കപട വിശ്വാസികളെ കുറിച്ച് അത്യുന്നതനായ അല്ലാഹു സൂറ: അല്‍ ബക്വറയില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു:
مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَٰتٍ لَّا يُبْصِرُونَ ﴿١٧﴾ صُمُّۢ بُكْمٌ عُمْىٌ فَهُمْ لَا يَرْجِعُونَ ﴿١٨﴾
അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധന്മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല. (ഖു൪ആന്‍:2/17-18)
മഹത്ത്വമുടയവനായ അല്ലാഹു അവന്റെ ശത്രുക്കളായ കപടവിശ്വാസികളെ ഉപമിച്ചത് യാത്രക്കിടയില്‍ വഴിയറിയാതുഴലുന്ന യാത്രികരോടാണ്. അവര്‍ വെളിച്ചത്തിനായി ഒരു പന്തം കത്തിച്ചു. അത് തങ്ങള്‍ക്കു ചുറ്റും പ്രകാശം പരത്താന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് ശരിയായ വഴി കണ്ടെത്താനായി. തങ്ങള്‍ക്ക് ഗുണകരം എന്തെന്നും ദോഷകരമെന്തെന്നും അവര്‍ക്ക് വ്യക്തമായി. പക്ഷേ, പെട്ടെന്ന് ആ പ്രകാശം അണക്കപ്പെടുകയും അവര്‍ ഇരുളിലകപ്പെടുകയും ചെയ്തു.
(1) സന്മാര്ഗത്തിലേക്കുള്ള മൂന്നു വഴികളും അവര്‍ക്ക് നിരോധിക്കപ്പെട്ടു. ‘ബധിരരും ഊമകളും അന്ധരും’ എന്നതിലൂടെ അക്കാര്യം വ്യക്തമാക്കുന്നു. ഒരു ദാസനിലേക്ക് മാര്‍ഗദര്‍ശനം കടന്നുവരുന്നത് മൂന്ന് വാതായനങ്ങളിലൂടെയാണ്. ചെവികള്‍കൊണ്ടവന്‍ കേള്‍ക്കുന്നത്, കണ്ണുകള്‍കൊണ്ടവന്‍ കാണുന്നത്, പിന്നെ ഹൃദയം കൊണ്ടവന് ഗ്രഹിക്കുന്നതും.
(2) ഈ ആളുകളുടെ ഹൃദയത്തിന് ഗ്രാഹ്യശക്തി ഇല്ല, അവര്‍ക്ക് കാഴ്ചയില്ല, അവര്‍ക്ക് കേള്‍ക്കുവാനും കഴിയില്ല. കേള്‍വിയേയോ, കാഴ്ചയേയോ ഗ്രാഹ്യശക്തിയോ അനുഗുണമായി ഉപയുക്തമാക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ കേള്‍വിയും കാഴ്ചയും ഗ്രാഹ്യവും ഇല്ലാത്തവരാണെന്നും പറയപ്പെട്ടിരിക്കുകയും അപ്രകാരം തന്നെ വിശദമാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഈ രണ്ട് അഭിപ്രായങ്ങളും ഒരേ അര്‍ഥത്തിലുള്ളതും അഭേദ്യമാം വിധം ബന്ധം പുലര്‍ത്തുന്നവയുമാണ്. അവര്‍ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല. ആ വെളിച്ചത്തില്‍ അവര്‍ സന്മാര്ഗത്തിന്റെ പാന്ഥാവ് കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍, ആ വെളിച്ചമവര്‍ക്ക് നഷ്ടമായി, അവരിനി സത്യമാര്‍ഗത്തിലേക്ക് തിരിച്ചുവരികയില്ല തന്നെ.
അത്യുന്നതനും പ്രതാപശാലിയുമായ അല്ലാഹു പറഞ്ഞു: അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളഞ്ഞു. ‘പ്രകാശം’ എന്ന് അര്‍ഥമുള്ള ‘നൂര്‍’ എന്ന പദത്തിനു മുന്പില് ‘ബി’ എന്ന പ്രത്യയം ചേര്‍ത്തിരിക്കുന്നു. (‘നൂറഹും’ എന്നതിന് വിപരീതമായി ‘ബി നൂരിഹിം’ എന്ന് പ്രയോഗിച്ചിരിക്കുന്നു). ഇതിന് ശ്രദ്ധേയമായ ഒരു കാരണമുണ്ട്. അതെന്തെന്നാല്‍, ഈ പ്രയോഗം അല്ലാഹു അവരില്‍ നിന്ന് അവന്റെ സവിശേഷമായ സാമീപ്യം ഇല്ലാതെയാക്കുകയും അത് വിശ്വാസികള്‍ക്ക് മാത്രമായി പ്രത്യേകം മാറ്റിവെക്കുകയും ചെയ്തിരിക്കുന്നു എന്ന് കാണിക്കാന്‍ പര്യാപ്തമാണ്. അതിനാല്‍, അവന്റെ ആ പ്രകാശം എടുത്തുമാറ്റലിന് ശേഷം അവന് അവരോട് ‘ഒപ്പമോ’ ‘സമീപത്തായോ’ സന്നിഹിതനല്ല. അവന്റെ ഭാഷണങ്ങളില്‍ അവര്‍ക്ക് യാതൊരു സ്ഥാനവും ഇല്ല.
അവന്റെ വചനത്തെ സശ്രദ്ധം ആലോചിച്ചു നോക്കുക: ‘പരിസരമാകെ പ്രകാശിതമായപ്പോള്‍‘, ഈ പ്രകാശം എങ്ങനെ അവര്‍ക്ക് സ്പഷ്ടമായി കാണിക്കപ്പെടുകയും അവരില്‍ നിന്ന് അകറ്റപ്പെടുകയും ചെയ്തു? സഹജമായ ഒന്നായിരുന്നുവെങ്കില് അവര്‍ക്കത് അന്യമാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ ആ വെളിച്ചം അവരെ വലയം ചെയ്തുവെങ്കിലും അവര്‍ക്കുള്ളിലേക്ക് പ്രവേശിക്കുകയുണ്ടായില്ല. അത് നൈമിഷികമായ ഒന്നായിരുന്നു. എന്നാല്‍ അവര്‍ക്ക് സഹജമായ അന്ധകാരം അവിടെ സ്ഥിരപ്പെട്ടു. അങ്ങനെ പ്രകാശം അതിന്റെ ഉറവിടത്തിലേക്ക് മടങ്ങുകയും ഇരുട്ട് അതിന്റെ ഉറവിടത്തില്‍ സ്ഥിരപ്പെടുകയും ചെയ്തു. വിവേകം കൊണ്ട് അനുഗൃഹീതരായവര്‍ക്ക് കാണാന്‍ സര്‍വ വ്യാപിയായ ഒരു വിജ്ഞാനമായിക്കൊണ്ടും അല്ലാഹുവില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തം എന്ന നിലക്കുമാണ് ഇതെല്ലാം നിവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്.
അവന്റെ വചനത്തെ ശ്രദ്ധയോടെ പരിചിന്തനം ചെയ്യുക: ‘അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളഞ്ഞു.’ എന്തുകൊണ്ടായിരിക്കും അല്ലാഹു അവരുടെ ‘തീ’ അണച്ചുകളഞ്ഞു’ എന്ന് പറയാതിരുന്നത്? അപ്രകാരം ഈ സൂക്തത്തിന്റെ തുടക്കത്തെ ഈ പദപ്രയോഗത്തിന് സമീകരിക്കുവാനും കഴിയുമായിരുന്നു. ഇതെന്തുകൊണ്ടാണ്? അഗ്നിക്ക് വെളിച്ചം നല്‍കാനും കരിച്ചുകളയാനുമുള്ള ഗുണങ്ങളുണ്ട്. അപ്പോള്‍ അതിന്റെ പ്രകാശമെന്ന സ്വഭാവം ഇല്ലായ്മ ചെയ്ത് കരിക്കുവാനും പീഡിപ്പിക്കുവാനുമുള്ള കഴിവിനെ ബാക്കിയാക്കുകയാണുണ്ടായത്.
അല്ലാഹു ‘ദൗഉ്’ എന്ന പദം പ്രയോഗിച്ചുകൊണ്ട് ‘പരിസരമാകെ പ്രകാശിതമായപ്പോള്‍’ എന്ന് പറയപ്പെട്ടത് വാസ്തവമായിരിക്കുമ്പോള് തന്നെ, ‘അവരുടെ ജ്വാല’ (ദൗഉ്) എന്നു പറയാതെ ‘അവരുടെ പ്രകാശം’ എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കുക. ‘ദൗഉ്’ എന്ന പദം, വാസ്തവത്തില്‍, അടിസ്ഥാനപ്രകാശ സ്രോതസ്സില്‍ നിന്നുതിരുന്ന ബാഹ്യവെളിച്ചം എന്ന ഉദ്ദേശത്തിലാണ്’ പ്രയോഗിക്കപ്പെടുന്നത്. അപ്പോള്‍ അല്ലാഹു അവരുടെ ‘ദൗഉ്’ അണച്ചുകളഞ്ഞു എന്ന് പറയുകയായിരുന്നുവെങ്കില്‍, അവരുടെ ബാഹ്യപ്രകാശം മാത്രമാണ് കെടുത്തിക്കളഞ്ഞത് എന്ന അര്‍ഥമാണ് ലഭിക്കുക. എന്നാല്‍ ഇപ്പോള്‍ ‘നൂര്‍’ എന്ന ‘ദൗഉ്’ ഉണ്ടാക്കപ്പെട്ട അടിസ്ഥാന പ്രകാശം അണക്കപ്പെട്ടു എന്ന് പറയുമ്പോള്‍ ‘ദൗഉ്’ കൂടി കെടുത്തപ്പെട്ടു എന്ന ആശയം സ്വാഭാവികമായും ഉദ്ദേശിക്കപ്പെടുന്നു. അപ്പോള്‍ അത് അടിവരയിടുന്നത് അക്കൂട്ടര്‍ ഇരുട്ടിന്റെ ആളുകളാണെന്നും വെളിച്ചത്തിന്റെ ഒരു രൂപവും ഇല്ലാത്തവരാണെന്നുമുള്ള യാഥാര്‍ഥ്യമാണ്. അതായത് അല്ലാഹു അവന്റെ ഗ്രന്ഥത്തെ പ്രകാശം എന്ന് വിളിച്ചിട്ടുണ്ട്. അവന്റെ ദൂതനെ പ്രകാശം എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. അവന്റെ മതത്തെക്കുറിച്ച് പ്രകാശം എന്ന് പറഞ്ഞിട്ടുണ്ട്. അവന്റെ സന്മാര്ഗത്തെ പ്രകാശം എന്ന് വിളിച്ചിട്ടുണ്ട്. അവന്റെ നാമങ്ങളിലൊന്ന് ‘പ്രകാശം’ എന്നാണ്. നമസ്കാരത്തെയും പ്രകാശം എന്ന് വിളിച്ചിട്ടുണ്ട്. അല്ലാഹു അവരുടെ പ്രകാശം ഇല്ലായ്മ ചെയ്തു എന്ന് പറഞ്ഞാല്‍ ഇവയെല്ലാം അവരില്‍ നിന്ന് അന്യമാക്കി എന്ന അര്‍ഥം ലഭിക്കുന്നു.
മുന്‍പു നല്കിയ ഉപമയുമായി ഈ ഉപമ എത്ര സമ്പൂര്‍ണമായാണ് യോജിക്കുന്നതെന്ന് നിരീക്ഷിക്കുക:
أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ ﴿١٦﴾
സന്മാര്ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല. (ഖു൪ആന്‍:2/16)
സന്മാര്ഗത്തെ വിറ്റുകൊണ്ട്, സന്തോഷം കയ്യൊഴിച്ചുകൊണ്ട്, എങ്ങനെയാണവര്‍ ദുര്‍മാര്‍ഗം സ്വായത്തമാക്കിയത്? പക്ഷേ, ഇപ്പോള്‍ എത്ര സന്തോഷത്തോടെയാണ് അവര്‍ ഇരുട്ടിനെ (ദുര്‍മാര്‍ഗത്തെ) നേടിയത്; വെളിച്ചത്തെ (സന്മാര്ഗത്തെ) വിറ്റുകൊണ്ട്! അങ്ങനെ അവര്‍ പ്രകാശത്തെയും സന്മാര്ഗത്തെയും വിറ്റ് അന്ധകാരത്തെയും ദുര്മാര്ഗത്തേയും വാങ്ങിയിരിക്കുകയാണ്…. എന്തൊരു ഹീനമായ കച്ചവടം!
‘അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളഞ്ഞു’ എന്ന് പറഞ്ഞശേഷം ‘അന്ധകാരങ്ങളില്‍ അവരെ വിടുകയും ചെയ്തു‘ എന്ന അല്ലാഹുവിന്റെ പ്രയോഗം ശ്രദ്ധിക്കുക. പ്രകാശത്തെ ഏകവചനമായും അന്ധകാരത്തെ ബഹുവചനമായും ആണ് പ്രയോഗിച്ചിരിക്കുന്നത്. സത്യം ഏകമാണ്, അത് അല്ലാഹുവിലേക്കുള്ള ഋജുവായ പാതയാണ്. അവനിലേക്ക് നയിക്കുന്ന ഏകമാര്‍ഗം. അല്ലാഹുവിന്റെ പ്രവാചകന്റെ നാവിലൂടെ നിയമമാക്കപ്പെട്ട രീതിയില്‍ – ഒരാളുടെ സ്വന്തം താല്പര്യങ്ങളും പുതിയ രീതികളും അനുസരിച്ചല്ലാതെ – അല്ലാഹുവിനെ മാത്രം ആരാധിക്കലാണത്. ദുര്‍മാര്‍ഗത്തിന്റെ വഴികള്‍ പലതാണ്. അതുകൊണ്ട് തന്നെയാണ് അല്ലാഹു സത്യത്തെ ഏകവചനമായും അധര്‍മത്തെ ബഹുവചനമായും ഉപയോഗിച്ചത്.
ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۖ وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَٰتِ ۗ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന് അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു. (ഖു൪ആന്‍:2/257)
وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ
ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന് നിങ്ങള്‍ക്ക് നല്കിയ ഉപദേശമാണത്. (ഖു൪ആന്‍:6/153)
ഇത് അല്ലാഹുവിന്റെ ഈ വചനത്തിന് വിരുദ്ധമല്ല:
يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَٰمِ وَيُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذْنِهِۦ وَيَهْدِيهِمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന് പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:5/16)
കാരണം ഈ വചനത്തിലൂടെ പരാമര്‍ശിക്കുന്നത് അവനെ പ്രീതിപ്പെടുത്താനുതകുന്ന വ്യത്യസ്ത രീതികളെയാണ്. അവയെല്ലാം അവന്റെ ആ ഏക മാര്‍ഗത്തില്‍ – നേരായ പാതയില്‍ – ഉള്‍പ്പെട്ടവയുമാണ്. ആധികാരികമായി ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നബി ﷺ നിലത്ത് ഒരു നേര്‍രേഖ വരച്ചുകൊണ്ട് പറഞ്ഞു:
هذا سبيل الله، ثم خط خطوطا عن يمينه وعن شماله فقال: هذه سُبلٌ، على كل سبيل منها شيطان يدعو إليه ثم قرأ قوله تعالى: {وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ}[الأنعام: 153].
‘ഇത് അല്ലാഹുവിന്റെ പാതയാണ്.’ പിന്നീട് അവിടുന്ന് അതിന്റെ ഇടത്തും വലത്തുമായി അനേകം വരകള്‍ വരച്ചതിനു ശേഷം പറഞ്ഞു: ‘ഇതെല്ലാം മറ്റുമാര്‍ഗങ്ങളാണ്. ഇവയ്ക്കോരോന്നിനും അറ്റത്തായി അതിലേക്ക് ക്ഷണിച്ചുകൊണ്ട് ഓരോ പിശാചുക്കള്‍ ഇരിപ്പുണ്ട്.’ എന്നിട്ടദ്ദേഹം ഈ സൂക്തം പാരായണം ചെയ്തു: {ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന് നിങ്ങള്‍ക്ക് നല്കിയ ഉപദേശമാണത് – ഖു൪ആന്‍:6/153} (അഹ്മദ്).
ആദ്യ ഉപമയുടെ വിശദീകരണത്തില്‍ അത് കപടവിശ്വാസികള്‍ മുസ്ലിംകള്ക്കിടയില് രഹസ്യമായി പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പരീക്ഷണങ്ങളുടെയും അനര്‍ഥങ്ങളുടെയും അഗ്നിക്ക് തീകൊളുത്തി എന്നതിനോട് സദൃശ്യമാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. അപ്രകാരം തന്നെ അത് അതേ ശൈലിയില്‍ അല്ലാഹു പറഞ്ഞിരിക്കുന്നു.
كُلَّمَآ أَوْقَدُوا۟ نَارًا لِّلْحَرْبِ أَطْفَأَهَا ٱللَّ
അവര്‍ യുദ്ധത്തിന് തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തിക്കളയുന്നു. (ഖു൪ആന്‍:5/64)
അപ്പോള്‍, ‘അല്ലാഹു അവരുടെ പ്രകാശം നീക്കം ചെയ്തു’ എന്നതും ‘അല്ലാഹു അത് അണച്ചുകളയുന്നു’ എന്നതും ഒരേ അര്‍ഥത്തിലാകാം പ്രയോഗിച്ചിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളുടെ നിഷ്ഫലതയും അവകാശവാദങ്ങളുടെ പൊള്ളത്തരവുമാണ് അവരെ ഇരുട്ടിലും സംഭ്രാന്തിയിലും വിട്ടുകളഞ്ഞു എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
രണ്ടാമത്തെ വിശദീകരണം, അതിന്റെ അകവും പുറവും സത്യം തന്നെ എങ്കിലും, ഈ സൂക്തത്തിന്റെ ശരിയായ വ്യാഖ്യാനമാണ് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. സന്ദര്‍ഭം ഈ വിശദീകരണത്തെ സാധൂകരിക്കുന്നില്ല. ഒരു യുദ്ധത്തിന് തിരിതെളിയിക്കുന്ന വ്യക്തിയുടെ ചുറ്റും വെളിച്ചം ഉണ്ടാകണമെന്നില്ല. മാത്രമല്ല, യുദ്ധത്തിന് തിരികൊളുത്തുന്നവനില് നിന്ന് എടുത്തുമാറ്റാവുന്ന ഒരു പ്രകാശവും ഇല്ലതാനും. കാഴ്ച സാധ്യമാകാത്തവിധം അവര്‍ ഇരുട്ടിലാഴ്ത്തപ്പെട്ടു എന്നതുകൊണ്ടര്‍ഥമാക്കുന്നത് വിജ്ഞാനത്തിന്റെയും അവിശ്വാസത്തിന്റെയും അവസ്ഥയിലേക്ക് മാറിപ്പോയി എന്നാണ്. അല്ലാതെ അവര്‍ യുദ്ധത്തിന് തീകൊളുത്തി എന്നല്ല.
അല്ഹസന് പറഞ്ഞു: ‘ഇത് കപടവിശ്വാസികളെ, സംബന്ധിച്ചാണ്. അവന് കണ്ടു, പിന്നെ അന്ധനായി. അവന് അറിഞ്ഞു, പിന്നെ നിരസിച്ചു. അതുകൊണ്ടാണ് അല്ലാഹു പറയുന്നത്: ‘അവര്‍ മടങ്ങുകയില്ലതന്നെ‘ എന്ന്. അതായത്, അവര്‍ ഉപേക്ഷിച്ച ആ പ്രകാശത്തിലേക്ക് അവരിനി മടങ്ങുന്നവരല്ല; അവിശ്വാസികളെക്കുറിച്ച് അല്ലാഹു പറയുന്നു:
وَمَثَلُ ٱلَّذِينَ كَفَرُوا۟ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَآءً وَنِدَآءً ۚ صُمُّۢ بُكْمٌ عُمْىٌ فَهُمْ لَا يَعْقِلُونَ
സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല. (ഖു൪ആന്‍:2/171)
വിശ്വാസമോ ഉള്‍ക്കാഴ്ചയോ ഇല്ലാത്ത, ഇസ്ലാമിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത അവരില്‍ നിന്നും അങ്ങനെ വിവേകം നിഷ്പ്രഭമാക്കപ്പെട്ടു. കപടവിശ്വാസികളെ സംബന്ധിച്ച് അവര്‍ വിശ്വസിച്ചതിനു ശേഷം അവിശ്വസിച്ചതിനാല്‍ അവര്‍ തിരിച്ചുവരിക എന്നതിനെ അല്ലാഹു പാടെ നിഷേധിക്കുന്നു. അതെ, അവര്‍ വിശ്വാസത്തിലേക്ക് മടങ്ങുന്നവരല്ല.
أَوْ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطُۢ بِٱلْكَٰفِرِينَ ﴿١٩﴾ يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَٰرَهُمْ ۖ كُلَّمَآ أَضَآءَ لَهُم مَّشَوْا۟ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُوا۟ ۚ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَٰرِهِمْ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿٢٠﴾
അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന് തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്. (ഖു൪ആന്‍:2/17-20)
അഗ്നിയുടെ വിഷയത്തിലുള്ള ഉപമക്ക് ശേഷം അല്ലാഹു കപടവിശ്വാസികളെക്കുറിച്ച് മറ്റൊരു ഉപമ – വെള്ളത്തെ ആസ്പദമാക്കിയാണ് പറയുന്നത്. ആ വചനത്തില്‍ പറയുന്ന ‘സ്വയ്യിബ്’ കൊണ്ടുദ്ദേശിക്കുന്നത് ആകാശത്തു നിന്നും ചൊരിയപ്പെടുന്ന മഴയാണ്. അല്ലാഹു അവന്റെ ദാസന്മാരെ നയിച്ച സന്മാര്ഗത്തെയാണ് ഇവിടെ വെള്ളവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. കാരണം, ജലം ഭൂമിയെ ജീവസ്സുറ്റതാക്കുന്നതുപോലെ സന്മാര്ഗം ഹൃദയത്തിന് ജീവന് നല്കുന്നു. കാര്‍മേഘത്തിലകപ്പെട്ട ഒരുവന് അന്ധകാരവും ഇടിനാദവും ഇടിമിന്നലുമല്ലാതെ അതില്‍ നിന്നും ഒന്നും ലഭിക്കാനില്ലാത്തതുപോലെയാണ് കപടവിശ്വാസികള്‍ക്ക് ഈ സന്മാര്ഗത്തിന്റെ പങ്ക് ലഭിക്കുന്നത്. എന്നാല്‍ ഇരുട്ടും ഇടിനാദവും ഇടിമിന്നലുമല്ല മഴമേഘത്തില്‍ നിന്നും മൊത്തത്തില്‍ തീരുമാനിക്കപ്പെട്ടിട്ടുള്ള സംഗതികള്‍. എന്നാലതിനുപരിയായി അതില്‍ നിന്നും ഉദ്ദേശിക്കപ്പെട്ട നേട്ടങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളത്രെ അവ. അറിവില്ലാത്തവന് ഈ മഴമേഘത്തിന്റെ ബാഹ്യ പ്രഭാവങ്ങളായ ഇരുട്ട്, ഇടിനാദം, ഇടിമിന്നല്‍, തണുപ്പ് എന്നിവയുടെ കാഴ്ചയില്‍ ഒതുങ്ങിയവനും തന്റെ യാത്ര തടയപ്പെട്ടു എന്ന യാഥാര്‍ഥ്യത്തെ മനസ്സിലാക്കിയവനും മാത്രമാണ്. എന്നാല്‍ ഈ മഴയുടെ ഫലമായിക്കൊണ്ട് സംഭവിക്കാനിരിക്കുന്ന അനവധി ഗുണങ്ങളെക്കുറിച്ച് അവനൊരു സൂചനപോലുമില്ല.
ബുദ്ധിശൂന്യനും ദീര്ഘദൃഷ്ടിയില്ലാത്തവനുമായ ഏതൊരു വ്യക്തിയുടെയും ചിന്ത, കാര്യങ്ങളുടെ പുറംമോടിയില്‍ നിന്നും ആഴത്തിലേക്ക് പോകുകയോ അതിനപ്പുറമെന്തെന്ന് അന്വേഷിക്കുകയോ ഇല്ല എന്നത് സത്യമാണ്. സൃഷ്ടികള്‍ക്കിടയിലെ അപൂര്‍വം ചിലരൊഴികെയുള്ള മഹാഭൂരിപക്ഷത്തിന്റെയും അവസ്ഥ ഇതാണ്. ഹ്രസ്വ വീക്ഷണമുള്ളവന്‍ ജിഹാദിലെ ദുരിതങ്ങളും കഷ്ടപ്പാടുകളും അതായത് മുറിവേല്‍ക്കപ്പെടുക, മറ്റുള്ളവരാല്‍ അധിക്ഷേപിക്കപ്പെടുക, മറ്റുള്ളവരുടെ ശത്രുതക്ക് പാത്രീഭവിക്കുക തുടങ്ങിയവ കണ്ട് ജിഹാദിന് മുന്നോട്ട് വരികയില്ല. ആഴത്തിലേക്ക് ചികഞ്ഞുനോക്കാനോ, അതിന്റെ നേട്ടങ്ങളെയും പ്രശംസനീയമായ ലക്ഷ്യങ്ങളെയും അതുള്‍ക്കൊള്ളുന്ന മഹത്തായ പ്രതിഫലത്തെയും തിരിച്ചറിയാനോ അയാള്‍ അശക്തനായിരിക്കും. അവരിലൊരാള്‍ തീര്‍ഥാടനത്തിനായി ആഗ്രഹിക്കുമ്പോള്‍ യാത്രയിലെ ബുദ്ധിമുട്ടുകള്‍, വീട്ടിലെയും തന്റെ പട്ടണത്തിലെയും സൗകര്യങ്ങളെ ഒഴിവാക്കല്‍, അഭിമുഖീകരിക്കേണ്ടി വരുന്ന മറ്റ് ക്ലേശങ്ങള്‍ എന്നിവയെല്ലാതെ യാത്രാന്ത്യം ലഭിക്കാനിരിക്കുന്ന ഒന്നും അയാള്‍ക്ക് കാണാനാകില്ല. അങ്ങനെ അയാളുടെ കാലിടറുകയും യാത്ര ഒഴിവാക്കുകയും ചെയ്യും.
ആത്മീയ ഉള്‍ക്കാഴ്ചയില്ലാത്തവരും ദുര്‍ബല വിശ്വാസികളുമായവരുടെ അവസ്ഥ ഇതാണ്. അത്തരക്കാര്‍ ഭീഷണികളും വാഗ്ദാനങ്ങളും കല്പനകളും വിലക്കുകളുമെല്ലാം നിയമശാസനം എന്ന നിലക്ക് ക്വുര്‍ആനില്‍ കാണുമ്പോള്‍ ഇച്ഛകളെ മാത്രം പിന്‍പറ്റാന്‍ അഭിലഷിക്കുന്ന അവരുടെ അഹന്തക്ക് അവ വലിയ ഭാരമായി അനുഭവപ്പെടും. ഈ ശാസനകള്‍ ആത്മാവിന്റെ നീചഗുണങ്ങളുടെ മുലയൂട്ടല്‍ അവസാനിപ്പിക്കുന്നു. ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം മുലകുടി തടയപ്പെടുക എന്നത് ഏറെ പ്രയാസകരമാണ്. ധിഷണയെ അടിസ്ഥാനമാക്കിയാല്‍ എല്ലാ മനുഷ്യരും കുഞ്ഞുങ്ങളാണ്. അതിനെ മുലകുടി മാറ്റി നിയന്ത്രിക്കുകയും അപ്രകാരം തന്നെ വിജ്ഞാനത്തിലൂടെയും പ്രവൃത്തിയിലൂടെയും സത്യത്തെ തിരിച്ചറിഞ്ഞ് ഉള്‍ക്കൊള്ളുകയും ചെയ്തവരൊഴികെ. അത്തരം ആളുകള്‍ക്കാണ് ആ മഴമേഘത്തിനപ്പുറത്ത്, ഇരുട്ടിനും ഇടിനാദത്തിനും മിന്നല്പിണറിനും അപ്പുറത്ത് എന്താണെന്ന് കാണാന്‍ കഴിയുന്നത്. ജീവന്റെ നിലനില്പിന്നായുള്ള ഉറവിടം എന്ന നിലക്ക് ആ മഴമേഘത്തെ തിരിച്ചറിയുന്നവര്‍ അവരാണ്.
قالَ الزَّمَخْشَرِيُّ: ” لِقائِلٍ أنْ يَقُولَ: شَبَّهَ دِينَ الإسْلامِ بِالصَّيِّبِ لِأنَّ القُلُوبَ تَحْيا بِهِ حَياةَ الأرْضِ بِالمَطَرِ، وما يَتَعَلَّقُ بِهِ مِن شَبَهِ الكُفّارِ بِالظُّلُماتِ، وما فِيهِ مِنَ الوَعْدِ والوَعِيدِ بِالرَّعْدِ والبَرْقِ وما يُصِيبُ الكَفَرَةَ مِنَ الأفْزاعِ والبَلايا والفِتَنِ مِن جِهَةِ أهْلِ الإسْلامِ بِالصَّواعِقِ، والمَعْنى: أوْ كَمَثَلِ ذَوِي صَيِّبٍ والمُرادُ كَمَثَلِ قَوْمٍ أخَذَتْهُمُ السَّماءُ عَلى هَذِهِ الصِّفَةِ فَلَقُوا مِنها ما لَقُوا.
സമഖ്ശരി പറഞ്ഞു: ‘ഇസ്ലാം മതം മേഘത്തോട് ഉപമിക്കപ്പെട്ടിട്ടുണ്ട്. കാരണം, ജലം ഭൂമിയെ ജീവസ്സുറ്റതാക്കുന്നതുപോലെ അത് ഹൃദയങ്ങള്‍ക്ക് ജീവന് പകരുന്നു. അവിശ്വാസം അന്ധകാരത്തോടാണ് സദൃശ്യപ്പെടുത്തിയത്. ഭീഷണിയും വാഗ്ദാനവും ഇടിനാദത്തോടും മിന്നല്പിണറിനോടും തുലനം ചെയ്യപ്പെട്ടിരിക്കുന്നു. അവിശ്വാസികളെ ഭയപ്പെടുത്തുന്ന പരീക്ഷണങ്ങളും കഷ്ടതകളും ഇടിമുഴക്കത്തോട് താരതമ്യപ്പെടുത്തിയിട്ടുണ്ട്. ‘അഥവാ ഒരു മഴമേഘത്തോട്’ എന്നതിന്റെ അര്‍ഥം, ‘അഥവാ മഴമേഘത്തിലകപ്പെട്ടുപോയവര്’ എന്നാണ്.
ഈ രണ്ട് ഉപമകളും വിജ്ഞാനപ്രദവും മഹത്തരവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
(1) വെളിച്ചം തേടുന്ന ഒരാള്‍ അതന്വേഷിക്കുന്നത് തന്നില്‍ നിന്നല്ല, മറിച്ച് മറ്റൊന്നില്‍ നിന്നാണ്. ആ പ്രകാശം നഷ്ടപ്പെടുന്നതോടെ അയാള്‍ ശരിയായ ഇരുട്ടിലകപ്പെടുന്നു. ഇതാണ് കപട വിശ്വാസികളുടെ അവസ്ഥ. അവര്‍ നാക്കുകൊണ്ട് വിശ്വാസം പ്രഖ്യാപിക്കുമ്പോള്‍ ഹൃദയത്തിലത് ഉറപ്പിക്കുകയോ മനസ്സുകൊണ്ടതിനെ സ്നേഹിക്കുകയോ ചെയ്യുന്നില്ല. തത്ഫലമായി അവന് നേടുന്ന പ്രകാശം കൃത്രിമമാണ്.
(2) പ്രകാശം നിലനിര്ത്തപ്പെടാന് ഇന്ധനം ആവശ്യമാണ്. ജീവികളുടെ ജീവന് നിലനില്ക്കാന് ആവശ്യമായ ഭക്ഷണത്തോട് ഈ ഇന്ധനത്തെ താരതമ്യം ചെയ്യാവുന്നതാണ്. അപ്രകാരം തന്നെ വിശ്വാസത്തിന്റെ പ്രകാശത്തിനും നിലനില്ക്കാന് ഇന്ധനം വേണ്ടതുണ്ട്. ഗുണകരമായ വിജ്ഞാനവും ധര്‍മനിഷ്ഠയുള്ള പ്രവര്‍ത്തനവും. ഈ ഇന്ധനം നീക്കം ചെയ്യപ്പെടുമ്പോള്‍ അതിന് മരണം സംഭവിക്കുന്നു.
(3) അന്ധകാരം രണ്ടു വിധമുണ്ട് : വെളിച്ചത്തിന് മുന്‍പുള്ള സ്ഥായിയായ അന്ധകാരവും, വെളിച്ചത്തിന് ശേഷം വരുന്ന കാലാനുസൃതമായ ഇരുട്ടും. ഇവയില്‍ രണ്ടാമത്തേതാണ് അഭിമുഖീകരിക്കുന്നവന് ഏറ്റവും കഠിനതരമായത്. അവിശ്വാസികളുടെ അന്ധകാരം ആദ്യം പ്രതിപാദിച്ചതാണ്. കാരണം അവര്‍ ഒരിക്കലും പ്രകാശം കണ്ടിട്ടില്ല. കപട വിശ്വാസികളുടേത് രണ്ടാമതായി പറഞ്ഞ ഇരുട്ടാണ്. കാരണം അവര്‍ പ്രകാശം കാണുകയും പിന്നീട് അന്ധകാരത്തിലേക്ക് കൂപ്പുകുത്തിയവരുമാണ്.
(4) ഈ ഉപമ അവരുടെ പരലോകത്തെ സൂചിപ്പിച്ചുകൊണ്ടുള്ളതാണ്. കാരണം അവര്‍ക്കവിടെ ഒരു നാമമാത്രമായ വെളിച്ചമാണ് നല്കപ്പെടുക. അവരുടെ ഇഹത്തിലെ വെളിച്ചവും ഉപരിപ്ലവമായിരുന്നതുപോലെ. അങ്ങനെ അവര്‍ക്ക് പ്രകാശം അത്യാവശ്യമായി വരുന്ന വേളയില്‍ അത് പൊടുന്നനെ പൊലിഞ്ഞുപോകുന്നു. അവര്‍ ആ പാലത്തില്‍ മുന്നോട്ടുനീങ്ങാനാകാതെ നിശ്ചലരാകുന്നു. ശക്തമായ പ്രകാശമുള്ളവര്‍ക്ക് മാത്രമെ അത് മറികടക്കാന്‍ കഴിയുകയുള്ളൂ. ഗുണകരമായ അറിവും ധര്‍മനിഷ്ഠയോടെയുള്ള പ്രവര്‍ത്തനങ്ങളും കൊണ്ടു മാത്രമെ ആ പ്രകാശം തീക്ഷ്ണമാക്കപ്പെടുകയുള്ളൂ. അതുകൊണ്ട്, ഇഹത്തിലെ അവരുടെ അവസ്ഥയെ വിശദമാക്കുന്ന ഉപമ അവരുടെ പരലോകത്തെ അവസ്ഥക്കും അനുയോജ്യമാണ്. ആ പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ആളുകള്‍ക്ക് പ്രകാശം പകുത്ത് നല്കപ്പെടുമ്പോള്, സത്യവിശ്വാസികളുടെ പ്രകാശം ബാക്കിയാവുകയും കപടവിശ്വാസികളുടേത് അണഞ്ഞുപോകുകയും ചെയ്യുന്നു. ഇക്കാര്യം ബോധ്യമാകുമ്പോള്‍ ‘ദഹബല്ലാഹു നൂറഹും’ എന്ന് പറയാതെ ‘ബി’ എന്ന് ചേര്‍ത്ത് ‘ذَهَبَ اللَّهُ بِنُورِهِمْ’ എന്ന് പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നതാണ്.
പാലം മറികടക്കുന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞു:
«نَجِيءُ نَحْنُ يَوْمَ القِيامَةِ ” عَلى تَلٍّ ” فَوْقَ النّاسِ قالَ: فَتُدْعى الأُمَمُ بِأوْثانِها وما كانَتْ تَعْبُدُ الأوَّلَ فالأوَّلَ، ثُمَّ يَأْتِينا رَبُّنا تَبارَكَ وتَعالى بَعْدَ ذَلِكَ فَيَقُولُ: مَن تَنْتَظِرُونَ؟ فَيَقُولُونَ نَنْتَظِرُ رَبَّنا. فَيَقُولُ: أنا رَبُّكُمْ، فَيَقُولُونَ: حَتّى نَنْظُرَ إلَيْكَ، فَيَتَجَلّى لَهم يَضْحَكُ، قالَ: فَيَنْطَلِقُ بِهِمْ ويَتْبَعُونَهُ ويُعْطى كُلُّ إنْسانٍ مِنهم مُنافِقٍ أوْ مُؤْمِنٍ نُورًا ثُمَّ يَتَّبِعُونَهُ وعَلى جِسْرِ جَهَنَّمَ كَلالِيبَ وحَسَكٍ تَأْخُذُ مَن شاءَ اللَّهُ تَعالى ثُمَّ يُطْفَأُ نُورُ المُنافِقِينَ ثُمَّ يَنْجُو المُؤْمِنُونَ فَيَنْجُو أوَّلُ زُمْرَةٍ وُجُوهُهم كالقَمَرِ لَيْلَةَ البَدْرِ سَبْعُونَ ألْفًا لا يُحاسَبُونَ، ثُمَّ الَّذِينَ يَلُونَهم كَأضْواءِ نَجْمٍ في السَّماءِ، ثُمَّ كَذَلِكَ ثُمَّ تُحَلُّ الشَّفاعَةُ ويُشَفَّعُونَ حَتّى يَخْرُجَ مِنَ النّارِ مَن قالَ: لا إلَهَ إلّا اللَّهُ، وكانَ في قَلْبِهِ مِنَ الخَيْرِ ما يَزِنُ شَعِيرَةً فَيُجْعَلُونَ بِفَناءِ الجَنَّةِ ويَجْعَلُ أهْلُ الجَنَّةِ يَرُشُّونَ عَلَيْهِمُ الماءَ».
‘വിചാരണ നാളില്‍ ഉയര്‍ന്നു നില്ക്കുന്ന ഒരു പര്‍വതത്തിനു മുകളിലേക്ക് നാം വരും. ജനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി അവര്‍ ആരാധിച്ചിരുന്ന ബിംബങ്ങളുമായി ഹാജരാക്കപ്പെടും. അപ്പോള്‍ അത്യുന്നതനും അനുഗ്രഹമുടയവനുമായ നമ്മുടെ രക്ഷിതാവ് നമ്മിലേക്ക് വന്നുകൊണ്ട് പറയും: ‘നിങ്ങള്‍ ആരെയാണ് പ്രതീക്ഷിക്കുന്നത്?’ അവര്‍ പറയും: ‘ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ പ്രതീക്ഷിച്ച് നില്‍ക്കുകയാണ്.’ അവന് പറയും: ‘ഞാനാണ് നിങ്ങളുടെ രക്ഷിതാവ’ അവര്‍ പറയും: ‘നിന്നെ കാണാതെ ഞങ്ങള്‍ക്കത് നിശ്ചയിക്കാന്‍ കഴിയില്ല.’ അപ്പോള്‍ അവന് ചിരിച്ചുകൊണ്ട് സ്വയം പ്രത്യക്ഷനാകും. പിന്നീട് അവരെ അനുഗാമികളാക്കിക്കൊണ്ട് അപ്രത്യക്ഷനാകും. അവിടെയുള്ള ഏവര്‍ക്കും വിശ്വാസികള്‍ക്കും കപടന്മാര്‍ക്കും പ്രകാശം നല്കപ്പെടും. നരകത്തിനു കുറുകെയുള്ള പാലത്തിന്മേല് കൊളുത്തുകളും കുന്തങ്ങളുമുണ്ടാകും. അല്ലാഹു ഇച്ഛിക്കുന്നവരെ അവ കൊളുത്തിയെടുക്കും. അപ്പോള്‍ കപടന്മാരുടെ പ്രകാശം അണഞ്ഞുപോകുകയും സത്യവിശ്വാസികള്‍ മോക്ഷം നേടുകയും ചെയ്യും. രക്ഷപ്പെടുന്ന ആദ്യവിഭാഗത്തില്‍ അമ്പതിനായിരം പേരുണ്ടാകും. ചന്ദ്രനെപ്പോലെ തിളങ്ങുന്ന വദനങ്ങളുള്ള അവര്‍ വിചാരണ ചെയ്യപ്പെടുകയില്ല. അടുത്ത സംഘത്തിന്റെ മുഖങ്ങള്‍ ആകാശത്തെ നക്ഷത്രങ്ങളെപ്പോലെ ആയിരിക്കും. അങ്ങനെ, അങ്ങനെ. ഒരു ബാര്‍ളി മണിയുടെ തൂക്കം വിശ്വാസം മനസ്സിലുള്ള ആള് വരെ നരകാഗ്നിയില്‍ നിന്ന് പുറത്തു കൊണ്ടുവരപ്പെടുകയും അയാള്‍ ‘അല്ലാഹുവല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹനായി ആരുമില്ല’ എന്ന് പറയുംവരെ ശുപാര്‍ശ തുടരുകയും ചെയ്യും. അവരങ്ങനെ സ്വര്‍ഗത്തിന്റെ നടുമുറ്റത്തേക്കാനായിക്കപ്പെടും. സ്വര്‍ഗവാസികള്‍ അവര്‍ക്കുമേല്‍ വെള്ളം തെളിക്കും…”
നബി ﷺ യുടെ വാക്കുകള്‍ സശ്രദ്ധം പരിശോധിക്കുക:
فَيَنْطَلِقُ فَيَتْبَعُونَهُ ويُعْطى كُلُّ إنْسانٍ مِنهم نُورًا المُنافِقِ والمُؤْمِنِ
‘പിന്നീട് അവരെ അനുഗാമികളാക്കിക്കൊണ്ട് അപ്രത്യക്ഷനാകും. അവിടെയുള്ള ഏവര്‍ക്കും വിശ്വാസികള്‍ക്കും കപടന്മാര്‍ക്കും പ്രകാശം നല്കപ്പെടും…’
അതോടൊപ്പം അല്ലാഹുവിന്റെ ഈ വചനവും ശ്രദ്ധിക്കുക:
ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَٰتٍ لَّا يُبْصِرُونَ
അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ അന്ധകാരങ്ങളില്‍ അവരെ വിടുകയും ചെയ്തു. (ഖു൪ആന്‍:2/17)
സത്യവിശ്വാസികള്‍ അവരുടെ രക്ഷിതാവിനെ അനുഗമിച്ച് മുന്നോട്ട് പോകവെ കപടന്മാരുടെ പ്രകാശം അണക്കപ്പെടുകയും അവര്‍ കൂരിരുട്ടിലകപ്പെടുകയും ചെയ്ത അവസ്ഥയെ കൂടി സസൂക്ഷ്മം വിലയിരുത്തുക. ശുപാര്‍ശയെ സംബന്ധിച്ചുള്ള പ്രവാചകന് ﷺ യുടെ ഹദീഥിലെ വാക്കുകളും ശ്രദ്ധിക്കുക.
لِتَتْبِعْ كُلُّ أُمَّةٍ ما كانَتْ تَعْبُدُ
‘എല്ലാ മതസ്തരും അവര്‍ ആരാധിച്ചിരുന്ന ദൈവത്തെ പിന്തുടരും.’
ബഹുദൈവാരാധകന് അവന്റെ ദൈവത്തെയും തൗഹീദിന്റെ വ്യക്തി അല്ലാഹുവിനെയും അനുഗമിക്കും. അല്ലാഹുവിന്റെ വചനം ശ്രദ്ധിക്കുക.
يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى ٱلسُّجُودِ فَلَا يَسْتَطِيعُونَ
കണങ്കാല് വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ് ചെയ്യാന്‍ (അന്ന്) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല. (ഖു൪ആന്‍:68/42)
നബി ﷺ ഈ സന്ദര്‍ഭത്തിലെ ശുപാര്‍ശയെ സംബന്ധിച്ച് മുമ്പ് പ്രസ്താവിച്ച ഹദീഥില്‍ ഈ വചനം പാരായണം ചെയ്യുകയുണ്ടായി. ഹദീഥില്‍ അദ്ദേഹം പറഞ്ഞു:
فَيُكْشَفُ عَنْ ساقِهِ
‘…അപ്രകാരം അവന് അവന്റെ കണങ്കാല് വെളിവാക്കും.’
അവന്റെ കണങ്കാലിനെ സംബന്ധിച്ചാണ് ഈ വചനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാകുന്നു. ഇതെല്ലാം സസൂക്ഷ്മം വിലയിരുത്തിയാല്‍ തൗഹീദിന്റെ മര്മങ്ങളിലൊരു മര്‍മം നിങ്ങള്‍ക്ക് മനസ്സിലാകും. മാത്രമല്ല, അല്ലാഹു ശിര്‍ക്കിന്റെ ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തൗഹീദിന്റെ ആളുകളോട് എപ്രകാരമാണ് ഇടപെടുന്നതെന്നും അറിയാന്‍ കഴിയും.
(5) അന്ധകാരം കരസ്ഥമാക്കുന്നതിനെ സംബന്ധിച്ചുള്ള ആദ്യ ഉപമ ദുര്‍മാര്‍ഗത്തെയും സംഭ്രാന്തിയെയുമാണ് സദൃശ്യപ്പെടുത്തുന്നത്. അതിന്റെ വിപരീതമാണ് സന്മാര്ഗം. രണ്ടാമത്തെ ഉപമ വിഷയമാക്കുന്നത് അവര്‍ ഭയംനേടുന്ന കാര്യമാണ്. അതിന്റെ വിപരീതം നിര്‍ഭയത്വവും നിരാകുലതയുമാണ്. കപട വിശ്വാസികള്‍ സന്മാര്ഗത്തിലായവരോ നിര്‍ഭയരോ അല്ല.
ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ
വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖു൪ആന്‍:6/82)
قالَ ابْنُ عَبّاسٍ وغَيْرُهُ مِنَ السَّلَفِ: مَثَلُ هَؤُلاءِ في نِفاقِهِمْ كَمَثَلِ رَجُلٍ أوْقَدَ نارًا في لَيْلَةٍ مُظْلِمَةٍ في مَفازَةٍ فاسْتَدْفَأ ورَأى ما حَوْلَهُ فاتَّقى مِمّا يَخافُ، فَبَيْنَما هو كَذَلِكَ إذْ طُفِئَتْ نارُهُ فَبَقِيَ في ظُلْمَةٍ خائِفًا مُتَحَيِّرًا كَذَلِكَ المُنافِقُونَ بِإظْهارِ كَلِمَةِ الإيمانِ أمِنُوا عَلى أمْوالِهِمْ وأوْلادِهِمْ وناكَحُوا المُؤْمِنِينَ ووارَثُوهم وقاسَمُوهُمُ الغَنائِمَ، فَذَلِكَ نُورُهم فَإذا ماتُوا عادُوا إلى الظُّلْمَةِ والخَوْفِ.
ഇബ്നു അബ്ബാസ് رَضِيَ اللهُ عَنْهُ വും സലഫുകളിൽ പെട്ട ചിലരും പറഞ്ഞിരിക്കുന്നു: ഈ ആളുകളുടെ കാപട്യത്തെക്കുറിച്ചുള്ള ഉപമ കൂരിരുട്ടാര്‍ന്ന ഒരു രാത്രിയിലെ ഭയാനകമായ അവസ്ഥയില്‍ തീ കത്തിച്ച ഒരാളെപ്പോലെയാണ്. അയാള്‍ സ്വയം തീ കായുകയും തനിക്കു ചുറ്റുമുള്ളതെല്ലാം കാണുകയും ചെയ്യുന്നു. തന്റെ ഭയപ്പാടില്‍ നിന്നുമയാള്‍ രക്ഷപ്രാപിക്കുന്നു. ആ അവസരത്തില്‍ പെട്ടെന്ന് തീയണയുകയും അയാള്‍ വീണ്ടും ഭയവും സംഭ്രാന്തിയും നിറഞ്ഞ അവസ്ഥയിലകപ്പെടുകയും ചെയ്യുന്നു. കപടവിശ്വാസികള്‍ അവരുടെ പുറമേക്കുള്ള വിശ്വാസ പ്രഖ്യാപനം നിമിത്തം സമ്പത്തും സന്താനങ്ങളും സുരക്ഷിതമാക്കുകയും സത്യവിശ്വാസികളെ വിവാഹം കഴിക്കുകയും അവരില്‍ നിന്നും പാരമ്പര്യമെടുക്കുകയും യുദ്ധാര്‍ജിത സ്വത്തിന്റെ ഒരു ഭാഗം നേടിയെടുക്കുകയും ചെയ്തു. ഇതാണ് അവരുടെ പ്രകാശം. എന്നാല്‍ അവര്‍ മരണപ്പെടുമ്പോള്‍ അവര്‍ വീണ്ടും ഇരുട്ടിലേക്കും ഭയത്തിലേക്കും തിരിച്ചെത്തുകയാണ്.
قالَ مُجاهِدٌ: إضاءَةُ النّارِ لَهم إقْبالُهم إلى المُسْلِمِينَ والهُدى، وذَهابُ نُورِهِمْ إقْبالُهم إلى المُشْرِكِينَ والضَّلالَةِ.
മുജാഹിദ് പറഞ്ഞു: ‘അവര്‍ക്കായി കത്തിക്കപ്പെട്ട അഗ്നികൊണ്ട് അര്‍ഥമാക്കുന്നത് അവരുടെ, മുസ്ലിംകള്ക്കും മുസ്ലിംകളിലേക്കും സന്മാര്ഗത്തിനും നേരെയുള്ള യാത്രയാണ്. അവരുടെ പ്രകാശം അണക്കപ്പെട്ടു എന്നതിനര്‍ഥം അവരുടെ ബഹുദൈവാരാധകരിലേക്കും ദുര്മാര്ഗത്തിലേക്കുമുള്ള പ്രയാണമാണ്.
പ്രകാശം നേടലും അതണക്കപ്പെടലും ഇഹലോക ജീവിതത്തിലെ, അല്ലെങ്കില്‍ ക്വബ്ര് ജീവിതത്തിലെ, അതുമല്ലെങ്കില്‍ പരലോകത്തെ സംഭവങ്ങളുമായി വൈവിധ്യമാംവിധം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് ജീവിതത്തിന്റെ മൂന്ന് അവസ്ഥകളിലും സംഭവിക്കുന്നു എന്നതാണ് ശരിയായ നിലപാട്. കാരണം അത് അവരുടെ ഇഹലോക ജീവിതത്തിനുള്ള മറ്റു ജീവിതത്തിലെ പാരിതോഷികമാണ്.
جَزَآءً وِفَاقًا
അനുയോജ്യമായ പ്രതിഫലമത്രെ അത്’. (ഖു൪ആന്‍:78/26)
وَمَا رَبُّكَ بِظَلَّٰمٍ لِّلْعَبِيدِ
നിന്റെ രക്ഷിതാവ് (തന്റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല. (ഖു൪ആന്‍:41/46)
ഉയിര്ത്തെഴുന്നേല്ക്കുമ്പോള് ഒരു വ്യക്തി ഇഹലോകത്ത് അവന് വിതച്ച വിത്തിന്റെ വിളവെടുപ്പാണ് നടക്കുക എന്നതുകൊണ്ടാണ് ആ ദിനത്തെ പ്രതിഫലനാള്‍ എന്ന് വിളിക്കപ്പെട്ടിരിക്കുന്നത്.
وَمَن كَانَ فِى هَٰذِهِۦٓ أَعْمَىٰ فَهُوَ فِى ٱلْـَٔاخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا
വല്ലവനും ഈ ലോകത്ത് അന്ധനായിരുന്നാല്‍ പരലോകത്തും അവന് അന്ധനായിരിക്കും. ഏറ്റവും വഴിപിഴച്ചവനുമായിരിക്കും. (ഖു൪ആന്‍:17/72)
وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًى ۗ
സന്മാര്ഗം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്മാര്ഗനിഷ്ഠ വര്‍ധിപ്പിച്ച് കൊടുക്കുന്നതാണ്. (ഖു൪ആന്‍:19/76)
മഹത്ത്വമുടയവനും അത്യുന്നതനുമായ അല്ലാഹു സൂറ അല്ബക്വറയിലും അര്റഅദിലും അന്നൂറിലുമായി രണ്ട് ഉപമകളാണ് പറഞ്ഞിരിക്കുന്നത്. ഒന്ന് അഗ്നിയും മറ്റൊന്ന് ജലവും. കാരണം ജീവന് തുടിച്ചുയരുന്നത് വെള്ളത്തില്‍ നിന്നും പ്രകാശത്തില്‍ നിന്നുമാണ്. വിശ്വാസിക്ക് ജീവസ്സുറ്റ പ്രകാശമാര്‍ന്ന ഒരു ഹൃദയമുണ്ട്. കപടവിശ്വാസിക്ക് നിര്‍ജീവമായ കറുത്ത ഹൃദയവും. അത്യുന്നതനായ അല്ലാഹു പറയുന്നു:
أَوَمَن كَانَ مَيْتًا فَأَحْيَيْنَٰهُ وَجَعَلْنَا لَهُۥ نُورًا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَٰتِ لَيْسَ بِخَارِجٍ مِّنْهَا ۚ
നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന് നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ?(ഖു൪ആന്‍:6/122)
مَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ﴿١٩﴾ وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ ﴿٢٠﴾ وَلَا ٱلظِّلُّ وَلَا ٱلْحَرُورُ ﴿٢١﴾ وَمَا يَسْتَوِى ٱلْأَحْيَآءُ وَلَا ٱلْأَمْوَٰتُ ۚ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ ۖ وَمَآ أَنتَ بِمُسْمِعٍ مَّن فِى ٱلْقُبُورِ ﴿٢٢﴾
അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല. ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.) തണലും ചൂടുള്ള വെയിലും (സമമാവുകയില്ല.) ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന് ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല. (ഖു൪ആന്‍:35/19-22)
അപ്പോള്‍, അവന്റെ മാര്‍ഗദര്‍ശനം അനുധാവനം ചെയ്ത് അവന്റെ പ്രകാശം കൊണ്ട് സ്വയം തിളങ്ങുന്നവരെയാണ് അവന് ജീവനുള്ളവരായി പരിഗണിക്കുന്നത്. അവര്‍ സംശയത്തിന്റെയും ദുര്മാര്ഗത്തിന്റെയും പുതു നിര്‍മ്മിതികളുടെയും ശിര്‍ക്കിന്റെയും ചൂടില്‍ നിന്ന് സംരക്ഷിക്കുന്ന ഒരു തണലില്‍ അഭയം തേടിയിരിക്കുന്നു. അപ്രകാരം പ്രവര്‍ത്തിക്കാത്തവരെ അവന് അന്ധരും ജീവനറ്റവരും അവിശ്വാസത്തിന്റെയും ശിര്‍ക്കിന്റെയും ദുര്മാര്ഗത്തിന്റെയും ചൂടില്‍ മുങ്ങിയവരുമായിട്ടാണ് പരിഗണിക്കുന്നത്; ഇരുട്ടിന്റെ ഓരോ പാളികള്‍ക്കിടയിലും വിഴുങ്ങപ്പെട്ടവരായിക്കൊണ്ട്. ഏറ്റവും ശരിയായറിയുന്നവന്‍ അല്ലാഹു ആകുന്നു.
ഇബ്നുല്‍ ക്വയ്യിം അല്‍ജൗസി رحمه الله
വിവര്‍ത്തനം : അബൂഫൈഹ
www.kanzululoom.com