നേര്‍ച്ച : ഇസ്ലാമിക വിധി

‘നേർച്ച’ എന്ന പദത്തിന് വാഗ്ദാനം, ഭയം, നിർബന്ധം എന്നൊക്കെയാണ് അർത്ഥം. ഐച്ഛികമായ ഒരു കർമ്മം നിർബന്ധമായും താൻ പ്രവർത്തിക്കുമെന്ന് ബുദ്ധിയും വിവേകവുമുള്ള ഒരു മുസ്ലിം അല്ലാഹുവിന് വേണ്ടി സ്വയം പ്രഖ്യാപിക്കുന്നതിനാണ് മതത്തിൽ نَذْر (നേര്‍ച്ച) എന്ന് പറയുന്നത്. ഉദാഹരണത്തിന്, ഒരാൾ ഒരു ആടിനെ അറുത്ത് ദാനം ചെയ്യൽ എന്റെ മേൽ നിർബന്ധമാക്കിയിരിക്കുന്നുവെന്ന് പറഞ്ഞാൽ അവനതിനെ നേർച്ചയാക്കി. ആടിനെ അറുത്ത് ദാനം ചെയ്യുക എന്നത് നിർബന്ധമല്ലാത്ത ഐച്ഛികമായ കര്‍മ്മമാണ്. അത് എനിക്ക് നിർബന്ധമാക്കിയിരിക്കുന്നുവെന്ന് പറഞ്ഞപ്പോഴാണ് നേർച്ചയായത്. ഇക്കാര്യം മനസ്സിൽ കരുതിയതുകൊണ്ട് നേർച്ചയാകില്ല. അത് ചെയ്യുമെന്ന് പറഞ്ഞ് ഉറപ്പിക്കുമ്പോഴേ  നേർച്ചയാകുകയുള്ളൂ. നേര്‍ച്ച ഇബാദത്തിന്റെ ഇനത്തില്‍ പെട്ടതുമാകുന്നു.

നേര്‍ച്ച ഇബാദത്താണെന്നതിനുള്ള തെളിവുകൾ

‏ يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُۥ مُسْتَطِيرًا

നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. (ഖുർആൻ:76/7)

وَمَآ أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍ فَإِنَّ ٱللَّهَ يَعْلَمُهُۥ ۗ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ ‎

നിങ്ങളെന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്‍ച്ച നേര്‍ന്നാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നതാണ്‌. അക്രമകാരികള്‍ക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല. (ഖുർആൻ:2/270)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ مَنْ نَذَرَ أَنْ يُطِيعَ اللَّهَ فَلْيُطِعْهُ، وَمَنْ نَذَرَ أَنْ يَعْصِيَهُ فَلاَ يَعْصِهِ

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിൽ ഒരാൾ നേർച്ച ചെയ്താൽ അവനെ അയാൾ അനുസരിച്ചുകൊള്ളട്ടെ. അവനോട് അനുസരണക്കേട് കാണിക്കാൻ ഒരാൾ നേർച്ച ചെയ്താൽ അയാൾ അത് നിറവേറ്റാതിരിക്കട്ടെ. (ബുഖാരി: 6696)

നേര്‍ച്ച നിറവേറ്റുന്നവരെ അല്ലാഹു പുകഴ്ത്തിയതിൽ നിന്നും നേർച്ച ഇബാദത്താണെന്ന് വ്യക്തം. നേർച്ച നേരുന്നവരുടെ മനസ്സിൽ ആർക്ക് വേണ്ടിയാണോ നേർച്ച നേർന്നത് അവരോട് ആദരവും സ്നേഹവും ഉണ്ട്. അതും നേർച്ച ഇബാദത്താണെന്നതിന് തെളിവാണ്.

നേർച്ച ഇബാദത്തിന്റെ ഇനത്തില്‍ പെട്ടതായതുകൊണ്ടാണ് അത് അല്ലാഹുവിന് മാത്രമേ പാടുള്ളൂ. അല്ലാഹുവല്ലാത്ത മറ്റ് വല്ലവരുടെയും പ്രീതിക്കായി നേർച്ച നേരുകയാണെങ്കിൽ അത് അവർക്കുള്ള ഇബാദത്തും അല്ലാഹുവിൽ പങ്കു ചേർക്കലും ആവും. മേൽ കൊടുത്തിട്ടുള്ള രണ്ട് ആയത്തുകളും ഒരു ഹദീസും ശൈഖ് മുഹമ്മദ് ബ്നു അബ്ദുൽ വഹാബ് رحمـه الله തന്റെ കിത്താബുത്തൗഹീദിൽ باب من الشرك النذر لغير الله (അല്ലാഹു അല്ലാത്തവർക്കുള്ള നേർച്ച ശിർക്കിൽപെട്ടതാണ് എന്ന അദ്ധ്യായം) എന്ന അദ്ധ്യായത്തിലാണ് കൊണ്ടുവന്നിട്ടുള്ളത്.

ആർക്കാണ് നേർച്ച കൊടുക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ നേർച്ച രണ്ട് തരമാണ്.

(ഒന്ന്) അല്ലാഹുവിനുള്ള നേർച്ച

(രണ്ട്) അല്ലാഹു അല്ലാത്തവർക്കുള്ള നേർച്ച

നേർച്ച പറയുന്ന വ്യക്തിയുടെ വാക്കിന്റെ അടിസ്ഥാനത്തിൽ  നേർച്ച രണ്ട് തരമാണ്.

(ഒന്ന്) നിരുപാധികമായി പറയുന്നത് (نذر تبرر) : ഇന്ന കാര്യം ഞാൻ ചെയ്യും. അയാളതിന്  ‘ഇന്ന കാര്യം ശരിയായാൽ’ എന്നതുപോലെ പ്രത്യകിച്ച് വ്യവസ്ഥ വെക്കുന്നില്ല.

(രണ്ട്)  എന്തെങ്കിലുമായി ബന്ധിപ്പിച്ച് പറയൽ (نذر مقيد) : ഈ രോഗം മാറിയാൽ ഇന്നത് ചെയ്യും എന്നതുപോലെ വ്യവസ്ഥ വെക്കൽ

നേർച്ചയുടെ വിധി

അല്ലാഹുവിനുള്ള നേർച്ച, അത് പൂർത്തിയാക്കണം. അത് തൗഹീദിന്റെ ഭാഗമാണ്. അല്ലാഹു അല്ലാത്തവർക്കുള്ള നേർച്ചയാകട്ടെ  അത് ചെയ്യേണ്ടതില്ല. അത് നിഷിദ്ധമാണ്. കാരണം അത് ശിർക്കാണ്.

നേർച്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ വിധി അഥവാ നേർച്ചയാക്കാൻ പറ്റുമോ എന്നതിനെ കുറിച്ച്

ഈ രോഗം മാറിയാൽ ഇന്നത് ചെയ്യും എന്നപോലെ വ്യവസ്ഥ വെച്ചുള്ള നേർച്ച കറാഹത്താണെന്നും പ്രത്യകിച്ച് വ്യവസ്ഥ വെക്കാതെയുള്ള നേർച്ച അനുവദനീയമാണെന്നും പറഞ്ഞ പണ്ഢിതൻമാരുണ്ട്. ശാഫിഈ മദ്ഹബിന്റെ വീക്ഷണം അതാണ്.

ഈ രണ്ട് തരത്തിലുള്ള നേർച്ചയും കറാഹത്താണെന്ന് പറഞ്ഞ പണ്ഢിതൻമാരുമുണ്ട്. എല്ലാ നേർച്ചയും ഹറാമാണെന്ന് പറഞ്ഞ പണ്ഢിതൻമാരുമുണ്ട്. അവരുടെ അപ്രകാരമുള്ള വിധിക്കുള്ള തെളിവ് കാണുക:

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم يَوْمًا يَنْهَانَا عَنِ النَّذْرِ وَيَقُولُ ‏ : إِنَّهُ لاَ يَرُدُّ شَيْئًا وَإِنَّمَا يُسْتَخْرَجُ بِهِ مِنَ الشَّحِيحِ

അബ്ദില്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഒരു ദിവസം  ഞങ്ങളോട് നേർച്ചയെതൊട്ട് വിലക്കി. അവിടുന്ന് പറഞ്ഞു:  അത് (നേർച്ച) യാതൊന്നും തടയില്ല. അതുവഴി പിശുക്കന്‍റെ ധനം പുറത്തെടുക്കാമെന്ന് മാത്രം. (മുസ്‌ലിം:1639)

ا يَرُدُّ الْقَضَاءَ إِلَّا الدُّعَاءُ (പ്രാർത്ഥന കൊണ്ടല്ലാതെ വിധി  മാറ്റപ്പെടില്ല) എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. എന്നാൽ നേർച്ചയുടെ കാര്യത്തിൽ യാതൊന്നും തടയില്ലെന്നാണ് അവിടുന്ന് പറഞ്ഞിട്ടുള്ളത്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لاَ تَنْذُرُوا فَإِنَّ النَّذْرَ لاَ يُغْنِي مِنَ الْقَدَرِ شَيْئًا وَإِنَّمَا يُسْتَخْرَجُ بِهِ مِنَ الْبَخِيلِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ നേർച്ച നേരരുത്, തീർച്ചയായും നേർച്ച ഖദ്റിൽ നിന്നും യാതൊന്നും അധീനപ്പെടുത്തുന്നില്ല,  അതുവഴി പിശുക്കന്‍റെ ധനം പുറത്തെടുക്കാമെന്ന് മാത്രം. (മുസ്‌ലിം:1640)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ نَهَى عَنِ النَّذْرِ وَقَالَ ‏ : إِنَّهُ لاَ يَأْتِي بِخَيْرٍ وَإِنَّمَا يُسْتَخْرَجُ بِهِ مِنَ الْبَخِيلِ ‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ നേർച്ചയെ വിരോധിച്ചിരിക്കുന്നു. അവിടുന്ന് പറഞ്ഞു: നേര്‍ച്ച യൊതാരു നൻമയും നേടിത്തരുന്നില്ല. അത് യാതൊന്നും നിശ്ചിത സമയത്തില്‍ നിന്ന് പുറകോട്ട് തള്ളി മാറ്റുന്നുമില്ല. അതുവഴി പിശുക്കന്‍റെ ധനം പുറത്തെടുക്കാമെന്ന് മാത്രം. (മുസ്‌ലിം:1639)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏ : النَّذْرُ لاَ يُقَدِّمُ شَيْئًا وَلاَ يُؤَخِّرُهُ وَإِنَّمَا يُسْتَخْرَجُ بِهِ مِنَ الْبَخِيلِ ‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നേര്‍ച്ച ഒന്നും നേരത്തെ നേടിത്തരുന്നില്ല. അത് യാതൊന്നും നിശ്ചിത സമയത്തില്‍ നിന്ന് പുറകോട്ട് തള്ളി മാറ്റുന്നുമില്ല. അതുവഴി പിശുക്കന്‍റെ ധനം പുറത്തെടുക്കാമെന്ന് മാത്രം. (മുസ്‌ലിം:1639)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لاَ يَأْتِي ابْنَ آدَمَ النَّذْرُ بِشَىْءٍ لَمْ يَكُنْ قَدْ قَدَّرْتُهُ، وَلَكِنْ يُلْقِيهِ الْقَدَرُ وَقَدْ قَدَّرْتُهُ لَهُ، أَسْتَخْرِجُ بِهِ مِنَ الْبَخِيلِ ‏

അബൂഹുറൈറ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: (അല്ലാഹു പറയുന്നതായി)  നബി ﷺ പറഞ്ഞു: നേർച്ച ആദാമിന്റെ പുത്രന് അവന്റെ വിധിയിൽ ഞാൻ ഇതിനകം എഴുതിയിട്ടില്ലാത്ത ഒന്നും കൊണ്ടുവരുന്നില്ല. എന്നാൽ ഞാൻ നിശ്ചയിച്ച വിധിയിലേക്കാണ് ആ നേർച്ച പൂർത്തിയാക്കുന്നതിലേക്ക് അവനെ നയിക്കുന്നത്. അത് മുഖേന പിശുക്കന്റെ ധനം നാം പുറത്തേക്ക് കൊണ്ടുവരുന്നു. (ബുഖാരി: 6609)

നേർച്ച ശറഇന്റെ അടിസ്ഥാന താല്പര്യങ്ങൾക്ക് എതിരാണെന്നും ഈ പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്. ഒരാൾ നേർച്ചയിലൂടെ അല്ലാഹു നിർബന്ധമാക്കാത്തതിനെ നിർബന്ധമാക്കുകയാണ് ചെയ്യുന്നത്. ശറഇൽ നിർബന്ധവും സുന്നത്തുമെല്ലാം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു നിർബന്ധമാക്കാത്തത് ഒരാൾ നിർബന്ധമായി അനുഷ്ഠിക്കുമെന്ന് നേർച്ചയാക്കുമ്പോൾ ചിലപ്പോൾ അവനത് പ്രയാസമായേക്കാം. പ്രത്യേകിച്ച് വ്യവസ്ഥ വെക്കാതെയുള്ള നേർച്ചക്ക് പണ്ഢിതൻമാർ ഇപ്രകാരം വിധി പറഞ്ഞിട്ടുള്ളത്. വ്യവസ്ഥ വെച്ചുള്ള നേർച്ചയെ കുറിച്ച് അവർ പറഞ്ഞിട്ടുള്ളത് അത് മോശമായ മര്യാദയാണ്, അവന്റെ നിയ്യത്തിൽതന്നെ അപാകതയുണ്ട്, അല്ലാഹുവിനെ കുറിച്ച് മോശമായ വിശ്വാസം കടന്നുകൂടാൻ സാധ്യതയുണ്ട് എന്നൊക്കെയാണ്. മൊത്തത്തിൽ പരിശോധിക്കുമ്പോൾ നേർച്ചയാക്കാത്തതാണ് നല്ലത്.

നേർച്ചയാക്കി കഴിഞ്ഞവരുടെ വിധി

قَالَ الْخَطَّابِيُّ هَذَا غَرِيبٌ مِنْ الْعِلْمِ وَهُوَ أَنْ يُنْهَى عَنْ الشَّيْءِ أَنْ يُفْعَلَ حَتَّى إذَا فُعِلَ وَقَعَ وَاجِبًا.

ഇമാം ഖത്വാബി رحمـه الله പറയുന്നു: ഇത് അപൂർവ്വമായ വിജ്ഞാനങ്ങളിൽ പെട്ട ഒന്നാണ്, ഒരു കാര്യം ചെയ്യാൻ അത് വിരോധിക്കുന്നു, പക്ഷേ അത് ചെയ്തുകഴിഞ്ഞാൽ അത് നിറവേറ്റൽ നിർബന്ധമായി.

നിരുപാധികമായ നേർച്ചയാണെങ്കിൽ (النذر المطلق), അല്ലാഹുവിന് നേർച്ചയാക്കുന്നുവെന്ന് മാത്രം പറഞ്ഞാൽ ഉദാഹരണത്തിന്, എന്റെ അസുഖം മാറിയാൽ എനിക്ക് അല്ലാഹുവിനോട് ഒരു നേർച്ചയുണ്ടെന്ന് പറഞ്ഞാൽ അത് വീട്ടാൻ കഴിയില്ല. കാരണം നേർച്ച എന്താണെന്ന് പറഞ്ഞിട്ടില്ല. എന്നാൽ അവൻ നേർച്ചയാക്കുകയും ചെയ്തു. അതിനാൽ നേർച്ചയുടെ പ്രായശ്ചിത്തം ചെയ്യണം.

عَنْ عُقْبَةَ بْنِ عَامِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ :‏ كَفَّارَةُ النَّذْرِ كَفَّارَةُ الْيَمِينِ

ഉഖ്ബ: ഇബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു നേർച്ചയുടെ (ലംഘനം) പ്രായശ്ചിത്തം (പ്രതിജ്ഞാ ലംഘനം) പോലെയാണ്. (മുസ്ലിം:1645)

لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ فَكَفَّٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّٰرَةُ أَيْمَٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَشْكُرُونَ

ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോള്‍ അതിന്‍റെ (അത് ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്‌. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖുർആൻ:5/89)

എന്തെങ്കിലും പുണ്യം ചെയ്യുമെന്ന് നേർച്ചയാക്കിയാൽ (النذر طاعة), കാരണം ബന്ധിപ്പിച്ചാലും ഇല്ലെങ്കിലും, പ്രസ്തുത നേർച്ച നിറവേറ്റൽ നിർബന്ധമായി. അതിനാൽ  നേർച്ച പൂർത്തിയാക്കണം.  അല്ലെങ്കിൽ അയാൾ കുറ്റക്കാരനാകും.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ عُمَرَ، سَأَلَ النَّبِيَّ صلى الله عليه وسلم قَالَ : كُنْتُ نَذَرْتُ فِي الْجَاهِلِيَّةِ أَنْ أَعْتَكِفَ لَيْلَةً فِي الْمَسْجِدِ الْحَرَامِ، قَالَ ‏ “‏ فَأَوْفِ بِنَذْرِكَ ‏”‏‏.‏

ഉമർ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ധേഹം നബി ﷺ  യോട് ചോദിച്ചു: ഞാൻ മസ്ജിദുൽ ഹറമിൽ ഒരു രാത്രി ഇഹ്തികാഫ് ഇരിക്കാമെന്ന് ജാഹിലിയ്യാ കാലത്ത് നേർച്ച നേർന്നിട്ടുണ്ട്. നബി ﷺ  പറഞ്ഞു: താങ്കളുടെ നേർച്ച പൂർത്തിയാക്കുക. (ബുഖാരി: 2032)

أَنَّ سَعْدَ بْنَ عُبَادَةَ الأَنْصَارِيَّ اسْتَفْتَى النَّبِيَّ صلى الله عليه وسلم فِي نَذْرٍ كَانَ عَلَى أُمِّهِ، فَتُوُفِّيَتْ قَبْلَ أَنْ تَقْضِيَهُ‏.‏ فَأَفْتَاهُ أَنْ يَقْضِيَهُ عَنْهَا، فَكَانَتْ سُنَّةً بَعْدُ‏.‏

സഅദ്ബ്നു ഉബാദ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ദേഹത്തിന്റെ മാതാവ് നേർച്ചനേർന്ന് അത് വീട്ടുന്നതിനുമുമ്പായി മരണപ്പെട്ടപ്പോൾ അതിന്റെ മതവിധി എന്താണെന്ന് നബി ﷺ  യോട് അദ്ദേഹം ചോദിച്ചു. അപ്പോൾ അത് അദ്ദേഹം നിറവേറ്റാൻ നബി ﷺ  വിധി നൽകി. (ബുഖാരി: 6698)

ഇനി അശക്തത കൊണ്ട് അത് നിറവേറ്റാൻ കഴിയാതെപോയാൽ മേൽ പറഞ്ഞ കഫാറത്ത് മതി.

قال اِبْنِ عَبَّاسٍ من نذر نذرا لا يطيقه فليكفر كفارة اليمين

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْه പറഞ്ഞു: ഒരാൾ ഒരു നേർച്ച നേർന്നിട്ട് അത് നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ അതിന് സത്യലംഘനത്തിന്റെ പ്രായശ്ചിത്തമാണുള്ളത്.

എന്തെങ്കിലും തിൻമക്ക് നേർച്ചയാക്കിയാൽ (نذر المعصية), ഉദാഹരണത്തിന് ഏതെങ്കിലും ജാറം മൂടാൻ നേർച്ചയാക്കിയാൽ, അല്ലെങ്കിൽ അവിടെ വിളക്ക് കത്തിക്കാൻ നേർച്ചയാക്കിയാൽ, അവിടത്തേക്ക് എണ്ണയും, തിരിയും, പട്ടുമെല്ലാം നേർച്ചയാക്കിയാൽ  അത് ചെയ്യരുത്.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ مَنْ نَذَرَ أَنْ يُطِيعَ اللَّهَ فَلْيُطِعْهُ، وَمَنْ نَذَرَ أَنْ يَعْصِيَهُ فَلاَ يَعْصِهِ

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിൽ ഒരാൾ നേർച്ച ചെയ്താൽ അവനെ അയാൾ അനുസരിച്ചുകൊള്ളട്ടെ. അവനോട് അനുസരണക്കേട് കാണിക്കാൻ ഒരാൾ നേർച്ച ചെയ്താൽ അയാൾ അത് നിറവേറ്റാതിരിക്കട്ടെ. (ബുഖാരി: 6696)

തിൻമക്ക് നേർച്ചയാക്കിയതിന്റെ കഫാറത്ത് ചെയ്യുക.

عَنْ  عِمْرَانَ بْنَ حُصَيْنٍ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ النَّذْرُ نَذْرَانِ فَمَا كَانَ مِنْ نَذْرٍ فِي طَاعَةِ اللَّهِ فَذَلِكَ لِلَّهِ وَفِيهِ الْوَفَاءُ وَمَا كَانَ مِنْ نَذْرٍ فِي مَعْصِيَةِ اللَّهِ فَذَلِكَ لِلشَّيْطَانِ وَلاَ وَفَاءَ فِيهِ وَيُكَفِّرُهُ مَا يُكَفِّرُ الْيَمِينَ

നബി ﷺ പറഞ്ഞു: നേർച്ച രണ്ട് (തരം) നേർച്ചകളാണ്:  അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിൽ ആരെങ്കിലും നേർച്ചയാക്കിയാൽ, അത് അല്ലാഹുവിനുള്ളതാണ്. അതവൻ നിറവേറ്റതുണ്ട്. അല്ലാഹുവിനെ ധിക്കരിക്കുന്ന കാര്യത്തിൽ ആരെങ്കിലും നേർച്ചയാക്കിയാൽ, അത് ശൈത്വാനുള്ളതാണ്. അതവൻ നിറവേറ്റതില്ല.  അതിനുള്ള പ്രായശ്ചിത്തം സത്യലംഘനത്തിനുള്ള പ്രായശ്ചിത്തമാണ്. (നസാഇ:3845)

ഈ കഫാറത്തിന്റെ കാര്യത്തിൽ, അത് വേണോ വേണ്ടോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.ഈ ഹദീസിന്റെ സ്വീകര്യതയുടെ അടിസ്ഥാനത്തിലാണ് ഇപ്രകാരം അഭിപ്രായ വ്യത്യാസമുണ്ടായിട്ടുള്ളത്. الله اعلم

ഒരാൾ തന്റെ ഉടമസ്ഥതിയിലില്ലാത്തത് നേർച്ചയാക്കിയാൽ അത് നിറവേറ്റേണ്ടതില്ല.

قَالَ ثَابِتُ بْنُ الضَّحَّاكِ ‏:‏ نَذَرَ رَجُلٌ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم أَنْ يَنْحَرَ إِبِلاً بِبُوَانَةَ، فَأَتَى النَّبِيَّ صلى الله عليه وسلم فَقَالَ ‏:‏ إِنِّي نَذَرْتُ أَنْ أَنْحَرَ إِبِلاً بِبُوَانَةَ ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏:‏ ‏”‏ هَلْ كَانَ فِيهَا وَثَنٌ مِنْ أَوْثَانِ الْجَاهِلِيَّةِ يُعْبَدُ ‏”‏ ‏.‏ قَالُوا ‏:‏ لاَ ‏.‏ قَالَ ‏:‏ ‏”‏ هَلْ كَانَ فِيهَا عِيدٌ مِنْ أَعْيَادِهِمْ ‏”‏ ‏.‏ قَالُوا ‏:‏ لاَ ‏.‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ ‏”‏ أَوْفِ بِنَذْرِكَ، فَإِنَّهُ لاَ وَفَاءَ لِنَذْرٍ فِي مَعْصِيَةِ اللَّهِ وَلاَ فِيمَا لاَ يَمْلِكُ ابْنُ آدَمَ ‏”‏ ‏.‏

ഥാബിത് ബ്നു ളഹാക് رَضِيَ اللَّهُ عَنْه പറഞ്ഞു:നബി ﷺ യുടെ കാലത്ത് ഒരാള്‍ ബുവാന എന്ന സ്ഥലത്ത് വെച്ച് ബലിയറുക്കാന്‍ നേര്‍ച്ച നേരുകയുണ്ടായി. അയാള്‍ നബി  ﷺ യുടെ അടുക്കൽ  ബുവാനയില്‍ വെച്ച് ഒരു ഒട്ടകത്തെ അറുക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ട്. അപ്പോള്‍
നബി ﷺ (സ്വഹാബികളോട്) ചോദിച്ചു: ബുവാന എന്ന പ്രദേശത്ത് ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വല്ല ബിംബവും ഉണ്ടായിരുന്നൊ? സ്വഹാബികള്‍ പറഞ്ഞു: ഇല്ല. നബി ﷺ വീണ്ടും ചോദിച്ചു: മുമ്പ് ‘ബിംബാരാധകരുടെ വല്ല ആഘോഷവും അവിടെ വെച്ച് നടന്നിരുന്നൊ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ നബി ﷺ ആ വ്യക്തിയോട് പറഞ്ഞു: നീ നിന്‍റെ നേര്‍ച്ച നിറവേറ്റി കൊള്ളുക. അല്ലാഹുവിനെ ധിക്കരിക്കുന്നതോ, മനുഷ്യന്‍റെ അധീനതയില്‍പ്പെടാത്തതൊ ആയ നേര്‍ച്ചകളാണ് പാലിക്കേണ്ടതില്ലാത്തത്. (അബൂദാവൂദ്: 3313)

എന്തെങ്കിലും കറാഹത്തായ കാര്യത്തിന് നേർച്ചയാക്കിയാൽ (النذر مكروه), അത് നിറവേറ്റേണ്ടതില്ല. കഫാറത്ത് ചെയ്താൽ മതിയാകും.

ഇബാദത്തൊന്നുമല്ലാത്ത അനുവദനീയമായ കാര്യത്തിന് നേർച്ചയാക്കിയാൽ (نذر المباح), ഉദാഹരണത്തിന് ഒരാൾ പറഞ്ഞു ഞാൻ ഇന്ന സ്ഥലംവരെ നടക്കും എന്ന് നേർച്ചയാക്കിയാൽ അത് നിറവേറ്റതില്ല. ഇവിടെ കഫാറത്ത് കൊടുക്കൽ നിർബന്ധമില്ലെന്നും കൊടുത്താൽ നല്ലതെന്നുമൊക്കെ പണ്ഢിതൻമാർ പറഞ്ഞതായി കാണാം.

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ ‏‏ لاَ نَذْرَ إِلاَّ فِيمَا يُبْتَغَى بِهِ وَجْهُ اللَّهِ، وَلاَ يَمِينَ فِي قَطِيعَةِ رَحِمٍ

നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ വജ്ഹ് തേടുന്ന കാര്യങ്ങളിലല്ലാതെ നേർച്ച ഇല്ല, കുടംബ ബന്ധങ്ങൾ വിച്ഛേദിക്കുന്ന ശപഥങ്ങളിൽ പ്രായശ്ചിത്തവുമില്ല. (അബൂദാവൂദ്: 3273)

ഒരു തർക്കത്തിന്റെ പേരിൽ നേർച്ച നേർന്നാൽ, ഉദാഹരണത്തിന് അവൻ പറയുന്നത് ശരിയാണെന്ന് തെളിഞ്ഞാൽ ഞാൻ ഒരു മാസം നോമ്പ് അനുഷ്ഠിക്കും.  അത്തരം നേർച്ചകൾ നിറവേറ്റേണ്ടതില്ല.

അല്ലാഹു നിർബന്ധമാക്കിയ ഒന്ന് നേർച്ച നേർന്നാൽ, അത് നേർച്ചയേ അല്ല.

തനിക്ക് സാധിക്കാത്തത് നേർച്ച നേർന്നാൽ, അതും നേർച്ചയേ അല്ല.

عَنِ ابْنِ عَبَّاسٍ، قَالَ بَيْنَا النَّبِيُّ صلى الله عليه وسلم يَخْطُبُ إِذَا هُوَ بِرَجُلٍ قَائِمٍ فَسَأَلَ عَنْهُ فَقَالُوا أَبُو إِسْرَائِيلَ نَذَرَ أَنْ يَقُومَ وَلاَ يَقْعُدَ وَلاَ يَسْتَظِلَّ وَلاَ يَتَكَلَّمَ وَيَصُومَ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ مُرْهُ فَلْيَتَكَلَّمْ وَلْيَسْتَظِلَّ وَلْيَقْعُدْ وَلْيُتِمَّ صَوْمَهُ ‏”‏‏.‏

ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ  പ്രസംഗിച്ചുകൊണ്ടിരിക്കെ അതാ ഒരാൾ നിൽക്കുന്നു. അദ്ദേഹത്തെക്കുറിച്ച് നബി ﷺ  ചോദിച്ചു. സ്വഹാബികൾ പറഞ്ഞു: അത് അബൂഇസ്റാഈലാണ്. ഇരിക്കുകയില്ലെന്നും, തണൽകൊള്ളുകയില്ലെന്നും സംസാരിക്കുകയില്ലെന്നും വ്രതമനുഷ്ഠിക്കുമെന്നും അദ്ദേഹം നേർച്ചയാക്കിയിരിക്കുകയാണ്. അപ്പോൾ നബി ﷺ  പറഞ്ഞു: അദ്ദേഹത്തോട് സംസാരിക്കാനും തണൽ കൊള്ളാനും ഇരിക്കാനും പറയുക. നോമ്പ് പൂർത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ. (ബുഖാരി: 6704)

സഹോദരിയുടെ രോഗം ഭേദമായാൽ രണ്ട് മാസം നോമ്പെടുക്കാമെന്ന് ഒരു സ്ത്രീ നേർച്ച നേർന്നു. അതിന്റെ വിധിയെന്താണ്? വർഷങ്ങളായിട്ടും അവർ ആ നോമ്പെടുത്തിട്ടില്ല. അവർക്ക് കുറ്റമുണ്ടോ?

ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു: സ്വന്തത്തിന് മേൽ നിർബന്ധമല്ലാത്ത ഒരു കാര്യം സ്വയം നിർബന്ധമാക്കലാണ് നേർച്ച എന്നാണ് അതിന്റെ നിർവചനമായി പണ്ഡിതന്മാർ പറഞ്ഞത്. ഒരാൾ നേർച്ച നേർന്നാൽ അത് വീട്ടൽ നിർബന്ധമാണ്. സഹോദരിയുടെ രോഗം ശമനമായാൽ രണ്ട് മാസം നോമ്പെടുക്കാമെന്ന് നേർച്ച നേരുകയും, അവരുടെ രോഗം ശമനമാവുകയും ചെയ്താൽ, ആ നേർച്ച വീട്ടൽ നിർബന്ധമാണ്.

അല്ലാഹുവുമായി ഒരാൾ ഇങ്ങനെയുള്ള ഇടപാടുകൾ നടത്താൻ പാടില്ല. “നിങ്ങളുടെ ഫോൺ തരൂ, പകരം ഞാൻ നിങ്ങൾക്ക് 5 ദീനാർ നൽകാം” എന്നൊക്കെ പറയുന്നത് പോലെ, പകരത്തിന് പകരമായുള്ള ഇടപാടുകൾ സൃഷ്ടികളോടാവാം. എന്നാൽ, പകരത്തിന് പകരമുള്ള
ഇടപാടുകൾ അല്ലാഹുവിനോട് നടത്തരുത്. രോഗശമനം നൽകിയാൽ നോമ്പെടുക്കാം, ഇല്ലെങ്കിൽ നോമ്പെടുക്കില്ല; വിജയം നൽകിയാൽ സ്വദക്വ ചെയ്യാം, ഇല്ലെങ്കിൽ ചെയ്യില്ല;
ഇങ്ങനെയുള്ള ഇടപാടുകൾ അല്ലാഹുവിനോട് പാടില്ല. അല്ലാഹുവിന് നമ്മുടെ സ്വദക്വയോ ഉംറയോ നോമ്പോ ഒന്നും ആവശ്യമില്ല. അറിയുക; അവൻ അല്ലാഹുവാണ്. അടിമയും ഉടമയും തമ്മിലുള്ള ബന്ധമാണ് അവനുമായി നമുക്കുണ്ടാവേണ്ടത്.അവന് കീഴൊതുങ്ങുകയും, ആരോഗ്യത്തിനും രോഗശമനത്തിനും പിന്തുണക്കും അവനോട് പ്രാർഥിക്കുകയുമാണ് വേണ്ടത്. അത് മതി.

പകരത്തിന് പകരമായി അല്ലാഹുവിന് നേർച്ച നേരൽ ഹറാമാണെന്ന് വരെ ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായാലും ഇവിടെ, ഈ സ്ത്രീ രണ്ട് മാസം നോമ്പെടുക്കണം. കാരണം, നേർച്ച നേർന്നാൽ അത് വീട്ടൽ ഏറ്റവും പ്രധാനമാണ്. ഇനിയൊരിക്കലും അവർ ഇങ്ങനെയുള്ള നേർച്ച നേരുകയും അരുത്. ഇങ്ങനെയുള്ള നേർച്ചയിൽ നിന്ന് അകന്നു നിൽക്കണം. അടിമയും ഉടമയും തമ്മിലുളള ബന്ധമാണ് അല്ലാഹുവിനോട് വേണ്ടത്. കീഴ്‌വണക്കത്തോടെ അവനോട് പ്രാർഥിക്കുക. (https://youtu.be/ir2-7TScx2Y)

നേര്‍ച്ചയെ വിശുദ്ധ ഖുർആൻ പുകഴത്തുന്നുവോ?

‏ يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُۥ مُسْتَطِيرًا

നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. (ഖുർആൻ:76/7)

ഈ ആയത്തിലൂടെ  നേർച്ച ആരംഭിക്കുന്നവരെയല്ല, നേർന്ന നേർച്ച പൂർത്തിയാക്കുന്നവരെയാണ് പുകഴ്ത്തുന്നത്. മറ്റൊരു വീക്ഷണം നിര്‍ബന്ധമുള്ള കാര്യങ്ങള്‍ നിറവേറ്റുന്നവരാണെന്നാണ്.

يُوفُونَ بِالنَّذْرِ أَيْ: بِمَا أَلْزَمُوا بِهِ أَنْفُسَهَمْ لِلَّهِ مِنَ النُّذُورِ وَالْمُعَاهَدَاتِ، وَإِذَا كَانُوا يُوفُونَ بِالنُّذُرِ، الَّذِي هُوَ غَيْرُ واجِبٍ فِي الْأَصْلِ عَلَيْهِمْ، إِلَّا بِإِيجَابِهِمْ عَلَى أَنْفُسِهِمْ، كَانَ فِعْلُهُمْ وَقِيَامُهُمْ بِالْفُرُوضِ الْأَصْلِيَّةِ، مِنْ بَابِ أَوْلَى وَأَحْرَى،

{നേര്‍ച്ച അവര്‍ നിറവേറ്റുന്നു} നേര്‍ച്ചകളില്‍ നിന്നും കരാറുകളില്‍ നിന്നും അല്ലാഹുവിന് വേണ്ടി അവര്‍ സ്വയം തങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയത്. നിര്‍ബന്ധമല്ലാത്തവ സ്വയം നിര്‍ബന്ധമാക്കി നേര്‍ച്ച നിര്‍വഹിക്കുന്നവര്‍ അടിസ്ഥാനപരമായി നിര്‍ബന്ധമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനും നിര്‍വഹിക്കാനും അതിലേറെ മുന്‍ഗണനയും സൂക്ഷ്മതയും പുലര്‍ത്തുന്നു. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവല്ലാത്തവർക്കുള്ള നേർച്ച

അല്ലാഹുവിനുള്ള നേർച്ചപോലും ഒഴിവാക്കുന്നതാണ് നല്ലതെന്ന് പറയുമ്പോൾ, അല്ലാഹുവല്ലാത്തവർക്കുള്ള നേർച്ച ഒഴിവാക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ല. അതെ, അല്ലാഹുവല്ലാത്തവർക്കുള്ള നേർച്ചയിലേക്ക് പ്രവേശിക്കാൻ പോലും പാടില്ല. ഏതെങ്കിലും ജാറം മൂടാനോ അവിടെ വിളക്ക് കത്തിക്കാനോ അവിടത്തേക്ക് എണ്ണയും, തിരിയും, പട്ടുമെല്ലാം നേർച്ചയാക്കോനോ പാടില്ല. നേർച്ചയിൽ സാമീപ്യം തേടൽ, നൻമ പ്രതീക്ഷിക്കൽ എന്നിവയൊക്കെ ഉണ്ട്. അത് അഭതികമായ തേട്ടമാണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹുവല്ലാത്തവർക്ക് നേർച്ച സമർപ്പിക്കുന്നവർ അവരിൽ നിന്ന് അഭൗതികമായ രീതിയിൽ കാര്യകാരണത്തിനധീതമായി നൻമ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ അല്ലാഹുവല്ലാത്തവർക്കുള്ള നേർച്ച നിഷിദ്ധമാണ്. കാരണം അത് ശിർക്കാണ്. അപ്രകാരം നേർച്ച നേർന്നിട്ടുള്ളവർ അത് നിറവേറ്റരുത്.

ഇക്കാലത്ത് നേർച്ച എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സുകളിലേക്ക് ഓർമ്മ വരുന്നത് ജാറവും ഉറൂസുമൊക്കെയാണ്. അവിടെയും നടക്കുന്നത് ഖബ്റാളിക്കുള്ള നേർച്ചയാണ്.  “ആണ്ട്നേര്‍ച്ച”എന്ന്‌ പറഞ്ഞുകൊണ്ട് മഹാൻമാരായ ആളുകളുടെ മഖ്ബറ കേന്ദ്രീകരിച്ച് നടത്തുന്ന ഉറൂസും മറ്റും ഇത്തരം ശിർക്കായ നേർച്ചകളിൽ പെട്ടതാണ്.

മുഹിയുദീൻ ശൈഖിന്റെയും ബദർ ശുഹദാക്കളുടെയും മറ്റും പേരുകളിൽ കോഴിയും ആടും നേർച്ചയാക്കുന്നതും ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദർശത്തിൽ നിന്നുള്ള വ്യക്തമായ വ്യതിചലനമാണ് ഇമാം സ്വാവി رحمه الله   ഇക്കാര്യം വ്യക്തമാക്കുന്നത് കാണുക

അറബികൾ മൃഗങ്ങളെ നേർച്ചയാക്കിയത് പോലെ തന്നെ ഹറാമാണ് ഇന്ന് ബുദ്ധിയില്ലാത്ത ചില ആളുകൾ  ചെയ്യുന്നത്. അവർ ഏതെങ്കിലും ഒരു വലിയിന്റെ പേരിൽ ആടിനെയോ കാളയേയോ വിട്ടയക്കും. അത് ജനങ്ങളുടെ മുതൽ തിന്നും. ആരും അതിനെ എതിർക്കില്ല. എന്നാൽ ആരെങ്കിലും അവരെ ഉപദേശിക്കുകയും അത് തെറ്റാണെന്ന് പറയുകയും ചെയ്താൽ അവരുടെ പ്രതികരണം ഇവർ ഔലിയാക്കളെ സ്നേഹിക്കാത്തവനാണ് എന്നായിരിക്കും. ഉപദേശിച്ചവനെപ്പറ്റി അവർ ചീത്തയായി ധരിക്കുകയും ചെയ്യും. ഈ നേർച്ച പുണ്യകർമം ആണെന്ന് ആരെങ്കിലും ധരിച്ചാൽ അവൻ കാഫിറായി. അങ്ങനെ വിശ്വാസമില്ലെങ്കിൽ ഈ പ്രവർത്തി ഹറാമുകളിൽ പെട്ടതത്രെ. (സ്വാവി:1/249)

 ബുലൂഗിൽ മറാമിന്റെ വിശദീകരണ ഗ്രന്ഥമായ സുബുലുസ്സലാമിൽ ഇമാം സൻആനി رحمه الله  പറയുന്നത് കാണുക:

وأما النذور المعروفة في هذه الأزمنة على القبور والمشاهد والأموات فلا كلام في تحريمها؛ لأن الناذر يعتقد في صاحب القبر أنه ينفع ويضر, ويجلب الخير ويدفع الشر, ويعافي الأليم, ويشفي السقيم . وهذا هو الذي كان يفعله عباد الأوثان بعينه، فيحرم – النذر للقبر – كما يحرم النذر على الوثن

മരണപ്പെട്ടവരുടെയും ശ്മശാനങ്ങളുടെയും ജാറത്തിൻമേലുമെല്ലാം വെച്ചുള്ള ഇക്കാലത്ത് അറിയപ്പെടുന്ന നേർച്ചകൾ നിഷിദ്ധമാണെന്ന് പറയേണ്ടതില്ല. കാരണം നേർച്ചയാക്കുന്നവർ, ഖബ്റിലുള്ളവർ ഉപകാരവും ഉപദ്രവവും ചെയ്യുമെന്നും ഗുണം ചെയ്യുകയും ദോഷത്തെ തടുക്കുകയും രോഗിയെ സുഖപ്പെടുത്തുകയും വേദന അനുഭവിക്കുന്നവരെ  ആശ്വസിപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. ഇതുതന്നെയാണ് ബിംബാരാധകരും ചെയ്യുന്നത്. അതുകൊണ്ട് ബിംബങ്ങൾക്കുള്ള നേർച്ച പോലെ ഇതും നിഷിദ്ധമാണ്. (സുബുലുസ്സലാം:6/370)

ശാഫിഈ മദ്ഹബ് കാരനായ ഇമാം ഇബ്നു ഹജർ ഹൈത്തമി رحمه الله പറയുന്നു

فإن عرف قصده فالذي يتجه أنه يأتي فيه قول الأذرعي في النذر للمشاهد المبنية على قبر ولي أو نحوه من أن الناذر إن قصد تعظيم البقعة أو القبر أوالتقرب إلى من دفن فيها أو من تنسب إليه وهو الغالب من العامة لأنهم يعتقدون أن لهذه الأماكن خصوصيات لأنفسهم ويرون أن النذر لها مما يندفع به البلاء فلا يصح النذر في صورة من هذه الصور لأنه لم يقصد به التقرب إلى الله سبحانه وتعالى

മേൽപ്പറഞ്ഞ വലിയ്യിനും മറ്റും നേർച്ചയാക്കുന്നവന്റെ ഉദ്ദേശ്യം ഗ്രാഹ്യമായാൽ വലിയ്യിന്റെയും മറ്റും  ഖബ്റിന്മേൽ നിർമ്മിക്കപ്പെട്ട ജാറങ്ങൾക്ക് നേർച്ചയാക്കുന്നതിനെ സംബന്ധിച്ച് അദ്റഈ പറഞ്ഞിട്ടുള്ള അഭിപ്രായം അതിലും ബാധകമാണ് എന്നതാണ് ന്യായം. അതെ, നേർച്ചയാക്കുന്നവൻ തന്റെ നേർച്ച കൊണ്ട് ആ സ്ഥലത്തെയോ ഖബ്റിനെയോ ബഹുമാനിക്കാനാണ് ഉദ്ദേശിച്ചത്, അല്ലെങ്കിൽ അവിടെ മറവ് ചെയ്യപ്പെടുകയോ ആ സ്ഥലം ചേർത്തു പറയപ്പെടുകയോ ചെയ്യുന്ന വ്യക്തിയോടുള്ള സാമീപ്യമാണ് ലക്ഷ്യമാക്കിയത് – ഇങ്ങനെയാണ് സാധാരണ പൊതുജനങ്ങളിൽ നിന്ന് ഇത്തരം നേർച്ചകൾ ഉണ്ടാകാറുള്ളത്. കാരണം ഈ സ്ഥലങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത ചില പ്രത്യേകതകൾ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു. അവക്ക് നേർച്ചയാക്കുന്നത് വിപത്തുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗമാണെന്നും അവർ ധരിക്കുകയും ചെയ്യുന്നു – ഇത്തരത്തിലുള്ള നേർച്ച ശരിയാവുകയില്ല. കാരണം ആ നേർച്ച കൊണ്ട് പരിശുദ്ധനും ഉന്നതനുമായ അല്ലാഹുവിങ്കലേക്കുള്ള സാമീപ്യം ലക്ഷ്യമാക്കപ്പെട്ടിട്ടില്ല. (ഫതാവാ ഇബ്നു ഹജറുൽ ഹൈതമി (റഹി) 6/227)

 

 

kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *