സൂറ: മാഊന്‍ : ചില പാഠങ്ങൾ

വിശുദ്ധ ഖുർആനിലെ 107 ാ മത്തെ സൂറത്താണ് سورة الماعون (സൂറ: മാഊന്‍). ഏഴ് ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. الماعون എന്നാൽ ‘പരോപകാര വസ്തുക്കള്‍’ എന്നാണർത്ഥം. സൂറത്തിന്റെ അവസാന ആയത്തിൽ പരോപകാര വസ്തുക്കള്‍ മുടക്കുന്നവരെ ആക്ഷേപിച്ച് വന്നിട്ടുള്ളതാണ് ഈ പേരിനാധാരം.

ഈ സൂറത്ത് ആരംഭിക്കുന്നത് ശ്രദ്ധേയമായ ഒരു ചോദ്യത്തോടെയാണ്.

أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ

മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? (ഖു൪ആന്‍:107/1)

‘ദീനിനെ നിഷേധിക്കുന്നവൻ ആരെന്ന് നീ കണ്ടുവോ?’ എന്നതാണ് ചോദ്യം. ഇവിടെ  ‘ദീന്‍’ എന്നാൽ ‘പരലോകത്തെ പ്രതിഫല നടപടി’ എന്നാണര്‍ത്ഥം. ഈ ചോദ്യം കേൾക്കുമ്പോൾ പലരും ധരിക്കുന്നത്, നിരീശ്വര  / നിര്‍മ്മത വാദക്കാരും പരലോക നിഷേധികളുമാണ് അവരെന്നാണ്. നമ്മൾ ഈ ആക്ഷേപത്തിൽ ഉൾപ്പെടുകയില്ലെന്ന് പലരും ധരിച്ച് സമാധാനിക്കുന്നു. എന്നാൽ ആ നിഷേധികൾ ആരാണെന്ന് അല്ലാഹു തുടര്‍ന്ന് പറയുന്നത് കാണുക:

فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ ‎﴿٢﴾‏ وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ ‎﴿٣﴾

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.  പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍. (ഖു൪ആന്‍:107/2-3)

ആ നിഷേധികൾ ഇവരാണ്.

(1) അനാഥകുട്ടികളോട് നിര്‍ദ്ദയമായും പരുഷമായും പെരുമാറുന്നവൻ

(2) പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന വിഷയത്തില്‍ പ്രോത്സാഹനം നല്‍കാതിരിക്കുന്നവൻ

{فَذَلِكَ الَّذِي يَدُعُّ الْيَتِيمَ} أَيْ: يَدْفَعُهُ بِعُنْفٍ وَشِدَّةٍ، وَلَا يَرْحَمُهُ لِقَسَاوَةِ قَلْبِهِ، وَلِأَنَّهُ لَا يَرْجُو ثَوَابًا، وَلَا يَخَافُ عِقَابًا.

{അനാഥകളെ തള്ളിക്കളയുന്നവനത്രെ അവന്‍} ശിക്ഷ ഭയപ്പെടുകയോ പ്രതിഫലം ആഗ്രഹിക്കുകയോ ചെയ്യാത്തതിനാല്‍ ഹൃദയകാഠിന്യം മൂലം കരുണയില്ലാതെ പരുഷമായും കഠിനമായും അനാഥയെ തള്ളിക്കളയുന്നു. (തഫ്സീറുസ്സഅ്ദി)

وَلا يَحُضُّ غَيْرَهُ عَلَى طَعَامِ الْمِسْكِينِ وَمِنْ بَابِ أَوْلَى أَنَّهُ بِنَفْسِهِ لَا يُطْعِمُ الْمِسْكِينَ

അഗതികള്‍ക്ക് ഭക്ഷണം നല്‍കുന്നില്ലെന്ന് മാത്രമല്ല, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നില്ല. (തഫ്സീറുസ്സഅ്ദി)

അനാഥക്കുട്ടികളെ പുറംതള്ളുന്നതും സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ പ്രോത്സാഹനം നല്‍കാതിരിക്കലും മതനിഷേധത്തിന്റെ ലക്ഷണമായിട്ടാണ് അല്ലാഹു എടുത്തുകാട്ടിയിരിക്കുന്നത്. ഇതോര്‍ക്കുമ്പോള്‍, അനാഥകളെ ആദരിക്കുകയും, അവരുടെ നന്മക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നതിന്റെയും, സാധുക്കളുടെ വിശപ്പും പട്ടിണിയും തീര്‍ക്കുകയും ആ വിഷയത്തില്‍ സേവനം അനുഷ്ടിക്കുകയും ചെയ്യുന്നതിന്റെയും, ബാധ്യത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം എത്രമേല്‍ വമ്പിച്ചതാണെന്ന് ഊഹിക്കാവുന്നതാണ്. (അമാനി തഫ്സീര്‍)

തുടര്‍ന്ന് ചില നമസ്കാരക്കാരെ ആക്ഷേപിക്കുന്നു. അല്ലാഹു ആക്ഷേപിച്ച നിഷേധികളും ഇങ്ങനെയുള്ളവരായിരിക്കും.

فَوَيْلٌ لِّلْمُصَلِّينَ ‎﴿٤﴾‏ ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ‎﴿٥﴾‏

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (ഖു൪ആന്‍:107/4-5)

{فَوَيْلٌ لِلْمُصَلِّينَ} أَيِ: الْمُلْتَزِمِينَ لِإِقَامَةِ الصَّلَاةِ، وَلَكِنَّهُمْ {عَنْ صَلاتِهِمْ سَاهُونَ} أَيْ: مُضَيِّعُونَ لَهَا، تَارِكُونَ لِوَقْتِهَا، مُخِلُّونَ بِأَرْكَانِهَا وَهَذَا لِعَدَمِ اهْتِمَامِهِمْ بِأَمْرِ اللَّهِ حَيْثُ ضَيَّعُوا الصَّلَاةَ، الَّتِي هِيَ أَهَمُّ الطَّاعَاتِ وَأَفْضَلُ الْقُرُبَاتِ، وَالسَّهْوُ عَنِ الصَّلَاةِ، هُوَ الَّذِي يَسْتَحِقُّ صَاحِبُهُ الذَّمَّ وَاللَّوْمَ وَأَمَّا السَّهْوُ فِي الصَّلَاةِ، فَهَذَا يَقَعُ مِنْ كُلِّ أَحَدٍ، حَتَّى مِنَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

{എന്നാല്‍ നമസ്‌കാരക്കാര്‍ക്കു നാശം} അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്നതില്‍ നിര്‍ബന്ധം കാണിക്കുന്നവരാണെങ്കിലും {അവരുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരാണ്} നമസ്‌കാരം പാഴാക്കുന്നവരും സമയനിഷ്ഠ പാലിക്കാത്തവരും നമസ്‌കാരം സ്വീകരിക്കപ്പെടാന്‍ നിര്‍ബന്ധമായ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരുമാകുന്നു അവര്‍. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതിരിക്കുന്നത് കൊണ്ടാണ് അവന്റെ കല്‍പനകളില്‍ ഏറെ പ്രാധാന്യമുള്ളതും പുണ്യം നിറഞ്ഞതുമായ നമസ്‌കാരം അവര്‍ പാഴാക്കിയത്. ഇത്തരം അശ്രദ്ധ ആക്ഷേപത്തിനും ശിക്ഷക്കും അര്‍ഹമായതു തന്നെയാണ്. എന്നാല്‍ നമസ്‌കാരത്തിലുള്ള മറവി നബി ﷺ യടക്കം എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ്. (തഫ്സീറുസ്സഅ്ദി)

അശ്രദ്ധ പല വിധത്തിലും ആവാം. പാടേ ഉപേക്ഷിക്കുക, ചിലപ്പോള്‍ മാത്രം നമസ്കരിക്കുക, മറ്റുള്ളവരുടെ കൂട്ടത്തിലാകുമ്പോള്‍ മാത്രം നമസ്കരിക്കുക, സമയനിഷ്‌ഠ പാലിക്കാതിരിക്കുക, നമസ്കരിക്കുമ്പോള്‍ അതിലെ ഒഴിച്ചുകൂടാത്ത ഘടകങ്ങളും നിബന്ധനകളും ഗൗനിക്കാതിരിക്കുക, അന്യചിന്തകളില്‍ മുഴുകിക്കൊണ്ടു ബാഹ്യരൂപം മാത്രം കഴിച്ചുകൂട്ടുക, നമസ്കാരത്തില്‍ നാവുകൊണ്ട് ചൊല്ലുന്ന ദിക്ര്‍ – ദുആ – ഖുര്‍ആന്‍ മുതലായവയുടെ സാരം ഓര്‍ക്കാതെയും അറിയാതെയും കേവലം ഒരു ചടങ്ങായി മാത്രം നിറവേറ്റുക എന്നിവയെല്ലാംതന്നെ – ഇമാം ഇബ്‌നു കഥീര്‍  رحمه الله ചൂണ്ടിക്കാട്ടിയത് പോലെ – നമസ്കാരത്തെക്കുറിച്ചുള്ള അശ്രദ്ധയുടെ ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. (അമാനി തഫ്സീര്‍)

അവരെ കുറിച്ചുള്ള മറ്റൊരു ആക്ഷേപം കാണുക:

ٱلَّذِينَ هُمْ يُرَآءُونَ

ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ (ഖു൪ആന്‍:107/6)

الذِّينَ هُمْ يُرَاؤُونَ بِصَلَاتِهِمْ وَأَعْمَالِهِمْ، لَا يُخْلِصُونَ العَمَلَ لِلَّهِ.

ജനങ്ങളെ കാണിക്കാൻ വേണ്ടി നിസ്കരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ; നിഷ്കളങ്കതയോടെ അല്ലാഹുവിന് വേണ്ടി മാത്രമായി അവർ പ്രവർത്തിക്കുന്നില്ല. (തഫ്സീർ മുഖ്തസ്വർ)

മറ്റൊരു ആക്ഷേപം കൂടി കാണുക:

وَيَمْنَعُونَ ٱلْمَاعُونَ ‎

പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ (ഖു൪ആന്‍:107/7)

അയല്‍വാസികള്‍ സാധാരണ അന്യോന്യം പരോപകാരത്തിന് വിട്ടുകൊടുക്കാറുള്ള ചെറുതരം ഉപകരണങ്ങളെ തടയുന്നവര്‍ അഥവാ അവ മറ്റുള്ളവര്‍ക്ക് ഉപയോഗത്തിനു വിട്ടുകൊടുക്കാതിരിക്കുന്നവര്‍ ഇതിൽ ഉൾപ്പെടും.

وَيَمْنَعُونَ إِعَانَةَ غَيْرِهِمْ بِمَا لَا ضَرَرَ فِي الإِعَانَةِ بِهِ.

ഒരു പ്രയാസവുമില്ലാത്ത, ചെറിയ സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്യുന്നതിൽ നിന്ന് പോലും അവർ തടസ്സം സൃഷ്ടിക്കുന്നു. (തഫ്സീർ മുഖ്തസ്വർ)

{وَيَمْنَعُونَ الْمَاعُونَ} أَيْ: يَمْنَعُونَ إِعْطَاءَ الشَّيْءِ، الَّذِي لَا يَضُرُّ إِعْطَاؤُهُ عَلَى وَجْهِ الْعَارِيَةِ، أَوِ الْهِبَةِ، كَالْإِنَاءِ، وَالدَّلْوِ، وَالْفَأْسِ، وَنَحْوِ ذَلِكَ، مِمَّا جَرَتِ الْعَادَةُ بِبَذْلِهِ وَالسَّمَاحِ بِهِ .

{പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ} ദാനമായോ വായ്പയായോ നല്‍കുന്നതുമൂലം പ്രയാസം നേരിടാത്ത വസ്തുക്കള്‍ പോലും നല്‍കാത്തവര്‍, സാധാരണ ഗതിയില്‍ നല്‍കാറുള്ള മഴു, തൊട്ടി, പാത്രം മുതലായവ പോലും തടയുന്നു. (തഫ്സീറുസ്സഅ്ദി)

തന്റെ കൊട്ടക്കോരികൊണ്ട് അല്‍പം വെള്ളം കോരുവാന്‍, തന്റെ പേനകൊണ്ട് എന്തെങ്കിലുമൊന്ന് എഴുതുവാന്‍, തന്റെ മണ്‍വെട്ടി കൊണ്ട് കുറച്ചുസമയം മണ്ണുകൊത്തുവാന്‍, തന്റെ പറമ്പില്‍കൂടി വല്ല ചുമടുംകൊണ്ട് നടന്നുപോകുവാന്‍, സ്ഥലം ഒഴിവായിക്കൊണ്ട് പോകുന്ന തന്റെ വാഹനത്തില്‍ കാല്‍നടപോകുന്ന ക്ഷീണിച്ച ഒരു സഹോദരന് അൽപനേരം കയറിയിരിക്കുവാന്‍, പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലും ലേശമൊന്ന് നീങ്ങികൊടുത്ത് മറ്റൊരാള്‍ക്ക് ഇരിക്കുവാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുവാന്‍ എന്നിങ്ങനെയുള്ള നിസ്സാരകാര്യങ്ങളില്‍ പോലും സന്മനസ്സുകാണിക്കാത്ത പലരെയും ധാരാളം കാണാവുന്നതാണ്. പട്ടിണികൊണ്ടോ മഹാരോഗം മുതലായവകൊണ്ടോ ഗതിമുട്ടി കഷ്ടപ്പെട്ട് സഹായത്തിന് യാചിച്ചു വരുന്നവരെ നിര്‍ദ്ദയം ആട്ടിക്കളയുന്നവരും ദുര്‍ല്ലഭമല്ല. അതേ സമയം അത്തരം വ്യക്തികളില്‍പ്പെട്ട ചിലര്‍പോലും സാധുസംരക്ഷണത്തിനും അഗതിശുശ്രൂഷകള്‍ക്കും വേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്കോ മറ്റോ വന്‍തുകകള്‍ സംഭാവന ചെയ്യുകയും ചെയ്തേക്കും! ഇത്തരം ‘വമ്പിച്ച ഔദാര്യ’ങ്ങള്‍ അല്ലാഹുവിന്റെ പ്രീതിയോ പ്രതിഫലമോ ഉന്നംവെച്ചുകൊണ്ടുള്ളതാവാന്‍ തരമില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുവാന്‍ അതില്‍ വകയുമില്ല. കാരണം, അതില്‍ അവര്‍ക്ക് ഉദ്ദേശശുദ്ധിയില്ലെന്നാണ് അവരുടെ മറ്റു ചെയ്തികള്‍ തെളിയിക്കുന്നത്. അല്ലാഹുവിന്റെ നോട്ടം ഹൃദയത്തിലേക്കാണല്ലോ. യഥാര്‍മായ സേവനതല്പ‍രതയും, ഉദാരമനസ്കതയും ഉള്ളവര്‍ സന്ദര്‍ഭത്തിനും, കഴിവിനും അനുസരിച്ച് കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കേണ്ടതാണ്. വലുപ്പചെറുപ്പമോ രഹസ്യപരസ്യമോ, മുഹൂര്‍ത്തവ്യത്യാസമോ നോക്കേണ്ടതില്ല; നോക്കുന്നതുമല്ല. والله اعلم (അമാനി തഫ്സീര്‍)

അല്ലാഹുവിന്റെ ദീനായ ഇസ്ലാമിനെയും, മരണ ശേഷമുള്ള പരലോക ജീവിതത്തെയും നിഷേധിക്കുന്നവരുടെ സ്വഭാവം എപ്രകാരമായിരിക്കുമെന്ന് ഈ സൂറത്ത് അറിയിക്കുന്നു. സത്യവിശ്വാസികൾ അത്തരം സ്വഭാവങ്ങൾ ഉപേക്ഷിക്കണമെന്ന് ഈ സൂറത്ത് താക്കീത് നൽകുകയും ചെയ്യുന്നു.

وَفِي هَذِهِ السُّورَةِ، الْحَثُّ عَلَى إِطْعَامِ الْيَتِيمِ، وَالْمَسَاكِينِ، وَالتَّحْضِيضِ عَلَى ذَلِكَ، وَمُرَاعَاةُ الصَّلَاةِ، وَالْمُحَافَظَةُ عَلَيْهَا، وَعَلَى الْإِخْلَاصِ فِيهَا وَفِي سَائِرِ الْأَعْمَالِ. وَالْحَثُّ عَلَى فِعْلِ الْمَعْرُوفِ وَبذْلِ الْأُمُورِ الْخَفِيفَةِ، كَعَارِيَةِ الْإِنَاءِ وَالدَّلْوِ وَالْكِتَابِ، وَنَحْوِ ذَلِكَ، لِأَنَّ اللَّهَ ذَمَّ مَنْ لَمْ يَفْعَلْ ذَلِكَ، وَاللَّهُ سُبْحَانَهُ أَعْلَمُ.

പൊതുവില്‍ ഈ അധ്യായം പാവപ്പെട്ടവനും അനാഥനും ഭക്ഷണം നല്‍കാനും മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കാനും നമസ്‌കാരം ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും നിര്‍വഹിക്കാനും അതിലും മറ്റെല്ലാ പ്രവൃത്തികളിലും ആത്മാര്‍ഥത കാണിക്കാനുമുള്ള പ്രേരണയാണ്. എല്ലാ നന്മകള്‍ക്കുമുള്ള പ്രചോദനം ഇതിലുണ്ട്. പുസ്തകം, തൊട്ടി, പാത്രം തുടങ്ങിയ നിസ്സാര വസ്തുക്കള്‍ പോലും ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്നു. അത് ചെയ്യാത്തവനെ അല്ലാഹു ആക്ഷേപിക്കുകയും ചെയ്യുന്നു. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍. (തഫ്സീറുസ്സഅ്ദി)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *