فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَٰقٍ
മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല. (ഖുര്‍ആൻ:2/200)
ചില മനുഷ്യര്‍ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമെങ്കിലും അവര്‍ക്ക് ഐഹികമായകാര്യങ്ങള്‍ മാത്രമെ ലക്ഷ്യമുണ്ടായിരിക്കയുള്ളൂ. ‘റബ്ബേ, ഞങ്ങള്‍ക്ക് ഇഹത്തില്‍ ഇന്നിന്ന കാര്യങ്ങള്‍ നല്‍കണമേ! رَبَّنَا آتِنَا فِي الدُّنْيَا എന്നായിരിക്കും അവരുടെ പ്രാര്‍ത്ഥന. പരലോക കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് പ്രാര്‍ത്ഥിക്കുവാനുണ്ടായിരിക്കുകയില്ല. ഇങ്ങനെയുള്ളവര്‍ക്ക് പരലോകത്തുവെച്ച് ഒന്നും ലഭിക്കുവാനുണ്ടാവുകയില്ല. ഐഹികാവശ്യങ്ങളാകട്ടെ, അല്ലാഹു ഉദ്ദേശിച്ച അളവില്‍ ലഭിച്ചുകൊണ്ടുമിരിക്കും.(അമാനിതഫ്സീര്‍)
സൂറ: ഇസ്‌റാഅ് ൽ അല്ലാഹു പറയുന്നു:
مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا
ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്. (ഖു൪ആന്‍:17/18)
മറ്റൊരു വിഭാഗം ആളുകളെ കുറിച്ച് അല്ലാഹു പറയുന്നു:
وَمِنْهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ
മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്. (ഖുര്‍ആൻ:2/201)
അവര്‍ ഐഹികവും പാരത്രികവുമായ നന്മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുമിരിക്കും. ‘ഞങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും നന്മ നല്‍കേണമേ! رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً എന്നായിരിക്കും അവര്‍ പറയുക. അതെ, ആരോഗ്യം, സമാധാന ജീവിതം, ആവശ്യത്തിനുള്ള ധനം, പാര്‍പ്പിടം, നല്ല വീട്ടുകാര്‍, ജനസമ്മതി, അറിവ്, വിജ്ഞാനം, സല്‍കര്‍മം ചെയ്യാനുള്ള സൗകര്യം, ആപത്തുകളില്‍ നിന്നും വിഷമങ്ങളില്‍ നിന്നുമുള്ള രക്ഷ ആദിയായി ലൗകികമായ എല്ലാ നന്മകള്‍ക്കുവേണ്ടിയും അവര്‍ പ്രാര്‍ത്ഥിക്കും. എന്നാല്‍ അവരുടെ ലക്ഷ്യം അതുകൊണ്ടവസാനിക്കുന്നില്ല. അല്ലാഹുവിന്‍റെ പ്രീതി, പാപമോചനം, സ്വര്‍ഗീയാനുഗ്രഹങ്ങള്‍ തുടങ്ങിയ നന്മകള്‍ ലഭിക്കലായിരിക്കും അവരുടെ പ്രധാന ലക്ഷ്യം. അതുകൊണ്ട് അല്ലാഹുവിന്‍റെ കോപശാപങ്ങള്‍ക്ക് കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്ത് നരകശിക്ഷക്ക് വിധേയരാകാതെ ഞങ്ങളെ കാത്ത് രക്ഷിക്കണേ (وَقِنَا عَذَابَ النَّارِ) എന്നുകൂടി അവര്‍ പ്രാര്‍ത്ഥിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്കും മറ്റുള്ളവരെപ്പോലെ ഇഹത്തില്‍വെച്ച് അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങള്‍ ലഭിക്കും. പരലോകത്തിലാകട്ടെ അവരുടെ പ്രാര്‍ത്ഥനകളും കര്‍മങ്ങളുമായി അവര്‍ ഇഹത്തില്‍വെച്ച് സമ്പാദിച്ചുവെച്ച നേട്ടങ്ങള്‍ക്കനുസരിച്ച് അതിമഹത്തായ ഭാഗ്യം ലഭിക്കുകയും ചെയ്യുന്നു. (അമാനിതഫ്സീര്‍)
ഒരു മാതൃകാ പ്രാര്‍ത്ഥനയായി അല്ലാഹു പഠിപ്പിച്ചുതന്ന ഈ പ്രാര്‍ത്ഥന നാവുകൊണ്ട് ഉച്ചരിക്കുവാന്‍ വളരെ ലഘുവായതോടൊപ്പം ഐഹികവും പാരത്രികവുമായ എല്ലാവിധ നന്മകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള മഹത്തായ ഒരു പ്രാര്‍ത്ഥനയാകുന്നു.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ! പരലോകത്തിലും നന്മ നല്‍കേണമേ, ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യേണമേ എന്നതായിരുന്നു.
അതുകൊണ്ട് തന്നെയാണ് നബി ﷺ ഈ പ്രാര്‍ത്ഥന അധികരിപ്പിച്ചിട്ടുള്ളതും.
عَنْ عَبْدِ الْعَزِيزِ بْنِ صُهَيْبٍ، قَالَ سَأَلَ قَتَادَةُ أَنَسًا أَىُّ دَعْوَةٍ كَانَ يَدْعُو بِهَا رَسُولُ اللَّهِ صلى الله عليه وسلم أَكْثَرَ قَالَ كَانَ أَكْثَرُ دَعْوَةٍ يَدْعُو بِهَا “ اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ” . وَزَادَ زِيَادٌ وَكَانَ أَنَسٌ إِذَا أَرَادَ أَنْ يَدْعُوَ بِدَعْوَةٍ دَعَا بِهَا وَإِذَا أَرَادَ أَنْ يَدْعُوَ بِدُعَاءٍ دَعَا بِهَا فِيهَا .
അനസ് رضي الله عنه വിനോട് ഖത്താദ رضي الله عنه ചോദിച്ചു : അല്ലാഹുവിന്റെ റസൂൽ ﷺ ധാരാളമായി പ്രാർഥിച്ച പ്രാർത്ഥന ഏതായിരുന്നു.?അദ്ദേഹം പറഞ്ഞു : അല്ലാഹുവിന്റെ റസൂൽ ﷺ ധാരാളമായി ചെയ്തിരുന്ന പ്രാർഥിച്ച പ്രാർത്ഥന{അല്ലാഹുവേ ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ! പരലോകത്തിലും നന്മ നല്‍കേണമേ, ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യേണമേ} എന്നതായിരുന്നു. സിയാദിന്റെ രിവായത്തിൽ അധികമായി ഇങ്ങനെ കാണാം : അനസ് رضي الله عنه പ്രാർത്ഥിക്കുമ്പോഴെല്ലാം ഇതായിരുന്നു പ്രാർത്ഥിച്ചത്, മറ്റു വല്ല പ്രാർത്ഥനകളുമാണ് പ്രാർത്ഥിക്കുന്നതെങ്കിൽ അതോടൊപ്പം ഇതും പ്രാർത്ഥിക്കും. (അബൂദാവൂദ് : 1519 – സ്വഹീഹ് അൽബാനി)
عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم عَادَ رَجُلاً مِنَ الْمُسْلِمِينَ قَدْ خَفَتَ فَصَارَ مِثْلَ الْفَرْخِ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ” هَلْ كُنْتَ تَدْعُو بِشَىْءٍ أَوْ تَسْأَلُهُ إِيَّاهُ ” . قَالَ نَعَمْ كُنْتُ أَقُولُ اللَّهُمَّ مَا كُنْتَ مُعَاقِبِي بِهِ فِي الآخِرَةِ فَعَجِّلْهُ لِي فِي الدُّنْيَا . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” سُبْحَانَ اللَّهِ لاَ تُطِيقُهُ – أَوْ لاَ تَسْتَطِيعُهُ – أَفَلاَ قُلْتَ اللَّهُمَّ آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ” .
അനസ് رضي الله عنه വിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ മുസ്‌ലിംകളിലെ ഒരാളെ സന്ദർശിച്ചു, അയാൾ മെലിഞ്ഞ് അവശനായിരുന്നു. നബി ﷺ അയാളോട് ചോദിച്ചു :നിങ്ങൾ എന്തെങ്കിലും പ്രാര്‍ത്ഥിച്ചോ? അതോ അവനോട് അതിനെക്കുറിച്ച് യാചിച്ചോ? അയാൾ പറഞ്ഞു:അതെ, ഞാൻ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: പരലോകത്ത് നീ എനിക്ക് നിശ്ചയിച്ച ശിക്ഷ ഇഹലോകത്ത് എനിക്ക് വിധിക്കണമേ. നബി ﷺ പറഞ്ഞു: സുബ്ഹാനല്ലാഹ്, നിനക്കത് സാധിക്കുകയില്ല. നിനക്ക് ഇപ്രകാരം പറഞ്ഞുകൂടായിരുന്നോ:{അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ! പരലോകത്തിലും നന്മ നല്‍കേണമേ, ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യേണമേ} (മുസ്ലിം:2688)
‘ത്വവാഫി’ൽ ‘ഹജറുൽ അസ്വദിന്റെയും ‘റുകുനുൽ യമാനി’യുടെയും ഇടയിൽ ഈ പ്രാർത്ഥന നിര്‍വ്വഹിക്കാൻ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
kanzululoom.com