മനുഷ്യപ്രകൃതിയില്‍ പെട്ടതാണ് ലജ്ജാശീലം. ആദ്യത്തെ മനുഷ്യരായ ആദമും(റ) ഹവ്വായും(റ) സ്വ൪ഗത്തില്‍ വസിക്കവെ, പിശാചിന്റെ പ്രേരണയാല്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനാല്‍ അവരുടെ നഗ്നത അവ൪ക്ക് പരസ്പരം വെളിപ്പെട്ടപ്പോള്‍ ലജ്ജയാല്‍ അവ൪ അവരുടെ നഗ്നത മറക്കാന്‍ വേണ്ടി പരിശ്രമിച്ചു.
فَدَلَّىٰهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۖ وَنَادَىٰهُمَا رَبُّهُمَآ أَلَمْ أَنْهَكُمَا عَن تِلْكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيْطَٰنَ لَكُمَا عَدُوٌّ مُّبِينٌ
അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ? (ഖു൪ആന്‍:7/22)
പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളില്‍ നിന്നും മനുഷ്യനെ വ്യതിരിക്തമാക്കുന്ന അതിപ്രധാനമായ ഒരു വിശിഷ്ട ഗുണമാണ് ലജ്ജ എന്നത്. തിന്മകളിൽനിന്ന് മാറി നിൽക്കാൻ പ്രേരണ നൽകുന്നതില്‍ ലജ്ജാശീലത്തിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെയാണ് എല്ലാ പ്രവാചകന്‍മാരും തങ്ങളുടെ സമൂഹത്തോട്, ”നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ തോന്നുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക” എന്ന് പറഞ്ഞത്. അതായത് ലജ്ജയുള്ളവ൪ക്ക് തിന്‍മകള്‍ പ്രവ൪ത്തിക്കാന്‍ കഴിയുകയില്ലെന്ന൪ത്ഥം.
عَنْ أَبُو مَسْعُودٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم: إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ الأُولَى إِذَا لَمْ تَسْتَحِي فَاصْنَعْ مَا شِئْتَ
അബൂമസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രവാചകന്‍മാരുടെ ആദ്യകാല അധ്യാപനങ്ങളില്‍ ഒന്ന് ഇതാണ്. ‘നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക’ (ബുഖാരി 6120).
ലജ്ജ എന്ന മാനുഷിക ഗുണം ഇസ്ലാമിന്റെ സ്വഭാവമായിട്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. ഇസ്ലാമിന്റെ ഉന്നതവും ഉദാത്തവുമായ കാര്യത്തില്‍ പെട്ടതാണ് ലജ്ജ എന്ന സ്വഭാവം വേണമെന്ന് കല്‍പ്പിക്കുന്നത്.
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِنَّ لِكُلِّ دِينٍ خُلُقًا وَخُلُقُ الإِسْلاَمِ الْحَيَاءُ
നബി ﷺ പറഞ്ഞു: എല്ലാ ദീനിനും ഒരു സ്വഭാവമുണ്ട്. ഇസ്ലാമിന്റെ സ്വഭാവം ലജ്ജയാണ്.
عن قرة بن إياس رضي الله عنه قال: كنا عند النبي – صَلَّى اللهُ عَلَيْهِ وَسَلَّمَ – فذُكرَ عنده الحياءُ، فقالوا: يا رسول الله! الحياءُ من الدين؟ فقال رسول الله – صَلَّى اللهُ عَلَيْهِ وَسَلَّمَ -: بل هو الدِّينُ كلُّه
നബി ﷺ യുടെ അടുക്കല്‍ ലജ്ജയെ കുറിച്ച് പറയപ്പെട്ടു. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ ലജ്ജ ദീനില്‍ പെട്ടതാണോ? അപ്പോള്‍ നബി ﷺ പറഞ്ഞു: അതെ, ദീന്‍ മുഴുവന്‍ അതാണ് (ലജ്ജയാണ്)
മനുഷ്യപ്രകൃതിയില്‍ പെട്ടതും ഇസ്ലാമിന്റെ സ്വഭാവവുമായ ലജ്ജ ഈമാനില്‍ പെട്ടതാണെന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
قَالَ النَّبِيُّ صلى الله عليه وسلم: الْحَيَاءُ مِنَ الإِيمَانِ
നബി ﷺ പറഞ്ഞു: ലജ്ജ ഈമാനില്‍ പെട്ടതാണ്. (മുസ്ലിം:36)
قَالَ النَّبِيُّ صلى الله عليه وسلم:إِنَّ الْحَيَاءَ شُعْبَةٌ مِنَ الإِيمَانِ
നബി ﷺ പറഞ്ഞു: തീ൪ച്ചയായും, ലജ്ജ ഈമാനിന്റെ ഒരു ശാഖയാണ്. (ഇബ്നുമാജ:1/61)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസത്തിന് അറുപതില്‍പ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി:9)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. (മുസ്‌ലിം:35)
ഈമാനിന്റെ വിവിധ ശാഖകളില്‍ ഏറ്റവും ഉയ൪ന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യവും ഏറ്റവും താഴെയുള്ളത് വഴിയിലെ ബുദ്ധിമുട്ടുകള്‍ നീക്കലുമാണ്. ശേഷം ഈമാനിന്റെ ഒരു ശാഖയായ ലജ്ജ മാത്രം എടുത്ത് പറഞ്ഞതില്‍ നിന്ന് ലജ്ജയുടെ പ്രാധാന്യം മനസ്സിലാക്കാം.
عَنْ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ عَلَى رَجُلٍ مِنَ الأَنْصَارِ وَهُوَ يَعِظُ أَخَاهُ فِي الْحَيَاءِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ دَعْهُ فَإِنَّ الْحَيَاءَ مِنَ الإِيمَانِ ”.
അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) അൻസാറുകളിൽപെട്ട ഒരാളുടെ സമീപത്ത് കൂടി നടന്നുപോയി. തത്സമയം അദ്ധേഹം തന്റെ സഹോദരനെ ലജ്ജയുടെ കാര്യത്തിൽ ഉപദേശിക്കുകയായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: അദ്ദേഹത്തെവിട്ടേക്കൂ, ലജ്ജ വിശ്വാസത്തിൽപെട്ടതാണ്.(ബുഖാരി: 24)
മോശമായതും അര്‍ഹരുടെ അര്‍ഹതയില്‍ കുറവു വരുത്തുന്നതും വെടിയുവാന്‍ പ്രചോദനമാകുന്ന ഉത്തമ സ്വഭാവമാണ് ‘ലജ്ജ.’ ചിലര്‍ ലജ്ജാലുക്കളായി ജനിക്കുന്നു. ലജ്ജ അവര്‍ക്ക് പ്രകൃതിദത്തമായി റബ്ബിന്റെ ഔദാര്യമാകുന്നു. ലജ്ജാശീലം മുസ്‌ലിം മതനിഷ്ഠയിലൂടെ നേടിയെടുക്കുകയുംചെയ്യുന്നു. അതിനാലാണ് മതപരമായി തന്നോട് വിലക്കപ്പെട്ടതില്‍ നിന്ന് ഒരു മുസ്‌ലിം വിട്ടകലുന്നത്.
ലജ്ജ ഉത്തമമായ ഗുണവും വിശ്വാസിയുടെ മഹത്തായ അടയാളവുമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഒരു വിശ്വാസിയില്‍ നിറഞ്ഞ് നില്‍ക്കേണ്ട സല്‍സ്വഭാവങ്ങളില്‍ മികച്ചത് ലജ്ജാശീലമാണ്. ലജ്ജയും ഈമാനും പരസ്പരം ബന്ധിക്കപ്പെട്ടതാണ്. ലജ്ജയില്ലെങ്കില്‍ വിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ കഴിയുകയില്ല.
عَنِ ابْنِ عُمَرَ قَالَ: إِنَّ الْحَيَاءَ وَالإِيمَانَ قُرِنَا جَمِيعًا، فَإِذَا رُفِعَ أَحَدُهُمَا رُفِعَ الآخَرُ.
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും ലജ്ജയും ഈമാനും പരസ്പരം ബന്ധിക്കപ്പെട്ടതാണ്. രണ്ടില്‍ (ഏതെങ്കിലും) ഒന്ന് ഉയ൪ന്നാല്‍ മറ്റേതും ഉയരും. (അദബുല്‍ മുഫ്രദ് : 1/1313 – സ്വഹീഹ് അല്‍ബാനി)
ഒരു വിശ്വാസിയില്‍ നിന്ന് ലജ്ജ നഷ്ടപ്പെട്ടാല്‍ അവന്റെ ഈമാനും നഷ്ടപ്പെടും. മാത്രമല്ല, ഒരാളുടെ ഈമാന്‍ നഷ്ടപ്പെട്ടാല്‍ പിന്നെ അവന്റെ ലജ്ജയും നഷ്ടപ്പെടുമെന്നും ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
ഓരോ സത്യവിശ്വാസിയും ലജ്ജാശീലമുള്ളവരായിരിക്കണം. അത്യുൽകൃഷ്ഠമായ ഈ സ്വഭാവത്തിലും മുസ്ലിമിന്റെ മാതൃക നബി ﷺ തന്നെയാണ്. നബി ﷺ അങ്ങേയറ്റം ലജ്ജാശീലനായിരുന്നു.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كَانَ النَّبِيُّ صلى الله عليه وسلم أَشَدَّ حَيَاءً مِنَ الْعَذْرَاءِ فِي خِدْرِهَا، فَإِذَا رَأَى شَيْئًا يَكْرَهُهُ عَرَفْنَاهُ فِي وَجْهِهِ.
അബൂസഈദില്‍ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ മണിയറയില്‍ ഇരിക്കുന്ന കന്യകയേക്കാള്‍ ലജ്ജാ ശീലമുള്ള വ്യക്തിയായിരുന്നു. വെറുപ്പുള്ള വല്ലകാര്യവും നബി ﷺ) കാണാനിടയായാൽ, അത് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് ഞങ്ങൾ മനസ്സിലാക്കുമായിരുന്നു. (ബുഖാരി:6102)
നബി ﷺ യുടെ ലജ്ജാശീലത്തെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. നബി ﷺ സൈനബയെ(റ) വിവാഹം കഴിച്ച അവസരത്തില്‍ കുറെ ആളുകളെ സദ്യക്ക് ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിച്ചശേഷം ചില൪ അവിടെതന്നെ ഇരുന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നു. അവര്‍ എഴുന്നേറ്റുപോകുന്നില്ല, നബിക്കാണെങ്കില്‍ അവരോട് പോകാന്‍ പറയാന്‍ ലജ്ജതോന്നി. ഈ വിഷയത്തില്‍ അല്ലാഹു വിശുദ്ധ ഖു൪ആനില്‍ ആയത്ത് ഇറക്കി.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَٰظِرِينَ إِنَىٰهُ وَلَٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ
സത്യവിശ്വാസികളെ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല .…. (ഖു൪ആന്‍:33/53)
വളരെ ലജ്ജാശീലമുള്ള ആളായിരുന്നു ഉസ്മാന്‍(റ).അദ്ദേഹത്തിന്റെ ലജ്ജാശീലം സുപ്രസിദ്ധമാണ്. ആ ലജ്ജ കണ്ട് മലക്കുകള്‍ പോലും ലജ്ജിക്കുന്നുവെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.
عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم مُضْطَجِعًا فِي بَيْتِي كَاشِفًا عَنْ فَخِذَيْهِ أَوْ سَاقَيْهِ فَاسْتَأْذَنَ أَبُو بَكْرٍ فَأَذِنَ لَهُ وَهُوَ عَلَى تِلْكَ الْحَالِ فَتَحَدَّثَ ثُمَّ اسْتَأْذَنَ عُمَرُ فَأَذِنَ لَهُ وَهُوَ كَذَلِكَ فَتَحَدَّثَ ثُمَّ اسْتَأْذَنَ عُثْمَانُ فَجَلَسَ رَسُولُ اللَّهِ صلى الله عليه وسلم وَسَوَّى ثِيَابَهُ – قَالَ مُحَمَّدٌ وَلاَ أَقُولُ ذَلِكَ فِي يَوْمٍ وَاحِدٍ – فَدَخَلَ فَتَحَدَّثَ فَلَمَّا خَرَجَ قَالَتْ عَائِشَةُ دَخَلَ أَبُو بَكْرٍ فَلَمْ تَهْتَشَّ لَهُ وَلَمْ تُبَالِهِ ثُمَّ دَخَلَ عُمَرُ فَلَمْ تَهْتَشَّ لَهُ وَلَمْ تُبَالِهِ ثُمَّ دَخَلَ عُثْمَانُ فَجَلَسْتَ وَسَوَّيْتَ ثِيَابَكَ فَقَالَ “ أَلاَ أَسْتَحِي مِنْ رَجُلٍ تَسْتَحِي مِنْهُ الْمَلاَئِكَةُ ” .
ആഇശയില്‍ (റ) നിന്ന് നിവേദനം : നബി ﷺ എന്റെ വീട്ടില്‍ ഒരു കട്ടിലിൽ കിടന്ന് വിശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാലില്‍ നിന്ന് തുണി അൽപം നീങ്ങിയിട്ടുണ്ട്. അപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) വന്നു മുറിയിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. അദ്ദേഹത്തിന് അനുമതി നൽകപ്പെട്ടു. നബി ﷺ അതേ അവസ്ഥയില്‍തന്നെ അദ്ദേഹത്തോട് സംസാരിച്ചു. ശേഷം ഉമ൪ (റ) വന്ന് അനുവാദം ചോദിച്ചു. അദ്ദേഹത്തിന് അനുമതി നൽകപ്പെട്ടു. നബി ﷺ അതേ അവസ്ഥയില്‍തന്നെ അദ്ദേഹത്തോടും സംസാരിച്ചു. ശേഷം ഉസ്മാന്‍ (റ) വന്ന് മുറിയിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. ഉടനെ നബി ﷺ എഴുന്നേറ്റിരുന്ന് കാലിലെ തുണി നേരെയാക്കി. അങ്ങനെ ഉസ്മാന്‍(റ) വീട്ടില്‍ പ്രവേശിച്ച് നബി ﷺ യോട് സംസാരിച്ചു. അദ്ദേഹം തിരിച്ച് പോയപ്പോള്‍ ആഇശ (റ) ചോദിച്ചു: അബൂബക്ക൪(റ) വന്നപ്പോള്‍ അങ്ങ് അനങ്ങുകയോ വസ്ത്രം ശരിയാക്കുകയോ ചെയ്തില്ല, ശേഷം ഉമ൪(റ)വന്നപ്പോഴും അങ്ങ് അനങ്ങുകയോ വസ്ത്രം ശരിയാക്കുകയോ ചെയ്തില്ല, ശേഷം ഉസ്മാന്‍(റ) വന്നപ്പോള്‍ അങ്ങ് എഴുന്നേറ്റിരുന്ന് വസ്ത്രം നേരെയാക്കി. അപ്പോള്‍ നബി ﷺ പറഞ്ഞു: മലക്കുകള്‍ പോലും ലജ്ജിക്കുന്ന ഒരാളെ തൊട്ട് ഞാന്‍ എങ്ങനെ ലജ്ജിക്കാതിരിക്കും. (മുസ്ലിം:2401)
ഞാൻ അതേ കിടപ്പിൽ കിടന്നിരുന്നെങ്കിൽ ഉസ്മാൻ (റ) മുറിയിൽ പ്രവേശിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ ലജ്ജ അതിന് അനുവദിക്കില്ല. പറയാൻ വന്ന കാര്യം പറയാനാവാതെ അദ്ദേഹം മടങ്ങിപ്പോകുമായിരുന്നു എന്ന൪ത്ഥം.
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ قَالَ لِلأَشَجِّ الْعَصَرِيِّ : إِنَّ فِيكَ خَصْلَتَيْنِ يُحِبُّهُمَا اللَّهُ الْحِلْمَ وَالْحَيَاءَ
ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: അഷജ്ജില്‍ അസ്വരിയ്യോട് നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവം നിന്നിലുണ്ട്. സഹനവും ലജ്ജയും ആണത്. (ഇബ്നുമാജ:37/4328)
ലജ്ജയെന്നു പറഞ്ഞാല്‍ ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയില്‍ നാണിച്ചിരിക്കുക എന്നതല്ലെന്ന് മേലുദ്ധരിച്ച വചനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒരു വിശ്വാസി ഇടപെടുന്ന മുഴുവന്‍ മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സ്വഭാവ സംസ്‌കാരമാണത്. ലജ്ജയും നാണം കുണുങ്ങലും രണ്ടും രണ്ടാണ്.
സകലമാന നന്‍മകളിലേക്കും വഴികാണിക്കാന്‍ ലജ്ജാശീലത്തിന് കഴിയും. ലജ്ജ മൂലം ഒരാൾക്കും നന്മയല്ലാതെ വരാൻ പോകുന്നില്ല എന്ന് നബി ﷺ പറഞ്ഞതായി കാണാം
عَنْ عِمْرَانَ بْنَ حُصَيْنٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : الْحَيَاءُ لاَ يَأْتِي إِلاَّ بِخَيْرٍ
ഇംറാനബ്നഹുസൈനില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലജ്ജാശീലം നന്‍മയല്ലാതെ കൊണ്ടുവരികയില്ല. (ബുഖാരി:6117)
الْحَيَاءُ كُلُّهُ خَيْرٌ
നബി ﷺ പറഞ്ഞു: ലജ്ജ മുഴുവനും നന്മ മാത്രമാണ്. (മുസ്‌ലിം:37)
ലജ്ജ എന്ന സ്വഭാവം ഇല്ലായിരുന്നുവെങ്കില്‍ അതിഥി ആദരിക്കപ്പെടുകയോ, കരാ൪ പാലിക്കപ്പെടുകയോ, വിശ്വസിച്ചേല്‍പ്പിച്ചത് തിരിച്ചേല്‍പ്പിക്കപ്പെടുകയോ, ഒരാളുടെയും ആവശ്യം നിറവേറ്റപ്പെടുകയോ, മനുഷ്യന്‍ ഭംഗിക്ക് പരിശ്രമിക്കുകയോ, ചീത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുകയോ നഗ്നത മറക്കുകയോ, മ്ളേഛ കാര്യങ്ങള്‍ തടയുകയോ ചെയ്യുമായിരുന്നില്ല. ലജ്ജ എന്ന ഉല്‍കൃഷ്ട സ്വഭാവം ഇല്ലായിരുന്നുവെങ്കില്‍ അധികമാളുകളും നി൪ബന്ധമായ കാര്യം ചെയ്യുകയോ, സൃഷ്ടികള്‍ക്ക് അവരുടെ അവകാശം നല്‍കുകയോ, കുടുംബബന്ധം ചേ൪ക്കുകയോ മാതാപിതാക്കളോട് നന്‍മ ചെയ്യുകയോ ചെയ്യുമായിരുന്നില്ല. അതെ, ഒരു മനുഷ്യന്റെ സദാചാര ബോധത്തിന്റെ കവചമാണ് ലജ്ജ. ലജ്ജയില്ലെങ്കില്‍ സദാചാര ബോധം കാത്തുസൂക്ഷിക്കുവാനോ ധാര്‍മികത ജീവിതത്തില്‍ നിലനിര്‍ത്തുവാനോ സാധിക്കുകയില്ല.
സകലമാന തിന്‍മകളില്‍ നിന്നും മാറിനല്‍ക്കാന്‍ ലജ്ജാശീലത്തിന് കഴിയും.ലജ്ജയില്ലാത്തവ൪ പരുക്കന്‍ സ്വഭാവക്കാരും മോശമായി സംസാരിക്കുന്നവരുമായിരിക്കും.
، عَنْ أَبِي بَكْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ الْحَيَاءُ مِنَ الإِيمَانِ وَالإِيمَانُ فِي الْجَنَّةِ وَالْبَذَاءُ مِنَ الْجَفَاءِ وَالْجَفَاءُ فِي النَّارِ ” .
അബൂബക്റത്തില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലജ്ജ ഈമാനില്‍ പെട്ടതാണ്. ഈമാന്‍ സ്വ൪ഗത്തിലുമാണ്. മോശമായ സംസാരം പരുക്കന്‍ സ്വഭാവക്കാരുടെ സ്വഭാവമാണ്, പരുക്കന്‍ സ്വഭാവമാകട്ടെ നരകത്തിലുമാണ്. (ഇബ്നുമാജ:37/4324)
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَا كَانَ الْحَيَاءُ فِي شَيْءٍ إِلاَّ زَانَهُ، وَلاَ كَانَ الْفُحْشُ فِي شَيْءٍ إِلا شَانَهُ.
അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു കാര്യത്തിൽ ലജ്ജ ഉണ്ടാകുകയില്ല, അതിനെ ഭംഗിയാക്കിയിട്ടല്ലാതെ. ഒരു കാര്യത്തിൽ മ്ളേഛത ഉണ്ടാകുകയില്ല, അതിനെ മോശമാക്കിയിട്ടല്ലാതെ. (അദബുല്‍ മുഫ്റദ് : 601 – സ്വഹീഹ് അല്‍ബാനി)
സംസാരത്തിലും പ്രവ൪ത്തനത്തിലും സൂക്ഷ്മതയുണ്ടാക്കുന്നതിലും തിന്‍മകളില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രേരണ നല്‍കുന്നതിലും ലജ്ജാശീലത്തിനുള്ള പങ്ക് വളരെ വലുതാണ്. ലജ്ജാശീലമുള്ള വ്യക്തി എല്ലായ്പ്പോഴും തിൻമകളിൽ നിന്നും അകന്നു നിൽക്കുന്ന വരായിരിക്കും. അതുകൊണ്ടാണ് ലജ്ജയെ കുറിച്ച് ചില പണ്ഢിതന്‍മാ൪ ഇപ്രകാരം പറഞ്ഞത് :
الحياء خلق يبعث على اجتناب القبيح من الأفعال والأقوال ، ويمنع من التقصير في حق ذي الحق
ഒരാളുടെ പ്രവ൪ത്തനങ്ങളിലും വാക്കുകളിലുമുള്ള മ്ളേഛതകൾ ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കുന്ന ഒരു സ്വഭാവമാണ് ലജ്ജ.കടമകളിലും ബാധ്യതകളിലും വീഴ്ച വരുത്തുന്നതിൽ നിന്നും അത് (ലജ്ജ) തടയുന്നു.
ചില ഫുഖഹാക്കൾ പറഞ്ഞു
من جعل الحياء ثوبه لم يرى الناس عيبه
ആരെങ്കിലും ലജ്ജയെ വസ്ത്രമാക്കിയാൽ അവന്റെ ഒരു പോരായ്മയും ജനങ്ങർക്ക് കണ്ടെത്താൻ കഴിയുകയില്ല.
തിന്‍മ ചെയ്യാന്‍ അവസരം ലഭിച്ചാലും അത് മറ്റാരും കാണില്ലെങ്കിലും വിശ്വാസിക്ക് ലജ്ജയാണ്. കാരണം അല്ലാഹു അത് കണ്ടുകൊണ്ടിരിക്കുന്നു, മലക്കുകള്‍ അത് രേഖപ്പെടുത്താന്‍ റെഡിയായിരിക്കുന്നു. യഥാ൪ത്ഥ വിശ്വാസിയുടെ ജീവിതമാസകലം ഈ ബോധത്തിന്റെ ഗുണങ്ങള്‍ വ്യാപകമായിരിക്കും. നന്‍മകളുമായുള്ള നിരന്തര സമ്പ൪ക്കത്തിനും തിന്‍മകളില്‍ നിന്നുള്ള ബഹുദൂര അകല്‍ച്ചക്കും വിശ്വാസിയെ പ്രാപ്തനാക്കുന്നു എന്നതാണ് പ്രസ്തുത ഗുണങ്ങളിലെ മുഖ്യം.
അടിസ്ഥാനരമായി അല്ലാഹുവിനോട്, മലക്കുകളോട്, സ്വന്തത്തോട്, ജനങ്ങളോട് എന്നീ നാല് മേഖലകളില്‍ വിശ്വാസിയുടെ ലജ്ജാശീലം ബന്ധപ്പെട്ട് കിടക്കുന്നു.
1.അല്ലാഹുവിനോടുള്ള ലജ്ജ.
ഏറ്റവും മഹത്തരമായതും നി൪ബന്ധമായതുമായ ലജ്ജ അല്ലാഹുവിനെ തൊട്ടുള്ള ലജ്ജയാകുന്നു. മനുഷ്യന്‍, തന്റെ രഹസ്യവും പരസ്യവും അറിയുന്ന അല്ലാഹുവിന്റെ മുന്നിലാണ് യഥാര്‍ഥത്തില്‍ ലജ്ജയുള്ളവനാകേണ്ടത്.
فَاللَّهُ أَحَقُّ أَنْ يُسْتَحْيَى مِنْهُ مِنَ النَّاسِ
നബി ﷺ പറഞ്ഞു: ലജ്ജ തോന്നുന്ന കാര്യത്തിൽ മനുഷ്യർക്ക് സൃഷ്ടികളെക്കാൾ ബാദ്ധ്യത സൃഷ്‌ഷ്ടാവിനോടാണ് (ഇബ്നുമാജ:9/1995)
عن سعيد بن يزيد الأنصاري رضي الله عنه: أن رجلا قال لرسول الله صلى الله عليه وسلم: أوصني، قال: أوصيك أن تستحي الله عز وجل، كما تستحي رجلاً صالحاً من قومك
സഈദില്‍ (റ) നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: എനിക്ക് ഉപദേശം നല്‍കിയാലും. നബി ﷺ പറഞ്ഞു: നിന്റെ ജനതയില്‍ പെട്ട സ്വാലിഹായ മനുഷ്യനില്‍ നിന്ന് നീ ലജ്ജ വെച്ച് പുല൪ത്തുന്നതുപോലെ അല്ലാഹുവിനോടും ലജ്ജ വെച്ച് പുല൪ത്തണമെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുന്നു.
അല്ലാഹുവിന്റെ നിരീക്ഷണത്തെ മനസ്സില്‍ സജീവമാക്കി നി൪ത്തലാണ് അല്ലാഹുവിനോടുള്ള ലജ്ജ.
يَعْلَمُ خَآئِنَةَ ٱلْأَعْيُنِ وَمَا تُخْفِى ٱلصُّدُورُ
കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു.(ഖു൪ആന്‍:40/19)
إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا
അല്ലാഹു നിങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവനാകുന്നു. (ഖു൪ആന്‍:4/1)
قال ابن قدامة المقدسي – رحمه الله : واعلم أن الله تعالى ناظرٌ إليك، مطلعٌ عليك. فقل لنفسك: لو كان رجل من صالحي قومي يراني لاستحييت منه، فكيف لا أستحي من ربي تبارك وتعالى .
ഇബ്നു ഖുദാമ അൽ മഖ്ദിസീ رحمه الله പറഞ്ഞു : നീ അറിയുക, തീർച്ചയായും അല്ലാഹു നിന്നെ വീക്ഷിക്കുകയും നിന്നിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ നീ നിന്നോടു പറയുക : സമൂഹത്തിലെ നല്ലവനായ ഒരു മനുഷ്യൻ എന്നെ കാണുന്നുവെങ്കിൽ ഞാൻ ഉറപ്പായും ലജ്ജിക്കുമല്ലോ, പിന്നെ എങ്ങിനെയാണ് ഞാൻ എന്റെ റബ്ബിൽ നിന്നും ലജ്ജ കാണിക്കാതിരിക്കുന്നത്? (അൽ വസിയ്യത്തുൽ മുബാറക:94)
അല്ലാഹു എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട് എന്ന ബോധം നമുക്കുണ്ടെങ്കില്‍, അത് നമ്മുടെ ഹൃദയത്തില്‍ ലജ്ജ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. നമ്മുടെ ഹൃദയത്തിലുള്ളതെന്താണെന്നും നാം ചെയ്യുന്നതെന്താണെന്നും അല്ലാഹു അറിയുന്നുണ്ടെന്ന ബോധ്യമാണത്. ഈ ചിന്ത തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് നമുക്ക് സഹായകരമാണ്.
قال ابن القيم: “الحياء من الله نور يقع في القلب يريه ذلك النور أنه واقف بين يدي ربه عزوجل فيستحي منه في خلواته وجلواته”.
ഇമാ ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: അല്ലാഹുവിനെ തൊട്ടുള്ള ലജ്ജ ഹൃദയത്തിനുണ്ടാകുന്ന പ്രകാശമാണ്. നീ നിന്റെ റബ്ബിന്റെ മുമ്പിലാണ് നില്‍ക്കുന്നത് എന്ന് ആ പ്രകാശം അവന് കാണിച്ചു കൊടുക്കും.അങ്ങനെ അവന്‍ തന്റെ രഹസ്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും അല്ലാഹുവിനെ തൊട്ടു് ലജ്ജിക്കും.
ഇമാ ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: ”ലജ്ജാശീലം ഏറ്റവും ഉല്‍കൃഷ്ഠവും ഉന്നതവും ഉദാത്തവും കൂടുതല്‍ ഉപകാരപ്രദവുമായ സ്വഭാവമാകുന്നു. എന്നു മാത്രമല്ല, അത് മനുഷ്യത്വത്തിന്റെ മാത്രം പ്രത്യേകതയാണ്. ലജ്ജ ഒട്ടുമില്ലാത്തവന് മനുഷ്യത്വത്തിന്റെ മാംസവും രക്തവും അവയുടെ പുറം തോടുമല്ലാതെ ഒന്നുമില്ല. അപ്രകാരം അവനില്‍ യാതൊരു നന്മയുമില്ല.”
ﻗﺎﻝ حاتم الأصم رحمه الله:ﻭﻋﻠﻤﺖ ﺃﻧﻲ ﻻ ﺃﺧﻠﻮ ﻣﻦ ﻋﻴﻦ اﻟﻠﻪ، ﻓﺄﻧﺎ ﻣﺴﺘﺢ ﻣﻨﻪ
ഹാതിമുൽ അസമ്മ്رحمه الله പറഞ്ഞു:അല്ലാഹു വിന്റെ കണ്ണ് വെട്ടിച്ച് ഒരിടത്തും മാറിയൊളിക്കാൻ കഴിയില്ലെന്നും ഞാനറിഞ്ഞു. അങ്ങനെ ഞാൻ (അവനെ ധിക്കരിക്കുന്നതിൽ) ലജ്ജയുള്ളവനായി. (സിയറു അ അ`ലാമിന്നുബലാ: 11/485)
ഒരു സത്യവിശ്വാസിക്ക് അവന്റെ സൃഷ്ടാവിന്റെ കാര്യത്തിൽ ലജ്ജ വളരെ അത്യാവശ്യമാണ്. കാരണം, അനുഗ്രഹങ്ങൾ നൽകിയ തന്റെ നാഥനെ അനുസരിക്കുക, നന്ദികാണിക്കുക തുടങ്ങിയകാര്യങ്ങളിൽ വീഴ്ച വരുത്തുന്നതിൽ അവന്‍ ലജ്ജയുള്ളവനായിരിക്കണം.
عن عبد الله بن مسعود رضي الله عنه قال: قال رسول الله صلى الله عليه وسلم: استحيوا مِن الله حقَّ الحياء. قال: قلنا: يا رسول الله إنَّا لنستحيي، والحمد للَّه. قال: ليس ذاك، ولكنَّ الاستحياء مِن الله حقَّ الحياء: أن تحفظ الرَّأس وما وعى، وتحفظ البطن وما حوى، وتتذكَّر الموت والبِلَى، ومَن أراد الآخرة، ترك زينة الدُّنيا، فمَن فعل ذلك، فقد استحيا مِن الله حقَّ الحياء
അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”അല്ലാഹുവിന് മുമ്പില്‍ ഏത് വിധം നിങ്ങള്‍ ലജ്ജ കാണിക്കേണ്ടതുണ്ടോ ആവിധം നിങ്ങള്‍ ലജ്ജ കാണിക്കുവിന്‍.” ഞങ്ങള്‍ ചോദിച്ചു: ”പ്രവാചകരേ, അല്ലാഹുവിന് സ്തുതി. ഞങ്ങള്‍ ലജ്ജയുള്ളവരാണല്ലോ!” നബി ﷺ പറഞ്ഞു: ”ഞാന്‍ അതല്ല ഉദ്ദേശിക്കുന്നത്. നിങ്ങള്‍ അല്ലാഹുവിന് മുമ്പില്‍ യഥാവിധം ലജ്ജകാണിക്കുന്നതിനെ കുറിച്ചാണ്. നിങ്ങളുടെ ശിരസ്സും അത് ഉള്‍ക്കൊള്ളുന്നതും, നിങ്ങളുടെ ഉദരവും അത് ഉള്‍ക്കൊള്ളുന്നതും നിങ്ങള്‍ കാത്തുസൂക്ഷിക്കണം. മരണത്തെയും നാശത്തെയും ഓര്‍ത്തുകൊണ്ടിരിക്കണം. പാരത്രികം ആഗ്രഹിക്കുന്നവന്‍ ഐഹികാഡംബരങ്ങള്‍ ഉപേക്ഷിക്കും. ഇങ്ങനെ ചെയ്യുന്നവരാണ് അല്ലാഹുവിന് മുമ്പില്‍ യഥാവിധം ലജ്ജ കാണിക്കുന്നവര്‍” (ഹാകിം: 1/24, ബൈഹക്വി: 7726).
ഈ ഹദീസില്‍ അല്ലാഹുവിനു മുമ്പില്‍ യഥാവിധം ലജ്ജ കാണിക്കുന്നതിനെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് ‘ശിരസ്സും അത് ഉള്‍ക്കൊള്ളുന്നവയും’ എന്നാണ്. കണ്ണും കാതും തുടങ്ങി വികാര വിചാരങ്ങളടക്കം മുഴുവന്‍ കാര്യങ്ങളിലും അല്ലാഹുവിന്റെ ബോധനങ്ങള്‍ക്ക് വിധേയമായിട്ടു മാത്രമെ നാം മുന്നോട്ട് പോകാവൂ. പഞ്ചേന്ദ്രിയങ്ങളില്‍ ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെട്ടുവല്ലോ. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നമ്മുടെ ചിന്തയും ആലോചനയും ഉദാത്തമാകണം.
തുടര്‍ന്ന് ‘ഉദരവും അത് ഉള്‍ക്കൊള്ളുന്നവയും’ എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ ഉദ്ദേശ്യം നമ്മുടെ സമ്പാദ്യവും ഭക്ഷണവും ഹലാലായിത്തീരണമെന്നതാണ്. പാരത്രിക വിജയം ആഗ്രഹിക്കുന്നവന്‍ ഇഹലോകത്തെ ആഡംബരങ്ങളില്‍ ഭ്രമിക്കുകയില്ലെന്ന് തുടര്‍ന്ന് പറയുമ്പോള്‍ ഇതെത്രമാത്രം പരസ്പര പൂരകങ്ങളാണെന്ന് വ്യക്തമാകുന്നു.
അല്ലാഹുവിനോടുള്ള ലജ്ജ വെച്ച് പുല൪ത്തുന്നവന്‍ അവന്റെ കണ്ണും കാതും നാവും ചിന്തയുമെല്ലാം അല്ലാഹുവിനെ ഓ൪ത്ത് അനാവശ്യങ്ങളില്‍ നിന്ന് തിരിച്ച് നി൪ത്തും. അവന്‍ പട്ടിണി കിടന്നിട്ടായാലും ഹലാലായത് മാത്രമേ ഭക്ഷിക്കുകയുള്ളൂ. അവന്‍ സദാ മരണചിന്ത ഉള്ളവനായിരിക്കും. പരലോകത്തിന് മുമ്പില്‍ ഐഹികാഢംബരങ്ങള്‍ അവന് ഒന്നുമല്ല.
قال ابن رجب رحمه الله :”العجب ممن يعلم أن كل النعم من الله ثم لايستحي من الاستعانة بها على المعصية
ഇബ്നു റജബ്رحمه الله പറഞ്ഞു :” എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്നാണെന്ന് തിരിച്ചറിയുകയും, ശേഷം പാപങ്ങൾ ചെയ്യാൻ ആ അനുഗ്രഹങ്ങളെ ഉപയോഗിക്കുന്നതിൽ ലജ്ജിക്കാതിരിക്കുകയും ചെയ്യുന്നവന്റെ കാര്യം അത്ഭുതം തന്നെ!! ” (മജ്മൂഉറസാഇൽ: 1/35)
അല്ലാഹുവിന്റെ നിരീക്ഷണത്തെ ഭയക്കുക, ഐഹിക ജീവിതത്തില്‍ മിതത്വം പാലിക്കുക, മരണത്തെ സംബന്ധിച്ചുള്ള ഓ൪മ്മ കാത്തു സൂക്ഷിക്കുക, സ്വ൪ഗത്തിന് വേണ്ടി അദ്ധ്വാനിക്കുക തുടങ്ങിയ കാര്യത്തില്‍ ശ്രദ്ധ കാണിക്കുന്ന ഒരു വിശ്വാസി ലജ്ജാശീലം കൊണ്ട് അനുഗ്രഹീതനാണ്. അവന്റെ ജീവിതത്തില്‍ ഒരു തെറ്റ് സംഭവിച്ചാല്‍തന്നെയും അല്ലാഹുനെ ഓ൪ത്ത് അവന്‍ പശ്ചാത്തപിച്ച് മടങ്ങും.
وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ
വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവിനെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. – പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. (ഖു൪ആന്‍ :3/135)
2.മലക്കുകളോടുള്ള ലജ്ജ.
وَإِنَّ عَلَيْكُمْ لَحَٰفِظِينَ – كِرَامًا كَٰتِبِينَ – يَعْلَمُونَ مَا تَفْعَلُونَ
തീര്‍ച്ചയായും നിങ്ങളുടെ മേല്‍ (മലക്കുകളായ) ചില മേല്‍നോട്ടക്കാരുണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു. (ഖു൪ആന്‍:82/10 – 12)
നമ്മുടെ ചിന്തയും ചെറുതും വലുതുമായ ക൪മ്മങ്ങളുമെലലാം മലക്കുകള്‍ രേഖപ്പെടുത്തി വെക്കുന്നുണ്ടെന്ന ബോധം നമുക്കുണ്ടെങ്കില്‍, അത് നമ്മുടെ ഹൃദയത്തില്‍ ലജ്ജ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. ഈ ചിന്തയും തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് നമുക്ക് സഹായകരമാണ്.
أَ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ
അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്.(ഖു൪ആന്‍: 43/80)
3.സ്വന്തത്തോടുള്ള ലജ്ജ
നന്‍മകള്‍ പ്രവ൪ത്തിക്കാതെ മാറ്റിവെക്കുമ്പോഴും തിന്‍മകള്‍ പ്രവ൪ത്തിക്കുമ്പോഴും മനുഷ്യന് സ്വന്തത്തോട് ലജ്ജ തോന്നേണ്ടതുണ്ട്.
4. ജനങ്ങളോടുള്ള ലജ്ജ
മനുഷ്യപ്രകൃതിയില്‍ പെട്ടതാണ് ലജ്ജാശീലം. അല്ലാഹുവിനോടും മലക്കുകളോടും സ്വന്തത്തോടും ലജ്ജിക്കാത്തവനും ജനങ്ങളോട് ലജ്ജ വെച്ച് പുല൪ത്തുന്നവനാണ്. അത് ലജ്ജയുടെ ഏറ്റവും താഴ്ന്ന അവസ്ഥയാണ്.
يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ
അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. (ഖു൪ആന്‍:4/108)
عن سعيد بن يزيد الأنصاري رضي الله عنه: أن رجلا قال لرسول الله صلى الله عليه وسلم: أوصني، قال: أوصيك أن تستحي الله عز وجل، كما تستحي رجلاً صالحاً من قومك
സഈദില്‍ (റ) നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: എനിക്ക് ഉപദേശം നല്‍കിയാലും. നബി (സ്വ)പറഞ്ഞു: നിന്റെ ജനതയില്‍ പെട്ട സ്വാലിഹായ മനുഷ്യനില്‍ നിന്ന് നീ ലജ്ജ വെച്ച് പുല൪ത്തുന്നതുപോലെ അല്ലാഹുവിനോടും ലജ്ജ വെച്ച് പുല൪ത്തണമെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുന്നു.
عَنْ يَعْلَى، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى رَجُلاً يَغْتَسِلُ بِالْبَرَازِ فَصَعِدَ الْمِنْبَرَ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ : إِنَّ اللَّهَ عَزَّ وَجَلَّ حَلِيمٌ حَيِيٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ فَإِذَا اغْتَسَلَ أَحَدُكُمْ فَلْيَسْتَتِرْ
യഅ്ലയില്‍(റ) നിന്ന് നിവേദനം :ഒരാള്‍ തുറസ്സായ സ്ഥലത്ത് കുളിക്കുന്നത് നബി(സ്വ) കണ്ടു. അങ്ങനെ അവിടുന്ന് മിമ്പറില്‍ കയറി, അല്ലാഹുവിനെ സ്തുതിച്ച് കൊണ്ടു പറഞ്ഞു: നിശ്ചയം, അല്ലാഹു ലജ്ജയുള്ളവനും മറ സ്വീകരിക്കുന്നവനുമാണ്, അവൻ ലജ്ജയെയും മറയെയും ഇഷ്ടപ്പെടുന്നു. അതു കൊണ്ട് നിങ്ങൾ ആരെങ്കിലും കുളിക്കുകയാണെങ്കിൽ അവൻ മറ സ്വീകരിക്കട്ടെ (നസാഇ:406)
إنه من لا يستحيى من الناس ، لا يستحيى من الله
സൈദുബ്നു സാബിത്(റ) പറഞ്ഞു: തീ൪ച്ചയായും ജനങ്ങളോട് ലജജിക്കാത്തവന് അല്ലാഹുവിനോട് ലജ്ജിക്കുവാന്‍ സാധിക്കുകയില്ല.
സ്ത്രീകളോട്
പുരുഷന്‍മാരും സ്ത്രീകളും ലജ്ജയുള്ളവരായിരിക്കണമെന്നാണ് ഇസ്ലാമിന്റെ അദ്ധ്യാപനം. അന്യപുരുഷന്‍മാരുടെ മുമ്പില്‍ സ്ത്രീ പ്രത്യേകിച്ചും ലജ്ജയുള്ളവളായിരിക്കണം.
മൂസാ (അ) മദ്’യനില്‍ എത്തിയപ്പോള്‍ ഒരു വെള്ളത്താവളത്തിങ്കല്‍ ആളുകള്‍ തങ്ങളുടെ ആടുകള്‍ക്കു വെള്ളം കൊടുത്തുകൊണ്ടിരിക്കുന്നു. രണ്ടു സ്ത്രീകള്‍ മാത്രം അവരുടെ ആടുകളെ മുമ്പോട്ടു വരാനനുവദിക്കാതെ തടയപ്പെട്ടിരിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന് അനുകമ്പ തോന്നുകയും അവ൪ക്ക് വെള്ളം ലഭ്യമാക്കുകയും ചെയ്തു. അതിനെതുട൪ന്ന് ആ സ്ത്രീകളുടെ പിതാവ് മൂസായെ (അ) വിളിപ്പിക്കുന്ന രംഗം വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്.
فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّٰلِمِينَ
അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ ലജ്ജിച്ച് കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിട്ട് തന്‍റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:28/25)
അപരിചിതനായ ഒരു യുവാവിന്റെ അടുക്കല്‍ മാന്യയായ ഒരു യുവതി ചെല്ലേണ്ടിവരുമ്പോള്‍ ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ടതുമായ ലജ്ജാശീലവും അച്ചടക്കവും അവളില്‍ പ്രകടമായിരുന്നു. അതാണ് അല്ലാഹു ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ ലജ്ജിച്ച് കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നുചെന്നുവെന്ന് പറഞ്ഞത്.
ആയിശയുടെ(റ) വീട്ടിലാണ് നബിയെ(സ്വ) ഖബ്റടക്കിയിട്ടുള്ളത്. അവിടെതന്നെയാണ് അബൂബക്കറിനെയും(റ) ഖബ്റടക്കിയിട്ടുള്ളത്. ഒരാള്‍ ആയിശയുടെ(റ) ഭ൪ത്താവും മറ്റേയാള്‍ പിതാവുമാണ്. പിന്നീട് അവിടെതന്നെയാണ് ഉമറിനെയും(റ) ഖബ്റടക്കിയിട്ടുള്ളത്.
عن عائِشةَ رضياللّه عنها قالت: كنتُ أدخُلُ بَيتي الذي دُفِنَ فيه رَسولُ اللهِ ﷺ وأَبي، فأضَعُ ثَوْبي، وأقولُ: إنّما هو زَوْجي وأبي، فلمّا دُفِنَ عُمَرُ معهم، فواللهِ ما دخَلتُهُ إلّا وأنا مَشدودةٌ علَيَّ ثيابي، حَياءً مِن عُمَرَ!.
ആയിശ(റ) പറയുന്നു :അല്ലാഹുവിന്റെ റസൂലും(സ്വ) എന്റെ പിതാവുമുള്ള (അതായത് അവരെ ഖബ്റടക്കിയിട്ടുള്ള) എന്റെ വീട്ടിലേക്ക് ഞാന്‍ പ്രവേശിക്കുമ്പോള്‍ അന്യരുടെ മുമ്പില്‍ ധരിക്കുന്ന വസ്ത്രം ഞാന്‍ അഴിച്ച് വെക്കുമായിരുന്നു. ഞാന്‍ പറയുമായിരുന്നു: ഇവിടെ ഖബ്റടക്കിയിട്ടുള്ളതില്‍ ഒന്ന് എന്റെ ഭ൪ത്താവും മറ്റൊന്ന് എന്റെ പിതാവുമാണ്. അവിടേക്ക് ഉമറിനെ(റ) ഖബ്റടക്കിയശേഷം അന്യരുടെ മുമ്പില്‍ ധരിക്കുന്ന വസ്ത്രം ധരിച്ചുകൊണ്ടല്ലാതെ ഞാന്‍ അവിടേക്ക് പ്രവേശിക്കുമായിരുന്നില്ല, ഉമറിനോടുള്ള(റ) ലജ്ജ കാരണത്താലായിരുന്നു അത്. (അഹ്മദ്: 25660)
മരണപ്പെട്ടവരുടെ അടുത്തുപോലും ലജ്ജ കാണിച്ചിരുന്നു നമ്മുടെ ഉമ്മയായ ആയിശ(റ). മരണപ്പെട്ടവരുടെ അടുത്തുപോലും ലജ്ജ കാണിച്ചിരുന്നവരായിരുന്നു ഈ ഉമ്മത്തിലെ മുന്‍ഗാമികള്‍. എന്നാല്‍ ജീവിച്ചിരിക്കുന്നവരോട് പോലും ലജ്ജിക്കാത്തവരായിരിക്കുന്നു ഈ ഉമ്മത്തിലെ പിന്‍ഗാമികള്‍. വ൪ത്തമാന കാലത്ത് പല സ്ത്രീകളും ലജ്ജ നഷ്ടപ്പെട്ടവരാണ്. മഹ്റമില്ലാതെ യാത്ര ചെയ്യുന്നവര്‍, പൂര്‍ണമായ വസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍, കൊഞ്ചിക്കുഴഞ്ഞ് അന്യ പുരുഷന്മാരോട് സംസാരിക്കുന്നവ൪ ഇതെല്ലാം ലജ്ജ നശിച്ചതിന്റെ അടയാളങ്ങളാണ്.
ഇന്ന് പല മുസ്ലിം സ്ത്രീകള്‍ക്കും അന്യപുരുഷന്‍മാ൪ ആരൊക്കെയാണെന്നുപോലും അറിയില്ല. ഒരു വിശ്വാസിനിയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് വിവാഹബന്ധം നിഷിദ്ധമായവ൪ അല്ലാത്തവരെല്ലാം അന്യ പുരുഷനാകുന്നു. അവള്‍ക്ക് വിവാഹം നിഷിദ്ധമായവരോടല്ലാതെ (മഹ്‌റം) ഇടകലരാവതല്ല. ലജ്ജ നഷ്ടപ്പെട്ടിട്ടുള്ള ഇക്കാലത്ത് ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയിരിക്കുന്നു.
കന്യകയേക്കാള്‍, നബി (സ്വ)ലജ്ജാ ശീലമുള്ള വ്യക്തിയായിരുന്നുവന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു കന്യക എത്രമാത്രം ലജ്ജയുള്ളവളായിരിക്കണമെന്ന് ഈ ഹദീസ് സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ മുസ്ലിം കന്യതമാരുടെ അവസ്ഥയോ, അവരില്‍ ഭൂരിഭാഗത്തിനും ലജ്ജ നഷ്ടപ്പെട്ടിരിക്കുന്നു.
സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും ലജ്ജ നി൪ബന്ധമായും വേണം. എന്നാല്‍ ഇന്ന് ലജ്ജയെന്ന ഈ മഹദ്‌സ്വഭാവം പലരില്‍നിന്നും ഏറെ വിദൂരതയിലാണെന്ന് നിസ്സംശയം പറയാം. ലജ്ജ നശിച്ചാൽ സമൂഹത്തില്‍ നന്‍മകള്‍ കുറയും, തിന്മകള്‍ വ്യാപകമാവും.നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലും സൂഹത്തില്‍ നിന്ന് ഉപേക്ഷിക്കപ്പെടും. അറിവ് തേടുന്നത് ആളുകൾ അവസാനിപ്പിക്കും.
مَنْ قَلَّ حَيَاؤُهُ قَلَّ وَرَعُهُ وَ مَنْ قَلَّ وَرَعُهُ مَاتَ قَلْبُهُ
ഉമ൪(റ)പറഞ്ഞു: ലജ്ജ ഒരാളില്‍ കുറഞ്ഞാല്‍ സൂക്ഷ്മത അവനില്‍ കുറയും, സൂക്ഷ്മത ആരില്‍ കുറയുന്നുവോ അവന്റെ ഹൃദയം മരിക്കും.
അല്ലാഹു ലജ്ജയുള്ളവനാണ്.
അല്ലാഹുവിന് നല്ല ഭംഗിയുള്ള നാമങ്ങളുണ്ടെന്ന് വിശുദ്ധ ഖു൪ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.അതില്‍പെട്ട ഒരു നാമമാണ് الحَيِّيُ – ലജ്ജിക്കുന്നവൻ എന്നത്.
عَنْ سَلْمَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا
സല്‍മാനില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:ഉന്നതനും പ്രതാപവാനുമായ നിങ്ങളുടെ രക്ഷിതാവ് ഔദാര്യമുള്ളവനും ലജ്ജയുള്ളവനുമാണ്. തന്റെ അടിമ തന്നിലേക്ക് ഉയ൪ത്തിയ കൈകളെ (ഒന്നും നല്‍കാതെ) ശൂന്യമായി മടക്കുന്നതിനെ തൊട്ട് ലജ്ജിക്കുന്നവനാകുന്നു. (അബൂദാവൂദ് :1488 – സ്വഹീഹ് അല്‍ബാനി)
മറ്റ് നാമങ്ങള്‍ അല്ലാഹുവിന് ഉള്ളതുപോലെതന്നെയാണ് ഈ നാമവും. അല്ലാഹു കാണുന്നവനും കേള്‍ക്കുന്നവനും അറിയുന്നവനും ലജ്ജിക്കുന്നവനുമാണ്. എന്നാല്‍ നാം കാണുകയും കേള്‍ക്കുകയും അറിയുകയും ലജ്ജിക്കുകയും ചെയ്യുന്നത പോലെയല്ല, മറിച്ച് അല്ലാഹുവിന്റെ ഉന്നതിക്കും മഹത്വത്തിനും യോജിക്കുന്ന രൂപത്തില്‍ ലജ്ജിക്കുന്നവനാണവൻ.
ലജ്ജ പാടില്ലാത്ത സന്ദ൪ഭങ്ങള്‍
1.ദീനീ വിജ്ഞാനം നേടുന്നതില്‍
ഏറെ ലജ്ജയുള്ളവരായിരുന്നു സ്വഹാബാ വനിതകള്‍. എന്നാല്‍ ദീനീ വിജ്ഞാനം നേടുന്നതില്‍ ലജ്ജ അവരെ തടഞ്ഞിരുന്നില്ല.
عَنْ أُمِّ سَلَمَةَ ـ رضى الله عنها ـ قَالَتْ جَاءَتْ أُمُّ سُلَيْمٍ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ إِنَّ اللَّهَ لاَ يَسْتَحِي مِنَ الْحَقِّ، فَهَلْ عَلَى الْمَرْأَةِ غُسْلٌ إِذَا احْتَلَمَتْ فَقَالَ “ نَعَمْ إِذَا رَأَتِ الْمَاءَ ”.
ഉമ്മുസലമയില്‍ (റ) നിന്ന് നിവേദനം: ഉമ്മുസുലൈം(റ) അല്ലാഹുവിന്റെ റസൂലിന്റെ(സ്വ) അടുക്കല്‍ വന്ന് ചോദിച്ചു; അല്ലാഹുവിന്റെ റസൂലേ, അല്ലാഹു സത്യത്തിന്റെ കാര്യത്തിൽ ലജ്ജിക്കാത്തവനാണല്ലോ, സ്ത്രീക്ക് സ്വപ്നസ്ഖലനം സംഭവിച്ചാൽ അവൾ കുളിക്കേണ്ടതുണ്ടോ? നബി(സ്വ) പറഞ്ഞു:അതെ, അവൾ ഇന്ദ്രിയം കണ്ടാൽ (കുളിക്കണം). (ബുഖാരി:6121)
قَالَتْ عَائِشَةُ نِعْمَ النِّسَاءُ نِسَاءُ الْأَنْصَارِ لَمْ يَمْنَعْهُنَّ الْحَيَاءُ أَنْ يَتَفَقَّهْنَ فِي الدِّينِ
ആയിശ(റ) പറഞ്ഞു : അന്‍സ്വാരി സ്ത്രീകള്‍ എത്ര നല്ലവരാണ്, ദീന്‍ പഠിക്കുന്ന കാര്യത്തില്‍ ലജ്ജ അവരെ തടയുകയില്ല.(ബുഖാരി)
قَالَ مُجَاهِدٌ لَا يَتَعَلَّمُ الْعِلْمَ مُسْتَحْيٍ وَلَا مُسْتَكْبِرٌ
ഇമാം മുജാഹിദ്(റ) പറഞ്ഞു : ലജ്ജയുള്ളവനും കിബ്റ് ഉള്ളവനും ഇല്‍മ് അന്വേഷിക്കുകയില്ല.
2. നന്‍മ കല്‍പ്പിക്കുകയും തിന്‍മ തടയുകയും ചെയ്യുന്നതില്‍
عَنْ خُزَيْمَةَ بْنِ ثَابِتٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ” إِنَّ اللَّهَ لاَ يَسْتَحْيِي مِنَ الْحَقِّ ” . ثَلاَثَ مَرَّاتٍ لاَ تَأْتُوا النِّسَاءَ فِي أَدْبَارِهِنَّ ” .
ഹുസൈമത്ത ബ്നു സാബിതില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:അല്ലാഹു സത്യം പറയുന്നതില്‍ ലജ്ജിക്കുകയില്ല. ഇത് മൂന്ന് പ്രാവശ്യം അവിടുന്ന് പറഞ്ഞു. ശേഷം നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെ പിന്‍ഭാഗത്ത് കൂടി സമീപിക്കരുത് (പിന്‍ഭാഗത്ത് കൂടി ശാരീരിക ബന്ധത്തില്‍ ഏ൪പ്പെടരുത്). (ഇബ്നുമാജ :9/1999)
3. മനസ്സിലാക്കിയ സത്യം പറയുന്നതില്‍
وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ
…. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല ….. (ഖു൪ആന്‍:33/53)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَامَ خَطِيبًا فَكَانَ فِيمَا قَالَ : أَلاَ لاَ يَمْنَعَنَّ رَجُلاً هَيْبَةُ النَّاسِ أَنْ يَقُولَ بِحَقٍّ إِذَا عَلِمَهُ
അബൂസഈദില്‍ ഖുദ്’രിയ്യില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ജനങ്ങളോടുള്ള ഭയം താന്‍ അറിഞ്ഞ ഒരു സത്യം അവരോട് പറയുന്നതില്‍ നിന്ന് ഒരാളെയും തടയരുത്. (ഇബ്നുമാജ:4007)
4. ലജ്ജ തിന്‍മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍
ചിലയാളുകളെ അവരുടെ ലജ്ജ അവരോട് തിന്‍മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. ഉദാഹരണത്തിന്, സത്യവിശ്വാസിക്ക് വിവാഹം നിഷിദ്ധമായവരോടല്ലാതെ (മഹ്‌റം) ഇടകലരാവതല്ല. മഹ്‌റമല്ലാത്തവരോട് ഇടകലരുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങളില്‍, ഞാന്‍ അവരില്‍ നിന്നെല്ലാം മാറി നിന്നാല്‍ മറ്റുള്ളവ൪ എന്നെ കുറിച്ച് എന്ത് വിചാരിക്കും എന്ന് കരുതി, മഹ്‌റമല്ലാത്തവരോട് ഇടകലരുന്നവരുണ്ട്. അതേപോലെ താടി വള൪ത്താനും നെരിയാണിക്ക് മുകളില്‍ വസ്ക്രം ധരിക്കാനും ചില പുരുഷന്‍മാ൪ക്ക് ലജ്ജയാണ്. പുറത്തിറങ്ങുമ്പോള്‍ ഇസ്ലാമികവേഷം ധരിക്കാനും പല സ്ത്രീകള്‍ക്കും ലജ്ജയാണ്. ഇതേപോലെ നന്‍മകള്‍ ചെയ്യാതിരിക്കുന്നതിനും തിന്‍മകള്‍ ചെയ്യുന്നതിനും ഒരിക്കലും ലജ്ജ കാരണമാകരുത്.
മനുഷ്യന്റെ ലജ്ജ ഇല്ലാതാക്കാന്‍ പിശാച് പരിശ്രമിക്കും.
മനുഷ്യന്റെ ലജ്ജ ഇല്ലാതാക്കാന്‍ പിശാച് കഠിനമായി പരിശ്രമിക്കുന്നതാണ്. ആദ്യ മനുഷ്യരായ ആദമിനെയും(അ) ഹവ്വായെയും(റ) പ്രലോഭിപ്പിച്ച് പിശാച് വഞ്ചിക്കുന്നത് വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്. അവന്റെ വഞ്ചനയിലൂടെ അവ൪ ഇരുവരുടെ നഗ്നത പരസ്പരം വെളിപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
فَدَلَّىٰهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۖ وَنَادَىٰهُمَا رَبُّهُمَآ أَلَمْ أَنْهَكُمَا عَن تِلْكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيْطَٰنَ لَكُمَا عَدُوٌّ مُّبِينٌ
അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍(പിശാച്) തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ? (ഖു൪ആന്‍:7/22)
قَالَ : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ
അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി പിശാച് ഉണ്ടായിട്ടല്ലാതെ. (തിര്‍മുദി :1171)
വളര്‍ന്നുവരുന്ന കുട്ടികളിലും ലജ്ജാശീലം ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ അവരും തോന്നിയ പോലെ നടക്കുക സ്വാഭാവികമാണ്. ഉത്തമരായ ഒരു തലമുറയെ വാര്‍തെടുക്കുന്നതിനു ലജ്ജാശീലം അനിവാര്യമാണ്. അതിന് ഏറ്റവും പ്രധാനം മാതാപിതാക്കള്‍ ലജ്ജാശീലമുള്ളവരായിരിക്കുക എന്നുള്ളതാണ്. മാതാപിതാക്കളെ കണ്ടാണല്ലോ കുട്ടികള്‍ വളരുന്നത്.
kanzululoom.com