നിയ്യത്ത് : ചില പാഠങ്ങൾ

ഒന്നാമതായി,  നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഒരാൾ വലിയ അശുദ്ധിക്കാരനായി. പിന്നീട് അയാൾ കുളിക്കുന്നു. എന്നാൽ വലിയ അശുദ്ധി നീക്കം ചെയ്യുന്നതിനാണ് കുളിക്കുന്നതെന്ന നിയ്യത്ത് അയാൾക്കില്ലെങ്കിൽ അയാളുടെ കുളി ശരിയാകുകയില്ല. കുളി ശരിയാകാത്തതിനാൽ ശേഷമുള്ള നമസ്കാരവും സ്വീകാര്യമാകുകയില്ല. അതേപോലെ ഒരാൾ നമസ്കരിക്കുന്നതിനായി വുളൂ ചെയ്യുന്നതുപോലെ ശരീരത്തിലെ അവയവങ്ങളൊക്കെ കഴുകി. എന്നാൽ അയാൾ വുളൂ ചെയ്യുന്നതായി നിയ്യത്ത് ചെയ്തില്ലെങ്കിലോ അയാളുടെ വുളൂ ശരിയാകുകയില്ല. വുളൂ ശരിയാകാത്തതിനാൽ ശേഷമുള്ള നമസ്കാരവും സ്വീകാര്യമാകുകയില്ല. ഓരോ പ്രവൃത്തിയും അത് സ്വീകരിക്കപ്പെടുന്നതാണോ നിഷ്ഫലമായതാണോ എന്ന് തീരുമാനിക്കുന്നത് നിയ്യത്ത് പരിഗണിച്ചിട്ടാണ്. നിയ്യത്ത് ശരിയല്ലെങ്കിൽ പ്രവർത്തിക്കുന്ന കർമ്മം നിഷ്ഫലമാകും അഥവാ അത് അല്ലാഹുവിൽ സ്വീകാര്യമാകുകയില്ല.

രണ്ടാമതായി, ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് പ്രതിഫലം ലഭിക്കും. ഒരാൾ വുളൂ ചെയ്യുകയാണെന്ന് നിയ്യത്ത് ചെയ്തുകൊണ്ട് വുളൂ ചെയ്തു. നമസ്കരിക്കുകയാണെന്ന് നിയ്യത്ത് ചെയ്തുകൊണ്ട് നമസ്കരിച്ചു. എന്നാൽ അയാൾ ജനങ്ങളെ കാണിക്കുന്നതിന് വേണ്ടയാണ് നമസ്കരിച്ചതെങ്കിലോ അയാൾക്ക് പ്രതിഫലം ലഭിക്കുകയില്ല. അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും പ്രതിഫലവും ആഗ്രഹിച്ച് നമസ്കരിച്ചാൽ മാത്രമേ അയാൾക്ക് പ്രതിഫലം ലഭിക്കുകയുള്ളൂ.

മേൽ പറഞ്ഞ രണ്ട് കാര്യങ്ങൾക്കുള്ള തെളിവ് കാണുക:

عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ

വിശ്വാസികളുടെ നേതാവായ അബൂഹഫ്സ ഉമറുബ്നു ഖത്താബ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറയുന്നു: നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് ലഭിക്കും. വല്ലവനും അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കും പാലായനം ചെയ്യുന്നുവെങ്കിൽ അവൻറെ പാലായനം അല്ലാഹുവിലേക്കും അവൻറെ ദൂതനിലേക്കും ആയിരിക്കും. പ്രത്യുത, വല്ലവന്റേയും പാലായനം ഐഹിക നേട്ടങ്ങൾക്ക് വേണ്ടിയോ ഒരു സ്ത്രീയെ വിവാഹം ചെയ്യാൻ വേണ്ടിയോ ആണെങ്കിൽ അയാൾക്ക് അത് മാത്രമായിരിക്കും ലഭിക്കുക. (ബുഖാരി: 1 – മുസ്‌ലിം: 1907)

മൂന്നാമതായി, ഒരു നന്മ ചെയ്യാൻ നിയ്യത്താക്കുകയും  (തീരുമാനിക്കുകയും) അതിനു വേണ്ട കാരണങ്ങൾ ചെയ്യുകയും പിന്നീട് ന്യായമായ കാരണങ്ങൾ കൊണ്ട് അതിനു സാധിക്കാതെ വരികയും ചെയ്താൽ അവന് ആ നന്മ ചെയ്ത പ്രതിഫലം ഉണ്ടാകും.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم فِيمَا يَرْوِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ قَالَ ‏ : إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِمِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ

ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു നന്‍മകളെയും തിന്‍മകളെയും നിര്‍ണ്ണയിച്ചു. എന്നിട്ടത്‌ വിശദീകരിച്ചു. അപ്പോള്‍ ഒരാള്‍ നന്‍മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അവന്റെ ഉദ്ദേശത്തെ ഒരുപൂര്‍ണ്ണ പുണ്യകര്‍മ്മമായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കാനുദ്ദേശിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ പുണ്യകര്‍മ്മത്തെ അല്ലാഹു തന്റെയടുക്കല്‍ പത്ത് മുതല്‍ എഴുന്നൂറ്‌ ഇരട്ടിയായും അതിന്‌ മേല്‍പ്പോട്ട്‌ എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും …. (ബുഖാരി:6491)

وَمَن يُهَاجِرْ فِى سَبِيلِ ٱللَّهِ يَجِدْ فِى ٱلْأَرْضِ مُرَٰغَمًا كَثِيرًا وَسَعَةً ۚ وَمَن يَخْرُجْ مِنۢ بَيْتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ يُدْرِكْهُ ٱلْمَوْتُ فَقَدْ وَقَعَ أَجْرُهُۥ عَلَى ٱللَّهِ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്‌. വല്ലവനും തന്‍റെ വീട്ടില്‍ നിന്ന് – സ്വദേശം വെടിഞ്ഞ് കൊണ്ട് – അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:4/100)

عَنْ أَبُو كَبْشَةَ الأَنْمَارِيُّ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ‏ : إِنَّمَا الدُّنْيَا لأَرْبَعَةِ نَفَرٍ عَبْدٍ رَزَقَهُ اللَّهُ مَالاً وَعِلْمًا فَهُوَ يَتَّقِي فِيهِ رَبَّهُ وَيَصِلُ فِيهِ رَحِمَهُ وَيَعْلَمُ لِلَّهِ فِيهِ حَقًّا فَهَذَا بِأَفْضَلِ الْمَنَازِلِ وَعَبْدٍ رَزَقَهُ اللَّهُ عِلْمًا وَلَمْ يَرْزُقْهُ مَالاً فَهُوَ صَادِقُ النِّيَّةِ يَقُولُ لَوْ أَنَّ لِي مَالاً لَعَمِلْتُ بِعَمَلِ فُلاَنٍ فَهُوَ بِنِيَّتِهِ فَأَجْرُهُمَا سَوَاءٌ

അബൂകബ്ഷത്തൽ അൻമാരിയ്യ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദുൻയാവിലെ ആളുകൾ നാല് തരക്കാരാണ്. ഒരു അടിമ, അയാൾക്ക് അല്ലാഹു സമ്പത്തും വിജ്ഞാനവും നൽകി. അയാൾ തന്റെ റബ്ബിനെ സൂക്ഷിച്ച്, കുടുംബബന്ധം പാലിച്ച്, അല്ലാഹുവിനോടുള്ള ബാധ്യതകൾ മനസ്സിലാക്കി ജീവിക്കുന്നു. അയാൾ ഏറ്റവും ശ്രേഷ്ടമായ പദവിയിലാണ്. മറ്റൊരു അടിമ, അയാൾക്ക് അല്ലാഹു വിജ്ഞാനം നൽകി, സമ്പത്ത് നൽകിയില്ല. അങ്ങനെ അയാൾ നിയ്യത്തിൽ സത്യസന്ധത പാലിക്കുന്നു. അയാൾ പറയുന്നു: എനിക്ക് സമ്പത്ത് ലഭിച്ചിരുന്നുവെങ്കിൽ മറ്റെയാൾ (ചെലവഴിക്കുന്നതു) പോലെ ഞാനും ചെയ്യുമായിരുന്നു. അവന്റെ നിയ്യത്ത് കൊണ്ട് രണ്ടുപേർക്കും തുല്യ പ്രതിഫലമുണ്ട്. (തിർമിദി:2325)

അവൻ അവൻറെ ആ നിയത്തിലാണുള്ളത്. ആയതിനാൽ അവരുടെ രണ്ടുപേരുടെയും പ്രതിഫലം തുല്യമാണ്. ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:

الْمُرِيدُ إرَادَةً جَازِمَةً مَعَ فِعْلِ الْمَقْدُورِ: هُوَ بِمَنْزِلَةِ الْعَامِلِ الْكَامِلِ

ഒരാൾ ദൃഢമായികൊണ്ട് അത് പ്രവർത്തിക്കുന്നതാണെന്ന് ഉദ്ദേശിക്കുന്നവൻ, പൂർണ്ണമായി പ്രവർത്തിക്കുന്നവനെ പോലെയാണ്. (മജ്മൂഉൽ ഫതാവാ)

عَنْ جَابِرٍ، قَالَ كُنَّا مَعَ النَّبِيِّ صلى الله عليه وسلم فِي غَزَاةٍ فَقَالَ ‏ :‏ إِنَّ بِالْمَدِينَةِ لَرِجَالاً مَا سِرْتُمْ مَسِيرًا وَلاَ قَطَعْتُمْ وَادِيًا إِلاَّ كَانُوا مَعَكُمْ حَبَسَهُمُ الْمَرَضُ ‏

ജാബിർ ഇബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങൾ നബി ﷺ യുടെ കൂടെ ഒരു യുദ്ധത്തിലായിരിക്കവെ അവിടുന്ന് പറഞ്ഞു: ചില ആളുകൾ മദീനയിൽ അവശേഷിച്ചിരിപ്പുണ്ട്. നിങ്ങൾ യുദ്ധയാത്ര നടത്തുമ്പോഴും താഴ്‌വാരം താണ്ടിക്കടക്കുമ്പോഴും അവർ നിങ്ങളുടെ കൂടെ തന്നെയുണ്ട്. രോഗമാണ് അവർക്ക് പ്രതിബന്ധമായത്. (മുസ്‌ലിം: 1911)

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണ്:

إِلاَّ شَرِكُوكُمْ فِي الأَجْرِ

അവർ പ്രതിഫലത്തിൽ നിങ്ങളുടെ പങ്കാളികളാണ്. (മുസ്‌ലിം: 1911)

അവരുടെ ഭൗതിക ശരീരം മദീനയിലാണെങ്കിലും മനസ്സ് നിങ്ങളുടെ കൂടെയാണ്. ഈ മനഃസാന്നിധ്യം (നിയ്യത്ത്) അവരെ പ്രതിഫലത്തിന് അർഹരാക്കുന്നു. അവശനായ യോദ്ധാവ് പ്രതിഫലത്തിൽ പങ്കാളിയാണ്.

സത്യസന്ധമായ നിയ്യത്ത് കർമ്മം ചെയ്തതിന്റെ പ്രതിഫലം നേടിത്തരുമെന്ന് വ്യക്തം.

قال شيخ الإسلام ابن تيمية رحمه الله : مَن نوى الخير، وعَمِل منه مقدوره، وعجز عن إكماله؛ كان له أجر عامل

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ رحمه الله പറഞ്ഞു: ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അതിൽ അവന് സാധിക്കുന്നത് ചെയ്യുകയും എന്നാൽ അത് പൂർത്തീകരിക്കാൻ അവനു പറ്റാതെ വരികയും ചെയ്താൽ അവന് അത് പ്രവർത്തിച്ചവന്റെ പ്രതിഫലം ഉണ്ടാകും. (മജ്മൂഉൽ ഫതാവാ: 22/243)

അതുകൊണ്ടാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഢിതൻമാർ ഇപ്രകാരം പറഞ്ഞിട്ടുള്ളത്:

نِيَّةُ الْمُؤْمِنِ خَيْرٌ مِنْ عَمَلِهِ

സത്യവിശ്വാസിയുടെ നിയ്യത്ത് അവന്റെ അമലിനേക്കാൾ ഉത്തമമാണ്.

നാലാമതായി, ഒരേ പ്രവൃത്തി ചെയ്യുന്ന എല്ലാ സത്യവിശ്വാസികൾക്കും ഒരേ പ്രതിഫലമല്ല ലഭിക്കുന്നത്. നിയ്യത്തനുസരിച്ച് പ്രതിഫലത്തിലും ഏറ്റക്കുറച്ചിലുണ്ടാകാം. ഒരാൾ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നു. അയാൾ അല്ലാഹുവിന്റെ പ്രതിഫലമാണ് ഉദ്ദേശിച്ചിട്ടുള്ളത്. അതോടൊപ്പം ഗനീമത്ത് സ്വത്തുക്കളും ഉദ്ദേശിക്കുന്നു, അതാകട്ടെ മതം അനുവദിച്ചിട്ടുള്ളതും ആകുന്നു. ഇനി മറ്റൊരാൾ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നു. അയാൾ അല്ലാഹുവിന്റെ പ്രതിഫലം മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഗനീമത്ത് സ്വത്തുക്കൾ ഉദ്ദേശിക്കുന്നതേയില്ല. രണ്ടുപേരും പ്രതിഫലത്തിൽ ഒരേ പോലെയല്ല. ആദ്യത്തെയാളിനെ അപേക്ഷിച്ച് രണ്ടാമത്തെ ആളിന് പ്രതിഫലം കൂടുതൽ ലഭിക്കും. ഇത് നിയ്യത്ത് കാരണം സംഭവിച്ചതാണ്. അതുകൊണ്ടാണ് ഇമാം അഹ്മദ് ബിൻ ഹമ്പൽ رحمه الله ഇപ്രകാരം പറഞ്ഞിട്ടുള്ളത്:

أجره علي قدرهي يدهي

അവന്റെ പ്രതിഫലം അവന്റെ ഉദ്ദേശത്തിനനുസരിച്ചാണ്.

വലിയ കർമ്മങ്ങൾ നിയ്യത്ത് മോശമായതു കൊണ്ട് നിഷ്ഫലമാകാം അല്ലെങ്കിൽ ചെറുതാക്കി കളഞ്ഞേക്കാം. അതേപോലെ ചെറിയ കർമ്മങ്ങൾ നിയ്യത്ത് നന്നായതു കൊണ്ട് മഹത്തരമാകാം.

عَنِ ابْنِ الْمُبَارَكِ، قَالَ: رُبَّ عَمَلٍ صَغِيرٍ تُعَظِّمُهُ النِّيَّةُ، وَرُبَّ عَمَلٍ كَبِيرٍ تُصَغِّرُهُ النِّيَّةُ

ഇബ്നുൽ മുബാറക്‌ رحمه الله പറയുന്നു:  ഒരുപക്ഷേ ചെറിയ അമലുകളെ നിയ്യത്ത്‌ മഹത്തരമാക്കിയേക്കാം , വലിയ അമലുകളെ നിയ്യത്ത്‌ ചെറുതാക്കിക്കളഞ്ഞേക്കാം. (جامع العلوم والحكم)

അഞ്ചാമതായി, നിയ്യത്തുണ്ടെങ്കിൽ നമ്മുടെ പതിവ് പ്രവൃത്തികളെ ഇബാദത്താക്കി മാറ്റാനും അതുവഴി ധാരാളം പ്രതിഫലം കരസ്ഥമാക്കുവാനും സാധിക്കും. ഉദാഹരണത്തിന്, ഉറക്കം ഒരു പതിവ് പ്രവൃത്തിയാണ്. എന്നാൽ രാത്രി നമസ്കാരത്തിന് ഉൻമേഷം കിട്ടുന്നതിന് വേണ്ടിയാണ് ഒരാൾ ഉറങ്ങുന്നതെങ്കിലോ ഉറക്കം ഇബാദത്തായി മാറുന്നു.

قَالَ مُعَاذٌ رضي الله عنه : أَمَّا أَنَا فَأَنَامُ وَأَقُومُ، فَأَحْتَسِبُ نَوْمَتِي كَمَا أَحْتَسِبُ قَوْمَتِ

മുആദ് رضي الله عنه പറയുന്നു : ഞാൻ രാത്രി നമസ്കാരത്തിൽ കണക്കുകൂട്ടുന്ന പ്രതിഫലം എന്റെ ഉറക്കത്തിലും കണക്കുകൂട്ടുന്നുണ്ട്‌. (ബുഖാരി:4344)

قال القرطبي رحمه الله : أي يقصد بنومه الاستعانة على قيامه ، والتنشيط عليه

ഖുർതുബി رضي الله عنه പറയുന്നു : അതായത്‌ (മുആദ്‌) ഉറക്കമെന്നത്‌ കൊണ്ട്‌ ഉദ്ധേശിച്ചിരുന്നത്‌ : നിന്ന് നമസ്കരിക്കാനുള്ള ഒരു സഹായവും ഉന്മേഷവും കിട്ടുക എന്നതായിരുന്നു. (അൽ-മുഫ്ഹിം)

നിയ്യത്തുണ്ടെങ്കിൽ പതിവ് പ്രവൃത്തികളെ ഇബാദത്തുകളാകുന്നതുപോലെ, നിയ്യത്ത് നന്നായില്ലെങ്കിൽ ഇബാദത്തുകൾ പതിവ് പ്രവൃത്തികളെ പോലെയാകുകയും ചെയ്യും.

قال العلامة ابن عثيمين رحمه الله : عبادات أهل الغفلة عادات وعادات أهل اليقظة عبادات

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു : അശ്രദ്ധയിലുള്ള ആളുകളുടെ ഇബാദത്തുകൾ പോലും ആദത്താണ് (പതിവ് പ്രവൃത്തി). ഉണർന്നിരിക്കുന്ന ആളുകളുടെ പതിവ് പ്രവൃത്തികൾ പോലും ഇബാദത്താണ്. (അൽ അർബഊന നവവിയ്യയുടെ വിശദീകരണം)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *