സൂറ:അല്‍മസദ് : ചില പാഠങ്ങൾ

വിശുദ്ധ ഖുർആനിലെ 111 ാ മത്തെ സൂറത്താണ് سورة المسد (സൂറ: അല്‍മസദ്). അഞ്ച് ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. المسد എന്നാൽ ‘ഈത്തപ്പനനാര്’ എന്നാണർത്ഥം. അഞ്ചാമത്തെ ആയത്തിലെ ഈ പേരിനാധാരമായ കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ഈ അദ്ധ്യായത്തിന് സൂറത്തു ‘തബ്ബത്ത്’ (تَبَّتْ) എന്നും, സൂറ: ‘ലഹബ്’ (اللهب) എന്നും പേരുണ്ട്‌.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ ‎﴿١﴾‏ مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ ‎﴿٢﴾‏ سَيَصْلَىٰ نَارًا ذَاتَ لَهَبٍ ‎﴿٣﴾‏ وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ ‎﴿٤﴾‏ فِى جِيدِهَا حَبْلٌ مِّن مَّسَدِۭ ‎﴿٥﴾‏

അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവന് ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.(സൂറ:അൽ മസദ്)

ഒന്നാമതായി, സൂറ:അല്‍മസദ് അവതരിപ്പിക്കാനുണ്ടായ സാഹചര്യം സൂചിപ്പിക്കുന്നു.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ لَمَّا نَزَلَتْ ‏{‏وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ‏}‏ وَرَهْطَكَ مِنْهُمُ الْمُخْلَصِينَ، خَرَجَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى صَعِدَ الصَّفَا فَهَتَفَ ‏”‏ يَا صَبَاحَاهْ ‏”‏‏.‏ فَقَالُوا مَنْ هَذَا، فَاجْتَمَعُوا إِلَيْهِ‏.‏ فَقَالَ ‏”‏ أَرَأَيْتُمْ إِنْ أَخْبَرْتُكُمْ أَنَّ خَيْلاً تَخْرُجُ مِنْ سَفْحِ هَذَا الْجَبَلِ أَكُنْتُمْ مُصَدِّقِيَّ ‏”‏‏.‏ قَالُوا مَا جَرَّبْنَا عَلَيْكَ كَذِبًا‏.‏ قَالَ ‏”‏ فَإِنِّي نَذِيرٌ لَكُمْ بَيْنَ يَدَىْ عَذَابٍ شَدِيدٍ ‏”‏‏.‏ قَالَ أَبُو لَهَبٍ تَبًّا لَكَ مَا جَمَعْتَنَا إِلاَّ لِهَذَا ثُمَّ قَامَ فَنَزَلَتْ ‏{‏تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ‏}‏ وَقَدْ تَبَّ هَكَذَا قَرَأَهَا الأَعْمَشُ يَوْمَئِذٍ‏.‏

ഇബ്‌നു അബ്ബാസ് رضى الله عنهما പറയുന്നു: {അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക} എന്ന ആയത്ത് അവതരിച്ചപ്പോള്‍ നബിﷺ സ്വഫയുടെ മുകളില്‍ കയറി ഇപ്രകാരം വിളിച്ചു പറഞ്ഞു: ‘അപകടം നിറഞ്ഞ പ്രഭാതമേ!’ അപ്പോള്‍ മക്കക്കാര്‍ ചോദിച്ചു: ‘ആരാണിത്?’ അങ്ങനെ അവരെല്ലാവരും ഒരുമിച്ചുകൂടി. അപ്പോള്‍ നബിﷺ ചോദിച്ചു: ‘ഈ മലയുടെ പുറകില്‍ നിന്നും ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ വരുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?’ അവര്‍ പറഞ്ഞു: ‘താങ്കളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കളവ് പരിചയമില്ല.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘എങ്കില്‍ കഠിനമായ ഒരു ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകാരനാകുന്നു ഞാന്‍.’ ഈ സന്ദര്‍ഭത്തില്‍ അബൂലഹബ് പറഞ്ഞു: ‘നിനക്ക് നാശം! ഇതിനു വേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്?’ എന്നിട്ട് അയാള്‍ എഴുന്നേറ്റു പോയി. അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു: {അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു}(സൂറ:അൽ മസദ്) (ബുഖാരി: 4971)

രണ്ടാമതായി, അല്ലാഹുവിനെ നിഷേധിക്കുകയും, അവനിൽ പങ്കുചേർക്കുകയും ചെയ്തവർക്ക് സൽകർമ്മികളുമായുള്ള കുടുംബബന്ധമോ, നാട്ടിലുള്ള സ്ഥാനമാനങ്ങളോ അല്ലാഹുവിങ്കൽ യാതൊരു ഉപകാരവും ചെയ്യുന്നതല്ല.

{ مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ}أَيُّ شَيْءٍ أَغْنَى عَنْهُ مَالُهُ وَوَلَدُهُ؟ لَمْ يَدْفَعَا عَنْهُ عَذَابًا، وَلَمْ يَجْلِبَا لَهُ رَحْمَةً.

{അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവന് ഉപകാരപ്പെട്ടില്ല} അവന്റെ സമ്പാദ്യവും സന്താനങ്ങളും എന്ത് നേട്ടമാണ് അവന് നേടിക്കൊടുത്തത്? അവയൊന്നും അല്ലാഹുവിന്റെ ഏതെങ്കിലുമൊരു ശിക്ഷയെ തടുക്കുകയോ, അവന്റെ എന്തെങ്കിലുമൊരു കാരുണ്യം അവന് നേടിക്കൊടുക്കുകയോ ചെയ്തില്ല. (തഫ്സീർ മുഖ്തസ്വർ)

മൂന്നാമതായി, അബൂലഹബിനും അവന്റെ ഭാര്യക്കും നരകത്തിൽ കഠിനമായ ശിക്ഷയുണ്ട്. അബൂലഹബ് നബി ﷺ യുടെ പിതൃവ്യനായിരുന്നു. അയാള്‍ നബി ﷺ യെ അങ്ങേയറ്റം ഉപദ്രവിക്കുകയും കഠിനമായ ശത്രുത പുലര്‍ത്തുകയും ചെയ്തു. അവനില്‍ ധാര്‍മികതയോ കുടുംബ താല്‍പര്യമോ ഉണ്ടായിരുന്നില്ല. ഉയിര്‍ത്തെഴുന്നേല്‍പ് നാളു വരെ നിന്ദ്യത നിലനില്‍ക്കും വിധത്തില്‍ ഏറ്റവും ശക്തമായി അല്ലാഹു അവനെ ഇവിടെ ആക്ഷേപിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ കത്തിയെരിയുന്ന തീജ്വാലകളുള്ള നരകത്തിൽ അവൻ പ്രവേശിക്കുന്നതാണ്.

വിറക് ചുമട്ടുകാരിയായ അവന്റെ ഭാര്യയായ ഉമ്മു ജമീലിന്റെ അവസ്ഥയും മറ്റൊന്നല്ല. അവളും അല്ലാഹുവിന്റെ റസൂൽ ﷺ യെ വളരെയധികം ഉപദ്രവിച്ചിരുന്നു. നബി ﷺ യുടെ വഴികളിൽ മുള്ളുകൾ വിതറി അവൾ അവിടുത്തെ ഉപദ്രവിക്കാറുണ്ടായിരുന്നു. അവള്‍ നബി ﷺ യെ ഉപദ്രവിക്കാന്‍ കഴിയാവുന്നതിന്റെ പരമാവധി ഉപദ്രവങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. കഴുത്തില്‍ ഒരു ഈത്തപ്പന നാരുമായി വിറക് ശേഖരിക്കുന്നവന്റെ സ്ഥാനത്ത് അവള്‍ മുതുകില്‍ ഒരുമിച്ച് കൂട്ടുന്നത് പാപഭാരങ്ങളായിരിക്കും.  കത്തിയെരിയുന്ന തീജ്വാലകളുള്ള ആ നരകത്തിൽ അവൾ പ്രവേശിക്കുന്നതാണ്. കെട്ടിമെടഞ്ഞ ഒരു കയർ അവളുടെ കഴുത്തിലുണ്ടായിരിക്കും; അതിൽ ബന്ധിച്ചു കൊണ്ട് അവളെ നരകത്തിലേക്ക് വലിച്ചിഴക്കുന്നതാണ്.

നാലാമതായി,  ഈ സൂറത്ത് വിശുദ്ധ ഖുര്‍ആനിന്റെ ദൈവികതയും നബി ﷺ യുടെ പ്രവാചകത്വത്തിന്റെ സത്യതയും വിളിച്ചറിയിക്കുന്നുണ്ട്.

فَفِي هَذِهِ السُّورَةِ، آيَةٌ بَاهِرَةُ مِنْ آيَاتِ اللَّهِ، فَإِنَّ اللَّهَ أَنْزَلَ هَذِهِ السُّورَةَ، وَأَبُو لَهَبٍ وَامْرَأَتُهُ لَمْ يُهْلَكَا، وَأَخْبَرَ أَنَّهُمَا سَيُعَذَّبَانِ فِي النَّارِ وَلَا بُدَّ، وَمِنْ لَازِمِ ذَلِكَ أَنَّهُمَا لَا يَسْلَمَانِ، فَوَقَعَ كَمَا أَخْبَرَ عَالِمُ الْغَيْبِ وَالشَّهَادَةِ.

യഥാര്‍ഥത്തില്‍, ഈ അധ്യായം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളുടെ ഒരു പ്രത്യക്ഷ ഉദാഹരണമാണ്. കാരണം ഈ അധ്യായം അവതരിക്കുമ്പോള്‍ അബൂലഹബും ഭാര്യയും മരിച്ചിട്ടില്ല. അവര്‍ രണ്ടുപേരും നരകത്തില്‍ ശിക്ഷിക്കപ്പെടുമെന്ന് ഇവിടെ ഉറപ്പിച്ചുപറയുകയും ചെയ്യുന്നു. അതായത്, അവര്‍ ഒരിക്കലും മുസ്‌ലിമാകില്ലെന്നാണ് അതിന്റെ വിവക്ഷ. ദൃശ്യവും അദൃശ്യവും അറിയുന്ന അല്ലാഹുവിന്റെ വാക്കുകള്‍ സത്യമായി പുലരുക തന്നെ ചെയ്തു. അവര്‍ക്ക് ജീവിച്ചിരിക്കുന്ന കാലത്ത് മുസ്‌ലിമാകാന്‍ സാധിച്ചില്ല. (തഫ്സീറുസ്സഅ്ദി)

ഈ സൂറത്ത് അവതരിപ്പിക്കപ്പെട്ട ശേഷവും 10 വര്‍ഷം അബൂലഹബ് ജീവിച്ചിരുന്നു. എപ്പോഴെങ്കിലും ഖുര്‍ആനിന്റെ ഈ പ്രവചനം തെറ്റെന്ന് സ്ഥാപിക്കാന്‍ കപടതന്ത്രം കാണിച്ച് ഞാന്‍ മുസ്‌ലിമായി എന്നു വിളിച്ചു പറഞ്ഞാല്‍ മതിയായിരുന്നു. ഖുര്‍ആനിന്റെ അമാനുഷികത അവിടെ തകര്‍ന്നടിയുമായിരുന്നു. നബി ﷺയുടെ പ്രവാചകത്വത്തിന്റെ സത്യസന്ധതയിലും സംശയം ഉടലെടുക്കുമായിരുന്നു. ഈ കാലയളവില്‍ പല പ്രമുഖന്മാരും ഇസ്‌ലാമിലേക്കു കടന്നുവന്നിട്ടുണ്ട്. അവരുടെ കൂട്ടത്തില്‍ ഒരാളായി അബൂലഹബ് ഉണ്ടായില്ല. മാത്രമല്ല സഹോദര പുത്രനോടുള്ള ശത്രുത നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണുണ്ടായത്. കവി, ആഭിചാരക്കാരന്‍, ഭ്രാന്തന്‍ തുടങ്ങി നിരവധി ചീത്തപ്പേരുകള്‍ വിളിച്ച് പരിഹസിക്കുകയായിരുന്നു അബൂലഹബും ഭാര്യ ഉമ്മുജമീലും കൂട്ടരും. ഒരിക്കലെങ്കിലും അബൂലഹബിന് മുസ്‌ലിമാകണമെന്ന് തോന്നിയതുപോലുമില്ല.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *