അല്ലാഹുവിനു പുറമെ മരിച്ചുപോയ മഹാൻമാരെ വിളിച്ചു തേടാനായി, ഈ ലോകം മുഴുവൻ നിയന്ത്രിക്കുന്നത് ഔലിയാക്കളാണെന്ന് ചില പുരോഹിതൻമാര്‍ ഈ അടുത്ത കാലത്തായി പ്രചരണം നടത്തുന്നുണ്ട്. അതിനായി വിശുദ്ധ ഖുര്‍ആനിലെ ഈ ആയത്ത് അവര്‍ ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.
فَٱلْمُدَبِّرَٰتِ أَمْرًا
എന്നിട്ട്, കൽപന (വ്യവസ്ഥപ്രകാരം) ചിട്ടപ്പെടുത്തുന്നവ തന്നെയാണ. (ഖു൪ആന്‍:79/5)
ഈ ആയത്തിൽ പരാമര്‍ശിക്കുന്നത് മുഅ്മീനീങ്ങളുടെ ആത്മാക്കളെ കുറിച്ചാണെന്ന് ഇമാം റാസി പറഞ്ഞിട്ടുണ്ടെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഇവര്‍ വാദിക്കുന്നതുപോലെ, ഇവരുടെ ശിര്‍ക്കൻ വിശ്വാസങ്ങൾക്ക് ഈ ആയത്തിൽ തെളിവില്ല. ഇതിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
വിശുദ്ധ ഖുർആനിലെ 79 ാ മത്തെ സൂറത്താണ് سورة النازعات (സൂറ: അന്നാസിആത്). 1-5 ആയത്തുകളിൽ ചില മലക്കുകളെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത്. ഇതിലെ അഞ്ചാമത്തെ ആയത്താണ് ദുർവ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ ഈ ആയത്തിന്റെ ആശയം മനസ്സിലാക്കുന്നതിന് 1-5 ആയത്തുകൾ മനസ്സിലാക്കേണ്ടതുണ്ട്.
وَٱلنَّٰزِعَٰتِ غَرْقًا ﴿١﴾ وَٱلنَّٰشِطَٰتِ نَشْطًا ﴿٢﴾ وَٱلسَّٰبِحَٰتِ سَبْحًا ﴿٣﴾ فَٱلسَّٰبِقَٰتِ سَبْقًا ﴿٤﴾ فَٱلْمُدَبِّرَٰتِ أَمْرًا ﴿٥﴾
(അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം. (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം. ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം. എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം. എന്നിട്ട്, കൽപന (വ്യവസ്ഥപ്രകാരം) ചിട്ടപ്പെടുത്തുന്നവ തന്നെയാണ സത്യം. (ഖു൪ആന്‍:79/1-5)
ഒന്നാമത്തെ ആയത്തിൽ അവിശ്വാസികളുടെ ആത്മാക്കളെ കാഠിന്യത്തോടെയും പരുഷതയോടെയും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം സത്യം ചെയ്യുന്നു. രണ്ടാമത്തെ ആയത്തിൽ സത്യവിശ്വാസികളുടെ ആത്മാക്കളെ എളുപ്പത്തിലും സൗമ്യമായും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. മൂന്നാമത്തെ ആയത്തിൽ ആകാശത്ത് നിന്നു ഭീമിയിലേക്ക് അല്ലാഹുവിൻ്റെ കൽപ്പനയുമായി ഒഴുകിവരുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. നാലാമത്തെ ആയത്തിൽ അല്ലാഹുവിന്റെ കൽപ്പന നിറവേറ്റാൻ മുന്നോട്ട് കുതിക്കുന്ന മലക്കുകളിൽ ചിലരെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. അഞ്ചാമത്തെ ആയത്തിൽ മേൽ വിവരിച്ചതും അതല്ലാത്തതുമടക്കം ഭൂമിയിൽ നടപ്പാക്കുവാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങളെല്ലാം ചിട്ടയും പരിപാടിയുമനുസരിച്ചു നടത്തുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.
മേൽ ആയത്തുകൾക്ക് ഇതേ ആശയം വിശദീകരിച്ച ശേഷം മുഹമ്മദ് അമാനി മൌലവി رحمه الله എഴുതുന്നു: ഈ അഞ്ചു സത്യവാചകങ്ങളിലും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു മലക്കുകളാണ് എന്ന നിലക്കാണ് നാം മുകളിൽ വിവരിച്ചത്. എന്നാൽ ഇവിടെ വേറെയും അഭിപ്രായങ്ങൾ ഇല്ലാതില്ല. അഞ്ചും – അല്ലെങ്കിൽ ആദ്യത്തെ നാലും – നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണെന്നും, യുദ്ധക്കുതിരകളെക്കുറിച്ചാണെന്നും വ്യാഖ്യാതാക്കളിൽ അഭിപ്രായക്കാരുണ്ട്. ഓരോന്നിനും അതിനനുസരിച്ച വ്യാഖ്യാനങ്ങളും കാണാം. ഒന്നിലധികം സന്ദർഭങ്ങളിൽ മുമ്പു നാം ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, അല്ലാഹു ഉപയോഗിച്ച വാക്കുകളുടെ അർത്ഥവ്യാപ്തിയിൽ ഉൾകൊള്ളിക്കാവുന്ന അഭിപ്രായങ്ങൾ തന്നെയാണവ എന്നു സമ്മതിക്കാം. പക്ഷേ, സ്വഹാബികളിൽനിന്നും, മുൻഗാമികളായ മഹാന്മാരിൽനിന്നും ഭൂരിഭാഗം ആളുകളും സ്വീകരിച്ചുവന്നിട്ടുള്ളതു നാം ഒന്നാമതു വിവരിച്ച അതേ അഭിപ്രായമാകുന്നു. ആദ്യത്തെ നാലു വചനങ്ങളിൽ ഉദ്ദേശിക്കപ്പെട്ടതു മലക്കുകളല്ലെന്നുവെച്ചാൽപോലും, അഞ്ചാം വചനത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു മലക്കുകൾ തന്നെയാണെന്ന കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം യോജിച്ചവരാണെന്നു ഇമാം റാസി رحمه الله , ഇബ്നു കഥീർ رحمه الله മുതലായവർ വ്യക്തമാക്കിയിട്ടുള്ളതും പ്രസ്താവ്യമാക്കുന്നു. (അമാനി തഫ്സീ൪
“കൽപന (വ്യവസ്ഥപ്രകാരം) ചിട്ടപ്പെടുത്തുന്നവ തന്നെയാണ, സത്യം” എന്ന ആയത്തിന് മുഫസ്സിറുകൾ നൽകിയിട്ടുള്ള വിശദീകരണം കാണുക:
ഇബ്നുഅബ്ബാസ് رضي الله عنه
{فَالْمُدَبِّرَاتِ أَمْرًا} وَأقسم بِالْمَلَائِكَةِ الَّذين يدبرون أُمُور الْعباد يَعْنِي جِبْرِيل وَمِيكَائِيل وإسرافيل وَملك الْمَوْت
{കൽപ്പന വ്യവസ്ഥപ്പെടുത്തുന്നവ} തന്റെ അടിമകളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന മലക്കുകളെകൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അതായത്, ജിബ്രീൽ, മീകാഈൽ, ഇസ്റാഫീൽ, മലകുൽ മൗത് തുടങ്ങിയ മലക്കുകളെ കുറിച്ച്.
തഫ്സീര്‍ ത്വബ്‌രി
وقوله: {فَالْمُدَبِّرَاتِ أَمْرًا} يقول: فالملائكة المدبرة ما أمرت به من أمر الله ، وكذلك قال أهل التأويل. ذكر من قال ذلك: حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة فَالْمُدَبِّرَاتِ أَمْرًا قال: هي الملائكة . حدثنا ابن عبد الأعلى، قال: ثنا ابن ثور، عن معمر، عن قتادة، مثله.
{കൽപ്പന വ്യവസ്ഥപ്പെടുത്തുന്നവ} അതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ കൽപന പ്രകാരം കാര്യങ്ങൾ നിയന്ത്രിക്കുന്ന മലക്കുകളാണ്. അപ്രകാരമാണ് അഹ്ലുത്തഅ്വീലിന്റെ ആളുകളും പറഞ്ഞിട്ടുള്ളത്. ഖതാദയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: ഈ ആയത്തിന്റെ ഉദ്ദശ്യം മലക്കുകളാണ്. ഇബ്നു അബ്ദുൽ അഅ്ല, ഇബ്നു സൗർ. മഅ്മർ, ഖതാദ എന്നിവരിൽനിന്നും ഉദ്ധരിക്കുന്നതും അതുകൊണ്ടുള്ള ഉദ്ദേശ്യം മലക്കുകളാണ് എന്നു തന്നെയാണ്.
തഫ്സീര്‍ ബഗവി
{فَالْمُدَبِّرَاتِ أَمْرًا} قال ابن عباس : هم الملائكة وكلوا بأمور عرفهم الله – عز وجل – العمل بها .
{കൽപ്പന വ്യവസ്ഥപ്പെടുത്തുന്നവ} ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു: അവർ മലക്കുകളാണ്, അല്ലാഹുവിൽ നിന്നുള്ള കല്പനകൾ പ്രവര്‍ത്തിക്കാൻ ഏൽപ്പിക്കപ്പെട്ടവരാണവര്‍.
തഫ്സീര്‍ ഇബ്നുകസീര്‍
وقوله : {فَالْمُدَبِّرَاتِ أَمْرًا} قال علي ، ومجاهد ، وعطاء ، وأبو صالح ، والحسن ، وقتادة ، والربيع بن أنس ، والسدي : هي الملائكة ،
{കൽപ്പന വ്യവസ്ഥപ്പെടുത്തുന്നവ} അലി, മുജാഹിദ്, അത്വാഅ്, അബൂസ്വാലിഹ്, ഹസൻ, ഖതാദ, റബീഅ് ബ്നു അനസ്, സുദ്ദി എന്നിവർ പറഞ്ഞു: അത് മലക്കുകളാണ്.
തഫ്സീര്‍ ഖുര്‍ത്വുബി
قوله تعالى : {فَالْمُدَبِّرَاتِ أَمْرًا} قال القشيري : أجمعوا على أن المراد الملائكة .
{കൽപ്പന വ്യവസ്ഥപ്പെടുത്തുന്നവ} അതിന്റെ ഉദ്ദേശം മലക്കുകളാണെന്ന് എല്ലാവരും ഏകോപിച്ചിരിക്കുന്നു.
തഫ്സീര്‍ അസ്സഅ്ദി
{ فَالْمُدَبِّرَاتِ أَمْرًا } الملائكة، الذين وكلهم الله أن يدبروا كثيرا من أمور العالم العلوي والسفلي، من الأمطار، والنبات، والأشجار، والرياح، والبحار، والأجنة، والحيوانات، والجنة، والنار [وغير ذلك].
{കൽപ്പന വ്യവസ്ഥപ്പെടുത്തുന്നവ} അത് മലക്കുകളാണ്, ഉപരിലോകത്തെയും താഴ് ലോകത്തെയും മഴ, ചെടികൾ, മരങ്ങൾ, കാറ്റ്, കടലുകൾ, ഗര്‍ഭസ്ഥ ശിശുക്കൾ, മൃഗങ്ങൾ, സ്വർഗ്ഗം, നരകം തുടങ്ങിയിൽ പല കാര്യങ്ങളും കൈകാര്യം ചെയ്യാൻ അല്ലാഹു ഏര്‍പ്പിച്ചവരാണവര്‍.
തഫ്സീർ മുഖ്തസ്വർ
وَأَقْسَمَ بِالمَلَائِكَةِ التِّي تُنَفِّذُ مَا أَمَرَهُمُ اللَّهُ بِهِ مِنْ قَضَائِهِ مِثْلَ المَلَائِكَةِ المُوَكَّلِينَ بِأَعْمَالِ العِبَادِ؛
അല്ലാഹു നടപ്പിലാക്കാൻ ഏൽപ്പിച്ച അവന്റെ കൽപ്പനകൾ നിറവേറ്റുന്ന മലക്കുകളെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഏൽപ്പിക്കപ്പെട്ട മലക്കുകൾ ഉദാഹരണം.
തഫ്സീർ മുയസ്സര്‍
فالملائكة المنفذات أمر ربها فيما أوكل إليها تدبيره من شؤون الكون
മലക്കുകളാണവര്‍, അവർ പ്രപഞ്ചത്തിൽ തങ്ങളിൽ ഏൽപ്പിക്കപ്പെട്ട തങ്ങളുടെ റബ്ബിന്റെ കൽപന നടപ്പിലാക്കുന്നു.
‘കൽപ്പന വ്യവസ്ഥപ്പെടുത്തുന്നവ’ കൊണ്ടുള്ള ഉദ്ദേശം മലക്കുകളാണെന്നതിന് വേറെയും തഫ്സീറുകളുണ്ട്. ഇവിടെ ചിലത് ഉദ്ദരിച്ചെന്നുമാത്രം.
കേളത്തിലെ സമസ്തയിലെ പണ്ഡിതന്മാർ എന്നറിയപ്പെടുന്ന പണ്ഡിതന്മാർതന്നെ ഇതേ വിശദീകരണമാണ് നൽകിയിട്ടുള്ളതെന്നും സാന്ദര്‍ഭികമായി ഓര്‍ക്കുക.
കാര്യങ്ങളെ നിയന്ത്രിക്കുന്ന മലക്കുകളെ കൊണ്ടും സത്യം. (ടി.കെ. അബ്ദുല്ല മുസ്ല്യാര്‍)
അങ്ങിനെ കാര്യങ്ങൾ നിയന്ത്രിക്കുന്ന മലക്കുകളെക്കൊണ്ടും സത്യം. (കെ.വി. മുഹമ്മദ് മുസ്ല്യാർ പന്താവൂര്‍)
അഞ്ചുതരം പ്രവൃത്തികൾ ചെയ്യുന്ന അഞ്ചുവിഭാഗം മലക്കുകളെകൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. (കോഴിക്കോട് വലിയ ഖാസി ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ)
അഞ്ചുതരം പ്രവർത്തികൾ ചെയ്യുന്ന മലക്കുകളെക്കൊണ്ട് സത്യം ചെയ്തുകൊണ്ടാണ് ഈഅധ്യായം ആരംഭിക്കുന്നത്. (തിരൂരങ്ങാടി ഖാസിഅബ്ദുറഹിമാൻ മഖ്ദൂമി)
മേൽ വിവരിച്ചതും അതല്ലാത്തതുമായ കാര്യങ്ങൽ അല്ലാഹുവിന്റെ കൽപനയനുസരിച്ച് ചിട്ടയോടും വ്യവസ്ഥയോടും കൂടി ഭൂമിയിൽ മലക്കുകൾ നടപ്പിൽ വരുത്തുന്നതിനെക്കുറിച്ചാണ് 5-ാം വാക്യത്തിൽ സൂചന. (കെ.വി. മുഹമ്മദ്മുസ്ല്യാർ കൂറ്റനാട് )
പ്രാപഞ്ചിക വ്യവസ്ഥിതികൾ നിയന്ത്രിക്കുന്നവരുമായ മലക്കുകളെയും കൊണ്ട് ശപഥം. (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട് )
എന്നാൽ ഇതെല്ലാം അവഗണിച്ചാണ് ഈ ലോകം മുഴുവൻ നിയന്ത്രിക്കുന്നത് ഔലിയാക്കളാണെന്ന് വാദിക്കാനായി പുരോഹിതൻമാര്‍ തഫ്സീറു റാസിയെ കൂട്ടുപിടിക്കുന്നത്. തഫ്സീറു റാസിയിൽപോലും ഒന്നാമത്തെ അഭിപ്രായമായി കൊടുത്തിട്ടുള്ളത് അത് മലക്കുകളാണെന്നാണ്. അതും അവഗണിച്ചാണ് അവസാനം കൊടുത്തിട്ടുള്ളതും ദുര്‍ബലമായ അഭിപ്രായമായ ‘ആത്മാക്കൾ’ എടുത്ത് കാണിക്കുന്നത്. ഇനി വാദത്തിന് വേണ്ടി ഈ ആയത്തിലെ ഉദ്ദേശം ‘ആത്മാക്കൾ’ ആണെന്ന് സമ്മതിച്ചാൽ പോലും, ഈ ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളാണെന്നതിന് അത് തെളിവല്ലല്ലോ.
kanzululoom.com