മതംമാറ്റം : ഇസ്‌ലാമിന് പറയാനുള്ളത്

നിർബന്ധിപ്പിച്ചും പ്രലോഭിപ്പിച്ചും ഇസ്ലാമിലേക്ക്ആ ളെ കൂട്ടുന്നുവെന്ന തെറ്റായ പ്രചാരണം ഇസ്ലാമിന്റെ വിമർശകർ പ്രചരിപ്പിക്കുന്നതുകാണാം. മതം മാറ്റവുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ നിലപാടാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഒന്നാമതായി, അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാണ്.

إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ

തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. (ഖുർആൻ:3/19)

وَمَن يَبْتَغِ غَيْرَ ٱلْإِسْلَٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَٰسِرِينَ

ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. (ഖുർആൻ:3/85)

ഇസ്ലാം എന്നാൽ സമർപ്പണം, സമാധാനം എന്നിങ്ങനെയാണ് അർത്ഥം. സൃഷ്ടാവായ അല്ലാഹുവിന് സ്വന്തം ജീവിതത്തെ സമർപ്പിക്കുന്നത് വഴി ഒരാൾ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്‌ലാം. അല്ലാഹുവിന് സ്വന്തത്തെ സമർപ്പിച്ചവനാണ് മുസ്ലിം. ഈ ലോകവും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുന്ന അല്ലാഹു മാത്രമാണ് യഥാ൪ത്ഥ ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഒരാള്‍ക്ക് ബോധ്യപ്പെടുമ്പോഴാണ് അയാള്‍ അത് അംഗീകരിച്ചുകൊണ്ട് ശഹാദത്ത് പറയുന്നത്. ഒരാൾ ഈ ശഹാദത്ത് പറയുന്നതോടു കൂടിയാണ് ഇസ്‌ലാമിന്റെ വൃത്തത്തിലേക്ക് കടക്കുന്നത്. ഒരാൾ മുസ്ലിമാകുകയെന്നാൽ ദൈവിക മാർഗനിർദേശങ്ങൾക്കനുസരിച്ച് ജീവിതത്തെ പരിവർത്തിപ്പിക്കുകയെന്നാണർത്ഥം. ഈ പരിവർത്തനത്തിൻ്റെ മുള പൊട്ടേണ്ടത് മനസ്സിലാണ്. മനുഷ്യ മനസ്സുകളിൽ മാറ്റമുണ്ടാകാതെ മൗലികമായ യാതൊരു പരിവർത്തനവും സാധ്യമല്ലെന്നതാണ് ഖുർആനിൻ്റെ വീക്ഷണം.

രണ്ടാമതായി, മതപ്രബോധനത്തിനും മതംമാറ്റത്തിനും ഏത് മാര്‍ഗവും സ്വീകരിക്കുക എന്നത് ഇസ്‌ലാമികമല്ല. ലക്ഷ്യംപോലെ മാര്‍ഗവും നന്നാവണമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. പ്രമാണങ്ങളിലൂടെ, തെളിവുകള്‍ നിരത്തിക്കൊണ്ടാണ് ഇസ്‌ലാം അതിന്റെ ആശയങ്ങള്‍ പ്രബോധിതസമൂഹത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നത്. വികാരങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ടോ വിശപ്പും രോഗാവസ്ഥയും ചൂഷണം ചെയ്ത് കൊണ്ടോ പ്രബോധിതരെ വിലയ്ക്കുവാങ്ങാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മറിച്ച് ഉള്‍കാഴ്ചയോടെ പ്രമാണബദ്ധമായ പ്രബോധനവും ആശയ വിനിമയവുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

قُلْ هَٰذِهِۦ سَبِيلِىٓ أَدْعُوٓا۟ إِلَى ٱللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِى ۖ وَسُبْحَٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ

(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ. (ഖുർആൻ:12/108)

പരിവർത്തനം മനുഷ്യമനസ്സുകളിലാണ് വേണ്ടതെന്നതുകൊണ്ടുതന്നെ നിർബന്ധിച്ചോ പ്രലോഭിച്ചോ ഒരാളെയും മതത്തിൽ കൂട്ടുന്നതിനോട് ഇസ്ലാം യോജിക്കുന്നില്ല.

സത്യവിശ്വാസത്തിലേക്ക് കടന്നുവരുന്നതിനായി സ്വന്തം സമുദായത്തെ ഉദ്ബോധിപ്പിക്കുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്ത മുഹമ്മദ് നബിﷺക്ക് സത്യനിഷേധികളുടെ നിലപാടിൽ മാറ്റം ഒന്നുമില്ലെന്ന് മനസ്സിലായപ്പോൾ ഉണ്ടായ മനോവ്യഥയെ ചോദ്യംചെയ്തുകൊണ്ട് ഖുർആൻ പറയുന്നത് കാണുക:

وَلَوْ شَآءَ رَبُّكَ لَـَٔامَنَ مَن فِى ٱلْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ ٱلنَّاسَ حَتَّىٰ يَكُونُوا۟ مُؤْمِنِينَ

നിൻ്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങൾ സത്യവിശ്വാസികളാകുവാൻ നീ അവരെ നിർബന്ധിക്കുകയോ? (ഖുർആൻ:10/99)

സത്യമത പ്രബോധനത്തിനായി നിയുക്തരായ പ്രവാചകന്മാരിൽ നിക്ഷിപ്തമായിരുന്ന ബാധ്യത മതപ്രചാരണം മാത്രമായിരുന്നുവെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്.

فَهَلْ عَلَى ٱلرُّسُلِ إِلَّا ٱلْبَلَٰغُ ٱلْمُبِينُ

എന്നാൽ ദൈവദൂതന്മാരുടെ മേൽ സപ്ഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ? (ഖുർആൻ:16/35)

فَإِنْ أَعْرَضُوا۟ فَمَآ أَرْسَلْنَٰكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا ٱلْبَلَٰغُ

ഇനി അവർ തിരിഞ്ഞു കളയുകയാണെങ്കിൽ (നബിയേ) നിന്നെ നാം അവരുടെ മേൽ കാവൽക്കാരനായി അയച്ചിട്ടില്ല. നിൻ്റെ മേൽ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. (ഖുർആൻ:42/48)

فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ ‎﴿٢١﴾‏ لَّسْتَ عَلَيْهِم بِمُصَيْطِرٍ ‎﴿٢٢﴾

അതിനാൽ (നബിയേ) നീ ഉദ്ബോധിപ്പിക്കുക. നീ ഒരു ഉദ്ബോധകൻ മാത്രമാകുന്നു.
നീ അവരുടെ മേൽ അധികാരം ചെലുത്തേണ്ടവനല്ല. (ഖുർആൻ:88/21-22)

ചുരുക്കത്തിൽ പ്രവാചകന്മാരെല്ലാം സത്യമത പ്രബോധകർ മാത്രമായിരുന്നു. അന്തിമ പ്രവാചകനും അങ്ങനെതന്നെ. ജനങ്ങളുടെ മുമ്പിൽ സത്യം ഏതെന്ന് തുറന്നു കാണിക്കേണ്ട ഉത്തരവാദിത്തം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. അന്തിമ പ്രവാചകനിലൂടെ പൂർത്തീകരിക്കപ്പെട്ട സത്യ മതത്തിൻ്റെ പ്രചാരണം ഉത്തരവാദിത്തമായി ഏൽപ്പിക്കപ്പെട്ട സത്യവിശ്വാസികളുടെ ബാധ്യതയും ഇതുമാത്രമാണ്.

മൂന്നാമതായി, നിർബന്ധ മതപരിവർത്തനം ശരിയല്ലെന്ന നിലപാട് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്.

لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ

മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. (ഖുർആൻ:2/256)

يقول تعالى : ( لا إكراه في الدين ) أي : لا تكرهوا أحدا على الدخول في دين الإسلام فإنه بين واضح جلي دلائله وبراهينه لا يحتاج إلى أن يكره أحد على الدخول فيه ، بل من هداه الله للإسلام وشرح صدره ونور بصيرته دخل فيه على بينة ، ومن أعمى الله قلبه وختم على سمعه وبصره فإنه لا يفيده الدخول في الدين مكرها مقسورا .

അല്ലാഹു പറയുന്നു: (മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല) ‘അതായത്, ഇസ്‌ലാം മതത്തില്‍ പ്രവേശിക്കുവാന്‍ നിങ്ങള്‍ ആരെയും നിര്‍ബന്ധിക്കരുത്. കാരണം, അതിന്‍റെ ലക്ഷ്യങ്ങളും തെളിവുകളും വ്യക്തമാണ്. അതില്‍ പ്രവേശിക്കുവാന്‍ നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല. എന്നാല്‍, അല്ലാഹു ആരെയെങ്കിലും ഇസ്‌ലാമിലേക്ക് വഴി ചേര്‍ക്കുകയും, അവന്‍റെ ഹൃദയത്തിന് വികാസം നല്‍കുകയും, അവന്‍റെ അന്തര്‍ ദൃഷ്ടിക്ക് പ്രകാശം നല്‍കുകയും ചെയ്യുന്നപക്ഷം, അവന്‍ അതില്‍ വ്യക്തമായ തെളിവോടെത്തന്നെ പ്രവേശിച്ചുകൊള്ളും. ആരുടെ അന്തര്‍ ദൃഷ്ടിക്ക് അല്ലാഹു അന്ധത നല്‍കുകയും, അവന്‍റെ കേള്‍വിക്കും കാഴ്ചക്കും മുദ്രവെക്കുകയും  ചെയ്തുവോ അവന്‍ നിര്‍ബന്ധത്തിനും ബലാല്‍ക്കാരത്തിനും വിധേയനായിക്കൊണ്ട് മതത്തില്‍ പ്രവേശിക്കുന്നതില്‍ അവന് പ്രയോജനവുമില്ല. (തഫ്സീർ ഇബ്നുകസീർ)

عن زيد بن أسلم عن أبيه قال : سمعت عمر بن الخطاب يقول لعجوز نصرانية : أسلمي أيتها العجوز تسلمي ، إن الله بعث محمدا بالحق . قالت : أنا عجوز كبيرة والموت إلي قريب! فقال عمر : اللهم اشهد ، وتلا لا إكراه في الدين .

സൈദിബ്നു അസ്ലം(റ) തന്റെ പിതാവിൽ നിന്ന് നിവേദനം: അദ്ദേഹം  പറഞ്ഞു: അവിശ്വാസിയായ ഒരു വൃദ്ധയോട് ഉമർ(റ) പറഞ്ഞു: “മുഹമ്മദ് നബിയെ അല്ലാഹു സത്യവുമായാണ് നിയോഗിച്ചിട്ടുള്ളത്, നിങ്ങൾ വിശ്വാസി ആവുന്നുണ്ടോ?” വൃദ്ധ പറഞ്ഞു: “മരണം അടുത്ത ഒരു കിളവിയാണ് ഞാൻ. മുസ്ലിം ആകാൻ താൽപര്യമില്ല “. അപ്പോൾ ഉമർ(റ) പറഞ്ഞു: “അല്ലാഹുവേ നീ സാക്ഷി, “മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല.”
(ഖുർതുബി)

ഇസ്‌ലാമില്‍ ആരെയും നിര്‍ബന്ധിച്ച് പ്രവേശിപ്പിക്കുവാന്‍ പാടില്ലെന്ന് അല്ലാഹു പ്രഖ്യാപിച്ചതിന്റെ കാരണം, ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം വ്യക്തമായി തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ്.  അതായത്, സത്യവിശ്വാസവും സന്‍മാര്‍ഗവും ഇന്നതാണെന്നും, അവിശ്വാസവും ദുര്‍മാര്‍ഗവും ഇന്നതാണെന്നും സ്പഷ്ടമായി തിരിച്ചറിയത്തക്ക തെളിവുകളും, ദൃഷ്ടാന്തങ്ങളും ധാരാളം നിലവിലുണ്ട്. അതുകൊണ്ട് ആരെയും നിര്‍ബന്ധിക്കേണ്ടുന്ന ആവശ്യമില്ല. വേണമെന്നുള്ളവര്‍ക്ക് വിശ്വസിക്കാം. വേണമെന്നുള്ളവര്‍ക്ക് അവിശ്വസിക്കുകയും ചെയ്യാം.  അല്ലാഹു പറയുന്നു:

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. (ഖുർആൻ:18/29)

നാലാമതായി, ഏതൊരു വിഷയത്തിലെന്നതുപോലെ ഈ വിഷയത്തിലും ഇസ്ലാം തീവ്രതക്കും ജീർണ്ണതക്കും മധ്യേയാണ്. അതായത്, ആരേയും ഇസ്ലാമിലേക്ക് നിർബന്ധിക്കുന്നില്ല, അതോടൊപ്പം തോന്നിയതുപോലെ ജീവിക്കാനും പ്രോൽസാഹിപ്പിച്ചിട്ടില്ല. സത്യം ആളുകളുടെ മുമ്പിൽ വിശദീകരിച്ചുകൊടുത്തു. വേണമെന്നുള്ളവര്‍ക്ക് വിശ്വസിക്കാം, വേണമെന്നുള്ളവര്‍ക്ക് അവിശ്വസിക്കുകയും ചെയ്യാം. ഇത് പറയുമ്പോൾതന്നെ പ്രകൃത്യാ മനുഷ്യന്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥനായതും, എല്ലാ പ്രവാചകന്‍മാരും പ്രബോധനം ചെയ്തതും അല്ലാഹുവിന്‍റെ മതമായ ഏകമതത്തിൽ വിശ്വസിക്കാത്തവർക്ക് അതികഠോരമായ നരകശിക്ഷയുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا ‎

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ. (ഖുർആൻ:18/29)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *