കപട വിശ്വാസികളുടെ നിലപാടുകൾ

കപട വിശ്വാസികളെ കുറിച്ച് പരാമര്‍ശിക്കുന്ന സൂറ:മുനാഫിഖൂന്‍ ലെ 1-8 ആയത്തുകളിലൂടെ…

നബി ﷺ മദീനയില്‍ എത്തിയപ്പോള്‍ ഇസ്‌ലാം വളരുകയും പ്രതാപം നേടുകയും ചെയ്തു. ഔസ്, ഖസ്‌റജ് ഗോത്രങ്ങളില്‍ പെട്ട ചില ആളുകള്‍ പുറത്ത് വിശ്വാസം പ്രകടിപ്പിക്കുകയും ഉള്ളില്‍ നിഷേധം വെച്ചുപുലര്‍ത്തുകയും ചെയ്തു. അവരുടെ പ്രശസ്തി നിലനിര്‍ത്താനും ജീവന്‍ സംരക്ഷിക്കാനും സമ്പത്ത് സുരക്ഷിതമാക്കാനും വേണ്ടിയായിരുന്നു അത്. ജനങ്ങള്‍ അവരെക്കുറിച്ച് ജാഗ്രത കാണിക്കാനും അവരെക്കുറിച്ച് ഉള്‍ക്കാഴ്ച ഉണ്ടാക്കാനും വേണ്ടി, അവരെ തിരിച്ചറിയാവുന്ന ചില വിശേഷണങ്ങള്‍ അല്ലാഹു  പറയുന്നു:

إِذَا جَآءَكَ ٱلْمُنَٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَٰفِقِينَ لَكَٰذِبُونَ

കപട വിശ്വാസികള്‍ നിന്‍റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്‍റെ ദൂതനാണെന്ന്‌. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. (ഖു൪ആന്‍: 63/1)

{കപടവിശ്വാസികള്‍ നിന്റെ അടുത്തുവന്നാല്‍ അവര്‍ പറയും} കളവായിക്കൊണ്ട്.

{തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സക്ഷ്യം വഹിക്കുന്നു} കപടവിശ്വാസികളുടെ ഈ സാക്ഷ്യം കളവും കാപട്യവുമാണ്. അല്ലാഹുവിന്റെ ദൂതന്റെ പ്രവാചകത്വം സ്ഥാപിക്കാന്‍ അവരുടെ സാക്ഷ്യം ആവശ്യവുമില്ല.

{അല്ലാഹുവിനറിയാം, തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിക്വുകള്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു} അവര്‍ സംസാരങ്ങളിലും വാദങ്ങളിലുമൊന്നും യഥാര്‍ഥത്തില്‍ അവനെ അംഗീകരിക്കുന്നില്ല.

ٱتَّخَذُوٓا۟ أَيْمَٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ

അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്‌. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ. (ഖു൪ആന്‍: 63/2)

{അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കുകയാണ്} കപടതയിലേക്ക് അവരെ ചേര്‍ക്കാതിരിക്കാന്‍, അതിനെ തടുക്കാനുള്ള ഒരു പരിച.

{അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് -ജനങ്ങളെ – തടഞ്ഞിരിക്കുന്നു} അവരെയും അവരെക്കുറിച്ച് അറിയാത്ത മറ്റുള്ളവരെയും.

{തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത} വിശ്വാസം പ്രകടമാക്കുകയും ഉള്ളില്‍ അവിശ്വാസം മറച്ചുവെക്കുകയും ചെയ്യുക എന്നത്. അത് സത്യം ചെയ്തു പറയുകയും അവരുടെ സത്യസന്ധരാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

ذَٰلِكَ بِأَنَّهُمْ ءَامَنُوا۟ ثُمَّ كَفَرُوا۟ فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ

അത്‌, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) ഗ്രഹിക്കുകയില്ല. (ഖു൪ആന്‍: 63/3)

{അത്} കപടത അവര്‍ക്ക് നല്ലതായി തോന്നാന്‍ {കാരണം}, {അവര്‍} വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാത്തതിനാലാണ്. മാത്രമല്ല {അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളുടെമേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു} നന്മ ഒരിക്കലും ആ ഹൃദയങ്ങളിലേക്ക് പ്രവേശിക്കാത്ത വിധം. {അതിനാല്‍ അവര്‍ കാര്യം ഗ്രഹിക്കുന്നില്ല} അവര്‍ക്ക് പ്രയോജനപ്പെടാവുന്നതും നന്മ വരുത്താന്‍ ഉപകരിക്കുന്നതും.

وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا۟ تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ ٱلْعَدُوُّ فَٱحْذَرْهُمْ ۚ قَٰتَلَهُمُ ٱللَّهُ ۖ أَنَّىٰ يُؤْفَكُونَ

നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്‌? (ഖു൪ആന്‍: 63/4)

{നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും} അതിന്റെ കാഴ്ചഭംഗിയും മനോഹാരിതയും കാരണം.

{അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്കുകള്‍ കേട്ടിരുന്നുപോകും} സംസാരത്തിന്റെ ഭംഗിയും ആസ്വാദ്യകരമായ കേള്‍വിയും കാരണം. അവരുടെ ശരീരങ്ങളും വാക്കുകളും മനോഹരമാണ്. പക്ഷേ, അതിനപ്പുറം ശ്രേഷ്ഠമായ സ്വഭാവഗുണങ്ങളോ ശരിയായ മാര്‍ഗങ്ങളോ നല്ല ധാര്‍മികതയോ ഒന്നും തന്നെ അവര്‍ക്കില്ല.

{അവര്‍ ചാരിവെക്കപ്പെട്ട മരത്തടികള്‍ പോലെയാകുന്നു} വ്യക്തമായ ഉപദ്രവങ്ങളല്ലാതെ മറ്റൊരു പ്രയോജനവും അതിലില്ല.

{എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും} അവരുടെ ഭീരുത്വവും ഭയവും ഹൃദയത്തിന്റെ ദുര്‍ബലതയും സംശയവും കാരണം ഹൃദയത്തിലുള്ളത് അറിയുമോ എന്നവന്‍ ഭയപ്പെടുകയും ചെയ്യുന്നു.

ഇക്കൂട്ടര്‍ {അവരാകുന്നു ശത്രു} യഥാര്‍ഥത്തില്‍, തിരിച്ചറിയാവുന്ന പ്രത്യക്ഷശത്രു മനസ്സിലാവാത്ത ശത്രുവിനെക്കാള്‍ അപകടം കുറഞ്ഞവനാണ്. അവന്‍ തന്ത്രശാലിയും ചതിയനുമാണ്. അവന്‍ രക്ഷകനാണെന്ന് വാദിക്കുന്നു. എന്നാല്‍ അവനാകട്ടെ, പ്രത്യക്ഷ ശത്രുവും. {അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്} തെളിവുകള്‍ വ്യക്തമായതിനുശേഷം ഇസ്‌ലാം മതത്തില്‍ നിന്ന് അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്? അതിന്റെ അടയാളങ്ങള്‍ തെളിഞ്ഞുകണ്ടതിനു ശേഷം! നഷ്ടവും പരാജയവുമല്ലാതെ മറ്റൊന്നും നേടിക്കൊടുക്കാത്ത അവിശ്വാസത്തിലേക്ക്.

وَإِذَا قِيلَ لَهُمْ تَعَالَوْا۟ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْا۟ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ

നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം. (ഖു൪ആന്‍: 63/5)

{അവരോട് പറയപ്പെട്ടാല്‍} ഈ കപടന്മാരോട്.

{നിങ്ങള്‍ വരൂ, അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്കു വേണ്ടി പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊള്ളും} നിങ്ങളില്‍നിന്ന് സംഭവിച്ചുപോയതിനും നിങ്ങളുടെ അവസ്ഥ നന്നാക്കുവാനും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടാനും. അതിനവര്‍ ശക്തമായി വിസമ്മതിച്ചു.

{അവര്‍ അവരുടെ തലതിരിച്ച് കളയുകയും} പ്രവാചകനോട് പ്രാര്‍ഥന ആവശ്യപ്പെടാനുള്ള വിസമ്മതത്താല്‍.

{തിരിഞ്ഞ് പോകുന്നവരായി നിനക്ക് കാണാം} സത്യത്തില്‍നിന്ന്; അതിനോടുള്ള പകയാല്‍.

{അവര്‍ അഹങ്കാരം നടിച്ചുകൊണ്ട്} ധിക്കാരവും അതിക്രമവും കാരണം അദ്ദേഹത്തെ പിന്‍പറ്റുന്നതില്‍ നിന്ന്. പ്രവാചകന്റെ പ്രാര്‍ഥന ആവശ്യപ്പെടാന്‍ അവരോട് പറഞ്ഞാല്‍ അവരുടെ അവസ്ഥ ഇതാണ്. അവര്‍ വരുകയോ അവര്‍ക്കുവേണ്ടി പാപമോചനത്തിനു തേടുകയോ ചെയ്തില്ലെങ്കിലും ഇത് പ്രവാചകനോടുള്ള അല്ലാഹുവിന്റെ ആദരവും സ്‌നേഹവുമാണ്.

سَوَآءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ ٱللَّهُ لَهُمْ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ

നീ അവര്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചാലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്കു പൊറുത്തുകൊടുക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍: 63/6)

{നീ അവര്‍ക്ക് വേണ്ടി പാപമോചനത്തിനു പ്രാര്‍ഥിച്ചാലും പ്രാര്‍ഥിച്ചില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല} കാരണം അവര്‍ അധര്‍മകാരികളായ ജനതയാണ്. അല്ലാഹുവിനെ അനുസരിക്കാത്തവരും വിശ്വാസത്തെക്കാളും അവിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നവരുമാണ്. അതിനാലവര്‍ക്ക് പ്രവാചകന്റെ പാപമോചനം ഫലപ്പെടില്ല. അദ്ദേഹം അവര്‍ക്ക് പാപമോചനത്തിനു വേണ്ടി തേടിയാലും.

اسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِنْ تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَنْ يَغْفِرَ اللَّهُ لَهُمْ

(നബിയേ), നീ അവര്‍ക്കുവേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്കു വേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല.(സൂറ:തൗബ-80)

هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُوا۟ عَلَىٰ مَنْ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّوا۟ ۗ وَلِلَّهِ خَزَآئِنُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَٰكِنَّ ٱلْمُنَٰفِقِينَ لَا يَفْقَهُونَ

അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്‌) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്‍റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷെ കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല. (ഖു൪ആന്‍: 63/7)

നബി ﷺ യോടും മുസ്‌ലിംകളോടുമുള്ള അവരുടെ ശത്രുതയുടെ കാഠിന്യമാണിത്. സ്വഹാബത്തിന്റെ കൂടിച്ചേരലും ഇണക്കവും നബി ﷺ യുടെ തൃപ്തിക്കുവേണ്ടിയുള്ള അവരുടെ മത്സരവും കണ്ടപ്പോള്‍ അവരുടെ തെറ്റായ വാദം അവര്‍ പ്രഖ്യാപിച്ചു.

{അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി അവര്‍ (അവിടെ നിന്ന്) പിരിഞ്ഞുപോകുന്നതു വരെ നിങ്ങള്‍-ഒന്നും-ചെലവ് ചെയ്യരുത്}. കാരണം അവര്‍ വിചാരിക്കുന്നത് കപടവിശ്വാസികളുടെ പണവും ദാനങ്ങളും ഇല്ലെങ്കില്‍ അല്ലാഹുവിന്റെ ദീനിനെ സഹായിക്കാന്‍ സ്വഹാബത്ത് ഒന്നിച്ചുനില്‍ക്കുകയില്ല എന്നാണ്.

ഇത് വലിയൊരു അത്ഭുതമാണ്; ഇസ്‌ലാമിനെ നശിപ്പിക്കാന്‍ മുസ്‌ലിംകളെ ഉപദ്രവിക്കുകയും അതിയായി താല്‍പര്യം കാണിക്കുകയും ചെയ്യുന്ന കപടവിശ്വാസികള്‍ ഇങ്ങനെ വാദിക്കുന്നത്. വസ്തുതകള്‍ അറിയാത്തവരില്‍ മാത്രമെ ഇത്തരം വാദങ്ങള്‍ ചെലവാകുകയുള്ളൂ. അവര്‍ക്ക് മറുപടിയായി അല്ലാഹു പറയുന്നു:

{അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍} അതിനാല്‍ അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കവന്‍ ഉപജീവനം നല്‍കും. അവനുദ്ദേശിച്ചവര്‍ക്ക് തടയുകയും ചെയ്യുന്നു. ഉദ്ദേശിക്കുന്നവര്‍ക്കവന്‍ കാരണങ്ങള്‍ സൗകര്യപ്പെടുത്തുകയും അവനുദ്ദേശിക്കുന്നവര്‍ക്ക് പ്രയാസകരമാക്കുകയും ചയ്യും.

{പക്ഷേ, കപടന്മാര്‍ കാര്യം ഗ്രഹിക്കുന്നില്ല} അതുകൊണ്ടാണ് അങ്ങനെയൊക്കെ അവര്‍ പറയുന്നത്. അവരുടെ വാക്കിലുള്ളത്, ഉപജീവനത്തിന്റെ ഖജനാവുകള്‍ അവരുടെ കൈകളിലും അവരുദ്ദേശിക്കുന്നതിന് അനുസരിച്ചുമാണെന്നാണ്.

يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلْأَعَزُّ مِنْهَا ٱلْأَذَلَّ ۚ وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ وَلَٰكِنَّ ٱلْمُنَٰفِقِينَ لَا يَعْلَمُونَ

അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്‌. അല്ലാഹുവിനും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍: 63/8)

{അവര്‍ പറയുന്നു, ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്} മുറൈസീഅ് യുദ്ധത്തിലാണത്. മുഹാജിറുകള്‍ക്കും അന്‍സ്വാരികള്‍ക്കുമിടയില്‍ ചില സംസാരങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ടായി. അേന്നരം കപടന്മാരുടെ കാപട്യം പുറത്തുവന്നു. മനസ്സിലുള്ളത് വ്യക്തമാകുകയും ചെയ്തു.

അവരുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നുസുലല്‍ പറഞ്ഞു: ‘നമ്മുടെയും ഇവരുടെയും (മുഹാജിറുകളുടെയും) ഉപമ ആരോ പറഞ്ഞത് പോലെയാണ്: (നിന്റെ നായക്ക് നീ നന്നായി തീറ്റകൊടുക്കുക; അത് നിന്നെ തിന്നുകൊള്ളും). അവന്‍ പറഞ്ഞു: മദീനയിലേക്ക് നമ്മള്‍ മടങ്ങിയാല്‍ {കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യും} അവന്റെ വാദപ്രകാരം അവനും അവന്റെ കൂട്ടുകാരായ കപടന്മാരുമാണ് പ്രതാപികള്‍. റസൂലും അനുയായികളും നിന്ദ്യരും. എന്നാല്‍ കാര്യം ഈ കപടന്‍ പറഞ്ഞതിനു നേര്‍വിപരീതമാണ്. അതാണ് അല്ലാഹു പറഞ്ഞത്:

{അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം} അവരാണ് പ്രതാപികള്‍. കപടന്മാരും സത്യനിഷേധികളായ അവരുടെ കൂട്ടുകാരും നിന്ദ്യന്മാര്‍ തെന്നയാണ്.

{കപടവിശ്വാസികള്‍ കാര്യം മനസ്സിലാക്കുന്നില്ല} അതുകൊണ്ടാണവര്‍ പ്രതാപികളാണെന്ന് വാദിക്കുന്നത്. അവരുടെ തെറ്റായ നിലപാടില്‍ അവര്‍ വഞ്ചിതരായതാണ്.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *