وَيْلٌ لِّلْمُطَفِّفِينَ
അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. (1)
{മഹാനാശം} ശിക്ഷയെയും നാശത്തെയും സൂചിപ്പിക്കുന്ന പദം. {അളവില്‍ കുറവ് വരുത്തുന്നവര്‍} ആരാണെന്ന് അല്ലാഹു തന്നെ വിശദീകരിക്കുന്നു.
ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ
അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും. (2)
{അതായത് ജനങ്ങളോട് അളന്നു വാങ്ങുകയാണെങ്കില്‍} അവര്‍ക്കുള്ളത് എത്രയാണോ അതവര്‍ സ്വീകരിക്കുന്നു {തികച്ചെടുക്കുന്നു}. ഒന്നും കുറക്കാതെ, പൂര്‍ണമായി.
وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ
ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. (3)
{ജനങ്ങള്‍ക്ക് അളന്ന് കൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍} ജനങ്ങള്‍ക്കുള്ള അവകാശം അങ്ങോട്ട് നല്‍കുമ്പോഴാകട്ടെ, അവര്‍ അളവിലും തൂക്കത്തിലും {അവര്‍ നഷ്ടം വരുത്തുകയും ചെയ്യുന്നു}. അളവിലും തൂക്കത്തിലും കുറവ് വരുത്തിയോ അളവും തൂക്കവും പൂര്‍ണമാക്കാതെയോ മറ്റേതെങ്കിലും രൂപത്തിലോ അവര്‍ നഷ്ടം വരുത്തുന്നു.
ഇത് യഥാര്‍ഥത്തില്‍ ജനങ്ങളുടെ സ്വത്ത് മോഷ്ടിക്കലും അവരോട് അനീതി ചെയ്യലുമാണ്. അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവരോടാണ് ഈ താക്കീതെങ്കിലും ജനങ്ങളുടെ ധനം ശക്തി ഉപയോഗിച്ച് മോഷ്ടിച്ചു കൈവശപ്പെടുത്തുന്നവര്‍ ഇവരെക്കാളും ഈ താക്കീതിന്നര്‍ഹരാണ്. ഇടപാടുകളില്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നവര്‍ അവര്‍ക്ക് തിരിച്ചുനല്‍കുമ്പോഴും അവരുടെ അവകാശങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കാന്‍ ബാധ്യസ്ഥരാണ്.
പൊതുവായി മറ്റു ചില കാര്യങ്ങളും ഇതില്‍ ഉള്‍പെടുന്നു. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ പതിവനുസരിച്ച് ഓരോരുത്തരും തങ്ങള്‍ക്ക് അനുകൂലമായ വാക്കുകളും തെളിവുകളും സ്വീകരിക്കുന്നു. അതിനു താല്‍പര്യം കാണിക്കുന്നു. അതോടൊപ്പം തന്റെ എതിരാളിയുടെ തെളിവുകളും ന്യായങ്ങളും കൂടി സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. തനിക്കനുകൂലമായ തെളിവുകളെ കാണുന്ന പോലെ എതിരാളിയുടെ തെളിവിലെ ന്യായങ്ങളും കാണണം. മാനുഷികനീതിയാണ് ഇവിടെ വ്യക്തമാവുന്നത്. ഇതില്‍നിന്നും മനുഷ്യന്‍ കക്ഷിത്വത്തില്‍ നിന്നും പക്ഷപാതിത്വത്തില്‍ നിന്നും മാറി അഹങ്കാരത്തിനു പകരം വിനയവും അവിവേകത്തിനു പകരം വിവേകവുമുള്ളവനാകണമെന്ന് മനസ്സിലാക്കാം. അല്ലാഹു നന്മയിലേക്കു നമ്മെ വഴി നടത്തട്ടെ. പിന്നീട് അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവരെ താക്കീത് ചെയ്യുകയും അവരുടെ നിലപാടിലും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നതിലും അല്ലാഹു അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ ﴿٤﴾ لِيَوْمٍ عَظِيمٍ ﴿٥﴾ يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ ﴿٦﴾
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട് അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം. (4-6)
അളവിലും തൂക്കത്തിലും കുറവ് വരുത്താന്‍ ധൈര്യപ്പെടുന്നവര്‍ അന്ത്യദിനത്തില്‍ വിശ്വസിക്കാത്തവരാണ്. മറിച്ച് അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരുമെന്നും അധികമാണെങ്കിലും കുറവാണെങ്കിലും അതിന്റെ മേല്‍ വിചാരണ ചെയ്യപ്പെടുമെന്നും മനസ്സിലാക്കിയിരുന്നുവെങ്കില്‍ അവരത് ഉപേക്ഷിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുമായിരുന്നു.
كـَلَّآ إِنَّ كِتَٰبَ ٱلْفُجَّارِ لَفِى سِجِّينٍ
നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും. (7)
അവിശ്വാസികള്‍, കപടവിശ്വാസികള്‍, പാപികള്‍ തുടങ്ങിയ എല്ലാ അധര്‍മകാരികളും ഇതില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് അതിനെ വിശദീകരിക്കുന്നു.
وَمَآ أَدْرَىٰكَ مَا سِجِّينٌ ﴿٨﴾ كِتَٰبٌ مَّرْقُومٌ ﴿٩﴾
സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്. (8-9)
അവരുടെ മോശം പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കപ്പെട്ട ഗ്രന്ഥം. ‘സിജ്ജീന്‍’ എന്നാല്‍ ഇടുങ്ങിയതും കുടുസ്സായതുമായ സ്ഥലം എന്നാണര്‍ഥം. സിജ്ജീന്‍ എന്നതിന്റെ വിപരീതമാണ് ഇല്ലിയ്യീന്‍. അത് പുണ്യവാന്മാരുടെ രേഖയുടെ സ്ഥാനമാണ്.
മറ്റൊരഭിപ്രായം: സിജ്ജീന്‍ എന്നത് ഏഴാമത്തെ ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭാഗമാണെന്നാണ്. അധര്‍മകാരികളുടെ സങ്കേതം. അവര്‍ക്ക് തിരിച്ചെത്താനുള്ള സ്ഥിരവാസ കേന്ദ്രം.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം. (10)
തുടര്‍ന്ന് അവരാരാണെന്ന് വിശദീകരിക്കുന്നു.
ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ
അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്. (11)
പ്രതിഫലദിനം: തങ്ങളുടെ പ്രവര്‍ത്തനങ്ങളാല്‍ ജനങ്ങള്‍ അല്ലാഹുവിന് വിധേയരാകുന്ന ദിവസം.
وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ
എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല. (12)
{എല്ലാ അതിരുവിട്ടവൻ അല്ലാതെ അതിനെ നിഷേധിച്ച് തള്ളുകയില്ല} അല്ലാഹു നിഷിദ്ധമാക്കിയതിലേക്ക്, അനുവദനീയമായതില്‍ നിന്ന് നിഷിദ്ധമാക്കിയതിലേക്ക് അതിരുവിട്ട് കടന്നവര്‍.
{മഹാപാപിയും} ധാരാളം പാപം ചെയ്തവന്‍.
ഈ പ്രയോഗം അവന്റെ അങ്ങേയറ്റത്തെ നിഷേധത്തെ അറിയിക്കുന്നു. അവന്‍ അഹങ്കാരിയും സത്യത്തെ തള്ളിക്കളയുന്നവനുമാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. അതാണ് തുടര്‍ന്ന് പറയുന്നത്.
إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ ﴿١٣﴾ كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ ﴿١٤﴾
അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്. അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു. (13-14)
{അവന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെടുകയാണെങ്കില്‍} സത്യം ബോധ്യപ്പെടുത്തുന്നതും പ്രവാചകന്മാരുടെ സത്യതയെ അറിയിക്കുന്നതുമായ വചനങ്ങള്‍ കളവാക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. {അവന്‍ പറയും:} ഇത് {പൂര്‍വികന്മാരുടെ ഐതിഹ്യങ്ങളാണെന്ന്}. അഹങ്കാരത്താലും ധിക്കാരത്താലും അവര്‍ പറയുന്നു. ഇത് അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ളതല്ല, മുന്‍ സമുദായങ്ങളുടെ വര്‍ത്തമാനങ്ങളാണ്, പൂര്‍വിക ജല്‍പനങ്ങളാണ് എന്ന്.
എന്നാല്‍ നീതിയുടെ പക്ഷത്ത് നില്‍ക്കുന്നവര്‍ വ്യക്തമായ സത്യത്തെയാണ് ലക്ഷ്യമാക്കുന്നത്. അവന്‍ പരലോകത്തെ കളവാക്കുകയില്ല. കാരണം അതിനു മാത്രം ഖണ്ഡിതമായ തെളിവുകളും രേഖകളും അല്ലാഹു അതിന് നിലനിര്‍ത്തിയിട്ടുണ്ട്. അങ്ങനെ അതിനെ ഉറച്ച സത്യമാക്കി. അവരുടെ ദൃഷ്ടികളില്‍ അത് സൂര്യനെപ്പോലെ വ്യക്തമാണ്. എന്നാല്‍ താന്‍ സമ്പാദിച്ച തിന്മക്കറകളാല്‍ ഹൃദയത്തില്‍ കറപിടിച്ചവന്‍, തെറ്റുകളില്‍ മൂടിയവന്‍ സത്യത്തെ തൊട്ട് മറ വീണവനാണ്.
كـَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു. (15)
ഇത് അവന്റെ നിലപാടിന്റെ ഫലമാണ്. അല്ലാഹുവില്‍ നിന്ന് അവന് മറയിടപ്പെട്ടു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് അവന്റെ ഹൃദയം മറയിട്ടതുപോലെ.
ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ
പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു. (16)
{പിന്നീടവര്‍} ഈ വലിയ ശിക്ഷയോടൊപ്പം {ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു}
ثُمَّ يُقَالُ هَٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം. (17)
പിന്നീട് അവനെ അപമാനിച്ചും പരിഹസിച്ചും അവനോട് പറയപ്പെട്ടും {ഇതാണ് നിങ്ങള്‍ നിഷേധിച്ചു തള്ളിക്കൊണ്ടിരുന്ന കാര്യം}
മൂന്ന് തരം ശിക്ഷകള്‍ അവര്‍ക്കുണ്ടെന്നാണ് ഇവിടെ പറഞ്ഞത്. നരകശിക്ഷ, ആക്ഷേപത്തിന്റെയും അപമാനത്തിന്റെയും ശിക്ഷ, അല്ലാഹുവില്‍ നിന്നു മറയിടപ്പെടുന്ന ശിക്ഷ. ഇതില്‍ അല്ലാഹുവിന്റെ കോപവും വെറുപ്പുമുണ്ട്. അതിനാല്‍ അത് നരകശിക്ഷയെക്കാളും കഠിനമാണ്.
ഈ വചനത്തില്‍ നിന്ന് വ്യക്തമാവുന്ന മറ്റൊരു കാര്യം, ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ സ്വര്‍ഗത്തില്‍ വെച്ച് വിശ്വാസികള്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുമെന്നതാണ്. ആ കാഴ്ച മൂലം മറ്റെല്ലാ ആസ്വാദനത്തെക്കാളും ആനന്ദകരമാണ്. അവനോടുള്ള അഭിമുഖത്താല്‍ അവര്‍ ആഹ്ലാദിക്കുകയും അവന്റെ സാമീപ്യത്താല്‍ അവര്‍ സന്തോഷിക്കുകയും ചെയ്യും. ഈ കാര്യം ധാരാളം ക്വുര്‍ആന്‍ വചനങ്ങളിലും നബിവചനങ്ങളിലും വന്നിട്ടുണ്ട്.
മറ്റൊരു കാര്യം ഈ വചനത്തിലുള്ളത് തിന്മയെക്കുറിച്ചുള്ള താക്കീതാണ്. അത് ഹൃദയത്തെ മൂടുകയും അല്‍പാല്‍പമായി കറപിടിപ്പിക്കുകയും ചെയ്യും. അങ്ങനെ അവന്റെ ഹൃദയത്തിന്റെ വെളിച്ചം അണയും. ഉള്‍ക്കാഴ്ച മരിക്കും. യാഥാര്‍ഥ്യബോധം തലകീഴായി മറിയും. സത്യത്തെ അസത്യമായി കാണും. അസത്യത്തെ സത്യമായി കാണും. ഇത് പാപങ്ങള്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷയാണ്.
كـَلَّآ إِنَّ كِتَٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ ﴿١٨﴾ وَمَآ أَدْرَىٰكَ مَا عِلِّيُّونَ ﴿١٩﴾ كِتَٰبٌ مَّرْقُومٌ ﴿٢٠﴾ يَشْهَدُهُ ٱلْمُقَرَّبُونَ ﴿٢١﴾ إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ ﴿٢٢﴾
നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും. ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? എഴുതപ്പെട്ട ഒരു രേഖയത്രെ അത്. സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്. തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. (18-22)
അധര്‍മകാരികളുടെ രേഖ ഏറ്റവും താഴ്ന്നതും ഇടുങ്ങിയതുമായ സ്ഥലത്താണെന്ന് പറഞ്ഞപ്പോള്‍ പുണ്യവാന്മാരുടെ രേഖ ഏറ്റവും ഉന്നതവും വിശാലവുമായ സ്ഥാനത്താണെന്നു പറഞ്ഞു. അവരുടെ രേഖ എഴുതപ്പെട്ടതാണ്. {സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്}. അതായത് ആദരണീയരായ മലക്കുകള്‍. പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും ആത്മാവുകള്‍. ഉന്നത ലോകത്ത് അവരെ പരാമര്‍ശിക്കുന്നതിലൂടെ പ്രശസ്തരാകും. ഇല്ലിയ്യൂന്‍ എന്നത് സ്വര്‍ഗത്തില്‍ ഉന്നതമായതാണ്. അവരുടെ രേഖയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ സുഖാനുഗ്രഹത്തിലാണെന്നു പറഞ്ഞു. അതില്‍ ഹൃദയവും ആത്മാവും ശരീരവും അനുഭവിക്കുന്ന സര്‍വ സുഖങ്ങളും ഉള്‍പ്പെടുന്നു.
عَلَى ٱلْأَرَآئِكِ يَنظُرُونَ
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. (23)
{സോഫകളിലായി} മനോഹരമായ വിരിപ്പുകളില്‍ അലംകൃതമായ കട്ടിലുകളില്‍ {അവര്‍ നോക്കിക്കൊണ്ടിരിക്കും}. അവര്‍ക്ക് അല്ലാഹു തയ്യാറാക്കിയ സന്തോഷങ്ങളിലേക്ക്; ഔദാര്യവാനായ അവരുടെ രക്ഷിതാവിന്റെ മുഖത്തേക്കും.
تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ
അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം. (24)
{നിനക്കറിയാം} അവരിലേക്ക് നോക്കുന്നവന്. ({അവരുടെ മുഖങ്ങളില്‍ സുഖാനുഗ്രഹത്തിന്റെ തിളക്കം} അതിന്റെ ശോഭയും പ്രസന്നതയും ഭംഗിയും എന്നര്‍ഥം.
يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ﴿٢٥﴾ خِتَٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَٰفِسُونَ ﴿٢٦﴾
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ. (25-26)
{ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും}. അത് പാനീയങ്ങളില്‍ ഏറ്റവും ശുദ്ധവും രുചിയേറിയതുമായിരിക്കും. {മുദ്രവെക്കപ്പെട്ടത്} ആണ് ആ പാനീയം. {അതിന്റെ മുദ്ര കസ്തൂരിയായിരിക്കും} മുദ്രവെക്കപ്പെട്ടത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിന്റെ ആസ്വാദനത്തെ മറക്കുന്നതോ രുചിയെ കേടുവരുത്തുന്നതോ ആയ ഒന്നും അതില്‍ പ്രവേശിക്കുകയില്ല എന്നാണ്. അതിനാണ് കസ്തൂരി കൊണ്ടുള്ള മുദ്ര.
മറ്റൊരാശയം: ആ മദ്യം കുടിച്ചുതീരുമ്പോള്‍ പാത്രത്തിനടിയില്‍ അവസാനമെത്തുന്നത് കസ്തൂരിയായിരിക്കും. ഇവിടെ ഈ അവശിഷ്ടം ഒഴിച്ചുകളയലാണ് അവിടെ അത് ഏറ്റവും ശ്രേഷ്ഠമായതാണ്. {അതിനു വേണ്ടി} അല്ലാഹുവിനല്ലാതെ മേന്മയും അളവും ഒരാള്‍ക്കുമറിയാത്ത നിത്യ സുഖജീവിതത്തിനു വേണ്ടി. {മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ}. അതിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ധൃതി കാണിക്കാന്‍ അവര്‍ മത്സരിക്കട്ടെ, അത് നേടുന്നതിന് ഏറ്റവും വിലപ്പെട്ടതിനെ ത്യാഗം ചെയ്യുന്നതിൽ മുൻഗണന നൽകണം, കാരണം ഉന്നതരായ ആളുകൾ നേടിയെടുക്കാൻ മത്സരിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും അർഹതയുള്ളതിതിനാണ്.
وَمِزَاجُهُۥ مِن تَسْنِيمٍ ﴿٢٧﴾ عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ ﴿٢٨﴾
അതിലെ ചേരുവ തസ്നീം ആയിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം. (27-28)
അവര്‍ക്കു മാത്രം സ്വര്‍ഗ പാനീയങ്ങളില്‍ ഏറ്റവും ഉന്നതമായത്. അതിനാല്‍ തന്നെ അത് സാമീപ്യം സിദ്ധിച്ചവര്‍ക്ക് മാത്രം പ്രത്യേകമാണ്; സൃഷ്ടികളില്‍ ഉന്നത സ്ഥാനീയര്‍ക്ക്. നന്മയുടെ പക്ഷക്കാര്‍ക്കു വേണ്ടി കലര്‍ത്തിയുണ്ടാക്കിയത്. രുചികരമായ പാനീയങ്ങളും ശുദ്ധമായ മദ്യവും ചേര്‍ത്തത്.
إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ ﴿٢٩﴾ وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ ﴿٣٠﴾
തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു. (29-30)
സുകൃതവാന്മാരുടെയും കുറ്റവാളികളുടെയും പ്രതിഫലത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അവര്‍ക്കിടയിലുള്ള പ്രതിഫലത്തിന്റെ അന്തരവും വ്യക്തമാക്കി. കുറ്റവാളികള്‍ ഇഹലോക ജീവിതത്തില്‍ വെച്ച് സത്യവിശ്വാസികളെ പരിഹസിച്ച് ചിരിക്കുകയായിരുന്നു. പരസ്പരം ഗോഷ്ടി കാണിക്കുകയും ചെയ്യുമായിരുന്നു. അവര്‍ അവരുടെ അരികിലൂടെ കടന്നുപോകുമ്പോള്‍ അവരെ മോശമാക്കുവാനും നിന്ദിക്കുവാനും വേണ്ടിയായിരുന്നു അത്. എന്നാല്‍ വിശ്വാസികള്‍, നിര്‍ഭയത്വത്തോടെയും സാമാധാനത്തോടെയും നില്‍ക്കുന്നതായിരുന്നു അവരുടെ അവസ്ഥ.
وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ ﴿٣١﴾ وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَٰٓؤُلَآءِ لَضَآلُّونَ ﴿٣٢﴾
അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചു ചെല്ലുമായിരുന്നു. അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു. (31-32)
{അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചു ചെല്ലുമ്പോള്‍} രാവിലെയും വൈകുന്നേരവും {രസിച്ചുകൊണ്ടവര്‍ തിരിച്ചു ചെല്ലുമായിരുന്നു}. സന്തുഷ്ടരും സന്തോഷവാന്മാരുമായി.
ഏറ്റവും വലിയ വഞ്ചനയിലാണ് കുറ്റവാളികള്‍ അകപ്പെട്ടത്. അങ്ങേയറ്റത്തെ തിന്മയാണ് അവര്‍ ഒരുമിച്ചുകൂട്ടിയത്. അല്ലാഹുവിന്റെ അടുക്കല്‍ നിന്നും അവര്‍ക്ക് രേഖയും ഉറപ്പും കിട്ടിയതു പോലെ അവര്‍ ഇഹലോകത്ത് നിര്‍ഭയരായി. തങ്ങള്‍ സൗഭാഗ്യവാന്മാരാണെന്ന് അവര്‍ സ്വയം വിധിച്ചു; വിശ്വാസികള്‍ പിഴച്ചവരാണെന്നും. അവര്‍ അല്ലാഹുവിന്റെ മേല്‍ കളവ് പറയുകയും അറിയാത്തത് പറയാന്‍ ധൈര്യം കാണിക്കുകയും ചെയ്തു.
وَمَآ أُرْسِلُوا۟ عَلَيْهِمْ حَٰفِظِينَ
അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല. (33)
വിശ്വാസികളുടെ പ്രവര്‍ത്തനങ്ങള്‍ സദാ നിരീക്ഷിച്ച് അവരുടെ കാര്യം നോക്കാന്‍ അവര്‍ നിയോഗിക്കപ്പെട്ടിട്ടില്ല. വഴികേടാരോപിക്കാന്‍ വരെ അവര്‍ ധൈര്യം കാണിച്ചു. ഇത് അവരുടെ ധിക്കാരം മാത്രമാണ്. തെളിവോ അവലംബമോ ഇതിനവര്‍ക്കില്ല. അതിനാല്‍ അവരുടെ പ്രവര്‍ത്തനത്തിന്റെതായ ഫലം അവര്‍ക്ക് പരലോകത്തുണ്ട്.
فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ
എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്. (34)
അല്ലാഹു പറയുന്നു: {എന്നാല്‍ അന്ന്} അതായത് ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍. {ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്}. ശിക്ഷയുടെ വെപ്രാളത്തില്‍ അവര്‍ കിടന്ന് മറിയുന്നത് കാണുമ്പോള്‍. അവര്‍ മുമ്പ് ആരോപിച്ച് പറഞ്ഞതെല്ലാം വെറുതെയായിപ്പോകും.
عَلَى ٱلْأَرَآئِكِ يَنظُرُونَ
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. (35)
സത്യവിശ്വാസികളാകട്ടെ, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പാരമ്യതയിലായിരിക്കും. {സോഫകളില്‍ ഇരുന്ന്} അലംകൃതമായ കട്ടിലുകളാണത്. {അവര്‍ നോക്കിക്കൊണ്ടിരിക്കും} അല്ലാഹു അവര്‍ക്കൊരുക്കിയ സുഖാനുഗ്രഹങ്ങളിലേക്കും ഉദാരനായ തങ്ങളുടെ രക്ഷിതാവിന്റെ മുഖത്തേക്കും.
هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ
സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്. (36)
അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയല്ലേ പ്രതിഫലം ലഭിച്ചത്. അവര്‍ സത്യവിശ്വാസികളെ പരിഹസിച്ച് ചിരിച്ചതിന്, വഴികേട് ആരോപിച്ചതിന്. പരലോകത്ത് വെച്ച് സത്യവിശ്വാസികള്‍ പകരം ചിരിക്കും; അവര്‍ക്കുള്ള ശിക്ഷയും പ്രതികാര നടപടികളും കാണുമ്പോള്‍. അതവരുടെ ദുഷ്പ്രവൃത്തികള്‍ക്കും വഴികേടിനും ഉള്ള ശിക്ഷയാണ്.
അതെ, അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കു കിട്ടി. അത് അല്ലാഹുവിന്റെ നീതിയാണ്, യുക്തിയാണ്. അല്ലാഹുവാകട്ടെ, അറിയുന്നവനും യുക്തിമാനുമാകുന്നു.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com