മുഹറം പവിത്രമാസം

അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങള്‍ പന്ത്രണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്‌) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌. ……. (ഖു൪ആന്‍ : 9/36)

ചില മാസങ്ങള്‍ക്ക് മറ്റ് മാസങ്ങളേക്കാള്‍ അല്ലാഹുവും അവന്റെ റസൂൽ ﷺ യും ശ്രേഷ്ടതയും പ്രത്യേകതയും നല്‍കിയിട്ടുണ്ട്. ഈ ആയത്തില്‍ നിന്ന് നാല് മാസങ്ങള്‍ പവിത്രമാണെന്ന് മനസ്സിലാക്കാം. ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണ് പവിത്ര മാസങ്ങളായ നാല് മാസങ്ങള്‍.

عَنْ أَبِي بَكْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ الزَّمَانَ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا، أَرْبَعَةٌ حُرُمٌ، ثَلاَثٌ مُتَوَالِيَاتٌ، ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ ‏

അബൂബക്കറില്‍(റ) നിന്നും നിവേദനം: നബി ﷺ പറയുന്നു:നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ മാതിരി തിരിഞ്ഞുവന്നിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, (അതായത്) ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബാണ് (നാലാമത്തേത്) (ബുഖാരി:4662)

ഇവിടെ മുളറിന്റെ റജബ് എന്നു പറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമളാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് ‘റജബു മുളര്‍’ എന്ന് നബി ﷺ വ്യക്തമാക്കിയത്.

അല്ലാഹു പവിത്രമാക്കിയ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം. ഇസ്‌ലാമിക്‌ കലണ്ടറിലെ ആദ്യത്തെ മാസവുമാണ് മുഹറം.  മാത്രമല്ല, മുഹറം മാസത്തെ അല്ലാഹുവിനോട് ചേ൪ത്തുപറഞ്ഞിട്ടുള്ളതും ഇതിന്റെ ശ്രേഷ്ടതയയായി കണക്കാക്കാവുന്നതാണ്.

عَنْ أَبِي هُرَيْرَةَ قَالَ قَالَ النَّبِيُّ صلى الله عليه وسلم: أَفْضَلُ الصِّيَامِ بَعْدَ شَهْرِ رَمَضَانَ صِيَامُ شَهْرِ اللَّهِ الْمُحَرَّمِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : റമളാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലെ നോമ്പാണ്……(മുസ്ലിം:1163)

ഇമാം ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞു: നിശ്ചയം, അല്ലാഹു വ൪ഷത്തെ പവിത്ര മാസം കൊണ്ട് തുടങ്ങുകയും പവിത്ര മാസം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു.

ഇബ്നു റജബുൽ ഹമ്പലി(റഹി) പറഞ്ഞു: അല്ലാഹു വർഷം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തത് പവിത്രമായ മാസങ്ങൾ കൊണ്ടാണ്. അല്ലാഹുവിങ്കൽ റമദ്വാനിന് ശേഷം മുഹറത്തേക്കാൾ മഹത്വമേറിയ മറ്റൊരു മാസമില്ല. (ലത്വാഇഫുൽ മആരിഫ്)

അല്ലാഹു പവിത്രമാക്കിയ മാസമെന്ന നിലക്ക് മുഹറം മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ സത്യവിശ്വാസികൾക്ക് കഴിയണം. എങ്ങനെയാണ് ഈ മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത്? അല്ലാഹു ആദരിച്ചവയെ ആദരിക്കുക എന്നത് ഒരു സത്യവിശ്വാസികളുടെ ബാധ്യതയാണ്, അതവന്റെ തഖ്‌വയുടെ ഭാഗമാണ്.

وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ

ആരെങ്കിലും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയിൽ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍ : 22/32)

ഈ മാസത്തോട് അനാദരവ് കാണിക്കരുത് എന്ന് അല്ലാഹു സത്യവിശ്വാസികളോട് പ്രത്യേകം ഉണർത്തിയിട്ടുണ്ട്:

يَا أَيُّهَا الَّذِينَ آمَنُوا لَا تُحِلُّوا شَعَائِرَ اللَّهِ وَلَا الشَّهْرَ الْحَرَامَ

സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും. (ഖു൪ആന്‍ : 5/2)

മറ്റുള്ള മാസങ്ങളേക്കാൾ കൂടുതൽ ശ്രദ്ധയോടെ അല്ലാഹു വിലക്കിയ കാര്യങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയും അവ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ഒരു സത്യവിശ്വാസി ഈ മാസത്തിന്റെ പവിത്രത ഉൾക്കൊണ്ട്‌ ഒന്നാമതായി ചെയ്യേണ്ട കാര്യം. യുദ്ധവും പരസ്പരം പോരടിക്കലുമെല്ലാം അല്ലാഹു ഈ മാസങ്ങളിൽ നിഷിദ്ധമാക്കിയിട്ടുണ്ട്.

يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ

വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. (ഖു൪ആന്‍ : 2/217)

ഈ മാസത്തിൽ തിന്മകൾ ചെയ്തും പാപങ്ങൾ പേറിയും സ്വദേഹങ്ങളോട് അതിക്രമം ചെയ്യരുതെന്ന് അല്ലാഹു പ്രത്യേകം ഓർമപ്പെടുത്തിയിട്ടുണ്ട്. “അതിനാല്‍ ആ (നാല്‌) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌” ഈ പ്രയോഗം അതാണ് സൂചിപ്പിക്കുന്നത്.

قال قتادة في قوله : { فلا تظلموا فيهن أنفسكم } إن الظلم في الأشهر الحرم أعظم خطيئة ووزراً من الظلم فيما سواها. وإن كان الظلم على كل حال عظيماً

ഇമാം ഖതാദ (റ) പറയുന്നു:{ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌ }: തിന്മകൾ ചെയ്യുക ,അക്രമം പ്രവർത്തിക്കുക എന്നത് എക്കാലത്തും ഗൗരവമുള്ള കാര്യമാണെങ്കിലും അല്ലാഹു പവിത്രമാക്കിയ ഈ നാലുമാസങ്ങളിൽ തിന്മകൾ ചെയ്യുക എന്നത് അവയല്ലാത്ത മറ്റുമാസങ്ങളിൽ തിന്മകൾ ചെയ്യുന്നതിനേക്കാൾ ഗുരുതരവും കൂടുതൽ ശിക്ഷ ലഭിച്ചേക്കാവുന്നതുമായ കാര്യമാണ്. (തഫ്സീർ ഇബ്നു കസീർ)

عن ابن عباس قوله: (إن عدة الشهور عند الله اثنا عشر شهرا في كتاب الله يوم خلق السموات والأرض منها أربعة حرم ذلك الدين القيم فلا تظلموا فيهن أنفسكم)، في كلِّهن. ثم خصَّ من ذلك أربعة أشهر فجعلهن حُرُمًا، وعظّم حُرُماتهن، وجعل الذنبَ فيهن أعظم، والعمل الصالح والأجر أعظم.

ഇബ്നു അബ്ബാസ് (റ) പറയുന്നു: എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കല്‍ (അഥവാ അധര്‍മ്മം ചെയ്യല്‍) നിഷിദ്ധമാണ്. പിന്നീട് അതില്‍ നിന്നും നാല് മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞു. അവയുടെ പവിത്രതയെ മഹത്വപ്പെടുത്തുകയും, അവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായതായ നന്മകളുമാക്കിയിരിക്കുന്നു. (തഫ്സീര്‍ ത്വബരി – സൂറ തൗബ: 36)

അതോടൊപ്പം തന്നെ അല്ലാഹു കല്പിച്ച വാജിബും സുന്നത്തുമായ കാര്യങ്ങളിൽ ഏറെ ശ്രദ്ധ കാണിക്കുകയും വളരെ കണിശതയോടെയും കൃത്യതയോടെയും അവ നിർവഹിക്കുകയും വേണം.

قال قتادة : العمل الصالح أعظم أجرا في الأشهر الحرم

ഖതാദ (റ) പറയുന്നു: അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ സൽകർമ്മങ്ങൾക്ക് വമ്പിച്ച പ്രതിഫലമുണ്ട്.

അല്ലാഹുവും അവന്റെ റസൂൽ ﷺ യും മുഹറം മാസത്തെ പുണ്യമാസമെന്നും അല്ലാഹുവിന്റെ മാസമെന്നും വിശേഷിപ്പിക്കുകയും അതിനെ അനാദരിക്കരുതെന്ന് ഓ൪മ്മപ്പെടുത്തുകയും ചെയ്തിട്ടും മുസ്ലിം സമുദായത്തിലെ ചിലയാളുകള്‍ ഈ മാസത്തെ നഹ്സായി (അശുഭമായി) കാണാറുണ്ട്. പ്രത്യേകിച്ച് അതിലെ ആദ്യത്തെ പത്ത് ദിനങ്ങളെ. ആ ദിനങ്ങളില്‍ അവ൪ യാത്ര പുറപ്പെടുകയോ, വിവാഹം കഴിക്കുകയോ, വീട് നി൪മ്മാണം ആരംഭിക്കുകയോ, വീട്ടില്‍ താമസം ആരംഭിക്കുകയോ. മറ്റ് നല്ല കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യാറില്ല. കാരണം ആ ദിവസങ്ങള്‍ ദുശ്ശകുനത്തിന്റെ ദിനമായിട്ടാണ് അവര്‍ കണക്കാക്കുന്നത്.

എന്നാല്‍ നബി ﷺ യോ നബിയെ മുഴുവന്‍ കാര്യങ്ങളിലും പിന്‍പറ്റിയ സച്ചരിതരായ സ്വഹാബികളോ അങ്ങനെ പഠിപ്പിച്ചതായി നമുക്ക് കാണാന്‍ സാധ്യമല്ല. ഇസ്‌ലാം ഏതെങ്കിലും ദിവസത്തെയോ മാസത്തെയോ ദുശ്ശകനത്തിന്റെ ദിവസമായും മാസമായും പഠിപ്പിക്കുന്നില്ല.ഏതെങ്കിലും ദിവസത്തെയോ മാസത്തെയോ ദുശിച്ച് പറയുന്നത് അല്ലാഹുവിലേക്ക് തന്നെയാണ് ചെന്നെത്തുന്നത്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لاَ تَسُبُّوا الدَّهْرَ فَإِنَّ اللَّهَ هُوَ الدَّهْرُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ കാലത്തെ ചീത്ത പറയരുത്. തീ൪ച്ചയായും അല്ലാഹുവാണ് കാലം.(മുസ്ലിം:2246)

ഒരു തരത്തിലുള്ള ദുശ്ശകുനം നോക്കലും ഇസ്ലാം പഠിപ്പിച്ചിട്ടില്ല. കറുത്ത പൂച്ച മുന്നിലൂടെ ഓടുന്നതും, പ്രഭാതത്തില്‍ കാലിക്കൊട്ടയോ കാലിച്ചാക്കോ കാണുന്നതും, ചീവീട് കരയുന്നതും, കൈനീട്ടവും (രാവിലെ കടയില്‍ വന്ന് ആരെങ്കിലും കടം വാങ്ങിയാല്‍ ആ ദിവസം മുഴുവനും കടം തന്നെയായിരിക്കുമെന്ന വിശ്വാസം), ഒരു യാത്രക്ക് ഒരുങ്ങുമ്പോള്‍ വഴിയില്‍ വെച്ച് ആരെങ്കിലും തടയുന്നതും, ഇടക്ക് വെച്ച് ആരെങ്കിലും വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതുമെല്ലാം ദുശ്ശകുനമാണെന്ന വിശ്വാസം ഇസ്ലാമിന്റേതല്ലെന്ന് മനസ്സിലാക്കേണ്ടതാണ്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ : مَنْ رَدَّتْهُ الطِّيَرَةُ مِنْ حَاجَةٍ فَقَدْ أَشْرَكَ، قَالُوا: يَا رَسُولَ اللَّهِ مَا كَفَّارَةُ ذَلِكَ قَالَ: أَنْ يَقُولَ أَحَدُهُمُ اللَّهُمَّ لاَ خَيْرَ إِلاَّ خَيْرُكَ وَلاَ طَيْرَ إِلاَّ طَيْرُكَ وَلاَ إِلَهَ غَيْرُكَ

അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്നും (റ) നിവേദനം: നബി ﷺ പറഞ്ഞു: ‘ആരുടെയെങ്കിലും ആവശ്യം ദുശ്ശകുനത്താല്‍ തടയപ്പെടുകയാണെങ്കില്‍ അവന്‍ ശിര്‍ക്ക് ചെയ്തു’. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: ‘പ്രവാചകരേ, അതിനുള്ള പ്രായച്ഛിത്തം എന്താണ്?’ നബി ﷺ പറഞ്ഞു: ‘ഇങ്ങനെ പറയലാണ് : اللَّهُمَّ لاَ خَيْرَ إِلاَّ خَيْرُكَ وَلاَ طَيْرَ إِلاَّ طَيْرُكَ وَلاَ إِلَهَ غَيْرُكَ അല്ലാഹുവേ, നിന്റെ നന്മയല്ലാതെ ഒരു നന്മയുമില്ല. നിന്റെ ശകുനമല്ലാതെ മറ്റൊരു ശകുനവുമില്ല, നീയല്ലാതെ യഥാര്‍ഥത്തില്‍ ഒരു ഇലാഹുമില്ല” (അഹ്മദ്)

قَالَ رَسُول اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: الطِّيَرَةُ شِرْكٌ الطِّيَرَةُ شِرْكٌ

നബി ﷺ പറഞ്ഞു: ‘ദുശ്ശകുനം ശിര്‍ക്കാകുന്നു, ദുശ്ശകുനം ശിര്‍ക്കാകുന്നു.’ (അഹ്മദ്)

عَنْ أبي هُرَيْرَةَ يَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ :لاَ عَدْوَى وَلاَ طِيَرَةَ وَلاَ هَامَةَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: അദ്‌വയും (രോഗം വരുന്നത് അല്ലാഹുവിന്റെ വിധിയുടെ ഭാഗമല്ല, മറിച്ച് രോഗം തനിയെ വരുന്നതാണെന്ന വിശ്വാസം), ദുശ്ശകുനവും (പക്ഷികളെ പറപ്പിച്ച് കൊണ്ട് ഭാഗ്യ പരീക്ഷണം നടത്തല്‍), മയ്യിത്തിന്റെ എല്ലുകള്‍ പക്ഷികളായി രൂപപ്പെടുമെന്നുള്ള വിശ്വാസവും ഇസ്‌ലാമില്‍ ഇല്ലാത്തതാണ്. (ബുഖാരി, മുസ്‌ലിം).

സുബ്ഹി നമസ്കാരം ജമാഅത്തായി നമസ്കരിക്കുന്നവന്‍ അല്ലാഹുവിന്റെ കാവലിലാണെന്ന് നബി ﷺ പഠിപ്പിച്ച് തന്നിട്ടുണ്ട്. നഹ്സില്‍ വിശ്വസിക്കുന്നത് സംബന്ധിച്ച് ശാഫിഈ പണ്ഢിതനായ ഇബ്നു ഹജറുല്‍ ഹൈഥമി(റഹി) പറയുന്നു: നഹ്സ് നോക്കല്‍ ജൂതന്‍മാരുടെ നടപടിയില്‍ പെട്ടതാണ്. സൃഷ്ടാവും രക്ഷിതാവുമായ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്ന മുസ്ലിംകളുടെ മാ൪ഗത്തില്‍ പെട്ടവയല്ല.(ഫതാവാ അല്‍ ഹദീസിയ്യ – പേജ് :23)

ഒരു മുസ്‌ലിം മതത്തിന്റെ പേരില്‍ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും തെളിവ് വേണം. ഖു൪ആനും സുന്നത്തും പഠിപ്പിക്കാത്ത കാര്യങ്ങള്‍ മതത്തിന്റെ പേരില്‍ വെച്ചുകെട്ടുന്നത് കടുത്ത അപരാധമാണ്.മുഹറം മാസത്തിലെ നഹ്‌സ് ഉണ്ടാക്കിയത് ഇസ്‌ലാമില്‍നിന്ന് വ്യതിചലിച്ച് പോയ ശിയാക്കളാണെന്ന് നമുക്ക് അഹ്’ലുസ്സുന്നയുടെ പണ്ഢിതന്‍മാരുടെ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. ശിയാക്കളുടെ പലകാര്യങ്ങളും പൗരോഹിത്യം കടമെടുത്ത കൂട്ടത്തില്‍ ദുശ്ശകുനവും സ്വീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം.

അല്ലാഹു പവിത്ര മാസമായി പറഞ്ഞിട്ടുള്ള പറഞ്ഞിട്ടുള്ള മുഹറം മാസത്തെ നഹ്സായി ഒന്നിനും കൊള്ളാത്ത മാസമായി പഠിപ്പിക്കുകയും എന്നാല്‍ പ്രത്യേകം പവിത്രത കല്‍പ്പിച്ചിട്ടില്ലാത്ത റബീഉല്‍ അവ്വലിനെ പുണ്യമാസമായി പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ ‘നസീഇന് ‘ തുല്ല്യമായ ആചാരത്തിലേക്കാണ് സാധാരണക്കാ൪ അകപ്പെടുന്നത്.

ﺇِﻧَّﻤَﺎ ٱﻟﻨَّﺴِﻰٓءُ ﺯِﻳَﺎﺩَﺓٌ ﻓِﻰ ٱﻟْﻜُﻔْﺮِ ۖ ﻳُﻀَﻞُّ ﺑِﻪِ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻳُﺤِﻠُّﻮﻧَﻪُۥ ﻋَﺎﻣًﺎ ﻭَﻳُﺤَﺮِّﻣُﻮﻧَﻪُۥ ﻋَﺎﻣًﺎ ﻟِّﻴُﻮَاﻃِـُٔﻮا۟ ﻋِﺪَّﺓَ ﻣَﺎ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﻓَﻴُﺤِﻠُّﻮا۟ ﻣَﺎ ﺣَﺮَّﻡَ ٱﻟﻠَّﻪُ ۚ ﺯُﻳِّﻦَ ﻟَﻬُﻢْ ﺳُﻮٓءُ ﺃَﻋْﻤَٰﻠِﻬِﻢْ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟْﻜَٰﻔِﺮِﻳﻦَ

വിലക്കപ്പെട്ടമാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്റെ വര്‍ദ്ധനവ് തന്നെയാകുന്നു. സത്യനിഷേധികള്‍ അത് മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത് അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കാനാണത്. അങ്ങനെ, അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുന്നു. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(ഖു൪ആന്‍ :9/37)

ഇബ്‌റാഹീം നബിയുടെ (അ) കാലം മുതല്‍ക്ക് തന്നെ കൊല്ലത്തില്‍ മുഹറം, റജബ് , ദുല്‍ഖഅദ്, ദുല്‍ഹജ്ജ് എന്നീ നാല് മാസങ്ങള്‍ യുദ്ധം പാടില്ലാത്ത പവിത്രമാസങ്ങളായി ആചരിക്കപ്പെട്ടുവന്നിരുന്നു. എന്നാല്‍ യുദ്ധപ്രിയന്‍മാരായ മുശ്‌രിക്കുകള്‍ക്ക് ചിലപ്പോള്‍ ഈ നിയമം പാലിക്കുന്നത്‌ അവരുടെ യുദ്ധതാല്‍പര്യങ്ങള്‍ക്ക്‌ യോജിക്കാതെ വരും. അപ്പോള്‍ ഇതില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ വേണ്ടി ഒരു മാസത്തിന്റെ പവിത്രത മറ്റൊരു മാസത്തിലേക്ക്‌ നീട്ടിവെച്ചുകൊണ്ട്‌ ആ മാസത്തില്‍ അവര്‍ യുദ്ധം നടത്തുകയും, മറ്റേ മാസം പവിത്രമാസമായി ആചരിക്കുകയും ചെയ്യും. അങ്ങനെ നിശ്ചിത മാസങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാണെങ്കിലും കൊല്ലത്തില്‍ നാലു മാസം പവിത്രമാസങ്ങളായി ഒപ്പിക്കുകയും ചെയ്യും. ഇങ്ങിനെ, ഒരു മാസത്തിന്റെ പവിത്രത മറ്റൊരു മാസത്തിലേക്ക്‌ മാറ്റിവെക്കുന്നതിനാണ്‌ النَّسِيء (നസീഉ) എന്നു പറയുന്നത്‌. ഇവിടെ പവിത്ര മാസമായ മുഹറം മാസത്തെ നഹ്സായി പഠിപ്പിക്കുകയും എന്നാല്‍ പ്രത്യേകം പവിത്രത കല്‍പ്പിച്ചിട്ടില്ലാത്ത റബീഉല്‍ അവ്വലിനെ പുണ്യമാസമായി പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് ‘നസീഇന് ‘ തുല്ല്യാമയ ആചാരമാകുന്നു.

അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ പറഞ്ഞതെത്ര ശരിയാണ്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﻥَّ ﻛَﺜِﻴﺮًا ﻣِّﻦَ ٱﻷَْﺣْﺒَﺎﺭِ ﻭَٱﻟﺮُّﻫْﺒَﺎﻥِ ﻟَﻴَﺄْﻛُﻠُﻮﻥَ ﺃَﻣْﻮَٰﻝَ ٱﻟﻨَّﺎﺱِ ﺑِﭑﻟْﺒَٰﻄِﻞِ ﻭَﻳَﺼُﺪُّﻭﻥَ ﻋَﻦ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ۗ ﻭَٱﻟَّﺬِﻳﻦَ ﻳَﻜْﻨِﺰُﻭﻥَ ٱﻟﺬَّﻫَﺐَ ﻭَٱﻟْﻔِﻀَّﺔَ ﻭَﻻَ ﻳُﻨﻔِﻘُﻮﻧَﻬَﺎ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻓَﺒَﺸِّﺮْﻫُﻢ ﺑِﻌَﺬَاﺏٍ ﺃَﻟِﻴﻢٍ

സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍ : 9/34)

ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം സാന്ദ൪ഭികമായി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ അല്ലാഹു പവിത്രമാക്കപ്പെട്ട ഒരു മാസത്തെ അശുഭമാക്കി കൊണ്ട് ചില൪ വിധി പറയുമ്പോള്‍ അവരെ അനുസരിക്കുന്നവ൪ അതുവഴി ശി൪ക്കിലാണ് എത്തിച്ചേരുക. ഇക്കാര്യം നാം വളരെ ഗൌരവത്തോടെ മനസ്സിലാക്കേണ്ടതാണ്.

ﻭَﻻَ ﺗَﺄْﻛُﻠُﻮا۟ ﻣِﻤَّﺎ ﻟَﻢْ ﻳُﺬْﻛَﺮِ ٱﺳْﻢُ ٱﻟﻠَّﻪِ ﻋَﻠَﻴْﻪِ ﻭَﺇِﻧَّﻪُۥ ﻟَﻔِﺴْﻖٌ ۗ ﻭَﺇِﻥَّ ٱﻟﺸَّﻴَٰﻄِﻴﻦَ ﻟَﻴُﻮﺣُﻮﻥَ ﺇِﻟَﻰٰٓ ﺃَﻭْﻟِﻴَﺎٓﺋِﻬِﻢْ ﻟِﻴُﺠَٰﺪِﻟُﻮﻛُﻢْ ۖ ﻭَﺇِﻥْ ﺃَﻃَﻌْﺘُﻤُﻮﻫُﻢْ ﺇِﻧَّﻜُﻢْ ﻟَﻤُﺸْﺮِﻛُﻮﻥَ

അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും.(ഖു൪ആന്‍ :6/121)

ജീവികളെ അറുക്കുന്നത്‌ അല്ലാഹുവിന്റെ നാമത്തിലായിക്കണമെന്നും അല്ലാഹുവിന്റെ നാമത്തിലല്ലാതെ അറുക്കുന്നത്‌ തോന്നിയവാസമാണെന്നും സത്യവിശ്വാസികള്‍ക്ക്‌ അത്‌ ഭക്ഷിക്കുവാന്‍ പാടില്ലന്നും അല്ലാഹു പറയുന്നു. അതേപോലെ ശവം തിന്നാന്‍ പാടില്ലെന്നുകൂടി ഖു൪ആന്‍ പ്രഖ്യാപിച്ചപ്പോള്‍, നിങ്ങള്‍ കൊന്നതിനെ (അറുത്തതിനെ) നിങ്ങള്‍ ഭക്ഷിക്കുന്നു, അല്ലാഹു കൊന്നതിനെ (ചത്തതിനെ) നിങ്ങള്‍ ഭക്ഷിക്കുന്നില്ലെന്നും മുശ്രിക്കുകള്‍ പറഞ്ഞുപരത്തി. അപ്രകാരം ഗൂഢപ്രചരണവും കുതര്‍ക്കവും നടത്തിവരുന്ന അവ൪ പറയുന്നതൊന്നും നിങ്ങള്‍ അനുസരിക്കരുതെന്നും അവരെ അനുസരിക്കുന്ന പക്ഷം അത്‌ ശിര്‍ക്ക്‌ പ്രവര്‍ത്തിക്കലായിരിക്കുമെന്നുമാണ് അല്ലാഹു പറയുന്നത്.

ഇവിടെ അവരെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ അല്ലാഹുവിനോട് പങ്ക് ചേ൪ക്കുന്നവരായിരിക്കുമെന്നാണ് അല്ലാഹു പഞ്ഞിട്ടുള്ളത്. അഥവാ അനുസരണത്തില്‍ ശി൪ക്ക് വരുന്നു.കാരണം അല്ലാഹു നിഷിദ്ധമാക്കിയതിനെ അവ൪ അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്. അങ്ങനെ അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദിച്ച അവരെ അനുസരിക്കുകയാണങ്കില്‍ ശി൪ക്ക് സംഭവിക്കുന്നു.അവരെ അനുസരിക്കുമ്പോള്‍ അവരെപോലെ അനുസരിക്കുന്നവനും അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുന്നയാളായി മാറുന്നു. അല്ലാഹു പവിത്രമാക്കപ്പെട്ട ഒരു മാസത്തെ അശുഭമാക്കി കൊണ്ട് ചില൪ വിധി പറയുമ്പോള്‍ അവരെ അനുസരിക്കുക വഴി അനുസരിക്കുന്നവരില്‍ ശി൪ക്ക് സംഭവിക്കുന്നു.

اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ

അവര്‍ വേദക്കാര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന്‌ പുറമെ റബ്ബുകളാക്കിയിരിക്കുന്നു……….. (ഖു൪ആന്‍:9/31)

യഹൂദികളും, ക്രിസ്‌ത്യാനികളും വേദക്കാരിലുള്ള പണ്‌ഡിതന്മാരെയും പുരോഹിതന്മാരെയും റബ്ബുകളാക്കിയതിനെക്കുറിച്ചത്രെ അല്ലാഹു ഇവിടെ പ്രസ്‌താവിക്കുന്നത്‌. `അവര്‍ അവരെ റബ്ബുകളാക്കി’ എന്ന്‌ പറഞ്ഞത്‌ അവര്‍ അവരെ ദൈവങ്ങളാക്കി അവര്‍ക്ക്‌ ആരാധന നടത്തിവന്നിരുന്നുവെന്ന അര്‍ത്ഥത്തിലല്ല. അവര്‍ അവര്‍ക്ക്‌ മതനിയമ നിര്‍മാണാധികാരം വകവെച്ചു കൊടുക്കുകയും, അവര്‍ നിര്‍മിക്കുന്ന നിയമങ്ങളെ അവര്‍ തങ്ങളുടെ യഥാര്‍ത്ഥ മതനിയമങ്ങളായി അംഗീകരിച്ചു പോരുകയും ചെയ്‌തുവെന്ന അര്‍ത്ഥത്തിലാകുന്നു.

ഇമാം അഹ്‌മദ്‌, തിര്‍മിദീ എന്നിവര്‍ റിപ്പോ൪ട്ട് ചെയ്ത ഒരു സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ് :

അദിയ്യുബ്‌നു ഹാതിമുത്ത്വാഈ (റ) ജാഹിലിയ്യത്തില്‍ ക്രിസ്‌തുമതം സ്വീകരിച്ചിരുന്നു. മുഹമ്മദ് നബി ﷺ യെ കുറിച്ച് അറിഞ്ഞ അദ്ദേഹം ഇസ്ലം സ്വീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ മദീനയില്‍ വന്നു തിരുമേനിയുടെ അടുക്കല്‍ പ്രവേശിക്കുമ്പോള്‍ തിരുമേനി ഈ വചനം ഓതിക്കേള്‍പ്പിച്ചു. അദ്ദേഹം നബി ﷺയോട് ചോദിച്ചു:`ഞങ്ങള്‍ പണ്‌ഢിതന്‍മാരേയും പുരോഹിതന്മാരേയും റബ്ബുകളാക്കി ആരാധിക്കുന്നില്ലല്ലോ (എന്നിരിക്കെ അവരെ അവര്‍ റബ്ബുകളാക്കി എന്നു പറയുന്നതു എന്തുകൊണ്ടാണ്‌ ?)’ അപ്പോള്‍, നബി ﷺ പറഞ്ഞു: `അല്ലാഹു അനുവദിച്ചതിനെ അവര്‍ വിരോധിച്ചാല്‍ വിരോധിക്കപ്പെട്ടതായും അല്ലാഹു വിരോധിച്ചതിനെ അവ൪ അനുവദിച്ചാല്‍ അനുവദനീയമായും നിങ്ങള്‍ കണക്കാക്കാറില്ലേ? അതിയ്യ് പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: അതുതന്നെയാണ് അവ൪ക്കുള്ള ആരാധന’.

ചുരുക്കത്തില്‍ വേദക്കാര്‍ തങ്ങളുടെ പണ്‌ഢിത പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന്‌ പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെ നിയമങ്ങള്‍ക്കെതിരായി അവര്‍ നി൪മ്മിച്ച നിയമങ്ങളെ മതനിയമങ്ങളായി ഗണിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്‌തുവെന്നതാകുന്നു. ഇവിടെ അല്ലാഹു പവിത്രമാക്കപ്പെട്ട ഒരു മാസത്തെ അശുഭമാക്കി കൊണ്ട് ചില൪ വിധി പറയുമ്പോള്‍ അവരെ അനുസരിക്കുക വഴി ജൂത ക്രൈസ്തവ൪ക്ക് പറ്റിയ തെറ്റ് ആവ൪ത്തിക്കുകയാണ് ചെയ്യുന്നത്.

ആശൂറാഅ് – താസൂആഅ്

ഇമാം നവവി(റഹി) പറഞ്ഞു: നമ്മുടെ ആളുകള്‍ പറഞ്ഞു: മുഹറം പത്താം ദിവസമാണ് ആശൂറാഅ്, അതിലെ ഒമ്പതാം ദിവസമാണ് താസൂആഅ്. ഇതാണ് നമ്മുടെ അഭിപ്രായം. ഇതാണ് ഭൂരിഭാഗം പണ്ഢിതന്‍മാരും പറഞ്ഞത്. (ശറഹുല്‍ മുഹദ്ദബ് :6/383)

മുഹറം 10 (ആശൂറാഅ്)

ഇസ്‌ലാമിന് മുമ്പുള്ള ജാഹിലിയ്യത്തില്‍ (അജ്ഞാനകാലം) പോലും ഖുറൈശികള്‍ മുഹറം മാസത്തില്‍ ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിച്ചിരുന്നു. റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് ആശൂറാഇന്റെ നോമ്പ് അനുഷ്ഠിക്കുവാനായി നബി ﷺ ജനങ്ങളോട് കല്‍പിച്ചിരുന്നു. റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതിന് ശേഷം അത് സുന്നത്താക്കുകയാണ് ചെയ്തത്.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ، وَكَانَ النَّبِيُّ صلى الله عليه وسلم يَصُومُهُ، فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ، فَلَمَّا نَزَلَ رَمَضَانُ كَانَ رَمَضَانُ الْفَرِيضَةَ، وَتُرِكَ عَاشُورَاءُ، فَكَانَ مَنْ شَاءَ صَامَهُ، وَمَنْ شَاءَ لَمْ يَصُمْهُ

ആഇശ(റ) പറയുന്നു: ഖുറൈശികള്‍ ജാഹിലിയ്യത്തില്‍ ആശൂറാഇന്റെ (മുഹറം 10) നോമ്പ് അനുഷ്ഠിച്ചിരുന്നു. നബി ﷺ യുo അത് അനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് വന്നപ്പോള്‍ നബി ﷺ അത് അനുഷ്ഠിക്കുകയും ജങ്ങളോട് അനുഷ്ഠിക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ റമദാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅഇന്റെ നോമ്പ് ഉപേക്ഷിക്കുകയുണ്ടായി. നോമ്പനുഷ്ഠിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കുവാന്‍ ഉദ്ദേശിക്കാത്തവര്‍ അത് ഒഴിവാക്കുകയും ചെയ്തു.(ബുഖാരി:4504).

ആശൂറാഅ് എന്ന നോമ്പിന് മൂസാ നബിയുടെ(അ) ചരിത്രവുമായി ഏറെ ബന്ധമുണ്ട്. ഈ ദിവസത്തിലാണ് മൂസാ നബിയേയും(അ) ബനൂ ഇസ്റാഈല്യരേയും അല്ലാഹു ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടുത്തിയത്.ഇതിന് നന്ദി എന്നോണം ആ ദിവസം മൂസാ നബി(അ) നോമ്പ് അനുഷ്ടിച്ചിരുന്നു.

ഹിജ്റക്കുശേഷം മദീനയിലെ ജൂതന്‍മാരും ഈ ദിവസം നോമ്പെടുക്കുന്നതായി കണ്ടപ്പോള്‍ ആ ദിവസത്തിന്റെ പ്രത്യേകത എന്തെന്ന് ചോദിച്ചതിന് മറുപടിയായി അവര്‍ നബി ﷺ യോട് ഇപ്രകാരം പറഞ്ഞതായിക്കാണാം:

فصامه موسى شكراً لله تعالى فنحن نصومه

അപ്പോള്‍ അല്ലാഹുവിന് നന്ദിയെന്നോണം മൂസാ (അ) ആ ദിനം നോമ്പ് പിടിച്ചു. അതിനാല്‍ നമ്മളും അത് നോല്‍ക്കുന്നു.(മുസ്‌ലിം)

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا ؟ قَالُوا : هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ ”

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: നബി ﷺ മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്തിന് (ആശൂറാഅ്) നോമ്പെടുക്കുന്നതായികണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്ത് ദിവസമാണ് ? അവര്‍ പറഞ്ഞു: ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവരുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ നബി ﷺ പറഞ്ഞു: മൂസയെ നിങ്ങളെക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്. അദ്ദേഹം ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോമ്പ് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. ( ബുഖാരി: 1865)

സലമത്ത് ബ്നുല്‍ അക്’വഅ്(റ) ല്‍ നിന്ന് നിവേദനം : ആശൂറാഅ് ദിവസം ജനങ്ങളോട് ഇപ്രകാരം വിളിച്ച് പറയാനായി നബി ﷺ  ഒരാളെ നിയോഗിച്ചു : ആരെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ അവന്‍ (നോമ്പ്) പൂ൪ത്തിയാക്കട്ടെ അല്ലെങ്കില്‍ നോമ്പ് എടുക്കട്ടെ, ആരെങ്കിലും ഭക്ഷണം കഴിച്ചിട്ടില്ലെങ്കില്‍ അവന്‍ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യട്ടെ (അവനും നോമ്പ് എടുക്കട്ടെ). (ബുഖാരി)

മുഹറം 9 (താസൂആഅ്)

മുഹറം ഒമ്പതിനാണ് താസൂആഅ് എന്ന് പറയുന്നത്.ആശൂറാഅ് ദിവസത്തോടൊപ്പം താസൂആഉം (മുഹറം 9) കൂടി നോമ്പ് നോല്‍ക്കല്‍ സുന്നത്താണ്.

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി ﷺ ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ് അത് ജൂത ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇന്‍ഷാഅല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതാം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് നബി ﷺ  വഫാത്തായിരുന്നു. ( മുസ്‌ലിം: 1916)

ഇമാം ബൈഹഖിയുടെ (റഹി) റിപ്പോ൪ട്ടില്‍ നിങ്ങള്‍ ഒമ്പതിനും പത്തിനും നോമ്പ് നോറ്റ് ജൂതന്മാരോട് എതിരാകുക എന്നും കാണാവുന്നതാണ്.(ബൈഹഖി:4/287)

അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂതന്‍മാ൪ മുഹറം പത്ത് മാത്രമാണ് നോമ്പ് അനുഷ്ടിച്ചിരുന്നത്. ജൂത ക്രൈസ്തവരില്‍ നിന്ന് ആചാരാനുഷ്ടാനങ്ങളില്‍ സത്യവിശ്വാസികള്‍ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബത്ത് നബി ﷺ യോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്.

ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു :

يقول النبي ﷺ: أفضل الصيام بعد رمضان شهر الله المحرم وهو عاشوراء والمعنى أنه يصومه كله من أوله إلى آخره من أول يوم منه إلى نهايته، هذا معنى الحديث، ولكن يخص منه يوم التاسع والعاشر أو العاشر والحادي عشر لمن لم يصمه كله، فإن النبي ﷺ كان يصوم عاشوراء في الجاهلية وكانت تصومه قريش أيضًا فلما قدم المدينة عليه الصلاة والسلام وجد اليهود يصومونه، فسألهم عن ذلك فقالوا: إنه يوم نجى الله فيه موسى وقومه وأهلك فرعون وقومه، فصامه شكرًا لله صامه موسى شكرًا لله ونحن نصومه، فقال النبي ﷺ: نحن أحق وأولى بـموسى منكم فصامه وأمر بصيامه فالسنة أن يصام هذا اليوم يوم عاشوراء. والسنة أن يصام قبله يوم أو بعده يوم، لما روي عنه عليه الصلاة والسلام أنه قال: صوموا يومًا قبله ويومًا بعده ، وفي لفظ: يومًا قبله أو يومًا بعده. وفي حديث آخر: لأن عشت إلى قابل لأصومن التاسع يعني: مع العاشر، فهذا هو الأفضل، أن يصام العاشر؛ لأنه يوم عظيم حصل فيه الخير العظيم لـموسى والمسلمين، وصامه نبينا محمد عليه الصلاة والسلام فنحن نصومه تأسيًا بنبينا عليه الصلاة والسلام وعملًا بما شرع عليه الصلاة والسلام، ونصوم معه يومًا قبله أو يومًا بعده مخالفة لليهود. والأفضل التاسع مع العاشر لحديث: لأن عشت إلى قابل لأصومن التاسع فإن صام العاشر والحادي عشر أو صام الثلاثة فكله حسن، فإن صام التاسع والعاشر والحادي عشر كله طيب، وفيه مخالفة لليهود، فإن صام الشهر كله فهو أفضل وأفضل. نعم.

നബി ﷺ പറഞ്ഞു: “റമദാനിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറത്തിലാണ്”. അത് ആശൂറാ ആണ്. മുഹറം ആദ്യം മുതൽ അവസാനം വരെ നോമ്പനുഷ്ഠിക്കുക എന്നതാണ് അത് അർത്ഥമാക്കുന്നത്. അതിന്റെ ആദ്യ ദിവസം മുതൽ അവസാനം വരെ. അതാണ് ഹദീസിന്റെ അർത്ഥം. എന്നാൽ മാസം മുഴുവൻ നോമ്പ് എടുക്കാത്തവർക്ക് അതിൽ മുഹർറം ഒമ്പത്, പത്ത്‌ ദിവസങ്ങളിൽ അല്ലെങ്കിൽ പത്ത്‌, പതിനൊന്ന് ദിവസങ്ങളിൽ പ്രത്യേകമായി നോമ്പെടുക്കാവുന്നതാണ്

നബി ﷺ ജാഹിലിയ്യത്തിൽ ആശൂറ നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. ഖുറൈശികളും അത് അനുഷ്ഠിക്കാറുണ്ടായിരുന്നു. നബിﷺ മദീനയിലെത്തിയപ്പോൾ യഹൂദികളും അതനുഷ്ഠിക്കുന്നത് കണ്ടു. അദ്ദേഹം അവരോടു അതിനെ കുറിച്ച് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: തീർച്ചയായും അല്ലാഹു മൂസാ അലൈഹിസലാമിനെയും അദ്ദേഹത്തിന്റെ ജനതയെയും രക്ഷപ്പെടുത്തിയ ദിവസമാണത്. അതു പോലെ ഫിർഔനിനെയും അവന്റെ ആളുകളെയും നശിപ്പിക്കുകയും ചെയ്തു. മൂസാ (അ) അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിച്ചു. അങ്ങനെ നമ്മളും അതനുഷ്ഠിക്കുന്നു. നബി ﷺ പറഞ്ഞു: ഞങ്ങളാണ് നിങ്ങളെക്കാൾ മൂസയോട് കൂടുതൽ കടപ്പെട്ടവരും ഏറ്റവും അടുത്തവരും. അങ്ങനെ അദ്ദേഹം നോമ്പനുഷ്ഠിക്കുകയും അത് കൽപിക്കുകയും ചെയ്തു. അതിനാൽ ആ ദിവസം-ആശൂറാ നോമ്പനുഷ്ടിക്കൽ സുന്നത്താണ്. അതിന്റെ ഒരു ദിവസം മുമ്പോ ശേഷമോ നോമ്പനുഷ്ടിക്കലും സുന്നത്താണ്.

നബി ﷺ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: ”നിങ്ങൾ അതിന്റെ(ആശൂറാ) ഒരു ദിവസം മുമ്പും ശേഷവും നോമ്പനുഷ്ഠിക്കുക.” മറ്റൊരു റിപ്പോർട്ടിൽ ”ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ “. മറ്റൊരു ഹദീസിൽ “ഞാൻ അടുത്ത വർഷം ജീവിച്ചിരിക്കുകയാണെങ്കിൽ ഒമ്പതിന് നോമ്പനുഷ്ഠിക്കും.” അതായത് പത്തിന്റെ കൂടെ. അതാണ് ഏറ്റവും ശ്രേഷ്ഠകരം.

പത്തിന്റെ അന്ന് നോമ്പനുഷ്ടിക്കൽ; അന്ന് മഹത്തായ ദിവസമാണ്. മൂസാ (അ) ക്കും മുസ്ലീങ്ങൾക്കും മഹത്തായ നന്മ ലഭിച്ച ദിവസം. നമ്മുടെ നബി മുഹമ്മദ് ﷺ അതനുഷ്ഠിച്ചിട്ടുണ്ട്. നബി ﷺയെ പിൻപറ്റികൊണ്ടും അദ്ദേഹം ശറഅ്‌ ആക്കിയത് അമൽ ചെയ്യുന്നവരായിക്കൊണ്ടും നാം ഒമ്പതിന് നോമ്പനുഷ്ഠിക്കുന്നു.

യഹൂദികളോട് എതിരായിക്കൊണ്ട് നമ്മൾ അതോടൊപ്പം ഒരു ദിവസം മുമ്പോ ശേഷമോ നോമ്പനുഷ്ടിക്കും. ഏറ്റവും ശ്രേഷ്ഠകരം പത്തിനോടൊപ്പം ഒമ്പതിനെടുക്കുന്നതാണ്.
ഹദീസിൽ  “ഞാൻ അടുത്ത വർഷം ജീവിച്ചിരിക്കുകയാണെങ്കിൽ ‘ഒമ്പതിന് നോമ്പനുഷ്ഠിക്കും.” എന്നാണ്. ഒരാൾ പത്തും പതിനൊന്നും നോമ്പനുഷ്ഠിക്കുകയോ അല്ലെങ്കിൽ മൂന്ന് ദിവസവും അതായത് ഒൻപത്, പത്ത്‌, പതിനൊന്ന് നോമ്പനുഷ്ഠിക്കുകയാണെങ്കിൽ എല്ലാം നല്ലത് തന്നെ.
അതിൽ യഹൂദികളോട് എതിരാവലുണ്ട്. (മുഹറം) മാസം മുഴുവൻ ഒരാൾ നോമ്പെടുക്കകയാണെങ്കിൽ അതാണ് അവന് ഏറ്റവും നല്ലത്.”

ആശൂറാഅ് – താസൂആഅ് നോമ്പിന്റെ ശ്രേഷ്ടതകള്‍

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആരെങ്കിലും ഒരു നോമ്പ് നോറ്റാല്‍ അവന്‍ നരകത്തില്‍ നിന്നും അകറ്റുപ്പെടുന്നതാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا

അബൂ സഈദ് അല്‍ ഖുദ്’രിയില്‍ (റ) നിന്നും നിവേദനം:നബി ﷺ പറഞ്ഞു: ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (മുസ് ലിം: 1153)

ആശൂറാഅ്, താസൂഅഉ നോമ്പുകള്‍ക്ക് പ്രത്യേകം പുണ്യവും പ്രതിഫലവുമുണ്ടെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമദാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലെ നോമ്പാണ്. നിര്‍ബന്ധ നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരം രാത്രിയിലുള്ള നമസ്‌കാരമാണ്. (മുസ്‌ലിം:1163)

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . ”

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി ﷺ ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം.( ബുഖാരി: 1862)

صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ

നബി ﷺ പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.(മുസ്‌ലിം: 1162)

ഇമാം നവവി (റഹി)പറയുന്നു: അറഫാദിനത്തിലെ നോമ്പ് രണ്ട് വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കുന്നു. ആശൂറാഇലെ നോമ്പ് ഒരുവര്‍ഷത്തെ പാപം പൊറുക്കുന്നു. ഒരാളുടെ ആമീന്‍ പറയല്‍ മലക്കുകളുടെ ആമീന്‍ പറയലിനോട് ചേര്‍ന്നുവന്നാല്‍ അവന്റെ കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നു. ഈ പറഞ്ഞവയെല്ലാം പാപമോചനത്തിന് കാരണങ്ങളാണ്. ഒരാള്‍ക്ക് ചെറുപാപങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊറുക്കപ്പെടുന്നു. ചെറുപാപങ്ങളോ വന്‍പാപങ്ങളോ ഇല്ലെങ്കില്‍ അവ അവന് നന്മയായി രേഖപ്പെടുത്തപ്പെടുകയും അവന്റെ പദവികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനി ഒരാള്‍ക്ക് ചെറുപാപങ്ങളില്ല വന്‍പാപങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ ആ വന്‍പാപങ്ങളുടെ പാപഭാരം ആ നോമ്പ് കാരണത്താല്‍ കുറയുമെന്ന് നാം പ്രതീക്ഷിക്കുന്നു.(അല്‍മജ്മൂഅ് : വോള്യം / 6)

ആശൂറാഅ് – താസൂആഅ് ദിവസങ്ങളില്‍ പ്രത്യേകം ഇബാദത്ത് സുന്നത്തുണ്ടോ?

ഇബ്നു ഉസൈമീന്‍ (റഹി) പറഞ്ഞു: ആശൂറാഅ് ദിവസം അല്ലാഹുവിന്റെ ദിവസങ്ങളില്‍ പെട്ടതാണ്. ഒരൊറ്റ കാര്യമല്ലാതെ അന്ന് ചെയ്യാന്‍ നിയമമാക്കിയിട്ടില്ല. അത് അന്നത്തെ നോമ്പാണ്. അതോടൊപ്പംതന്നെ ജൂതന്‍മാരോട് എതിരാകാന്‍ വേണ്ടി അതിന് മുമ്പോ ശേഷമോ നോമ്പ് നോല്‍ക്കാനും അല്ലാഹു നബി ﷺ യോട് കല്‍പ്പിച്ചു.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *