അറേബ്യന്‍ ഉപദ്വീപിനെ ഇസ്‌ലാമിന്റെ ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോമന്‍ സൈന്യവുമായി സഖ്യത്തിലുള്ളവരുമായി ശാമിലെ മുഅ്ത എന്ന സ്ഥലത്ത് വെച്ച് നടന്ന പോരാട്ടമാണ് മുഅ്ത യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. ഹിജ്‌റ എട്ടാം വര്‍ഷം ജമാദുൽ അവ്വല്‍ മാസത്തിലായിരുന്നു മുഅ്‌ത യുദ്ധം. ഈ യുദ്ധത്തിൽ നബി ﷺ പങ്കെടുത്തിട്ടില്ല. മുസ്‌ലിം സൈന്യത്തിന്റെ ആദിക്യമായിരുന്നു അതിനു കാരണം. ഈ യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് “ജൈശുൽ ഉമറാഅ്” എന്നാണ് പേർ പറയപ്പെടുന്നത്.
യുദ്ധത്തിലേക്ക് നയിച്ച സാഹചര്യം
ബുസ്‌റയിലെ രാജാവിന് ഒരു കത്തുമായി ഹാരിസുബ്‌നു ഉമൈറുൽ അസ്‌ദി رَضِيَ اللَّهُ عَنْهُ വിനെ നബി ﷺ അയച്ചിരുന്നു. അദ്ദേഹം പോകുന്ന വഴിക്ക് ശുറഹ്ബീലുബ്നു അംറുൽ ഗസ്സാനിയെ കണ്ടു. ഖൈസറിന്റെ കീഴിലുള്ള ബൽഖാഅ് പ്രദേശത്തെ അമീറായിരുന്നു അദ്ദേഹം. ഹാരിസ് رَضِيَ اللَّهُ عَنْهُ വിനെ കണ്ടപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്ന് അയാൾ ചോദിച്ചു. ഞാൻ ശാമിലേക്ക് എന്ന് ഹാരിസ് رَضِيَ اللَّهُ عَنْهُ മറുപടി പറയുകയും ചെയ്തു. അദ്ധേഹം നബി ﷺ യുടെ ദൂതനാണെന്ന് മനസ്സിലാക്കിയ ശുറഹ്ബിൽ അദ്ധേഹത്തെ ബന്ധിക്കുവാൻ കൽപിക്കുകയും ബന്ധനത്തിനു ശേഷം അദ്ദേഹത്തെ കൊല്ലുകയും ചെയ്‌തു.
മുഹമ്മദ് നബി ﷺ നിയോഗിക്കുന്ന ഒരു ദൂതൻ ആദ്യമായാണ് കൊല്ലപ്പെടുന്നത്. ദൂതന്മാരെയും അംബാസിഡർമാരെയും കൊല്ലാൻ പാടില്ലെന്നത് അക്കാലത്തെ അന്താരാഷ്ട്ര നിയമമായിരുന്നു. കള്ളപ്രവാചകനായ മുസൈലിമ മുഹമ്മദ് നബിﷺ ക്ക് മോശമായ തരത്തിൽ ഒരു കത്ത് എഴുതി, തന്റെ ജനതയിൽ നിന്നുള്ള രണ്ട് ആളുകൾ മുഖേനെ ഈ കത്ത് നബിﷺ ക്ക് കൊടുത്തയച്ചിരുന്നു. മുസൈലിമയുടെ കത്ത് നബിﷺ യുടെ മുമ്പിൽ വായിച്ചു കേൾപ്പിച്ചപ്പോൾ കത്തുമായി വന്ന രണ്ട് വ്യക്തികളോട് നബിﷺ ചോദിച്ചു; നിങ്ങൾക്ക് രണ്ടുപേർക്കും എന്താണ് പറയാനുള്ളത്. അവർ പറഞ്ഞു: ‘മുസൈലിമ പറഞ്ഞത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്’. നബി പറഞ്ഞു:
أَمَا وَاللَّهِ لَوْلاَ أَنَّ الرُّسُلَ لاَ تُقْتَلُ لَضَرَبْتُ أَعْنَاقَكُمَا
അല്ലാഹുവാണ് സത്യം, ദൂതന്മാർ ഒരിക്കലും കൊല്ലപ്പെടാൻ പാടില്ല എന്ന നയം ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ രണ്ടു പേരുടെയും പിരടി ഞാൻ വെട്ടുമായിരുന്നു. (അബൂദാവൂദ്:2761)
സൈന്യം മുഅ്തയിലേക്ക്
സത്യത്തിൽ മുസ്‌ലിംകൾക്കെതിരെയുള്ള യുദ്ധത്തിനുള്ള വെല്ലുവിളി പോലെയായിരുന്നു ഹാരിസ് رَضِيَ اللَّهُ عَنْهُ വിന്റെ വധം. തന്റെ ദൂതന്റെ മരണവാർത്ത നബി ﷺ ക്ക് വലിയ പ്രയാസമുണ്ടാക്കി. ഈ സന്ദർഭത്തിലാണത്തിലാണ് ഗസാസിനക്കാരുമായുള്ള യുദ്ധത്തിന് നബി ﷺ ജനങ്ങളെ തയ്യാറാക്കുന്നത്.
മൂവായിരത്തോളം വരുന്ന സൈനികരുമായി ആ സംഘം പുറപ്പെടാൻ തയ്യാറായി സജ്ജമായി. സൈദുബ്നു ഹാരിസ് رَضِيَ اللَّهُ عَنْهُ വിനെയായിരുന്നുയിരുന്നു ഈ വൻസൈന്യത്തിന്റെ അമീറായി നബി ﷺ നിശ്ചയിച്ചിരുന്നത്. അദ്ദേഹം കൊല്ലപ്പെട്ടാൽ ജഅ്ഫറു ബ്നു അബീ ത്വാലിബും അദ്ദേഹവും കൊല്ലപ്പെട്ടാൽ അബ്ദുല്ലാഹിബ്നു റവാഹയും رضى الله عنهما അമീറാകണമെന്ന് നബി ﷺ കൽപ്പിച്ചിരുന്നു.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ أَمَّرَ رَسُولُ اللَّهِ صلى الله عليه وسلم فِي غَزْوَةِ مُوتَةَ زَيْدَ بْنَ حَارِثَةَ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنْ قُتِلَ زَيْدٌ فَجَعْفَرٌ، وَإِنْ قُتِلَ جَعْفَرٌ فَعَبْدُ اللَّهِ بْنُ رَوَاحَةَ ”. قَالَ عَبْدُ اللَّهِ كُنْتُ فِيهِمْ فِي تِلْكَ الْغَزْوَةِ فَالْتَمَسْنَا جَعْفَرَ بْنَ أَبِي طَالِبٍ، فَوَجَدْنَاهُ فِي الْقَتْلَى، وَوَجَدْنَا مَا فِي جَسَدِهِ بِضْعًا وَتِسْعِينَ مِنْ طَعْنَةٍ وَرَمْيَةٍ.
ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ‘മുഅ്ത യുദ്ധത്തില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ സയ്ദ് ഇബ്‌നു ഹാരിഥിനെ അമീറായി നിശ്ചയിച്ചു. എന്നിട്ട് അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: സെയ്ദ് കൊല്ലപ്പെടുകയാണെങ്കില്‍ ജഅ്ഫറും ജഅ്ഫര്‍ കൊല്ലപ്പെടുകയാണെങ്കില്‍ അബ്ദുല്ലാഹ് ഇബ്‌നു റവാഹയും (ആണ് അമീര്‍).(ബുഖാരി: 4261)
വെള്ള നിറത്തിലുള്ള ഒരു കൊടി കെട്ടി സൈദുബ്‌നു ഹാരിസയുടെ കയ്യിൽ നബി ﷺ നൽകുകയുണ്ടായി. ഹാരിസുബ്‌നു ഉമൈർ رَضِيَ اللَّهُ عَنْهُ കൊല്ലപ്പെട്ട സ്‌ഥലത്തേക്ക് ചെല്ലണമെന്നും അവിടെയുള്ളവരെ ഇസ്ലാമിലേക്ക് ക്ഷണിക്കണമെന്നും സൈദ് رَضِيَ اللَّهُ عَنْهُ വിനോടും കൂടെയുള്ളവരോടും നബി ﷺ ഉപദേശിച്ചു. അവർ ക്ഷണം സ്വീകരിക്കുകയാണെങ്കിൽ അവരെ ഒന്നും ചെയ്യേണ്ടതില്ല. അല്ലാത്തപക്ഷം നിങ്ങൾ അല്ലാഹുവിനോട് സഹായം തേടുകയും യുദ്ധം ചെയ്യുകയും ചെയ്‌തു കൊള്ളണമെന്നും നിര്‍ദ്ദേശിച്ചു.
യമനിന്റെ ഭാഗത്തേക്ക് മദീനയിൽ നിന്നും തൊട്ടടുത്തുള്ള ഉള്ള ജർഫ് എന്ന ഭാഗത്ത് സൈനികർ ഒരുമിച്ചു കൂടി. എല്ലാ സൈനികരും യാത്രയ്ക്കുള്ള ഒരുക്കം പൂർത്തിയാക്കിയപ്പോൾ നബി ﷺ അവർക്ക് യാത്ര അയപ്പ് നൽകുകയും എല്ലാവരോടും സലാം പറയുകയും ചെയ്തു. ഈ സന്ദർഭത്തിൽ അബ്‌ദുല്ലാഹിബ്‌നു റവാഹ കരയാൻ തുടങ്ങി. കൂടെയുള്ളയുള്ളവർ ചോദിച്ചു; എന്തിനാണ് താങ്കൾ കരയുന്നത്? അബ്ദുല്ലാഹിബ്നു റവാഹ رَضِيَ اللَّهُ عَنْهُ പറഞ്ഞു: സ്നേഹമോ നിങ്ങളെ വിട്ടു പിരിയുന്നതിലുള്ളമുള്ള വേദനയോ അല്ല എന്നെ കരയിപ്പിച്ചത്. മറിച്ച് ഖുർആനിൽ നിന്നുമുള്ള ഒരു വചനം നബി ﷺ ഓതുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിൽ നരകത്തെക്കുറിച്ച് പറയുന്നുണ്ട്.
وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا
അതിനടുത്ത് (നരകത്തിനടുത്ത്) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്. (ഖു൪ആന്‍: 19/71)
ആ നരകത്തിനു സമീപത്ത് ഞാൻ എത്തിക്കഴിഞ്ഞാൽ അവിടെ നിന്നുള്ള പോക്ക് എങ്ങിനെയായിരിക്കും എന്ന് എനിക്കറിയില്ല. അപ്പോൾ അവിടെ കൂടിയ ആളുകൾ അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്. അല്ലാഹു നിങ്ങൾക്ക് വേണ്ടി പ്രതികരിക്കുകയും സുരക്ഷിതരായി നിങ്ങളെ ഞങ്ങളിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യും. അത് കേട്ടപ്പോൾ അബ്‌ദുല്ലാഹിബ്‌നു റവാഹ അവിടെ നിന്നു കൊണ്ട് ആറു വരി കവിതകൾ ചൊല്ലി. അതിന്റെ ചുരുക്കം ഇ ഇപ്രകാരമാണ്.
{തിരിച്ചുവരാനല്ല ഞാൻ ആഗ്രഹിക്കുന്നത് മറിച്ച് എന്റെ റബ്ബിനോട് ഞാൻ പാപമോചനം തേടുന്നു. അതോടൊപ്പം ശരീരത്തിൽ തുളച്ചു കയറുന്ന കുത്തുകളും എന്റെ കുടലും കരളും വേർ തിരിക്കുന്ന വെട്ടുകളുമാണ് എൻ്റെ റബ്ബിനോട് ഞാൻ തേടുന്നത്. അങ്ങിനെ എന്റെ ശരീരത്തിന്റെ അടുത്തു കൂടെ വല്ലവരും നടന്നു പോയാൽ അല്ലാഹു നേർമാർഗം നൽകുകയും നേർമാർഗം സിദ്ധിക്കുകയും ചെയ്ത യോദ്ധാവാണിത് എന്ന് ആളുകൾ പറയണം}
നബി ﷺനിശ്ചയിച്ച അമീറുമാർക്കും യോദ്ധാക്കൾക്കും യാത്രയയപ്പ് നൽകാനായി അവരുടെ കൂടെ പോയി. സനിയ്യതുൽ വദാഇൽ എത്തിയപ്പോൾ അവർക്ക് യാത്രയപ്പ് നൽകി പറഞ്ഞയച്ചു. മുസ്‌ലിം സൈന്യം മദീനയിൽ നിന്നും ശാമിനു നേരെ പുറപ്പെട്ടു. ശാമിലുള്ള മആൻ എന്ന സ്ഥലത്ത് അവർ എത്തി. മുസ്ലിംകളുടെ വരവിനെക്കുറിച്ച് ശാമുകാർ അറിഞ്ഞപ്പോൾ ശുറഹ്ബീലുബ്‌നു അംറ് ഒരു ലക്ഷത്തോളം വരുന്ന സൈന്യത്തെ തെയ്യാറാക്കി. ലഖ്‌മ്, ജുദാം, ബൽഖീൻ, ബലാ തുടങ്ങിയ ഗോത്രങ്ങളിൽ നിന്നായിരുന്നു ഈ സൈന്യങ്ങൾ. ഇതിനു പുറമേ റോമൻ ചക്രവർത്തി ഹിറഖ്ൽ ഒരു ലക്ഷത്തോളം വരുന്ന സൈന്യവുമായി പുറപ്പെട്ടു. അങ്ങിനെ അവർ ബൽഖാത്ത് പ്രദേശത്തുള്ള മആബിൽ വന്നിറങ്ങി. ഗസാസിനക്കാരുടെയും റോമക്കാരുടെയും സൈന്യങ്ങൾ ഒത്തു ചേർന്നപ്പോൾ മുസ്‌ലിംകൾക്കെതിരെ ഒരുമിച്ച് കൂടിയ വലിയ സൈന്യം രണ്ട് ലക്ഷമായി. സർവ്വ സന്നാഹത്തോടും അസംഖ്യം ആളോകളോടൊപ്പവും വന്നെത്തിയ ഈ വൻ സൈന്യത്തെ കണ്ടപ്പോൾ മുസ്‌ലിംകൾ പരിഭ്രമിച്ചു പോയി.
എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതിനും കൂടിയാലോചന നടത്തുന്നതിനും വേണ്ടി രണ്ടു ദിവസത്തോളം മആൻ എന്ന സ്‌ഥലത്ത് തന്നെ അവർ താമസിച്ചു. കൂടുതൽ ആളുകളെ ആവശ്യപ്പെട്ടു കൊണ്ട് നബി ﷺ ക്ക് കത്തെഴുതണോ അതോ നബി ﷺ യുടെ കല്‌പനപ്രകാരം നമ്മൾ മുന്നോട്ടു നീങ്ങണോ എന്നതായിരുന്നു അവരുടെ ചർച്ച. പിൻവലിയാനുള്ള അഭിപ്രായം ആർക്കും ഉണ്ടായിരുന്നില്ല.
ഈ സന്ദർഭത്തിൽ അബ്‌ദുല്ലാഹിബ്‌നു റവാഹ رَضِيَ اللَّهُ عَنْهُ എണീറ്റ് നിൽക്കുകയും ജനങ്ങൾക്ക് ആവേശം പകർന്നു കൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു. ‘അല്ലയോ സമൂഹമേ, അല്ലാഹുവാണെ സത്യം! നിങ്ങള്‍ (മരണത്തെ) അനിഷ്ടകരമായി കാണുന്നു. നിങ്ങള്‍ രക്തസാക്ഷിത്വം തേടിയാണ് പുറപ്പെട്ടിരിക്കുന്നത്. നാം ജനങ്ങളോട് എണ്ണം കൊണ്ടോ ശക്തികൊണ്ടോ ധാരാളം (ആയുധോപകരണങ്ങള്‍) കൊണ്ടോ അല്ല പോരാടുന്നത്. നാം അവരോട് പോരാടുന്നത് അല്ലാഹു നമ്മെ ആദരിച്ചിട്ടുള്ള ഈ ദീന്‍കൊണ്ടാണ്. അതിനാല്‍ നിങ്ങള്‍ പോകുവിന്‍. നിശ്ചയമായും രണ്ടാല്‍ ഒരു നന്മ ഉണ്ടായിരിക്കും. ഒന്നുകില്‍ വിജയം, ഒന്നുകില്‍ രക്തസാക്ഷിത്വം” (സീറതു ഇബ്‌നു ഹിശാം).
അബ്ദുല്ലാഹ് ഇബ്‌നു റവാഹ رَضِيَ اللَّهُ عَنْهُ വിന്റെ ഈ സംസാരം സ്വഹാബിമാര്‍ക്ക് ആവേശവും ധൈര്യവും പകര്‍ന്നു. അങ്ങിനെ ദൃഢതയോടെയും അല്ലാഹുവിലുള്ള തവക്കുലോടെയും ശത്രുക്കളുമായി ഏറ്റുമുട്ടാനുള്ള തീരുമാനത്തിൽ അവർ ഉറച്ചു. അല്ലാഹുവിന്റെ മാർഗത്തിൽ സഹിക്കുവാനുള്ള ശക്‌തമായ ആഗ്രഹവും അവർക്കുണ്ടായി. മആൻ പ്രദേശത്ത് രണ്ടു ദിവസം താമസിച്ചതിനു ശേഷം മുസ്‌ലിംകൾ ശത്രുക്കളുടെ രാജ്യത്തേക്ക് നീങ്ങി.
ബൽഖാഇലേക്ക് അവർ എത്തിയപ്പോൾ റോമിൽ നിന്നും വന്ന ഹിറഖ്ലിന്റെ സൈന്യവും മശാരിഫിൽ നിന്നും വന്ന അറേബ്യൻ കൃസ്‌ത്യാനികളും അവരെ കണ്ടു. ശത്രുക്കൾ അടുത്തതോടെ മുസ്‌ലിം സൈന്യം മുഅ്‌ത എന്ന ഗ്രാമത്തിലേക്ക് നീങ്ങി. അവിടെ അവർ സൈനികത്താവളമടിച്ചു. മൂവായിരത്തോളം യോദ്ധാക്കൾ ഉൾക്കൊള്ളുന്ന ആ സൈന്യം യുദ്ധത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി. അല്ലാഹുവിന്റെ സൈന്യം യുദ്ധത്തിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. യുദ്ധമാരംഭിച്ചു. അതിശക്തമായ യുദ്ധം. 3000 പേർ രണ്ടുലക്ഷത്തോടാണ് ഏറ്റു മുട്ടുന്നത്. യുദ്ധം തുടങ്ങിയപ്പോൾ പ്രവാചകന്റെ ഹബീബായ സൈദുബ്‌നു ഹാരിസ് رَضِيَ اللَّهُ عَنْهُ വിന്റെ കയ്യിലായിരുന്നു കൊടി ഉണ്ടായിരുന്നത്. അങ്ങേയറ്റത്തെ ശക്തിയോടെയും അപൂർവമായ ധൈര്യത്തോടെയും അദ്ദേഹം യുദ്ധം ചെയ്‌തു. കൂടെ മുസ്‌ലിംകളും. ശത്രുക്കളുടെ ഭാഗത്തു നിന്നും കുന്തം കൊണ്ടുള്ള ആഴമേറിയ ഒരു കുത്ത് സൈദുബ്നു ഹാരിസ് رَضِيَ اللَّهُ عَنْهُ വിന്റെ മരണത്തിന് കാരണമായി. യുദ്ധക്കളത്തിൽ അദ്ദേഹം ശഹീദായി വീണു. മരണം വരെ അദ്ദേഹം പോർക്കളത്തിൽ ഉറച്ചു നിന്നു.
ശേഷം ജഅ്ഫറുബ്നു അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ കൊടിയെടുത്തു. തുല്യതയില്ലാത്ത നിലക്കുള്ള യുദ്ധം അദ്ദേഹം തുടങ്ങി. യുദ്ധത്തിനിടെ അദ്ദേഹം ഇപ്രകാരം പറഞ്ഞു കൊണ്ടിരുന്നു. “സ്വർഗ്ഗം എത്ര നല്ലത്. അതിന്റെ സാമീപ്യം എത്ര രമണീയം. അതിലെ വെള്ളം എത്ര തണുപ്പുള്ളതാണ്. റോമക്കാർക്കുള്ള ശിക്ഷയിതാ അടുത്തിരിക്കുന്നു. നിഷേധികളാണ് അവർ. അവരെ കണ്ടാൽ ഞാൻ വെട്ടും”. ജഅ്ഫര്‍ رَضِيَ اللَّهُ عَنْهُ വിന്റെ വലതു കൈ മുറിഞ്ഞു തൂങ്ങി. അദ്ദേഹം തന്റെ ഇടതു കയ്യിലേക്ക് കൊടി മാറ്റി പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഇടതു കൈയും മുറിഞ്ഞു വീണു. അദ്ദേഹം തന്റെ കക്ഷം കൊണ്ട് കൊടി തന്നിലേക്ക് ചേർത്തി പിടിച്ചു. അവസാനം ജഅ്‌ഫറുബ്‌നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ ശഹീദായി. നഷ്‌ടപ്പെട്ടുപോയ രണ്ടു കൈകൾക്ക് പകരം സ്വർഗ്ഗത്തിൽ രണ്ടു ചിറകുകളാണ് അല്ലാഹു അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. അദ്ദേഹം ഉദ്ദേശിക്കുന്നിടത്തേക്ക് ആ ചിറകുകൾ ഉപയോഗിച്ച് പാറിക്കൊണ്ടിരിക്കുകയാണ്. അതു കൊണ്ടാണ് ജഅ്ഫറുത്ത്വയ്യാർ (പറക്കുന്ന ജാഫർ) എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്.
عَنِ ابْنَ عُمَرَ ـ رضى الله عنهما ـ كَانَ إِذَا سَلَّمَ عَلَى ابْنِ جَعْفَرٍ قَالَ السَّلاَمُ عَلَيْكَ يَا ابْنَ ذِي الْجَنَاحَيْنِ.
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ജഅ്ഫറിന്റെ മക്കളെ കാണുമ്പോൾ നബി ﷺ പ്രകാരം പറയാറുണ്ടായിരുന്നു: രണ്ടു ചിറകുകൾ ഉള്ളവന്റെ മക്കളേ അസ്സലാമു അലൈക്കും. (ബുഖാരി: 3709).
90ൽ അധികം മുറിവുകളാണ് മുഅ്ത യുദ്ധത്തിൽ അദ്ദേഹത്തിന് ഉണ്ടായത്. എല്ലാ മുറിവുകളും ശരീരത്തിന്റെ മുൻഭാഗത്തായിരുന്നു എന്നതാണ് പ്രത്യേകത. പിൻഭാഗത്ത് ഒറ്റ മുറിവ് പോലും ഉണ്ടായിരുന്നില്ല.
ജഅ്ഫർ ശഹീദായി വീണപ്പോൾ അബ്‌ദുല്ലാഹിബ്നു റവാഹ رَضِيَ اللَّهُ عَنْهُ കൊടി എടുത്തു. ആ കൊടിയുമായി അദ്ദേഹം തന്റെ കുതിരപ്പുറത്ത് മുന്നോട്ടുനീങ്ങി. യുദ്ധത്തിന്റെ ഭീകരത കാരണത്താൽ അല്‌പം ചില പ്രയാസങ്ങളൊക്കെ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹം ഇപ്രകാരം പറഞ്ഞു: അല്ലയോ ശരീരമേ, നീ യുദ്ധം ചെയ്തില്ലെങ്കിലും മരിക്കും. മരണം ഇതാ നിന്റെ മുമ്പിൽ വന്നിരിക്കുന്നു. നീ ആഗ്രഹിച്ചതൊക്കെ നിനക്ക് ലഭിച്ചിരിക്കുന്നു…… ശേഷം അദ്ദേഹം തന്റെ കുതിരപ്പുറത്ത് നിന്നും ഇറങ്ങി. ശേഷം വാളെടുത്തു മുന്നോട്ടു നീങ്ങുകയും മരണം വരെ പോരാടുകയും ചെയ്തു.
അബ്ദുല്ലാഹിബ്നു റവാഹ رَضِيَ اللَّهُ عَنْهُ ശഹീദായി കഴിഞ്ഞാൽ ആര് കൊടി എടുക്കണമെന്ന് നിർദ്ദേശം നബി ﷺ നൽകിയിട്ടുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ സാബിതുബ്നു അർഖം رَضِيَ اللَّهُ عَنْهُ കൊടി എടുത്തു കൊണ്ട് ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലയോ മുസ്‌ലിംകളെ, നിങ്ങൾ ഏതെങ്കിലും ഒരാളെ അമീറായി നിശ്ചയിക്കുക. അപ്പോൾ ആളുകൾ പറഞ്ഞു: അത് താങ്കൾ തന്നെ ചെയ്താൽ മതി. സാബിത് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ ചെയ്യുകയില്ല. അങ്ങിനെ ജനങ്ങൾ ഖാലിദുബ്നുൽ വലീദ് رَضِيَ اللَّهُ عَنْهُ വിനെ അമീറായി നിശ്ചയിക്കുകയും അദ്ദേഹം കൊടി എടുക്കുകയും ചെയ്തു.
ഖാലിദ് رَضِيَ اللَّهُ عَنْهُ കൊടിയെടുത്തപ്പോൾ മുസ്‌ലിംകൾ അദ്ദേഹത്തിന് ചുറ്റും ഒരുമിച്ചു കൂടി. അതി ശക്‌തമായ യുദ്ധം അവർ കാഴ്‌ച വെച്ചു. ഏറ്റവും മോശമായ പരാജയം അല്ലാഹു ശത്രുക്കൾക്ക് നൽകുകയും ചെയ്തു. ഒട്ടനവധി ആളുകളെയാണ് മുസ്‌ലിംകൾ ശത്രുപക്ഷത്ത് നിന്ന് കൊലപ്പെടുത്തിയത്. ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഖാലിദുബ്നുൽവലീദ് رَضِيَ اللَّهُ عَنْهُ ആദ്യമായി പങ്കെടുക്കുന്ന യുദ്ധമായിരുന്നു ഇത്.
قَالَ خَالِدُ بْنَ الْوَلِيدِ: لَقَدْ دُقَّ فِي يَدِي يَوْمَ مُوتَةَ تِسْعَةُ أَسْيَافٍ، وَصَبَرَتْ فِي يَدِي صَفِيحَةٌ لِي يَمَانِيَةٌ.
ഖാലിദുബ്നുൽ വലീദ് رَضِيَ اللَّهُ عَنْهُ പറയുകയാണ്: മുഅ്‌ത യുദ്ധ ദിവസം എന്റെ കയ്യിൽ നിന്നും 9 വാളുകളാണ് പൊട്ടിയത്. യമനിൽ ഉണ്ടാക്കപ്പെട്ട ഒരു പരന്ന ഇരുമ്പിന്റെ കഷ്‌ണം മാത്രമാണ് എൻ്റെ കയ്യിൽ ബാക്കിയായത്. (ബുഖാരി: 4266)
മലവെള്ളപ്പാച്ചിൽ പോലെ കടന്നു വന്ന ഈ സൈന്യത്തിന് മുമ്പിൽ ഒരു പകൽ മുഴുവൻ പിടിച്ചു നിൽക്കാൻ ഖാലിദ് رَضِيَ اللَّهُ عَنْهُ വിനും അദ്ദേഹത്തിന്റെ സൈന്യത്തിനും സാധിച്ചു.അല്ലാഹു അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു തന്ത്രം ഇട്ടുകൊടുത്തു. റോമക്കാരുമായുള്ള മുസ്‌ലിംകളുടെ ആദ്യ പോരാട്ടമാണ്. അവരുടെ ശക്തിയും കഴിവും മുസ്‌ലിംകള്‍ക്ക് മുന്‍പരിചയമില്ലായിരുന്നു. ഖാലിദ് رَضِيَ اللَّهُ عَنْهُ മുന്‍നിരയില്‍ എത്തിയപ്പോള്‍ റോമന്‍ സേനയുടെ ശക്തിയും തന്ത്രങ്ങളും മനസ്സിലാക്കി. യുദ്ധത്തില്‍നിന്ന് പിന്തിരിയലാണ് ബുദ്ധി എന്ന് മനസ്സിലാക്കിയ ഖാലിദ് رَضِيَ اللَّهُ عَنْهُ ഒരു തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിം സേനക്ക് ഒരു പുനഃക്രമീകരണം ഏര്‍പ്പെടുത്തി. നേരം പുലർന്നപ്പോൾ ഖാലിദുബ്നുൽവലീദ് رَضِيَ اللَّهُ عَنْهُ സൈന്യത്തിന്റെ രൂപം ഒന്നു മാറ്റി. മുൻപിൽ ഉണ്ടായിരുന്നവരെ പിന്നിലേക്കും പിന്നിലുണ്ടായിരുന്നവരെ മുമ്പിലേക്കും വലതു ഭാഗത്തുണ്ടായിരുന്നവരെ ഇടതു ഭാഗത്തേക്കും ഇടതു ഭാഗത്ത് ഉണ്ടായിരുന്നവരെ വലതു ഭാഗത്തേക്കും അദ്ദേഹം കൊണ്ടു വന്നു. രണ്ടാമത്തെ ദിവസം നേരം പുലർന്നപ്പോൾ മുസ്‌ലിം സൈന്യത്തിൻ്റെ അവസ്‌ഥ കണ്ട് ശത്രുക്കൾ പരിഭ്രാന്തരായി. മുസ്ലിം സൈന്യത്തിലേക്ക് പുതിയ ആളുകളെ കൊണ്ടു വന്നിരിക്കുന്നു എന്നാണ് അവർ കരുതിയത് അങ്ങിനെ ശക്തതമായ നിലക്ക് അവരുമായി ഏറ്റുമുട്ടുകയും അവര്‍ പിന്തിരിഞ്ഞുപോകുകയും അങ്ങനെ അല്ലാഹു അവരെ പരാജയപ്പെടുത്തുകയും ചെയ്തു.
ശത്രു പക്ഷത്തെ പരാജയപ്പെടുത്തിയതിനു ശേഷം ഖാലിദുബ്നു വലീദ് رَضِيَ اللَّهُ عَنْهُ തന്റെ സൈന്യത്തെ പതുക്കെപ്പതുക്കെ പിൻവലിക്കുകയും മദീനയിലേക്ക് മടങ്ങുകയും ചെയ്തു. മദീനയിലേക്ക് അവർ മടങ്ങുന്ന സന്ദർഭത്തിലും ശത്രുക്കൾക്ക് ഒന്നും ചെയ്യാനായില്ല. ഖാലിദുബ്നു വലീദ് رَضِيَ اللَّهُ عَنْهُ വിന് അല്ലാഹു നൽകിയത് വലിയ അനുഗ്രഹമായിരുന്നു. ഇസ്ലാമിലേക്ക് അല്ലാഹു മാർഗ ദർശനം നൽകി. സന്ദർഭങ്ങൾക്കനുസരിച്ച് കാര്യങ്ങളെ നിയന്ത്രിക്കുവാനുള്ള ഹിക്മത്ത് നൽകി. രണ്ടു ലക്ഷത്തോളം വരുന്ന ശത്രു സൈന്യത്തിൽ നിന്നും മുസ്ലിംകളെ രക്ഷിക്കാൻ അല്ലാഹു അദ്ദേഹത്തെ ഒരു കാരണമാക്കി. അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടും അവന്റെ സഹായം കൊണ്ടും വലിയ നാശത്തിന്റെ വക്കിൽ നിന്നാണ് മുസ്‌ലിം സൈന്യത്തെ അദ്ദേഹം രക്ഷിച്ചത്. യുദ്ധ ചരിത്രങ്ങളിൽ തുല്യതയില്ലാത്ത അദ്ദേഹത്തിന്റെ വീര പോരാട്ടവും ബുദ്ധി സാമർത്ഥ്യവും ചരിത്രത്തിനു രേഖപ്പെടുത്താൻ സാധിച്ചു. രണ്ട് തരത്തിലുള്ള വിജയമാണ് അല്ലാഹു ഖാലിദുബ്നു വലീദ് رَضِيَ اللَّهُ عَنْهُ വിലൂടെ ഇവിടെ നൽകിയത്.
(ഒന്ന്) മുശ്രികുകളോട് യുദ്ധം ചെയ്യുകയും അവരിൽ നിന്ന് ഒട്ടനവധി ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു.
(രണ്ട്) നാശത്തിന് വിധേയമാകാതെ മുസ്ലിം സൈന്യത്തെ പതുക്കെപ്പതുക്കെ മദീനയിലേക്ക് കൊണ്ടു പോയി.
സുരക്ഷിതമായി മുസ്‌ലിംകളെ മദീനയിലേക്ക് എത്തിക്കുവാൻ സാധിച്ചു എന്നുള്ളത് തന്നെയായിരുന്നു മുഅത്വ യുദ്ധത്തിൽ അല്ലാഹു അവർക്ക് നൽകിയ ഏറ്റവും വലിയ ഗനീമത്ത് സ്വത്ത്. മുഅ്ത യുദ്ധത്തിൽ നടന്ന സംഭവ വികാസങ്ങളെല്ലാം നബി ﷺ മദീനയിലായിരിക്കെ തന്നെ അല്ലാഹു അറിയിച്ചു കൊടുത്തു. യുദ്ധക്കാരെ കുറിച്ചുള്ള അറിവുകളും മദീനയിൽ എത്തുന്നതിനു മുമ്പു തന്നെ നേതാക്കന്മാർ മരണപ്പെട്ട വിവരവും അറിഞ്ഞു കഴിഞ്ഞു.
……….. قال: فانطلق الجيش فلبثوا ما شاء الله، ثم إن رسول الله صلى الله عليه وسلم صعد المنبر، وأمر أن ينادى الصلاة جامعة، فقال رسول الله صلى الله عليه وسلم: ” ناب خبر، أو ثاب خبر، شك عبد الرحمن، ألا أخبركم عن جيشكم هذا الغازي إنهم انطلقوا حتى لقوا العدو، فأصيب زيد شهيدا، فاستغفروا له “. فاستغفر له الناس، ” ثم أخذ اللواء جعفر بن أبي طالب فشد على القوم حتى قتل شهيدا، أشهد له بالشهادة، فاستغفروا له، ثم أخذ اللواء عبد الله بن رواحة فأثبت قدميه حتى أصيب شهيدا، فاستغفروا له، ثم أخذ اللواء خالد بن الوليد ولم يكن من الأمراء هو أمر نفسه “.
ഖാലിദുബ്നു സുബൈർ رضى الله عنه പറയുന്നു:…… അങ്ങിനെ സൈന്യം പോവുകയും അല്ലാഹു ഉദ്ദേശിച്ച അത്രയും കാലം കഴിയുകയും ചെയ്തപ്പോൾ ഒരു ദിവസം നബി ﷺ മിമ്പറിൽ കയറി. ജനങ്ങളെ നമസ്കാരത്തിനു വേണ്ടി ഒരുമിച്ച് കൂട്ടുവാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് നബി ﷺ ഇപ്രകാരം പറഞ്ഞു: വാർത്ത വന്നെത്തിയിരിക്കുന്നു. (മുഅ്‌തയിലെ വിവരങ്ങൾ) ഇവിടെ നിന്നും പോയ സൈന്യത്തെക്കുറിച്ച് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരട്ടെയോ? അവർ പോവുകയും ശത്രുക്കളെ കണ്ടു മുട്ടുകയും ചെയ്തു. സൈദ് رضى الله عنه ശഹീദായി. അദ്ദേഹത്തിന് വേണ്ടി നിങ്ങൾ പാപമോചന പ്രാർത്ഥന നടത്തുക. അപ്പോൾ ജനങ്ങൾ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു. ശേഷം ജഅ്‌ഫറുബ്നു അബീത്വാലിബ് رضى الله عنه കൊടിയെടുത്തു. അദ്ദേഹം ശക്തമായി പോരാടുകയും ശഹീദാവുകയും ചെയ്‌തു. അദ്ദേഹത്തിന്റെ രക്‌തസാക്ഷിത്വത്തിന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിനു വേണ്ടി നിങ്ങൾ പാപമോചന പ്രാർത്ഥന നടത്തുക. ശേഷം അബ്ദുല്ലാഹിബ്നു റവാഹ رضى الله عنه കൊടി എടുത്തു. അദ്ദേഹം ധീരമായി ഉറച്ചു നിന്നു. അവസാനം അദ്ദേഹം ശഹീദായി. അദ്ദേഹത്തിനു വേണ്ടിയും നിങ്ങൾ പാപമോചന പ്രാർത്ഥന നടത്തുക. ശേഷം ഖാലിദുബ്നു വലീദ് رضى الله عنه കൊടിയെടുത്തു. അദ്ദേഹം തീരുമാനിക്കപ്പെട്ട അമീറുമാരിൽപ്പെട്ട ആളായിരുന്നില്ല. സ്വയം ആ സ്ഥാനം ഏറ്റെടുത്തതാണ്. ശേഷം നബി ﷺ തന്റെ രണ്ടു വിരലുകൾ ഉയർത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവേ ഖാലിദു ബ്‌നുൽ വലീദ് رضى الله عنه നിന്റെ വാളുകളിൽ ഒരു വാളാണ്. അദ്ദേഹത്തെ നീ സഹായിക്കേണമേ. (അഹ്‌മദ്: 22551)
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ خَطَبَ النَّبِيُّ صلى الله عليه وسلم فَقَالَ ” أَخَذَ الرَّايَةَ زَيْدٌ فَأُصِيبَ، ثُمَّ أَخَذَهَا جَعْفَرٌ فَأُصِيبَ، ثُمَّ أَخَذَهَا عَبْدُ اللَّهِ بْنُ رَوَاحَةَ فَأُصِيبَ، ثُمَّ أَخَذَهَا خَالِدُ بْنُ الْوَلِيدِ عَنْ غَيْرِ إِمْرَةٍ فَفُتِحَ لَهُ ـ وَقَالَ ـ مَا يَسُرُّنَا أَنَّهُمْ عِنْدَنَا ”. قَالَ أَيُّوبُ أَوْ قَالَ ” مَا يَسُرُّهُمْ أَنَّهُمْ عِنْدَنَا ”. وَعَيْنَاهُ تَذْرِفَانِ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പ്രസംഗത്തിലായി (ഇപ്രകാരം) പറഞ്ഞു: ‘സൈദ് പതാകയെടുക്കുകയും അദ്ദേഹത്തിന് ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് ജഅ്ഫര്‍ അത് എടുക്കുകയും അദ്ദേഹത്തിന് ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് അബ്ദുല്ലാഹ് ഇബ്‌നു റവാഹ അത് എടുക്കുകയും അദ്ദേഹത്തിനും ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് ഖാലിദ് ഇബ്‌നുല്‍വലീദ് അത് എടുത്തു. നേതൃത്വം ഇല്ലാതെ തന്നെ അദ്ദേഹം വിജയിക്കുകയും ചെയ്തിരിക്കുന്നു.’ (ശേഷം) അവിടുന്ന് പറഞ്ഞു: ‘അവര്‍ നമ്മുടെ അടുക്കല്‍ ഉണ്ടാകുന്നത് നമ്മെ സന്തോഷിപ്പിക്കുന്നില്ല.’ (റിപ്പോര്‍ട്ടറായ) അയ്യൂബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലെങ്കില്‍ അവിടുന്ന് പറഞ്ഞു: ‘അവര്‍ നമ്മുടെ അടുക്കല്‍ ഉണ്ടാകുന്നത് അവരെ സന്തോഷിപ്പിക്കുന്നില്ല.’ ആ സമയത്ത് അവിടുത്തെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു” (ബുഖാരി:2798)
12 പേരാണ് മുസലിംകളിൽ നിന്നും ശഹീദായത്. ശത്രു പക്ഷത്തു നിന്നും ഒട്ടനവധി ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകൾ വിജയശ്രീലാളിതരായിക്കൊണ്ട് മദീനയിലേക്ക് മടങ്ങി. അവർ മദീനയോട് അടുക്കാറായപ്പോൾ നബി ﷺ യും സ്വഹാബിമാരും അവരെ പോയി സ്വീകരിക്കുകയും ആദരവും ബഹുമതിയും അർപ്പിക്കുകയും ചെയ്‌തു.
മുഅ്ത യുദ്ധവുമായി ബന്ധപ്പെട്ട് ധാരാളം പാഠങ്ങൾ നമുക്ക് മനസ്സിലാക്കാനുണ്ട്. അതിൽ പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കുന്നു.
മുഅ്ജിസത്ത്
മൂവായിരത്തോളം വരുന്ന സൈനികരെ അയക്കുമ്പോൾ സൈദുബ്നു ഹാരിസ് رَضِيَ اللَّهُ عَنْهُ വിനെയായിരുന്നു യിരുന്നു അമീറായി നബി ﷺ നിശ്ചയിച്ചിരുന്നത്. അദ്ദേഹം കൊല്ലപ്പെട്ടാൽ ജഅ്ഫറു ബ്നു അബീ ത്വാലിബും അദ്ദേഹവും കൊല്ലപ്പെട്ടാൽ അബ്ദുല്ലാഹിബ്നു റവാഹയും رضى الله عنهما അമീറാകണമെന്ന് നബി ﷺ കൽപ്പിച്ചിരുന്നു. അവര്‍ കൊല്ലപ്പെടുമെന്നുളളതുകൊണ്ടു തന്നെയായിരുന്നു നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുള്ളത്.
പ്രവാചകന്മാര്‍ ചിലപ്പോള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയാറുണ്ട്. അതും അവര്‍ സ്വന്തം അറിയുന്നതല്ല, അല്ലാഹു വഹ്‌യിലൂടെ അറിയിക്കുന്നതാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക:
عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا ﴿٢٦﴾ إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ …. ﴿٢٧﴾
അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. ….(ഖു൪ആന്‍:72/26-27)
എന്നതല്ലാതെ പ്രവാചകൻമാര്‍ എല്ലായ്പ്പോഴും അദൃശ്യം അറിയുന്നവരല്ല. ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് വിശുദ്ധ ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.
قُلْ إِنَّمَا ٱلْغَيْبُ لِلَّهِ
(നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമാകുന്നു. (ഖു൪ആന്‍: 10/20)
وَلِلَّهِ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ
ആകാശ ഭൂമികളിലെ അദൃശ്യ യാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിനുള്ളതാണ്. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല. (ഖു൪ആന്‍:11/123)
സൃഷ്ടികളില്‍ ഒരാള്‍ക്കും ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയില്ലെന്നുള്ളതും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.
وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ
അവന്റെ (അല്ലാഹുവിന്റെ) പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ താക്കോലുകൾ. അവനല്ലാതെ അവ അറിയുകയില്ല. (ഖു൪ആന്‍: 6/59)
വിജയത്തിന് നിദാനം ആദര്‍ശം
നബി ﷺ യുടെ സ്വഹാബിമാര്‍ക്ക് ആള്‍ബലവും ആയുധബലവുമല്ല ശക്തിപകര്‍ന്നത്. ഇവ രണ്ടും നന്നെ ശത്രുക്കളെ അപേക്ഷിച്ച് തീരെ കുറവായിരുന്നു. ആദര്‍ശബലമാണ് വിജയത്തിന് തുണയായത്. അല്ലാഹുവിന്റെ സഹായം അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ശിര്‍ക്കിന്റെ യാതൊരും അംശവും കലരാത്ത വിശ്വാസം സ്വീകരിച്ചവര്‍ക്കാണ്. അല്ലാഹു പറയുന്നത് കാണുക:
إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:22/38)
وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ
വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു. (ഖു൪ആന്‍:30/47)
وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ
നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍. (ഖു൪ആന്‍:3/139)
അല്ലാഹുവിന്റെ സഹായവും സംരക്ഷണവും കിട്ടുന്നതിനുള്ള മറ്റ് ചില കാര്യങ്ങളും അവന്‍തന്നെ പറഞ്ഞിട്ടുണ്ട്. പ്രസ്തുത വചനങ്ങളില്‍ തന്നെ അല്ലാഹുവിന്റെ സഹായവും സംരക്ഷണവും കിട്ടുന്നതിനുള്ള നിബന്ധനയം സൂചിപ്പിച്ചിട്ടുണ്ട്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:47/7)
അല്ലാഹുവിന്‍റെ മതത്തെയും, അതിന്‍റെ പ്രബോധനത്തെയും സംരക്ഷിക്കുക, അതിനുവേണ്ടുന്ന സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിക്കുക ഇതാണ് അല്ലാഹുവിനെ സഹായിക്കുക എന്നതിന്‍റെ താല്‍പര്യം. അങ്ങിനെ ചെയ്യുമ്പോള്‍, അല്ലാഹു അവര്‍ക്കു വിജയവും, പ്രതാപവും നല്‍കുകയും, ശത്രുക്കളുടെ മുമ്പില്‍ സ്ഥൈര്യവും, ധൈര്യവും നല്‍കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ എക്കാലത്തും – ഈ കാലത്തു പ്രത്യേകിച്ചും – സദാ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ഒരു വചനമാണിത്. അല്ലാഹുവിന്‍റെ സഹായം എപ്പോള്‍, എവിടെ, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിന്നുവോ, അപ്പോള്‍, അവിടെ അതിനു കാരണക്കാര്‍ മുസ്‌ലിംകള്‍ തന്നെയായിരിക്കുമെന്നു ഇതില്‍ നിന്നും വ്യക്തമാണല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 47/7 ന്റെ വിശദീകരണം)
kanzululoom.com