ഇസ്‌ലാമിനെ അസാധുവാക്കുന്ന കാര്യങ്ങൾ

ഒരു മുസ്‌ലിമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും അവൻ ഏറ്റവും വിലമതിക്കുന്നതും അവന്റെ ഈമാനാണ്. ആ ഈമാൻ നഷ്ടപ്പെട്ടുപോകുന്നതിനെക്കാൾ വലിയൊരു നഷ്ടം അവന് സംഭവിക്കാനില്ല. എന്നാൽ, പലപ്പോഴും അറിവില്ലായ്മ കൊണ്ടോ അശ്രദ്ധ കൊണ്ടോ ഒരു വ്യക്തിയുടെ ഇസ്‌ലാമിനെത്തന്നെ ഇല്ലാതാക്കുന്ന കാര്യങ്ങളിൽ ചെന്നുപെടാൻ സാധ്യതയുണ്ട്. അതുകൊണ്ട്, എന്താണ് ഇസ്‌ലാം എന്നും അത് എപ്രകാരം സംരക്ഷിക്കണമെന്നും പഠിക്കുന്നതോടൊപ്പം, എന്തെല്ലാം കാര്യങ്ങളാണ് ഇസ്‌ലാമിനെ അസാധുവാക്കുന്നതെന്നും (നവാഖിദുൽ ഇസ്‌ലാം) ഓരോ മുസ്‌ലിമും നിർബന്ധമായും അറിഞ്ഞിരിക്കണം. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി, ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് رحمه الله രചിക്കുകയും, മദീനയിലെ ബഹുമാന്യ പണ്ഡിതൻ ശൈഖ് അബ്ദുറസ്സാഖ് ബ്നു അബ്ദുൽ മുഹ്സിൻ അൽ-ബദ്‌ർ حَفِظَهُ اللَّهُ വിശദീകരിക്കുകയും ചെയ്ത ഈ ഗ്രന്ഥം, ഓരോ സത്യവിശ്വാസിക്കും തന്റെ ദീൻ സംരക്ഷിക്കുന്നതിൽ ഒരു മുതൽക്കൂട്ടാക്കി അല്ലാഹു മാറ്റുമാറാകട്ടെ. ഈ വിജ്ഞാനം നേടാനും, അതനുസരിച്ച് ജീവിച്ച് ഈമാനോടുകൂടി മരിക്കാനും അല്ലാഹു നമ്മെ ഏവരെയും തുണക്കുമാറാകട്ടെ. ആമീൻ.

ആമുഖം

ശൈഖ് അബ്ദുറസ്സാഖ് ബ്നു അബ്ദുൽ മുഹ്സിൻ അൽ-ബദ്‌ർ حَفِظَهُ اللَّهُ 

إِنَّ الْحَمْدَ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَتُوبُ إِلَيْهِ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَسَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ، وَمَنْ يُضْلِلْ فَلَا هَادِيَ لَهُ، وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ وَسَلَّمَ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ.

ഇത് പരിഷ്കർത്താവായ ഇമാം, ശൈഖുൽ ഇസ്ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് رحمه الله യുടെ വിലപ്പെട്ട ഒരു ലഘുലേഖയുടെ സംക്ഷിപ്ത വിശദീകരണമാകുന്നു. അതിന്റെ തലക്കെട്ട് ‘നവാഖിദുൽ ഇസ്ലാം’ (ഇസ്‌ലാമിനെ അസാധുവാക്കുന്ന കാര്യങ്ങൾ) എന്നാണ്. അദ്ദേഹം അത് എഴുതിയത് ഗുണകാംക്ഷയോടെയും താക്കീത് നൽകിക്കൊണ്ടുമാണ്. കാരണം, ഒരു മുസ്‌ലിം സത്യവും സന്മാർഗവും എന്താണെന്ന് മനസ്സിലാക്കി അതിനെ സ്നേഹിക്കാനും ആ മാർഗത്തിൽ ചരിക്കാനും കൽപ്പിക്കപ്പെട്ടവനാണ്. അതുപോലെ, അവൻ അസത്യവും വഴികേടും നാശവും എന്താണെന്ന് മനസ്സിലാക്കി അതിനെ വെറുക്കാനും അതിൽ നിന്ന് അകന്നുനിൽക്കാനും കൽപ്പിക്കപ്പെട്ടവനാണ്. അല്ലാഹു സുബ്ഹാനഹു വതആലാ ഖുർആനിൽ സത്യവിശ്വാസികളുടെ മാർഗവും കുറ്റവാളികളുടെ മാർഗവും, സത്യവിശ്വാസികളുടെ പ്രവർത്തനങ്ങളും കുറ്റവാളികളുടെ പ്രവർത്തനങ്ങളും, ഇരുകൂട്ടരുടെയും വിശേഷണങ്ങളും അവരുടെ പര്യവസാനവും വ്യക്തമായി വിവരിച്ചിട്ടുണ്ട്. സത്യവിശ്വാസികൾക്ക് അവൻ ഒരുക്കിവെച്ച മഹത്തായ പ്രതിഫലവും കുറ്റവാളികൾക്ക് അവൻ ഒരുക്കിവെച്ച വേദനയേറിയ ശിക്ഷയും അവൻ വിവരിച്ചിട്ടുണ്ട്. അതുകൊണ്ട്, ഒരു മുസ്‌ലിം സത്യം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാൻ കൽപ്പിക്കപ്പെട്ടതുപോലെ, അസത്യം മനസ്സിലാക്കി അതിൽ നിന്ന് വിട്ടുനിൽക്കാനും കൽപ്പിക്കപ്പെട്ടിരിക്കുന്നു. അസത്യം അറിയാത്തവൻ, ഒരുപക്ഷേ താനറിയാതെ അതിൽ ചെന്നുപെട്ടേക്കാം. സ്വഹീഹൈനിയിൽ ഹുദൈഫതുബ്നുൽ യമാൻ رضي الله عنه ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു:

كَانَ النَّاسُ يَسْأَلُونَ رَسُولَ اللَّهِ صلى الله عليه وسلم عَنِ الْخَيْرِ، وَكُنْتُ أَسْأَلُهُ عَنِ الشَّرِّ مَخَافَةَ أَنْ يُدْرِكَنِي‏.‏

ജനങ്ങൾ അല്ലാഹുവിന്റെ റസൂലിനോട് ﷺ നന്മയെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. എന്നാൽ ഞാൻ തിന്മയെക്കുറിച്ചാണ് ചോദിച്ചിരുന്നത്, അത് എന്നെ ബാധിക്കുമോ എന്ന ഭയം കാരണം. (ബുഖാരി:3606)

ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ഞാൻ തിന്മയെ അറിഞ്ഞത് തിന്മ ചെയ്യാൻ വേണ്ടിയല്ല, മറിച്ച് അതിൽ നിന്ന് സ്വയം രക്ഷിക്കാൻ വേണ്ടിയാണ്. ജനങ്ങളിൽ തിന്മ അറിയാത്തവൻ അതിൽ ചെന്നു വീഴും.

ഇങ്ങനെയും പറയപ്പെട്ടിട്ടുണ്ട്: “എന്തിൽ നിന്നാണ് സൂക്ഷിക്കേണ്ടത് എന്ന് അറിയാത്തവൻ എങ്ങനെ സൂക്ഷിക്കും?!” അതായത്, നിഷിദ്ധമായ കാര്യങ്ങളെയും തിന്മകളെയും എങ്ങനെയാണ് ഒരാൾക്ക് സൂക്ഷിക്കാനും വെടിയാനും സാധിക്കുക, അയാൾക്ക് അവയെക്കുറിച്ച് അറിയില്ലെങ്കിൽ? അവയുടെ ഗൗരവത്തെക്കുറിച്ചോ, അവയിൽ നിന്ന് താക്കീത് നൽകിക്കൊണ്ട് ശറഇന്റെ പ്രമാണങ്ങളിൽ വന്ന ശിക്ഷകളെക്കുറിച്ചോ അയാൾക്ക് അറിയില്ലെങ്കിൽ?!

അല്ലാഹു നമ്മോട് ശിർക്ക്, കുഫ്ർ, അസത്യം, വഴികേട് എന്നിവയെ സൂക്ഷിക്കാൻ കൽപ്പിച്ചിരിക്കുന്നു. അടിമക്ക് അത് അറിയുന്നതിലൂടെയല്ലാതെ അതിൽ നിന്ന് സൂക്ഷ്മത പാലിക്കാൻ സാധിക്കുകയില്ല. ഇക്കാരണത്താലാണ് പണ്ഡിതന്മാർ സത്യനിഷേധത്തിലേക്ക് നയിക്കുന്ന കാര്യങ്ങളെക്കുറിച്ചും (മുക്കഫ്ഫിറാത്തുകൾ), കർമ്മങ്ങളെ നിഷ്ഫലമാക്കുന്ന കാര്യങ്ങളെക്കുറിച്ചും, ശിർക്ക്, കുഫ്ർ, നിഫാഖ് എന്നിവയെക്കുറിച്ചും ഗ്രന്ഥങ്ങൾ രചിച്ചത്. ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ ‘മുർതദ്ദിന്റെ വിധി’ എന്ന അധ്യായത്തിൽ, ഒരു മനുഷ്യൻ ദീനിൽ നിന്ന് പുറത്തുപോകുന്ന കാര്യങ്ങൾ വിവരിക്കുന്നു. അതുപോലെ, അഖീദയുടെ ഗ്രന്ഥങ്ങളിലും ഈ വിഷയങ്ങൾ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പണ്ഡിതന്മാർ ഈ വിഷയത്തിൽ പ്രത്യേക ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്.

ശൈഖുൽ ഇസ്ലാം رحمه الله, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലും ലഘുലേഖകളിലും പതിവുപോലെ, ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള വിഷയങ്ങളിലാണ് എഴുതിയത്. ആവശ്യത്തിനനുസരിച്ച് മാത്രമായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. അതിനാൽ അദ്ദേഹത്തിന്റെ ലഘുലേഖകൾ എപ്പോഴും സംക്ഷിപ്തവും, എന്നാൽ സമഗ്രവും അതീവ പ്രയോജനകരവുമായിരുന്നു. അല്ലാഹു സുബ്ഹാനഹു വതആലാ അവകൊണ്ട് മഹത്തായ പ്രയോജനം നൽകിയിട്ടുണ്ട്.

‘നവാഖിദുൽ ഇസ്ലാം’ എന്ന് പേരിട്ടിരിക്കുന്ന ഈ ലഘുലേഖ, അദ്ദേഹം رحمه الله ഏകദേശം രണ്ട് പേജുകളിലായാണ് എഴുതിയത്. എന്നാൽ ഈ വിഷയത്തിലെ മഹത്തായ ആശയങ്ങൾ അത് ഉൾക്കൊള്ളുന്നു. അറിയപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ അതിലുണ്ട്. അദ്ദേഹം പത്ത് ‘നവാഖിദുകൾ’ (ഇസ്‌ലാമിനെ അസാധുവാക്കുന്ന കാര്യങ്ങൾ) പരാമർശിച്ചു. ഇത് എണ്ണത്തിൽ പരിമിതപ്പെടുത്താനല്ല, മറിച്ച് അടിസ്ഥാനപരമായ ‘നവാഖിദുകൾ’ പരാമർശിക്കാനാണ്. പരാമർശിക്കപ്പെടാത്ത മറ്റു ‘നവാഖിദുകൾ’ ഇതിലേക്ക് മടങ്ങുന്നവയാണ്.

അവയെ നാല് ഇനങ്ങളായി തിരിക്കാം:

1. ഒന്നാമത്തെ ഇനം: ഹൃദയങ്ങളുമായി ബന്ധപ്പെട്ട് ദീൻ നഷ്ടപ്പെടുന്ന കാര്യങ്ങൾ.
2. രണ്ടാമത്തെ ഇനം: വാക്കുകളുമായി ബന്ധപ്പെട്ട് ദീൻ നഷ്ടപ്പെടുന്ന കാര്യങ്ങൾ.
3. മൂന്നാമത്തെ ഇനം: പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദീൻ നഷ്ടപ്പെടുന്ന കാര്യങ്ങൾ.
4. നാലാമത്തെ ഇനം: സംശയം മൂലം ദീൻ നഷ്ടപ്പെടുന്നത്.

ഈ വിഷയം അറിയേണ്ടത് ഓരോ മുസ്‌ലിമിനും അത്യാവശ്യമാണ്, അതുവഴി അവൻ അതിൽ നിന്ന് ജാഗ്രത പുലർത്തുന്നവനാകാൻ. അദ്ദേഹം رحمه الله തന്റെ ലഘുലേഖ ആരംഭിച്ചത് ഇപ്രകാരമാണ്: “അറിയുക, ഇസ്‌ലാമിനെ അസാധുവാക്കുന്ന കാര്യങ്ങൾ പത്തെണ്ണമാകുന്നു…” അദ്ദേഹം ഈ പേര് തിരഞ്ഞെടുത്തു: നവാഖിദുൽ ഇസ്ലാം. ഇതിനെ ‘ഒരു മനുഷ്യൻ ദീനിൽ നിന്ന് പുറത്തുപോകുന്ന കാര്യങ്ങൾ’, അല്ലെങ്കിൽ ‘മില്ലത്തിൽ നിന്ന് പുറത്താക്കുന്ന കാര്യങ്ങൾ’, അല്ലെങ്കിൽ ‘അതിൽ അകപ്പെട്ടാൽ കാഫിറാകുന്ന കാര്യങ്ങൾ’ എന്നിങ്ങനെ പല പേരുകളിലും വിളിക്കാവുന്നതാണ്. ശൈഖ് ഈ പേര് തിരഞ്ഞെടുത്തതിന് പണ്ഡിതന്മാരിലും ഇമാമുമാരിലും മുൻഗാമികളുണ്ട്. ഈ വിഷയത്തിൽ പണ്ഡിതന്മാർ ഉപയോഗിച്ചുപോന്ന ഒരു പദമാണിത്. ഭാഷാപരമായ അർത്ഥത്തിലും ശറഇയ്യായ ആശയത്തിലും ഇത് ശരിയായ ഒരു പ്രയോഗമാണ്.
‘നവാഖിദ്’ എന്നത് ‘നാഖിദ്’ എന്നതിന്റെ ബഹുവചനമാണ്. അത് ‘ഇബ്റാം’ (ഉറപ്പിക്കൽ) എന്നതിന്റെ വിപരീതമായ ‘നഖ്ള്’ (പൊളിക്കൽ) എന്നതിൽ നിന്നാണ് വരുന്നത്. ഒരു വസ്തുവിനെ ‘നഖ്ള്’ ചെയ്യുക എന്നാൽ അതിനെ ദുർബലമാക്കുക എന്നാണ്. ഉറപ്പിച്ച ഒരു കാര്യത്തെ ‘നഖ്ള്’ ചെയ്യുക എന്നാൽ അതിന്റെ ഉറപ്പിനെ ദുർബലമാക്കുകയാണ്. അതുകൊണ്ടാണ് നൂൽ പൊളിക്കുക, കയർ പൊളിക്കുക, കെട്ടിടം പൊളിക്കുക, വീട് പൊളിക്കുക എന്നൊക്കെ പറയുന്നത്. ഇതെല്ലാം ദുർബലമാക്കുക എന്ന അർത്ഥത്തിലാണ്. അല്ലാഹു പറയുന്നു:

وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَٰثًا

ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌. (ഖു൪ആന്‍:16/92)

അല്ലാഹു പറയുന്നു:

ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَٰقِهِۦ

അല്ലാഹുവിന്റെ കരാർ ഉറപ്പിച്ചതിന് ശേഷം അത് ലംഘിക്കുന്നവർ. (ഖു൪ആന്‍:2/27)

وَلَا تَنقُضُوا۟ ٱلْأَيْمَٰنَ بَعْدَ تَوْكِيدِهَا

നിങ്ങള്‍ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്. (ഖു൪ആന്‍:16/91)

ദീൻ ‘നഖ്ള്’ ചെയ്യുക, അല്ലെങ്കിൽ ഇസ്‌ലാം ‘നഖ്ള്’ ചെയ്യുക, അല്ലെങ്കിൽ ഈമാൻ ‘നഖ്ള്’ ചെയ്യുക എന്നാൽ അതിനെ ദുർബലമാക്കുകയും നിഷ്ഫലമാക്കുകയും ചെയ്യുന്ന ഒരു കാര്യം ചെയ്യുക എന്നാണ്. അതുകൊണ്ട്, ദീനിന്റെയോ ഇസ്‌ലാമിന്റെയോ ‘നാഖിദ്’ എന്ന പദം, അത് സംഭവിച്ചാൽ ദീനിനെ പൂർണ്ണമായും നിഷ്ഫലമാക്കുകയും ദുർബലമാക്കുകയും ചെയ്യുന്ന കാര്യങ്ങൾക്കാണ് പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് പണ്ഡിതന്മാർ പറഞ്ഞത്: ഇസ്‌ലാമിന് ‘നവാഖിദുകളും’ ‘നവാഖിസുകളും’ ഉണ്ട്. ‘നവാഖിദുകൾ’ അതിനെ പൂർണ്ണമായും ദുർബലമാക്കുകയും നിഷ്ഫലമാക്കുകയും ചെയ്യുന്നവയാണ്. ‘നവാഖിസുകൾ’ അതിന്റെ നിർബന്ധമായ പൂർണ്ണതക്ക് ഭംഗം വരുത്തുന്നവയാണ്. ‘ഖവാദിഹ്’ (പോരായ്മകൾ) എന്നും പറയാറുണ്ട്. ഈ വാക്ക് ‘നവാഖിദുകൾക്കും’ ‘നവാഖിസുകൾക്കും’ ഉപയോഗിക്കും. കാരണം ‘ഖവാദിഹുകളിൽ’ ചിലത് അടിസ്ഥാനത്തെ തന്നെ ബാധിക്കുന്നവയാണ്, അപ്പോൾ അത് ദീനിന്റെ ‘നാഖിദ്’ ആകും. മറ്റു ചിലത് നിർബന്ധമായ പൂർണ്ണതയെയാണ് ബാധിക്കുക, അപ്പോൾ അത് ദീനിന്റെ ‘മുൻഖിസ്’ (കുറവ് വരുത്തുന്നത്) ആകും. രണ്ടിനെയും ‘ഖവാദിഹ്’ എന്ന് പറയാം. എന്നാൽ ‘നവാഖിദുകൾ’ ദീനിനെ പൊളിക്കുകയും നിഷ്ഫലമാക്കുകയും ചെയ്യുന്നവയാണ്. അത് ചെയ്യുന്നവൻ ഇസ്‌ലാമിന്റെ മില്ലത്തിൽ നിന്നും ദീനിന്റെ പരിധിയിൽ നിന്നും പുറത്തുപോയവനും, മുർതദ്ദും, മഹാനായ അല്ലാഹുവിൽ അവിശ്വസിച്ചവനുമായിത്തീരും. ആ അവസ്ഥയിൽ അവൻ മരണപ്പെട്ടാൽ പരലോകത്ത് നരകാവകാശികളിൽ പെട്ടവനായിരിക്കും. അല്ലാഹുവിന്റെ ഈ വാക്ക് അവന് ബാധകമാകും:

وَمَا هُم بِخَٰرِجِينَ مِنَ ٱلنَّارِ

അവർ നരകത്തിൽ നിന്ന് പുറത്തുവരുന്നവരല്ല. (ഖു൪ആന്‍:2/167)

ഇത് ദീനിന്റെ ‘നവാഖിദുകളിൽ’ ഏതെങ്കിലും ഒന്നിൽ അകപ്പെട്ട് ആ അവസ്ഥയിൽ മരണപ്പെട്ട് അല്ലാഹുവിനെ കണ്ടുമുട്ടുന്നവന്റെ കാര്യത്തിലാണ്. അതുകൊണ്ട്, ഓരോ മുസ്‌ലിമും ദീനിന്റെ ‘നവാഖിദുകൾ’ അറിയേണ്ടത് വളരെ പ്രധാനപ്പെട്ടതും, അനിവാര്യവും, അത്യാവശ്യവുമാണ്. അതുവഴി അവൻ സ്വയം അതിൽ നിന്ന് സൂക്ഷിക്കുകയും, തന്റെ കീഴിലുള്ളവരെ സൂക്ഷ്മത പഠിപ്പിക്കുകയും, ജനങ്ങളെ ഈ ഏറ്റവും വലിയ കുറ്റകൃത്യത്തിൽ നിന്നും ഏറ്റവും വലിയ പാപത്തിൽ നിന്നും ഉപദേശിക്കുകയും ചെയ്യും. ഇക്കാരണത്താൽ, ഈ ലഘുലേഖയും ഈ വിഷയത്തിൽ പണ്ഡിതന്മാർ എഴുതിയ മറ്റു ഗ്രന്ഥങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഓരോ മുസ്‌ലിമും അത് അറിയേണ്ടതുണ്ട്.

بسم الله الرحمن الرحيم

اعْلَمْ أَنَّ نَوَاقِضَ الْإِسْلَامِ عَشَرَةٌ

അറിയുക, ഇസ്‌ലാമിനെ അസാധുവാക്കുന്ന കാര്യങ്ങൾ പത്തെണ്ണമാകുന്നു.

വിശദീകരണം

{ബിസ്മില്ലാഹി റഹ്മാനി റഹീം}: അദ്ദേഹം ഈ ലഘുലേഖ ആരംഭിച്ചത് ‘ബസ്മല’ കൊണ്ടാണ്. അല്ലാഹുവിന്റെ ഗ്രന്ഥത്തെയും, നമ്മുടെ നബി ﷺ യുടെ എഴുത്തുകളിലെയും കത്തുകളിലെയും ചര്യയെയും പിൻപറ്റിക്കൊണ്ടാണിത്. ‘ബസ്മല’ കൊണ്ട് ഉദ്ദേശിക്കുന്നത് സഹായം തേടലാണ്. അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ആരംഭിക്കുന്നത് ബറകത്തും, അവന്റെ പക്കൽ നിന്നുള്ള സഹായവും തേടിക്കൊണ്ടാണ്.

‘ബിസ്മില്ലാഹി’ എന്നതിലെ ‘ബാ’ സഹായം തേടാനുള്ളതാണ് (باء الاستعانة). അർത്ഥം: ഞാൻ ഈ ഗ്രന്ഥം ആരംഭിക്കുന്നത് അല്ലാഹുവിനോട് സഹായം തേടിക്കൊണ്ടും, ‘ബിസ്മില്ലാഹ്’ എന്ന് പറഞ്ഞുകൊണ്ടുമാണ്. അതൊരു സഹായം തേടുന്ന വാക്യമാണ്. അതുകൊണ്ടാണ് ഒരു മുസ്‌ലിമിന് വീട്ടിലേക്ക് പ്രവേശിക്കുമ്പോഴും, പുറത്തിറങ്ങുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും, അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുമ്പോഴും, സുന്നത്ത് കൊണ്ട് സ്ഥിരപ്പെട്ട മറ്റു നിരവധി സന്ദർഭങ്ങളിലും ഇത് പറയൽ നിയമമാക്കപ്പെട്ടത്. ബറകത്തും, സഹായവും, വിജയവും അല്ലാഹുവിൽ നിന്ന് തേടിക്കൊണ്ടാണ് അവൻ അത് പറയുന്നത്.

{അറിയുക}: ശൈഖിന്റെ മിക്ക ലഘുലേഖകളിലും ഈ വാക്ക് കൊണ്ട് ആരംഭിക്കുന്ന ഒരു പതിവുണ്ട്. ഓരോ മുസ്‌ലിമിനും ആവശ്യമായ മഹത്തരവും, വലുതും, പ്രധാനപ്പെട്ടതുമായ കാര്യങ്ങൾക്ക് മുമ്പായി ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു. ഖുർആനിലും ഈ വാക്ക് കൊണ്ട് ആരംഭിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് അല്ലാഹു പറയുന്നു:

فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ

ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന്‌ നീ അറിയുക.(ഖു൪ആന്‍:47/19)

ശ്രദ്ധ ക്ഷണിക്കാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും, ഹൃദയത്തെ ഒരുക്കാനും, കേൾക്കുന്നവന് നൽകാൻ പോകുന്ന വിജ്ഞാനം ശ്രദ്ധയും ഏകാഗ്രതയും നല്ല ശ്രവണവും ആവശ്യമുള്ള മഹത്തായ ഒന്നാണെന്ന് ഉണർത്താനും വേണ്ടിയാണ് മഹത്തായ കാര്യങ്ങൾക്ക് മുമ്പായി ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞുകൊണ്ട് ആരംഭിച്ചത്: “അറിയുക”, അതായത്, വിജ്ഞാനത്തിന്റെ വാതിലുകളിൽ നിന്ന് മഹത്തായ ഒരു കാര്യം നിനക്ക് നൽകപ്പെടാൻ പോകുന്നു, അതിന് നിന്നിൽ നിന്ന് ശ്രദ്ധയും പരിഗണനയും ആവശ്യമുണ്ട്.

{ഇസ്‌ലാമിനെ അസാധുവാക്കുന്ന കാര്യങ്ങൾ പത്തെണ്ണമാകുന്നു}: സത്യനിഷേധത്തിലേക്ക് നയിക്കുന്നതും, ഒരു മുസ്‌ലിം ദീനിൽ നിന്ന് പുറത്തുപോകുന്നതുമായ കാര്യങ്ങൾക്ക് ‘നവാഖിദ്’ എന്ന് പ്രയോഗിക്കുന്നത് ശരിയായ ഒരു പ്രയോഗമാണെന്നും, സലഫുകൾ (മുൻഗാമികൾ) – رحمهم الله – ഈ വിഷയത്തിൽ അത് ഉപയോഗിച്ചിരുന്നുവെന്നും നാം മനസ്സിലാക്കി. ഉമറുബ്നുൽ ഖത്വാബ് رضي الله عنه ഇപ്രകാരം പറഞ്ഞതായി ഒരു അസറുണ്ട്:

إنما تنقض عرى الإسلام عروة عروة إذا نشأ في الإسلام من لم يعرف الجاهلية

ഇസ്‌ലാമിൽ ജാഹിലിയ്യത്തിനെ അറിയാത്തവർ വളർന്നുവന്നാൽ ഇസ്‌ലാമിന്റെ കണ്ണികൾ ഓരോന്നായി അഴിഞ്ഞുപോകും.

ഈ വിഷയത്തിൽ ഇബ്നു അബ്ബാസ് رضي الله عنه യിൽ നിന്നും ഈ പദം ഉപയോഗിച്ചതായി മറ്റൊരു അസറുണ്ട്. അദ്ദേഹം പറഞ്ഞു:

القدر: نظام التوحيد، فمن وحد الله تعالى وآمن بالقدر، فهي العروة الوثقى التي لا انفصام لها، ومن وحد الله تعالى وكذب بالقدر، فإن تكذيبه بالقدر نقض للتوحيد”

ഖദ്ർ തൗഹീദിന്റെ വ്യവസ്ഥയാണ്. ആരെങ്കിലും അല്ലാഹുവിനെ ഏകനാക്കുകയും ഖദ്റിൽ വിശ്വസിക്കുകയും ചെയ്താൽ, അത് പൊട്ടാത്ത ഉറപ്പുള്ള കയറാണ്. ആരെങ്കിലും അല്ലാഹുവിനെ ഏകനാക്കുകയും ഖദ്റിനെ നിഷേധിക്കുകയും ചെയ്താൽ, അവന്റെ ഖദ്റിനെ നിഷേധിക്കൽ തൗഹീദിനെ പൊളിക്കലാണ്. [رواه الآجري في الشريعة برقم (٤٥٦)]

ഇവിടെ സാക്ഷ്യം, സ്വഹാബികളും അവരെ നന്മയിൽ പിൻപറ്റിയവരും ഒരു മനുഷ്യൻ അവിശ്വാസിയാകുകയും ദീനിൽ നിന്ന് പുറത്തുപോകുകയും ചെയ്യുന്ന കാര്യങ്ങൾക്ക് ഈ പദം ഉപയോഗിച്ചിരുന്നു എന്നതാണ്.

വുളുവിനെ ദുർബലപ്പെടുത്തുന്ന കാര്യങ്ങൾക്ക് ‘നവാഖിദ്’ എന്ന് പ്രയോഗിക്കുന്നതും ഈ കാര്യങ്ങൾക്ക് ‘നവാഖിദ്’ എന്ന് പ്രയോഗിക്കുന്നതും തമ്മിൽ ഒരു സാമ്യമുണ്ട്. ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ ‘നവാഖിദു ത്വഹാറ’ (ശുദ്ധിയെ അസാധുവാക്കുന്ന കാര്യങ്ങൾ) എന്ന് കാണാം. ശുദ്ധി ഇന്നയിന്ന കാര്യങ്ങൾ കൊണ്ട് നഷ്ടപ്പെടുമെന്നും അവിടെ പറയുന്നു. ശുദ്ധിയും തൗഹീദും തമ്മിൽ ഒരു ബന്ധമുണ്ട്. അല്ലാഹു പറയുന്നു:

وَثِيَابَكَ فَطَهِّرْ

നിന്റെ വസ്ത്രങ്ങൾ ശുദ്ധിയാക്കുകയും ചെയ്യുക. (ഖു൪ആന്‍ :7/31)

ഈ ആയത്തിന്റെ അർത്ഥത്തിൽ പണ്ഡിതന്മാർ പറഞ്ഞു: നിന്റെ വസ്ത്രങ്ങൾ ശുദ്ധീകരിക്കുക എന്നാൽ അല്ലാഹുവിന് തൗഹീദ് നൽകുകയും ദീൻ അവന് മാത്രമാക്കുകയും ചെയ്യുക എന്നാണ്. നജസുകളിൽ നിന്ന് ശുദ്ധീകരിക്കുക എന്നും പറയപ്പെട്ടിട്ടുണ്ട്. അറിയപ്പെട്ട ‘നവാഖിദുകളിൽ’ (കീഴ്ശ്വാസം പോവുക, മൂത്രം പോവുക പോലുള്ളവ) ഏതെങ്കിലും ഒന്നിൽ അകപ്പെട്ടാൽ ശുദ്ധി നഷ്ടപ്പെടുന്നതുപോലെ, അറിയപ്പെട്ടതും തൗഹീദിന്റെയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളിൽ വ്യക്തമാക്കപ്പെട്ടതുമായ ‘നവാഖിദുകളിൽ’ ഏതെങ്കിലും ഒന്നിൽ അകപ്പെട്ടാൽ തൗഹീദും നഷ്ടപ്പെടും.

الأول: الشرك في عبادة الله تعالى, والدليل قوله تعالى :

ഒന്നാമത്തേത്, അല്ലാഹുവിനെ ആരാധിക്കുന്നതിൽ പങ്കുചേർക്കൽ (ശിർക്ക്). അതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:

ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻐْﻔِﺮُ ﺃَﻥ ﻳُﺸْﺮَﻙَ ﺑِﻪِۦ ﻭَﻳَﻐْﻔِﺮُ ﻣَﺎ ﺩُﻭﻥَ ﺫَٰﻟِﻚَ ﻟِﻤَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪِ ٱﻓْﺘَﺮَﻯٰٓ ﺇِﺛْﻤًﺎ ﻋَﻈِﻴﻤًﺎ

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്‌. ആര് അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌. (ഖു൪ആന്‍:4/48)

അല്ലാഹു പറയുന്നു:

إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

…..അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരുമുണ്ടാവില്ല. (ഖു൪ആന്‍: 5/72)

ومنه الذبح لغير الله كمن يذبح للجن أو للقبر|

അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറുക്കുന്നതും ഇതിൽ പെട്ടതാണ്. ജിന്നിനോ ഖബ്റിനോ വേണ്ടി അറുക്കുന്നവരെപ്പോലെ.

വിശദീകരണം

{ഒന്നാമത്തേത്: അല്ലാഹുവിനെ ആരാധിക്കുന്നതിൽ പങ്കുചേർക്കൽ}: ഗ്രന്ഥകർത്താവ് ശിർക്ക് കൊണ്ട് ആരംഭിച്ചു, കാരണം അത് ‘നവാഖിദുകളിൽ’ വെച്ച് ഏറ്റവും അപകടകരമായതും, അല്ലാഹുവിനോട് ചെയ്യുന്ന അനുസരണക്കേടുകളിൽ വെച്ച് ഏറ്റവും വലുതുമാണ്. അല്ലാഹു പറയുന്നു: {തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു പൊറുക്കുകയില്ല. (അന്നിസാഅ്: 48)} അവൻ പറയുന്നു: {ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്താൽ നിശ്ചയമായും അല്ലാഹു അവന് സ്വർഗം നിഷിദ്ധമാക്കിയിരിക്കുന്നു. (അൽമാഇദ: 72)}

ശിർക്ക് എന്നാൽ അല്ലാഹുവിന്റെ മാത്രം പ്രത്യേകതകളായ റുബൂബിയ്യത്ത് (രക്ഷാകർതൃത്വം), അസ്മാഉ വസ്സിഫാത്ത് (നാമഗുണവിശേഷണങ്ങൾ), അല്ലെങ്കിൽ അവന്റെ അവകാശങ്ങൾ എന്നിവയിൽ അല്ലാഹു അല്ലാത്തവരെ അവനോട് തുല്യമാക്കലാണ്. അവന്റെ അവകാശങ്ങളിൽ പെട്ടതാണ് ആരാധനയിൽ അവനെ ഏകനാക്കുക, അവന് മാത്രം കീഴ്വണക്കവും വിധേയത്വവും നൽകുക എന്നത്. അതിലൊന്നും അവനോടൊപ്പം പങ്കാളിയെ വെക്കാതിരിക്കുക.

وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا

നിശ്ചയമായും പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു. അതിനാൽ അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കരുത്. (ഖുർആൻ: 72/18)

അവൻ മാത്രം സൃഷ്ടിപ്പിലും, അന്നം നൽകുന്നതിലും, ജീവിപ്പിക്കുന്നതിലും, മരിപ്പിക്കുന്നതിലും ഏകനായതുപോലെ, പൂർണ്ണതയുടെ ഗുണങ്ങളിലും മഹത്വത്തിന്റെ വിശേഷണങ്ങളിലും, ഉത്തമമായ നാമങ്ങളിലും ഉന്നതമായ ഗുണങ്ങളിലും ഏകനായതുപോലെ, ആരാധനയിലും അവൻ ഏകനാക്കപ്പെടേണ്ടത് നിർബന്ധമാണ്.
അവന്റെ പ്രത്യേകതകളിലോ അവകാശങ്ങളിലോ മറ്റൊരാളെ അവനോട് തുല്യമാക്കുന്നതാണ് ശിർക്ക്. ശിർക്ക് എന്നാൽ രണ്ട് വസ്തുക്കളെ ഒരു കാര്യത്തിൽ തുല്യമാക്കുക, സമമാക്കുക എന്നാണ്. അല്ലാഹുവിന്റെ അവകാശങ്ങളിലോ പ്രത്യേകതകളിലോ അല്ലാഹു അല്ലാത്തവരെ അവനോട് തുല്യമാക്കുന്നവൻ അല്ലാഹുവിൽ പങ്കുചേർത്തവനും മഹാനായ അല്ലാഹുവിൽ അവിശ്വസിച്ചവനുമാണ്. അവന്റെ ശിർക്ക് അവന്റെ ദീനിനെ പൊളിക്കുകയും അവന്റെ കർമ്മങ്ങളെ നിഷ്ഫലമാക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ

തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും. (ഖുർആൻ: 39/65)

ശിർക്ക് ഏറ്റവും വലിയ അക്രമമാണ് (ظلم). അല്ലാഹു പറയുന്നു:

ﺇِﻥَّ ٱﻟﺸِّﺮْﻙَ ﻟَﻈُﻠْﻢٌ ﻋَﻈِﻴﻢٌ

നിശ്ചയം, ശിർക്ക് വലിയ അക്രമം തന്നെയാണ്. (ഖു൪ആന്‍ :31/13)

അത് ആരാധന, കീഴ്വണക്കം, വിധേയത്വം തുടങ്ങിയ അല്ലാഹുവിന്റെ അവകാശങ്ങളെ ഹനിക്കലാണ്. അവന്റെ റുബൂബിയ്യത്തിന്റെ സ്ഥാനത്തെ കുറച്ചുകാണലാണ്. ലോകരക്ഷിതാവിനെക്കുറിച്ച് മോശമായി ധരിക്കലാണ്. അത് വൻപാപങ്ങളിൽ വെച്ച് ഏറ്റവും വലുതാണ്. അതുകൊണ്ടാണ് ഗ്രന്ഥകർത്താവ് ഇത് കൊണ്ട് ആരംഭിച്ചത്: “അല്ലാഹുവിനെ ആരാധിക്കുന്നതിൽ ശിർക്ക് ചെയ്യൽ”: അതായത്, ആരാധനയിൽ അല്ലാഹുവിനോടൊപ്പം പങ്കാളിയെ വെക്കുക. പ്രാർത്ഥന, സഹായതേട്ടം, ഭരമേൽപ്പിക്കൽ, റുകൂഅ്, സുജൂദ്, അറവ്, നേർച്ച തുടങ്ങിയവയെല്ലാം ആരാധനയിൽ പെട്ടതാണ്. ആരാധന അടിമകളുടെ മേലുള്ള അല്ലാഹുവിന്റെ അവകാശമാണ്. അതിൽ യാതൊന്നിലും അല്ലാഹുവിനോടൊപ്പം മറ്റൊരാളെ പങ്കുചേർക്കാൻ പാടില്ല.

{അതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്…}: ഗ്രന്ഥകർത്താവ് رحمه الله രണ്ട് ആയത്തുകൾ ഉദ്ധരിച്ചു. ആദ്യത്തേത് സൂറത്തുന്നിസാഇലെ രണ്ട് സ്ഥലങ്ങളിൽ വന്നിട്ടുണ്ട്. ശിർക്കിന്റെ ഗൗരവത്തെക്കുറിച്ച് അതിൽ വ്യക്തമായ തെളിവുണ്ട്. അത് ചെയ്തുകൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടുന്നവന് പൊറുക്കപ്പെടാത്ത പാപമാണത്. “തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു പൊറുക്കുകയില്ല” എന്നത് ആ അവസ്ഥയിൽ മരണപ്പെട്ടവന്റെ കാര്യത്തിലാണ്. എന്നാൽ, ജീവിച്ചിരിക്കുന്ന മുശ്രിക്കായ മനുഷ്യൻ അതിൽ നിന്ന് തൗബ ചെയ്താൽ അല്ലാഹു അവന്റെ ശിർക്ക് പൊറുത്തുകൊടുക്കും. അതുകൊണ്ടാണ് അല്ലാഹു സൂറത്തുസ്സുമറിൽ പറഞ്ഞത്:

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. (ഖുർആൻ: 39/53)

ഈ രണ്ട് ആയത്തുകൾ തമ്മിൽ വൈരുദ്ധ്യമില്ല. കാരണം, സൂറത്തുന്നിസാഇലെ ആയത്ത് ശിർക്കിൽ മരണപ്പെട്ടവന്റെ കാര്യത്തിലും, സൂറത്തുസ്സുമറിലെ ആയത്ത് അതിൽ നിന്ന് തൗബ ചെയ്തവന്റെ കാര്യത്തിലുമാണ്.

{അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറുക്കുന്നതും ഇതിൽ പെട്ടതാണ്…}: ഇത് ശിർക്കിന്റെ ഒരു ഇനമാണ്. അല്ലാഹു പറയുന്നു:

فَصَلِّ لِرَبِّكَ وَٱنْحَرْ

ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. (ഖുർആൻ: 108/2)

സ്വഹീഹ് മുസ്‌ലിമിൽ അലി رضي الله عنه യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:

لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ

അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു.

الثاني : من جعل بينه وبين الله وسائط يدعوهم ويسألهم الشفاعة , ويتوكل عليهم كفر إجماعا. والدليل قوله تعالى :

രണ്ടാമത്തേത്, തനിക്കും അല്ലാഹുവിനും ഇടയിൽ ചില മധ്യവർത്തികളെ വെക്കുകയും, അവരോട് പ്രാർത്ഥിക്കുകയും, അവരോട് ശഫാഅത്ത് (ശുപാർശ) ചോദിക്കുകയും, അവരിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നവൻ ഇജ്മാഅ് (പണ്ഡിത ഏകോപനം) പ്രകാരം കാഫിറായിരിക്കുന്നു. അതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:

وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ

അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌.  (ഖു൪ആന്‍:39/3)

വിശദീകരണം

ഇസ്‌ലാമിനെ അസാധുവാക്കുന്ന രണ്ടാമത്തെ കാര്യമാണിത്. മുശ്രിക്കുകളുടെ വാദം പോലെ, അല്ലാഹുവിലേക്ക് അടുപ്പം നേടാനായി അടിമക്കും അല്ലാഹുവിനും ഇടയിൽ മധ്യവർത്തികളെ വെക്കുന്നത് അല്ലാഹുവിന് സമന്മാരെയും പങ്കാളികളെയും വെക്കുന്നതിന്റെ ഭാഗമാണ്.

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (ഖു൪ആന്‍:10/18)

അതായത്, അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്ക് മധ്യവർത്തികളാണ്. ഇത് അല്ലാഹുവിൽ പങ്കുചേർക്കുന്നതിന്റെയും അവനോടൊപ്പം സമന്മാരെയും പങ്കാളികളെയും വെക്കുന്നതിന്റെയും ഒരിനമാണ്. അവർ ഈ സമന്മാരെ മധ്യവർത്തികൾ, വസീലകൾ, ശുപാർശകർ എന്നൊക്കെ വിളിക്കുന്നു. അവരുടെ വാദപ്രകാരം, അവരോട് പ്രാർത്ഥിക്കുന്നവനെ അവർ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നു. ദുനിയാവിലെ രാജാക്കന്മാരിലേക്കും പ്രമാണിമാരിലേക്കും അവരുടെ അടുത്ത ആളുകളായ മധ്യവർത്തികളിലൂടെയല്ലാതെ എത്താൻ കഴിയില്ലെന്ന് കണ്ടപ്പോൾ, അവർ സ്രഷ്ടാവായ അല്ലാഹുവിനെ സൃഷ്ടികളോട് താരതമ്യം ചെയ്തുകൊണ്ടാണ് ഇത് ചെയ്തത്. ഈ മധ്യവർത്തി അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന പ്രതീക്ഷയിൽ അവർ അവന്റെ സൃഷ്ടികളിൽ ചിലർക്ക് അവന്റെ അവകാശങ്ങളിൽ ചിലത് നൽകി. ഇത് അല്ലാഹുവിൽ പങ്കുചേർക്കലാണ്.

{അവരോട് ശഫാഅത്ത് ചോദിക്കുന്നു}: ശഫാഅത്ത് (ശുപാർശ) അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. അല്ലാഹു പറയുന്നു:

قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعًا ۖ

പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍ (അവന്റെ ഹിതമനുസരിച്ചേ അത് നടക്കൂ).  (ഖുർആൻ:39/44)

ആരെങ്കിലും ശഫാഅത്ത് ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ അത് അല്ലാഹുവിനെ ഏകനാക്കുന്നതിലൂടെയാണ് തേടേണ്ടത്, സമന്മാരെ വെക്കുന്നതിലൂടെയല്ല. അതുകൊണ്ടാണ് ഹദീസിൽ വന്നത്,

عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ قِيلَ يَا رَسُولَ اللَّهِ، مَنْ أَسْعَدُ النَّاسِ بِشَفَاعَتِكَ يَوْمَ الْقِيَامَةِ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لَقَدْ ظَنَنْتُ يَا أَبَا هُرَيْرَةَ أَنْ لاَ يَسْأَلَنِي عَنْ هَذَا الْحَدِيثِ أَحَدٌ أَوَّلُ مِنْكَ، لِمَا رَأَيْتُ مِنْ حِرْصِكَ عَلَى الْحَدِيثِ، أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ الْقِيَامَةِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، خَالِصًا مِنْ قَلْبِهِ أَوْ نَفْسِهِ ‏

അബൂഹുറൈറ رضي الله عنه ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഖിയാമത്ത് നാളിൽ അങ്ങയുടെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നയാൾ ആരാണ്?” റസൂൽ ﷺ പറഞ്ഞു: “അബൂഹുറൈറാ, നിന്നേക്കാൾ മുമ്പ് ഈ ഹദീസിനെക്കുറിച്ച് എന്നോട് ആരും ചോദിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല, ഹദീസിനോടുള്ള നിന്റെ താൽപര്യം ഞാൻ കണ്ടതുകൊണ്ട്. ഖിയാമത്ത് നാളിൽ എന്റെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നയാൾ, തന്റെ ഹൃദയത്തിൽ നിന്നോ മനസ്സിൽ നിന്നോ ആത്മാർത്ഥമായി ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞവനാണ്. (ബുഖാരി:99).

മറ്റൊരു ഹദീസിൽ നബി ﷺ പറഞ്ഞു:

‏لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لأُمَّتِي يَوْمَ الْقِيَامَةِ فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ مَنْ مَاتَ مِنْ أُمَّتِي لاَ يُشْرِكُ بِاللَّهِ شَيْئًا ‏

ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്. എല്ലാവരും ആ പ്രാർത്ഥന ദുനിയാവിൽ വെച്ച് ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. എന്റെ പ്രാർത്ഥന അന്ത്യദിനത്തിൽ എന്റെ സമുദായത്തിനു വേണ്ടി ശുപാർശക്ക് മാറ്റി വെച്ചിരിക്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്റെ സമുദായത്തിലെ ശിർക്ക് ചെയ്യാത്തവർക്ക് അത് ലഭിക്കുന്നതുമാണ്. (മുസ്‌ലിം: 199)

അതുകൊണ്ട്, ശഫാഅത്ത് മുഴുവനും അല്ലാഹുവിനാണ് . അത് അവന്റെ തൗഹീദിലൂടെയും അവന് ദീൻ ആത്മാർത്ഥമാക്കുന്നതിലൂടെയുമല്ലാതെ നേടാനാവില്ല.

{ഇജ്മാഅ് പ്രകാരം കാഫിറായിരിക്കുന്നു}: ഇത് ദീനിനെ അസാധുവാക്കുന്നതും ഒരു വ്യക്തിയെ ഇസ്‌ലാമിന്റെ മില്ലത്തിൽ നിന്ന് പുറത്താക്കുന്നതുമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് ഏകോപനമുണ്ട്.

الثالث : من لم يكفر المشركين أو شك في كفرهم , أو صحح مذهبهم كفر.

മൂന്നാമത്തേത്, മുശ്രിക്കുകളെ (ബഹുദൈവാരാധകരെ) കാഫിറുകളായി കാണാതിരിക്കുകയോ, അവരുടെ കുഫ്‌റിൽ (സത്യനിഷേധത്തിൽ) സംശയിക്കുകയോ, അല്ലെങ്കിൽ അവരുടെ മദ്ഹബ് (മാർഗം) ശരിയാണെന്ന് പറയുകയോ ചെയ്യുന്നവൻ കാഫിറായിരിക്കുന്നു.

വിശദീകരണം

ഇസ്‌ലാമിനെ അസാധുവാക്കുന്ന മൂന്നാമത്തെ കാര്യമാണിത്. ഗ്രന്ഥകർത്താവ് ഇവിടെ മൂന്ന് കാര്യങ്ങൾ പരാമർശിച്ചു:

ഒന്നാമത്തെ കാര്യം: മുശ്രിക്കുകളെ കാഫിറുകളായി കാണാതിരിക്കുക. അതായത്, അവരുടെ കുഫ്ർ അംഗീകരിക്കാതിരിക്കുക. ഉദാഹരണത്തിന്, യഹൂദികൾ കാഫിറുകളല്ല, അല്ലെങ്കിൽ നസ്വാറാക്കൾ, അല്ലെങ്കിൽ മജൂസികൾ, അല്ലെങ്കിൽ വിഗ്രഹാരാധികൾ കാഫിറുകളല്ല എന്ന് പറയുന്നതുപോലെ. ഇങ്ങനെ പറയുന്നവൻ മുശ്രിക്കുകളെ കാഫിറുകളായി കാണുന്നില്ല. അവൻ കാഫിറാണ്. കാരണം, അല്ലാഹുവും അവന്റെ റസൂലും ﷺ കാഫിറാക്കിയവരെ അവൻ കാഫിറാക്കിയിട്ടില്ല. അല്ലാഹു പറയുന്നു:

لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَٰثَةٍ ۘ

അല്ലാഹു മൂവരിൽ ഒരാളാണെന്ന് പറഞ്ഞവർ തീർച്ചയായും കാഫിറുകളായിരിക്കുന്നു. (ഖുർആൻ:5/73)

إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَٰلِدِينَ فِيهَآ ۚ

തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:98/6)

അവർ കാഫിറുകളല്ല എന്ന് ആരെങ്കിലും പറഞ്ഞാൽ, അങ്ങനെ പറയുന്നവൻ കാഫിറാകും.

രണ്ടാമത്തെ കാര്യം: അവരുടെ കുഫ്‌റിൽ സംശയിക്കുക. അതായത്, അല്ലാഹുവും അവന്റെ റസൂലും ﷺ കാഫിറാക്കിയവരുടെ കുഫ്‌റിൽ സംശയിക്കുക. കാഫിറിന്റെ കുഫ്‌റിൽ സംശയിക്കുന്നവൻ കാഫിറാകും. കാരണം, അല്ലാഹു കാഫിറാക്കിയവരുടെ കുഫ്‌റിൽ ഒരു മുസ്‌ലിമിന്റെ ഹൃദയത്തിൽ യാതൊരു സംശയമോ ശങ്കയോ ഉണ്ടാകാൻ പാടില്ല.

മൂന്നാമത്തെ കാര്യം: അവരുടെ മദ്ഹബ് ശരിവെക്കുക. അതായത്, കാഫിറുകളുടെ കുഫ്‌റിലേക്ക് നയിക്കുന്ന വിശ്വാസങ്ങളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച്, ഇത് ശരിയായ പ്രവൃത്തിയാണ്, അല്ലെങ്കിൽ ഇത് ശരിയായ വാക്കാണ്, അല്ലെങ്കിൽ ഇത് ശരിയായ കാര്യമാണ്, അല്ലെങ്കിൽ ഇതിൽ കുഴപ്പമൊന്നുമില്ല എന്ന് പറയുക. കാഫിറുകളുടെ മദ്ഹബിനെയോ അവരുടെ കുഫ്‌റിലേക്ക് നയിക്കുന്ന വിശ്വാസങ്ങളെയോ ശരിവെക്കുന്നവൻ കാഫിറാണ്.

الرابع : من اعتقد أن غير هدي النبي صلى الله عليه وسلم أكمل من هديه وأن حكم غيره أحسن من حكمه كالذي يفضل حكم الطواغيت على حكمه فهو كافر.

നാലാമത്തേത്, നബി ﷺ യുടെ മാർഗനിർദ്ദേശമല്ലാത്തത് അദ്ദേഹത്തിന്റെ മാർഗനിർദ്ദേശത്തേക്കാൾ പൂർണ്ണമാണെന്നോ, അല്ലെങ്കിൽ മറ്റൊരാളുടെ വിധി അദ്ദേഹത്തിന്റെ വിധിയേക്കാൾ ഉത്തമമാണെന്നോ വിശ്വസിക്കുന്നവൻ കാഫിറാണ്. ത്വാഗൂത്തുകളുടെ വിധിയെ അദ്ദേഹത്തിന്റെ വിധിയേക്കാൾ ശ്രേഷ്ഠമായി കാണുന്നവരെപ്പോലെ.

വിശദീകരണം

നബി ﷺ യല്ലാത്ത മറ്റൊരാളുടെ മാർഗനിർദ്ദേശം നബി ﷺ യുടെ മാർഗനിർദ്ദേശത്തേക്കാൾ പൂർണ്ണമാണെന്ന് വിശ്വസിക്കുന്നത് ഇസ്‌ലാമിനെ അസാധുവാക്കുന്ന കാര്യമാണ്. ഇത് അല്ലാഹുവിൽ അവിശ്വസിക്കലാണ്. കാരണം, നബി ﷺ യുടെ മാർഗനിർദ്ദേശം ആകാശത്ത് നിന്ന് ഇറങ്ങിയ വഹ്‌യ് ആണ്. മറ്റുള്ളവരുടെ മാർഗനിർദ്ദേശം ഭൂമിയിൽ നിന്ന് മുളച്ചുപൊന്തിയതാണ്. ഭൂമിയും ആകാശവും തമ്മിൽ എത്ര വ്യത്യാസമുണ്ട്!

നബി ﷺ ജുമുഅ ഖുതുബയിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു:

أَمَّا بَعْدُ: فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرَ الْهَدْيِ هَدْيُ مُحَمَّدٍ صلى الله عليه وسلم.

അതിന് ശേഷം, നിശ്ചയം, ഏറ്റവും ഉത്തമമായ സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും ഉത്തമമായ മാർഗനിർദ്ദേശം മുഹമ്മദിന്റെ ﷺ മാർഗനിർദ്ദേശമാണ്. (മുസ്‌ലിം).

അദ്ദേഹത്തിന്റെ മാർഗനിർദ്ദേശം അല്ലാഹുവിന്റെ നേരായ പാതയും, അവൻ തന്റെ അടിമകൾക്ക് തൃപ്തിപ്പെട്ടതും അതല്ലാത്ത മറ്റൊരു ദീനും അവർക്ക് തൃപ്തിപ്പെടാത്തതുമായ ദീനുമാണ്. മറ്റൊരാളുടെ മാർഗനിർദ്ദേശം അദ്ദേഹത്തിന്റെ മാർഗനിർദ്ദേശത്തേക്കാൾ പൂർണ്ണമാണെന്ന് വിശ്വസിക്കുന്നവൻ അല്ലാഹുവിൽ അവിശ്വസിച്ചവനും ഇസ്‌ലാമിന്റെ മില്ലത്തിൽ നിന്ന് പുറത്തുപോയവനുമാണ്.

{അല്ലെങ്കിൽ മറ്റൊരാളുടെ വിധി അദ്ദേഹത്തിന്റെ വിധിയേക്കാൾ ഉത്തമമാണെന്നോ…}: നബി ﷺ യല്ലാത്ത മറ്റൊരാളുടെ വിധി അദ്ദേഹത്തിന്റെ വിധിയേക്കാൾ പൂർണ്ണമാണെന്ന് വിശ്വസിക്കുന്നവനും അല്ലാഹുവിൽ അവിശ്വസിച്ചവനും ഇസ്‌ലാമിന്റെ മില്ലത്തിൽ നിന്ന് പുറത്തുപോയവനുമാണ്. അദ്ദേഹത്തിന്റെ വിധി അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് ആണ്.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ‎﴿٤﴾

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് വഹ്‌യായി (ദിവ്യസന്ദേശമായി) നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)

നബി ﷺ യല്ലാത്ത മറ്റൊരാളുടെ വിധി അദ്ദേഹത്തിന്റെ വിധിയേക്കാൾ ഉത്തമമാണെന്ന് വിശ്വസിക്കുന്നവൻ അല്ലാഹുവിൽ അവിശ്വസിച്ചവനാണ്. കാരണം, അവൻ ജാഹിലിയ്യത്തിന്റെ വിധിയെ തൃപ്തിപ്പെടുകയും ഇസ്‌ലാമിന്റെയും നബിയുടെയും ﷺ വിധിയേക്കാൾ അതിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇത് അല്ലാഹുവിലും അവന്റെ റസൂലിലും ﷺ അവിശ്വസിക്കലും ത്വാഗൂത്തിൽ വിശ്വസിക്കലുമാണ്. ത്വാഗൂത്തിൽ വിശ്വസിക്കുന്നത് കുഫ്റാണ്. കാരണം, ഒരു അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ യുടെ ആളോ തൗഹീദിന്റെ ആളോ ആകുന്നത് അവൻ ത്വാഗൂത്തിനെ നിഷേധിക്കുമ്പോഴാണ്.

{ത്വാഗൂത്തുകളുടെ വിധിയെ ശ്രേഷ്ഠമായി കാണുന്നവരെപ്പോലെ}: ‘ത്വാഗൂത്തുകൾ’ ‘ത്വാഗൂത്ത്’ എന്നതിന്റെ ബഹുവചനമാണ്. അത് ‘തുഗ്’യാൻ’ (അതിക്രമം) എന്നതിൽ നിന്ന് വന്നതാണ്. ഒരു അടിമ തന്റെ പരിധി വിട്ട് പിൻപറ്റുകയോ, ആരാധിക്കുകയോ, അനുസരിക്കുകയോ ചെയ്യുന്നതെന്തോ അതാണ് ത്വാഗൂത്ത്.

الخامس : من أبغض شيئا مما جاء به الرسول صلى الله عليه وسلم , ولو عمل به كفر.

അഞ്ചാമത്തേത്,  റസൂൽ ﷺ കൊണ്ടുവന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്നിനോട് വെറുപ്പ് കാണിക്കുന്നവൻ, അവൻ അതനുസരിച്ച് പ്രവർത്തിച്ചാൽ പോലും കാഫിറായിരിക്കുന്നു.

വിശദീകരണം:

ഏറ്റവും ശരിയായതും നേരായതുമായ ദീനീ വിശ്വാസങ്ങളോ, ഏറ്റവും പൂർണ്ണവും ഉത്തമവുമായ ശറഇയ്യായ ആരാധനകളോ, ഏറ്റവും മനോഹരവും നല്ലതുമായ മര്യാദകളോ ആകട്ടെ, റസൂൽ ﷺ കൊണ്ടുവന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്നിനോട് ആരെങ്കിലും വെറുപ്പ് കാണിച്ചാൽ, അതായത് അവന്റെ ഹൃദയത്തിൽ അതിനോട് വെറുപ്പും ഇഷ്ടക്കേടും ഉണ്ടായാൽ, അവൻ അതനുസരിച്ച് പ്രവർത്തിച്ചാൽ പോലും കാഫിറാണ്. റസൂൽ ﷺ കൊണ്ടുവന്നതിനോട് വെറുപ്പ് കാണിക്കുന്നതിലൂടെ തന്നെ അവൻ കാഫിറാകും. അവന്റെ കുഫ്ർ നിഫാഖിന്റെ (കാപട്യത്തിന്റെ) കുഫ്റാണ്. കാരണം, നിഫാഖിന്റെ കുഫ്റിന് പല ഇനങ്ങളുണ്ട്. അതിലൊന്നാണ് റസൂൽ ﷺ കൊണ്ടുവന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്നിനോട് വെറുപ്പ് കാണിക്കൽ. ഈ വെറുപ്പ് കർമ്മങ്ങളെ നിഷ്ഫലമാക്കുകയും ദീനിൽ നിന്ന് പുറത്താക്കുകയും ചെയ്യും.

സത്യവിശ്വാസി അല്ലാഹുവിനെ റബ്ബായും, ഇസ്‌ലാമിനെ ദീനായും, മുഹമ്മദിനെ ﷺ റസൂലായും തൃപ്തിപ്പെട്ടവനാണ്. എന്നാൽ റസൂൽ ﷺ കൊണ്ടുവന്നതിനോട് വെറുപ്പ് കാണിക്കുകയോ, അല്ലെങ്കിൽ റസൂൽ ﷺ കൊണ്ടുവന്ന ഏതെങ്കിലും കാര്യത്തോട് ഹൃദയത്തിൽ ഇഷ്ടക്കേട് തോന്നുകയോ ചെയ്യുന്നത് ഈമാനിന്റെയും ഇസ്‌ലാമിന്റെയും യാഥാർത്ഥ്യത്തിന് വിരുദ്ധമാണ്.

السادس : من استهزأ بشي من دين الرسول صلى الله عليه وسلم أو ثوابه أو عقابه كفر , والدليل قوله تعالى

ആറാമത്തേത്,  അല്ലാഹുവിന്റെ ദീനിലെ ഏതെങ്കിലും കാര്യത്തെയോ, അല്ലെങ്കിൽ അവന്റെ പ്രതിഫലത്തെയോ, അല്ലെങ്കിൽ അവന്റെ ശിക്ഷയെയോ പരിഹസിക്കുന്നവൻ കാഫിറായിരിക്കുന്നു. അതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:

قُلْ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ ‎﴿٦٥﴾‏ لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَٰنِكُمْ ۚ … ‎﴿٦٦﴾

ചോദിക്കുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. (ഖു൪ആന്‍:9/65-66)

വിശദീകരണം

അല്ലാഹു തന്റെ തഖ്‌വയുള്ള അടിമകൾക്ക് ഒരുക്കിവെച്ച പ്രതിഫലത്തെ പരിഹസിക്കുന്നവൻ, അല്ലെങ്കിൽ ദീനിലെ വിശ്വാസങ്ങളെയോ ആരാധനകളെയോ മര്യാദകളെയോ പരിഹസിക്കുന്നവൻ, ഈ പരിഹാസം കൊണ്ട് കാഫിറാകും. അതുപോലെ, പ്രതിഫലത്തെ പരിഹസിക്കുന്നവനും കാഫിറാണ്. അവിശ്വാസികൾക്കോ അനുസരണക്കേട് കാണിക്കുന്നവർക്കോ ഒരുക്കിവെച്ച ശിക്ഷകളെ പരിഹസിക്കുന്നവനും ഈ പ്രവൃത്തിയിലൂടെ കാഫിറാവുകയും മില്ലത്തിൽ നിന്ന് പുറത്തുപോവുകയും ചെയ്യും. ഇതും നിഫാഖിന്റെ കുഫ്റിൽ പെട്ടതും, മുനാഫിഖുകളുടെ വിശേഷണങ്ങളിൽ പെട്ടതും, നിഫാഖിന്റെ ആളുകളുടെ പ്രവർത്തനങ്ങളിൽ പെട്ടതുമാണ്.

عَنْ عَبْدِ اللهِ بْنِ عُمَرَ ، قَالَ : قَالَ رَجُلٌ فِي غَزْوَةِ تَبُوكَ فِي مَجْلِسٍ يَوْمًا مَا رَأَيْتُ مِثْلَ قُرَّائِنَا هَؤُلاءِ لا أَرْغَبَ بُطُونًا ، وَلا أَكْذَبَ أَلْسِنَةٌ، وَلَا أَجْبَنَ عِنْدَ اللقَاءِ، فَقَالَ رَجُلٌ فِي الْمَجْلِسِ : كَذَبْتَ وَلَكِنَّكَ مُنَافِقٌ لأُخْبِرَنَّ رَسُولَ اللَّهِ ، فَبَلَغَ ذَلِكَ النَّبِيَّ ﷺ وَنَزَلَ الْقُرْآنُ، قَالَ عَبْدُ اللهِ: فَأَنَا رَأَيْتُهُ مُتَعَلَّقًا بِحَقَبِ نَاقَةِ رَسُولِ اللهِ ﷺ تَنْكُبُهُ الْحَاجِرَةُ وَهُوَ، يَقُولُ: يَا رَسُولَ اللهِ: {إِنَّمَا كُنَّا نَخُوضُ وَنَلْعَبُ} ورسولُ اللَّهِ صَلَّى اللَّهُ عليهِ وعلى آلِهِ وسلَّمَ يقول : {أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ}

അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه പറയുന്നു: “തബൂക്ക് യുദ്ധവേളയിൽ ഒരു സദസ്സിൽ വെച്ച് ഒരാൾ പറഞ്ഞു: ‘നമ്മുടെ ഈ ഖുർആൻ ഓതുന്നവരെപ്പോലെ വയറുനിറക്കാൻ ആർത്തിയുള്ളവരെയും, നാവുകൊണ്ട് കളവ് പറയുന്നവരെയും, ശത്രുവിനെ കണ്ടുമുട്ടുമ്പോൾ ഭീരുക്കളായവരെയും ഞാൻ കണ്ടിട്ടില്ല.’ അപ്പോൾ സദസ്സിലുണ്ടായിരുന്ന മറ്റൊരാൾ പറഞ്ഞു: ‘നീ കളവാണ് പറഞ്ഞത്, നീ ഒരു മുനാഫിഖാണ്. ഞാൻ തീർച്ചയായും ഇത് റസൂൽ ﷺ യെ അറിയിക്കും.’ ആ വാർത്ത നബി ﷺ ക്ക് എത്തുകയും ഖുർആൻ ഇറങ്ങുകയും ചെയ്തു.” അബ്ദുല്ലാഹ് رضي الله عنه പറയുന്നു: “അവൻ റസൂൽ ﷺ യുടെ ഒട്ടകത്തിന്റെ കടിഞ്ഞാണിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു, കല്ലുകൾ തട്ടി അവൻ വീഴുന്നുണ്ടായിരുന്നു. അവൻ പറയുന്നുണ്ടായിരുന്നു: {അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ തമാശ പറയുകയും കളിക്കുകയുമായിരുന്നു} റസൂൽ ﷺ പറയുന്നുണ്ടായിരുന്നു: {അല്ലാഹുവിനെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങൾ പരിഹസിച്ചുകൊണ്ടിരുന്നത്?} (ത്വബ്രി)

“വിശ്വസിച്ചതിനു ശേഷം നിങ്ങൾ അവിശ്വാസികളായിരിക്കുന്നു” എന്ന വാക്ക്, ഈ പരിഹാസത്തിന് മുമ്പ് അവർ ഈമാനിലായിരുന്നുവെന്നും, അതുകൊണ്ട് അവർ കാഫിറാവുകയും മില്ലത്തിൽ നിന്ന് പുറത്തുപോവുകയും ചെയ്തു എന്നതിന് തെളിവാണ്. ഇത് ബുദ്ധിയുള്ള ഒരുവനെ ഇസ്‌ലാമിന്റെ നവാഖിദുകളെക്കുറിച്ച് ശക്തമായി ഭയപ്പെടാൻ പ്രേരിപ്പിക്കുന്ന കാര്യമാണ്. അവർ ഒരു വാക്ക് പറഞ്ഞു, പിന്നീട് ഒഴികഴിവ് പറഞ്ഞു: ‘യാത്രയുടെ ക്ഷീണം മാറ്റാനും വിരസതയകറ്റാനുമാണ് ഞങ്ങൾ ഉദ്ദേശിച്ചത്, വാക്കിന്റെ യാഥാർത്ഥ്യം ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല.’ അപ്പോൾ അല്ലാഹു പറഞ്ഞു: “നിങ്ങൾ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിനു ശേഷം നിങ്ങൾ അവിശ്വാസികളായിരിക്കുന്നു.”

السابع : السحر ومنه الصرف والعطف , فمن فعله أو رضي به كفر , والدليل قوله تعالى :

ഏഴാമത്തേത്, സിഹ്ർ (മാരണം). അതിൽപ്പെട്ടതാണ് ‘സ്വർഫും’ ‘അത്ഫും’. അത് ചെയ്യുന്നവനോ, അല്ലെങ്കിൽ അതിൽ തൃപ്തിപ്പെടുന്നവനോ കാഫിറായിരിക്കുന്നു. അതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:

وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ

എന്നാൽ ഹാറൂത്തും മാറൂത്തും ഏതൊരാൾക്ക്‌ പഠിപ്പിക്കുമ്പോഴും, ഞങ്ങൾ (നിങ്ങൾക്ക്‌) ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാൽ (ഇത്‌ കാരണത്താൽ) നിങ്ങൾ സത്യനിഷേധികളാകരുത്‌ എന്ന്‌ പറഞ്ഞു കൊടുക്കാതിരുന്നില്ല. (ഖു൪ആന്‍ :2/102)

വിശദീകരണം

{സിഹ്ർ}: അത് കെട്ടുകളും ആ കെട്ടുകളിൽ ഊതലുമാണ്. ശൈത്വാന്മാരുമായി ബന്ധവും അടുപ്പവും സ്ഥാപിക്കലാണ്. സാഹിർ (മാരണക്കാരൻ) അവർക്ക് അടുപ്പം കാണിക്കുകയും അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ അവിശ്വസിക്കുകയും ചെയ്യുന്നു. അതിന് യാഥാർത്ഥ്യമുണ്ട്, അത് ഉപദ്രവിക്കുകയും ദ്രോഹിക്കുകയും ചെയ്യും, അതിന് സ്വാധീനമുണ്ട്. അതിൽ കൊല്ലുന്നതുണ്ട്, രോഗിയാക്കുന്നതുണ്ട്, ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതുണ്ട്. അല്ലാഹു പറയുന്നു:

فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ

അങ്ങനെ അവർ രണ്ടുപേരിൽ നിന്നും ഭർത്താവിനും ഭാര്യക്കുമിടയിൽ ഭിന്നതയുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. (ഖു൪ആന്‍ :2/102)

{അതിൽപ്പെട്ടതാണ് ‘സ്വർഫും’ ‘അത്ഫും’}: സിഹ്റിന്റെ ഇനങ്ങളിൽ പെട്ടതാണ് ‘സ്വർഫും’ ‘അത്ഫും’. സിഹ്റിന് പല ഇനങ്ങളുണ്ടെന്ന് ഈ വാക്കിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നു. ‘സ്വർഫ്’ എന്നാൽ ഒരു മനുഷ്യനെ അവൻ ഇഷ്ടപ്പെടുന്ന കാര്യത്തിൽ നിന്ന് തിരിച്ചുവിടലാണ്. ‘അത്ഫ്’ എന്നാൽ ഒരു മനുഷ്യനെ അവൻ ഇഷ്ടപ്പെടാത്ത കാര്യത്തിലേക്ക് ആകർഷിക്കലാണ്. ഇത് സിഹ്റിൽ പെട്ടതാണ്.

{അത് ചെയ്യുന്നവനോ, അല്ലെങ്കിൽ അതിൽ തൃപ്തിപ്പെടുന്നവനോ കാഫിറായിരിക്കുന്നു}: ആരെങ്കിലും സിഹ്ർ ചെയ്യുകയും അതിന്റെ ആളായിത്തീരുകയും ചെയ്താൽ അവൻ അതുകൊണ്ട് കാഫിറാകും. ആരെങ്കിലും സിഹ്റിൽ തൃപ്തിപ്പെട്ടാൽ, അവൻ സാഹിർ അല്ലെങ്കിൽ പോലും, അവൻ കാഫിറാകും. കാരണം, അവൻ കുഫ്റിൽ തൃപ്തിപ്പെട്ടു. കുഫ്റിൽ തൃപ്തിപ്പെടുന്നവൻ കാഫിറാണ്.

{അതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്…}: ഇത്, ഒരു മനുഷ്യൻ സിഹ്ർ ചെയ്താൽ അവൻ അല്ലാഹുവിൽ അവിശ്വസിച്ചവനാകുമെന്നതിന് വ്യക്തമായ തെളിവാണ്. “അതിനാൽ നീ അവിശ്വാസിയാകരുത്” എന്നതിനർത്ഥം, നീ അത് ചെയ്താൽ അല്ലാഹുവിൽ അവിശ്വസിക്കുന്നവനാകും എന്നാണ്.

الثامن : مظاهرة المشركين ومعاونتهم على المسلمين والدليل قوله تعالى :

എട്ടാമത്തേത്, മുശ്രിക്കുകളെ സഹായിക്കുകയും മുസ്‌ലിംകൾക്കെതിരെ അവരുമായി സഹകരിക്കുകയും ചെയ്യൽ. അതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:

وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ

നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍ : 5/51)

വിശദീകരണം

ഇസ്‌ലാമിന്റെയും കുഫ്റിന്റെയും ആളുകൾക്കിടയിൽ യുദ്ധമുണ്ടായാൽ, കുഫ്റിന്റെ പക്ഷത്ത് നിൽക്കുകയും, അവരെ സഹായിക്കുകയും, അവരുമായി ഒന്നിച്ച് ഇസ്‌ലാമിന്റെ ആളുകൾക്കെതിരെ വിജയം നേടാൻ ശ്രമിക്കുകയും ചെയ്യുന്നത് അല്ലാഹുവിൽ അവിശ്വസിക്കലാണ്.

{അതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്…}: “അവൻ അവരിൽ പെട്ടവൻ തന്നെയാണ്” എന്നതിനർത്ഥം, ഈ ‘തവല്ലി’ (ഉറ്റബന്ധം സ്ഥാപിക്കൽ) കൊണ്ട് കുഫ്റിൽ അവൻ അവരിൽ പെട്ടവനായി എന്നാണ്. ഇവിടെ ‘തവല്ലി’ കൊണ്ട് ഉദ്ദേശിക്കുന്നത്, കാഫിറുകളുടെ ദീൻ വിജയിക്കണമെന്ന ഉദ്ദേശത്തോടെ, മുസ്‌ലിമിനെതിരെ കാഫിറിനെ സഹായിക്കലാണ്. കാഫിറുകൾ മുസ്‌ലിംകൾക്കെതിരെ വിജയിക്കുന്നത് ഹൃദയം കൊണ്ട് ഇഷ്ടപ്പെടലുമാണ്. ഇത് ഒരു മുസ്‌ലിമിൽ നിന്ന് ഒരിക്കലും സംഭവിക്കുകയില്ല.

‘തവല്ലി’യും ‘മുവാലാത്തും’ (സൗഹൃദം) തമ്മിൽ വ്യത്യാസമുണ്ട്. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ

ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്നേഹബന്ധം സ്ഥാപിച്ച് കൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. (ഖു൪ആന്‍ : 60/1)

‘മുവാലാത്ത്’ എന്നാൽ ദുനിയാവിന്റെ കാര്യത്തിന് വേണ്ടി കാഫിറുകളെ സ്നേഹിക്കുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ്. കാഫിറുകളുടെ ദീൻ വിജയിക്കാനോ, അവരുടെ ദീനിനോടുള്ള താൽപര്യം കൊണ്ടോ അല്ല. ഇത് ഫിസ്ഖും (ധിക്കാരം) വൻപാപങ്ങളിൽ പെട്ടതുമാണ്. എന്നാൽ മില്ലത്തിൽ നിന്ന് പുറത്താക്കുന്ന കുഫ്റല്ല.

التاسع : من اعتقد أن بعض الناس يسعه الخروج عن شريعة محمد صلى الله عليه وسلم كما وسع الخضر الخروج عن شريعة موسى عليه السلام فهو كافر .

ഒമ്പതാമത്തേത്, ചില ആളുകൾക്ക് മുഹമ്മദ് നബിയുടെ ﷺ ശരീഅത്തിൽ നിന്ന് പുറത്തുപോകാൻ അനുവാദമുണ്ടെന്ന് വിശ്വസിക്കൽ, ഖിള്റിന് عليه السلام മൂസാ നബിയുടെ عليه السلام ശരീഅത്തിൽ നിന്ന് പുറത്തുപോകാൻ അനുവാദമുണ്ടായിരുന്നത് പോലെ. ഇങ്ങനെ വിശ്വസിക്കുന്നവൻ കാഫിറാണ്.

വിശദീകരണം

ഇങ്ങനെ വിശ്വസിക്കുന്നതിൽ മുഹമ്മദ് നബിയുടെ ﷺ ശരീഅത്തിനെ നിഷേധിക്കലുണ്ട്. അദ്ദേഹത്തിന്റെ ശരീഅത്ത് ലോകർക്ക് മുഴുവനുമുള്ളതാണ്. അദ്ദേഹം എല്ലാ ജനങ്ങളിലേക്കുമാണ് അയക്കപ്പെട്ടത്. അദ്ദേഹത്തിന് മുമ്പുള്ളവർ പ്രത്യേക സമൂഹത്തിലേക്ക് മാത്രം അയക്കപ്പെട്ടവരായിരുന്നു. അദ്ദേഹം എല്ലാ ജനങ്ങളിലേക്കുമായി അയക്കപ്പെട്ടു. സ്വഹീഹൈനിയിൽ വന്നിരിക്കുന്നു: “…മുമ്പുള്ള നബിമാർ അവരുടെ സമൂഹത്തിലേക്ക് മാത്രമായി അയക്കപ്പെട്ടിരുന്നു. ഞാൻ എല്ലാ ജനങ്ങളിലേക്കുമായി അയക്കപ്പെട്ടിരിക്കുന്നു.”

ചില ആളുകൾക്ക് അദ്ദേഹത്തിന്റെ ശരീഅത്തിൽ നിന്ന് പുറത്തുപോകാൻ അനുവാദമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ, അത് കുഫ്റാണ്. ഖിള്റിന് عليه السلام മൂസയുടെ عليه السلام ശരീഅത്തിൽ നിന്ന് പുറത്തുപോകാൻ അനുവാദമുണ്ടായിരുന്നു എന്നത് തെളിവായി ഉദ്ധരിക്കുന്നത് അസ്ഥാനത്തുള്ളതാണ്. നബി ﷺ പറഞ്ഞു: “മൂസാ عليه السلام എന്റെ കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, എന്നെ പിൻപറ്റുകയല്ലാതെ അദ്ദേഹത്തിന് മറ്റൊന്നും അനുവദനീയമാകുമായിരുന്നില്ല.”

മൂസാ عليه السلام അല്ലാഹുവിനോട് സംസാരിച്ചവനും, ഉലുൽ അസ്മിൽ (ദൃഢനിശ്ചയമുള്ളവരിൽ) പെട്ട റസൂലും, ലോകരക്ഷിതാവിൽ നിന്നുള്ള രിസാലത്ത് (ദൗത്യം) ഉള്ളവനുമായിട്ടും, അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നബി ﷺ യെ പിൻപറ്റുകയല്ലാതെ അദ്ദേഹത്തിന് മാർഗ്ഗമുണ്ടായിരുന്നില്ല. അപ്പോൾ സാധാരണക്കാരായ ആളുകളുടെ കാര്യം എങ്ങനെയായിരിക്കും?!

العاشر: الإعراض عن دين الله، لا يتعلمـه ولا يعمـل به؛ والدليل قوله تعالى:

പത്താമത്തേത്, അല്ലാഹുവിന്റെ ദീനിൽ നിന്ന് പൂർണ്ണമായി തിരിഞ്ഞുകളയൽ. അത് പഠിക്കുകയോ അതനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യാതിരിക്കുക. അതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:

وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ ثُمَّ أَعْرَضَ عَنْهَآ ۚ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ

തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്‌. (ഖു൪ആന്‍ :32/22)

വിശദീകരണം

ഇത് കുഫ്റിന്റെ ഇനങ്ങളിൽ പെട്ടതാണ്. പണ്ഡിതന്മാർ ഇതിനെ ‘കുഫ്റുൽ ഇഅ്റാള്’ (തിരിഞ്ഞുകളയലിന്റെ കുഫ്ർ) എന്ന് വിളിക്കുന്നു. ഒരു മനുഷ്യനിൽ ഇസ്‌ലാമിൽ പ്രവേശിക്കാനുള്ള അടിസ്ഥാനം തന്നെ ഇല്ലാതാവുകയും, അവൻ അതിൽ നിന്ന് പൂർണ്ണമായി തിരിഞ്ഞുകളയുകയും, പഠിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: “കുഫ്റുൽ ഇഅ്റാള് എന്നാൽ, റസൂലിൽ ﷺ നിന്ന് തന്റെ കേൾവിയും ഹൃദയവും കൊണ്ട് തിരിഞ്ഞുകളയലാണ്. അദ്ദേഹത്തെ സത്യപ്പെടുത്തുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല, അദ്ദേഹത്തോട് സൗഹൃദം പുലർത്തുകയോ ശത്രുത വെക്കുകയോ ചെയ്യുന്നില്ല, അദ്ദേഹം കൊണ്ടുവന്നതിലേക്ക് ഒട്ടും ചെവികൊടുക്കുന്നുമില്ല.”

ഇതാണ് ‘കുഫ്റുൽ ഇഅ്റാള്’ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, ചില വാജിബുകൾ (നിർബന്ധ കാര്യങ്ങൾ) ഉപേക്ഷിക്കുന്നതിലൂടെയോ, മുസ്തഹബ്ബുകൾ (ഐച്ഛിക കാര്യങ്ങൾ) ഉപേക്ഷിക്കുന്നതിലൂടെയോ ഉള്ള തിരിഞ്ഞുകളയൽ ഈ ഗണത്തിൽ പെടുകയില്ല.

ഉപസംഹാരം

ولا فرق في جميع هذه النواقض بين الهازل والجاد والخائف إلا المكره وكلها من أعظم ما يكون خطرا وأكثر ما يكون وقوعا فينبغي للمسلم أن يحذرها ويخاف منها على نفسه نعوذ بالله من موجبات غضبه وأليم عقابه , وصلى الله على خير خلقه محمد وعلى آله وصحبه وسلم

ഈ പറഞ്ഞ ‘നവാഖിദു’കളിൽ തമാശ പറയുന്നവനോ, ഗൗരവമായി ചെയ്യുന്നവനോ, ഭയന്ന് ചെയ്യുന്നവനോ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നിർബന്ധിതനായവനൊഴികെ. ഇവയെല്ലാം ഏറ്റവും അപകടം പിടിച്ചതും, ഏറ്റവും കൂടുതൽ സംഭവിക്കുന്നതുമാണ്. അതിനാൽ മുസ്‌ലിം അവയെ സൂക്ഷിക്കുകയും, തന്റെ കാര്യത്തിൽ ഭയപ്പെടുകയും ചെയ്യേണ്ടതാണ്.

അല്ലാഹുവിന്റെ കോപത്തിനും വേദനയേറിയ ശിക്ഷക്കും കാരണമാകുന്ന കാര്യങ്ങളിൽ നിന്ന് നാം അവനോട് അഭയം തേടുന്നു. അവന്റെ സൃഷ്ടികളിൽ ഉത്തമനായ മുഹമ്മദ് നബിക്കും ﷺ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുചരന്മാർക്കും അല്ലാഹു അനുഗ്രഹങ്ങൾ വർഷിക്കട്ടെ.

വിശദീകരണം

{ഈ നവാഖിദുകളിൽ തമാശ പറയുന്നവനോ, ഗൗരവമായി ചെയ്യുന്നവനോ, ഭയന്ന് ചെയ്യുന്നവനോ തമ്മിൽ വ്യത്യാസമില്ല, നിർബന്ധിതനായവനൊഴികെ}: ഇവരെല്ലാം ഒരുപോലെ കാഫിറാകും. ഭയം കൊണ്ടോ, തമാശക്ക് വേണ്ടിയോ, അല്ലെങ്കിൽ ഗൗരവത്തോടെയോ ഈ നവാഖിദുകളിൽ അകപ്പെട്ടാലും ശരി.

{നിർബന്ധിതനായവനൊഴികെ}: കാര്യം ഇക്റാഹിന്റെ (നിർബന്ധിതാവസ്ഥ) ഘട്ടത്തിലെത്തിയാൽ, അതായത് കുഫ്ർ ചെയ്യാൻ നിർബന്ധിക്കപ്പെടുകയും അവൻ അത് ചെയ്യുകയോ പറയുകയോ ചെയ്താൽ, അല്ലാഹു അവനെ ശിക്ഷിക്കുകയില്ല. അതുകൊണ്ട് അവൻ കാഫിറുകളിൽ പെടുകയുമില്ല. അല്ലാഹു പറയുന്നു:

إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ

നിർബന്ധിതനായിരിക്കെ, അവന്റെ ഹൃദയം ഈമാനിൽ ശാന്തമായിരിക്കുന്നവനൊഴികെ. (ഖു൪ആന്‍ :16/106)

‘ഇക്റാഹ്’ സംഭവിക്കുന്നത് വാക്കിലും പ്രവൃത്തിയിലുമാണ്. ഹൃദയത്തിലെ വിശ്വാസത്തിൽ ‘ഇക്റാഹ്’ സംഭവിക്കുകയില്ല. കാരണം, ഒരാളുടെ ഹൃദയത്തിൽ എന്താണെന്ന് അറിയാൻ കഴിയില്ല.

{ഇവയെല്ലാം ഏറ്റവും അപകടം പിടിച്ചതും, ഏറ്റവും കൂടുതൽ സംഭവിക്കുന്നതുമാണ്}: ഈ പത്ത് നവാഖിദുകളും ഏറ്റവും അപകടകരമായ കാര്യങ്ങളും, ഏറ്റവും ദോഷകരമായ വസ്തുക്കളും, ഏറ്റവും വലിയ നാശഹേതുക്കളുമാണ്. അവയിൽ രണ്ട് കാര്യങ്ങൾ ഒരുമിച്ചിരിക്കുന്നു: അവ ഏറ്റവും അപകടകരമാണ്, അവ ഏറ്റവും കൂടുതൽ സംഭവിക്കുന്നതുമാണ്. ഇത് ഈ നവാഖിദുകളെക്കുറിച്ച് ഭയം ജനിപ്പിക്കുന്നു. അതുകൊണ്ടാണ് ഗ്രന്ഥകർത്താവ് പറഞ്ഞത്: “അതിനാൽ മുസ്‌ലിം അവയെ സൂക്ഷിക്കേണ്ടതാണ്.”

{അതിനാൽ മുസ്‌ലിം അവയെ സൂക്ഷിക്കുകയും, തന്റെ കാര്യത്തിൽ ഭയപ്പെടുകയും ചെയ്യേണ്ടതാണ്}: ഇബ്രാഹിം عليه السلام, ഹനീഫുകളുടെ ഇമാം, തന്റെ കൈകൊണ്ട് വിഗ്രഹങ്ങളെ തകർത്ത വ്യക്തി, ഭയന്നുകൊണ്ട് പറഞ്ഞു:

وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ ‎﴿٣٥﴾‏ رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ ٱلنَّاسِ ..﴿٣٦﴾

എന്നെയും എന്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് നീ അകറ്റി നിർത്തേണമേ. എന്റെ രക്ഷിതാവേ, തീർച്ചയായും അവ ധാരാളം മനുഷ്യരെ വഴിപിഴപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍ :14/35-36)

ഇബ്രാഹിം عليه السلام ഭയന്നെങ്കിൽ, ഇബ്രാഹിമിന് ശേഷം ആര് ആപത്തിൽ നിന്ന് നിർഭയനാകും?!

{അല്ലാഹുവിന്റെ കോപത്തിനും വേദനയേറിയ ശിക്ഷക്കും കാരണമാകുന്ന കാര്യങ്ങളിൽ നിന്ന് നാം അവനോട് അഭയം തേടുന്നു}: ഗ്രന്ഥകർത്താവ് رحمه الله ഈ മഹത്തായ പ്രാർത്ഥനയോടെയാണ് അവസാനിപ്പിച്ചത്. ഈ പറഞ്ഞ പത്ത് കാര്യങ്ങളും അല്ലാഹുവിന്റെ കോപത്തിന് കാരണമാകുന്ന ഏറ്റവും വലിയ കാര്യങ്ങളാണ്.
ഈ വിലപ്പെട്ട ലഘുലേഖയായ ‘നവാഖിദുൽ ഇസ്ലാം’ എന്നതിനെക്കുറിച്ചുള്ള സംസാരത്തിന്റെ അവസാനത്തിലെത്തിയിരിക്കുന്നു.

ഇസ്‌ലാമിനെ അസാധുവാക്കുന്ന കാര്യങ്ങളിൽ നിന്ന് നമ്മെയെല്ലാം രക്ഷിക്കാനും, നമ്മുടെ ദീൻ നമുക്ക് വേണ്ടി സംരക്ഷിക്കാനും മഹാനായ അർശിന്റെ റബ്ബായ അല്ലാഹുവിനോട് നാം ചോദിക്കുന്നു. അല്ലാഹുവേ, ഇസ്‌ലാമിൽ നിൽക്കുന്നവരായും, ഇരിക്കുന്നവരായും, ഉറങ്ങുന്നവരായും ഞങ്ങളെ നീ സംരക്ഷിക്കേണമേ. അല്ലാഹുവേ, ഞങ്ങളുടെ കാര്യങ്ങളുടെയെല്ലാം സംരക്ഷണമായ ഞങ്ങളുടെ ദീൻ ഞങ്ങൾക്ക് നീ നന്നാക്കിത്തരേണമേ. ഞങ്ങളുടെ ജീവിതമാർഗ്ഗമുള്ള ദുനിയാവ് ഞങ്ങൾക്ക് നീ നന്നാക്കിത്തരേണമേ. ഞങ്ങളുടെ മടക്കസ്ഥാനമായ ആഖിറത്ത് ഞങ്ങൾക്ക് നീ നന്നാക്കിത്തരേണമേ. ജീവിതം എല്ലാ നന്മകളിലും ഞങ്ങൾക്ക് വർദ്ധനവാക്കേണമേ. മരണം എല്ലാ തിന്മകളിൽ നിന്നും ഞങ്ങൾക്ക് ആശ്വാസമാക്കേണമേ. അല്ലാഹുവേ, കുഫ്റിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ഞങ്ങൾ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നിനക്ക് ഞങ്ങൾ കീഴൊതുങ്ങി, നിന്നിൽ ഞങ്ങൾ വിശ്വസിച്ചു, നിന്നിൽ ഞങ്ങൾ ഭരമേൽപ്പിച്ചു, നിന്നിലേക്ക് ഞങ്ങൾ മടങ്ങി, നിന്റെ സഹായത്താൽ ഞങ്ങൾ തർക്കിച്ചു. നീയല്ലാതെ ആരാധനക്ക് അർഹനില്ലാത്തവനായ നിന്റെ പ്രതാപത്തിൽ ഞങ്ങൾ അഭയം തേടുന്നു, നീ ഞങ്ങളെ വഴിപിഴപ്പിക്കാതിരിക്കാൻ. നീയാണ് മരണമില്ലാത്ത ജീവനുള്ളവൻ, ജിന്നും മനുഷ്യരും മരിക്കുന്നവരാണ്. അല്ലാഹുവേ, ഞങ്ങൾക്കും, ഞങ്ങളുടെ മാതാപിതാക്കൾക്കും, ഞങ്ങളുടെ ശൈഖുമാർക്കും, മുസ്‌ലിം പുരുഷന്മാർക്കും സ്ത്രീകൾക്കും, മുഅ്മിൻ പുരുഷന്മാർക്കും സ്ത്രീകൾക്കും, അവരിൽ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും നീ പൊറുത്തുതരേണമേ.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *