നബിദിനം ആഘോഷിക്കുമ്പോൾ സംഭവിക്കുന്നത്

നബിദിനാഘോഷം ഇസ്ലാമികമല്ല. കാരണം നബിﷺയോ സ്വഹാബത്തോ അത് പഠിപ്പിച്ചിട്ടില്ല. ഇതുസംബന്ധിച്ച് സലഫുകളിൽ നിന്നും യാതൊന്നും ഉദ്ദരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, നബിദിനം ആഘോഷിക്കുന്ന, അതിന് വേണ്ടി വാദിക്കുന്ന ആളുകൾ പോലും പറയുന്നത് സ്വഹാബികളും താബിഉകളും തബഉത്താബിഉകളും ഉൾപ്പെടുന്ന ആദ്യ മൂന്ന് നൂറ്റാണ്ടിൽ ജിവിച്ചിരുന്നവര്‍ നബിദിനം ആഘോഷിച്ചിട്ടില്ലെന്നാണ്. അതുകൊണ്ടുതന്നെ ഈ പുത്തൻ ആചാരത്തിൽ നിന്ന് പൂര്‍ണ്ണമായും വിട്ടുനിൽക്കലാണ് വേണ്ടത്. ഇനി അത് അനുവദനീയമാണെന്ന് പറഞ്ഞ് നബിദിനാഘോഷത്തിന്റെ പിന്നാലെ പോയാലോ പല തിന്‍മകളിലും ചെന്ന് പതിക്കും. അതിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഒന്നാമതായി, അല്ലാഹു ശ്രേഷ്ടത നൽകാത്തതിന് ശ്രേഷ്ടത കൽപ്പിക്കുന്നു. നബിദിനാേഘോഷക്കാര്‍ റബീഉൽ അവ്വൽ മാസത്തിന് പ്രത്യേക ശ്രേഷ്ടത കൽപ്പിച്ചു. ‘പുണ്യ റബീഅ്’ എന്നാണല്ലോ അവര്‍ ഈ മാസത്തെ വിശേഷിപ്പിക്കുന്നത്. ചില മാസങ്ങള്‍ക്ക് മറ്റ് മാസങ്ങളേക്കാള്‍ അല്ലാഹുവും അവന്റെ റസൂൽ ﷺ യും ശ്രേഷ്ടതയും പ്രത്യേകതയും നല്‍കിയിട്ടുണ്ട് എന്നത് ശരിയാണ്.

إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്‌) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌. ……. (ഖു൪ആന്‍ : 9/36)

ഈ ആയത്തില്‍ നിന്ന് നാല് മാസങ്ങള്‍ പവിത്രമാണെന്ന് മനസ്സിലാക്കാം. ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണ് പവിത്ര മാസങ്ങളായ നാല് മാസങ്ങള്‍.

عَنْ أَبِي بَكْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ الزَّمَانَ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا، أَرْبَعَةٌ حُرُمٌ، ثَلاَثٌ مُتَوَالِيَاتٌ، ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ ‏

അബൂബക്റ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: നബി ﷺ പറയുന്നു:നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ മാതിരി തിരിഞ്ഞുവന്നിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, (അതായത്) ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബാണ് (നാലാമത്തേത്) (ബുഖാരി:4662)

എന്നാൽ റബീഉൽ അവ്വൽ മാസത്തിന് പ്രത്യേക ശ്രേഷ്ടതയുള്ളതായി അല്ലാഹുവോ അവന്റെ റസൂൽ ﷺ യോ പഠിപ്പിച്ചിട്ടില്ല. റബീഉൽ അവ്വൽ മാസത്തിന് ശ്രേഷ്ഠതയുള്ളതായി പറയുന്ന വല്ല ഹദീഥുമുണ്ടോ? എന്ന ചോദ്യത്തിന് ശൈഖ് അബ്ദുറഹ്‌മാൻ ബിൻ നാസ്വിർ അൽ ബർറാക് حَفِظَهُ اللَّهُ പറയുന്നു: ഇല്ല, ഒരിക്കലുമില്ല. നമ്മുടെ അറിവിൽ അങ്ങനെ ഒന്നുമില്ല. പവിത്രമാക്കപ്പെട്ട മാസങ്ങളും ഹജ്ജിന്റെ മാസങ്ങളും റമദ്വാനുമാണ്, അങ്ങനെയുള്ള മാസങ്ങൾ. റബീഉൽ അവ്വലിലോ റബീഉൽ ആഖിറിലോ ജുമാദൽ ഊലയിലോ ജുമാദൽ ഉഖ്റയിലോ പ്രത്യേകമായ ഇബാദത്തുകൾ ഒന്നുമില്ല. ബിദ്അത്തുകൾ നടക്കുന്ന സമയമാണ് റബീഉൽ അവ്വൽ. ബിദ്അത്തായ മൗലിദാഘോഷമുള്ളത് ആ മാസത്തിലാണ്. (https://sh-albarrak.com/article/8444)

രണ്ടാമതായി, പ്രത്യേകം പവിത്രത കല്‍പ്പിച്ചിട്ടില്ലാത്ത റബീഉല്‍ അവ്വലിനെ പുണ്യമാസമായി അവതരിക്കുമ്പോൾ ചെയ്യുമ്പോള്‍ നസീഅ് ന് തുല്ല്യമായ ആചാരത്തിലേക്കാണ് ആളുകൾ അകപ്പെടുന്നത്.

ﺇِﻧَّﻤَﺎ ٱﻟﻨَّﺴِﻰٓءُ ﺯِﻳَﺎﺩَﺓٌ ﻓِﻰ ٱﻟْﻜُﻔْﺮِ ۖ ﻳُﻀَﻞُّ ﺑِﻪِ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻳُﺤِﻠُّﻮﻧَﻪُۥ ﻋَﺎﻣًﺎ ﻭَﻳُﺤَﺮِّﻣُﻮﻧَﻪُۥ ﻋَﺎﻣًﺎ ﻟِّﻴُﻮَاﻃِـُٔﻮا۟ ﻋِﺪَّﺓَ ﻣَﺎ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﻓَﻴُﺤِﻠُّﻮا۟ ﻣَﺎ ﺣَﺮَّﻡَ ٱﻟﻠَّﻪُ ۚ ﺯُﻳِّﻦَ ﻟَﻬُﻢْ ﺳُﻮٓءُ ﺃَﻋْﻤَٰﻠِﻬِﻢْ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟْﻜَٰﻔِﺮِﻳﻦَ

നസീഅ് (വിലക്കപ്പെട്ടമാസം പുറകോട്ട് മാറ്റുക എന്നത്) സത്യനിഷേധത്തിന്റെ വര്‍ദ്ധനവ് തന്നെയാകുന്നു. സത്യനിഷേധികള്‍ അത് മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത് അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കാനാണത്. അങ്ങനെ, അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുന്നു. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(ഖു൪ആന്‍ :9/37)

ഇബ്‌റാഹീം നബി عليه السلام യുടെ  കാലം മുതല്‍ക്ക് തന്നെ കൊല്ലത്തില്‍ മുഹറം, റജബ് , ദുല്‍ഖഅദ്, ദുല്‍ഹജ്ജ് എന്നീ നാല് മാസങ്ങള്‍ യുദ്ധം പാടില്ലാത്ത പവിത്രമാസങ്ങളായി ആചരിക്കപ്പെട്ടുവന്നിരുന്നു. എന്നാല്‍ യുദ്ധപ്രിയന്‍മാരായ മുശ്‌രിക്കുകള്‍ക്ക് ചിലപ്പോള്‍ ഈ നിയമം പാലിക്കുന്നത്‌ അവരുടെ യുദ്ധതാല്‍പര്യങ്ങള്‍ക്ക്‌ യോജിക്കാതെ വരും. അപ്പോള്‍ ഇതില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ വേണ്ടി ഒരു മാസത്തിന്റെ പവിത്രത മറ്റൊരു മാസത്തിലേക്ക്‌ നീട്ടിവെച്ചുകൊണ്ട്‌ ആ മാസത്തില്‍ അവര്‍ യുദ്ധം നടത്തുകയും, മറ്റേ മാസം പവിത്രമാസമായി ആചരിക്കുകയും ചെയ്യും. അങ്ങനെ നിശ്ചിത മാസങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാണെങ്കിലും കൊല്ലത്തില്‍ നാലു മാസം പവിത്രമാസങ്ങളായി ഒപ്പിക്കുകയും ചെയ്യും. ഇങ്ങിനെ, ഒരു മാസത്തിന്റെ പവിത്രത മറ്റൊരു മാസത്തിലേക്ക്‌ മാറ്റിവെക്കുന്നതിനാണ്‌ النَّسِيء (നസീഅ്) എന്നു പറയുന്നത്‌. ഇവിടെ പവിത്ര മാസമായ മുഹറം മാസത്തെ നഹ്സായി പഠിപ്പിക്കുകയും എന്നാല്‍ പ്രത്യേകം പവിത്രത കല്‍പ്പിച്ചിട്ടില്ലാത്ത റബീഉല്‍ അവ്വലിനെ പുണ്യമാസമായി പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് നസീഅ് ന്  തുല്ല്യമായ ആചാരമാകുന്നു.

മൂന്നാമതായി, റബീഉൽ അവ്വൽ മാസത്തിൽ പ്രത്യേകം ഇബാദത്തുകൾ അനുഷ്ടിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. റമളാൻ, ദുൽഹിജ്ജ മാസങ്ങളിലൊക്കെ പ്രത്യേകം ഇബാദത്തുകൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.  നബി ﷺ  യുടെ ജന്‍മദിനത്തോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ മാസത്തിൽ പ്രത്യേകം പുണ്യം കല്‍പ്പിച്ച്  ചെയ്യുന്ന ഇബാദത്തുകൾ ബിദ്അത്താണ്. അതിന് പ്രതിഫലമല്ല, ശിക്ഷയാണ് ലഭിക്കുക. നബി ﷺ  യോ സ്വഹാബത്തോ സലഫുകളോ ഈ മാസത്തിൽ മറ്റു മാസങ്ങളിലില്ലാത്ത പ്രത്യേകമായ എന്തെങ്കിലുമൊന്ന് ചെയ്തതായോ ആഘോഷിച്ചതായോ സ്ഥിരപ്പെട്ടിട്ടില്ല. അല്ലാഹുവും റസൂൽ ﷺ യും പഠിപ്പിച്ചേടത്ത് നില്‍ക്കുകയാണ് ഇബാദത്തുകളുടെ കാര്യങ്ങളില്‍ ഒരു സത്യവിശ്വാസി ചേയ്യേണ്ടത്. തെളിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ ഒന്നും ചെയ്യാന്‍ പാടില്ല. തെളിവില്ലാത്തത് ബിദ്അത്താണ്. നബി ﷺ പറഞ്ഞു:

قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

ഇമാം മുഹമ്മദ് അബ്ദുസ്സലാം ഖളിര്‍ അശ്ശുകൈരി رحمه الله തന്റെ ‘അസ്സുനനു വല്‍മുബ്തദആത്ത്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”ഈ മാസം (റബീഉല്‍ അവ്വല്‍) ഒരു നമസ്‌കാരംകൊണ്ടോ, ദിക്ര്‍കൊണ്ടോ, ആരാധനകൊണ്ടോ, ദാനധര്‍മങ്ങളെകൊണ്ടോ പ്രത്യേകമാക്കപ്പെട്ടിട്ടില്ല. പ്രവാചകന്‍ ﷺ നമുക്ക് നിര്‍ണയിച്ചുതന്ന ജുമുഅ ദിവസങ്ങളോ, പെരുന്നാള്‍ ദിവസങ്ങളോ പോലെ ഇസ്‌ലാമിലെ ഒരു ആഘോഷവേളയുമല്ല ഈ മാസം. അദ്ദേഹം (പ്രവാചകന്‍) ഈ മാസത്തിലാണ് ജനിച്ചത്, ഈ മാസത്തില്‍ തന്നെയാണ് മരണമടഞ്ഞതും. പിന്നെ എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തിന്റെ ജനനത്തില്‍ സന്തോഷിക്കുകയും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖിക്കാതിരിക്കുകയും ചെയ്യുന്നത്?”.

നാലാമതായി, റബീഉൽ അവ്വൽ 12 നാണ് നബിﷺ ജനിച്ചതെന്ന് സ്ഥിരപ്പെടുത്തേണ്ടി വരുന്നു. നബിﷺയുടെ ജനനതിയ്യതി കൃത്യമായി നിർണയിക്കുന്ന തെളിവുകളൊന്നും നബിﷺയിൽ നിന്ന് വന്നിട്ടില്ല. എന്നാൽ, ആഴ്ചയിലെ ഏത് ദിവസമാണ് നബിﷺ ജനിച്ചത് എന്ന് നമുക്കറിയാം. കാരണം, നബിﷺ ജനിച്ചത് തിങ്കളാഴ്ചയാണെന്നും ആ ദിവസം നോമ്പെടുക്കൽ സുന്നത്താണെന്നും അവിടുന്ന് ﷺ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ, മാസത്തിലെ ഏത് ദിവസമാണ് നബിﷺ ജനിച്ചതെന്ന് അവിടുന്ന് അറിയിച്ച് തന്നിട്ടില്ല. ഏതെങ്കിലും ഒരു പ്രത്യേക തിയ്യതിയിലാണ് നബിﷺ ജനിച്ചതെന്ന് ആരെങ്കിലും വാദിക്കുന്നുണ്ടെങ്കിൽ, അതിന് ഒരു തെളിവുമില്ല. നബിﷺ എന്നാണ് ജനിച്ചതെന്ന കാര്യത്തിൽ, പണ്ഡിതന്മാർക്കിടയിൽ ഏഴോ എട്ടോ അഭിപ്രായങ്ങളുണ്ട്. ചിലര്‍ റബീഉൽ അവ്വൽ 12 നാണ് അവിടുന്ന്ﷺ ജനിച്ചതെന്ന് പറയുന്നുണ്ടെങ്കിലും, അങ്ങനെ ഉറപ്പിച്ച് പറയാൻ തെളിവൊന്നുമില്ല.

അഞ്ചാമതായി, റബീഉൽ അവ്വൽ 12 രണ്ട് പെരുന്നാൾ പോലെയുള്ള ഒരു ആഘോഷ ദിവസമായി ആളുകൾ തെറ്റിദ്ധരിക്കുന്നു. ഇസ്ലാമില്‍ രണ്ടേരണ്ട് ആഘോഷങ്ങള്‍ മാത്രമാണുള്ളത്.

(1)ഈദുല്‍ ഫിത്വ്൪ (ചെറിയ പെരുന്നാള്‍) : റമദാനിലെ വ്രതാനന്തരം ശവ്വാല്‍ ഒന്നിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.
(2)ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍) : ഇബ്രാഹീം നബിയുടേയും(അ) മകന്‍ ഇസ്മാഈല്‍ നബിയുടേയും(അ) ത്യഗസ്മരണയില്‍ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

عَنْ أَنَسٍ، قَالَ قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا فَقَالَ ‏”‏ مَا هَذَانِ الْيَوْمَانِ ‏”‏ ‏.‏ قَالُوا كُنَّا نَلْعَبُ فِيهِمَا فِي الْجَاهِلِيَّةِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا يَوْمَ الأَضْحَى وَيَوْمَ الْفِطْرِ ‏”‏ ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ (മദീനയിലേക്ക്) വരുമ്പോള്‍ മദീനക്കാര്‍ക്ക് ജാഹിലിയ്യ കാലഘട്ടത്തില്‍ നിലനിന്നിരുന്ന രണ്ട് ആഘോഷ ദിവസങ്ങള്‍ ഉണ്ടായിരുന്നു. നബി ﷺ പറഞ്ഞു: “ഞാനിതാ നിങ്ങളിലേക്ക് വന്നപ്പോള്‍ ജാഹിലിയ്യത്തില്‍ നിങ്ങള്‍ ആഘോഷിച്ചിരുന്ന രണ്ട് ആഘോഷ ദിവസങ്ങള്‍ നിങ്ങള്‍ക്കുള്ളതായി (കാണുന്നു). അല്ലാഹു അവ രണ്ടിനെക്കാളും നല്ല രണ്ട് (പെരുന്നാളുകള്‍) നിങ്ങള്‍ക്ക് പകരമായി നല്‍കിയിരിക്കുന്നു. ഈദുല്‍ അള്ഹയും ഈദുല്‍ ഫിത്വറും.” (അബൂദാവൂദ് : 1134)

പെരുന്നാൾ ദിവസം രാവിലെ മുസ്ലിംകൾ കുളിച്ച്, നല്ല വസ്ത്രം ധരിച്ച്, സുഗന്ധം പൂശി, തക്ബീര്‍ ചൊല്ലിക്കൊണ്ട് പ്രത്യേകം ഇബാദത്തിനായി തയ്യാറാകുന്നു. നബിദിനത്തിനും അതേപോലെ തന്നെയാണ്. സുബ്ഹ് കഴിയുന്നതോടെ ആളുകൾ ഒത്തുകൂടി മൗലീദ് പാരായണവും സ്വലാത്തും നിര്‍വ്വഹിക്കുന്നു. പെരുന്നാൾ ദിവസം പ്രത്യേകം നിര്‍വ്വഹിക്കുന്ന ഇബാദത്തുകൾക്ക് പ്രതിഫല‍മാണ് ലഭിക്കുന്നതെങ്കിൽ നബിദിനത്തിന്റെ പേരിൽ പ്രത്യേകം നിര്‍വ്വഹിക്കുന്ന ഇബാദത്തുകൾക്ക് ശിക്ഷയാണ് ലഭിക്കുക.

ആറാമതായി, നബിﷺ മരിച്ച ദിവസം ആഘോഷിക്കുന്ന അവസ്ഥ സംജാതമാകുന്നു. റബീഉൽ അവ്വൽ 12 നബിﷺ മരിച്ച ദിവസമാണെന്ന കാര്യത്തിൽ ഹദീഥ് പണ്ഡിതന്മാരുടെയും ചരിത്ര പണ്ഡിതമാരുടെയും ഇജ്മാഅ് (ഏകാഭിപ്രായം)ഉണ്ട്. അപ്പോൾ സത്യത്തിൽ, നബിﷺ മരിച്ച ദിവസമാണ് നമ്മൾ ആഘോഷിക്കുന്നത്. അല്ലാഹുവിൽ അഭയം.

ഏഴാമതായി, നബിﷺയെ സ്നേഹിക്കാൻ ഒരു പ്രത്യേക ദിവസം നിശ്ചയിക്കേണ്ടി വരുന്നു. നബിﷺയെ കൊണ്ട് സന്തോഷിക്കാനും നബിﷺയെ പറ്റി സംസാരിക്കാനുമൊക്കെ ഒരു പ്രത്യേക ദിവസമോ മാസമോ നിശ്ചയിക്കേണ്ടതില്ല. അത് എല്ലാ ദിവസവും നടക്കേണ്ടതാണ്.

എട്ടാമതായി, പ്രവാചക സ്റ്റേഹമെന്നാൽ നബിദിനം ആഘോഷിക്കലാണെന്ന് സമൂഹം തെറ്റിദ്ധരിക്കപ്പെടുന്നു. നമ്മെ സംബന്ധിച്ചിടത്തോളം നബിﷺയെ സ്‌നേഹിക്കുക എന്നതിന്റെ പ്രധാന ഉദ്ദേശ്യം തിരുസുന്നത്തിനെ സ്‌നേഹിക്കലാണ്. അഥവാ അത് നമ്മുടെ ജീവിതത്തില്‍ പകര്‍ത്തലാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم :مَنْ أَحَبَّ سُنَّتِي فَقَدْ أَحَبَّنِي وَمَنْ أَحَبَّنِي كَانَ مَعِي فِي الْجَنَّة

നബിﷺ പറഞ്ഞു: ആരെങ്കിലും എന്റെ സുന്നത്ത് പിൻപറ്റിയാൽ അവൻ എന്നെ ഇഷ്ടപ്പെട്ടു, ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാൽ അവൻ എന്റെ കൂടെ സ്വർഗത്തിലായിരിക്കും. (തിർമിദി)

നബിﷺയുടെ വാക്കുകളെ മറ്റുള്ളവരുടെ വാക്കുകളേക്കാള്‍ പ്രാധാന്യപൂ൪വ്വം പരിഗണിക്കുകയും ജീവിതത്തില്‍ പക൪ത്തുകയും നബിചര്യയെ മഹത്വപ്പെടുത്തുകയും ചെയ്യണം. നബിﷺയോടുള്ള നമ്മുടെ സ്‌നേഹം പൂര്‍ണ്ണമാകുന്നത് നബിﷺയുടെ സ്വഭാവവും സംസ്‌കാരവും ചര്യയും നാം പരിപൂ൪ണ്ണമായി സ്വീകരിക്കുമ്പോഴാണ്. അപ്പോള്‍ മാത്രമേ ഒരാള്‍ക്ക് യഥാ൪ത്ഥ വിശ്വാസിയാകാന്‍ കഴിയുകയുള്ളൂ.

ﻓَﻼَ ﻭَﺭَﺑِّﻚَ ﻻَ ﻳُﺆْﻣِﻨُﻮﻥَ ﺣَﺘَّﻰٰ ﻳُﺤَﻜِّﻤُﻮﻙَ ﻓِﻴﻤَﺎ ﺷَﺠَﺮَ ﺑَﻴْﻨَﻬُﻢْ ﺛُﻢَّ ﻻَ ﻳَﺠِﺪُﻭا۟ ﻓِﻰٓ ﺃَﻧﻔُﺴِﻬِﻢْ ﺣَﺮَﺟًﺎ ﻣِّﻤَّﺎ ﻗَﻀَﻴْﺖَ ﻭَﻳُﺴَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

ഇല്ല, നിന്റെ രക്ഷിതാവിനെതന്നെയാണെ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പ്പിച്ചതിനെകുറിച്ച് (അല്ലെങ്കില്‍ നീ പറഞ്ഞിട്ടുള്ളതിനെകുറിച്ച്) പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.(ഖു൪ആന്‍ : 4/65)

നബി ﷺ യുടെ ചരിത്രവും ഗുണങ്ങളും എടുത്തുപറയുന്നതും അവിടുത്തെ പുകഴ്ത്തി പറയുന്നതും പ്രവാചക സ്നേഹത്തില്‍ പെട്ടതാണ്. പറയുന്ന കാര്യങ്ങളും സത്യസന്ധവും ഇസ്ലാമിക ആദ൪ശത്തിനകത്ത് നില്‍ക്കുന്നതായിരിക്കണം. കാരണം അതിരു വിടുന്നത് നബി ﷺ താക്കീത് ചെയ്തിട്ടുണ്ട്.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ക്രൈസ്തവ൪ മറിയമിന്റെ മകനെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. തീ൪ച്ചയായും ഞാന്‍ (അല്ലാഹുവിന്റെ) അടിമയാണ്. നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ റസൂലും അവന്റെ അടിമയുമെന്ന്. (ബുഖാരി:3445)

നബി ﷺ പഠിപ്പിച്ചിച്ചുള്ള സന്ദേശങ്ങള്‍ നാം പൂ൪ണ്ണമായും ജീവിതത്തില്‍ പക൪ത്തുന്നതോടൊപ്പം അവിടുന്ന് വിരോധിച്ചിട്ടുള്ള കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതും പ്രവാചക സ്നേഹത്തില്‍ പെട്ടതാണ്. അത് മറ്റുള്ളവ൪ക്ക് എത്തിച്ച് കൊടുക്കാന്‍ പരിശ്രമിക്കുന്നതും പ്രവാചകനോടുള്ള സ്നേഹത്തിന്റെ ഭാഗമാണ്.

അതേപോലെ നബി ﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ നബിസ്നേഹത്തില്‍ പെട്ടതാണ്.അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച് നബിﷺയെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു. ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രാ൪ത്ഥിക്കുകയാണ് സ്വലാത്ത് ചൊല്ലുന്നതിലൂടെ സത്യവിശ്വാസികള്‍ ചെയ്യുന്നത്. അതെ, നബി ﷺയെ സ്നേഹിക്കുന്നവ൪ക്ക് മാത്രമേ നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ കഴിയുകയുള്ളൂ.

ഒമ്പതാമതായി, ജൂത-ക്രൈസ്തവ വിഭാഗങ്ങളോട് സാദൃശ്യമുണ്ടാകുന്നു. പ്രവാചകന്മാരുടെ ജന്മദിനത്തെ ഉത്സവവേളയാക്കുക എന്നത് ജൂത-ക്രൈസ്തവ വിഭാഗങ്ങളുടെ പതിവാണ്. അതിനോട് സാദൃശ്യം പുലർത്തിയാണ്  നബിദിനം ആഘോഷിക്കുന്നത്. അവർ തന്നെ എഴുതുന്നു: “ചില മതങ്ങൾ മതസ്ഥാപകരുടെയും മറ്റും ജന്മദിനം ആഘോഷിച്ചു വരുന്നു. ബുദ്ധമത വിശ്വാസികൾ ബുദ്ധന്റെ ജന്മ ദിനം ഒരു പ്രധാന ആഘോഷമായി കാണുന്നു. ക്രിസ്തുവിന്റെ ജന്മദിനം ക്രിസ്തുമസ്സും ലോകം മുഴുവൻ കൊണ്ടാടപ്പെടുന്നു. ഗുരുനാനാക്ക് ജനിച്ച ദിവസം സിഖുക്കാരും ആഘോഷിക്കുന്നു. മുസ്‌ലിംകൾ പ്രവാചകൻ(സ)യുടെ ജന്മദിനം ലോകമെങ്ങും സമുചിതമായി ആഘോഷിക്കുന്നു’’ (സന്തുഷ്ട കുടുംബം മാസിക/2014 ജനുവരി/പേജ് 41)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ

അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാല്‍ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാല്‍ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു : അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا لاَ تَشَبَّهُوا بِالْيَهُودِ وَلاَ بِالنَّصَارَى فَإِنَّ تَسْلِيمَ الْيَهُودِ الإِشَارَةُ بِالأَصَابِعِ وَتَسْلِيمَ النَّصَارَى الإِشَارَةُ بِالأَكُفِّ

അംറിബ്നു ഷുഐബ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്നും നിവേദനം : നബി ﷺ പറഞ്ഞു: നമ്മെ അല്ലാത്തവരെ അനുകരിച്ചവൻ നമ്മിൽ പെട്ടവനല്ല! ജൂതന്മാരെയും കൃസ്ത്യാനികളെയും നിങ്ങൾ അനുകരിക്കരുത്. എന്തെന്നാൽ, ജൂതന്മാരുടെ അഭിവാദനം വിരലുകൾ (ഇളക്കി) കൊണ്ട് ആംഗ്യം കാണിക്കലാണ്.കൃസ്ത്യാനികളുടെ അഭിവാദനമാവട്ടെ കൈപത്തി(ഉയർത്തി കാണിച്ച്) കൊണ്ടുള്ള ആംഗ്യവും. (തി൪മിദി :2695)

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏

ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നു : ആരെങ്കിലും ഏതെങ്കിലും ജനതയോട്‌ സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്‌. (അബൂദാവൂദ്‌:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

പത്താമതായി, മതത്തിൽ അതിര് കവിയുന്നു. എത്രത്തോളമെന്ന് പറഞ്ഞാൽ ലൈലത്തുൽ ഖദ്‌റിനേക്കാൾ പ്രാധാന്യം നബി ﷺ ജനിച്ച രാത്രിക്കുണ്ടെന്നും പെരുന്നാളിനെക്കാൾ വലിയ ആഘോഷമാണ് നബിദിനമെന്നും പറയുന്നു.

“കഴിഞ്ഞുപോയ രാത്രികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമേറിയത് നബി ﷺ ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമേറിയതാണെന്ന് ഖുർആൻ പ്രസ്താവിച്ച ലൈലത്തുൽ ഖദ്‌റിനേക്കാൾ മഹത്വം ഉള്ളത് നബി ﷺ ജനിച്ച രാത്രിക്കാണ് (ശർവാനി: 3/462). നബി ﷺ ജനിച്ചത് ഏറ്റവും ശ്രേഷ്ഠമായ രാത്രിയിലായതുകൊണ്ട് ഈ ചോദ്യം അപ്രസക്തമാണ്’’ (ദ്വീപ് നാദം ദ്വൈവാരിക, 2004 ജൂൺ 1-15).

“അല്ലാഹു രാവും പകലും സൃഷ്ടിച്ചതു മുതൽ എത്രയോ ദിനരാത്രങ്ങൾ കഴിഞ്ഞുപോയി. അതിൽ ഏറ്റവും മഹത്തായ രാവ് ഏതായിരിക്കും? കാലത്തിന് സ്വയം മഹത്വമില്ലെന്നും അതിൽ നടക്കുന്ന സംഭവവികാസങ്ങളാണ് രാപ്പകലുകളുടെ ശ്രേഷ്ഠതക്ക് മാനദണ്ഡമെന്നുമുള്ള വീക്ഷണപ്രകാരം നബി ﷺ ജനിച്ച രാവാകുന്നു ഏറ്റവും അനുഗ്രഹീതമായ രാവ്. ലൈലതുൽ ഖദ്‌റിനേക്കാൾ അതിന് ശ്രേഷ്ഠത ഉണ്ടെന്നാണ് ഇമാമുകൾ അഭിപ്രായപ്പെടുന്നത്’’ (നബിദിനം പ്രവാചക സവിശേഷത, പേജ് 13, എൻ, അലി മുസ്‌ല്യാർ കുമരംപുത്തൂർ).

“നബിദിനം മുസ്‌ലിംകൾക്ക് ആഘോഷമാണ്. പെരുന്നാളിനെക്കാൾ വലിയ ആഘോഷം, സർവ്വലോകത്തിന്റെ വിമോചകനായ നബിപിറന്ന നാളിൽ വിശ്വാസികൾ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ പിന്നെ അവർക്ക് മറ്റേത് ആഘോഷമാണുള്ളത്?’’ (രിസാല മാസിക, 1987 നവംബർ, പേജ് 9)

അവർ അല്ലാഹുവിനെ പറഞ്ഞു പഠിപ്പിക്കുകയാണ് എന്നും തോന്നിപ്പോകും. അല്ലാഹു പറയുന്നത് കാണുക:

قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ

നീ പറയുക: നിങ്ങളുടെ മതത്തിനെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ, ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏതുകാര്യത്തെപ്പറ്റിയും അറിയുന്നവനാകുന്നു. (ഖു൪ആന്‍ :49/16)

പതിനൊന്നാമതായി, വിശുദ്ധ ഖുർആനും തിരുസുന്നത്തും ദുർവ്യാഖ്യാനിക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നു. നബിദിനം ആഘോഷിക്കാൻ വിശുദ്ധ ഖുര്‍ആനിൽ തെളിവുണ്ടെന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് കാണുക.

ഈ ആഘോഷം കൊണ്ടാടാന്‍ അല്ലാഹു ക്വുര്‍ആനിലൂടെ പറയുന്നുണ്ട്: {നബിയേ, അല്ലാഹുവിന്റെ ഫദ്‌ല് കൊണ്ടും റഹ്മത്ത് കൊണ്ടും ജനങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു കൊള്ളട്ടെ. അത് അവരുടെ മുഴുവന്‍ സന്തോഷത്തെക്കാളും ഗുണകരമാണ്} ഇമാം സുയൂത്വി رحمه الله ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: റഹ്മത്ത് കൊണ്ടുള്ള ഉദേശ്യം റസൂല്‍ﷺയാണ്. (ദുര്‍റുല്‍ മന്‍സ്വൂര്‍ 4/327) (സുന്നത്ത് മാസിക, 2018 നവംബര്‍, പേജ് 22)

തിരുനബി ﷺ യുടെ ജന്മത്തില്‍ എപ്പോഴും, വിശിഷ്യാ റബീഉല്‍ അവ്വലില്‍ സുന്നികള്‍ നടത്തിവരുന്ന ആഘോഷങ്ങള്‍ക്കും ഖുര്‍ആനിന്റെ പിന്‍ബലമുണ്ട്. {അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ (യൂനുസ്:58)} എന്ന സൂക്തത്തിലെ കാരുണ്യം കൊണ്ട് ഉദ്ദേശ്യം നബി ﷺ യാണെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്” (സുന്നത്ത്’ മാസികപേജ് 2019 സെപ്തംബര്‍ ലക്കം 31)

ﻗُﻞْ ﺑِﻔَﻀْﻞِ ٱﻟﻠَّﻪِ ﻭَﺑِﺮَﺣْﻤَﺘِﻪِۦ ﻓَﺒِﺬَٰﻟِﻚَ ﻓَﻠْﻴَﻔْﺮَﺣُﻮا۟ ﻫُﻮَ ﺧَﻴْﺮٌ ﻣِّﻤَّﺎ ﻳَﺠْﻤَﻌُﻮﻥَ

പറയുക: അല്ലാഹുവിന്റെ ഫള്ല്‍ (അനുഗ്രഹം) കൊണ്ടും റഹ്മത്ത് (കാരുണ്യം) കൊണ്ടുമാണത്‌. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌. (ഖു൪ആന്‍ :10/58)

മേല്‍ സൂചിപ്പിക്കപ്പെട്ട ആയത്തിലെ ‘കാരുണ്യം’ എന്നതിന്റെ ഉദ്ദേശം ഇസ്‌ലാം, വിശ്വാസം, ക്വുര്‍ആന്‍ തുടങ്ങിയവയാണെന്ന് മിക്ക മുഫസ്സിറുകളും വിശദീകരിച്ചിട്ടുണ്ട്. പ്രബലാഭിപ്രായം ക്വുര്‍ആനാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് ദുര്‍വ്യാഖ്യാനങ്ങൾ നടത്തുന്നത്.

ഇനി ഇക്കൂട്ട൪ പറയുന്നതുപോലെ ഈ ആയത്തിലെ അല്ലാഹുവിന്റെ അനുഗ്രഹം, കാരുണ്യം എന്നിവ നബി ﷺ യാണെന്ന് വന്നാല്‍പോലും അത് നബിദിനാഘോഷത്തിന് തെളിവല്ല. കാരണം ഈ ആയത്ത് ഇറങ്ങിയിട്ടുള്ളത് നബി ﷺ ക്കാണ്. നബി ﷺ യില്‍ നിന്ന് നേരിട്ടാണ് ഈ ആയത്ത് സ്വഹാബത്ത് മനസ്സിലാക്കിയിട്ടുള്ളത്. അവരാരും ഈ ആയത്ത് നബിദിനാഘോഷത്തിന് തെളിവാണെന്ന് മനസ്സിലാക്കുകയോ ഒരിക്കല്‍ പോലും നബിദിനം ആഘോഷിക്കുകയോ ചെയ്തിട്ടുമില്ല. ശിയാക്കള്‍, സ്വൂഫികള്‍, ബറേല്‍വികള്‍ എന്നീ പിഴച്ച കക്ഷികള്‍ ഈ ആയത്തിനെ ദുര്‍വ്യാഖ്യാനിച്ചതുപോലെ ഇക്കൂട്ടരും ചെയ്തുവെന്നുമാത്രം.

പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ഹദീസുകളും ദുര്‍വ്യാഖ്യാനിച്ചു. തിങ്കളാഴ്ച നോമ്പ്, ഖദീജ ബീവിയോടുള്ള ഇഷ്ടത്തിന് നബിﷺ ആടിനെ അറുത്തത്, സുവൈബ എന്ന അടിമ മോചിപ്പിക്കപ്പെട്ടത്, എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.

പന്ത്രണ്ടാമതായി, നബിദിനാേഘോഷവുമായി ബന്ധപ്പെട്ട് ശിര്‍ക്കിനെയും ബിദ്അത്തിനെയും ജഹാലത്തിനെയും പുൽകേണ്ടി വരുന്നു. റബീഉൽ അവ്വൽ മാസത്തിലും പ്രത്യേകിച്ച് റബീഉൽ അവ്വൽ 12 നും നബിദിനാഘോഷക്കാര്‍ മൌലിദ് പാരായണം ചെയ്തു വരുന്നുണ്ട്. നബി ﷺയും സ്വഹാബിമാരും റബീഉൽ അവ്വൽ മാസത്തിൽ മങ്കൂസ് മൌലിദ് പാരായണം ചെയ്തിരുന്നുവെന്നോ ഒരു സാധാരണക്കാരന്‍ തെറ്റിദ്ധരിച്ചാൽ അൽഭുതപ്പെടാനില്ല.

മങ്കൂസ് മൌലിദ് പിൽക്കാലത്ത് എവുതപ്പെട്ട ഗദ്യ-പദ്യ സമ്മിശ്രമാണ്. അതിന്റെ ഉള്ളടക്കത്തിലേക്ക് കടന്നാല്‍ അതില്‍ ധാരാളം അബദ്ധങ്ങള്‍ കാണാന്‍ കഴിയും.അത് ആരംഭിക്കുന്നതുതന്നെ ഇസ്ലാം പഠിപ്പിച്ചിട്ടില്ലാത്ത തെറ്റായ ഒരു വിശ്വാസ കാര്യത്തെ പരാമർശിച്ചു കൊണ്ടാണ്. പ്രസ്തുത വചനം കാണുക:

سُبْحَانَ الَّذِي أَطْلَعَ فِي شَهْرِ رَبِيعِ اْلأَوَّلِ قَمَرَ نَبِيِّ الْهُدَى وَأَوْجَدَ نُورَهُ قَبْلَ خَلْقِ الْعَالَمِ وَسَمَّاهُ مُحَمَّدًا

റബീഉല്‍ അവ്വല്‍ മാസത്തില്‍ നേര്‍മാര്‍ഗ്ഗ പ്രവാചക ചന്ദ്രനെ ഉദിപ്പിക്കുകയും ലോകം സൃഷ്ടിക്കുന്നതിനും മുന്‍പേ നബിയുടെ പ്രകാശത്തെ സൃഷ്ടിക്കുകയും അതിനെ മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും ചെയ്തവന്‍ എത്രയോ പരിശുദ്ധന്‍.

അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തെയാണെന്നും മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തില്‍നിന്ന് മറ്റു മുഴുവന്‍ ചരാചരങ്ങളെയും സൃഷ്ടിച്ചുവെന്നും , യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടര്‍ വിശ്വസിച്ചുപോരുന്നു. അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്താണെന്ന് നബി ﷺ പറയുന്നത് കാണുക:

إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ فَقَالَ لَهُ اكْتُبْ ‏.‏ قَالَ رَبِّ وَمَاذَا أَكْتُبُ قَالَ اكْتُبْ مَقَادِيرَ كُلِّ شَىْءٍ حَتَّى تَقُومَ السَّاعَةُ

തീ൪ച്ചയായും അല്ലാഹു ആദ്യം സൃഷ്ടിച്ചിട്ടുള്ളത് പേനയാണ്. എന്നിട്ട് അതിനോട് പറഞ്ഞു: എഴുതുക. അത് ചോദിച്ചു:എന്റെ രക്ഷിതാവേ, ഞാന്‍ എന്താണ് എഴുതേണ്ടത്? അല്ലാഹു പറഞ്ഞു: അന്ത്യനാള്‍ വരെയുള്ള എല്ലാത്തിന്റെയും വിധികള്‍ എഴുതുക. (അബൂദാവൂദ് : 4700 – സ്വഹീഹ് അല്‍ബാനി)

അതേപോലെ ശി൪ക്കിന്റേതായ വരികളും മങ്കൂസ് മൌലിദില്‍ കാണാവുന്നതാണ്.

ﻳﺎﺳﻴﺪ ﺍﻟﺴﺎﺩﺍﺕ ﺟﺄﺗﻚ ﻗﺎﺻﺪﺍ – ﺍﺭﺟﻮ ﺣﻤﺎﻙ ﻓﻼ ﺗﺨﻴﺐ ﻣﻘﺼﺪ ﻗﺪﺣﻞ ﺑﻲ ﻣﺎ ﻗﺪ ﻋﻠﻢ ﺍﻷﺫﻯ – ﻭﻟﻈﻠﻢ ﻭﺍﻟﻀﻌﻒ ﺷﺪﻳﺪ ﻓﺄﺳﻌﺪ

യാ സൈയ്യിദസ്സാദാത്തി ജിഅ്ത്തുക ഖ്വാസ്വിദാ – അർജ്ജൂ ഹിമാക ഫലാ തുഖയ്യിബ് മഖ്സ്വദീ ഖദ് ഹല്ല ബീ മാ ഖദ് അലിംത മിനൽ അദാ – വള്ളുൽമി വ ള്ളുഅ്ഫി ശ്ശദീദി ഫ അസ്അദീ

നേതാക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ്. അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം നേടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ. ഉപദ്രവം, അക്രമം, ശക്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ് എന്നെ സഹായിക്കണമേ.

എത്ര ഗുരുതരമാണ് ഈ വരികളെന്ന് ചിന്തിക്കേണ്ടതാണ്.ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ സംരക്ഷണവും കാവലുമാണ് ഏപ്പോഴും ആഗ്രഹിക്കേണ്ടത്. അല്ലാഹുവല്ലാത്ത ആരുടെ സംരക്ഷണവും കാവലും ആരെങ്കിലും ആഗ്രഹിക്കുകയോ പ്രതക്ഷിക്കുകയോ ചെയ്താല്‍ അത് ശി൪ക്കാണ്. ഇവിടെ മങ്കൂസ് മൌലിദിലൂടെ ഇക്കാര്യം നബി ﷺ യോടാണ് ചോദിക്കുന്നത്. ഇന്നൊരാള്‍ മങ്കൂസ് മൌലിദ് ചൊല്ലുമ്പോള്‍ 1400 ല്‍പരം വ൪ഷങ്ങള്‍ക്ക് മുമ്പ് വഫാത്തായിപ്പോയ നബി ﷺ യില്‍ നിന്ന് അഭൌതികമായ കാര്യകാരണങ്ങള്‍ക്കതീതമായ രീതിയിലുള്ള സംരക്ഷണവും കാവലുമാണ് പ്രതീക്ഷിക്കുന്നത്. ഒരു സത്യവിശ്വാസി ഏത് സമയത്തും അല്ലാഹുവില്‍ നിന്ന് മാത്രമാണ് അഭൌതികമായ കാര്യകാരണങ്ങള്‍ക്കതീതമായ രീതിയിലുള്ള സംരക്ഷണവും കാവലും പ്രതീക്ഷിക്കുകയും തേടുകയും ചെയ്യേണ്ടത്.

പ്രാര്‍ഥനയുടെയും സഹായതേട്ടത്തിന്‍റെയും സ്ഥാനത്തേക്കെത്തുന്ന രൂപത്തിലുള്ള അതിരുകവിഞ്ഞ പ്രവാചക പുകഴ്ത്തലുകള്‍ അടങ്ങിയ പദ്യങ്ങള്‍ പാരായണം ചെയ്യുന്നു. നബി ﷺ യാകട്ടെ അത് പാടില്ല എന്ന് പറഞ്ഞതുമാണ്.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ക്രൈസ്തവ൪ മറിയമിന്റെ മകനെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. തീ൪ച്ചയായും ഞാന്‍ (അല്ലാഹുവിന്റെ) അടിമയാണ്. നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ റസൂലും അവന്റെ അടിമയുമെന്ന്. (ബുഖാരി:3445)

ഇങ്ങനെ ഒട്ടനവധി വിശ്വാസപരമായിട്ടുള്ള അബദ്ധങ്ങൾ മങ്കൂസ് മൗലിദിലുണ്ട്. ഇനി അതിലുള്ളത് മുഴുവനും ശരിയാണെന്ന് സമ്മതിച്ചാൽപ്പോലും അത് ഒരു പ്രത്യേക സമയത്ത് പുണ്യം പ്രതീക്ഷിച്ചുകൊണ്ട് പാരായണം ചെയ്യാൻ തെളിവില്ല. അപ്രകാരം ചെയ്യൽ ബിദ്അത്താണ്.

പതിമൂന്നാമതായി, നബി ﷺ യെ ഇകഴ്ത്തേണ്ട സാഹചര്യം ഉണ്ടാകുന്നു. നബിദിനാഘോഷം പുണ്യമാണെന്ന് കരുതിയാണല്ലോ ആഘോഷിക്കുന്നത്. അപ്പോൾ ഈ പുണ്യം നബി ﷺ അറിഞ്ഞിട്ടില്ലെയോ? ഇത് നബി ﷺ യെ ഇകഴ്ത്തലാണ്. ഇനി അത് പുണ്യമാണെന്ന് അറിയുകയും അത് നമുക്ക് പറഞ്ഞു തരാത്തതുമാണോ? അതും നബി ﷺ യെ ഇകഴ്ത്തലാണ്.

قال امام مالك رحمه الله: من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا

ഇമാം മാലിക് رحمه الله പഞ്ഞു:ആരെങ്കിലും മതത്തില്‍ പുതുതായി ഒരു കാര്യം ഉണ്ടാക്കുകയും അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താല്‍ അവന്‍ മുഹമ്മദ്‌ നബി ﷺ ദൌത്യ നിര്‍വഹണത്തില്‍ വഞ്ചന കാണിച്ചുവെന്ന് വാദിക്കുന്നവനാണ്. കാരണം അല്ലാഹു പറയുന്നു:’ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു’.അന്ന് ദീനല്ലാത്തത് എന്തൊക്കെയാണോ അത് ഇന്നും ദീനില്‍ ഇല്ലാത്തതാണ്. (അല്‍ ഇഅതിസ്വാം)

യഥാര്‍ത്ഥത്തിൽ നബിദിനാഘോഷം പുണ്യമല്ലെന്നതാണ് സത്യം.

പതിനാലാമതായി, നബിദിനാേഘോഷവുമായി ബന്ധപ്പെട്ട് വഴി തടസ്സപ്പെടുത്തേണ്ടി വരുന്നു. ഇസ്ലാം പഠിപ്പിച്ചതാകട്ടെ വഴിയിലെ തടസ്സം നീക്കാനാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. (മുസ്‌ലിം:35)

പതിനഞ്ചാമതായി, സംഗീതം ഹലാലാക്കേണ്ടി വരുന്നു. നബിദിനാേഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന റാലികളിൽ കാതടപ്പിക്കുന്ന സംഗീതങ്ങൾ കേൾക്കാറുണ്ട്. അതാകട്ടെ ഇസ്ലാം നിഷിദ്ധമാക്കിയതാണ്.

قال شيخ الإسلام ابن تيمية – رحمه الله -: مذهب الأئمة الأربعة أن آلات اللهو كلها حرام، ثبت في صحيح البخاري وغيره أن النبي – صلى الله عليه وسلم – أخبر أنه سيكون من أمته من يستحل الحر والحرير والخمر والمعازف، وذكر أنهم يمسخون قردة وخنازير، ولم يذكر أحد من أتباع الأئمة في آلات اللهو نزاعاً

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ رحمه الله പറയുന്നു: നാല് മദ്ഹബിന്റെ ഇമാമുകളും വാദ്യോപകരണങ്ങള്‍ ഹറാമാമെന്ന് അഭിപ്രായപ്പെട്ടവരാണ്. സ്വഹീഹുൽ ബുഖാരിയിലും മറ്റും സ്ഥിരപ്പെട്ട് വന്നിരിക്കുന്നു. നബി ﷺ അറിയിച്ചു: അവിടുത്തെ സമുദായത്തിൽ ഒരു വിഭാഗം ഉണ്ടാകും. അവർ വ്യഭിചാരം, (പുരുഷന്മാർക്ക്) പട്ട് വസ്ത്രം, മദ്യം, സംഗീതം എന്നിവ അനുവദനീയമാക്കും. ശേഷം പറഞ്ഞു: അങ്ങനെയുള്ളവരെ കുരങ്ങുകളും പന്നികളുമായി രൂപം മാറ്റുന്നതാണ്. ഇമാമുമാരെ പിൻപറ്റുന്നതിൽ ആർക്കിടയിലും സംഗീതോപകരണത്തിൽ അഭിപ്രായ വ്യത്യാസമില്ല. (അൽ മജ്മൂഅ് :11/576)

قال الألباني – رحمه الله -: اتفقت المذاهب الأربعة على تحريم آلات الطرب كلها

ശൈഖ് അല്‍ബാനി رحمه الله പറഞ്ഞു: ‘സകലവിധ സംഗീതോപകരണങ്ങളും ഹറാമാണെന്നതില്‍ നാല് ഇമാമുമാരും ഏകോപിച്ചിട്ടുണ്ട്. (സില്‍സിലത്തു സ്വഹീഹ 1/145)

പതിനാറാമതായി, നിഷിദ്ധമായ ഭക്ഷണം കഴിക്കേണ്ടി വരുന്നു. ‘നബിﷺയുടെ മൗലിദിന്റെ ഭാഗമായി അറുത്തതും പാകം ചെയ്തതും ഭക്ഷിക്കാൻ പറ്റുമോ?’എന്ന ചോദ്യത്തിന് ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: പറ്റില്ല. മൗലിദ് ആഘോഷം ബിദ്അത്താണ്, ബിദ്അത്തിന്റെ ആളുകളുടെ ആഘോഷവുമാണ്. ബിദ്അത്തായ ആഘോഷത്തിന്റെ പേരിൽ അറുത്തത് ഭക്ഷിക്കൽ ഹറാമാണ്. മൗലിദിന്റെ പേരിലുണ്ടാക്കുന്ന മറ്റ് ഭക്ഷണങ്ങളും ഹറാമാണ്. കാരണം, ബിദ്അത്തിനെ ജീവിപ്പിക്കലും അതിനെ മഹത്വവൽക്കരിക്കലുമല്ലാതെ വേറൊരു ഉദ്ദേശവും അതിന് പിന്നിലില്ല. ആ ദിവസം അവരുടെ ആഘോഷത്തിൽ പങ്ക് ചേരുകയോ അവർ അറുത്തതോ പാകം ചെയ്തതോ ഭക്ഷിക്കുകയോ ചെയ്യരുത്. കാരണം, അത് അവർക്കുള്ള പ്രോത്സാഹനവും സഹായവും ബിദ്അത്തിനെ അംഗീകരിക്കലുമാണ്. (https://youtu.be/l0dBN_qxv7g)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *