹസ്യഭാഗങ്ങളിൽ രോമം കട്ടിയിൽ വളരുക, അതുമല്ലെങ്കിൽ പതിനഞ്ച് വയസ്സാകുക.  പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുന്നത് നാലിലൊരു കാര്യം സംഭവിച്ചാലാണ്. മേൽ പറയപ്പെട്ട മൂന്നിലൊരു കാര്യമോ അതുമല്ലെങ്കിൽ ഹൈള് ഉണ്ടാകുക എന്നിവയാണവ.

പ്രായപൂര്‍ത്തിയായിട്ടില്ലാത്ത കുട്ടികളോട് നോമ്പെടുക്കാന്‍ നിര്‍ദേശിക്കല്‍ രക്ഷിതാക്കള്‍ക്ക് സുന്നത്താണ്. അതുവഴി നോമ്പ് ശീലിക്കാന്‍ നിമിത്തമാകുമെന്നതാണ് കാരണം. സ്വഹാബിമാര്‍ ചെറിയ മക്കളെ നോമ്പെടുപ്പിക്കുമായിരുന്നു എന്നും അവര്‍ ഭക്ഷണത്തിനായി കരഞ്ഞാല്‍ കളിപ്പാട്ടങ്ങള്‍ നല്‍കി അവരുടെ ശ്രദ്ധതിരിക്കുമായിരുന്നു എന്നും കാണാവുന്നതാണ്.

قَالَتْ فَكُنَّا نَصُومُهُ بَعْدُ، وَنُصَوِّمُ صِبْيَانَنَا، وَنَجْعَلُ لَهُمُ اللُّعْبَةَ مِنَ الْعِهْنِ، فَإِذَا بَكَى أَحَدُهُمْ عَلَى الطَّعَامِ أَعْطَيْنَاهُ ذَاكَ، حَتَّى يَكُونَ عِنْدَ الإِفْطَارِ‏.‏

റുബയ്യിഅ് ബിന്‍ത് മുഅവ്വിദ്(റ) പറയുന്നു: ഞങ്ങള്‍ മുഹറം പത്തിന്‍റെ നോമ്പനുഷ്ഠിക്കുകയും കുട്ടികളെക്കൊണ്ട് അത് നോല്‍പ്പിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് രോമം കൊണ്ട് കുപ്പായങ്ങളുണ്ടാക്കികൊടുക്കും. വല്ല കുട്ടിയും ഭക്ഷണത്തിന് കരഞ്ഞാല്‍ നോമ്പ് മുറിക്കാന്‍ സമയമാകുന്നതു വരെ കളിപ്പാട്ടങ്ങള്‍ കൊടുത്ത് ഞങ്ങളവരെ കളിപ്പിക്കും. (ബുഖാരി:1960)

വകതിരിവ് എത്തുകയും നോമ്പ് അനുഷ്ഠിക്കുവാൻ കഴിവ് ഉള്ളതുമായ കുട്ടികളെ കൊണ്ട് നോമ്പ് അനുഷ്ഠിപ്പിക്കൽ രക്ഷിതാവിന്റെ മേൽ വാജിബാണെന്നുവരെ ചില പണ്ഢിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നോമ്പിന്റെ മഹത്വം

ധാരാളം ഹദീസുകളിലൂടെ നോമ്പിന്റെ മഹത്വങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ചില ഉദാഹരണങ്ങള്‍ കാണുക:

عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു, നോമ്പിന് ഒഴികെ, അതിന് ഞാന്‍ (കണക്കല്ലാത്ത) പ്രതിഫലം നല്‍കുന്നതാണ്. (മുസ്ലിം:1151)

عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏‏ قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ هُوَ لِي وَأَنَا أَجْزِي بِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആദമിന്റെ മകന്റെ എല്ലാ പ്രവ൪ത്തനങ്ങളും അവനുള്ളതാണ്, നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്. (മുസ്ലിം:1151)

عَنْ سَهْلٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ، يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ، فَإِذَا دَخَلُوا أُغْلِقَ، فَلَمْ يَدْخُلْ مِنْهُ أَحَدٌ

സഹ്’ലില്‍‌(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി: 1896)

عَنْ أَبِي أُمَامَةَ قَالَ : أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقُلْتُ : مُرْنِي بِأَمْرٍ آخُذُهُ عَنْكَ. قَالَ :  عَلَيْكَ بِالصَّوْمِ ؛ فَإِنَّهُ لَا مِثْلَ لَهُ

അബൂ ഉമാമ (റ) വിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: ഞാൻ നബി ﷺ യുടെ അടുക്കൽ വന്നു കൊണ്ട് പറഞ്ഞു; താങ്കളിൽ നിന്നും സ്വീകരിക്കാവുന്ന ഒരു കാര്യം എന്നോട് കൽപിക്കുക. അപ്പോൾ നബി ﷺ പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക. അതിന് തുല്ല്യമായ മറ്റൊന്നില്ല. (നസാഈ: 2220)

عَنْ أَبِي أُمَامَةَ قَالَ قُلْتُ يَا رَسُولَ اللَّهِ مُرْنِي بِأَمْرٍ يَنْفَعُنِي اللَّهُ بِهِ قَالَ ‏:‏ عَلَيْكَ بِالصِّيَامِ فَإِنَّهُ لاَ مِثْلَ لَهُ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ അടുക്കല്‍ എനിക്ക് പ്രയോജനകരമായ ഒരു കാര്യത്തെ കുറിച്ച് എന്നോട് കല്‍പ്പിച്ചാലും. നബി ﷺ പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക. അതുപോലെ മറ്റൊന്നില്ല. (നസാഇ:2221)

عَنْ أَبِي أُمَامَةَ أَنَّهُ سَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الْعَمَلِ أَفْضَلُ قَالَ ‏ : عَلَيْكَ بِالصَّوْمِ فَإِنَّهُ لاَ عِدْلَ لَهُ ‏

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബിﷺയോട് ചോദിച്ചു: ഏതാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മം. നബി ﷺ പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക.  അതിന് തുല്ല്യമായ മറ്റൊന്നില്ല. (നസാഇ:2222)

عَنْ أَبِي أُمَامَةَ قَالَ قُلتُ: يا رسولَ اللهِ، أخبِرْني بعملٍ يُدخِلُني الجنَّةَ، قال: عليك بالصَّومِ؛ فإنَّه لا عِدلَ له -أو قال: لا مِثلَ له-.

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു കർമ്മം പറഞ്ഞു തരൂ. നബി ﷺ പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക. അതുപോലെ മറ്റൊന്നില്ല. (നസാഇ:2221)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا

അബൂ സഈദ് അല്‍ ഖുദ്’രിയില്‍ (റ) നിന്നും നിവേദനം:ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (മുസ് ലിം: 1153)

عن جابر – رضي الله عنه – قال: قال رسول الله – صلى الله عليه وسلم -: الصيام جُنَّة يستجن بها العبد من النار

ജാബിറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് ഒരു പരിചയാണ്. ഒരടിമ അതുപയോഗിച്ച് നരകത്തിൽ നിന്നും പരിരക്ഷ തേടുന്നു. (സ്വഹീഹപൽ ജാമിഅ്:3868)

عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ :  الصِّيَامُ جُنَّةٌ ، وَحِصْنٌ حَصِينٌ مِنَ النَّارِ

അബൂ ഹുറൈറ (റ) വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് ഒരു പരിചയാണ്. നരകത്തിൽ നിന്നുള്ള വലിയ ഒരു സംരക്ഷണവുമാണ്. (അഹ്‌മദ്: 9225)

عن عُثْمَانُ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : الصِّيَامُ جُنَّةٌ كَجُنَّةِ أَحَدِكُمْ مِنَ الْقِتَالِ

ഉസ്മാൻ (റ) വിൽ നിന്നും നിവേദനം; അല്ലാഹുവിൻ്റെ നബി ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: യുദ്ധത്തിൽ നിങ്ങൾ ഉപയോഗിക്കുന്ന പരിച പോലെയുള്ള ഒരു പരിചയമാണ് നോമ്പ്. (നസാഈ: 2230)

وَالَّذِي نَفْسِي بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ تَعَالَى مِنْ رِيحِ الْمِسْكِ، يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي، الصِّيَامُ لِي، وَأَنَا أَجْزِي بِهِ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ………………. എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ (ആ അല്ലാഹുവിനെ തന്നെയാണെ) സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ്. അല്ലാഹു പറയുന്നു: അവൻ അന്നപാനീയങ്ങളും ദേഹേച്ഛയും എനിക്കു വേണ്ടിയാണ് ഉപേക്ഷിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം.(ബുഖാരി: 1894)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ ، يَقُولُ : الصِّيَامُ أَيْ رَبِّ ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ ، فَشَفِّعْنِي فِيهِ

നബി ﷺ പറഞ്ഞു: നോമ്പും ഖു൪ആനും അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാ൪ശക്കാരായി വരുന്നതാണ്. നോമ്പ് പറയും : നാഥാ, ഞാന്‍ ഇയാളെ പകലില്‍ അന്നപാനീയങ്ങളില്‍ നിന്നും ഇച്ഛകളില്‍ നിന്നും തടഞ്ഞു നി൪ത്തി. അതിനാല്‍ ഇയാളുടെ കാര്യത്തില്‍ എന്റെ ശുപാ൪ശ സ്വീകരിച്ചാലും…… (അഹ്മദ് – ശൈഖ് അല്‍ബാനി ഹസനുന്‍സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :صَوْمُ شَهْرِ الصَّبْرِ وَثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ يُذْهِبْنَ وَحَرَ الصَّدْرِ

നബി ﷺ പറഞ്ഞു: ക്ഷമയുടെ മാസത്തിലെയും (റമദാൻ മാസത്തില്‍) എല്ലാ മാസത്തെ മൂന്ന് ദിവസത്തിലെയും നോമ്പ് നെഞ്ചിലെ പകയെ ഇല്ലായ്മ ചെയ്യും.(അഹ്മദ്: 23070)

عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : إِنَّ لِلَّهِ عِنْدَ كُلِّ فِطْرٍ عُتَقَاءَ وَذَلِكَ فِي كُلِّ لَيْلَةٍ

ജാബിറില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ‘അല്ലാഹു, ഓരോ നോമ്പ് തുറക്കുന്നതോടൊപ്പവും ആളുകള്‍ക്ക് (നരക)വിമുക്തി നല്‍കുന്നു. ഇത് (റമദാനിലെ) എല്ലാ ദിവസവും ഉണ്ടായിരിക്കും. (ഇബ്‌നുമാജ:7/1712)

തുടർച്ചയായി സുന്നത്ത് നോമ്പെടുത്ത് മെലിഞ്ഞ് ക്ഷീണിച്ച അബ്ദില്ലാഹിബ്നു ഹാരിഥ് അൽ ബാഹിലിയോട് നബി ﷺ പറഞ്ഞു:

صم شهر الصبر ويوماً من كل شهر

നീ ക്ഷമയുടെ മാസം (റമളാന്‍ മാസം) നോമ്പെടുക്കുക. എല്ലാ മാസത്തിൽ നിന്ന് മൂന്ന് ദിവസവും. (സ്വഹീഹുല്‍ ജാമിഅ്: 7242)

നോമ്പ് കൊണ്ടുള്ള നേട്ടങ്ങള്‍

1. ഈമാന്‍ (വിശ്വാസം) വര്‍ധിക്കും.
2. നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍കാന്‍ നിമിത്തമാകും.
3. തെറ്റുകളിലേക്ക് മനസ്സ് ചായാതെ നേര്‍വഴിയില്‍ നില്‍ക്കാന്‍ പര്യാപ്തമാണ്.
4. പാപമോചനം ലഭിക്കും.
5. പൈശാചിക ദുര്‍ബോധനങ്ങളില്‍ നിന്ന് മുക്തമാവാന്‍ കഴിയും.
6. വിശപ്പും ദാഹവും അനുഭവിക്കുന്നതുവഴി ദരിദ്രന്റെ വിഷമങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
7. ക്ഷമ ശീലിക്കുവാനാകും.
8. ഇതിനെല്ലാം പുറമെ ആരോഗ്യപരമായ ധാരാളം നേട്ടങ്ങള്‍ വേറെയും കാണാം.

ആര്‍ക്കാണ് നോമ്പ് നിര്‍ബന്ധം?

പ്രായപൂര്‍ത്തിയായ, ബുദ്ധിമാനായ, യാത്രക്കാരനല്ലാത്ത, നോമ്പെടുക്കാന്‍ ശേഷിയുള്ള ഏവര്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ ﻓَﻤَﻦ ﺷَﻬِﺪَ ﻣِﻨﻜُﻢُ ٱﻟﺸَّﻬْﺮَ ﻓَﻠْﻴَﺼُﻤْﻪُ ۖ ﻭَﻣَﻦ ﻛَﺎﻥَ ﻣَﺮِﻳﻀًﺎ ﺃَﻭْ ﻋَﻠَﻰٰ ﺳَﻔَﺮٍ ﻓَﻌِﺪَّﺓٌ ﻣِّﻦْ ﺃَﻳَّﺎﻡٍ ﺃُﺧَﺮَ ۗ ﻳُﺮِﻳﺪُ ٱﻟﻠَّﻪُ ﺑِﻜُﻢُ ٱﻟْﻴُﺴْﺮَ ﻭَﻻَ ﻳُﺮِﻳﺪُ ﺑِﻜُﻢُ ٱﻟْﻌُﺴْﺮَ ﻭَﻟِﺘُﻜْﻤِﻠُﻮا۟ ٱﻟْﻌِﺪَّﺓَ ﻭَﻟِﺘُﻜَﺒِّﺮُﻭا۟ ٱﻟﻠَّﻪَ ﻋَﻠَﻰٰ ﻣَﺎ ﻫَﺪَﻯٰﻛُﻢْ ﻭَﻟَﻌَﻠَّﻜُﻢْ ﺗَﺸْﻜُﺮُﻭﻥَ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.) (ഖു൪ആന്‍:2/185)

നോമ്പ് ഒഴിവാക്കാന്‍ അനുവാദമുള്ളവര്‍

1. രോഗികള്‍:

فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ

അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ (റമളാനിൽ)  സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഖു൪ആന്‍:2/185)

രോഗികളെ നാല് വിഭാഗമായി തിരിച്ചിരിക്കുന്നു:

ഒന്ന്) നോമ്പ് അനുഷ്ഠിച്ചാല്‍ രോഗം മൂര്‍ഛിക്കുമെന്ന് ബോധ്യമുള്ളവര്‍. അവര്‍ നോമ്പെടുക്കാന്‍ പാടില്ല. നോമ്പെടുക്കാന്‍ പ്രയാസമാണെങ്കിലും അത്ര ഗൗരവതരമായ ദോഷങ്ങള്‍ ഒന്നും ഉണ്ടാവാന്‍ ഇടയില്ലാത്തവര്‍ നോമ്പ് ഒഴിവാക്കലാണ് കൂടുതല്‍ ശ്രേഷ്ഠം. നബി ﷺ പറഞ്ഞു: ”അല്ലാഹുവിന്റെ കല്‍പനകളെ ശിരസ്സാവഹിക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്നത് പോലെ അവന്‍ നല്‍കിയ ഇളവുകള്‍ സ്വീകരിക്കുന്നതും അവനിഷ്ടമാണ്.”

രണ്ട്) നോമ്പെടുക്കുകവഴി രോഗശമനത്തിന് കാലതാമസം നേരിടുമെന്ന് ഭയപ്പെടുന്ന രോഗി: ഖുര്‍ആനിക വചനങ്ങളുടെയും ഹദീസുകളുടെയും പൊതു അധ്യാപന പ്രകാരം ഇത്തരക്കാര്‍ക്ക് നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമാണ്.

മൂന്ന്) നോമ്പെടുക്കാന്‍ വളരെ പ്രയാസമനുഭവിക്കുന്ന രോഗി. അവനും നോമ്പ് ഒഴിവാക്കല്‍ അനുവദനീയമാണ്.

നാല്) സ്വന്തം നിലയ്ക്ക് പ്രയാസമില്ലെങ്കിലും ചികിത്സയുടെ ഭാഗമായി (മരുന്ന് കഴിക്കാനും മറ്റുമായി) നോമ്പ് ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കപ്പെട്ട രോഗി. ഇത്തരക്കാര്‍ക്കും നോമ്പ് ഒഴിവാക്കല്‍ അനുവദനീയമാണ്. എന്നാല്‍ ഇവരെല്ലാം തന്നെ പിന്നീട് ഇത് നോറ്റ് വീട്ടേണ്ടതുണ്ട് (ഫതാവാ ഇബ്‌നു തൈമിയ്യ 26/60).

2. യാത്രക്കാരന്‍

فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ

അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ (റമളാനിൽ)  സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഖു൪ആന്‍:2/185)

ശൈഖ് ഇബ്‌നു ഉസൈമിന്‍ رحمه الله പറയുന്നു: (നോമ്പിന്റെ കാര്യത്തില്‍) യാത്രക്കാരനെ മൂന്ന് തരമാക്കി വിഭജിക്കാം:

ഒന്ന്) നോമ്പെടുക്കാന്‍ യാതൊരു പ്രയാസവും ഇല്ലാത്തവര്‍; അത്തരക്കാര്‍ നോമ്പെടുക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്.

രണ്ട്) നോമ്പെടുക്കല്‍ കൊണ്ട് പ്രയാസം അനുഭവിക്കാന്‍ സാധ്യതയുള്ളവര്‍. അത്തരക്കാര്‍ നോമ്പൊഴിവാക്കലാണ് ഏറ്റവും ശ്രേഷ്ഠം.

മൂന്ന്) നോമ്പെടുക്കുന്നത് ശരീരത്തിന് അങ്ങേയറ്റം പ്രയാസമുണ്ടാക്കുമെന്ന് ബോധ്യമുള്ളവര്‍. അവര്‍ നോമ്പെടുക്കല്‍ നിഷിദ്ധമാണ് എന്ന് ഹദീഥുകളില്‍ നിന്ന് ഗ്രഹിക്കാം. (6/343)

യാത്രക്കാര്‍ക്ക് നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ടെന്ന് മേൽ ഖുർആൻ വചനത്തിൽ നിന്ന് വ്യക്തമാണ്. അപ്രകാരം യാത്രക്കാര്‍ക്ക് നോമ്പ് അനുഷ്ഠിക്കുവാനും അനുവാദമുണ്ട്.

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ حَمْزَةَ بْنَ عَمْرٍو الأَسْلَمِيَّ قَالَ لِلنَّبِيِّ صلى الله عليه وسلم أَأَصُومُ فِي السَّفَرِ وَكَانَ كَثِيرَ الصِّيَامِ‏.‏ فَقَالَ ‏ :‏ إِنْ شِئْتَ فَصُمْ، وَإِنْ شِئْتَ فَأَفْطِرْ

ആയിശ(റ) യിൽ നിന്നും നിവേദനം: യാത്രയിലെ നോമ്പിനെകുറിച്ച് ഹംസത്ത് ബ്നുഅംറ് (റ) നബി ﷺയോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: നീ നോമ്പ് എടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നോമ്പ് എടുക്കുക. ഉപേക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഉപേക്ഷിച്ചു കൊള്ളുക.(ബുഖാരി: 1943)

യാത്രക്കാര്‍ക്ക് യാതൊരു പ്രയാസവുമില്ലെങ്കില്‍ നോമ്പനുഷ്ഠിക്കലാണ് നല്ലത്. കാരണം നബിﷺ യാത്രയില്‍ നോമ്പനുഷ്ഠിച്ചതായും സ്ഥിരപ്പെട്ടിരിക്കുന്നു.

عَنْ أَبِي الدَّرْدَاءِ ـ رضى الله عنه ـ قَالَ خَرَجْنَا مَعَ النَّبِيِّ صلى الله عليه وسلم فِي بَعْضِ أَسْفَارِهِ فِي يَوْمٍ حَارٍّ حَتَّى يَضَعَ الرَّجُلُ يَدَهُ عَلَى رَأْسِهِ مِنْ شِدَّةِ الْحَرِّ، وَمَا فِينَا صَائِمٌ إِلاَّ مَا كَانَ مِنَ النَّبِيِّ صلى الله عليه وسلم وَابْنِ رَوَاحَةَ‏.‏

അബൂദര്‍ദ്ദാഅ്(റ) പറയുകയുണ്ടായി: ‘റമദാനില്‍ ശക്തമായ ചൂടുള്ള സമയത്ത് ഞങ്ങള്‍ നബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. ഉഷ്ണത്തിന്‍റെ കാഠിന്യം മൂലം ആളുകള്‍ തലയില്‍ കൈവെച്ചിരുന്നു. ഞങ്ങളില്‍ നബിﷺയും അബ്ദുല്ലാഹ് ഇബ്‌നു റവാഹയും ഒഴിച്ച് മറ്റാരും(ഈ യാത്രയില്‍) നോമ്പനുഷ്ഠിച്ചിരുന്നില്ല’ (ബുഖാരി:1945)

ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍ رحمه الله പറയുന്നു: യാത്രക്കാരനുള്ള നിയമം അവന് നോമ്പനുഷ്ഠിക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം എന്നതാണ്. എന്നാല്‍ യാത്രക്കാരന് പ്രയാസമില്ലെങ്കില്‍ നോമ്പനുഷ്ഠിക്കലാണ് നല്ലത്. കാരണം അതില്‍ മൂന്ന് പ്രയോജനങ്ങള്‍ ഉണ്ട്: ഒന്ന്) നബിﷺയുടെ ചര്യ പിന്‍തുടരല്‍. രണ്ട്) സൗകര്യം: ജനങ്ങളോടൊപ്പം വ്രതമനുഷ്ഠിക്കലാണ് ഒറ്റക്ക് നോമ്പനുഷ്ഠിക്കുന്നതിനെക്കാള്‍ കൂടുതല്‍ സൗകര്യപ്രദമായത്. മൂന്ന്) തന്റെ ബാധ്യത പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു.

പ്രയാസത്തോടെയാണ് യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതെങ്കില്‍ അത് വെറുക്കപ്പെടേണ്ടതാണ്. താഴെ കൊടുത്ത ഹദീസ് കാണുക:

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهم ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم فِي سَفَرٍ، فَرَأَى زِحَامًا، وَرَجُلاً قَدْ ظُلِّلَ عَلَيْهِ، فَقَالَ ‏”‏ مَا هَذَا ‏”‏‏.‏ فَقَالُوا صَائِمٌ‏.‏ فَقَالَ ‏”‏ لَيْسَ مِنَ الْبِرِّ الصَّوْمُ فِي السَّفَرِ ‏”‏‏.‏

ജാബിർ ബിൻ അബ്ദില്ല(റ) പറയുന്നു: നബി ﷺ ഒരു യാത്രയിലായിരിക്കെ,  ഒരാള്‍ക്ക് മറ്റൊരാള്‍ തണല്‍ വിരിച്ച് കൊടുക്കുകയും ജനങ്ങള്‍ അദ്ദേഹത്തിന് ചുറ്റും കൂടിനില്‍ക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ നബി ﷺ ചോദിക്കുകയുണ്ടായി: ‘എന്താണത്?’ അവര്‍ പറഞ്ഞു: ‘അയാള്‍ (തണല്‍ വിരിക്കപ്പെട്ടയാള്‍) നോമ്പുകാരനാണ്’. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നത് പുണ്യത്തില്‍ പെട്ടതല്ല’ (ബുഖാരി:1946)

വളരെയധികം പ്രയാസമുള്ള സന്ദര്‍ഭത്തിലാണെങ്കില്‍ നോമ്പൊഴിവാക്കല്‍ യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണ്. കാരണം നബി ﷺ യോട് ജനങ്ങള്‍ (യാത്രയില്‍) നോമ്പനുഷ്ഠിക്കുന്നത് പ്രയാസമാണ് എന്നറിയിച്ചപ്പോള്‍ നോമ്പൊഴിവാക്കുവാന്‍ പറയുകയുണ്ടായി. ചിലയാളുകള്‍ നോമ്പനുഷ്ഠിച്ചിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ നബി ﷺ പറഞ്ഞു:

أُولَئِكَ الْعُصَاةُ أُولَئِكَ الْعُصَاةُ

‘അവര്‍ ധിക്കാരികളാണ്, അവര്‍ ധിക്കാരികളാണ്’ (മുസ്‌ലിം)

ഇവിടെ യാത്രക്കാരന് സ്വയം തീരുമാനമെടുക്കാവുന്നതാണ് എന്ന് തെളിവുകളില്‍ നിന്ന് മനസ്സിലാകുന്നു. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയെക്കുറിച്ച് അവര്‍ക്കാണല്ലൊ നന്നായറിയുക.

3. ആര്‍ത്തവരക്തം / പ്രസവരക്തം ഉള്ളവര്‍

عَنْ أَبِي سَعِيدٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم :‏ أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ، وَلَمْ تَصُمْ فَذَلِكَ نُقْصَانُ دِينِهَا

അബൂസഈദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആര്‍ത്തവമുണ്ടായാല്‍ അവള്‍ നോമ്പനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യേണ്ടതില്ല. അത് അവരുടെ മതത്തിന്‍റെ ഇളവാണ്. (ബുഖാരി:1951)

ആര്‍ത്തവ, പ്രസവ രക്തമുള്ളവർ നോമ്പ് എടുക്കാന്‍ പാടില്ല. ഇത്തരക്കാരുടെ നോമ്പ് ശരിയാവുകയില്ലായെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. അവര്‍ നിര്‍ബന്ധമായും നോമ്പ് ഉപേക്ഷിക്കേണ്ടതും പിന്നീട് നോറ്റ് വീട്ടേണ്ടതുമാണ്.

ഗര്‍ഭം അലസിയ / അബോര്‍ഷന്‍ നടത്തിയ സ്ത്രീയാണെങ്കില്‍ അവളില്‍ നിന്നും വരുന്ന രക്തം പ്രസവ രക്തമായി പരിഗണിക്കണമെങ്കില്‍ 3 മാസമെങ്കിലും ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചയെത്തിയിരിക്കണം. അതിനും മുമ്പായി ഗര്‍ഭം അലസിയെങ്കില്‍ അതിനെ തുടര്‍ന്ന് കാണുന്ന രക്തം പ്രസവരക്തമായി കണക്കാക്കപ്പെടുകയില്ല. അതിനാല്‍ അവര്‍ നമസ്‌കാരവും നോമ്പും ഉപേക്ഷിക്കാവതല്ല. (ഫതാവാ ഇബ്‌നു ഉസൈമിന്‍ 19/261).

4. ഗര്‍ഭിണികള്‍ / മുലയൂട്ടുന്നവര്‍

മുലയൂട്ടുന്നവരും ഗര്‍ഭിണികളുമായിട്ടുള്ള സ്ത്രീകള്‍ നോമ്പനുഷ്ഠിച്ച് കഴിഞ്ഞാല്‍ അത് തങ്ങളെയോ തങ്ങളുടെ കുഞ്ഞുങ്ങളെ ബാധിക്കുമെങ്കില്‍ അവര്‍ക്കും നോമ്പ് ഒഴിവാക്കാവുന്നതാണ്. എന്നാല്‍ റമദാന്‍ കഴിഞ്ഞാല്‍ അവരത് നോറ്റു വീട്ടേണ്ടതാണ്.

5. മാറാരോഗികള്‍ പ്രായാധിക്യമായവര്‍

സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത നിത്യരോഗികളും അങ്ങേയറ്റം പ്രായമായവര്‍ക്കും നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ട്. അവര്‍ പിന്നീട് നോറ്റുവീട്ടേണ്ടതില്ല. പകരം ഓരോ ദിവസത്തെയും നോമ്പിന് പകരമായി ഓരോ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുകയാണ് വേണ്ടത്. അവരുടെ നോമ്പിന് പകരം അത് മതിയായതാണ്. ഭക്ഷണം പാകം ചെയ്തുകൊണ്ട് സാധുക്കളായ ആളുകള്‍ക്ക് എത്തിച്ചു കൊടുക്കുകയോ അവരെ ഭക്ഷണത്തിലേക്ക് ക്ഷണിക്കുകയോ ചെയ്യാവുന്നതാണ്.

ഭക്ഷണം വേവിച്ചോ അല്ലാതെയോ നല്‍കാം. വീട്ടില്‍ ഭക്ഷണമുണ്ടാക്കി ദരിദ്രരെ ഭക്ഷിപ്പിക്കുകയോ പാകം ചെയ്ത് ഭക്ഷണം വിതരണം ചെയ്യുകയോ ആവാം. ധാന്യങ്ങള്‍ മാത്രം വിതരണം ചെയ്താലും മതിയാകുന്നതാണ്. മുഖ്യാഹാരമായി ഉപയോഗിക്കുന്ന ധാന്യമാണ് നല്‍കേണ്ടത്. അതിലേക്ക് അനിവാര്യമായ ചേരുവകള്‍ കൂടി നല്‍കുന്നുവെങ്കില്‍ നിര്‍ബന്ധമില്ല. (ഫതാവാ ഇബ്‌നു ഉസൈമിന്‍ 19/124).

6. രോഗിയല്ലെങ്കിലും നോമ്പെടുക്കുകവഴി ശരീരത്തിന് പ്രയാസമുണ്ടാകുമെന്ന് ഭയപ്പെടുന്നവര്‍ക്കും വിശപ്പ്, ദാഹം എന്നിവ ഒരിക്കലും സഹിക്കാനാവാത്ത പ്രയാസങ്ങള്‍ ഉള്ളവര്‍ക്കുമെല്ലാം അതുവഴി നാശം ഭയപ്പെടുന്നുവെങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്

ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ അനിവാര്യഘട്ടങ്ങളിലും ആവശ്യമെങ്കിലും നോമ്പ് ഒഴിവാക്കാവുന്നതാണ്. അവര്‍ പിന്നീട് നോറ്റുവീട്ടണം.

ന്യായമായ കാരണങ്ങളാല്‍ നോമ്പൊഴിവാക്കാന്‍ അനുവാദമുള്ളവര്‍ ശരീരത്തിന് ദോഷമല്ലെന്ന് ബോധ്യമുണ്ടെങ്കില്‍ നോമ്പെടുക്കല്‍ തന്നെയാണ് അഭികാമ്യം. അകാരണമായി നോമ്പ് ഉപേക്ഷിക്കല്‍ വളരെയേറെ ഗൗരവതരമാകുന്നു.

ഭാരമേറിയതും പ്രയാസകരവുമായ ജോലി ചെയ്യുന്നവര്‍ക്ക് നോമ്പനുഷ്ഠിക്കുന്നത് പ്രയാസകരമായിരിക്കും. അങ്ങനെയുള്ളവര്‍ക്ക് നോമ്പ് ഒഴിവാക്കുവാന്‍ അനുവാദമുണ്ടോ?

ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍ رحمه الله പറയുന്നു:  ജോലിയാവശ്യാര്‍ഥം നോമ്പൊഴിവാക്കുന്നത് അനുവദനീയമല്ല എന്നാണ് തെളിവിന്റെ അടിസ്ഥാനത്തില്‍ എന്റെ അഭിപ്രായം. ജോലിയും നോമ്പും ഒന്നിച്ച് കൊണ്ടുപോകുവാന്‍ സാധ്യമല്ലായെങ്കില്‍ അവന്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് റമദാനില്‍ നോമ്പനുഷ്ഠിക്കണം. കാരണം റമദാനില്‍ നോമ്പനുഷ്ഠിക്കുകയെന്നത് ഇസ്‌ലാമിന്റെ തൂണുകളില്‍പെട്ട ഒരു തൂണാണ്. അതില്‍ ഭംഗം വരുത്തുവാന്‍ പാടുള്ളതല്ല.

നോമ്പ് നിർബന്ധമാക്കിയ ഖുർആനിലെ ആയത്തിനെ കുറിച്ച്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ‎﴿١٨٣﴾‏ أَيَّامًا مَّعْدُودَٰتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ‎﴿١٨٤﴾

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. (ഖുർആൻ:2/183-184)

عَنْ سَلَمَةَ، قَالَ لَمَّا نَزَلَتْ ‏{‏وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ‏}‏ كَانَ مَنْ أَرَادَ أَنْ يُفْطِرَ وَيَفْتَدِيَ حَتَّى نَزَلَتِ الآيَةُ الَّتِي بَعْدَهَا فَنَسَخَتْهَا‏.‏ مَاتَ بُكَيْرٌ قَبْلَ يَزِيدَ‏.‏

സലമതുബ്നുൽ അക്വ്‌വഅ്‌ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  “(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌.” എന്ന ആയത്തിറങ്ങിയപ്പോൾ നോമ്പ് ഒഴിവിക്കുവാനും പകരം പ്രായശ്ചിത്തം നൽകുവാനും ഉദ്ദേശിച്ചവരുണ്ടായിരുന്നു. അങ്ങനെ അതിന് ശേഷമുള്ള ആയത്ത് അവതരിച്ചതോടെ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടു. (ബുഖാരി: 4507)

شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ ‎﴿١٨٥﴾‏

എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. (ഖുർആൻ:2/185)

عَنْ سَلَمَةَ بْنِ الْأَكْوَعِ رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ : كُنَّا فِي رَمَضَانَ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، مَنْ شَاءَ ؛ صَامَ، وَمَنْ شَاءَ ؛ أَفْطَرَ، فَافْتَدَى بِطَعَامِ مِسْكِينٍ حَتَّى أُنْزِلَتْ هَذِهِ الْآيَةُ : { فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ }.

സലമതുബ്നുൽഅക്വ്‌വഅ്‌ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങൾ നബി ﷺ യുടെ കാലത്ത് റമദാൻ മാസത്തിൽ ഉദ്ദേശിക്കുന്നവർ നോമ്പെടുക്കുകയും അല്ലാത്തവർ നോമ്പ് ഒഴിവാക്കി പകരം സാധുക്കൾക്ക് ഭക്ഷണം നൽകുകയും ചെയ്തിരുന്നു. അങ്ങനെ “അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌” എന്ന ആയത്ത് അവതരിച്ചു. (മുസ്‌ലിം: 1145[150])

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، أَنَّهُ قَرَأَ : فِدْيَةٌ طَعَامُ مَسَاكِينَ. قَالَ : هِيَ مَنْسُوخَةٌ.

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ “(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന് സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌.” എന്ന ആയത്ത് പാരായണം ചെയ്തു കൊണ്ട് പറഞ്ഞു: ഈ നിയമം നസ്ഖ് (ഭേദഗതി) ചെയ്യപ്പെട്ടതാണ്. (ബുഖാരി: 4506)

ഇബ്നു അബീ ലൈലയുടെ ഒരു റിപ്പോർട്ട് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു;

ابْنُ أَبِي لَيْلَى، حَدَّثَنَا أَصْحَابُ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : نَزَلَ رَمَضَانُ فَشَقَّ عَلَيْهِمْ، فَكَانَ مَنْ أَطْعَمَ كُلَّ يَوْمٍ مِسْكِينًا تَرَكَ الصَّوْمَ مِمَّنْ يُطِيقُهُ، وَرُخِّصَ لَهُمْ فِي ذَلِكَ، فَنَسَخَتْهَا { وَأَنْ تَصُومُوا خَيْرٌ لَكُمْ } فَأُمِرُوا بِالصَّوْمِ.

റമദാനിലെ നോമ്പ് നിയമമായപ്പോൾ ആളുകൾക്ക് അത് പ്രയാസമായി. ഓരോ ദിവസത്തെയും നോമ്പിന് പകരം ഓരോ സാധുവിന് ഭക്ഷണം നൽകുന്നവരുണ്ടായിരുന്നു. അതിൽ അവർക്ക് ഇളവ് നൽകപ്പെട്ടിരുന്നു. എന്നാൽ നിങ്ങൾ നോമ്പെടുക്കുന്നതാണ് നിങ്ങൾക്കുത്തമം എന്ന വചനത്തിലൂടെ ആ നിയമം ഭേദഗതി ചെയ്യപ്പെട്ടു. അങ്ങനെ അവർ നോമ്പെടുക്കാൻ കൽപിക്കപ്പെടുകയും ചെയ്തു.

എന്നാൽ ഈ വീക്ഷണത്തിന് എതിരാണ് ഇബ്നു അബ്ബാസ് رضى الله عنهما സ്വീകരിച്ചിരിക്കുന്നത്. അതായത് നോമ്പ് എല്ലാവർക്കും നിർബന്ധമാണ്. അതേസമയം “(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നോമ്പെടുക്കാൻ കഴിയാത്ത വൃദ്ധന്മാരും അവരെപ്പലെയുളള ആളുകളുമാണ്. അവർക്ക് നോമ്പിന് പകരം ഓരോ ദിവസവും ഓരോ സാധുവിന് ഭക്ഷണം നൽകിയാൽ മതി എന്നാണ് അദ്ദേഹം പറയുന്നത്.

ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറയുന്നു: “(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌.” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ‘നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്നവർ നോമ്പ് ഒഴിവാക്കിയാൽ പ്രായശ്ചിത്തം (സാധുക്കൾക്ക് ഭക്ഷണം) നൽകിയാൽ മതി. ഇത് ആദ്യ കാലഘട്ടത്തിലെ നിയമമായിരുന്നു എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും പറയുന്നത്. എന്നാൽ ഈ നിയമം ഭേദഗതി ചെയ്യപ്പെടുകയും നോമ്പെടുക്കാൻ കഴിയാത്തവർക്ക് പ്രായശ്ചിത്തമായി സാധുക്കൾക്ക് ഭക്ഷണം നൽകിയാൽ മതി എന്ന നിയമം വരുകയും ചെയ്തു. (ഫത്ഹുൽബാരി: 8/180)

നോമ്പ് മുറിയുന്ന കാര്യങ്ങള്‍

1.നോമ്പ് മുറിക്കമെന്ന ഉദ്ദേശം

പകല്‍ സമയത്ത് നോമ്പുകാരനായ ഒരു വ്യക്തി ഭക്ഷണം കഴിക്കാതെത്തന്നെ ഞാന്‍ നോമ്പ് മുറിക്കുന്നു എന്ന് കരുതിയാല്‍ (നിയ്യത്ത് വെച്ചാല്‍) അവന്റെ നോമ്പ് മുറിയുന്നതാണ്.

ശൈഖ് ഇബ്‌നു ഉസൈമീന്‍ رحمه الله പറഞ്ഞു: ആരെങ്കിലും നോമ്പ് തുറക്കാന്‍ നിയ്യത്ത് കരുതിയാല്‍ അവന്‍ തന്റെ നോമ്പ് മുറിച്ചു കഴിഞ്ഞിരിക്കുന്നു. (ലിഖാഉല്‍ ബാബില്‍ മഫ്തൂഹ്: 20/29)

2.ഇണയുമായുള്ള ലൈംഗീക ബന്ധം

നോമ്പുകാരൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അതോടെ അവന്റെ നോമ്പ് – വാജിബായ നോമ്പാണെങ്കിലും സുന്നത്തായ നോമ്പാണെങ്കിലും – മുറിഞ്ഞിരിക്കുന്നു.

أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ

നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:2/187)

عَنْ عَائِشَةَ ـ رضى الله عنها ـ تَقُولُ إِنَّ رَجُلاً أَتَى النَّبِيَّ صلى الله عليه وسلم فَقَالَ إِنَّهُ احْتَرَقَ‏.‏ قَالَ ‏”‏ مَالَكَ ‏”‏‏.‏ قَالَ أَصَبْتُ أَهْلِي فِي رَمَضَانَ‏.‏

ആയിശ(റ) വിൽ നിന്ന് നിവേദനം:അവർ പറയുന്നു: ഒരാള്‍ നബി ﷺ യുടെ അടുത്ത് വന്ന് പറയുന്നു: ‘പ്രവാചകരേ, ഞാന്‍ നശിച്ചു.’ നബി ﷺ ചോദിച്ചു: ‘എന്താണ് നിന്നെ നശിപ്പിച്ചത്?’ അയാള്‍ പറഞ്ഞു: ‘റമദാനിന്റെ പകലില്‍ നോമ്പുകാരനായി ഞാന്‍ ഭാര്യയുമായി ലൈംഗിക വേഴ്ചയിലേര്‍പെട്ടു പോയി’ (ബുഖാരി:1935)

റമദാനിന്റെ രാത്രിയിൽ ഇണകൾക്ക് ലൈംഗിക ബന്ധം അനുവദിച്ചതിൽ നിന്ന് റമദാനിന്റെ പകലിൽ അതിൽ നിന്ന് മാറിനിൽക്കണമെന്ന് വ്യക്തം. ഇനി റമദാനിന്റെ പകലിലാണ് ഇത് സംഭവിച്ചതെങ്കിൽ അവൻ ചെയ്തിരിക്കുന്നത് ഗുരുതരമായ തെറ്റാണ്. അവൻ നഷ്ടപ്പെട്ട ഈ നോമ്പ് നോറ്റുവീട്ടുകയും, അല്ലാഹുവിനോട് ആത്മാർഥമായി പശ്ചാത്തപിക്കുകയും, ഈ തെറ്റിനുള്ള കഫാറത് (പ്രായശ്ചിത്തം) ചെയ്യുകയും വേണം.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، وَقَعَ بِامْرَأَتِهِ فِي رَمَضَانَ، فَاسْتَفْتَى رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ هَلْ تَجِدُ رَقَبَةً ‏”‏‏.‏ قَالَ لاَ‏.‏ قَالَ ‏”‏ هَلْ تَسْتَطِيعُ صِيَامَ شَهْرَيْنِ ‏”‏‏.‏ قَالَ لاَ‏.‏ قَالَ ‏”‏ فَأَطْعِمْ سِتِّينَ مِسْكِينًا ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരാള്‍ റമളാനില്‍ (നോമ്പുകാരനായിരിക്കെ) ഭാര്യയുമായി ബന്ധപ്പെട്ടു. നബിﷺയോട് ഇതിനെ കുറിച്ചുളള വിധി ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിന്റെ അടുക്കൽ മോചിപ്പിക്കാൻ ഒരു അടിമയുണ്ടോ? അയാൾ പറഞ്ഞു: ഇല്ല. അവിടുന്ന് ചോദിച്ചു: നിനക്ക് രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ഠിക്കാൻ കഴിയുമോ? അയാൾ പറഞ്ഞു: ഇല്ല. നബി ﷺ പറഞ്ഞു: നീ അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകുക. (ബുഖാരി:6821)

ഹദീസിൽ നിർദേശിക്കപ്പെട്ട കഫാറത് (പ്രായശ്ചിത്തം) മൂന്ന് കാര്യങ്ങളാണ്. (1) അടിമയെ മോചിപ്പിക്കുക. (2) അടിമയെ മോചിപ്പിക്കാൻ സാധിക്കില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുക. (3) ഈ പറഞ്ഞ രണ്ട് കാര്യവും സാധിക്കില്ലെങ്കിൽ 60 ദരിദ്രർക്ക് ഭക്ഷണം കൊടുക്കുക. ഇതിനൊന്നും സാധിക്കില്ലെങ്കിൽ അഥവാ അതിനുള്ള കഴിവില്ലെങ്കില്‍ അവന്റെ മേൽ ഈ പറഞ്ഞ കഫാറത് നിർബന്ധമാകില്ല. അല്ലാഹുവിനോട് പശ്ചാത്താപം ചോദിക്കുകയും, ഇസ്തിഗ്ഫാർ അധികരിപ്പിക്കുകയും ചെയ്യുക. മാത്രമല്ല നഷ്ടപ്പെട്ട നോമ്പ് അവന്‍ പിന്നീട് നോറ്റ് വീട്ടുകയും വേണം.

ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍ (റഹി) പറയുന്നു:  റമദാനില്‍ നോമ്പ് നിര്‍ബന്ധമുള്ള ഒരു പുരുഷന്‍ (ഇളവില്ലാത്തവന്‍) പകലില്‍ സംയോഗം ചെയ്താല്‍ അഞ്ച് കാര്യങ്ങള്‍ അതിലൂടെ അവന് വരുന്നതാണ്: ഒന്ന്) അവശേഷിക്കുന്ന സമയം അവന്‍ നോമ്പ് പിടിക്കണം. രണ്ട്) അവന്റെ നോമ്പ് നിഷ്ഫലമാവും. മൂന്ന്) ക്വള്വാഅ് വീട്ടണം. നാല്) പ്രായച്ഛിത്തം ചെയ്യണം. അഞ്ച്) അവന്‍ തെറ്റു ചെയ്തു.

സുന്നത്ത് നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടാൽ അതിന് പ്രായശ്ചിത്തമില്ല. കാരണം സുന്നത്ത് നോമ്പുകാരനെ സംബന്ധിച്ചിടത്തോളം അവൻ തുടങ്ങി വെച്ച നോമ്പ് പൂർത്തീകരിക്കാനും, ഇടക്ക് വെച്ച് നിർത്താനും അവന് സ്വാതന്ത്രമുണ്ട്.

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : الصَّائِمُ الْمُتَطَوِّعُ أَمِيرُ نَفْسِهِ، إِنْ شَاءَ صَامَ، وَإِنْ شَاءَ أَفْطَرَ

നബി ﷺ പറഞ്ഞു: സുന്നത്ത് നോമ്പ് എടുത്തവൻ തന്റെ കാര്യത്തിൽ സ്വാതന്ത്രമുള്ളവനാണ്. അവൻ ഉദ്ദേശിച്ചാൽ നോമ്പ് പൂർത്തീകരിക്കാം. അവൻ ഉദ്ദേശിച്ചാൽ നോമ്പ് മുറിക്കാം. (അഹ്മദ്: 26353)

നഷ്ടപ്പെട്ട നോമ്പിന് പകരമായി റമദാൻ കഴിഞ്ഞാൽ നോമ്പ് നോൽക്കുകയും, അത് ഖദാഅ് വീട്ടുകയും ചെയ്യുക. കഫാറത്തായി 2 മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിച്ചതിന് പുറമെയായിരിക്കണം ഖദ്വാഇന്റെ ഈ നോമ്പ് എടുക്കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഒന്നിലധികം ദിവസങ്ങളില്‍ ഇങ്ങനെ ആവര്‍ത്തിച്ചുവെങ്കില്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം പ്രായച്ഛിത്തം നല്‍കേണ്ടതുണ്ട്. (ബിദായ: 4/195).

3.ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലും.

നോമ്പുകാരന്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നുവെങ്കില്‍ അവന്റെ നോമ്പ് മുറിയുന്നതാണ്. വുളു എടുക്കുമ്പോൾ വയറ്റിലേക്ക് വെള്ളം എത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

عَنْ لَقِيطِ بْنِ صَبِرَةَ قَالَ:قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : بَالِغْ فِى الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا

ലഖീത്വി ബ്നു സ്വബിറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (വുളുവെടുക്കുമ്പോൾ) നീ നന്നായി മൂക്കിൽ വെള്ളം കയറ്റുക; നോമ്പുകാരനാണെങ്കിൽ ഒഴികെ. (തിർമിദി: 788)

എന്നാൽ ആരെങ്കിലും വുളുവെടുക്കുമ്പോൾ വായിൽ വെള്ളം കൊപ്ലിക്കുമ്പോഴോ മൂക്കിൽ വെള്ളം കയറ്റുമ്പോഴോ, അറിയാതെ വെള്ളം തൊണ്ടയിലേക്ക് എത്തുകയോ, തൊണ്ടയിൽ നിന്ന് ഇറങ്ങിപ്പോവുകയോ ചെയ്താൽ അത് അവന്റെ നോമ്പ് നഷ്ടപ്പെടുത്തുകയില്ല. കാരണം അബദ്ധത്തിൽ സംഭവിക്കുന്നത് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു. (ശർഹുൽ മുംതിഅ്/ഇബ്നു ഉഥൈമീൻ: 6/240) അല്ലാഹു പറയുന്നു:

وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ

അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) (ഖു൪ആന്‍: 33/5)

മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ നോമ്പ് മുറിയുമോ?

ഒരാള്‍ മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്താല്‍ അവന്റെ നോമ്പ് ശരിയാവും. പക്ഷേ, എപ്പോഴാണോ ഓര്‍മ വരുന്നത് അപ്പോള്‍ അവസാനിപ്പിക്കേണ്ടതാണ്. തല്‍സമയം തന്നെ വായിലുള്ളത് ഒഴിവാക്കല്‍ നിര്‍ബന്ധവുമാണ്. അവന് നോമ്പ് തുടരാവുന്നതാണ്. കാരണം മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്റെ നോമ്പ് മുറിയില്ല.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ إِذَا نَسِيَ فَأَكَلَ وَشَرِبَ فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും മറന്നു പോവുകയും, നോമ്പുകാരനായിരിക്കെ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്താൽ അവൻ തന്റെ നോമ്പ് പൂർത്തീകരിക്കട്ടെ. തീർച്ചയായും അല്ലാഹുവാണ് അവനെ ഭക്ഷിപ്പിച്ചതും കുടിപ്പിച്ചതും. (ബുഖാരി :1933)

4.ഭക്ഷണ പാനീയങ്ങള്‍ക്ക് പകരമാകുന്ന കാര്യങ്ങൾ ചെയ്യൽ.

മൂക്കിലൂടെ തൊണ്ടയിൽ എത്തുന്ന രൂപത്തിൽ വെള്ളമോ മരുന്നോ മറ്റെന്തെങ്കിലുമോ ഇറ്റിക്കുന്നത് നോമ്പ് മുറിക്കും. നബി ﷺ പറഞ്ഞു:

عَنْ لَقِيطِ بْنِ صَبِرَةَ قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : بَالِغْ فِى الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا

ലഖീത്വിബ്നു സ്വബിറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (വുളുവെടുക്കുമ്പോൾ) നീ നന്നായി മൂക്കിൽ വെള്ളം കയറ്റുക; നോമ്പുകാരനാണെങ്കിൽ ഒഴികെ. (തിർമിദി: 788)

ഈ ഹദീസിൽ നിന്ന് മൂക്കിലൂടെ തൊണ്ടയിലേക്ക് വെള്ളം ഇറങ്ങുന്നത് നോമ്പിനെ അപായപ്പെടുത്തും എന്ന് മനസ്സിലാക്കാൻ കഴിയും. ‘അപ്പോൾ മൂക്കിൽ ഇറ്റിക്കുന്നത് തൊണ്ടയിലോ വയറ്റിലോ എത്തിയാൽ അത് നോമ്പ് മുറിക്കും… എന്നാൽ തൊണ്ടയിലേക്ക് എത്താത്ത രൂപത്തിൽ മൂക്കിൽ എന്തെങ്കിലും ഇറ്റിക്കുന്നത് നോമ്പ് മുറിക്കുകയില്ല.”  (ഫതാവാ റമദാൻ/ഇബ്നു ഉഥൈമീൻ: 511)

5.സ്വയം ചർദ്ദിപ്പിക്കൽ.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ ذَرَعَهُ قَىْءٌ وَهُوَ صَائِمٌ فَلَيْسَ عَلَيْهِ قَضَاءٌ وَإِنِ اسْتَقَاءَ فَلْيَقْضِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ ആ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ ആരെങ്കിലും മനഃപൂര്‍വം ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ അത് നോറ്റുവീട്ടട്ടെ. ആരെങ്കിലും മനഃപൂര്‍വമല്ലാതെ ഛര്‍ദിക്കുകയാണെങ്കില്‍ അവന് ക്വള്വാഅ് ഇല്ല. (അബൂദാവൂദ്:2380 – സ്വഹീഹ് അൽബാനി)

6.ആർത്തവ രക്തമോ പ്രസവരക്തമോ വരൽ.

عَنْ أَبِي سَعِيدٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم :‏ أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ، وَلَمْ تَصُمْ فَذَلِكَ نُقْصَانُ دِينِهَا

അബൂസഈദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആര്‍ത്തവമുണ്ടായാല്‍ അവള്‍ നോമ്പനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യേണ്ടതില്ല. അത് അവരുടെ മതത്തിന്‍റെ ഇളവാണ്. (ബുഖാരി:1951)

ആര്‍ത്തവ, പ്രസവ രക്തമുള്ളവരുടെ നോമ്പ് ശരിയാവുകയില്ലായെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു.

7.ഹിജാമയിലൂടെ രക്തം പുറത്തെടുക്കൽ.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ :‏ أَفْطَرَ الْحَاجِمُ وَالْمَحْجُومُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കൊമ്പ് വെക്കുന്നവനും വെപ്പിക്കുന്നവനും നോമ്പ് തുറന്നിരിക്കുന്നു. (ഇബ്നുമാജ:7/1749)

8.ബോധപൂർവ്വം ഇന്ദ്രിയം (മനിയ്യ്) പുറത്തു കളയൽ.

ബോധപൂര്‍വമായ ഇന്ദ്രിയ സ്ഖലനം മൂലം നോമ്പ് മുറിയുന്നതാണ്. എന്നാല്‍ സ്വപ്‌ന സ്ഖലനം, ബോധപൂര്‍വമല്ലാതെയുണ്ടാകുന്ന സ്ഖലനം എന്നിവകൊണ്ട് നോമ്പ് മുറിയുന്നതല്ല. (മുഗ്നി-4/364).

ക്വുദ്‌സിയായ ഹദീഥില്‍ ഇങ്ങനെ കാണാവുന്നതാണ്: അവന്റെ ഭക്ഷണവും പാനീയവും വികാരവും എനിക്ക് വേണ്ടി അവന്‍ ഉപേക്ഷിക്കുന്നു. (ഇബ്‌നുമാജ).

സ്വയംഭോഗം എല്ലാ കാലത്തും നിഷിദ്ധമായ തിന്മയാണ്. സ്വയംഭോഗം ചെയ്തതിലൂടെ സ്ഖലനം സംഭവിച്ചാൽ അയാളുടെ നോമ്പ് അതോടെ മുറിഞ്ഞു. റമദാൻ കഴിഞ്ഞാൽ നഷ്ടപ്പെട്ട ഈ നോമ്പിന് പകരമായി അയാൾ നോമ്പെടുക്കുകയും വേണം.

റമദാനിന്റെ പകലിൽ സ്വപ്നസ്ഖലനം സംഭവിച്ചാൽ നോമ്പ് മുറിയുകയില്ല. വലിയ അശുദ്ധി സംഭവിച്ചതു കൊണ്ട് നിസ്കരിക്കുന്നതിനായി കുളിക്കണം

9.ഇസ്‌ലാം ഉപേക്ഷിക്കുക.

ന്യായമായ കാരണത്താല്‍ നോമ്പ് ഒഴിവാക്കിയവന്‍ അത് നോറ്റുവീട്ടുന്നതിന് മുമ്പായി മരണപ്പെട്ടുവെങ്കില്‍ എന്ത് വേണം?

നോറ്റുവീട്ടാന്‍ സാഹചര്യം ഉണ്ടാകുന്നതിന് മുമ്പായി മരിച്ചുവെങ്കില്‍ യാതൊന്നും ബാധ്യതയില്ല. എന്നാല്‍ സാഹചര്യമുണ്ടായ ശേഷമാണ് മരിച്ചതെങ്കില്‍ സാധുവിന് ഭക്ഷണം നല്‍കേണ്ടതുണ്ട്. മയ്യിത്തുമായി അടുത്ത ബന്ധമുള്ളവന് അത് നോറ്റുവീട്ടുകയുമാവാം. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് നോറ്റാലും മതിയാകുന്നതാണ്. എല്ലാവരും ഒരേ ദിവസം നോല്‍ക്കുന്നതിനും വിരോധമില്ല.

നോമ്പിന്റെ പകലിൽ ഭാര്യയെ ചുംബിക്കാമോ?

عَنْ عَائِشَةَ قَالَتْ: كَانَ النَّبِيُّ -ﷺ- يُقَبِّلُ وَيُبَاشِرُ وَهُوَ صَائِمٌ، وَكَانَ أَمْلَكَكُمْ لِإِرْبِهِ.وَفِي لَفْظٍ: «كَانَ رَسُولُ اللَّهِ -ﷺ- يُقَبِّلُ فِي شَهْرِ الصَّوْمِ»

ആഇശ(റ) പറയുന്നു: നബി ﷺ നോമ്പുകാരനായിരിക്കെ ചുംബിക്കുകയും, ബാഹ്യകേളികളിൽ ഏർപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. ആരെക്കാളും തന്റെ വികാരം ഏറ്റവും പിടിച്ചു വെക്കാൻ കഴിയുന്നവരായിരുന്നു അവിടുന്ന്. (ബുഖാരി: 1927)

മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:

كَانَ رَسُولُ اللَّهِ صلى الله عليه وسلم يُقَبِّلُ فِي شَهْرِ الصَّوْمِ

നബി ﷺ നോമ്പിന്റെ മാസത്തിൽ (ഭാര്യയെ) ചുംബിക്കാറുണ്ടായിരുന്നു. (മുസ്ലിം: 1106)

عَنْ عُمَرَ بْنِ أَبِي سَلَمَةَ، أَنَّهُ سَأَلَ رَسُولَ اللَّهِ -ﷺ-: أَيُقَبِّلُ الصَّائِمُ؟ فَقَالَ لَهُ رَسُولُ اللَّهِ -ﷺ-: سَلْ هَذِهِ» لِأُمِّ سَلَمَةَ فَأَخْبَرَتْهُ، أَنَّ رَسُولَ اللهِ -ﷺ- يَصْنَعُ ذَلِكَ، فَقَالَ: يَا رَسُولَ اللَّهِ، قَدْ غَفَرَ اللَّهُ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ، فَقَالَ لَهُ رَسُولُ اللَّهِ -ﷺ-: «أَمَا وَاللَّهِ، إِنِّي لَأَتْقَاكُمْ لِلَّهِ، وَأَخْشَاكُمْ لَهُ

അംറ് ബ്നു അബീ സലമ(റ) നബിﷺയോട് ഒരിക്കൽ ചോദിച്ചു: നോമ്പുകാരന് (ഭാര്യയെ) ചുംബിക്കാമോ? അദ്ദേഹത്തോട് നബി ﷺ പറഞ്ഞു: ഇവളോട് ചോദിച്ചു നോക്കുക. (നബിﷺയുടെ ഭാര്യയും, അംറിന്റെ മാതാവുമായ) ഉമ്മുസലമയെ ആണ് നബി ﷺ ഉദ്ദേശിച്ചത്. നബി ﷺ അപ്രകാരം ചെയ്യാറുണ്ടെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അംറ് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ തെറ്റുകളും അങ്ങേക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു. നബി ﷺ പറഞ്ഞു: എങ്കിൽ -അല്ലാഹു സത്യം- തീർച്ചയായും ഞാനാകുന്നു നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ സൂക്ഷിക്കുന്നതും, അവനോട് ഏറ്റവും ഭയഭക്തി പുലർത്തുന്നതും. (മുസ്ലിം: 1108)

عَنْ عُمَرَ بْنُ الْخَطَّابِ قَالَ: هَشِشْتُ فَقَبَّلْتُ وَأَنَا صَائِمٌ، فَقُلْتُ: يَا رَسُولَ اللَّهِ! صَنَعْتُ الْيَوْمَ أَمْرًا عَظِيمًا، قَبَّلْتُ وَأَنَا صَائِمٌ. قَالَ: أَرَأَيْتَ لَوْ مَضْمَضْتَ مِنَ الْمَاءِ وَأَنْتَ صَائِمٌ» قُلْتُ لاَ بَأْسَ بِهِ، قَالَ: فَمَهْ

ഉമർ ബ്നുൽ ഖത്താബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ആശ്വാസത്തോടെ ഇരിക്കുന്ന ഒരു വേളയിൽ നോമ്പുകാരനായിരിക്കെ ഞാൻ (ഭാര്യയെ) ചുംബിച്ചു. അല്ലാഹുവിന്റെ റസൂലിനോട് ഞാൻ കാര്യം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഇന്ന് ഞാൻ വളരെ ഗുരുതരമായ ഒരു കാര്യം ചെയ്തു പോയി. നോമ്പുകാരനായിരിക്കെ ഞാൻ ചുംബിച്ചു. നബി ﷺ പറഞ്ഞു: നോമ്പുകാരനായിരിക്കെ നീ വായിൽ വെള്ളം കൊപ്ലിച്ചാൽ എന്ത് സംഭവിക്കുമെന്നാണ് നീ കരുതുന്നത്? ഞാൻ പറഞ്ഞു: (അങ്ങനെ ചെയ്താൽ) ഒരു കുഴപ്പവുമില്ല. നബി ﷺ ചോദിച്ചു: അപ്പോൾ പിന്നെ (ഭാര്യയെ ചുംബിച്ചാൽ) എന്താണ്? (അബൂദാവൂദ്: 2385)

ഭാര്യയെ ചുംബിക്കുന്നതുവഴി സ്ഖലനം സംഭവിക്കുമെന്നോ, ലൈംഗികബന്ധത്തിലേക്ക് എത്തിച്ചേരുമെന്ന് ഭയക്കുകയോ ചെയ്യാത്തവർക്ക് നോമ്പിന്റെ പകലിൽ ഭാര്യയെ ചുംബിക്കല്‍ അനുവദനീയമാണ്. എന്നാൽ ഭാര്യയെ ചുംബിക്കുന്നതിലൂടെ നോമ്പ് മുറിയുമെന്ന് ഭയപ്പെടുകയോ, അതുവഴി ലൈംഗികബന്ധത്തിലേക്ക് എത്തിച്ചേരുമെന്ന് ഭയക്കുകയോ ചെയ്യുന്നവർക്ക് നോമ്പിന്റെ പകലിൽ ഭാര്യയെ ചുംബിക്കല്‍ അനുവദനീയമല്ല.

عَنْ أَبِي هُرَيْرَةَ، أَنَّ رَجُلاً، سَأَلَ النَّبِيَّ صلى الله عليه وسلم عَنِ الْمُبَاشَرَةِ لِلصَّائِمِ فَرَخَّصَ لَهُ وَأَتَاهُ آخَرُ فَسَأَلَهُ فَنَهَاهُ ‏.‏ فَإِذَا الَّذِي رَخَّصَ لَهُ شَيْخٌ وَالَّذِي نَهَاهُ شَابٌّ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിക്കാമോ എന്ന് ഒരാള്‍ വന്ന് നബിﷺയോട് ചോദിച്ചപ്പോള്‍ അവിടുന്ന് അതിന് അനുവാദം നല്‍കി. മറ്റൊരാള്‍ വന്ന് അതേകാര്യം ചോദിച്ചപ്പോള്‍ അവിടുന്ന് അതിന് അനുവാദം നല്‍കിയില്ല. അനുവാദം ലഭിച്ചയാള്‍ വൃദ്ധനും അനുവാദം ലഭിക്കാത്തയാള്‍ യുവാവുമായിരുന്നു.(അബൂദാവൂദ്: 2387)

നോമ്പുകാരന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1.ചീത്ത വാക്ക് പറയുകയോ മോശം കാര്യങ്ങള്‍ പ്രവർത്തിക്കുകയോ ചെയ്യരുത്
2.ആരെങ്കിലും ശണ്ഠ കൂടാന്‍ ഇങ്ങോട്ട് വന്നാലും അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ الصِّيَامُ جُنَّةٌ، فَلاَ يَرْفُثْ وَلاَ يَجْهَلْ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ‏.‏ مَرَّتَيْنِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വ്രതം ഒരു പരിചയാണ്. അതിനാൽ (നോമ്പുകാരൻ) ചീത്ത വാക്കു പറയുകയോ മാന്യതക്ക് നിരക്കാത്തത് പ്രവർത്തിക്കുകയോ ചെയ്യരുത്. അവനോട് ആരെങ്കിലും ശണ്ഠ കൂടുകയോ വഴക്കു പറയുകയോ ചെയ്താൽ ഞാൻ നോമ്പുകാരനാണെന്ന് അവൻ രണ്ട് തവണ പറയട്ടെ……..(ബുഖാരി: 1894)

ഉമർ ബ്നു അബ്ദിൽ അസീസ് رَحِمَـﮧُ اللَّـﮧُ പറഞ്ഞു : സലഫുകളെ നാം കണ്ടെത്തിയത് അവർ നോമ്പിനെയോ നിസ്കാരത്തിനെയോ (യഥാർത്ഥ) ഇബാദത്തുകളായി (ആരാധനാകർമ്മങ്ങളായി) കണക്കാക്കുന്നവരായി കൊണ്ടല്ല , പകരം (അവർ യഥാർത്ഥ ഇബാദത്തായി കണ്ടിരുന്നത്) ജനങ്ങളുടെ അഭിമാനത്തെ തൊട്ട് തന്റെ നാവിനെ പിടിച്ചവെക്കുക എന്നതായിരുന്നു. രാത്രി നിസ്കരിക്കുന്നവനും പകൽ നോമ്പ് നോൽകുന്നവനും തന്റെ നാവിനെ സംരക്ഷിച്ചില്ലെങ്കിൽ ഖിയാമത്ത് നാളിൽ അവൻ പാപ്പരായി തീരുന്നതാണ്. (التمهيد لابن عبدالبر (٤٤٣/١٧))

ചീത്തവാക്കുകള്‍, പ്രവൃത്തികള്‍, ചിന്തകള്‍ എന്നിവകൊണ്ട് നോമ്പ് മുറിയുകയില്ലെങ്കിലും നോമ്പിന്റെ പ്രതിഫലം കുറയാന്‍ അത് കാരണമാകും. (ഫതാവാ ഇബ്‌നുബാസ് 15/320).

3. തിൻമകൾ പ്രവർത്തിക്കരുത്.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلاَّ الْجُوعُ. وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلاَّ السَّهَرُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എത്രയോ നോമ്പുകാരുണ്ട്. അവന് തന്റെ നോമ്പിലൂടെ പട്ടിണി കിടന്നതല്ലാതെ (മറ്റൊരു പ്രയോജനവും) ഇല്ല. എത്രയോ രാത്രി നമസ്കാരക്കാരുണ്ട്. അവന് തന്റെ രാത്രി നമസ്കാരത്തിലൂടെ ഉറക്കമിളച്ചു എന്നതല്ലാതെ (മറ്റൊരു പ്രയോജനവും) ഇല്ല. (ഇബ്നുമാജ:7/1760)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി:1903)

قَالَ أبُو عبدِ الله جَابِرُ بنُ عبدِ الله رضي الله عنهما :إذَا صُمْتَ فَليَصُمْ سَمْعُكَ وَبَصَرُكَ وَلِسَانُكَ عَنِ الكَذِبِ وَالمَحَارِمِ وَدَعْ أذَى الجَارِ وليَكُنْ عَلَيكَ وَقَارٌ وَسَكِينَةٌ يَوْمَ صَوْمِكَ وَلا تَجْعَلْ يَوْمَ صَوْمِكَ وَيَوْمَ فِطْرِكَ سَوَاءً

മഹാനായ സ്വഹാബി ജാബിറുബ്നു അബ്ദില്ല (റ) പറഞ്ഞു:നീ നോമ്പെടുത്താൽ നിന്റെ കാതും, കണ്ണും, നാവും കളവിൽനിന്നും ഹറാമുകളിൽ നിന്നും നോമ്പെടുക്കട്ടേ.. അയൽവാസിയെ ഉപദ്രവിക്കുന്നത് നീ ഒഴിവാക്കുകയും ചെയ്യണം.. നിന്റെ നോമ്പിന്റെ ദിവസം നിനക്ക് ഗാഭീര്യവും അച്ചടക്കവും ഉണ്ടാകണം .. നിനക്ക് നോമ്പുള്ള ദിവസവും നോമ്പില്ലാത്ത ദിവസവും നീ ഒരു പോലെയാക്കരുത്.مصنف ابن أبي شيبة (2/271)

4. നിയത്ത്

ഏതൊരു കർമ്മം ചെയ്യുമ്പോഴും അതിന് അനിവാര്യമായ അടിസ്ഥാനമാണ് നിയ്യത്ത്. പ്രതിഫലം ആഗ്രഹിക്കുന്ന ഏതൊരു പ്രവർത്തനത്തേയും സാധാരണ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നതും നിയ്യത്താണ്. പ്രവർത്തനങ്ങൾ സ്വീകരിക്കണമെങ്കിലും നിയ്യത്ത് അനിവാര്യമാണ്.

عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

ഉമര്‍ ഇബ്നു ഖതാബില്‍ (റ) നിന്നും നിവേദനം. നബിﷺയില്‍ നിന്ന് കേട്ടതായിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. ഏതൊരാള്‍ക്കും ഉദ്ദേശിച്ചതെ കരസ്ഥമാകുകയുള്ളൂ…… (ബുഖാരി: 1 – മുസ്ലിം:1907)

അതുകൊണ്ട് നോമ്പിനും നിയ്യത്ത് എടുക്കൽ അനിവാര്യമാണ്. ഇല്ലെങ്കിൽ നമ്മുടെ നോമ്പുകൾ വെറുതെയായിപ്പോകും.

നാളത്തെ നോമ്പ് ഞാന്‍ നോല്‍ക്കും എന്ന് മനസ്സില്‍ കരുതലാണ് നിയത്ത്. നിയ്യത്ത് മനസ്സിലാണ്, നാവ് കൊണ്ട് ഉച്ചരിക്കുകയല്ല വേണ്ടത്.

നിര്‍ബന്ധ നോമ്പാണെങ്കില്‍ പ്രഭാതോദയത്തിന് മുമ്പ് തന്നെ നോമ്പെടുക്കാനുള്ള ഉദ്ദേശം (തീരുമാനം) ഉണ്ടാവണം,

عَنْ حَفْصَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ مَنْ لَمْ يُجْمِعِ الصِّيَامَ قَبْلَ الْفَجْرِ فَلاَ صِيَامَ لَهُ

ഹഫ്സയില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: പ്രഭാതത്തിനു മുമ്പായി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല. (അബൂദാവൂദ് : 2454 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

എന്നാല്‍ സുന്നത് നോമ്പാണെങ്കില്‍ ഫജ്‌റിന് ശേഷം പകല്‍സമയത്ത് തീരുമാനമെടുത്താലും മതി. (അതിന് മുമ്പ് ഭക്ഷണം കഴിച്ചിട്ടില്ലെങ്കില്‍). നബിﷺയുടെയും സ്വഹാബിമാരുടെയും ചെയ്തിയുടെ പിന്‍ബലം ഇതിനുണ്ട്. റമളാനിലെ നോമ്പ് തുടര്‍ച്ചയായി എടുക്കുന്ന നോമ്പുകളായതിനാല്‍ ആദ്യദിവസം തന്നെ തുടര്‍ച്ചയായി നോമ്പെടുക്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ പിന്നെ ഓരോ ദിവസവും പ്രത്യേകം നിയ്യത്ത് ചെയ്തില്ലെങ്കിലും വിരോധമില്ലെന്നും അഭിപ്രായമുണ്ട്. الله أعلم

നിയത്ത് ഉറക്കെ പറയുന്ന രീതി നാടുകളില്‍ കണ്ടുവരുന്നു. ഇത് സുന്നത്തിന് വിരുദ്ധമായ കാര്യാമാണ്. നിയത്ത് ഹൃദയത്തില്‍ കരുതുകയാണ് വേണ്ടത്. അതേപോലെ നിയത്ത് ഒരാള്‍ ചൊല്ലിക്കൊടുത്ത് മറ്റുള്ളവ൪ ഏറ്റ് ചൊല്ലുന്നതിനും നബിചര്യയില്‍ തെളിവില്ല.

നിയ്യത്ത് എന്നതിന്റെ വിവക്ഷ ഒരു കര്‍മം ചെയ്യാനുള്ള മനസ്സിന്റെ ഉദ്ദേശമാണ്. അത് നാവുകൊണ്ട് പറയേണ്ടതില്ല.

അത്താഴം കഴിക്കല്‍

അത്താഴം കഴിക്കല്‍ പ്രബലമായ സുന്നത്ത് ആണ്.

عَنْ أَنَسٍ – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: تَسَحَّرُوا فَإِنَّ فِي السُّحُورِ بَرَكَةً

അനസില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങള്‍ അത്താഴം കഴിക്കുക. തീ൪ച്ചയായും അത്താഴം കഴിക്കുന്നതില്‍ ബറക്കത്ത് ഉണ്ട്. (മുസ്ലിം:1095)

عَنْ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ

അംറ് ബ്നു ആസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ നോമ്പിന്റെയും വേദക്കാരുടെ നോമ്പിന്റെയും ഇടയിലുള്ള അന്തരം അത്താഴം കഴിക്കലാണ്.(മുസ്ലിം: 1096)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إنّ اللهَ وملائكتَه يصلُّون على المتسحِّرين

അബൂ സഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവ൪ക്കായി സ്വലാത്ത് നി൪വ്വഹിക്കുന്നു (അഹ്’മദ്:3/12)

മലക്കുകള്‍ സ്വലാത്ത് ചൊല്ലുമെന്നു പറഞ്ഞാല്‍ മലക്കുകള്‍ അയാള്‍ക്ക് വേണ്ടി പ്രാ൪ത്ഥിക്കുമെന്ന൪ത്ഥം.

عَنْ رَجُلٍ، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم قَالَ دَخَلْتُ عَلَى النَّبِيِّ صلى الله عليه وسلم وَهُوَ يَتَسَحَّرُ فَقَالَ ‏ :‏ إِنَّهَا بَرَكَةٌ أَعْطَاكُمُ اللَّهُ إِيَّاهَا فَلاَ تَدَعُوهُ

അബ്ദുല്ലാഹിബ്നു ഹാരിസില്‍(റ) നിന്ന് നിവേദനം: സ്വഹാബികളില്‍ പെട്ട ഒരു വ്യക്തി എന്നോട് പറഞ്ഞു: നബി ﷺ അത്താഴം കഴിച്ചു കൊണ്ടിരിക്കെ ഞാന്‍ അവിടുത്തെ അരികില്‍ ചെന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്ക് മാത്രമായി അല്ലാഹു നല്‍കിയ അനുഗ്രഹമാകുന്നു ഇത്. അതിനാല്‍ അത് നിങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക. (നസാഈ:2162 – സ്വഹീഹ് അല്‍ബാനി )

عَنِ الْعِرْبَاضِ بْنِ سَارِيَةَ، قَالَ دَعَانِي رَسُولُ اللَّهِ صلى الله عليه وسلم إِلَى السَّحُورِ فِي رَمَضَانَ فَقَالَ ‏ :‏ هَلُمَّ إِلَى الْغَدَاءِ الْمُبَارَكِ ‏‏

ഇര്‍ബാദ് ഇബ്നു സാരിയ(റ) പറയുന്നു: റമദാനില്‍ എന്നെ അത്താഴത്തിന് ക്ഷണിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: അനുഗ്രഹീതമായ പ്രഭാത ഭക്ഷണത്തിലേക്ക് സ്വാഗതം. (അബൂദാവൂദ്:2344 – സ്വഹീഹ് അല്‍ബാനി )

عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ عَلَيْكُمْ بِغَدَاءِ السُّحُورِ فَإِنَّهُ هُوَ الْغَدَاءُ الْمُبَارَكُ‏

മിഖ്ദാം ഇബ്നു മഅ്ദീകരിബയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അതാകുന്നു അനുഗ്രഹീതമായ പ്രഭാതഭക്ഷണം. (നസാഈ:2164 – സ്വഹീഹ് അല്‍ബാനി )

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : نِعْمَ سَحُورُ الْمُؤْمِنِ التَّمْرُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശ്വാസിക്ക് കാരക്ക എത്ര നല്ല അത്താഴമാണ്. (അബൂദാവൂദ്:2345)

عَنْ أَبِي سَعِيدٍ الخُدْرِيِّ -رَضِيَ اللَّهُ عَنْهُ- قَالَ: قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ-: ((السُّحَوُرُ كُلَّهُ بَرَكَةٌ فَلَا تَدَعُوهُ, وَلَوْ أَنْ يَجْرَعَ أَحَدُكُم جَرْعَةً مِنْ مَاءٍ,

അബൂ സഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അത്താഴം കഴിക്കല്‍ ബറകത്താണ്. അതിനാല്‍ കുറച്ച് വെള്ളം കുടിച്ചിട്ടാണെങ്കിലും കൂടി നിങ്ങള്‍ അത് ഒഴിവാക്കരുത്. (അഹ്മദ്)

അത്താഴം കഴിക്കേണ്ട സമയം

രാത്രിയുടെ ആദ്യസമയം മുതല്‍ സുബ്ഹി ബാങ്ക് വരെയാണ് അത്താഴം കഴിക്കാവുന്ന സമയം. അത്താഴം കഴിക്കുന്നത് അവസാന സമയത്തേക്ക് പിന്തിപ്പിക്കുന്നതാണ് ശ്രേഷ്ടത.

അബൂദ൪റില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: അത്താഴം പിന്തിപ്പിക്കുകയും ധൃതിയിൽ നോമ്പ് തുറക്കുകയും ചെയ്യുന്ന കാലത്തോളം എന്റെ സമുദായം നന്‍മയില്‍ തന്നെയായിരിക്കും. (അഹ്മദ്)

عن أبي الدرداء رضي الله عنه قال: قال رسول الله ﷺ:ثلاث من أخلاق النبوة: تعجيل الإفطار، وتأخير السحور، ووضع اليمين على الشمال في الصلاة

അബുദ്ദർദാഅ് (റ)വിൽ നിന്ന് നിവേദനം. നബിﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ നുബുവ്വത്തിന്റെ (പ്രവാചകത്ത്വത്തിന്റെ) ഗുണങ്ങളിൽ പെട്ടതാണ്: നോമ്പ് തുറക്കാൻ ധൃതി കാണിക്കൽ, അത്താഴം വൈകിപ്പിക്കൽ, നമസ്കാരത്തിൽ ഇടത് കയ്യിൻമേൽ വലത് കൈ വെക്കൽ. (ത്വബ്റാനി)

സുബ്ഹി ബാങ്കിന് ഏകദേശം 10-15 മിനിട്ട് മുമ്പ് അത്താഴം കഴിച്ച് തീ൪ക്കുക. അതായത് അത്താഴം കഴിച്ച് കഴിഞ്ഞാല്‍ പിന്നെ സുബ്ഹി ബാങ്കിന് ഏകദേശം 10-15 മിനിട്ട് മാത്രം സമയം വരിക എന്നുള്ളതാണ് സുന്നത്ത്.

عَنْ زَيْدِ بْنِ ثَابِتٍ ـ رضى الله عنه ـ قَالَ تَسَحَّرْنَا مَعَ النَّبِيِّ صلى الله عليه وسلم ثُمَّ قَامَ إِلَى الصَّلاَةِ‏.‏ قُلْتُ كَمْ كَانَ بَيْنَ الأَذَانِ وَالسَّحُورِ قَالَ قَدْرُ خَمْسِينَ آيَةً‏

സെയ്ദ് ബ്നു സാബിതില്‍(റ) നിന്ന് നിവേദനം: ഞങ്ങളൊരിക്കൽ നബിﷺയുടെ കൂടെ അത്താഴം കഴിച്ചു. അനന്തരം ഞങ്ങൾ നമസ്കരിക്കാൻ നിന്നു. ഒരാൾ ചോദിച്ചു: അതിനിടയിൽ എത്ര സമയമുണ്ടായിരുന്നു. നിവേദകൻ പറഞ്ഞു: 50 സൂക്തങ്ങൾ പാരായണം ചെയ്യുന്ന സമയം. (അത്താഴം കഴിച്ചിരുന്നത് അത്രയും പിന്തിച്ചായിരുന്നു). (ബുഖാരി: 1921- മുസ് ലിം: 1097)

عَنْ أَنَسٍ، أَنَّ زَيْدَ بْنَ ثَابِتٍ، حَدَّثَهُ أَنَّهُمْ، تَسَحَّرُوا مَعَ النَّبِيِّ صلى الله عليه وسلم ثُمَّ قَامُوا إِلَى الصَّلاَةِ‏.‏ قُلْتُ كَمْ بَيْنَهُمَا قَالَ قَدْرُ خَمْسِينَ أَوْ سِتِّينَ ـ يَعْنِي آيَةً

സൈദ്ബ്‌നു സാബിത്തില്‍(റ) നിന്ന് നിവേദനം: സ്വഹാബികള്‍ നബിﷺയോടൊപ്പം നോമ്പ്‌ കാലത്ത്‌ അത്താഴം കഴിക്കാറുണ്ട്‌. എന്നിട്ട്‌ അവര്‍ സുബ്ഹി നമസ്കരിക്കാന്‍ നില്‍ക്കും. അന്നേരം സൈദ്ബ്‌നു സാബിത്തിനോടു ചോദിച്ചു. അത്‌ രണ്ടിനുമിടയില്‍ എത്ര സമയത്തെ ഒഴിവുണ്ടായിരുന്നു. സൈദ്‌(റ) പറഞ്ഞു: അന്‍പത്‌ അല്ലെങ്കില്‍ അറുപത്‌ ആയത്ത് ഓതാനുള്ള സമയം. (ബുഖാരി:575)

ഒരാള്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ബാങ്ക് കേള്‍ക്കുകയാണെങ്കില്‍ എന്തുചെയ്യണം ?

ഒരാള്‍ ഉറക്കമെഴുന്നേല്‍ക്കാന്‍ വൈകി. അങ്ങനെ പെട്ടെന്ന് തയ്യാറായിവന്നു ഭക്ഷണം എടുത്ത് വെച്ചപ്പോള്‍ ബാങ്ക് കേള്‍ക്കുകയാണെങ്കില്‍ അവന് അതില്‍ നിന്ന് പെട്ടെന്നുതന്നെ ആവശ്യത്തിന് കഴിക്കാവുന്നതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِذَا سَمِعَ أَحَدُكُمُ النِّدَاءَ وَالإِنَاءُ عَلَى يَدِهِ فَلاَ يَضَعْهُ حَتَّى يَقْضِيَ حَاجَتَهُ مِنْهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ കയ്യില്‍ ഭക്ഷണപാത്രമിരിക്കെ ബാങ്ക് വിളിക്കുന്നത് കേട്ടു കഴിഞ്ഞാല്‍ തന്റെ ആവശ്യം കഴിയുന്നത് വരെ പാത്രം താഴെ വെക്കേണ്ടതില്ല.(അബൂ ദാവൂദ്:2350- സ്വഹീഹ് അല്‍ബാനി)

എന്നാല്‍ ബാങ്ക് കേട്ടാലും ഭക്ഷണം കഴിക്കാവുന്നതാണെന്ന് ഈ ഹദീസില്‍ തെളിവില്ലെന്ന് പ്രത്യേകം മനസ്സിലാക്കുക. അനുവദിക്കപ്പെട്ട സാഹചര്യം ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനാബത്തുകാരന്‍ അത്താഴം കഴിക്കുന്നതിന് മുമ്പ് കുളിക്കേണ്ടതുണ്ടോ?

ജനാബത്തുകാരനായ (വലിയ അശുദ്ധി) ഒരാള്‍ക്ക് രാത്രിയിലോ അല്ലെങ്കില്‍ അത്താഴം കഴിക്കുന്നതിന് മുമ്പോ കുളിക്കാന്‍ കഴിയുമെങ്കില്‍ കുളിക്കാവുന്നതാണ്. എന്നാല്‍ അത്താഴത്തിന് മുമ്പ് കുളിച്ചിരിക്കണമെന്ന് നി൪ബന്ധമില്ല. അയാള്‍ അത്താഴം കഴിച്ചശേഷം സുബ്ഹി നമസ്കാരത്തിന് മുമ്പായി കുളിച്ചാല്‍ മതി.

عَنْ عَائِشَةُ ـ رضى الله عنها ـ قَالَتْ : كَانَ النَّبِيُّ صلى الله عليه وسلم يُدْرِكُهُ الْفَجْرُ ‏{‏جُنُبًا‏}‏ فِي رَمَضَانَ، مِنْ غَيْرِ حُلُمٍ فَيَغْتَسِلُ وَيَصُومُ‏

ആയിശയില്‍(റ) നിന്ന് നിവേദനം: സ്വപ്നസ്ഖലനം എന്ന നിലക്കല്ലാതെ തന്റെ ഭാര്യമാരുമായി ലൈംഗികബന്ധം സ്ഥാപിച്ചുകൊണ്ടു തന്നെ ജനാബത്തുകാരനായി നബി ﷺ റമളാനില്‍ പ്രഭാതത്തില്‍ പിടികൂടാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് (നമസ്കരിച്ച്) നോമ്പനുഷ്ഠിക്കും. (ബുഖാരി:1930)

നോമ്പ് തുറക്കല്‍

عَنْ عُمَرَ بْنِ الْخَطَّابِ، ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا، وَأَدْبَرَ النَّهَارُ مِنْ هَا هُنَا، وَغَرَبَتِ الشَّمْسُ، فَقَدْ أَفْطَرَ الصَّائِمُ ‏‏

ഉമര്‍ ഇബ്നുല്‍ ഖത്താബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രാത്രി ഇവിടെ നിന്ന് മുന്നിട്ട് വരികയും, പകല്‍ ഇവിടെ നിന്ന് പിന്നോട്ട് പോവുകയും, സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍ നോമ്പുകാരന്‍ നോമ്പ് മുറിച്ച് കഴിഞ്ഞു. (ബുഖാരി:1954)

നബി ﷺ നോമ്പ് തുറക്കാന്‍ സമയമായാല്‍ ഉടന്‍ നോമ്പ് തുറക്കുമായിരുന്നു. ധൃതിയിൽ നോമ്പ് തുറക്കുന്നതിനെ അവിടുന്ന് പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :قَالَ اللَّهُ عَزَّ وَجَلَّ أَحَبُّ عِبَادِي إِلَىَّ أَعْجَلُهُمْ فِطْرًا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ അടിമകളിൽ എനിക്ക് ഏറ്റവും പ്രിയങ്കരമായവർ സമയമായ ഉടനെ തന്നെ നോമ്പ് തുറക്കുന്നവരാന്. (തിർമുദി: 700)

عَنْ سَهْلِ بْنِ سَعْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ‏

സഹ്ല്‍ ബ്നു സഅ്ദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി:1957)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لاَ يَزَالُ الدِّينُ ظَاهِرًا مَا عَجَّلَ النَّاسُ الْفِطْرَ لأَنَّ الْيَهُودَ وَالنَّصَارَى يُؤَخِّرُونَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങള്‍ നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം കാലം(ഇസ്ലാം) ദീന്‍ വിജയിച്ചു കൊണ്ടേയിരിക്കും. കാരണം യഹൂദന്‍മാരും നസ്വാറാക്കളും നോമ്പ് തുറ വൈകിപ്പിക്കുന്നവരാണ്. (അബൂദാവൂദ് :2353- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عن أبي الدرداء رضي الله عنه قال: قال رسول الله ﷺ:ثلاث من أخلاق النبوة: تعجيل الإفطار، وتأخير السحور، ووضع اليمين على الشمال في الصلاة

അബുദ്ദർദാഅ് (റ)വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ നുബുവ്വത്തിന്റെ (പ്രവാചകത്ത്വത്തിന്റെ) ഗുണങ്ങളിൽ പെട്ടതാണ്: നോമ്പ് തുറക്കാൻ ധൃതി കാണിക്കൽ, അത്താഴം വൈകിപ്പിക്കൽ, നമസ്കാരത്തിൽ ഇടത് കയ്യിൻമേൽ വലത് കൈ വെക്കൽ. (ത്വബ്റാനി)

ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കലാണ് സുന്നത്ത്. ഈത്തപ്പഴം ലഭിച്ചില്ലങ്കിൽ കാരക്ക കൊണ്ടോ വെള്ളം കൊണ്ടോ നോമ്പ് തുറക്കാവുന്നതാണ്.

عَنْأَنَسَ بْنَ مَالِكٍ، يَقُولُ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّيَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ (മഗ്’രിബ്) നമസ്കരിക്കുന്നതിന് മുമ്പായി ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. ഈത്തപ്പഴം ലഭിച്ചില്ലങ്കിൽ ഏതാനും കാരക്കകൾ കൊണ്ട്. കാരക്കയും ലഭിച്ചില്ലങ്കിൽ അവിടുന്ന് അൽപം വെള്ളം കുടിക്കുമായിരുന്നു.(അബൂദാവൂദ് : 2356 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സൂക്ഷ്മതക്ക് വേണ്ടി റമളാനില്‍ മഗ്രിബ് ബാങ്ക് ഏതാനും മിനിറ്റുകള്‍ പിന്തിപ്പിക്കുന്നത് ശരിയാണോ?

ചില പള്ളികളില്‍ റമളാനില്‍ മഗ്രിബ് ബാങ്കിന് സമയമായാലും സൂക്ഷ്മതക്ക് വേണ്ടി ബാങ്ക് ഏതാനും മിനിറ്റുകള്‍ പിന്തിപ്പിക്കുന്നത് കാണാറുണ്ട്. ഇത് ശരിയല്ല. കാരണം നബി ﷺ സമയമായാല്‍ നോമ്പ് മുറിക്കാനാണ് പഠിപ്പിച്ചിട്ടുള്ളത്.

عَنْ عُمَرَ بْنِ الْخَطَّابِ، ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا، وَأَدْبَرَ النَّهَارُ مِنْ هَا هُنَا، وَغَرَبَتِ الشَّمْسُ، فَقَدْ أَفْطَرَ الصَّائِمُ ‏‏

ഉമര്‍ ഇബ്നുല്‍ ഖത്താബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രാത്രി ഇവിടെ നിന്ന് മുന്നിട്ട് വരികയും, പകല്‍ ഇവിടെ നിന്ന് പിന്നോട്ട് പോവുകയും, സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍ നോമ്പുകാരന്‍ നോമ്പ് മുറിച്ച് കഴിഞ്ഞു. (ബുഖാരി:1954)

എന്നാല്‍ യാതൊരു സൂക്ഷ്മതയും കാണിക്കാതെ സമയമാകുന്നതിന് മുമ്പ് നോമ്പ് തുറക്കുന്നതും പാടില്ലാത്തതാണ്.

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഞാന്‍ ഉറങ്ങുന്നവനായിരിക്കെ എന്റെ അടുക്കല്‍ രണ്ടുപേ൪ വന്നു. അവ൪ രണ്ടുപേരും എന്റെ കൈകള്‍ പിടിക്കുകയും എന്നേയും കൊണ്ട് കുത്തനെയുള്ള ഒരു മലയില്‍ എത്തുകയും ചെയ്തു. അവ൪ രണ്ടുപേരും എന്നോട് പറഞ്ഞു: താങ്കള്‍ കയറൂ …… പിന്നെയും എന്നെയും കൊണ്ട് അവ൪ പോവുകയുണ്ടായി. കുതിനരമ്പുകള്‍ ബന്ധിക്കപ്പെടുകയും കടവായ്കള്‍ പിള൪ക്കപ്പെടുകയും ചെയ്ത ഒരു വിഭാഗം ആളുകളുടെ അടുക്കല്‍ ഞാന്‍ എത്തി. അവരുടെ കടവായകളില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു. ഞാന്‍ ചോദിച്ചു: ഇവ൪ ആരാണ് ? അവ൪ പറഞ്ഞു: തങ്ങളുടെ നോമ്പ് തുറക്കുവാനുള്ള സമയമാകുന്നതിന് മുമ്പ് നോമ്പ് മുറിച്ചിരുന്നവരാണ് ഇക്കൂട്ട൪. (സ്വഹീഹ് ഇബ്നുഖുസൈമ – സ്വഹീഹ് അല്‍ബാനി)

നോമ്പുകാരന്റെ രണ്ട് സന്തോഷങ്ങള്‍

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا إِذَا أَفْطَرَ فَرِحَ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ

നബി ﷺ പറഞ്ഞു:നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി:1904)

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله

ദഹബള്വമഉ, വബ്തല്ലത്തില്‍ ഉറൂക്കു, വ സബത്തല്‍ അജ്റു ഇന്‍ഷാ അല്ലാഹ്

(നോമ്പ് തുറന്നപ്പോൾ)ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി. (സുനനുഅബൂദാവൂദ് : 2357 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

മറ്റൊരാളെ നോമ്പ് തുറപ്പിക്കല്‍

വളരെയേറെ പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യക൪മ്മമാണ് മറ്റൊരാളെ നോമ്പ് തുറപ്പിക്കല്‍. എത്രത്തോളമെന്നുവെച്ചാല്‍ ആ നോമ്പുകാരന്റെ പ്രതിഫലം തന്നെ നോമ്പ് തുറപ്പിച്ചയാളിന് ലഭിക്കുന്നതാണ്.

عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لاَ يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا

സൈദ് ബ്നു ഖാലിദ് അല്‍ജുഅനിയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം, അയാളുടെ പ്രതിഫലത്തില്‍ നിന്നും യാതൊന്നും കുറയാതെതന്നെനേടാനാകും. (തി൪മിദി:807)

قال ابن الجوزي رحمه الله : مَنْ فَطّر صائِماً فَلهُ أجرُ صائِم، فاجتَهِد أنْ تَصُوم رمضان سِتِّينَ يَوماً

ഇമാം ഇബ്നുല്‍ ജൗസി رحمه الله പറഞ്ഞു: ആരെങ്കിലും ഒരു നോമ്പ്കാരനെ നോമ്പ് തുറപ്പിച്ചാല്‍, ആ നോമ്പ്കാരന്‍റെപോലത്തെ പ്രതിഫലം അവനുണ്ട്. അതിനാല്‍ റമദാനില്‍ അറുപത് ദിവസം നോമ്പെടുക്കുന്നതിനായ് നീ പരിശ്രമിക്കുക. (التبصرة ٢/ ٨٦)

നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെ വിധി എന്താണ്?

നോമ്പുകാരന്‍ മിസ്‌വാക് ചെയ്യുന്നത് പ്രവാചക ചര്യയില്‍ പെട്ടതാണ്. പകലിന്റെ ആദ്യമെന്നോ അവസാനമെന്നോ ഇതിന് വ്യത്യാസമില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ വെറുക്കപ്പെട്ടതാണെന്ന ചില മദ്ഹബീ പണ്ഡിതന്മാരുടെ അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുകയും അത് പിന്നീട് പാടില്ലാത്ത കാര്യമായി പരിഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് നബിﷺയില്‍ നിന്ന് പ്രത്യേകമായി വിലക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ പ്രത്യുത വാദങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് മനസ്സിലാക്കാം.

السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ

നബി ﷺ പറഞ്ഞു: പല്ല് തേക്കല്‍ വായക്ക് ശുദ്ധീകരണവും അല്ലാഹുവിന് തൃപ്തിയുള്ള കാര്യവുമാണ്. (നസാഇ:5)

ഈ ഹദീസ് ഇമാം ബുഖാരി رحمه الله തന്റെ സ്വഹീഹില്‍നല്‍കിയത് باب سِوَاكِ الرَّطْبِ وَالْيَابِسِ لِلصَّائِمِ – ഉണങ്ങിയതും നനഞ്ഞതുമായവ കൊണ്ട് നോമ്പുകാരന്‍ പല്ലു തേക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന അദ്ധ്യായത്തിലാണ്. നോമ്പുകാര്‍ നനഞ്ഞ വസ്തു കൊണ്ട് പല്ലു തേക്കുന്നത് വെറുക്കപ്പെട്ട കാര്യമാണെന്ന ചിലരുടെ അഭിപ്രായത്തിന് മറുപടിയായാണ്‌ ഇമാം ബുഖാരി ഈ റിപ്പോര്‍ട്ട പ്രസ്തുത അദ്ധ്യായത്തില്‍ കൊണ്ടു വന്നതെന്ന് ഇമാം ഇബ്‌നു ഹജര്‍ അസ്ഖലാനി(റഹി) പറഞ്ഞിട്ടുണ്ട്.

وَقَالَ ابْنُ سِيرِينَ لاَ بَأْسَ بِالسِّوَاكِ الرَّطْبِ. قِيلَ لَهُ طَعْمٌ. قَالَ وَالْمَاءُ لَهُ طَعْمٌ، وَأَنْتَ تُمَضْمِضُ بِهِ.

ഇമാം ഇബ്‌നു സീരീന്‍ رحمه الله പറഞ്ഞു: ഈര്‍പ്പമുള്ള പച്ച അറാക്കിന്റെ മിസ്‌വാക് കൊണ്ട് പല്ലുതേക്കാം. ആ കമ്പിന് രുചിയുണ്ടാവുമല്ലോ എന്ന് ആളുകള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: വെള്ളത്തിനും അതിന്റേതായ രുചിയുണ്ടല്ലോ, എന്നിട്ടും നിങ്ങള്‍ വായില്‍ വെള്ളം കൊപ്ലിക്കുന്നില്ലേ. (ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ باب اغْتِسَالِ الصَّائِمِ – നോമ്പുകാരന്റെ കുളിയെ കുറിച്ചുള്ള അധ്യായത്തില്‍ രേഖപ്പെടുത്തിയത്)

നോമ്പുകാരന്‍ മിസ്‌വാക് ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇതെല്ലാം വെച്ചുകൊണ്ടാണ് പേസ്റ്റ് ഉപയോഗിച്ച് നോമ്പുകാരന് എപ്പോള്‍ വേണമെങ്കിലും പല്ലുതേക്കാമെന്ന് ആധുനികരായ ഫുഖഹാക്കള്‍ ഫത്‌വ നല്‍കിയിട്ടുള്ളത്. എന്നാല്‍ അവ ഉള്ളിലേക്ക് ഇറങ്ങാതെ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്.

വായ്‌നാറ്റത്തിന്റെ അസുഖമുള്ളവര്‍ക്കും മറ്റും അത് മറ്റുള്ളവര്‍ക്ക് ശല്യമാവാതിരിക്കാന്‍ മൗത്ത് വാഷ് പോലുള്ളവ കൊണ്ട് വായ കഴുകുന്നതോ, സ്‌പ്രേകള്‍ ഉപയോഗിക്കുന്നതോ നോമ്പിനെ തകരാറിലാക്കില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫതാവാ ശൈഖ് സ്വാലിഹ് ഫൗസാന്‍: 3/121)

നോമ്പുകാരൻ ഉച്ചക്ക് ശേഷം പല്ല് തേക്കരുത് എന്ന് പറയുന്നത് ശരിയാണോ?

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുള്ളാഹ്) പറയുന്നു: നോമ്പുകാരനോ അല്ലാത്തവനോ ഉച്ചക്ക് ശേഷം പല്ല് തേക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല. പല്ലുതേക്കുക എന്നത് പ്രബലവും ശക്തവുമായ സുന്നത്താണ്. നോമ്പുകാരനെ അതിൽ നിന്ന് തടയാൻ തെളിവൊന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല. ഉച്ചക്ക് മുമ്പാണെങ്കിലും ശേഷമാണെങ്കിലും ശരി, പല്ലു തേക്കുക എന്നത് നോമ്പുകാരനും നിരുപാധികം സുന്നത്ത് തന്നെയാണ് എന്നതാണ് അടിസ്ഥാനം. (https://youtu.be/6cs6fUQmQXQ)

ഫിത്൪ സക്കാത്ത്

റമളാന്‍ അവസാനിക്കുന്നതോടെ മുസ്ലിംകള്‍ക്ക് നബി ﷺ നി൪ബന്ധമാക്കിയ ദാനമാണ് ഫിത്൪ സക്കാത്ത്. നോമ്പുകാരന്‍ റമദാനിലെ തന്റെ നോമ്പ് അവസാനിപ്പിക്കുമ്പോള്‍ തന്റെ നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും ശുദ്ധീകരണമായി നല്‍കുന്ന സ്വദഖയാണ് സകാതുല്‍ ഫിതര്‍. റമദാനിലെ നോമ്പ് അവസാനിക്കുന്നതോടെ നിര്‍ബന്ധമാകുന്നത് കൊണ്ടാണ് സകാതുല്‍ ഫിത്വര്‍ എന്ന പേര് ഇതിന് നല്‍കപ്പെട്ടത്. സകാതുല്‍ ഫിത്വര്‍ റമദാന്‍ നോമ്പ് അവസാനിപ്പിച്ച, സാമ്പത്തികമായി കഴിവുള്ള എല്ലാ മുസ്ലിമീങ്ങളുടെ മേലും നിര്‍ബന്ധമാണ്‌.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ، وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاَةِ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: മുസ്ലിംകളായ സ്വതന്ത്രനും അടിമക്കും പുരുഷനും, സ്ത്രീക്കും, ചെറിയവനും, വലിയവനും ഒരു സ്വാഹ് ഈത്തപ്പഴമോ, ബാർലിയോ ഫിത്വ്ർ സകാത്ത് നൽകൽ അല്ലാഹുവിന്റെ റസൂൽ (സ്വ) നിർബന്ധമാക്കിയിരിക്കുന്നു. ആളുകൾ (പെരുന്നാൾ) നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായി അത് നൽകുവാൻ അവിടുന്നു കൽപിച്ചു. (ബുഖാരി: 1503- മുസ്ലിം: 984)

ഫിത്വര്‍ സകാത് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായത്തിലാണ്
ഇബ്നു ഖുദാമ (റഹി) പറഞ്ഞു: മൊത്തത്തില്‍ എല്ലാ മുസ്ലിമീങ്ങളുടെ മേലും സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം യതീമിന്റെ മേലും സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാകും. അവന്റെ രക്ഷാധികാരിയാണ് അത് നല്‍കേണ്ടത്. (മുഗ്നി: 4/283)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ صلى الله عليه وسلم يَوْمَ الْفِطْرِ صَاعًا مِنْ طَعَامٍ‏.‏ وَقَالَ أَبُو سَعِيدٍ وَكَانَ طَعَامَنَا الشَّعِيرُ وَالزَّبِيبُ وَالأَقِطُ وَالتَّمْرُ

അബൂസഈദിൽ ഖുദ്’രിയ്യ്(റ) പറയുന്നു: നബിﷺയുടെ കാലത്ത് ഞങ്ങൾ പെരുന്നാൾ ദിനത്തിൽ ഒരു സ്വാഅ് ഭക്ഷണം (ഫിത്വ്ർ സകാത്തായി) നൽകാറുണ്ടായിരുന്നു. അബൂസഈദ്(റ) പറയുന്നു: ഞങ്ങളുടെ ഭക്ഷണം ബാർലിയും, ഉണക്ക മുന്തിരിയും, പാൽക്കട്ടിയും ഈത്തപ്പഴവുമായിരുന്നു.(ബുഖാരി: 15l0)

ഫിത്വ്‌ര്‍ സകാത്തായി നല്‍കേണ്ടത്‌ ഓരോ നാട്ടിലെയും പ്രധാനപ്പെട്ട ഭക്ഷ്യധാന്യങ്ങളാണ്‌. ഒരു സ്വാഅ്‌ എന്നത്‌ ഒരു അളവുപാത്രമാണ്‌. ഒരു സ്വാഅ് എന്നാല്‍ ഒരു സാധാരണ മനുഷ്യന്റെ രണ്ട് കൈകള്‍ കൊണ്ടുള്ള നാല് വാരല്‍ വരുന്ന ഒരളവാണ്. അരി പോലുള്ള ഭക്ഷണധാന്യം ഏകദേശം രണ്ടര കിലോക്ക് മുകളില്‍ കൊടുക്കണം.

കുടുംബനാഥന്‍ തന്റെ കീഴില്‍ ജീവിക്കുന്ന മുഴുവന്‍ വ്യക്തികള്‍ക്കു വേണ്ടിയും ഫിത്വ്‌ര്‍ സകാത്‌ നല്‍കല്‍ നിര്‍ബന്ധമാണ്‌. പെരുന്നാള്‍ മാസപ്പിറവിക്ക്‌ തൊട്ട് മുമ്പ്‌ ഒരു കുഞ്ഞ്‌ ജനിച്ചാല്‍ പോലും അതിനുവേണ്ടിയും ഫിത്൪ സകാത്ത്‌ നല്‍കണം.

റമളാന്‍ അവസാനത്തില്‍ പെരുന്നാളിന്റെ രാത്രിയില്‍ സൂര്യന്‍ അസ്തമിക്കുന്നതോടെയാണ് ഫിത്റ് സക്കാത്ത് നി൪ബന്ധമാകുന്നത്. ആളുകള്‍ പെരുന്നാൾ നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായിതന്നെ ഫിത്വ്൪ സക്കാത്ത് കൊടുക്കേണ്ടതാണ്. ഇബ്നു ഉമറിൽ(റ) നിന്നുള്ള മേല്‍ ഹദീസില്‍ അപ്രകാരമാണ് വന്നിട്ടുള്ളത്. മറ്റൊരു നിവേദനത്തില്‍ ഇബ്‌നു ഉമര്‍ (റ) ഇപ്രകാരം പറഞ്ഞതായി കാണാം:

وَكَانُوا يُعْطُونَ قَبْلَ الْفِطْرِ بِيَوْمٍ أَوْ يَوْمَيْنِ

അവര്‍ (സ്വഹാബികള്‍) പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് അത് നല്‍കാറുണ്ടായിരുന്നു.(ബുഖാരി: 1511- മുസ്‌ലിം: 984)

പെരുന്നാള്‍ നിസ്കാരത്തിന് ശേഷം സകാതുല്‍ ഫിത്വര്‍ നല്‍കുന്നത് അനുവദനീയമല്ല.

عَنِ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ –ﷺ- زَكَاةَ الْفِطْرِ، مَنْ أَدَّاهَا قَبْلَ الصَّلاَةِ فَهِىَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاَةِ فَهِىَ صَدَقَةٌ مِنَ الصَّدَقَاتِ.

ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ആരെങ്കിലും സകാതുല്‍ ഫിത്വര്‍ പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് നല്‍കിയാല്‍ അത് സ്വീകരിക്കപ്പെട്ട സദഖയാണ് ( ഫിത്വര്‍ സക്കാത്ത് ആണ്). ആരെങ്കിലും പെരുന്നാള്‍ നിസ്കാരത്തിന് ശേഷമാണ് അത് നല്‍കുന്നതെങ്കില്‍ അത് ദാനധര്‍മ്മങ്ങളില്‍ പെട്ട ഒരു ദാനം മാത്രമാകുന്നു. (അബൂദാവൂദ്: 1609 – സ്വഹീഹ് അല്‍ബാനി)

നോമ്പുകാരന്റെ പക്കല്‍ നിന്ന് അറിയാതെ വന്നുപോയ പിഴവുകള്‍ക്ക് പ്രായശ്ചിത്തമാണ് ഫിത്൪ സകാത്ത്‌. അതോടൊപ്പം പാവപ്പെട്ടവ൪ക്ക് പെരുന്നാള്‍ ദിനം ആഘോഷിക്കാന്‍ വേണ്ടി നിശ്ചയിക്കപ്പെട്ടതുമാണത്.

ഈ സകാത്തു നല്‍കല്‍ ധനികര്‍ക്ക് മാത്രമല്ല നിര്‍ബന്ധം. കുറഞ്ഞ സാമ്പത്തികമുള്ളവര്‍ പോലും ഇതു നല്‍കേണ്ടി വരും. അഥവാ പെരുന്നാള്‍ ദിവസത്തെ ചെലവ് കഴിച്ചു മിച്ചമുള്ള എല്ലാ മുസ്ലിമിനും ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുന്നു. അവന്‍ തന്റെയും താന്‍ ചെലവിനു നല്‍കാന്‍ ബാധ്യതപ്പെട്ടവരുടെയും സകാത്ത് നല്‍കണം. ഗര്‍ഭസ്ഥ ശിശുവിന് സകാത്തുല്‍ ഫിത്വര്‍ നല്‍കല്‍ നിര്‍ബന്ധമല്ല. റമദാനിലെ അവസാന ദിനം സൂര്യന്‍ അസ്ഥമിക്കുന്നതിന് മുന്‍പ് ജനിക്കുന്നവര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധം എന്നാണ് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.ഫിത്വർ സകാത്ത് പണമായി നൽകാവതല്ല. ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് പ്രവാചക ചര്യ.

നോമ്പുകാരോട് ഗൗരവപൂർവ്വം

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)

ഈമാനോടെയും ഇഹ്തിസാബോടെയും നോമ്പ് അനുഷ്ഠിക്കണമെന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കർമ്മങ്ങൾ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. വിശ്വാസം ശരിയല്ലെങ്കിൽ കർമ്മങ്ങളും ശരിയാകില്ല. അല്ലാഹുവിലുള്ള വിശ്വാസമാണ് മറ്റുള്ള വിശ്വാസ കാര്യങ്ങളുടെയെല്ലാം അടിസ്ഥാനം.

അല്ലാഹുവിൽ പങ്ക് ചേർത്തവന്റെ ഒരു കർമ്മവും അല്ലാഹു സ്വീകരിക്കുകയില്ല. ശിർക്ക് ചെയ്തവന്റെ കർമ്മങ്ങളെല്ലാം നിഷ്ഫലമാണ്. നോമ്പിന്റെ കാര്യവും അങ്ങനെതന്നെ. അതുകൊണ്ടുതന്നെ നോമ്പ് സ്വീകരിക്കപ്പെടണമെങ്കിൽ ശരിയായ വിശ്വാസം നമുക്ക് ഉണ്ടാകണം.

രണ്ടാമതായി സൂചിപ്പിച്ചിട്ടുള്ള ഇഹ്തിസാബ് അഥവാ പ്രതിഫലേച്ഛ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. ‘ആളുകളെല്ലാം നോമ്പെടുക്കുന്നു, പിന്നെ ഞാൻ മാത്രം എങ്ങനെ തിന്നുകയും കുടിക്കുകയും ചെയ്യും’ എന്ന ചിന്തയിലല്ല നോമ്പ് അനുഷ്ഠിക്കേണ്ടത്. അല്ലാഹു നിശ്ചയിച്ച ഈ മഹത്തായ നിയമത്തോടെ വെറുപ്പിന്റെ ഒരു അംശം പോലും സത്യവിശ്വാസിക്ക് പാടുള്ളതല്ല. ‘അല്ലാഹുവിലേക്ക് അടുക്കുവാൻ അവൻ ഇങ്ങനെയൊരു കർമ്മം നിശ്ചയിച്ചു തന്നല്ലോ’ എന്ന നന്ദിയോടെയുള്ള ചിന്തയാണ് സത്യവിശ്വാസികൾക്ക് വേണ്ടത്. അതോടൊപ്പം അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കുയും വേണം.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *