ഇന്ന് ലോകത്ത് ആശയവിനിമയ രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. അത് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഒരു 40 വർഷം മുമ്പ് വരെയൊക്കെ നമ്മുടെ നാടുകളിൽ ഒരു മരണം ബന്ധുക്കളെ അറിയിക്കണമെങ്കിൽ അവരുടെ വീടുകളിലേക്ക് വാഹനം അയക്കുകയായിരുന്നു പതിവ്. ഫോൺ സൗകര്യം വന്നതോടുകൂടി ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ മനുഷ്യർക്ക് എളുപ്പമായി. അതെ അല്ലാഹുവിന്റെ അനുഗ്രഹമാണ് ഫോണും മൊബൈൽ ഫോണുമെല്ലാം. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കൽ മനുഷ്യരുടെ ബാധ്യതയാണ്. അതിൽ പെട്ടതാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉപയോഗിക്കുമ്പോൾ അവന്റെ വിധിവിലക്കുകൾ പാലിക്കുക എന്നുള്ളത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വേളയിൽ പാലിക്കേണ്ട ചില ഇസ്ലാമിക മര്യാദകളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
സമയവും സാഹചര്യവും പരിഗണിക്കുക
ഒരാളെ ഫോണിൽ വിളിക്കുമ്പോൾ ആരെയാണോ വിളിക്കുന്നത് ആ ആളിന്റെ സമയവും സാഹചര്യവും പരിഗണിക്കണം. അയാൾ ഉറങ്ങുന്ന സമയമാണോ, ഡ്യൂട്ടി നിർവ്വഹിക്കുകന്ന സമയമാണോ പള്ളിയിലേക്ക് ജമാഅത്ത് നമസ്കാരത്തിന് പോകുന്ന സമയമാണോ തുടങ്ങിയവയെല്ലാം പരിഗണിക്കണം. അങ്ങനെ അയാളെ വിളിക്കുമ്പോൾ, ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെന്ന് അറിയിച്ചാൽ പിന്നെ സംസാരിക്കാൻ ശ്രമിക്കരുത്. അന്യവീടുകളില്‍ ചെല്ലുമ്പോഴുള്ള മര്യാദകളായി അല്ലാഹു പഠിപ്പിക്കുന്നത് കാണുക:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴿٢٧﴾ فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ ۖ هُوَ أَزْكَىٰ لَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ ﴿٢٨﴾
ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്). ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചുപോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു. (ഖുർആൻ:24/27-28)
പുറത്ത് നിന്ന് സലാം പറയുകയും, വിളിച്ചു ചോദിക്കുകയും ചെയ്തിട്ട് സമ്മതം ലഭിച്ചില്ലെങ്കില്‍ അകത്ത് കടക്കരുതെന്ന് ഈ ആയത്തിൽ പ്രത്യേകം വിരോധിക്കുകയും ചെയ്യുന്നു. ഫോൺ വിളിക്കുമ്പോൾ ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെന്ന് അറിയിച്ചാൽ പിന്നെ സംസാരിക്കാൻ ശ്രമിക്കരുതെന്നതിന് ഈ ആയത്തിൽ തെളിവുണ്ട്.
ആവർത്തിച്ചു വിളിക്കാതിരിക്കുക
നാം ഒരാളെ ഫോൺ വിളിക്കുമ്പോൾ അയാൾ കോൾ അറ്റൻഡ് ചെയ്തിട്ടില്ലെങ്കിൽ രണ്ടോ മൂന്നോ തവണ മാത്രം വിളിക്കുക. ബെൽ ഒരിക്കൽ കേട്ടില്ലെങ്കിൽ വീണ്ടും കേൾക്കാൻ രണ്ടോ മൂന്നോ തവണ വിളിക്കുന്നതുതന്നെ ധാരാളം. അതിലേറെ ആവർത്തിക്കുന്നത് വിളിക്കപ്പെട്ടയാളിന് ബുദ്ധിമുട്ടായേക്കാം. ചിലപ്പോൾ അയാൾ എന്തെങ്കിലും തിരക്കിലായിരിക്കും. അല്ലെങ്കിൽ കോൾ അറ്റൻഡ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലായിരിക്കും. missed call കണ്ടാൽ അയാൾ പിന്നീട് തിരിച്ച് വിളിക്കുമല്ലോ. ഒരു വീട്ടിൽ ചെന്ന് സലാം പറഞ്ഞാൽ തന്നെ അത് അനുവാദം ചോദിക്കലാണ്. പരമാവധി അനുവാദം ചോദിക്കൽ മൂന്ന് തവണ മാത്രമാണെന്നത് ഓർക്കുക.
عن أنس بن مالك: أنَّ رسولَ اللهِ ﷺ استَأذَنَ على سعدِ بنِ عُبادةَ، فقال: السلامُ عليكم ورحمةُ اللهِ، فقال سعدٌ: وعليكَ السلامُ ورحمةُ اللهِ، ولم يسمَعِ النَّبيَّ ﷺ حتى سلَّم ثلاثًا، وردَّ عليه سعدٌ ثلاثًا، ولم يسمَعْه فرجَعَ النَّبيُّ ﷺ واتَّبعَه سعدٌ، فقال: يا رسولَ اللهِ، بأبي أنتَ وأُمِّي، ما سلَّمْتَ تَسليمةً إلّا هي بأُذُني، ولقد ردَدْتُ عليكَ ولم أسمَعْكَ، أَحبَبْتُ أنْ أستَكثِرَ من سلامِكَ، ومنَ البَرَكةِ، ثُم أَدخَلَه البيتَ فقرَّبَ له زَبيبًا، فأكَلَ نبيُّ اللهِ ﷺ
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ സഅ്ദുബ്നു ഉബാദഃയുടെ (വീട്ടില്‍ ചെന്ന്) അനുവാദം ചോദിച്ചുകൊണ്ട് പറഞ്ഞു: അസ്സലാമു അലൈക്ക വ റഹ്മത്തുല്ലാഹ്. സഅ്ദു رضي الله عنه പറഞ്ഞു:വ അലൈക സ്സലാം വ റഹ്മതുല്ലാഹ്. അത് നബി ﷺ കേട്ടില്ല. അങ്ങനെ മൂന്ന് തവണ നബി ﷺ സലാം പറയുകയും സഅ്ദു رضي الله عنه മൂന്ന് തവണയും സലാം മടക്കുകയും ചെയ്തു. അത് കേൾക്കാത്തതുകൊണ്ട് നബി ﷺ മടങ്ങിപ്പോയി. അപ്പോള്‍, സഅ്ദു رضي الله عنه പിന്നാലെചെന്ന് ഇങ്ങിനെ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ എന്റെ മാതാപിതാക്കന്മാർ അങ്ങേക്ക് വേണ്ടി വീണ്ടെടുക്കപ്പെടട്ടെ, അങ്ങയുടെ സലാമുകളെല്ലാം ഞാൻ കേട്ടിട്ടുണ്ട്. ഞാനത് മടക്കിയിട്ടുമുണ്ട്, താങ്കളത് കേൾക്കാത്തതാണ്. (ഞാനത് പതുക്കെ മടക്കിയത്) അങ്ങയുട സലാമും, ‘ബര്‍ക്കത്തും’ അധികം ലഭിക്കുവാന്‍വേണ്ടി മാത്രമായിരുന്നു’. പിന്നീട് നബി ﷺ അദ്ദേഹത്തിന്റെ വീട്ടില്‍ പ്രവേശിക്കുകയും, ഭക്ഷണം കഴിക്കുകയും ഉണ്ടായി. (അഹ്മദ്)
സലാം പറയുക
عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ أَوْلَى النَّاسِ بِاللَّهِ مَنْ بَدَأَهُمْ بِالسَّلاَمِ
അബൂ ഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളിൽ അല്ലാഹുവോട് ഏറ്റവും അടുത്തവരും കടപ്പെട്ടവരും ജനങ്ങളോട് സലാം കൊണ്ട് തുടങ്ങുന്നവരാണ്. (അബൂദാവൂദ്:5197 – സ്വഹീഹ് അൽബാനി)
പരിചയമില്ലാത്തവരെ വിളിക്കുമ്പോൾ പരിചയപ്പെടുത്തുക
നമുക്ക് പരിചയമില്ലാത്തവരെ വിളിക്കുമ്പോൾ അല്ലെങ്കിൽ ലൈനിലുള്ളയാൾ വിളിച്ചയാളെ മനസ്സിലാക്കാൻ സാധ്യതയില്ലാത്തപ്പോൾ ഞാൻ ഇന്നയാളാണെന്ന് സ്വയം പരിചയപ്പെടുത്തുക.
عَنْ جَابِرٍ، قَالَ : أَتَيْتُ النَّبِيَّ صلى الله عليه وسلم فِي دَيْنٍ كَانَ عَلَى أَبِي فَدَقَقْتُ الْبَابَ فَقَالَ ” مَنْ ذَا ”. فَقُلْتُ أَنَا. فَقَالَ ” أَنَا أَنَا ”. كَأَنَّهُ كَرِهَهَا.
ജാബിർ رَضِيَ اللَّهُ عَنْهُ പറയുന്നു: എന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഒരു കടത്തിന്റെ വിഷയത്തില്‍ ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. ഞാന്‍ വാതില്‍ക്കല്‍ മുട്ടി. നബി ﷺ ചോദിച്ചു: ‘ആരാണത്?’ ഞാന്‍ ഉത്തരം പറഞ്ഞു: ‘ഞാനാണ്’. അപ്പോള്‍ നബി ﷺ ഇങ്ങിനെ പറഞ്ഞു:’ഞാന്‍ ഞാന്‍ തന്നെ. നബി ﷺ ഇത് പറഞ്ഞത് കുറച്ചു വെറുപ്പോടെയാണെന്നു തോന്നുന്നു. (ബുഖാരി:6250)
ആളെ അറിയുവാന്‍വേണ്ടി ‘ആരാണ്’ എന്ന് ചോദിക്കുമ്പോള്‍ ‘ഞാനാണ്’ എന്ന് ഉത്തരം പറയുക പലരുടെയും പതിവാണ്. ചോദ്യകര്‍ത്താവിന് ഈ ഉത്തരംകൊണ്ട് വിശേഷിച്ചൊരു ഫലവും ലഭിക്കുവാനില്ല. അതുകൊണ്ട്, ആളെ തിരിച്ചറിയുന്ന തരത്തില്‍, സ്വന്തം പേരോ, ചോദ്യകര്‍ത്താവിന് മനസ്സിലാകുന്ന തരത്തിലുള്ള മറ്റുവല്ല നാമങ്ങളോ പറയേണ്ടതുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
ആളുകൾക്കിടയിൽ വെച്ച് സംസാരിക്കുമ്പോൾ ശബ്ദം ഉയർത്താതിരിക്കുക
ചിലയാളുകൾ അവരുടെ പരിസരം പോലും ശ്രദ്ധിക്കാതെയും പരിഗണിക്കാതെയും ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നത് കാണാം. ഇത് പലപ്പോഴും അടുത്തുള്ളവർക്ക് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് മൊബൈലിൽ സംസാരിക്കുമ്പോൾ ലൈനിലുള്ളയാളിന് കേൾക്കാൻ തരത്തിൽ സംസാരത്തിൽ മിതത്വം പാലിക്കുക.
ﻭَٱﻗْﺼِﺪْ ﻓِﻰ ﻣَﺸْﻴِﻚَ ﻭَٱﻏْﻀُﺾْ ﻣِﻦ ﺻَﻮْﺗِﻚَ ۚ ﺇِﻥَّ ﺃَﻧﻜَﺮَ ٱﻷَْﺻْﻮَٰﺕِ ﻟَﺼَﻮْﺕُ ٱﻟْﺤَﻤِﻴﺮِ
നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ. (ഖു൪ആന്‍ :31/19)
സലാം പറഞ്ഞ് അവസാനിപ്പിക്കുക
പലരും സലാം കൊണ്ടാണ് ഫോൺ വിളി ആരംഭിക്കുന്നതെങ്കിലും അത് കൊണ്ട് അവസാനിപ്പിക്കാറില്ല. സലാം പറഞ്ഞ് കൊണ്ടാണ് സംസാരം അവസാനിപ്പിക്കേണ്ടത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا انْتَهَى أَحَدُكُمْ إِلَى الْمَجْلِسِ فَلْيُسَلِّمْ فَإِذَا أَرَادَ أَنْ يَقُومَ فَلْيُسَلِّمْ فَلَيْسَتِ الأُولَى بِأَحَقَّ مِنَ الآخِرَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരെങ്കിലും ഒരു സദസ്സിൽ ചെന്നെത്തിയാലും അവിടെ നിന്ന് എഴുന്നേൽക്കാൻ ഉദ്ദേശിക്കുമ്പോഴും സലാം പറയണം. ആദ്യത്തെ സലാം അവസാനത്തേതിനേക്കാൾ കൂടുതൽ കടമപ്പെട്ടതല്ല. (അബൂദാവൂദ്: 5208)
റെക്കോർഡ് ചെയ്തോ ലൗഡ് സ്പീക്കർ ഓണാക്കിയോ മറ്റുള്ളവരെ കേൾപ്പിക്കരുത്
ഒരാൾ മറ്റൊരാളെ ഫോണിലടെ സംസാരിക്കുമ്പോൾ അത് ആരോടാണോ സംസാരിക്കുന്നത് അയാൾ മാത്രമേ കേൾക്കുന്നുള്ളൂ എന്ന ധാരണയിലാണ് സംസാരിക്കുന്നത്.. സംസാരം കേൾക്കുന്നയാൾ, തന്റെ അടുത്തുള്ളവർ കൂടി കേൾക്കട്ടെയെന്ന് വിചാരിച്ച് ലൗഡ് സ്പീക്കർ ഓണാക്കി വെക്കുന്നത് കാണാം. ഇത് ശരിയല്ല.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : … مَنْ غَشَّ فَلَيْسَ مِنِّي
നബി ﷺ പറഞ്ഞു: ആരെങ്കിലും വഞ്ചന കാണിക്കുന്നുവെങ്കിൽ അവൻ നമ്മിൽ പെട്ടവനല്ല. (മുസ്‌ലിം: 102)
എന്നാൽ സംസാരിക്കുന്നയാളിൽ നിന്ന് ലൗഡ് സ്പീക്കർ ഓണാക്കി വെക്കുന്നതിനുള്ള അനുമതി വാങ്ങിച്ചാണെങ്കിൽ അത് കുഴപ്പമില്ല.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا حَدَّثَ الرَّجُلُ بِالْحَدِيثِ ثُمَّ الْتَفَتَ فَهِيَ أَمَانَةٌ
ജാബിര്‍ ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ ഒരു വാര്‍ത്ത പറയുകയും അനന്തരം (മറ്റാരും കേള്‍ക്കരുതെന്ന നിലക്ക്) തിരിഞ്ഞുനോക്കുകയും ചെയ്താല്‍ അത് അമാനത്താണ്. (പരസ്യം ചെയ്യുവാന്‍ പാടില്ലാത്തതാണ്).’ (തിര്‍മിദി:1959)
സ്ത്രീകളോട്
അന്യപുരുഷന്‍മാരുമായി സംസാരിക്കുമ്പോള്‍ സംസാരത്തില്‍ താഴ്മയും വിധേയത്വവും പ്രകടമാക്കരുത്. ജനങ്ങളില്‍ കപടവിശ്വാസികളും, സദാചാരമര്യാദകളില്‍ വേണ്ടത്ര ശ്രദ്ധയില്ലാത്തവരും ഉണ്ടായിരിക്കും. സ്ത്രീകള്‍ അന്യപുരുഷന്‍മാരോട് അനുനയത്തില്‍ സംസാരിച്ചാല്‍ മനസ്സില്‍ രോഗമുള്ളവ൪ക്ക് അവരോട് മോഹം തോന്നിയേക്കാം അഥവാ താൽപ്പര്യം ഉണ്ടായേക്കാം. സത്യവിശ്വാസികളായ സ്ത്രീകൾ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അന്യപുരുഷന്‍മാരുമായി സംസാരിക്കുമ്പോള്‍ നബി ﷺ യുടെ ഭാര്യമാര്‍ അനുവര്‍ത്തിക്കേണ്ടുന്ന ഒരു നയമായി അല്ലാഹു പറയുന്നു:
يَٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ ۚ إِنِ ٱتَّقَيْتُنَّ فَلَا تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِۦ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا
പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. (ഖുർആൻ:33/32)
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: അന്യപുരുഷന്മാരോട് ഒരു സ്ത്രീക്ക് സംസാരിക്കേണ്ടി വന്നാൽ, മൃദുലമായോ ചാഞ്ചാട്ടത്തോടെയോ സംസാരിക്കാതെ ഗാംഭീര്യത്തോടെ അഭിമുഖീകരിക്കട്ടെ. അത് അവളിൽ ആഗ്രഹം ജനിപ്പിക്കുന്നതിൽ നിന്നും അവനെ അകറ്റുന്നതാണ്. (مفتاح دار السعادة)
സ്ത്രീകള്‍ അന്യപുരുഷന്‍മാരുമായി സംസാരിക്കുന്നതു വളരെ താഴ്മയോടും മാര്‍ദ്ദവത്തോടും കൂടിയാകുമ്പോള്‍ അതിനു ഒരു പ്രത്യേക ആകര്‍ഷകത്വമുണ്ടാകുക സ്വാഭാവികമാണ്. ചില സ്ത്രീകളുടെ ശബ്ദംതന്നെ പ്രത്യേകം ആകര്‍ഷകമായെന്നുവരും. ശ്രോതാവ് ദുര്‍ബ്ബല ഹൃദയനോ, അശുദ്ധ ഹൃദയനോ ആണെങ്കില്‍ അവന്‍ ആ സംസാരം മൂലം അനാവശ്യമായ വിചാര വികാരങ്ങള്‍ക്ക് വിധേയനായേക്കുകയും ചെയ്യും. അശുഭകരമായ ഇത്തരം സംഗതികള്‍ക്കു ഇടയാക്കരുതെന്നാണ് ഈ കല്പനയുടെ ഉദ്ദേശ്യം. (അമാനി തഫ്സീ൪:33/32 ന്റെ വിശദീകരണം)
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിന്റെ പേരിലുള്ള ചതിക്കുഴികളെ സ്ത്രീകള്‍ കരുതിയിരിക്കണം. വിദ്യാ൪ത്ഥികളും അവിവാഹിതരും മാത്രമല്ല, വിവാഹി൪ വരെ ചാറ്റിംഗ് ചതിക്കുഴികളില്‍ വീഴുന്നു. എത്രയെത്ര ദാമ്പത്യബന്ധങ്ങളുടെ തകര്‍ച്ചക്കും പെണ്‍കുട്ടികളുടെ ചാരിത്രനഷ്ടത്തിനും മറ്റനേകം നാശനഷ്ടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഗുഡ്‌മോണിംഗ് മെസ്സേജുകളിലും ഹായ് മെസ്സേജുകളിലും തുടങ്ങി പിന്നെ സുഖവിവരങ്ങളിലുമായി ചാറ്റിംഗ് നടക്കുന്നു. അതവസാനം അവിഹിതങ്ങളായ കാര്യങ്ങളിലെത്തിക്കുന്നു. എത്രയോ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെയും മക്കളെയും വേണ്ടെന്നുവെച്ച് ചാറ്റിംഗ് വഴി പരിചയപ്പെട്ടവരുടെ കൂടെ ഇറങ്ങിപ്പോകുകയും ഒടുവില്‍ ആത്മഹത്യ ചെയ്യുകയോ മനോരോഗികളായി മാറുകയോ ചെയ്തിട്ടുണ്ട്. അന്യ സ്ത്രീപുരുഷൻമാർ വാട്സ് ആപ് പോലെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ അനാവശ്യമായി ചാറ്റ് ചെയ്യുന്നത് സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ലെന്ന് മനസ്സിലാക്കി അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
قال الشيخ ابن عثيمين رحمه الله: لا يجوز لأي إنسان أن يراسل امرأة أجنبية عنه ؛ لما في ذلك من فتنة ، وقد يظن المراسل أنه ليس هناك فتنة ، ولكن لا يزال به الشيطان حتى يغريه بها ويغريها به، ففي مراسلة الشبان للشابات فتنة عظيمة وخطر كبير ، ويجب الابتعاد عنها.
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:അന്യസ്ത്രീകൾക്ക് കത്തുപോലുള്ള മാർഗ്ഗങ്ങളിലൂടെ സന്ദേശം കൈമാറുക എന്നത് ഒരു വ്യക്തിക്കും അനുവദനീയമല്ല. കാരണം അതിൽ ഫിത്‌നയുണ്ട്. സന്ദേശം അയക്കുന്നവർ അതിൽ കുഴപ്പങ്ങളൊന്നും ഇല്ല എന്ന് കരുതിയേക്കാം. എന്നാൽ ശയ്‌ത്വാൻ ആണിനേയും പെണ്ണിനേയും ഇൗ പ്രവർത്തനം കൊണ്ട് നശിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നതാണ്. യുവാക്കൾ യുവതികൾക്ക് (പരസ്പരം) ഇത്തരം മാർഗങ്ങളിലൂടെ സന്ദേശം കൈമാറുന്നതിൽ വലിയ ഫിത്‌നയും, അപകടവുമാണുള്ളത്. അത്തരം കാര്യങ്ങളിൽ നിന്ന് മാറി നിൽക്കൽ നിർബന്ധമാണ്. ( فتاوى المرأة المسلمة ٥٧٨/٢)
ഖുർആനിന്റെ ആപ്പ് ഉള്ള മൊബൈൽ ഫോൺ പോക്കറ്റിലിട്ട് ടോയ്‌ലെറ്റിൽ പോകാൻ പാടുണ്ടോ?
ശൈഖ് സുലൈമാൻ റുഹൈലി رحمه الله പറയുന്നു: മൊബൈലിൽ അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ടാകും. എന്നാൽ,അത് മുസ്ഹഫ് അല്ല. ആ മൊബൈലുമായി ഒരാൾക്ക് ഏത് സ്ഥലത്തേക്കും പോകാം. അതിനുള്ളിലുള്ളത് അടച്ച് വെക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് പ്രശ്നമൊന്നുമില്ല. (https://youtu.be/8AgKSZwxGf4)
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ رحمه الله പറയുന്നു: ക്വുർആനിന്റെ ആപ്പ് ഉള്ള മൊബൈലുമായി ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതിന് പ്രശ്നമൊന്നുമില്ല. അത് മുസ്ഹഫ് അല്ല. (https://youtu.be/F15jXfUFTOI)
ഒരാൾ നമുക്ക് മെസേജ് അയച്ചതിന് ശേഷം അത് ഡിലീറ്റ് ചെയ്താൽ, അവ തിരിച്ചെടുക്കാൻ സഹായിക്കുന്ന ആപ്പുകളും സംവിധാനങ്ങളും നിലവിലുണ്ട്. അവ ഉപയോഗിക്കുന്നതിന്റെ വിധിയെന്താണ്?
ശൈഖ് സുലൈമാൻ റുഹൈലി رحمه الله പറയുന്നു: പറയുന്നു: ആ പണി ഒഴിവാക്കുകയാണ് വേണ്ടത്. ഒരാൾ നിങ്ങൾക്ക് ഒരു മെസേജ് അയക്കുകയും, എന്നാൽ പിന്നീട്, ‘നിങ്ങൾ അത് കാണണ്ട’ എന്ന് കരുതി ഡിലീറ്റ് ചെയ്യുകയും ചെയ്താൽ, നിങ്ങൾ വീണ്ടും അത് ചികഞ്ഞന്വേഷിക്കാൻ പോകരുത്. അത് വീണ്ടും അയക്കാൻ അയാളോട് ആവശ്യപ്പെടേണ്ട കാര്യവുമില്ല. എന്തെങ്കിലും ഒരാവശ്യമുള്ള സമയത്ത് അവർ നിങ്ങൾക്ക് മെസ്സേജ് അയക്കുകയും, ആവശ്യം നടന്നുകഴിഞ്ഞപ്പോൾ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തതായിരിക്കാം. അതല്ലെങ്കിൽ, ദേഷ്യം വരുന്ന എന്തെങ്കിലും കാര്യം സംഭവിച്ചപ്പോൾ വല്ലതും എഴുതി അയച്ചതാകാം. പിന്നീട്, ദേഷ്യം മാറിയപ്പോൾ ആ മെസ്സേജ് ഡിലീറ്റ് ചെയ്തതായിരിക്കാം. ഏതായിരുന്നാലും, ഒരാൾ ഡിലീറ്റ് ചെയ്ത മെസ്സേജുകളെ പറ്റി ചികഞ്ഞന്വേഷിക്കുന്നത്, അനാവശ്യചോദ്യങ്ങൾ ചോദിക്കുന്ന ഗണത്തിലാണ് പെടുക.അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَسْـَٔلُوا۟ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ
സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും. (ഖുർആൻ:5/101)
ഡിലീറ്റ് ചെയ്ത മെസേജുകൾ വീണ്ടും തിരിച്ചെടുക്കുകയും അത് നോക്കുകയും വായിക്കുകയും ചെയ്യുന്നതൊക്കെ ഈ ഗണത്തിലാണ് പെടുക. കാരണം, ഡിലീറ്റ് ചെയ്യപ്പെട്ട മെസ്സേജുകൾ വായിക്കുന്നത് പൊതുവേ ഒരാളെ പ്രയാസപ്പെടുത്താനാണല്ലോ സാധ്യത. മാത്രമല്ല, അയച്ച മെസേജ് ഡിലീറ്റ് ചെയ്യുക എന്നത് മെസേജ് അയച്ചവന്റെ അവകാശമാണ്. ആ അവകാശത്തെ നമ്മൾ ഹനിക്കരുത്. അതിനാൽ, ഒരാൾ ഡിലീറ്റ് ചെയ്ത മെസേജുകൾ വീണ്ടും അയക്കാൻ അയാളെ നിർബന്ധിക്കാതിരിക്കുക എന്നതാണ് യുക്തി. ചില ഭാര്യമാർ ഭർത്താക്കന്മാർക്ക് മെസേജ് അയക്കുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്യും. എന്താണ് ഡിലീറ്റാക്കിയത് എന്ന് അറിയിക്കാൻ ഭർത്താവ് ഭാര്യയെ നിർബന്ധിക്കുന്നതും കാണാം. ഈ പ്രവണത എന്തെങ്കിലും പ്രശ്നങ്ങളിലേക്കോ പ്രയാസങ്ങളിലേക്കോ ഒക്കെ നയിച്ചേക്കും. ചുരുക്കത്തിൽ, ഒരാൾ കളഞ്ഞ മെസ്സേജുകൾ ഒഴിവാക്കുന്നതാണ് യുക്തി. അതിന്റെ പിന്നിൽ വരാൻ പോകുന്ന ഉപദ്രവങ്ങൾ നമുക്കറിയുകയില്ലല്ലോ. (https://youtu.be/gK6K_4qYc70)
kanzululoom.com