നരകത്തിന്റെ മേൽനോട്ടത്തിന് 19 മലക്കുകളാണ് ഉള്ളതെന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആനിലെ ഈ പ്രസ്താവന ബോധ്യപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
عَلَيْهَا تِسْعَةَ عَشَرَ ﴿٣٠﴾ وَمَا جَعَلْنَآ أَصْحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَٰنًا ۙ وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ وَٱلْمُؤْمِنُونَ ۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ ﴿٣١﴾
അതിന്‍റെ (നരകത്തിന്റെ) മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്. നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍ :74/31)
നരകത്തിന്റെ മേല്‍നോട്ടക്കാരായ മലക്കുകളെ കുറിച്ചാണ് ‘19 പേരുണ്ട്’ എന്നു ഇവിടെ അല്ലാഹു പ്രസ്താവിച്ചത്. അവര്‍ പരുഷ സ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുമായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞതുപോലെ:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖു൪ആന്‍:66/6)
നരകത്തിന്റെ മേല്‍നോട്ടക്കാര്‍ മലക്കുകള്‍ മാത്രമാണ്, അഥവാ മനുഷ്യരോ മറ്റോ അല്ല. മലക്കുകളുടെ ശക്തിയും പരുഷതയുമാണ് അതിനു കാരണം.
ഇവരുടെ എണ്ണം 19 ആക്കി നിശ്ചയിച്ചതിന്റെ രഹസ്യം എന്താണെന്നു നമുക്ക് അറിഞ്ഞു കൂടാ, അല്ലാഹുവിനു മാത്രമേ അറിയു. എങ്കിലും അതിവിടെ പ്രസ്താവിച്ചതിലടങ്ങിയ ചില കാര്യങ്ങൾ അല്ലാഹു ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒന്നാമതായി, അവരുടെ എണ്ണം സത്യനിഷേധികള്‍ക്ക് ഒരു ഫിത്‌നയാണ് (പരീക്ഷണമാണ്).
ഇവിടെ ഫിത്‌ന കൊണ്ട് ഉദ്ദേശ്യം അവര്‍ക്ക് പരലോകത്തുള്ള ശിക്ഷയായിരിക്കും. അവിടെ വര്‍ധിച്ചുകിട്ടുന്ന പാഠമാകുന്ന ശിക്ഷാനടപടികളും. അല്ലാഹു പറയുന്നു:
يَوْمَ هُمْ عَلَى ٱلنَّارِ يُفْتَنُونَ
നരകാഗ്നിയില്‍ അവര്‍ പരീക്ഷണത്തിന് വിധേയരാകുന്ന ദിവസമത്രെ അത്. (ഖു൪ആന്‍:51/13)
അവരുടെ എണ്ണത്തെക്കുറിച്ച് നാം നിങ്ങള്‍ക്ക് അറിയിച്ചുതരുന്നത് നിങ്ങളില്‍ ആര്‍ അത് സത്യപ്പെടുത്തും, നിഷേധിക്കും എന്നറിയുന്നതിനു വേണ്ടിയാണ് എന്നതായിരിക്കും ഇവിടെ ഉദ്ദേശ്യം. അതാണ് തുടര്‍ന്നുള്ള വചനത്തില്‍ നിന്ന് മനസ്സിലാകുന്നത്. (തഫ്സീറുസ്സഅ്ദി)
രണ്ടാമതായി, അവരുടെ എണ്ണം വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുത്തുന്നതാണ്
തീര്‍ച്ചയായും വേദക്കാര്‍ക്ക് അവരുടെ വേദഗ്രന്ഥങ്ങളോട് യോജിച്ച ആശയങ്ങള്‍ കാണുമ്പോള്‍ സത്യത്തിലുള്ള അവരുടെ വിശ്വാസം വര്‍ധിക്കും. (തഫ്സീറുസ്സഅ്ദി)
വേദഗ്രന്ഥം നൽകപ്പെട്ടവര്‍ക്കു ഖുര്‍ആനിലുള്ള വിശ്വാസം ദൃഢകരമായി തീരുവാന്‍ അതു ഉപകരിക്കുന്നു. കാരണം, അവരുടെ പക്കലുള്ള ഗ്രന്ഥങ്ങള്‍ മുഖേന അതവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഖുര്‍ആനും അതോടു യോജിച്ചു കാണുമ്പോള്‍ അവര്‍ക്കതു കൂടുതല്‍ ബോധ്യവും സ്വീകാര്യവും ആയിരിക്കുമല്ലോ. (അമാനി തഫ്സീര്‍)
മൂന്നാമതായി, അവരുടെ എണ്ണം സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിപ്പിക്കുന്നു.
അല്ലാഹുവിന്റെ വചനങ്ങള്‍ ഇറങ്ങുമ്പോഴെല്ലാം സത്യവിശ്വാസികള്‍ അത് അംഗീകരിക്കുകയും അവരുടെ വിശ്വാസം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)
ഇതു പോലെ തന്നെ, സത്യവിശ്വാസികള്‍ക്കു അതു വിശ്വാസം വര്‍ദ്ധിക്കുവാനും ഇടയാകുന്നു. ഖുര്‍ആന്‍റെ പ്രസ്താവനകളെ വേദക്കാര്‍ ശരി വെച്ചു കാണുന്നതും, നരകശിക്ഷയുടെ കാഠിന്യത്തെയും സ്വഭാവത്തെയും കുറിച്ചു അറിയുന്നതും സത്യവിശ്വാസികളുടെ വിശ്വാസ വര്‍ദ്ധനവിന് കാരണമാകുന്നു. കൂടാതെ, അല്ലാഹുവിങ്കല്‍ നിന്നു അവതരിച്ചു കൊണ്ടിരിക്കുന്ന ഓരോ സന്ദേശവും അവരുടെ വിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നു.
وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًا
അവരുടെ മേല്‍ അവന്‍റെ ആയത്തുകള്‍ ഓതി കേള്‍പ്പിക്കപെട്ടാല്‍ അതവര്‍ക്കു വിശ്വാസത്തെ വർദ്ധിപ്പിക്കുന്നതാണ്. (അന്‍ഫാല്‍:2) (അമാനി തഫ്സീര്‍)
നാലാമതായി, അവരുടെ എണ്ണം വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാൻ സഹായകമാണ്.
വേദം നല്‍കപ്പെട്ടവരുടെയും സത്യവിശ്വാസികളുടെയും സംശയങ്ങളും ആശയക്കുഴപ്പങ്ങളും നീങ്ങാന്‍ വേണ്ടിയാണത്. ഈ മഹത്തായ ലക്ഷ്യങ്ങളാണ് ബുദ്ധിയുള്ളവര്‍ ഉദ്ദേശിക്കുന്നത്. എല്ലാ മതവിഷയങ്ങളിലും എല്ലാ സമയത്തിലും ഈമാന്‍ വര്‍ധിപ്പിക്കലും വിശ്വാസ ദൃഢതക്കു വേണ്ടി പരിശ്രമിക്കലുമാണ് ആ മഹത്തായ ലക്ഷ്യം. അതോടൊപ്പം സത്യത്തിനെതിരെ വരുന്ന ഊഹങ്ങളും സംശയങ്ങളും പ്രതിരോധിക്കുകയും ചെയ്യുക എന്നതും. അല്ലാഹു അവന്റെ ദൂതന്റെ മേല്‍ ഇറക്കിയത് ഈ മഹത്തായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഉതകുന്ന വിധത്തിലാണ്. (തഫ്സീറുസ്സഅ്ദി)
അഞ്ചാമതായി, അവരുടെ എണ്ണം കളവാക്കുന്നവരെയും സത്യവാന്മാരെയും തിരിച്ചറിയുന്നതിന് വേണ്ടിയുമാണ്.
കളവാക്കുന്നവരെയും സത്യവാന്മാരെയും തിരിച്ചറിയുന്ന വിധത്തിലും. അതാണ് തുടര്‍ന്ന് പറയുന്നത്. {ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ പറയാന്‍ വേണ്ടിയും} അതായത് സംശയവും അവ്യക്തതയും കാപട്യവും ഉള്ളവര്‍.(തഫ്സീറുസ്സഅ്ദി)
നേരെ മറിച്ച് ഹൃദയത്തില്‍ രോഗമുള്ളവരായ കപട വിശ്വാസികള്‍ക്കും സത്യനിഷേധികളായ അവിശ്വാസികള്‍ക്കുമാകട്ടെ, ഈ പ്രസ്താവന മൂലം ആശയക്കുഴപ്പവും കുതര്‍ക്കവുമായിരിക്കും വര്‍ദ്ധിക്കുക. പരീക്ഷണ ഫലത്തിന്‍റെ മറു വശമാണിത്. അങ്ങനെ, അവര്‍ പറഞ്ഞേക്കും : “ഇതെന്തൊരു ഉപമയാണ്? ഇതിന്‍റെ ഉദ്ദേശ്യമെന്തായിരിക്കും? എന്താണ് ഒരു പത്തൊമ്പതിന്റെ കണക്ക്? എന്തു കൊണ്ട് ഒരെണ്ണം കൂടി ചേര്‍ത്തു ഇരുപതു തികച്ചില്ല?”…. എന്നൊക്കെ. അവരുടെ സംശയവും ആശയക്കുഴപ്പവും അല്ലാഹുവിന്റെ വചനങ്ങളിലുള്ള നിഷേധവുമാണിതിലുള്ളത്. (അമാനി തഫ്സീര്‍)
ആറാമതായി, അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്ന സന്മാര്‍ഗത്തിലും അവന്‍ വഴികേടിലാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കേകുന്ന വഴികേടിലും പെട്ടതാണിതെല്ലാം. അഥവാ ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ മുഖേന അല്ലാഹു ഉദ്ദേശിച്ചവരെ അവന്‍ വഴി പിഴപ്പിക്കുകയും അവന്‍ ഉദ്ദേശിച്ചവരെ അവന്‍ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. സഹൃദയന്മാര്‍ക്കു നേര്‍മാര്‍ഗം പ്രാപിക്കാനും, ദുഷ്ടന്മാര്‍ക്ക് വഴി പിഴച്ചു തെറ്റി പോകുവാനും അതു കാരണമായിത്തീരുന്നു.
ഏഴാമതായി, അല്ലാഹു ഒരുവന് സന്മാര്‍ഗം നല്‍കിയാല്‍ മുഹമ്മദ് നബി ﷺ ക്ക് ഇറക്കിക്കൊടുത്തത് അവന് കാരുണ്യവും ദീനിലുള്ള വിശ്വാസത്തില്‍ വര്‍ധനവും ആക്കിക്കൊടുക്കും. അവന്‍ വഴികേടിലാക്കിയവന് മുഹമ്മദ് നബി ﷺ ക്ക് ഇറക്കിക്കൊടുത്തതിനെ ദൗര്‍ഭാഗ്യവും സംശയവും ഇരുട്ടുമാക്കിക്കൊടുക്കും.
എട്ടാമതായി, മലക്കുകളോ അല്ലാത്തവരോ ആയ അല്ലാഹുവിന്റെ സൈന്യങ്ങളെ എല്ലാം സൂക്ഷ്മമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹു അതറിയിച്ചു തരുന്നു. അപ്പോള്‍ നാം അത് സംശയമോ ആശയക്കുഴപ്പമോ കൂടാതെ സത്യപ്പെടുത്തണം.
ഒമ്പതാമതായി, അല്ലാഹു മുഹമ്മദ് നബി ﷺ യിലൂടെ അറിയിച്ച കാര്യം പൂര്‍ണമായി കീഴ്‌പ്പെട്ട് സ്വീകരിക്കല്‍ ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്.
പത്താമതായി, നരകത്തെ കുറിച്ചും അതിലെ കാവല്‍ക്കാരെ കുറിച്ചും മറ്റുമുള്ള ഇത്തരം പ്രസ്താവനകളൊന്നും തര്‍ക്കത്തിനോ വിമര്‍ശനത്തിനോ വിഷയമായിക്കൂടാത്തതാണ്. ജനങ്ങളെ ഓര്‍മ്മിപ്പിക്കുക മാത്രമാണു അവയുടെ ലക്ഷ്യം. ഇഷ്ടമുള്ളവര്‍ക്ക് അവയെപ്പറ്റി ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യാം. അവയുടെ അടിസ്ഥാനത്തില്‍ സ്വന്തം ചര്യയെ ചിട്ടപ്പെടുത്തുകയും ചെയ്യാം എന്നു മാത്രം.
അവലംബം : തഫ്സീറുസ്സഅ്ദി, അമാനി തഫ്സീര്‍
www.kanzululoom.com