മനുഷ്യന്‍ ക്വുര്‍ആനില്‍

പ്രപഞ്ചത്തിന്റെ ചരിത്രം മനുഷ്യനെന്ന സൃഷ്ടിയെ ചുറ്റിപ്പറ്റിയാണ് രൂപപ്പെട്ടത്. ലോകത്തിന്റെ ഉത്ഥാനപതനം മനുഷ്യ ജീവിതത്തെ ആശ്രയിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വേദങ്ങളും ദൂതന്മാരും അവന് വേണ്ടിയാണ് അവതീര്‍ണമായത്. അക്ഷരവിദ്യയും പേനയും പഠനവും പ്രചാരണവും മനുഷ്യര്‍ക്കു മാത്രമുള്ളതാണ്. ഈ ദൃശ്യപ്രപഞ്ചത്തിന്റെ ഘടനതന്നെ മനുഷ്യനെ ചൂഴ്ന്നുനില്‍ക്കുന്നു. എങ്കില്‍ എന്താണ് മനുഷ്യന്‍? എന്തിനാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്? എന്താണ് അവന്റെ ജീവിതലക്ഷ്യം?

മനുഷ്യന്‍ എത്ര ഉല്‍കൃഷ്ടനായ സൃഷ്ടിയാണ്! പ്രകാശംകൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകളുടെയും തീയിനാല്‍ സൃഷ്ടിക്കപ്പെട്ട ജിന്നുകളുടെയും ശേഷമാണ് മണ്ണിനാല്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്നു ക്വുര്‍ആനില്‍ നിന്നും ഗ്രഹിക്കാം. ‘മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന ഉണങ്ങിയ കളിമണ്ണില്‍ നിന്ന് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചുച്ചു’ എന്ന് ക്വുര്‍ആനില്‍ (55:14) കാണാം.

‘മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്നും അവന്‍ ആരംഭിച്ചു’ (32:7) എന്നും, ‘നിങ്ങളെ നാമാണ് മണ്ണില്‍ നിന്നും പിന്നീട് ബീജത്തില്‍നിന്നും പിന്നീട് ഭ്രൂണത്തില്‍നിന്നും അനന്തരം രൂപംനല്‍കപ്പെട്ടതും രൂപം നല്‍ക്കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്…”(22:5) എന്നുമൊക്കെ അല്ലാഹു വിവിധ സൂക്തങ്ങളിലായി മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

മനുഷ്യനെ സൃഷ്ടിക്കുവാനുള്ള അല്ലാഹുവിന്റെ തീരുമാനവും അക്കാര്യത്തെപ്പറ്റി മലക്കുകളുമായുള്ള സംസാരവും, മനുഷ്യസൃഷ്ടിപ്പു പൂര്‍ത്തിയായശേഷം അവനു ജ്ഞാനം നല്‍കിയതും പിന്നീട് മലക്കുകളോട് ആദ്യമനുഷ്യനെ പ്രണമിക്കാന്‍ കല്‍പിച്ചതും, അവര്‍ അത് അനുസരിച്ചതും അദൃശ്യലോകത്തെ മറ്റൊരു സൃഷ്ടിയായ ജിന്നുവര്‍ഗത്തില്‍പെട്ട ഇബ്‌ലീസ് പ്രണമിക്കാന്‍ വിസമ്മതിച്ചതും ക്വുര്‍ആനില്‍ അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യമനുഷ്യനില്‍നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചുവെന്നും ഇണകള്‍ തമ്മിലെ കൂടിച്ചേരല്‍ മുഖേന സ്രവിക്കപ്പെടുന്ന ബീജത്തില്‍നിന്നും പിന്നീട് മനുഷ്യതലമുറകള്‍ ഉണ്ടായി എന്നുമാണ് ക്വുര്‍ആന്‍ വെളിപ്പെടുത്തുന്നത്. അങ്ങനെ തലമുറകളായി ജനിച്ചുവളര്‍ന്ന മനുഷ്യന്ന് തന്റെ സൃഷ്ടിയുടെ ആരംഭത്തെക്കുറിച്ച് ഒന്നുമറിയില്ല എന്നത് പറയേണ്ടതില്ലല്ലോ.

പരമസൂക്ഷ്മവും സ്ഥൂലവുമായ അസംഖ്യം അസ്തിത്വങ്ങള്‍, കോടാനുകോടി ജീവജാലങ്ങള്‍, വായു, വെള്ളം, വെളിച്ചം, താപം തുടങ്ങിയ പദാര്‍ഥങ്ങള്‍… എല്ലാം മനുഷ്യനുവേണ്ടിയാണ് സൃഷ്ടിച്ചത് എന്ന് അല്ലാഹു പറയുന്നു:

هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا

അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചിട്ടുള്ളത്. (ഖു൪ആന്‍:2/29)

ഈ ഭൗമ വിഭവങ്ങളെ ഏതൊക്കെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും പാടില്ലാത്തത് ഏതെല്ലാമാണെന്നും ഭൂമിയിലേക്ക് മനുഷ്യനെ ജീവിക്കാനയച്ചപ്പോള്‍ അവന്‍ മാര്‍ഗദര്‍ശനം നല്‍കിയിട്ടുമുണ്ട്:

ٱلَّذِى خَلَقَ فَسَوَّىٰ ‎﴿٢﴾‏ وَٱلَّذِى قَدَّرَ فَهَدَىٰ ‎﴿٣﴾

സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്തവന്‍. വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവന്‍. (ഖു൪ആന്‍:87/2-3)

പ്രപഞ്ചത്തിന്റെ ചരിത്രം മനുഷ്യനെന്ന സൃഷ്ടിയെ ചുറ്റിപ്പറ്റിയാണ് രൂപപ്പെട്ടത്. ലോകത്തിന്റെ ഉത്ഥാനപതനം മനുഷ്യജീവിതത്തെ ആശ്രയിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വേദങ്ങളും ദൂതന്മാരും അവന് വേണ്ടിയാണ് അവതീര്‍ണമായത്. അക്ഷരവിദ്യയും പേനയും പഠനവും പ്രചാരണവും മനുഷ്യര്‍ക്ക മാത്രമുള്ളതാണ്. ഈ ദൃശ്യപ്രപഞ്ചത്തിന്റെ ഘടനതന്നെ മനുഷ്യനെ ചൂഴ്ന്നു നില്‍ക്കുന്നു.

കാഴ്ചശക്തി, കേള്‍വി, കായികശേഷി എന്നീ കാര്യങ്ങളില്‍ പ്രപഞ്ചത്തിലെ ഇതര സൃഷ്ടിഗണങ്ങളില്‍ പലതിന്റെയും പിന്നിലാണ് മനുഷ്യന്‍. എന്നാല്‍ നക്ഷത്ര സമൂഹങ്ങള്‍ മുതല്‍ പരമാണുക്കള്‍ വരെയുള്ള വസ്തുക്കളെയും സസ്യ, ജന്തുജാലങ്ങളെയും കടലിനെയും കരയെയും വായുവിനെയും പഠിക്കാനും തന്റെ നിലനില്‍പിന്നുവേണ്ടി കീഴ്‌പ്പെടുത്താനുമുള്ള ശേഷി സ്രഷ്ടാവ് മനുഷ്യന്നാണ് പ്രത്യേകം നല്‍കിയത്. പക്ഷേ, സ്രഷ്ടാവിന്റെ കല്‍പന പ്രകാരം, ദൃഷ്ടിഗോചരമല്ലാത്ത സൂക്ഷ്മാണുക്കളുടെ മുമ്പില്‍ ചിലപ്പോള്‍ അവന്ന് പഞ്ചപുച്ഛമടക്കി തോറ്റുകൊടുക്കേണ്ടി വരാറുമുണ്ട്. അതെ, മനുഷ്യന്‍ മഹാശക്തനാണ്. അതോടൊപ്പം തന്റെ സ്രഷ്ടാവിന്റെ കല്‍പനക്കു മുമ്പില്‍ അവന്‍ അതീവദുര്‍ബലനുമാണ്.

അത്ഭുതങ്ങളുടെ കലവറയായ മനുഷ്യനാണ് വിശുദ്ധ ക്വുര്‍ആനിന്റെ മുഖ്യ പരാമര്‍ശ വിഷയം. മനുഷ്യന്‍ ആര്? ഉല്‍ഭവം എങ്ങനെ? എന്തിന്നു സൃഷ്ടിക്കപ്പെട്ടു? അവന്റെ സവിശേഷതയെന്ത്? എത്രത്തോളം? എന്താണവന്റെ പര്യവസാനം? ഇതര ജന്തുവര്‍ഗങ്ങളെപ്പോലെ ജനിച്ചുവളര്‍ന്ന് തിന്നും കുടിച്ചും പ്രജനനം നടത്തിയും ഒടുങ്ങേണ്ടവനാണോ മനുഷ്യന്‍? അതല്ല, വല്ല ദൗത്യവും ഈ ജീവിതകാലത്തിനിടക്ക് അവന്‍ നിര്‍വഹിക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്?… എന്നിങ്ങനെയുള്ള കാര്യങ്ങളെ പറ്റി ചിന്തിപ്പിക്കുകയാണ് ക്വുര്‍ആനിലൂടെ അല്ലാഹു ചെയ്യുന്നത്.

يَٰٓأَيُّهَا ٱلْإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ ‎﴿٦﴾‏ ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ ‎﴿٧﴾‏ فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ ‎﴿٨﴾

‘ഹേ; മനുഷ്യാ! ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍. (ഖുർആൻ:82/6-8)

മനുഷ്യന്റെ ജനനവും പ്രകൃതവും

സ്വയം ആഗ്രഹിച്ചിട്ടല്ല മനുഷ്യന്‍ ഇവിടെ എത്തിപ്പെട്ടത്. ഇതിനുമുമ്പ് താന്‍ എവിടെ, എന്തായിരുന്നു എന്നതിനെക്കുറിച്ച് അവന്നറിഞ്ഞുകൂടാ.

وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمْ لَا تَعْلَمُونَ شَيْـًٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ

നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖുർആൻ: 16/78)

هَلْ أَتَىٰ عَلَى ٱلْإِنسَٰنِ حِينٌ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًٔا مَّذْكُورًا ‎﴿١﴾‏ إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعَۢا بَصِيرًا ‎﴿٢﴾

മനുഷ്യന്‍ പറയപ്പെടാവുന്ന ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെമേല്‍ കഴിഞ്ഞുപോയിട്ടില്ലേ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അവനെ നാം പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (ഖുർആൻ: 76/1-2)

മനുഷ്യന്റെ ജനനം ഭ്രൂണാവസ്ഥയില്‍തന്നെ തടയുന്ന അവസ്ഥ എക്കാലത്തുമുണ്ടായിരുന്നു. ജനിച്ച ശേഷം വേണ്ടെന്നുവെച്ച് ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്നു. ജന്മശിശുവിനെ ചിലര്‍ ഉപേക്ഷിച്ചിട്ടു പോകുന്നു. ജനിക്കേണ്ടിയിരുന്നില്ലെന്ന് കരുതി ചിലര്‍ ആത്മഹത്യചെയ്യുന്നു. പലരും മരണം കൊതിച്ച് ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചവരൊക്കെ, ഉദ്ദേശിച്ചതൊക്കെ ഇവിടെ ഉണ്ടാവുകതന്നെചെയ്യും. അത് മനുഷ്യരുടെ ഇഷ്ടം നോക്കിയല്ല; ആര്‍ക്കും അത് തടയാനുമാവില്ല. അല്ലാഹു പറഞ്ഞു:

قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

അങ്ങനെ തന്നെയാകുന്നു; താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം ഉദ്ദേശിച്ചുകഴിഞ്ഞാല്‍ അതിനോട് ‘ഉണ്ടാകു’ എന്ന് പറയുക മാത്രം ചെയ്യുന്നു, അപ്പോള്‍ അതുണ്ടാകുന്നു. (ഖുർആൻ: 3/47)

മനുഷ്യര്‍ക്കിടയിലെ വൈജാത്യങ്ങളും വൈവിധ്യങ്ങളും സ്രഷ്ടാവിന്റെ തീരുമാനത്തിന്റെ ഭാഗമാണ്. എന്നാല്‍ മനുഷ്യരില്‍ ചിലര്‍ ചിലരെ ഉന്നതരും ചിലരെ അധമരും താഴ്ന്നവരുമൊക്കെയായി കാണുന്നതും കണക്കാക്കുന്നതും നാം കാണുന്നു. ഇത് ഇസ്‌ലാം അംഗീകരിക്കുന്നില്ല.

നാമറിയാത്ത അവസ്ഥയില്‍നിന്ന്, നിനയ്ക്കാതെ തന്നെ നാമുണ്ടായി. ആണായി പിറന്നവരും പെണ്ണായി പിറന്നവരും അവരുടെ ഇംഗിതത്തിനനുസരിച്ചല്ല ആണായതും പെണ്ണായതും. അല്ലാഹു പറയുന്നു:

لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ‎﴿٤٩﴾‏ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ‎﴿٥٠﴾‏

അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖു൪ആന്‍ : 42/49-50)

മനുഷ്യന്റെ ശകുനം അവന്റെ കഴുത്തില്‍ തന്നെ

ജനിച്ചവര്‍ ജീവിതത്തെ അഭിമുഖീകരിക്കണം. മനുഷ്യജീവിതത്തിലെ വിജയപരാജയങ്ങള്‍ക്ക് ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്. അല്ലാഹുവിന്റെ വിധിയാണ് എന്നു പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ പറ്റില്ല. സര്‍വജ്ഞനും സ്രഷ്ടാവും അന്തിമവിധിയുടെ ഉടമസ്ഥനും അല്ലാഹു തന്നെയാണ്. ഓരോ മനുഷ്യന്റെയും പര്യവസാനം നന്മയോ തിന്മയോ എന്ന് അല്ലാഹു അറിയുന്നു. എന്നാല്‍ അതെന്തായിരിക്കുമെന്ന് അവന്‍ മനുഷ്യനെ അറിയിച്ചിട്ടില്ല. നേരെമറിച്ച്, അല്ലാഹു പറഞ്ഞിരിക്കുന്നത് മനുഷ്യന്‍ വിശ്വസിച്ച് സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കണമെന്നാണ്. എങ്കില്‍ സ്വര്‍ഗമുണ്ട്. തിന്മകള്‍ ചെയ്യരുത്, അപ്പോള്‍ നരകശിക്ഷ ലഭിക്കും. തന്റെ പ്രവൃത്തി നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കാനും അത് ചെയ്യാനും മനുഷ്യന്ന് സ്രഷ്ടാവ് സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. അപ്പോള്‍ അല്ലാഹു വിധിച്ചതല്ല പ്രശ്‌നം, മനുഷ്യന്റെ ഇംഗിതങ്ങളാണ്.

وَكُلَّ إِنسَٰنٍ أَلْزَمْنَٰهُ طَٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَٰمَةِ كِتَٰبًا يَلْقَىٰهُ مَنشُورًا ‎﴿١٣﴾‏ ٱقْرَأْ كِتَٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا ‎﴿١٤﴾

ഓരോ മനുഷ്യനും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും. നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും) (ഖുർആൻ:17/13-14)

وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنْ أَنفُسَهُمْ يَظْلِمُونَ

അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷേ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു. (ഖുർആൻ:3/117)

മനുഷ്യന്‍: ബഹുമുഖ പ്രകൃതം

മനുഷ്യസൃഷ്ടിപ്പിലെ രണ്ടു വിരുദ്ധഭാവങ്ങളെപ്പറ്റി അല്ലാഹു പറഞ്ഞിരിക്കുന്നു:

لَقَدْ خَلَقْنَا ٱلْإِنسَٰنَ فِىٓ أَحْسَنِ تَقْوِيمٍ ‎﴿٤﴾‏ ثُمَّ رَدَدْنَٰهُ أَسْفَلَ سَٰفِلِينَ ‎﴿٥﴾

തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു. (ഖുര്‍ആന്‍: 95/4-5)

وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا

തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു. (ഖുര്‍ആന്‍: 17/70)

ഈ ഔന്നത്യവിചാരം മനുഷ്യനെ തന്റെ വാക്കിലും പ്രവൃത്തിയിലും ശ്രേഷ്ഠമായത് തെരഞ്ഞെടുക്കാന്‍ കാരണമാക്കും; അധമ വികാര, വിചാരങ്ങളില്‍നിന്ന് മോചിതനാകാന്‍ പ്രേരിപ്പിക്കുകയുംചെയ്യും. മാത്രമല്ല, അധമത്വം മനുഷ്യരെ മൃഗത്തെക്കാള്‍ നീചനാക്കുമെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്:

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُو۟لَٰٓئِكَ كَٱلْأَنْعَٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَٰٓئِكَ هُمُ ٱلْغَٰفِلُونَ

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക് മനസ്സുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (ഖുർആൻ:7/179)

മനുഷ്യന്‍ ഉല്‍കൃഷ്ടന്‍

മനുഷ്യന്റെ ഉല്‍കൃഷ്ട ഗുണങ്ങളെ ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക.

1. ഖിലാഫത്ത്: എല്ലാ ജീവികളെയും പോലെ മനുഷ്യനും തലമുറകളായിട്ടാണ് ഭൂമിയില്‍ ജീവിക്കുന്നത്. ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറ ജനിച്ചുവളരുന്നു. ആദ്യമനുഷ്യനായ ആദമില്‍നിന്ന് ജനിച്ചുണ്ടായവരാണ് ഭൂമിയില്‍ ഉണ്ടായ കോടിക്കണക്കിനാളുകള്‍. മറ്റു ജീവികളും പ്രജനനത്തിലൂടെ ഭൂമിയില്‍ പെരുകിയതാണ്. എന്നാല്‍ ‘ഖിലാഫത്ത്’ (പിന്‍ഗാമിത്വം) എന്ന സവിശേഷത മനുഷ്യന്നു മാത്രം സ്വന്തമാണ്. മറ്റു ജന്തുജാലങ്ങള്‍ അവയുടെ ജീവിതാനുഭവങ്ങളില്‍നിന്ന് ഒരു പാഠവും അടുത്ത തലമുറക്ക് കൈമാറുന്നില്ല. മനുഷ്യന്‍ അങ്ങനെയല്ല. അവന്റെ ഭാഷയും ശൈലിയും ജീവനോപാധികളും തലമുറകള്‍ കൈമാറിവന്നതാണ്. ഇന്നീ കാണുന്ന നാഗരികതയുടെ ലക്ഷണമെല്ലാം നൂറ്റാണ്ടുകളിലൂടെ ചാക്രികമായി വന്ന വളര്‍ച്ചയും തുടര്‍ച്ചയുമാണ്.

ثُمَّ جَعَلْنَٰكُمْ خَلَٰٓئِفَ فِى ٱلْأَرْضِ مِنۢ بَعْدِهِمْ لِنَنظُرَ كَيْفَ تَعْمَلُونَ

പിന്നെ, അവര്‍ക്ക് ശേഷം നിങ്ങളെ നാം ഭൂമിയില്‍ പിന്‍ഗാമികളാക്കി. നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നാം നോക്കുവാന്‍ വേണ്ടി. (ഖുർആൻ:10/14)

നിരന്തരമായ ചിന്തയിലൂടെയും അധ്വാനത്തിലൂടെയും ജീവിതം അര്‍ഥവത്താക്കണമെന്നും, അടുത്ത തലമുറക്ക് ഫലപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ ബാക്കിവെക്കണമെന്നും മനുഷ്യന്റെ ഈ വിശേഷണം സുചന നല്‍കുന്നുണ്ട്. നല്ലത് കല്‍പിക്കുക, ചീത്ത വിരോധിക്കുക, ഉപകാരപ്പെടുന്ന അറിവുകള്‍ പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നാം മരിച്ചാലും അടുത്ത തലമുറക്കും പ്രയോജനപ്പെടുമല്ലോ. ഇതെല്ലാം മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്.

2. ബുദ്ധി: സ്രഷ്ടാവിനെ കണ്ടെത്താനും നല്ലതും ചിത്തയും വേര്‍തിരിക്കാനും സ്വയം വളരാനും വളര്‍ത്താനുമുള്ള കഴിവ് മനുഷ്യന്നു മാത്രമാണുള്ളത്. നമുക്കറിയാവുന്ന മറ്റു ജീവികള്‍ ഈ വിവേചന ശേഷി പ്രകടിപ്പിക്കുന്നവയല്ല.

3. ഹൃദയം: ബുദ്ധിയുടെ സഹായത്തോടെ കാര്യങ്ങള്‍ ഗ്രഹിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം വികാരപ്രകടനം, അവയുടെ കൈമാറ്റം, വ്യത്യസ്ത ഭാവപ്രകടനം എന്നിവ ഹൃദയത്തിന്റെ പ്രത്യേകതകളാണ്.

4. പഞ്ചേന്ദ്രിയ ശേഷി: മറ്റുജീവികള്‍ക്കു ഭാഗികമായി ഈ കഴിവുകളുണ്ടെങ്കിലും ചിന്തയും വികാരങ്ങളും തലമുറകളിലേക്ക് കൈമാറാനുള്ള വിശേഷകഴിവ് മനുഷ്യനുണ്ട്.

5. പഠനം: വായന, മനനം, ആശയവിനിമയം, എഴുത്ത് എന്നീ കഴിവുകളാണ് എടുത്തുപറയാനുള്ള മറ്റു സവിശേഷതകള്‍. ഇവ മുഖേനയാണ് ലോകചരിത്രം എന്ന വിജ്ഞാനശാഖ തന്നെ നിലവില്‍വന്നത്.

6. ചിന്താശേഷി: ഇതും മനുഷ്യന്നു മാത്രമുള്ള സവിശേഷതയാണ്.

ദുര്‍ബലനായ മനുഷ്യന്‍

അനേകം സവിശേഷതകള്‍ നിറഞ്ഞ ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യനെങ്കിലും അവന്റെ നിസ്സാരതയെയും കഴിവുകേടിനെയും ക്വുര്‍ആന്‍ എടുത്തു പറയുന്നുണ്ട്.

يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ ٱلْإِنسَٰنُ ضَعِيفًا

നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. (ഖു൪ആന്‍:4/28)

മാനസിക ദൗര്‍ബല്യമാണ് ഇവിടെ സൂചന.

ശാരീരിക ഘടനയിലും ഇഛാശക്തിയിലും വിശ്വാസരംഗത്തും ക്ഷമയുടെ കാര്യത്തിലുമെല്ലാം മനുഷ്യന്റെ ദൗര്‍ബല്യം പ്രകടമാണ്. വൈവാഹിക നിയമങ്ങളെ പരാമര്‍ശിക്കുന്ന വചനങ്ങള്‍ക്കിടയിലാണ് ഉപര്യുക്ത വചനമുള്ളത്. സ്ത്രീസംബന്ധമായ വൈകാരികതയിലും മനുഷ്യന്‍ പലപ്പോഴും ദുര്‍ബലനാണെന്ന സുചനയും മേല്‍വചനത്തിലുണ്ട് എന്ന് പല ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളും പ്രസ്താവിച്ചിരിക്കുന്നു.

ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ

നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും. (ഖുർആൻ:30/54)

ശാരീരിക, ഘടനാപരമായ ദൗര്‍ബല്യമാണിവിടെ സൂചിപ്പിക്കുന്നത്.

‏ أَفَرَءَيْتُم مَّا تُمْنُونَ ‎﴿٥٨﴾‏ ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَٰلِقُونَ ‎﴿٥٩﴾‏ نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ ‎﴿٦٠﴾‏

അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്? അതല്ല നാമാണോ സൃഷ്ടികര്‍ത്താവ്? നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല. (ഖുർആൻ:56/ 58-60)

أَفَرَءَيْتُم مَّا تَحْرُثُونَ ‎﴿٦٣﴾‏ ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ ‎﴿٦٤﴾‏ لَوْ نَشَآءُ لَجَعَلْنَٰهُ حُطَٰمًا فَظَلْتُمْ تَفَكَّهُونَ ‎﴿٦٥﴾‏ إِنَّا لَمُغْرَمُونَ ‎﴿٦٦﴾‏ بَلْ نَحْنُ مَحْرُومُونَ ‎﴿٦٧﴾

എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന കൃഷിയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചുവളര്‍ത്തുന്നത്? അതല്ല, നാമാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണ്ടേയിരിക്കും, തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു. അല്ല, ഞങ്ങള്‍ (ഉപജീവനം) തടയപ്പെട്ടവരാകുന്നു.  (ഖുർആൻ:56/63-67)

أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ ‎﴿٦٨﴾‏ ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ ‎﴿٦٩﴾‏ لَوْ نَشَآءُ جَعَلْنَٰهُ أُجَاجًا فَلَوْلَا تَشْكُرُونَ ‎﴿٧٠﴾

ഇനി നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍നിന്ന് ഇറക്കിയത്? അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?. (ഖുർആൻ:56/68-70)

أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ ‎﴿٧١﴾‏ ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ ‎﴿٧٢﴾

നിങ്ങള്‍ ഉരസിക്കത്തിക്കുന്നതായ തീയിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിന്റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍? (ഖുർആൻ:56/71-72)

ബുദ്ധിവൈഭവവും ജ്ഞാനവും പഞ്ചേന്ദ്രിയാനുഭവങ്ങളുംകൊണ്ട് അനുഗൃഹീതനായ മനുഷ്യന് തന്റെ ശേഷിയില്‍ അഹങ്കരിക്കാനൊന്നുമില്ലെന്നും തന്റെ ജീവനെ നിലനിര്‍ത്തുന്നതെല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ കഴിവു മാത്രമാണെന്നും അവനെ ബോധ്യപ്പെടുത്തുകയാണിവിടെ. നന്ദികാണിക്കണമെന്ന കല്‍പനയും ഇതിലുണ്ട്.

ﺣَﺘَّﻰٰٓ ﺇِﺫَا ﺟَﺎٓءَ ﺃَﺣَﺪَﻫُﻢُ ٱﻟْﻤَﻮْﺕُ ﻗَﺎﻝَ ﺭَﺏِّ ٱﺭْﺟِﻌُﻮﻥِ ﻟَﻌَﻠِّﻰٓ ﺃَﻋْﻤَﻞُ ﺻَٰﻠِﺤًﺎ ﻓِﻴﻤَﺎ ﺗَﺮَﻛْﺖُ ۚ ﻛَﻼَّٓ ۚ ﺇِﻧَّﻬَﺎ ﻛَﻠِﻤَﺔٌ ﻫُﻮَ ﻗَﺎٓﺋِﻠُﻬَﺎ ۖ ﻭَﻣِﻦ ﻭَﺭَآﺋِﻬِﻢ ﺑَﺮْﺯَﺥٌ ﺇِﻟَﻰٰ ﻳَﻮْﻡِ ﻳُﺒْﻌَﺜُﻮﻥَ

അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്‌) തിരിച്ചയക്കേണമേ. ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. ഒരിക്കലുമില്ല, അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌. (ഖു൪ആന്‍:23/99-100)

ـَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ ‎﴿٢٦﴾‏ وَقِيلَ مَنْ ۜ رَاقٍ ‎﴿٢٧﴾‏ وَظَنَّ أَنَّهُ ٱلْفِرَاقُ ‎﴿٢٨﴾‏ وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ ‎﴿٢٩﴾‏ إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ ‎﴿٣٠﴾

അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും, മന്ത്രിക്കുവാനാരുണ്ട് എന്ന് പറയപ്പെടുകയും, അത് വേര്‍പാടാണെന്ന് അവര്‍ ഉറപ്പാക്കുകയും, കണങ്കാലും കണങ്കാലുമായി കൂട്ടിപ്പിണയുകയും ചെയ്താല്‍, അന്ന് തന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടുപോകുന്നത്’. (ഖു൪ആന്‍:75/26-30)

എത്ര വലിയവനായാലും മരണത്തിന്ന് കീഴൊതുങ്ങാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന അവസ്ഥയാണിവിടെ അല്ലാഹു ഓര്‍മിപ്പിക്കുന്നത്. ഞാനല്ലാതെ നിങ്ങള്‍ക്ക് വേറെയൊരു ദൈവമില്ല എന്ന് അഹങ്കരിച്ച ഫിര്‍ഔന്‍ മുതല്‍ വമ്പന്മാരും മഹാശക്തരും ഇവിടെ ജീവിച്ചു. അവര്‍ പക്ഷേ, മരണത്തിന്റെ മുമ്പില്‍ അതീവ ദുര്‍ബലരായി. ഫിര്‍ഔന്‍ തന്റെ അന്ത്യനിമിഷത്തില്‍ ഗത്യന്തരമില്ലാതെ ‘ഞാന്‍ വിശ്വസിച്ചു’ എന്ന് പറഞ്ഞ സംഭവം ക്വുര്‍ആന്‍ വിവരിച്ചത് കാണുക:

وَجَٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُۥ بَغْيًا وَعَدْوًا ۖ حَتَّىٰٓ إِذَآ أَدْرَكَهُ ٱلْغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِىٓ ءَامَنَتْ بِهِۦ بَنُوٓا۟ إِسْرَٰٓءِيلَ وَأَنَا۠ مِنَ ٱلْمُسْلِمِينَ

ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍കടത്തിക്കൊണ്ടുപോയി. അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ആരാധ്യനില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ആരാധ്യനുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ കീഴ്‌പ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:10/90)

അപ്പോള്‍ അല്ലാഹു അവനോട് ചോദിച്ചു:

ءَآلْـَٰٔنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ ٱلْمُفْسِدِينَ

മുമ്പ് ധിക്കരിക്കുകയും കുഴപ്പക്കാരില്‍ പെടുകയും ചെയ്തിട്ട് ഇപ്പോഴാണോ? (നീ വിശ്വസിക്കുന്നത്). (ഖു൪ആന്‍:10/91)

كَمْ تَرَكُوا۟ مِن جَنَّٰتٍ وَعُيُونٍ ‎﴿٢٥﴾‏ وَزُرُوعٍ وَمَقَامٍ كَرِيمٍ ‎﴿٢٦﴾‏ وَنَعْمَةٍ كَانُوا۟ فِيهَا فَٰكِهِينَ ‎﴿٢٧﴾‏ كَذَٰلِكَ ۖ وَأَوْرَثْنَٰهَا قَوْمًا ءَاخَرِينَ ‎﴿٢٨﴾‏ فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ ‎﴿٢٩﴾

എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവന്‍ വിട്ടേച്ചുപോയത്! കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദപൂര്‍വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങള്‍! അങ്ങനെയാണത് (കലാശിച്ചത്). അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്കു ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല. (ഖു൪ആന്‍:44/26-29)

ഒറ്റ നിമിഷംകൊണ്ട് ഭൂലോകം ചുട്ടുചാമ്പലാക്കാന്‍ ശക്തിയുള്ള ആയുധങ്ങള്‍ ശേഖരിച്ചുവെച്ച് അഹങ്കരിക്കുന്ന ആധുനിക ഫിര്‍ഔനുമാരും സൂക്ഷ്മജീവിയായ ഒരു വൈറസിന്റെ മുമ്പില്‍ പകച്ചുനില്‍ക്കുന്ന വര്‍ത്തമാനകാലാനുഭവം മനുഷ്യന്റെ ദൗര്‍ബല്യമാണ് വിളിച്ചു പറയുന്നത്.

മനുഷ്യന്‍ അമാനത്തിന്റെ വാഹകന്‍

ലക്ഷത്തില്‍ പരം നബിമാര്‍ ലോകത്ത് നിയുക്തരായിട്ടുണ്ട്. അവരില്‍ വിശ്വസിച്ച അനുയായികള്‍ അതിന്റെ പേരില്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. യുദ്ധങ്ങളും രക്തസാക്ഷിത്വങ്ങളുമുണ്ടായി. സ്വയം ജീവിക്കാന്‍ വേണ്ടിയായിരുന്നില്ല; മറിച്ച് തങ്ങളിലേല്‍പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കുവാന്‍ വേണ്ടിയായിരുന്നു അവര്‍ അതെല്ലാം സഹിച്ചത്. മനുഷ്യന്റെ പ്രത്യേകതകളിലൊന്നാണ് ഈ അമാനത്ത് (വിശ്വസിച്ചേല്‍പിക്കപ്പെട്ട ദൗത്യം).

إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَٰنُ ۖ إِنَّهُۥ كَانَ ظَلُومًا جَهُولًا

”തീര്‍ച്ചയായും നാം ആ അമാനത്ത് ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവര്‍ വിസമ്മതിക്കുകയും അതിനെപ്പറ്റി അവര്‍ക്ക് പേടിതോന്നുകയും ചെയ്തു. മനുഷ്യന്‍ അതേറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമാകുന്നു. (ഖു൪ആന്‍:33/72)

ജനിച്ച് പ്രകൃതിദത്തമായ വികാരങ്ങളും ചേഷ്ടകളും പ്രകടിപ്പിച്ചു ജീവിച്ച് മരിച്ചുപോവുക എന്നതാണ് എല്ലാ ജീവികളുടെയും അവസ്ഥ. അതില്‍നിന്നു വ്യത്യസ്തമായി മനുഷ്യന്ന് മാത്രമായുള്ള ഉത്തരവാദിത്തത്തെയാണ് മേല്‍വചനം സൂചിപ്പിക്കുന്നത്. ആകാശഗോളങ്ങള്‍ക്കോ മഹാപര്‍വതങ്ങള്‍ക്കോ കഴിയാത്ത കാര്യമാണ് അമാനത്ത്. അവയൊക്കെ അവയ്ക്ക് നിശ്ചയിക്കപ്പെട്ട പ്രകൃതിനിയമങ്ങള്‍ക്ക് വിധേയപ്പെടാനേ കഴിയൂ. മനുഷ്യന്‍ അങ്ങനെയല്ല. ബുദ്ധിയും ഇഛാശക്തിയും നല്‍കപ്പെട്ട അവന് നിര്‍മാണത്തിനും നശീകരണത്തിനും കഴിയും. സന്മനസ്സ് നേടിയവര്‍ നന്മകള്‍ ചേയ്ത് വിജയം പ്രാപിക്കും. അല്ലാത്തവര്‍ പരാജയപ്പെടും.

അതിനാല്‍ ഈ അമാനത്ത് നേരാംവണ്ണം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അല്ലാഹുവിനോടാണ് അവന്ന് അമാനത്ത് നിര്‍വഹിക്കാനുള്ളത്. അവന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഏറ്റെടുക്കുക വഴി തന്റെ സ്വന്തത്തിനോടും കുടുംബത്തിനോടും സമൂഹത്തിനോടും ഇതരജീവജാലങ്ങളോടും ഈ പ്രകൃതിയോടും മനുഷ്യന്ന് ഉത്തരവാദിത്തമുണ്ട്.

أَفَحَسِبْتُمْ أَنَّمَا خَلَقْنَٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ

അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? (ഖു൪ആന്‍:23/115)

ആദം عليه السلام യെയും ഹവ്വാ عليه السلام യെയും സ്വര്‍ഗത്തില്‍നിന്ന് ഭൂമിയില്‍ ജീവിക്കാനയച്ചപ്പോള്‍ അല്ലാഹു പറഞ്ഞു:

قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

നാം(അല്ലാഹു) പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. (ഖു൪ആന്‍: 2/38)

ഈ ബാധ്യതകളെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലാണ് ക്വുര്‍ആന്‍ വചനങ്ങളിലെ അധികഭാഗവും. ‘അല്ലയോ ജനങ്ങളേ,’ ‘വിശ്വാസികളേ,’ ‘നബിയേ,’ ‘ഇസ്‌റാഈല്‍ സന്തതികളേ,’ ‘വേദക്കാരേ,’ ‘ആദംസന്തതികളേ’ തുടങ്ങിയ സംബോധനകളിലൂടെയാണ് മനുഷ്യന്ന് അല്ലാഹു ജീവിതത്തിലെ വിധിവിലക്കുകള്‍ പഠിപ്പിച്ചിരിക്കുന്നത്.

رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعْدَ ٱلرُّسُلِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ‎

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖു൪ആന്‍: 4/165)

മനുഷ്യന്റെ അമാനത്ത്: വിവിധ തലങ്ങൾ

മുന്‍കഴിഞ്ഞ നബിമാരും വേദങ്ങളും മനുഷ്യ സമൂഹത്തിന് എല്ലാകാലത്തും നല്‍കിയ സന്ദേശം അടിസ്ഥാന പരമായി ഒന്നുതന്നെയായിരുന്നു; തൗഹീദ് (ഏകദൈവാരാധന), രിസാലത്ത് (പ്രവാചക ദൗത്യം), ആഖിറത്ത് (പരലോക വിശ്വാസം) എന്നീ മൂന്ന് കാര്യങ്ങള്‍. ഇതുതന്നെയാണ് ക്വുര്‍ആനും പഠിപ്പിക്കുന്നത്.

إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَٰرَىٰ وَٱلصَّٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَٰلِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ (അറേബ്യയിലെ പുരാതന മതവിഭാഗം) ആരാകട്ടെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുട രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍: 2/62)

അല്ലാഹു മനുഷ്യനെ ഏല്‍പിച്ചത് പ്രഥമമായി തൗഹീദ് അംഗീകരിക്കണമെന്നാണ്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന, മനുഷ്യരുടെ നന്മതിന്മകള്‍ നിര്‍ണയിക്കുന്ന, നന്മചെയ്തവര്‍ക്ക് രക്ഷയും അല്ലാത്തവര്‍ക്ക് ശിക്ഷയും നല്‍കുന്നവന്‍ അല്ലാഹു മാത്രമാണെന്ന വിശ്വാസമാണ് തൗഹീദിന്റെ ഒരു ഘടകം. ഈ വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്ന് മാത്രം ആരാധകളര്‍പ്പിക്കുക എന്നതാണ് അതിന്റെ മറ്റൊരു ഘടകം. വേദഗ്രന്ഥങ്ങളിലൂടെയും നബിമാര്‍മുഖേനയും അല്ലാഹു പഠിപ്പിച്ച തന്റെ നാമവിശേഷണങ്ങളില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന വിശ്വാസവും സമീപനവുമാണ് തൗഹീദിന്റെ മൂന്നാമത്തെ ഘടകം.

رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّا

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റേയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവനുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? (ഖു൪ആന്‍ :19/65)

ദൈവവിശ്വാസവും വിശ്വാസികളും ഇന്നുള്ളപോലെ എല്ലാ നബിമാരുടെ കാലത്തും ഉണ്ടായിരുന്നുവെങ്കിലും തൗഹീദീ വിശ്വാസത്തിന്റെ ഈ ചട്ടക്കൂട്ടില്‍ അവര്‍ അധികപേരും ഒതുങ്ങിനിന്നില്ല. പലകാലത്തും തൗഹീദിനെ പലരൂപത്തിലാണ് വികലമാക്കിയത്. ചിലര്‍ സ്രഷ്ടാവും നിയന്താവും(റബ്ബ്) അല്ലാഹുവാണെന്ന് അംഗീകരിച്ചു. പക്ഷേ, ആരാധനയില്‍ പങ്കുചേര്‍ത്തു. തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാന്‍ കഴിവുണ്ടെന്ന് വിശ്വസിച്ചു മഹാന്മാരോട് പ്രാര്‍ഥിക്കുകയും അവരെ ആരാധനയില്‍ പങ്കുചേര്‍ക്കുകയും ചെയ്തു. ചിലര്‍ ശരിയുംതെറ്റും നിര്‍ണയിക്കാനുള്ള അധികാരം സൃഷ്ടികള്‍ക്കുണ്ടെന്ന് വിശ്വസിച്ചു. പുരോഹിതന്മാര്‍ക്ക് മതനിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശം അനുവദിച്ചുകൊടുത്തു. ചിലര്‍ അല്ലാഹുവിന്ന് മാത്രമുള്ള നാമവിശേഷണങ്ങളില്‍ മഹാന്മാരായ ചിലര്‍ക്കുകൂടി പങ്കുള്ളതായി വിശ്വസിച്ചു. അല്ലാഹുവിന്ന് പുത്രന്മാരും പുത്രികളുമുണ്ട് എന്നുവരെ ചിലര്‍ വിശ്വസിച്ചു. എന്നാല്‍ ക്വുര്‍ആന്‍ അല്ലാഹുവിന്റെ എല്ലാ അര്‍ഥത്തിലുമുള്ള ഏകത്വമാണ് മനുഷ്യനെ പഠിപ്പിച്ചത്.

قُلْ هُوَ ٱللَّهُ أَحَدٌ ‎﴿١﴾‏ ٱللَّهُ ٱلصَّمَدُ ‎﴿٢﴾‏ لَمْ يَلِدْ وَلَمْ يُولَدْ ‎﴿٣﴾‏ وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ ‎﴿٤﴾‏

പറയുക കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്നു തുല്യനായി ആരും തന്നെ ഇല്ലതാനും. (ഖു൪ആന്‍ :112/1-4)

മനുഷ്യനും രിസാലത്തും

വിശുദ്ധ ക്വുര്‍ആനും അതിന്റെ വിവരണവുമാണ് പ്രവാചക സന്ദേശത്തിന്റെ ആകെത്തുക. ക്വുര്‍ആനിലെ ഓരോ വചനം അവതരിക്കുമ്പോഴും അതിന്റെ വിവരണവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട രീതിയും വഹ്‌യിന്റെ (ദിവ്യബോധനം) അടിസ്ഥാനത്തില്‍തന്നെ നബി ﷺ വിവരിച്ചു.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ‎﴿٤﴾

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)

നബി ﷺ യുടെ ജീവിതം ക്വുര്‍ആനാണ്. അഥവാ ക്വുര്‍ആനിന്റെ വിവരണമാണ്. തന്റെ വാക്കില്‍കൂടിയും പ്രവര്‍ത്തനങ്ങളില്‍കൂടിയും അനുയായികളില്‍ കാണുന്ന പ്രവൃത്തികളെ അംഗീകരിച്ചുകൊണ്ടും തിരുത്തിയും നബി ﷺ ആ ദൗത്യം നിര്‍വഹിച്ചു.

لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ

തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നും തന്നെയുള്ള ഒരു ദുതനെ നിയോഗിക്കുകവഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്കു നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയു ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (ഖു൪ആന്‍:3/164)

നബി ﷺ പഠിപ്പിച്ചതെന്തോ അത് സ്വീകരിക്കുകയും അദ്ദേഹം വിരോധിച്ചതെന്തോ അത് ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ ഒരാള്‍ രിസാലത്തില്‍ വിശ്വസിച്ചവനാകൂ; ‘മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന സാക്ഷ്യം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടവനാകൂ.

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)

നിര്‍ബന്ധവും ഐഛികവുമായ അനുഷ്ഠാന കര്‍മങ്ങള്‍, സത്യവിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിത വ്യവഹാരങ്ങള്‍, നിഷ്ഠകള്‍, സ്വഭാവങ്ങള്‍, ഇടപാടുകള്‍, ഉദ്‌ബോധനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും രിസാലത്തില്‍ ഉള്‍കൊള്ളുന്നു. ഇതിന്റെ ഒരു സംക്ഷിപ്തരൂപമാണ് സൂറഃഅല്‍ അസ്വ്‌റില്‍ വിവരിച്ചിരിക്കുന്നത്.

وَٱلْعَصْرِ ‎﴿١﴾‏ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ‎﴿٢﴾‏ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ‎﴿٣﴾‏

കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (ഖുർആൻ:103/1-3)

നബി ﷺ പഠിപ്പിച്ചതിന്നപ്പുറം വല്ലതും മതനടപടികളായി നിര്‍മിക്കുവാനോ കൂട്ടിച്ചേര്‍ക്കുവാനോ കുറക്കുവാനോ ആര്‍ക്കും അവകാശമില്ല. അത്തരം നടപടികള്‍ വിശ്വാസത്തിന്റെ ലംഘനവും അല്ലാഹുവിങ്കല്‍ അസ്വീകാര്യവുമാണ്.

ﻭَﻣَﺎ ﻛَﺎﻥَ ﻟِﻤُﺆْﻣِﻦٍ ﻭَﻻَ ﻣُﺆْﻣِﻨَﺔٍ ﺇِﺫَا ﻗَﻀَﻰ ٱﻟﻠَّﻪُ ﻭَﺭَﺳُﻮﻟُﻪُۥٓ ﺃَﻣْﺮًا ﺃَﻥ ﻳَﻜُﻮﻥَ ﻟَﻬُﻢُ ٱﻟْﺨِﻴَﺮَﺓُ ﻣِﻦْ ﺃَﻣْﺮِﻫِﻢْ ۗ ﻭَﻣَﻦ ﻳَﻌْﺺِ ٱﻟﻠَّﻪَ ﻭَﺭَﺳُﻮﻟَﻪُۥ ﻓَﻘَﺪْ ﺿَﻞَّ ﺿَﻠَٰﻼً ﻣُّﺒِﻴﻨًﺎ

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:33/36)

മനുഷ്യന് പുനര്‍ജീവിതമുണ്ട്

ക്വുര്‍ആന്‍ വചനങ്ങളില്‍ മുഖ്യമായ ഒരു ഭാഗം പരലോകത്തെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്. ഈ ജീവിതം ഇഹലോകത്തോടെ അവസാനിക്കുന്നില്ലെന്നും എല്ലാമനുഷ്യര്‍ക്കും അവരവരുടെ കര്‍മഫലം അനുഭവിക്കുന്ന മറ്റൊരു ജീവിതമുണ്ടെന്നും മുന്‍വേദങ്ങളും നബിമാരും പഠിപ്പിച്ചിട്ടുണ്ട്.

أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ ‎﴿٣٦﴾‏ وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ ‎﴿٣٧﴾‏ أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ‎﴿٣٨﴾‏ وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ ‎﴿٣٩﴾‏ وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ‎﴿٤٠﴾‏ ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ ‎﴿٤١﴾‏ وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ ‎﴿٤٢﴾

അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (പത്രികകളില്‍). അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും, അവന്റെ പ്രയത്‌നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം? പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും, നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും. (ഖു൪ആന്‍:53/36-42)

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ ‎﴿٧﴾‏ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ ‎﴿٨﴾‏

അപ്പോള്‍ ആര്‍ ഒരണുവിന്റെ തൂക്കം നന്മചെയ്തിരുന്നോ അവന്‍ അത് കാണും. ആര്‍ ഒരണുവിന്റെ തൂക്കം തിന്മചെയ്തിരുന്നുവോ അവന്‍ അതും കാണും. (ഖു൪ആന്‍:99/7-8)

زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌ

തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു. (നബിയേ) പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഖു൪ആന്‍:64/7)

മനുഷ്യന്റെ സമ്പൂര്‍ണ സംസ്‌കരണം

തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂന്ന് അടിസ്ഥാനങ്ങളില്‍ പടുത്തുയര്‍ത്തിയ സമഗ്രമായ സംസ്‌കരണ പദ്ധതിയാണ് ക്വുര്‍ആന്‍ മനുഷ്യന്റെ മുമ്പില്‍ വെക്കുന്നത്. ഐതിഹ്യങ്ങളും മിഥ്യയായ സങ്കല്‍പങ്ങളും ക്വുര്‍ആന്‍ നിരാകരിച്ചു. ചിന്തയെയും ബുദ്ധിപരമായ സമീപനത്തെയും അംഗീകരിച്ചു.

أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَآ أَوْ ءَاذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَٰرُ وَلَٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ

ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ചു മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്. (ഖു൪ആന്‍:22/46)

إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍ وَتَصْرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച. (ഖുര്‍ആൻ:2/164)

ബുദ്ധി ഉപയോഗപ്പെടുത്തുവാനും ചിന്തിക്കുവാനും നൂറിലധികം വചനങ്ങളിലൂടെ അല്ലാഹു കല്‍പിച്ചതായി കാണാം. അറിവിനെ അല്ലാഹു ആദരിക്കുകയും വിജ്ഞാന സമ്പാദനത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന, എഴുത്ത്, ജ്ഞാനസമ്പാദനം എന്നിവയിലൂന്നിക്കൊണ്ടാണ് ക്വുര്‍ആനിന്റെ അവതരണം തുടങ്ങിയതു തന്നെ:

ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ‎﴿١﴾‏ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ‎﴿٢﴾‏ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ‎﴿٣﴾‏ ٱلَّذِى عَلَّمَ بِٱلْقَلَمِ ‎﴿٤﴾‏ عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ ‎﴿٥﴾‏

സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. (ഖുര്‍ആൻ:96/1-5)

കണ്ണും കാതും ഹൃദയവും ചോദ്യം ചെയ്യപ്പെടുമെന്ന് ക്വുര്‍ആന്‍ മുന്നറിയിപ്പു നല്‍കുന്നു:

ﻭَﻻَ ﺗَﻘْﻒُ ﻣَﺎ ﻟَﻴْﺲَ ﻟَﻚَ ﺑِﻪِۦ ﻋِﻠْﻢٌ ۚ ﺇِﻥَّ ٱﻟﺴَّﻤْﻊَ ﻭَٱﻟْﺒَﺼَﺮَ ﻭَٱﻟْﻔُﺆَاﺩَ ﻛُﻞُّ ﺃُﻭ۟ﻟَٰٓﺌِﻚَ ﻛَﺎﻥَ ﻋَﻨْﻪُ ﻣَﺴْـُٔﻮﻻً

നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റേയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.(ഖു൪ആന്‍:17/36)

ചിന്തിക്കാത്ത, കണ്ടും കേട്ടും മനസ്സിലാക്കാത്ത ആളുകള്‍ മാടുകളെക്കാള്‍ അധമരാണെന്ന് അല്ലാഹു പറഞ്ഞു:

ﻭَﻟَﻘَﺪْ ﺫَﺭَﺃْﻧَﺎ ﻟِﺠَﻬَﻨَّﻢَ ﻛَﺜِﻴﺮًا ﻣِّﻦَ ٱﻟْﺠِﻦِّ ﻭَٱﻹِْﻧﺲِ ۖ ﻟَﻬُﻢْ ﻗُﻠُﻮﺏٌ ﻻَّ ﻳَﻔْﻘَﻬُﻮﻥَ ﺑِﻬَﺎ ﻭَﻟَﻬُﻢْ ﺃَﻋْﻴُﻦٌ ﻻَّ ﻳُﺒْﺼِﺮُﻭﻥَ ﺑِﻬَﺎ ﻭَﻟَﻬُﻢْ ءَاﺫَاﻥٌ ﻻَّ ﻳَﺴْﻤَﻌُﻮﻥَ ﺑِﻬَﺎٓ ۚ ﺃُﻭ۟ﻟَٰٓﺌِﻚَ ﻛَﭑﻷَْﻧْﻌَٰﻢِ ﺑَﻞْ ﻫُﻢْ ﺃَﺿَﻞُّ ۚ ﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻐَٰﻔِﻠُﻮﻥَ

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക് മനസ്സുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.(ഖു൪ആന്‍ : 7/179)

ബുദ്ധി ഉപയോഗിക്കാത്തവരെ ‘നികൃഷ്ടജീവി’ എന്നുവരെ വിശേഷിപ്പിച്ചത്കാണാം:

ﺇِﻥَّ ﺷَﺮَّ ٱﻟﺪَّﻭَآﺏِّ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﻟﺼُّﻢُّ ٱﻟْﺒُﻜْﻢُ ٱﻟَّﺬِﻳﻦَ ﻻَ ﻳَﻌْﻘِﻠُﻮﻥَ

തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.(ഖു൪ആന്‍:8/22)

മനുഷ്യന്‍ അന്ധമായി അനുകരിക്കരുത്

ﻭَﺇِﺫَا ﻗِﻴﻞَ ﻟَﻬُﻢُ ٱﺗَّﺒِﻌُﻮا۟ ﻣَﺎٓ ﺃَﻧﺰَﻝَ ٱﻟﻠَّﻪُ ﻗَﺎﻟُﻮا۟ ﺑَﻞْ ﻧَﺘَّﺒِﻊُ ﻣَﺎٓ ﺃَﻟْﻔَﻴْﻨَﺎ ﻋَﻠَﻴْﻪِ ءَاﺑَﺎٓءَﻧَﺎٓ ۗ ﺃَﻭَﻟَﻮْ ﻛَﺎﻥَ ءَاﺑَﺎٓﺅُﻫُﻢْ ﻻَ ﻳَﻌْﻘِﻠُﻮﻥَ ﺷَﻴْـًٔﺎ ﻭَﻻَ ﻳَﻬْﺘَﺪُﻭﻥَ

അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)(ഖു൪ആന്‍:2/170)

മനുഷ്യ സമത്വം

മനുഷ്യസമൂഹം എക്കാലത്തും അനുഭവിച്ച പല പ്രശ്‌നങ്ങളിലൊന്നാണ് സാമൂഹ്യ അസമത്വം. വര്‍ഗം, വര്‍ണം, ഗോത്രം, സമ്പത്ത് തുടങ്ങിയ കാര്യങ്ങളില്‍ വേര്‍തിരിവുകളും അതിക്രമങ്ങളുമുണ്ടായി. ഇന്നും അതു തുടരുന്നു.

എന്നാല്‍ മനുഷ്യനെ ക്വുര്‍ആന്‍ അല്ലാഹുവിന്റെ അടിമ എന്ന ഏകകത്തിലാണ് കാണുന്നത്. എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്. എല്ലാവര്‍ക്കും പല സവിശേഷതകളും അല്ലാഹു നല്‍കിയതിന്ന് അവന്‍ പല യുക്തിയും കണ്ടിട്ടുണ്ടാവാം. പരസ്പരം തിരിച്ചറിയാനുള്ള ഒരു ഉപാധിയായി മാത്രം മനുഷ്യന്‍ അതിനെ മനസ്സിലാക്കിയാല്‍ മതി. ഭക്തിയോടുകൂടി ജീവിക്കുന്നവരാരോ അവരെയാണ് അല്ലാഹു ഇഷ്ടപ്പെടുക. അവര്‍ക്കു മാത്രമാണ് ശാശ്വത രക്ഷ:

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ ‎

ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍ :49/13)

ലിംഗം, വര്‍ഗം, വര്‍ണം തുടങ്ങിയ പ്രകൃതിദത്തമായ വൈവിധ്യങ്ങള്‍ക്കുപുറമെ സമ്പന്നത, കായികശേഷി, ജ്ഞാനം തുടങ്ങിയ ആര്‍ജിതകാര്യങ്ങളിലും മനുഷ്യര്‍ക്കിടയില്‍ വൈവിധ്യങ്ങളുണ്ട്. അവയെ പരസ്പരം കൈമാറാന്‍ അല്ലാഹു കല്‍പിച്ചു.

وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

”…പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.  (ഖു൪ആന്‍ :5/2)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَٰعَةٌ ۗ وَٱلْكَٰفِرُونَ هُمُ ٱلظَّٰلِمُونَ ‎

സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍. (ഖു൪ആന്‍ :2/254)

ഭരണപരമായ ബാധ്യതകള്‍, അവകാശങ്ങള്‍, നിയമങ്ങള്‍, നീതിന്യായ നടപടികള്‍, ശിക്ഷാവിധികള്‍ എന്നീ കാര്യങ്ങളില്‍ വര്‍ഗ, വര്‍ണത്തിന്റെ പേരിലുള്ള അസ്പൃശ്യതകള്‍ ഇസ്‌ലാം നിരാകരിച്ചു. കറുത്ത അടിമവംശജരും ക്വുറൈശി പ്രമുഖരും റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലെ കുലപതികളും ഇസ്‌ലാമിലേക്ക് വന്നപ്പോള്‍ ഒരേതരം പൗരത്വമാണ് നബി ﷺ അവര്‍ക്ക് അനുവദിച്ചുകൊടുത്തത്. മോഷ്ടിച്ചത് മുഹമ്മദിന്റെ മകളാണെങ്കില്‍ പോലും ശിക്ഷ ഒരുപോലെ നടപ്പിലാക്കുമെന്ന് നബി ﷺ പ്രഖ്യാപിച്ചത്, ക്വുര്‍ആന്‍ മനുഷ്യനെ എങ്ങനെ കാണുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.

സമ്പത്ത് മനുഷ്യനന്മക്ക്

സമ്പത്ത് അല്ലാഹു നല്‍കിയ അനുഗ്രഹമാണെന്നും അത് മഹത്ത്വത്തിന്റെ മാനദണ്ഡമല്ലെന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ചരിത്രത്തില്‍ വന്‍ശിക്ഷക്ക് വിധേയരായി നാശമടഞ്ഞവരില്‍ അധികപേരും വമ്പന്‍ സമ്പന്നന്മാരായിരുന്നു.

وَمَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ

നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല…’ (ഖു൪ആന്‍ :34/37)

മനുഷ്യന്‍ സമ്പത്തിനോട് അത്യാര്‍ത്തി കാണിക്കുന്ന പ്രകൃതക്കാരനാണെന്ന് പറയുന്നതോടൊപ്പം അതിനോട് ഒരു വിശ്വാസിയുടെ നിലപാട് വ്യക്തമായി ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്:

1. സമ്പത്ത് മനുഷ്യര്‍ക്ക് പരീക്ഷണമാണ്

ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎٓ ﺃَﻣْﻮَٰﻟُﻜُﻢْ ﻭَﺃَﻭْﻟَٰﺪُﻛُﻢْ ﻓِﺘْﻨَﺔٌ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻋِﻨﺪَﻩُۥٓ ﺃَﺟْﺮٌ ﻋَﻈِﻴﻢٌ

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:8/28)

زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ

ഭാര്യമാര്‍, പുത്രന്മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക്അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമസങ്കേതം. (ഖു൪ആന്‍:3/14)

2. സമ്പത്ത് വഴിതെറ്റിക്കും

സമ്പത്തിനെ മനുഷ്യന്റെ ‘നിലനില്‍പ്’ എന്നും ‘നന്മ’ (ഖൈര്‍) എന്നും ക്വുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്:

وَلَا تُؤْتُوا۟ ٱلسُّفَهَآءَ أَمْوَٰلَكُمُ ٱلَّتِى جَعَلَ ٱللَّهُ لَكُمْ قِيَٰمًا

അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ചുതന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടുകൊടുക്കരുത്…. (ഖു൪ആന്‍:4/5)

وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ

തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായവനാകുന്നു. (ഖു൪ആന്‍: 100/8)

എന്നാല്‍ അത് നാശത്തിലേക്ക് നയിക്കുമെന്ന് താക്കീത് നല്‍കിയിട്ടുമുണ്ട്:

كـَلَّآ إِنَّ ٱلْإِنسَٰنَ لَيَطْغَىٰٓ ‎﴿٦﴾‏ أَن رَّءَاهُ ٱسْتَغْنَىٰٓ ‎﴿٧﴾

നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍. (ഖു൪ആന്‍: 96/6-7)

تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ ‎﴿١﴾‏ مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ ‎﴿٢﴾

അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. (ഖു൪ആന്‍: 111/1-2)

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ‎﴿١﴾‏ ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ ‎﴿٢﴾‏ يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ ‎﴿٣﴾

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. (ഖു൪ആന്‍:104/1-3)

3. പിശുക്ക്, അഹങ്കാരം, നാട്യം

സമ്പത്ത് അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് മാത്രം നേടുന്നതാണ്. അതുകൊണ്ട് തന്നെ അതിന്റെ ഒരു വിഹിതം പാവങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. പിശുക്ക് സഹജവാസനയാണെങ്കിലും അതുപേക്ഷിക്കണം.

إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا ‎﴿٣٦﴾‏ ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ

….. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. പിശുക്ക് കാണിക്കുകയും പിശുക്കുകാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ ….. (ഖു൪ആന്‍:4/36-37)

وَلَا يَحْسَبَنَّ ٱلَّذِينَ يَبْخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا۟ بِهِۦ يَوْمَ ٱلْقِيَٰمَةِ ۗ

അല്ലാഹു അവന്റെ അനുഗ്രഹത്തില്‍നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ് … (ഖു൪ആന്‍:3/180)

وَلَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَٰطِلِ وَتُدْلُوا۟ بِهَآ إِلَى ٱلْحُكَّامِ لِتَأْكُلُوا۟ فَرِيقًا مِّنْ أَمْوَٰلِ ٱلنَّاسِ بِٱلْإِثْمِ وَأَنتُمْ تَعْلَمُونَ

അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടുതന്നെ, ആളുകളുടെ സ്വത്തുക്കളില്‍നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്തു തിന്നുവാന്‍വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്. (ഖു൪ആന്‍:2/188)

4. സമ്പത്ത് അനുഗ്രഹം, രക്ഷാമാര്‍ഗം

നൂഹ് നബി(അ) പറഞ്ഞതായി അല്ലാഹു പറയുന്നു:

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ‎﴿١٠﴾‏يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ‎﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ‎﴿١٢﴾

അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളുംകൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (ഖു൪ആന്‍:71/10-12)

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ

നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും. ….. (ഖു൪ആന്‍:14/7)

قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥ ۚ وَمَآ أَنفَقْتُم مِّن شَىْءٍ فَهُوَ يُخْلِفُهُۥ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ

നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ. (ഖു൪ആന്‍:34/39)

5. ധനസംരക്ഷണം, മിതവ്യയം

وَلَا تُؤْتُوا۟ ٱلسُّفَهَآءَ أَمْوَٰلَكُمُ ٱلَّتِى جَعَلَ ٱللَّهُ لَكُمْ قِيَٰمًا

അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ചുതന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടുകൊടുക്കരുത്…. (ഖു൪ആന്‍:4/5)

وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا

ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായമാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍ (പരമകാരുണികന്റെ ദാസന്മാര്‍). (ഖു൪ആന്‍:25/67)

ഒരാളുടെ സമ്പത്തില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ തന്റെ ജീവിതച്ചെലവു കഴിഞ്ഞ് മിച്ചമുള്ളതിന്റെ രണ്ടരശതമാനം മാത്രമാണ് നിര്‍ബന്ധമായി ദാനംചെയ്യാന്‍ കല്‍പനയുള്ളത്. ബാക്കി തൊണ്ണൂറ്റി ഏഴര ശതമാനവും ഉടമക്കുതന്നെയുള്ളതാണ്. എന്നാല്‍ അനിവാര്യഘട്ടങ്ങളില്‍ എത്ര കൂടുതല്‍ ധര്‍മം ചെയ്താലും വമ്പിച്ച പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍ مِّا۟ئَةُ حَبَّةٍ ۗ وَٱللَّهُ يُضَٰعِفُ لِمَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്. (ഖു൪ആന്‍:2/261)

അല്ലാഹുവിങ്കല്‍നിന്ന് പുണ്യം പ്രതീക്ഷിച്ച് തന്റെ വിലപിടിച്ച സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ധര്‍മംചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച സഅദ്ബ്‌നു അബീവക്വാസ്വി(റ)നെ അത്രയധികം ധര്‍മം ചെയ്യുന്നത് നബി ﷺ നിരുത്സാഹപ്പെടുത്തി. മൂന്നിലൊന്ന് ധര്‍മം ചെയ്യാന്‍ അനുമതികൊടുത്തു. ധനം തന്റെ ശേഷക്കാര്‍ക്ക് കരുതിവെക്കണമെന്നു കൂടി ഈ സംഭവം പഠിപ്പിക്കുന്നുണ്ട്.

6. സാമൂഹ്യസുരക്ഷ ധര്‍മത്തില്‍കൂടി

നിര്‍ബന്ധമായി കൊടുക്കേണ്ട സകാത്തിന്റെ വിഹിതം നിര്‍ണയിച്ചതോടൊപ്പം, ഉള്ളവരോട് കയ്യയച്ച് ധര്‍മംചെയ്യാന്‍ ക്വുര്‍ആന്‍ ഏറെ പ്രേരണനല്‍കി. സത്യസന്ധമായ വിശ്വാസത്തിന്റെ ലക്ഷണമായി അല്ലാഹു ദാനധര്‍മത്തെ വിശേഷിപ്പിച്ചു:

لَن تَنَالُوا۟ ٱلْبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ

നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു. (ഖു൪ആന്‍:3/92)

ഭക്തജനങ്ങളെ വിശേഷിപ്പിച്ച കൂട്ടത്തില്‍ ക്വുര്‍ആന്‍ വിവരിച്ചു:

وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ

അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:51/19)

وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ لَا يَسْتَوِى مِنكُم مَّنْ أَنفَقَ مِن قَبْلِ ٱلْفَتْحِ وَقَٰتَلَ ۚ أُو۟لَٰٓئِكَ أَعْظَمُ دَرَجَةً مِّنَ ٱلَّذِينَ أَنفَقُوا۟ مِنۢ بَعْدُ وَقَٰتَلُوا۟ ۚ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ

ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍നിന്നു (മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു. (ഖു൪ആന്‍:57/10)

7. സകാത്ത്, സമ്പത്തിന്റെ ശുദ്ധീകരണം

വ്യക്തിയും സ്രഷ്ടാവും തമ്മിലുള്ള നിത്യബന്ധം നിലനിര്‍ത്തുന്ന നമസ്‌കാരത്തെയും വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്ന സകാത്തിനെയും ഒപ്പമാണ് (നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക) ക്വുര്‍ആനില്‍ പല സ്ഥലത്തും പരാമര്‍ശിച്ചിട്ടുള്ളത്.

മുസ്‌ലിംകളിലെ സമ്പന്നന്മാരില്‍നിന്ന് വാങ്ങി മുസ്‌ലിംകളിലെ ദരിദ്രര്‍ക്ക് നല്‍കുന്ന ഒരു പ്രത്യേക സാമൂഹ്യ സംവിധാനമാണത്. സകാത്ത് നല്‍കാത്തവന്റെ ഇസ്‌ലാം പൂര്‍ണമാവുകയില്ല. ഒരാള്‍ക്ക് സകാത്ത് നിര്‍ബന്ധമാവണമെങ്കില്‍ വേണ്ട സമ്പത്തിന്റെ പരിധിയും കാലവും സകാത്തിന്റെ നിശ്ചിത വിഹിതവും, അത് നല്‍കേണ്ട അവകാശികളെയും അല്ലാഹു നിര്‍ണയിച്ചിട്ടുണ്ട്. അതിന്റെ പ്രായോഗികരൂപം നബി ﷺ വിവരിക്കുകയും ചെയ്തിട്ടുണ്ട്.

قَدْ أَفْلَحَ ٱلْمُؤْمِنُونَ ‎﴿١﴾‏ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ‎﴿٢﴾‏ وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ ‎﴿٣﴾‏ وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ ‎﴿٤﴾

സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരായ, അനാവശ്യകാര്യത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരുമായ, സകാത്ത് നിര്‍വഹിക്കുന്നവരുമായ. (ഖു൪ആന്‍:23/1-4)

فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ ۗ وَنُفَصِّلُ ٱلْـَٔايَٰتِ لِقَوْمٍ يَعْلَمُونَ

എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നപക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു. (ഖു൪ആന്‍:9/11)

خُذْ مِنْ أَمْوَٰلِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَوٰتَكَ سَكَنٌ لَّهُمْ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തിനല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:9/103)

കേവലം ഒരു സാമൂഹ്യസേവനത്തിന്നു വേണ്ടിയുള്ള ഫണ്ടല്ല ഇസ്‌ലാമിലെ സകാത്ത്. അതിന്റെ അവകാശികളായി എട്ടുവിഭാഗത്തെ ക്വുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്:

إِنَّمَا ٱلصَّدَقَٰتُ لِلْفُقَرَآءِ وَٱلْمَسَٰكِينِ وَٱلْعَٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

സകാത്ത് മുതലുകള്‍ (നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (ഖു൪ആന്‍:9/60)

7. മനുഷ്യന്റെ കൂടെ ശത്രുവുണ്ട്

തന്റെമേല്‍ അര്‍പ്പിതമായ ബാധ്യതകള്‍ കഴിയുംവിധത്തില്‍ പാലിച്ചുജീവിക്കുന്നവര്‍ക്കാണ് പരലോകരക്ഷയുള്ളത് എന്നാണ് ക്വുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നത്. എന്നാല്‍ ഈ രക്ഷയിലേക്കുള്ള മാര്‍ഗം അത്ര എളുപ്പമുള്ളതല്ല. കാരണം നല്ലതും ചീത്തയും തെരഞ്ഞെടുക്കാനുള്ള വിവേചനശക്തി നല്‍കിയ അല്ലാഹു മനുഷ്യന്റെ ഈ ഇഹലോകജീവിതത്തെ ഒരു പരീക്ഷണകാലമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്:

ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:67/2)

ആദം നബിയെ അല്ലാഹു സൃഷ്ടിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും പിന്നീട് ആദമിനെയും ഇണയെയും തന്റെ പ്രഥമ ശത്രുവായ പിശാച് വഴിതെറ്റിച്ചതും അങ്ങനെ എല്ലാവരെയും ഇഹലോകത്തേക്ക് ജീവിക്കാന്‍ വിട്ടതും ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. പിശാച് ഭൂമിയില്‍ മനുഷ്യസമൂഹത്തെ സന്മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കാന്‍ കഴിവതും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ക്വുര്‍ആന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

وَلَقَدْ خَلَقْنَٰكُمْ ثُمَّ صَوَّرْنَٰكُمْ ثُمَّ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ لَمْ يَكُن مِّنَ ٱلسَّٰجِدِينَ ‎﴿١١﴾‏ قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ ‎﴿١٢﴾‏ قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّٰغِرِينَ ‎﴿١٣﴾‏

തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്‌ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല. അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത്തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്‌നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍നിന്നും. അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെനിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:7/11-13)

മനുഷ്യന്റെ തുടക്കത്തില്‍ അദൃശ്യലോകത്തുണ്ടായ സംഭവമാണ് ക്വുര്‍ആന്‍ സൂചനയായി വിവരിച്ചത്. മനുഷ്യസൃഷ്ടിയുടെ ആരംഭത്തോടൊപ്പം തന്നെ അവനൊരു ശത്രുകൂടി ഉണ്ടായിരിക്കുന്നു എന്ന് വ്യക്തമാണ്. ആ ശത്രുവാണ് ഇബ്‌ലീസ്. മനുഷ്യനോടുള്ള സമീപനത്തില്‍ ഇബ്‌ലീസിന്റെ നിലപാട് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

قَالَ أَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ ‎﴿١٤﴾‏ قَالَ إِنَّكَ مِنَ ٱلْمُنظَرِينَ ‎﴿١٥﴾‏ قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ ‎﴿١٦﴾‏ ثُمَّ لَـَٔاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ ‎﴿١٧﴾

അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരെ നീ എനിക്ക് അവധിനല്‍കേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായപാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതുഭാഗങ്ങളിലൂടെയും ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുകതന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:7/14-17)

ഇതാണ് മനുഷ്യന്റെ അവസ്ഥ! ബുദ്ധിയും വിവേചനശേഷിയും ജ്ഞാനവും എല്ലാമുണ്ടെങ്കിലും ശക്തനായ ഒരു ശത്രു അവനെ എപ്പോഴും പിന്തുടരുന്നുണ്ട്. മനുഷ്യന്റെ രക്തംസഞ്ചരിക്കുന്ന ഇടങ്ങളില്‍പോലും സഞ്ചരിക്കാന്‍ കഴിയുന്ന ശത്രുവാണവന്‍. ആ ശത്രുവലയില്‍നിന്ന് രക്ഷപ്പെടാന്‍ ചുരുക്കമാളുകള്‍ക്കേ കഴിയൂ. പരമ വഞ്ചകനാണവന്‍:

وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَٰنَ إِلَّا قَلِيلًا

…നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു. (ഖു൪ആന്‍:4/83)

മനുഷ്യന്റെ ജന്മശത്രുവായ പിശാച് അല്ലാഹുവിനെ വെല്ലുവിളിച്ചുകൊണ്ടാണ് പിഴപ്പിക്കാനിറങ്ങിയത്. എല്ലാവിധ തിന്മകള്‍ക്കും മാനസികപ്രേരണ നല്‍കുന്നത് അവനാണ് എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരു സത്യവിശ്വാസിയുെട ജീവിതം മുഴുക്കെ പിശാചുമായുളള സംഘട്ടനത്തിലാണ്. എപ്പോഴും താന്‍ സമ്പൂര്‍ണനാണെന്നും തെറ്റുപറ്റുകയില്ലെന്നുമുള്ള അഹങ്കാരബോധം മനുഷ്യമനസ്സില്‍ ജനിപ്പിക്കുകയാണവന്‍ ചെയ്യുക. അതോടെ സ്വയം തിരുത്തുവാനോ പാപമോചനം (ഇസ്തിഗ്ഫാര്‍) തേടാനോ മനുഷ്യന് തോന്നുകയില്ല. താന്‍ ചെയ്യുന്നത് തന്നെ ശരി എന്ന വിചാരം അവനെ പിടികൂടും.

‘പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായിതോന്നിച്ചു’ എന്ന് ക്വുര്‍ആനില്‍ പലയിടങ്ങളിലും കാണാം. അല്ലാഹുവിനോട് പിശാച് തര്‍ക്കിക്കുന്ന കാര്യം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

قَالَ أَرَءَيْتَكَ هَٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًا ‎﴿٦٢﴾‏ قَالَ ٱذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَآءً مَّوْفُورًا ‎﴿٦٣﴾‏ وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا ‎﴿٦٤﴾

അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്‌പെടുത്തുക തന്നെ ചെയ്യും. അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ്. അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്തുകൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്കുചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു. (ഖു൪ആന്‍:17/62-64)

മതബോധത്തെയും ഭക്തിയെയും കൂട്ടിക്കെട്ടി, ശിര്‍ക്കും (അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍) ബിദ്അത്തും (അനാചാരങ്ങള്‍) കൂട്ടിക്കലര്‍ത്തി പ്രതിഫലം നഷ്ടപ്പെടുത്തുക എന്നതാണ് വിശ്വാസികളെകൊണ്ട് പിശാച് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന.

قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَٰلًا ‎﴿١٠٣﴾‏ ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ‎﴿١٠٤﴾

(നബിയേ) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക്പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ്. (ഖു൪ആന്‍:18/103-104)

هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ ‎﴿١﴾‏ وُجُوهٌ يَوْمَئِذٍ خَٰشِعَةٌ ‎﴿٢﴾‏ عَامِلَةٌ نَّاصِبَةٌ ‎﴿٣﴾‏ تَصْلَىٰ نَارًا حَامِيَةً ‎﴿٤﴾

(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്. (ഖു൪ആന്‍:88/1-4)

മനുഷ്യനില്‍ പിശാചിന്റെ സ്വാധീനം വ്യാപകമായതുകൊണ്ടാണ് പിശാചില്‍നിന്നുള്ള രക്ഷതേടല്‍ ജീവിതത്തില്‍ എല്ലായ്‌പ്പോഴും ചെയ്യാന്‍ അല്ലാഹുവും റസൂലും കല്‍പിച്ചത്.

وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَٰطِينِ ‎﴿٩٧﴾‏ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ‎﴿٩٨﴾‏

നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ (പിശാചുക്കള്‍) എന്റെ അടുത്ത് സന്നിഹിതരാകുന്നതില്‍നിന്നും എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു. (ഖു൪ആന്‍:23/97-98)

وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ‎

പിശാചില്‍നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. (ഖു൪ആന്‍:41/36)

فَإِذَا قَرَأْتَ ٱلْقُرْءَانَ فَٱسْتَعِذْ بِٱللَّهِ مِنَ ٱلشَّيْطَٰنِ ٱلرَّجِيمِ

നീ ക്വുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍നിന്ന് അല്ലാഹുവോട്ശരണം തേടിക്കൊള്ളുക. (ഖു൪ആന്‍:16/98)

പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണെന്നും അവനെ എപ്പോഴും ഒരു ശത്രുവായിത്തന്നെ നിങ്ങള്‍ കാണണമെന്നും ക്വുര്‍ആന്‍ കല്‍പിച്ചിരിക്കുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةً وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ‎

സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു. (ഖു൪ആന്‍:2/208)

إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ

തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്‌. (ഖു൪ആന്‍:35/6)

മനുഷ്യന്റെ വികാരവിചാരങ്ങളെവരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു മുഖ്യശത്രുവിന്റെ നിത്യസാന്നിധ്യത്തെപ്പറ്റി മനുഷ്യന്‍ സദാ ബോധവാനാകണമെന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. അവസാനം പരലോകത്തെത്തുമ്പോള്‍ പിശാച് തന്റെ യഥാര്‍ഥ നിറം പ്രകടിപ്പിക്കുന്നത് ക്വുര്‍ആനില്‍ അല്ലാഹു വിവരിക്കുന്നു:

ﻭَﻗَﺎﻝَ ٱﻟﺸَّﻴْﻄَٰﻦُ ﻟَﻤَّﺎ ﻗُﻀِﻰَ ٱﻷَْﻣْﺮُ ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻋَﺪَﻛُﻢْ ﻭَﻋْﺪَ ٱﻟْﺤَﻖِّ ﻭَﻭَﻋَﺪﺗُّﻜُﻢْ ﻓَﺄَﺧْﻠَﻔْﺘُﻜُﻢْ ۖ ﻭَﻣَﺎ ﻛَﺎﻥَ ﻟِﻰَ ﻋَﻠَﻴْﻜُﻢ ﻣِّﻦ ﺳُﻠْﻄَٰﻦٍ ﺇِﻻَّٓ ﺃَﻥ ﺩَﻋَﻮْﺗُﻜُﻢْ ﻓَﭑﺳْﺘَﺠَﺒْﺘُﻢْ ﻟِﻰ ۖ ﻓَﻼَ ﺗَﻠُﻮﻣُﻮﻧِﻰ ﻭَﻟُﻮﻣُﻮٓا۟ ﺃَﻧﻔُﺴَﻜُﻢ ۖ ﻣَّﺎٓ ﺃَﻧَﺎ۠ ﺑِﻤُﺼْﺮِﺧِﻜُﻢْ ﻭَﻣَﺎٓ ﺃَﻧﺘُﻢ ﺑِﻤُﺼْﺮِﺧِﻰَّ ۖ ﺇِﻧِّﻰ ﻛَﻔَﺮْﺕُ ﺑِﻤَﺎٓ ﺃَﺷْﺮَﻛْﺘُﻤُﻮﻥِ ﻣِﻦ ﻗَﺒْﻞُ ۗ ﺇِﻥَّ ٱﻟﻈَّٰﻠِﻤِﻴﻦَ ﻟَﻬُﻢْ ﻋَﺬَاﺏٌ ﺃَﻟِﻴﻢٌ

കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌. (ഖു൪ആന്‍: 14/22)

8. മനുഷ്യന്‍ മനക്കരുത്തുള്ളവന്‍

ഏതു മഹാശത്രുവിന്റെ മുമ്പിലും, ഏതു അപകടമുഖത്തും ഉറച്ചുനില്‍ക്കാന്‍ മനുഷ്യന്ന് കഴിയുമെന്ന് പല സന്ദിഗ്ധ ഘട്ടങ്ങളിലെയും മനുഷ്യന്റെ ശക്തമായ നിലപാടുകളുദ്ധരിച്ചുകൊണ്ട് ക്വുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട്. ഈമാന്‍ (വിശ്വാസം) ദൃഢമാണെങ്കില്‍ അവന്‍ പേടിക്കുകയില്ല. നിരാശപ്പെടുകയില്ല. ആദര്‍ശം അടിയറവുവെക്കുകയില്ല. മലപോലെ ഉറച്ചുനില്‍ക്കാന്‍ അവന്നു മനക്കരുത്തുണ്ടായിരിക്കും. ആദമിന്റെ രണ്ടു മക്കള്‍ (ഇവരുടെ പേര് ഹാബീല്‍ എന്നും ഖാബീല്‍ എന്നും ആയിരുന്നുവെന്ന് മിക്ക വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്) തമ്മിലുണ്ടായ സംഭാഷണം ക്വുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണുക:

لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ

എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. (ഖു൪ആന്‍: 5/28)

തെറ്റുകാരനായ സഹോദരനോട് പ്രതികാരത്തിന്ന് മുതിരാതെ റബ്ബിനെ ഭയപ്പെടുന്നു എന്നു പറഞ്ഞ് മാറിനില്‍ക്കുന്ന ഒരു ആദ്യമനുഷ്യനെയാണിവിടെ നാം കാണുന്നത്.

‏ ٱلنَّارِ ذَاتِ ٱلْوَقُودِ ‎﴿٥﴾‏ إِذْ هُمْ عَلَيْهَا قُعُودٌ ‎﴿٦﴾‏ وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ ‎﴿٧﴾‏ وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ ‎﴿٨﴾‏

ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. അതായത് വിറകുനിറച്ച തീയുടെ ആള്‍ക്കാര്‍. അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം. സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന്അവര്‍ ദൃക്സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദകര്‍) ചുമത്തിയ കുറ്റം. (ഖു൪ആന്‍: 85/4-8)

സത്യവിശ്വാസം സ്വീകരിച്ച ഒരുകൂട്ടം ആളുകളെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി അവിശ്വാസികള്‍ ഒരുക്കിയ തീ കുണ്ഡത്തിനു മുമ്പില്‍ പതറാതെ രക്തസാക്ഷിത്വംവഹിച്ച ജനങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്. വിശ്വാസികള്‍ തീയില്‍ കിടന്ന് വെന്തുമരിക്കുന്നത് ആ മര്‍ദകര്‍ കണ്ടാസ്വദിക്കുകയായിരുന്നു. പൂര്‍വകാലത്തുണ്ടായ ഒരു സംഭവമാണിവിടെ സൂചിപ്പിക്കുന്നത്.

وَكَأَيِّن مِّن نَّبِىٍّ قَٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا۟ لِمَآ أَصَابَهُمْ فِى سَبِيلِ ٱللَّهِ وَمَا ضَعُفُوا۟ وَمَا ٱسْتَكَانُوا۟ ۗ وَٱللَّهُ يُحِبُّ ٱلصَّٰبِرِينَ

എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നുകൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങിക്കൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്‌നേഹിക്കുന്നു. (ഖു൪ആന്‍: 3/146)

‏ أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ

അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍(വിശ്വാസികള്‍)ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്. (ഖു൪ആന്‍: 2/214)

വളരെ നിസ്സാരമായ പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ അടിപതറുന്ന ദുര്‍ബലനായ മനുഷ്യനെയും, അതേയവസരം അതിഭീകരമായ പ്രതിസന്ധികള്‍ക്കു മുമ്പില്‍ അടിയുറച്ചുനില്‍ക്കുന്ന ശക്തനായ മനുഷ്യനെയും ക്വുര്‍ആന്‍ പരിചയപ്പെടുത്തിത്തരുന്നു. എന്നിട്ട് നാമെന്തുവേണമെന്ന് അല്ലാഹു പറയുന്നു:

وَنَفْسٍ وَمَا سَوَّىٰهَا ‎﴿٧﴾‏ فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا ‎﴿٨﴾‏ قَدْ أَفْلَحَ مَن زَكَّىٰهَا ‎﴿٩﴾‏ وَقَدْ خَابَ مَن دَسَّىٰهَا ‎﴿١٠﴾‏

മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. (ഖു൪ആന്‍: 91/7-10)

മനുഷ്യന്‍ സ്വയംപര്യാപ്തനല്ല

എത്ര വലിയ ശക്തനും പരസഹായം കൂടാതെ ജീവിക്കാന്‍ കഴിയില്ല. കാരണം സാമൂഹ്യജീവിയാണ് അവന്‍. മനുഷ്യചരിത്രത്തില്‍ സാമൂഹ്യദുരന്തങ്ങളുണ്ടായപ്പോഴെല്ലാം ഈ യാഥാര്‍ഥ്യം മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്കു ഞങ്ങള്‍ മതി എന്ന് അഹങ്കരിച്ചിരുന്ന വന്‍രാഷ്ട്രങ്ങള്‍ക്കുവരെ പരസഹായത്തിന്നു കൈനീട്ടേണ്ടിവന്നു എന്നത് കോവിഡ്-19ന്റെ വര്‍ത്തമാനകാലത്ത് ജീവിക്കുന്നവര്‍ക്ക് നേരിട്ട് ബോധ്യമായി. അതിരുകവിഞ്ഞ ആര്‍ത്തിയെയും ചൂഷണത്തെയും സാമൂഹ്യജീവിതത്തിന്റെ അടിത്തറയായി സ്വീകരിച്ച അഹങ്കാരിയായ മനുഷ്യന്ന് തന്റെ നിലപാടിന്റെ ദിശതിരിക്കാന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ഇടപെടലായിട്ടുവേണം ഇത്തരം സംഭവങ്ങളെ കാണേണ്ടത്.

ഈ ഭൂമി മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. അല്ലാഹു പറയുന്നു:

هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَٰوَٰتٍ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ‎

അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍: 2/29)

هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ ‎﴿١٥﴾‏ ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ ‎﴿١٦﴾‏ أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ‎﴿١٧﴾‏

അവനാകുന്നു നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ വിധേയമാക്കിത്തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍നിന്ന് ഭക്ഷിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്കുതന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്.  ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞുകൊണ്ടിരിക്കും. അതല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെനേരെ ഒരു ചരല്‍വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും. (ഖു൪ആന്‍: 67/15-17)

കടല്‍, കര, വെള്ളം, വായു, വെളിച്ചം, മണ്ണ് തുടങ്ങിയതെല്ലാം അല്ലാഹു മനുഷ്യന്ന് നല്‍കിയ പൊതു സ്വത്താണ്. അവയില്‍ എല്ലാവരും പരസ്പരം സഹകരിക്കണം, സഹായിക്കണം. അല്ലെങ്കില്‍ നാശമായിരിക്കും ഫലം.

ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ ‎

മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം. (ഖു൪ആന്‍: 30/41)

وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ ‎﴿٧﴾‏ أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ ‎﴿٨﴾‏ وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ ‎﴿٩﴾‏ وَٱلْأَرْضَ وَضَعَهَا لِلْأَنَامِ ‎﴿١٠﴾

ആകാശത്തെ അവന്‍ ഉയര്‍ത്തുകയും (എല്ലാകാര്യവും തൂക്കിക്കണക്കാക്കുവാനുള്ള) തുലാസ്അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്. നിങ്ങള്‍ നീതിപൂര്‍വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു. (ഖു൪ആന്‍: 55/7-10)

പ്രാപഞ്ചികവ്യവസ്ഥയുടെ സന്തുലനാവസ്ഥയിലേക്കുകൂടി ഈ ‘തുലാസ്’ എന്ന പ്രയോഗം സൂചന നല്‍കുന്നു. ശത്രുവിനോടുപോലും നീതിപുലര്‍ത്താന്‍ ക്വുര്‍ആന്‍ (5:8) കല്‍പിച്ചത് ഈ സന്തുലനം നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ്. പ്രാപഞ്ചിക വ്യവസ്ഥയിലെ സന്തുലനാവസ്ഥക്ക് താളപ്പിഴകളുണ്ടാകരുതെന്നു ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. വൈവിധ്യങ്ങള്‍ എത്രയുണ്ടെങ്കിലും ഒരു മാനവിക കൂട്ടായ്മ അനിവാര്യമാണ് മനുഷ്യര്‍ക്ക്. അവരെല്ലാവരും രക്ഷിതാവിലേക്ക് ആവശ്യക്കാരുമാണ്.

يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ

മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. (ഖു൪ആന്‍: 35/15)

ഈ പരാശ്രയത്വത്തില്‍നിന്നു മറ്റെവിടെയും രക്ഷപ്പെടാന്‍ മനുഷ്യന്ന് സാധ്യമല്ല.

يَٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَٰنٍ

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നപക്ഷം നിങ്ങള്‍ കടന്നുപോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നുപോകുകയില്ല. (ഖു൪ആന്‍: 55/33)

അതിനാല്‍ മനുഷ്യന്‍ എതൊരു സ്രഷ്ടാവിന്റെ അടിമയാണോ ആ സ്രഷ്ടാവിന്റെ പരമാധികാരത്തിന്‍ കീഴിലാണുള്ളതെന്ന ബോധത്തോടെ അവനെ അനുസരിച്ച്, വിനയപ്പെട്ടു ജീവിക്കലാണ് ബുദ്ധി.

وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ وَٱلْأَرْضُ جَمِيعًا قَبْضَتُهُۥ يَوْمَ ٱلْقِيَٰمَةِ وَٱلسَّمَٰوَٰتُ مَطْوِيَّٰتُۢ بِيَمِينِهِۦ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ

അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതുകൈയില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു. (ഖു൪ആന്‍: 39/67)

മനുഷ്യന്റെ മറ്റൊരു മുഖമാണ് കാപട്യം

സത്യവിശ്വാസി, നിഷേധി; ഈ രണ്ടുവിഭാഗത്തിനിടയില്‍ കപടവിശ്വാസി എന്നൊരു വിഭാഗത്തെക്കുറിച്ചുകൂടി ക്വുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നു. വിശ്വാസം എന്നത് ബാഹ്യപ്രകടനങ്ങളോ മനസ്സില്‍തട്ടാത്ത പ്രഖ്യാപനങ്ങളോ ആവരുത്. മനസ്സാവാചാകര്‍മണാ വിശ്വാസിയാവണം.

قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُوا۟ وَلَٰكِن قُولُوٓا۟ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُوا۟ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ‎

ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴിപെട്ടിരിക്കുന്നു. എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മഫലങ്ങളില്‍ നിന്ന് യാതൊന്നും അവന്‍ കുറവ് വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:49/14)

വിശ്വാസപരമായ കാപട്യം മുതല്‍ സത്യസന്ധതക്ക് വിരുദ്ധമായ സ്വഭാവങ്ങള്‍വരെ കാപട്യത്തിന്റെ ലക്ഷണമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു.

وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَٰكِن لَّا يَعْلَمُونَ ‎

മറ്റുള്ളവർ വിശ്വസിച്ചതുപോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ ഈ മൂഢൻമാർ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കുകയോ എന്നായിരിക്കും അവർ മറുപടി പറയുക. എന്നാൽ യഥാർഥത്തിൽ അവർതന്നെയാകുന്നു മൂഢൻമാർ. പക്ഷേ, അവരത് അറിയുന്നില്ല. (ഖുര്‍ആൻ:2/13)

വിശ്വാസികളെയും വിശ്വാസത്തെയും പരിഹസിക്കുക, വിശ്വാസികളുടെ കൂട്ടത്തിലെത്തുമ്പോള്‍ വിശ്വാസിയായി അഭിനയിക്കുകയും അവിശ്വാസികള്‍ക്കിടയില്‍ അവരോട് ആദര്‍ശബന്ധം പുലര്‍ത്തുകയും ചെയ്യുക, നബി ﷺ യുടെ തീരുമാനങ്ങളെ (സുന്നത്തിനെ) പുഛിക്കുക, ഇതര ആദര്‍ശങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുക തുടങ്ങിയ ഗുരുതരമായ വ്യതിയാനങ്ങളെ ക്വുര്‍ആന്‍ കാപട്യത്തിന്റെ ലക്ഷണമായി വിവരിച്ചതു കാണാം.

وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَٰفِقِينَ يَصُدُّونَ عَنكَ صُدُودًا ‎

അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങൾ വരൂ എന്ന് അവരോട് പറയപ്പെട്ടാൽ ആ കപടവിശ്വാസികൾ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞു പോകുന്നത് നിനക്ക് കാണാം. (ഖുര്‍ആൻ:4/61)

إِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ غَرَّ هَٰٓؤُلَآءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٌ ‎

ഈ കൂട്ടരെ (മുസ്‌ലിംകളെ) അവരുടെ മതവിശ്വാസം വഞ്ചിച്ചുകളഞ്ഞിരിക്കുന്നു എന്ന് കപടവിശ്വാസികളും മനസ്സില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭമത്രെ അത്. വല്ലവനും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖുര്‍ആൻ:8/49)

ഇത്തരം ഗുരുതരമായ കാപട്യമുള്ളവര്‍ ഖേദിച്ച് മടങ്ങാത്തപക്ഷം അവരെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്:

إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. (ഖുര്‍ആൻ:4/145)

وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَٰبِ أَنْ إِذَا سَمِعْتُمْ ءَايَٰتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا۟ مَعَهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦٓ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ ٱللَّهَ جَامِعُ ٱلْمُنَٰفِقِينَ وَٱلْكَٰفِرِينَ فِى جَهَنَّمَ جَمِيعًا ‎

അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്നപക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചുതന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും. (ഖുര്‍ആൻ:4/140)

തെറ്റുകള്‍ സംഭവിക്കുക എന്നത് സ്വാഭാവികമാണ്. തെറ്റാണെന്ന് ബോധ്യമായാല്‍ യഥാര്‍ഥ വിശ്വാസികള്‍ പശ്ചാത്തപിക്കുകയും തെറ്റില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്യും. എന്നാല്‍ ചെയ്ത തിന്മയില്‍ ഉറച്ചുനില്‍ക്കുകയും അതില്‍ അഹങ്കരിക്കുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്നതും കാപട്യത്തിന്റെ ലക്ഷണമാണ്.

وَمِنَ ٱلنَّاسِ مَن يُعْجِبُكَ قَوْلُهُۥ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيُشْهِدُ ٱللَّهَ عَلَىٰ مَا فِى قَلْبِهِۦ وَهُوَ أَلَدُّ ٱلْخِصَامِ ‎﴿٢٠٤﴾‏ وَإِذَا تَوَلَّىٰ سَعَىٰ فِى ٱلْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ ٱلْحَرْثَ وَٱلنَّسْلَ ۗ وَٱللَّهُ لَا يُحِبُّ ٱلْفَسَادَ ‎﴿٢٠٥﴾‏ وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتْهُ ٱلْعِزَّةُ بِٱلْإِثْمِ ۚ فَحَسْبُهُۥ جَهَنَّمُ ۚ وَلَبِئْسَ ٱلْمِهَادُ ‎﴿٢٠٦﴾

ചില ആളുകളുണ്ട്; ഐഹികജീവിതകാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷിനിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ. അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ദുരഭിമാനം അവരെ പാപത്തില്‍ പിടിച്ചുനിര്‍ത്തുന്നു. അവര്‍ക്ക് നരകം തന്നെ മതി. അത് എത്ര മോശമായ മെത്ത!(ഖുര്‍ആൻ:2/204-206)

ദൃഢമായ വിശ്വാസം നഷ്ടപ്പെടുകവഴി ജീവിതത്തില്‍ സത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയെ ക്വുര്‍ആന്‍ വിവരിക്കുന്നു:

إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا ‎﴿١٤٢﴾‏ مُّذَبْذَبِينَ بَيْنَ ذَٰلِكَ لَآ إِلَىٰ هَٰٓؤُلَآءِ وَلَآ إِلَىٰ هَٰٓؤُلَآءِ ۚ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًا ‎﴿١٤٣﴾‏

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാന്‍വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ചുമാത്രമെ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ. ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന് പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല” (ഖുര്‍ആൻ:4/142-143)

ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ بَعْضُهُم مِّنۢ بَعْضٍ ۚ يَأْمُرُونَ بِٱلْمُنكَرِ وَيَنْهَوْنَ عَنِ ٱلْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا۟ ٱللَّهَ فَنَسِيَهُمْ ۗ إِنَّ ٱلْمُنَٰفِقِينَ هُمُ ٱلْفَٰسِقُونَ

കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേതരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും സദാചാരത്തില്‍നിന്ന് വിലക്കുകയും തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍. (ഖുര്‍ആൻ:9/167)

കളവുപറയല്‍, വഞ്ചന, വാഗ്ദത്തലംഘനം തുടങ്ങിയ ദുര്‍ഗുണങ്ങള്‍വരെ കാപട്യത്തിന്റെ ലക്ഷണമായി നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. നബി ﷺ യുടെ ജീവിതകാലത്തുതന്നെ, മുസ്‌ലിം സമൂഹത്തിന്നിടയില്‍ പൊയ്മുഖത്തോടെ ജീവിക്കുകയും സ്വഹാബികളോടൊപ്പം മസ്ജിദുകളിലും പൊതുകാര്യങ്ങളിലും യുദ്ധമുഖത്തുവരെയും സഹകരിച്ചു എന്നു വരുത്തുകയും ചെയ്ത കപടവിശ്വാസികളുണ്ടായിരുന്നു. നബിലക്കു പോലും വഹ്‌യ് (ദിവ്യബോധനം) മുഖേനയാണ് അവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കേണ്ട സ്വഭാവമാണ് കാപട്യമെന്ന് സ്വഹാബികള്‍ മനസ്സിലാക്കി. കാപട്യത്തില്‍ നിന്ന് അവര്‍ സദാ അല്ലാഹുവോട് രക്ഷതേടാറുണ്ടായിരുന്നു

മനുഷ്യനെപ്പറ്റി ക്വുര്‍ആനിലെ ഉപമകള്‍

മനുഷ്യന്റെ വിശ്വാസം, സ്വഭാവം, പെരുമാറ്റം, കര്‍മങ്ങള്‍ തുടങ്ങി പലതിന്റെയും അടിസ്ഥാനത്തില്‍ അവനെ പലതിനോടും അല്ലാഹു ഉപമിച്ചതായി ക്വുര്‍ആനില്‍ കാണാം. ഏതാനും ഉദാഹരണങ്ങള്‍ മനസ്സിലാക്കാം:

1. ഇരുട്ടില്‍ തപ്പിത്തടയുന്നവന്‍

مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَٰتٍ لَّا يُبْصِرُونَ

അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു. (ഖു൪ആന്‍:2/17)

ദൈവികമായ വെളിച്ചം ലഭിക്കാതെ ജീവിച്ച ഒരാള്‍ ഇസ്‌ലാമിലേക്ക് വരികയും ആ വെളിച്ചത്തില്‍ ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കി സത്യസന്ധനായ മുസ്‌ലിമായി ജീവിക്കുന്നതിന്ന് പകരം വീണ്ടും തിന്മകളുടെ ഇരുട്ടില്‍ പെട്ട് വഴിതെറ്റിപ്പോവുകയും ചെയ്ത ഒരാളുടെ ഉപമയാണിത്. വിശ്വാസിയായതിന് ശേഷം കപടവിശ്വാസിയായി മാറിയ ഒരാളെയാണ് ഈ ഉപമയില്‍ കാണുന്നത്. ഇങ്ങനെ കാപട്യത്തിലേക്ക് ആപതിച്ചുപോയാല്‍ പിന്നീട് തിരിച്ചുവരാന്‍ കഴിയാത്തവിധം വീണ്ടുവിചാരശേഷി നഷ്ടപ്പെട്ടു കണ്ടും കേട്ടും സത്യത്തിലെത്തിച്ചേരാന്‍ കഴിയാതെ നരകത്തില്‍ പതിച്ചുപോകുമെന്ന് ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. സത്യവിശ്വാസി ജാഗ്രത പാലിക്കണമെന്നു കൂടി ഇത് നമ്മെ പഠിപ്പിക്കുന്നു.

‘ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ’ എന്ന് നിത്യവും നിര്‍ബന്ധമായി പതിനേഴുവട്ടം പ്രാര്‍ഥിക്കാന്‍ മുസ്‌ലിം കല്‍പിക്കപ്പെട്ടിട്ടുണ്ടല്ലോ.

‘ഹൃദയങ്ങളെ മറിച്ചുകൊണ്ടിരിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ മതത്തില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ’ എന്ന് നബി ﷺ എപ്പോഴും പ്രാര്‍ഥിക്കാറുണ്ടായിരുന്നു (തിര്‍മിദി).

2. ഇടിയിലും മഴയിലും പെട്ടവന്‍

أَوْ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطُۢ بِٱلْكَٰفِرِينَ ‎﴿١٩﴾‏ يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَٰرَهُمْ ۖ كُلَّمَآ أَضَآءَ لَهُم مَّشَوْا۟ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُوا۟ ۚ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَٰرِهِمْ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ‎﴿٢٠﴾

അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണംഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നുപോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നുപോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്. (ഖു൪ആന്‍:2/19-20)

നേരത്തെ കപടവിശ്വാസികളെ ഉപമിച്ചതിന്റെ മറ്റൊരു രൂപമാണ് ഈ വചനത്തിലുള്ളത്. വിശ്വാസമുണ്ടെങ്കിലും അതിന്റെ ദുര്‍ബലതയാല്‍ ഇസ്‌ലാമിക ജീവിതത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാതെ സംശയത്തിലും ആശയക്കുഴപ്പത്തിലും പെട്ട് ആടിയുലയുന്ന ആളുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. അവര്‍ക്ക് ക്വുര്‍ആനിന്റെ താക്കീതുകളും കല്‍പനകളും കേള്‍ക്കാന്‍ ഇഷ്ടമില്ല. അവയെ അവഗണിക്കുകയും കേള്‍ക്കാതിരിക്കാന്‍ അവര്‍ കൈവിരലുകള്‍ കാതില്‍ തിരുകിവയ്ക്കുകയും ചെയ്യുന്നു.

3. ജന്തുക്കളോട് ഒച്ചയിടുന്നവര്‍

وَمَثَلُ ٱلَّذِينَ كَفَرُوا۟ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَآءً وَنِدَآءً ۚ صُمُّۢ بُكْمٌ عُمْىٌ فَهُمْ لَا يَعْقِلُونَ

സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല. (ഖു൪ആന്‍:2/171)

ബുദ്ധി നല്‍കി അല്ലാഹു അനുഗ്രഹിച്ച സൃഷ്ടിയാണ് മനുഷ്യന്‍. അതുപയോഗപ്പെടുത്താതെ, ആരൊക്കെയോ ചെയ്യുന്നത് കണ്ട് അന്ധമായി അവരെ പിന്തുടരുന്നവരെ പറ്റിയാണിവിടെ വിവരിക്കുന്നത്. അല്ലാഹു ഇറക്കിത്തന്നത് പിന്തുടര്‍ന്നു ജീവിക്കണമെന്ന് പറയപ്പെടുമ്പോള്‍, അല്ല ഞങ്ങളുടെ പിതാക്കള്‍ ചെയ്തുവന്നതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്ന് പറയുന്ന ഒരു വിഭാഗത്തെപ്പറ്റി വിവരിച്ചതിന്നു ശേഷമാണ് ഈ ഉപമ എന്നത് ശ്രദ്ധേയമാണ്.

4. കതിര്‍ക്കുലകള്‍

مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍ مِّا۟ئَةُ حَبَّةٍ ۗ وَٱللَّهُ يُضَٰعِفُ لِمَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്’. (ഖു൪ആന്‍:2/261)

ആത്മാര്‍ഥതയുടെ വിലയാണിവിടെ കാണുന്നത്. അല്ലാഹുവിന്റെ പ്രീതിമാത്രം പ്രതീക്ഷിച്ചു ധര്‍മം ചെയ്യുന്നവരോട് അല്ലാഹു കാണിക്കുന്ന കാരുണ്യത്തിന്റെ വൈപുല്യവും ഈ ഉപമയില്‍ കാണാം. ഒരു ധാന്യമണി മുളച്ചുവളര്‍ന്ന് എഴുന്നൂറായി വര്‍ധിക്കുന്നപോലെ ചെറിയ ധര്‍മത്തിന്നുപോലും ഇരട്ടികളായി, ചിലപ്പോള്‍ അതിലധികവും പുണ്യവും പ്രതിഫലവും നല്‍കി അല്ലാഹു സ്വീകരിക്കുമെന്ന പ്രോത്സാഹനം ഈ ഉപമ ഉള്‍ക്കൊള്ളുന്നു. ഏതൊരു കര്‍മത്തിന്റെയും ബാഹ്യഭാവങ്ങളല്ല, മനസ്സിന്റെ ശുദ്ധിയാണ് അല്ലാഹുവിങ്കല്‍ പരിഗണിക്കപ്പെടുക.

അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലേഛ കൂടാതെ, പേരും പ്രശസ്തിയും ആഗ്രഹിച്ച് നല്‍കുന്ന ധര്‍മങ്ങളെ മിനുസമുള്ള പാറകള്‍ക്കുമുകളിലെ മണ്ണിനോട് ക്വുര്‍ആന്‍ ഉപമിച്ചതായി കാണാം:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍ مِّمَّا كَسَبُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ

സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവുചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്തമഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:2/264)

നല്ലൊരു മഴ പെയ്താല്‍ ആ മണ്ണ് ഒലിച്ചുപോയി മൊട്ടപ്പാറയായി മാറുന്നു. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുള്ള ദാനധര്‍മങ്ങളെ കാറ്റും വെളിച്ചവും ധാരാളമായി ലഭിക്കുന്ന ഉയര്‍ന്ന പ്രദേശത്തെ ഒരു തോട്ടത്തിനോടാണ് ക്വുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്.

وَمَثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتًا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةِۭ بِرَبْوَةٍ أَصَابَهَا وَابِلٌ فَـَٔاتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ

അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:2/265)

ആ തോട്ടത്തില്‍ നല്ലൊരു മഴ കിട്ടിയാല്‍ ഇരട്ടി വിളയുണ്ടാകും, ഒരു ചാറ്റല്‍മഴ ലഭിച്ചാലും ആ തോട്ടത്തിന്ന് മെച്ചപ്പെട്ട ഉല്‍പാദനക്ഷമതയുണ്ടാവും. പ്രകടനപരതയും എടുത്തുപറയലും എത്രവലിയ ദാനങ്ങളുടെയും ഫലം, തീക്കാറ്റടിച്ച് നശിച്ച തോട്ടത്തെപ്പോലെ നിഷ്ഫലമാക്കുമെന്നും ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

5. ശ്വാസതടസ്സം നേരിടുന്നവന്‍

فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ

ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെമേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു. (ഖു൪ആന്‍:6/125)

സന്മാര്‍ഗം ലഭിക്കാത്ത മനുഷ്യന്റെ മാനസികാവസ്ഥയാണിവിടെ ഉദാഹരണസഹിതം അല്ലാഹു വിവരിക്കുന്നത്. കുത്തനെ മുകളിലേക്ക് കയറിപ്പോകുന്ന ഒരാള്‍ക്ക് ഉയരം ചെല്ലുന്തോറും ഞെരുക്കം കൂടിക്കൂടിവരുന്നു. ശ്വാസോച്ഛ്വാസത്തിന്ന് ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഹൃദയമിടിപ്പിന്റെ ക്രമം തെറ്റുന്നു. ഇതു പോലെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലതും ചെയ്യുക എന്നത് ചിലയാളുകള്‍ക്ക് അസഹനീയമാണ്. കൃത്യമായി സകാത്ത് കൊടുക്കുക ചിലര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ അനാവശ്യങ്ങള്‍ക്കുവേണ്ടി എത്ര െചലവാക്കാനും അവര്‍ക്ക് മടിയില്ല. അഞ്ചുനേരം ഭക്തിപൂര്‍വം നമസ്‌കരിക്കുക എന്നത് പലര്‍ക്കും ഭാരമാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല, സമയമില്ല, ശ്രദ്ധകിട്ടുന്നില്ല എന്നിങ്ങനെ ഒഴിവുകഴിവു പറയുന്നവര്‍ ഉറക്കൊഴിച്ച് എത്ര നേരമെങ്കിലും സ്‌ക്രീനുകള്‍ക്കു മുമ്പിലിരുന്ന് ശ്രദ്ധാപൂര്‍വം കാഴ്ചകള്‍ കാണാന്‍ മടികാണിക്കാറില്ല. അപ്രകാരം സന്മാര്‍ഗം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അല്ലാഹു വഴിപിഴവിലാക്കുമ്പോള്‍ നല്ലതു കേള്‍ക്കുവാനും ചിന്തിക്കുവാനും ചെയ്യുവാനും മനസ്സുവരാത്തവരായി അവര്‍ മാറും. ഈമാനിന്റെ മധുരം ആസ്വദിക്കാന്‍ അത്തരം ആളുകള്‍ക്ക് കഴിയുകയില്ല.

6. കിതക്കുന്ന നായ

وَلَوْ شِئْنَا لَرَفَعْنَٰهُ بِهَا وَلَٰكِنَّهُۥٓ أَخْلَدَ إِلَى ٱلْأَرْضِ وَٱتَّبَعَ هَوَىٰهُ ۚ فَمَثَلُهُۥ كَمَثَلِ ٱلْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا ۚ فَٱقْصُصِ ٱلْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ

നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെവിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം. (ഖു൪ആന്‍:7/176)

വേദജ്ഞാനം ലഭിച്ച ഒരു മഹാപണ്ഡിതന്‍ ഭൗതിക നേട്ടങ്ങള്‍ക്കു പിന്നാലെ പോയി അധാര്‍മികതയിലേക്കും അവിശ്വാസത്തിലേക്കും വഴുതിവീണ സംഭവത്തെക്കുറിച്ചാണ് ഈ ഉപമയെന്ന് വ്യാഖ്യാതാക്കള്‍ വിവരിച്ചത് കാണാം. ജ്ഞാനവും ബോധവും ലഭിക്കുമ്പോള്‍ ധാര്‍മികതയുടെ ഉന്നതതലങ്ങൡലേക്ക് ഉയരുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഭൗതികതയുടെ നിസ്സാരതാല്‍പര്യത്തിലേക്ക് തിരിഞ്ഞു സ്വയംനശിച്ച വ്യക്തിയെയാണ് നായയോടുപമിച്ചത്. നായയെ ആക്രമിച്ചോടിച്ചാല്‍ അതു നാവു തൂക്കിയിട്ട് കിതക്കുന്നത് കാണാം; അറിവും ബോധവുമില്ലാത്തവര്‍ ഭൗതിക സുഖങ്ങള്‍ക്ക് ഓടിക്കിതക്കുന്നത് പോലെ. എന്നാല്‍ നായയെ ഒന്നും ചെയ്യാതെ, എല്ലാ സുഖസൗകര്യങ്ങളും ഭക്ഷണവും നല്‍കി ഒരിടത്ത് കെട്ടിയിട്ടാലും അത് കിതക്കുന്നത് കാണാം. അത് പോലെയാവരുത് മനുഷ്യന്‍. അറിവും ബോധവുമുള്ളവന്‍ അതിനനുസരിച്ച് ഉയര്‍ന്ന് ധാര്‍മികനിഷ്ഠ പുലര്‍ത്തണം. അറിവും ബോധവും ഇല്ലാത്തവരെപ്പോലെയാവരുത്.

7. കാലികള്‍

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُو۟لَٰٓئِكَ كَٱلْأَنْعَٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَٰٓئِكَ هُمُ ٱلْغَٰفِلُونَ

ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളംപേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്.അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (ഖു൪ആന്‍:7/179)

ഒരു മൃഗം തിന്നാനും കുടിക്കാനും സുരക്ഷയ്ക്കും ലൈംഗികശമനത്തിന്നും അതിന്റെ ഇന്ദ്രിയശക്തി ഉപയോഗിക്കുന്നു. അതിന്നപ്പുറം മറ്റൊരു സംവേദനശേഷി അവ പ്രകടിപ്പിക്കാറില്ല. ചിലയാളുകളും അതുപോലെയാണ്. യഥേഷ്ടം തിന്നാനും ഉല്ലസിക്കാനും ഭോഗിക്കാനും ജീവിതം എങ്ങനെയെങ്കിലും ആസ്വദിക്കാനും ആവശ്യമായ ബുദ്ധിയും തന്റേടവും സംവേദനക്ഷമതയും അവര്‍ പ്രകടിപ്പിക്കുന്നത് കാണാം. എന്നാല്‍ ഇതെല്ലാം അനുഗ്രഹിച്ച് നല്‍കുന്ന സ്രഷ്ടാവിനെപ്പറ്റിയുള്ള ബോധമോ അവന്റെ മാര്‍ഗദര്‍ശനങ്ങളോ അവര്‍ക്കറിയില്ല. മൃഗങ്ങള്‍ മണ്ണായിത്തീരുമ്പോള്‍, മനുഷ്യര്‍ക്ക് സ്വര്‍ഗം, നരകം എന്നീ രണ്ടു പര്യവസാനങ്ങളുണ്ടെന്ന ബോധം അവര്‍ക്കില്ല. അതിനാല്‍ അവര്‍ മൃഗങ്ങളെക്കാള്‍ അധമരാണ്

8. പ്രകാശത്തിന്നുമേല്‍ പ്രകാശം

ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ

അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക്ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രംപോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറുഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിനു മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്കുവേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ. (ഖു൪ആന്‍:24/35)

പകല്‍ മുഴുവനും വെയിലേറ്റു നില്‍ക്കുന്ന ഒലീവു മരത്തിന്റെ എണ്ണ ഏറ്റവും ശുദ്ധമായിരിക്കും. ജന്മനാ മനുഷ്യന്‍ ശുദ്ധപ്രകൃതിയിലാണുള്ളത്. ആ പ്രകൃതി ഒരു നിലയ്ക്കും മലിനമാകാതെ, അതിലേക്ക് ദൈവവിശ്വാസവും അവനെ സംബന്ധിച്ചുള്ള ജ്ഞാനവും പ്രവേശിക്കുന്നതോടെ അതിന് വെളിച്ചം കൂടി. പ്രകൃത്യാ ശുദ്ധമായ ഒലീവെണ്ണ വിളക്കിലൊഴിച്ച് തിരികത്തിച്ച പോലെ ഇരുട്ട് പോയി പ്രകാശം വന്നു. തനിക്കു ലഭിച്ച ജ്ഞാനത്തിന്നനുസരിച്ച് വിശ്വാസം (ഈമാന്‍) വര്‍ധിച്ചപ്പോള്‍ മനസ്സു മാലിന്യമുക്തമായി. തിളങ്ങുന്ന സ്ഫടികത്തെ പോലെ വിശുദ്ധിയുടെ വൈവിധ്യങ്ങളായ പ്രകാശം മേല്‍ക്കുമേല്‍ കാണാറായി. ശുദ്ധപ്രകൃതിയാല്‍ തിളങ്ങുന്ന ഹൃദയത്തിലേക്ക് ഈമാനിന്റെയും വിജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും പ്രകാശങ്ങള്‍ ഒത്തുചേര്‍ന്നു. ഇതാണ് ഉപമയുടെ പൊരുള്‍ എന്നാണ് മനസ്സിലാകുന്നത്.

മനുഷ്യന്‍ ഏതു സാഹചര്യത്തിലാണെങ്കിലും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. പിന്നീട് അവന്റെ വളര്‍ച്ചയില്‍ ഇടപെടുന്നവരാണ് ആ വിശുദ്ധിക്ക് കളങ്കമായ ശീലങ്ങളും ചിന്തകളും നല്‍കി അതിനെ മലിനമാക്കുന്നത്. എന്നാല്‍ ആ വിശുദ്ധിയെ പരിപോഷിപ്പിക്കുന്ന ഈമാനികബോധവും ദീനിജ്ഞാനവും ബോധവും നല്‍കിയാല്‍ ലോകത്തിന്ന് വെളിച്ചം നല്‍കാന്‍ മനുഷ്യന്ന് സാധിക്കുമെന്ന സൂചന ഈ ഉപമയില്‍ കാണാം.

9. മരീചികതേടി നിരാശപ്പെടുന്നര്‍

وَٱلَّذِينَ كَفَرُوٓا۟ أَعْمَٰلُهُمْ كَسَرَابِۭ بِقِيعَةٍ يَحْسَبُهُ ٱلظَّمْـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمْ يَجِدْهُ شَيْـًٔا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥ ۗ وَٱللَّهُ سَرِيعُ ٱلْحِسَابِ

അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായിത്തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ. (ഖു൪ആന്‍:24/39)

സത്യനിഷേധിയുടെ മനസ്സിനെ വരണ്ട മരുഭൂമിയോട് ക്വുര്‍ആന്‍ ഉപമിച്ചു. എന്നാല്‍ യഥാര്‍ഥ ഈമാന്‍ ഉള്‍ക്കൊണ്ട വിശ്വാസികളെ എക്കാലത്തും ഫലം നല്‍കുന്ന വൃക്ഷത്തിനോടാണ് അല്ലാഹു ഉപമിച്ചത്.

أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِى ٱلسَّمَآءِ ‎﴿٢٤﴾‏تُؤْتِىٓ أُكُلَهَا كُلَّ حِينِۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ‎﴿٢٥﴾‏ وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍ ‎﴿٢٦﴾

അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരംപോലെയാകുന്നു. അതിന്‍ന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന്അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പ്പുമില്ല. (ഖു൪ആന്‍:14/24-26)

അവിശ്വാസത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. മരുഭൂമിയില്‍ കാണുന്ന മരീചിക വെള്ളമാണെന്ന് കരുതി അവിടെ ചെന്നു നോക്കിയാല്‍ നിരാശരാകുന്നവരുടെ അവസ്ഥയാണവര്‍ക്കുള്ളത്. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താകും. ഒടുവില്‍ നിരാശ മാത്രം ബാക്കിയാകും. സത്യവിശ്വാസവും,ആത്മാര്‍ഥതയും നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കേ പ്രതീക്ഷക്ക് വകയുള്ളു.

10. കൂരിരുട്ടില്‍പെട്ട ഹതഭാഗ്യന്‍

أَوْ كَظُلُمَٰتٍ فِى بَحْرٍ لُّجِّىٍّ يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ مِّن فَوْقِهِۦ سَحَابٌ ۚ ظُلُمَٰتُۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ ‎

അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനുമീതെ വീണ്ടും തിരമാല. അതിനുമീതെ കാര്‍മേഘം. അങ്ങനെ ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല. (ഖു൪ആന്‍:24/40)

വിശ്വാസത്തിന്റെ പ്രകാശം ഒരാളുടെ ഹൃദയത്തില്‍നിന്ന് നഷ്ടമായാല്‍, പിന്നെ തന്റെ നിലപാടിലും പ്രവര്‍ത്തനത്തിലും സ്വഭാവത്തിലും വര്‍ത്തനങ്ങളിലും അത് പ്രകടമാവും. അറിവില്ലായ്മയും അവിവേകവും അവനെ നയിക്കും. ആകെക്കൂടി കൂരിരുട്ടാവും ജീവിതം. ആഴക്കടലിന്റെ സ്വഭാവികമായ ഇരുട്ടില്‍ മുകള്‍പ്പരപ്പിലെ മേല്‍ക്കുമേലുള്ള തിരമാലകളും മേഘംമൂടിയ അന്തരീക്ഷവും രാത്രിയുമായാല്‍ ഇരുട്ടിന്മേല്‍ ഇരുട്ടാവുന്ന പോലെ ഇത്തരം ആളുകളില്‍ നന്മയുടെ വെളിച്ചം കാണുകയില്ല.

11. എട്ടുകാലിയുടെ വീട്

مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ

അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട്തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍! (ഖു൪ആന്‍:29/41)

അല്ലാഹുവല്ലാത്തവരോട് വിളിച്ചുപ്രാര്‍ഥിക്കുന്നതിനെയും അവരില്‍നിന്ന് ഗുണമോ ദോഷമോ പ്രതീക്ഷിക്കുന്നതിനെയും എട്ടുകാലി വലയോട് ഉപമിച്ചത് വ്യക്തമാണ്. കണ്ടാല്‍ വലിയതായി തോന്നുമെങ്കിലും എത്ര ദുര്‍ബലമാണ് ആ വല! ഇപ്രകാരം ശിര്‍ക്കിന്റെ കൂടാരങ്ങളായ ദര്‍ഗകളും മറ്റു കേന്ദ്രങ്ങളും കൂടീരങ്ങളും അവയോടനുബന്ധിച്ച ഉല്‍സവച്ചടങ്ങുകളും എത്ര ഗംഭീരമായി തോന്നപ്പെട്ടാലും ഒന്നും ആര്‍ക്കും ചെയ്തുകൊടുക്കാന്‍ കഴിയാത്ത ദുര്‍ബല കേന്ദ്രങ്ങളാണവ എന്ന് ഈ ഉപമ വ്യക്തമാക്കുന്നു.

12. അടിമയെപ്പോലെ

ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَٰنُكُم مِّن شُرَكَآءَ فِى مَا رَزَقْنَٰكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَٰتِ لِقَوْمٍ يَعْقِلُونَ

നിങ്ങളുടെ കാര്യത്തില്‍നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെ(അടിമകളെ)യും നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ചു മനസ്സിലാക്കുന്ന ജനങ്ങള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു. (ഖു൪ആന്‍:30/28)

സൃഷ്ടികളെ ആരാധിക്കുകയും അവരില്‍നിന്ന് രക്ഷാശിക്ഷകള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്ന ആളുകളെയാണ് ഈ ഉപമ അഭിസംബോധന ചെയ്യുന്നത്. അടിമ-യജമാനന്‍ സമ്പ്രദായം നിലനിന്നിരുന്ന കാലത്തുള്ള സംബോധനയാകയാല്‍ ആ സമൂഹത്തിന്ന് പെട്ടെന്ന് മനസ്സിലാകുന്ന ചോദ്യമാണിത്. യജമാനന്നുള്ള അവകാശവും അധികാരവും തങ്ങളുടെ അടിമകള്‍ക്ക് അവര്‍ വകവെച്ചുകൊടുക്കുമോ? അപ്രകാരം ജഗന്നിയന്താവായ അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ആരാധന, അവന്റെ ദാസന്മാര്‍ക്ക് എങ്ങനെയാണ് അവര്‍ ചെയ്യുക? ശിര്‍ക്ക് എത്രമാത്രം അനീതിയും അനര്‍ഥവുമാണ്!

13. കുറെ യജമാനന്മാരുള്ള ഒരടിമ

ضَرَبَ ٱللَّهُ مَثَلًا رَّجُلًا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്‍മാര്‍. ഒരു യജമാനനു മാത്രം കീഴ്‌പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:39/29)

ബഹുദൈവാരാധകന്റെ അവസ്ഥ വിവരിക്കുന്ന ഉപമയാണിത്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരാള്‍ക്ക് അവന്റെ കല്‍പനകള്‍ മാത്രം അനുസരിച്ച് അവനെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ മതി. പല ദൈവങ്ങളെയും ആരാധിക്കുന്നവര്‍ ആരെയൊക്കെ, എപ്പോഴൊക്കെ, എങ്ങനെ തൃപ്തിപ്പെടുത്തണമെന്നറിയാത്ത ഗതികേടിലാകുന്നതാണ്. വഴക്കടിക്കുന്ന കുറെ യജമാനന്മാരുടെ ഒരു അടിമക്ക് സംഭവിക്കുന്നതും ഈ ഗതികേടുതന്നെയാണല്ലോ.

14. കൗതുകമുള്ള കൃഷി

مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمَۢا

മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്.അതാണ് തൗറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെപ്പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട്അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഖു൪ആന്‍:48/29)

കരുത്തുകാട്ടി വളര്‍ന്നു നിവര്‍ന്നുനില്‍ക്കുന്ന കാര്‍ഷികവിളകള്‍ ആരെയും കൗതുകപ്പെടുത്തുന്നത് പോലെ, വിശ്വാസി സമൂഹം വിശ്വാസപരമായ അടിത്തറയിന്മേല്‍ എല്ലാരംഗത്തും കരുത്തോടെ വളര്‍ന്നു പുരോഗതി പ്രാപിച്ച്, പരസ്പരം സഹകരിച്ച് ഭദ്രമായ ഒരു സമൂഹമായി വളരണമെന്ന സന്ദേശമാണ് ഇതില്‍ കാണുന്നത്. ഇന്‍ജീലില്‍ വിശേഷിപ്പിക്കപ്പെട്ട ഈ സാമൂഹ്യക്ഷമത സ്വഹാബികളില്‍ കാണപ്പെട്ടതിനാല്‍ ഇന്‍ജീലിന്റെ അനുയായികള്‍പോലും ക്ഷുഭിത മനസ്സോടെ മുസ്‌ലിംകളെ നോക്കിക്കണ്ടിരുന്നു എന്നത് ചരിത്രസാക്ഷ്യമാണ്. പിന്നാക്കക്കാരും പതിതരുമായി കഴിയേണ്ടവരല്ല മുഹമ്മദ് നബി ﷺ യുടെ അനുയായികളെന്നും, മറിച്ച് പ്രതാപത്തോടുകൂടി ഉയിര്‍ത്തെഴുന്നേറ്റ് പ്രവാചക സന്ദേശത്തിന്റെ വാഹകരാകാന്‍ ശ്രമിക്കണമെന്നുമുള്ള പാഠം ഈ ഉപമയിലടങ്ങിയിരിക്കുന്നു.

15. ഗ്രന്ഥച്ചുമടേറ്റിയ കഴുത

مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارَۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ

തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല. (ഖു൪ആന്‍:62/5)

മുന്‍കഴിഞ്ഞ ഒരു വേദഗ്രന്ഥത്തിന്റെ അനുയായികളെ പേരെടുത്തു പറഞ്ഞുകൊണ്ട് ഈ ഉപമ വിവരിക്കുന്നത് ക്വുര്‍ആന്‍ എന്ന വേദഗ്രന്ഥത്തിന്റെ അനുയായികളോടാണ്. വേദഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചത് അതിന്റെ സന്ദേശങ്ങള്‍ പഠിച്ചു ജീവിക്കാനാണ്. ക്വുര്‍ആനിന്റെ പ്രഥമ സന്ദേശംതന്നെ വായിക്കുക എന്നാണല്ലോ. ക്വുര്‍ആനിന്റെ ആളായി അഭിനയിക്കുകയും എന്നാല്‍ ക്വുര്‍ആന്‍ പഠിക്കാതെയും അതിലുള്ളത് എന്താണെന്നറിയാതെയും ജീവിക്കുന്നവന് ചേരുന്ന വിശേഷണം ഗ്രന്ഥം ചുമക്കുന്ന കഴുത എന്നതു തന്നെയാണ്. ക്വുര്‍ആനിന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവരെ സമാനമായ ഉപമയില്‍ അല്ലാഹു ആക്ഷേപിച്ചത് കാണുക:

فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ ‎﴿٤٩﴾‏ كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ ‎﴿٥٠﴾‏ فَرَّتْ مِن قَسْوَرَةِۭ ‎﴿٥١﴾‏

എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളിപിടിച്ച കഴുതകളെപ്പോലിരിക്കുന്നു. സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍). (ഖു൪ആന്‍:74/49-51)

കഴുതയെപ്പോലെ എന്ന് പറഞ്ഞ് അല്ലാഹു തന്നെ ആക്ഷേപിച്ചത് വേദഗ്രന്ഥത്തെയും അതിലെ ഉപദേശങ്ങളെയും പഠിച്ചു ഗ്രഹിച്ച് ജീവിക്കാത്തവരെയാണല്ലോ. ഇത്രയും കഠിനമായ ഭാഷയില്‍ ആക്ഷേപിക്കപ്പെട്ട വിഭാഗത്തിന്ന് എങ്ങനെയാണ് മഹാന്മാരായ പ്രവാചകന്മാരും സദ്‌വൃത്തരും പ്രവേശിപ്പിക്കപ്പെടുന്ന സ്വര്‍ഗത്തില്‍ പ്രവേശിക്കാനാവുക എന്ന് നാമോര്‍ക്കണം. ക്വുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും പ്രവര്‍ത്തിക്കാനും നാം ശ്രമിച്ചേ തീരൂ.

16. കൈവിരല്‍കടിച്ച കൗശലക്കാര്‍

إِنَّا بَلَوْنَٰهُمْ كَمَا بَلَوْنَآ أَصْحَٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ ‎﴿١٧﴾‏ وَلَا يَسْتَثْنُونَ ‎﴿١٨﴾‏ فَطَافَ عَلَيْهَا طَآئِفٌ مِّن رَّبِّكَ وَهُمْ نَآئِمُونَ ‎﴿١٩﴾‏ فَأَصْبَحَتْ كَٱلصَّرِيمِ ‎﴿٢٠﴾‏ فَتَنَادَوْا۟ مُصْبِحِينَ ‎﴿٢١﴾‏ أَنِ ٱغْدُوا۟ عَلَىٰ حَرْثِكُمْ إِن كُنتُمْ صَٰرِمِينَ ‎﴿٢٢﴾‏ فَٱنطَلَقُوا۟ وَهُمْ يَتَخَٰفَتُونَ ‎﴿٢٣﴾‏ أَن لَّا يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُم مِّسْكِينٌ ‎﴿٢٤﴾‏ وَغَدَوْا۟ عَلَىٰ حَرْدٍ قَٰدِرِينَ ‎﴿٢٥﴾‏ فَلَمَّا رَأَوْهَا قَالُوٓا۟ إِنَّا لَضَآلُّونَ ‎﴿٢٦﴾‏ بَلْ نَحْنُ مَحْرُومُونَ ‎﴿٢٧﴾‏ قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ ‎﴿٢٨﴾‏ قَالُوا۟ سُبْحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ‎﴿٢٩﴾‏ فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَٰوَمُونَ ‎﴿٣٠﴾‏ قَالُوا۟ يَٰوَيْلَنَآ إِنَّا كُنَّا طَٰغِينَ ‎﴿٣١﴾‏ عَسَىٰ رَبُّنَآ أَن يُبْدِلَنَا خَيْرًا مِّنْهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ ‎﴿٣٢﴾‏ كَذَٰلِكَ ٱلْعَذَابُ ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ ‎﴿٣٣﴾‏

ആ തോട്ടക്കാരെ നാം പരീക്ഷിച്ചതു പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം. അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല. എന്നിട്ട് അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു. അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു: നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക. അവര്‍ അന്യോന്യം മന്ത്രിച്ചുകൊണ്ടു പോയി. ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത് ഒരു സാധുവും കടന്നുവരാന്‍ ഇടയാവരുത്എന്ന്. അവര്‍ (സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത് പുറപ്പെടുകയും ചെയ്തു. അങ്ങനെ അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവുപറ്റിയവരാകുന്നു. അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. അവരുടെ കൂട്ടത്തില്‍ മധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ; എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്? അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു. അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക് തിരിഞ്ഞു. അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. നമ്മുടെ രക്ഷിതാവ് അതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം തന്നേക്കാം. തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിച്ചുചെല്ലുന്നവരാകുന്നു. അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍! (ഖു൪ആന്‍:68/17-33)

സമ്പത്തും സൗകര്യങ്ങളും തികഞ്ഞാല്‍, അതെല്ലാം നല്‍കി അനുഗ്രഹിച്ച അല്ലാഹുവിനെ മറക്കുക, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ അവഗണിക്കുക എന്നീ സ്വഭാവങ്ങള്‍ മനുഷ്യര്‍ സാധാരണ പ്രകടിപ്പിക്കാറുണ്ട്. ഇത് തന്നവന്നു തന്നെ തിരിച്ചെടുക്കാനും കഴിയുമെന്ന് സുഖഭോഗങ്ങള്‍ക്കിടയില്‍ പലരും ഓര്‍ക്കാറില്ല. ഇത്തരം മനുഷ്യരെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ദരിദ്രന്മാര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന്നു മുമ്പ് തോട്ടത്തിലെ പഴങ്ങള്‍ പറിച്ച് അതുംകൊണ്ട് മടങ്ങാന്‍ വിചാരിച്ച ഉടമകള്‍ കണ്ടത് തലേന്ന് രാത്രിതന്നെ തോട്ടം നശിച്ചുപോയതാണ്. അപ്പോഴാണവര്‍ക്ക് വിവേകം തിരിച്ചുകിട്ടിയത്.

അല്ലാഹു നല്‍കിയ അനുഗ്രഹം ആര്‍ത്തിപൂണ്ട് പിടിച്ചുവെക്കുന്നവര്‍ക്ക് ഈ തോട്ടക്കാരുടെ അനുഭവം നല്ല പാഠമാണ്. ഏതൊരു സാധാരണ മനുഷ്യന്നും തന്റെ ജീവിത സാഹചര്യങ്ങളില്‍നിന്നും പരിസ്ഥിതിയില്‍നിന്നും നേരിട്ടനുഭവപ്പെടുന്ന, പ്രകൃതിയെ ചുറ്റിപ്പറ്റിക്കൊണ്ടുള്ള ഉപമകളാണ് ക്വുര്‍ആന്‍ വിവരിച്ചത്. കാറ്റ്, മഴ, വെള്ളം, ഇടി, മിന്നല്‍, മല, നീരൊഴുക്ക്, ചെടികള്‍, മരങ്ങള്‍, കായ്കനികള്‍, ചെറുതും വലുതുമായ ജീവജാലങ്ങള്‍ തുടങ്ങിയവയിലാണ് ഈ ഉപമകള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. വിവേകമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ഇവ ഏറെ പര്യാപ്തവുമാണ്.

മനുഷ്യന്‍ വിചാരണക്ക് വിധേയന്‍

ഈ ജീവിതം അവസാനിക്കുന്നില്ലെന്നും ഇവിടെ ചെയ്യുന്ന നന്മതിന്മകള്‍ക്കനുസരിച്ച് രക്ഷയും ശിക്ഷയും നല്‍കപ്പെടുന്ന മറ്റൊരു ജീവിതം (പരലോകജീവിതം) മരണശേഷം വരാനിരിക്കുന്നുണ്ടെന്നും ക്വുര്‍ആന്‍ മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. ഒരു ജീവിതകാലം മുഴുവനും നന്മപ്രവര്‍ത്തിച്ചു മരിച്ചുപോയവര്‍ക്ക് തങ്ങളുടെ കര്‍മഫലം കിട്ടാതെപോകരുതെന്നതും ഒരു മഹാദ്രോഹി ദുഷ്‌കര്‍മത്തിന്റെ ശിക്ഷ അനുഭവിക്കണമെന്നതും സാമാന്യബുദ്ധിയുടെ തേട്ടമാണ്. ക്വുര്‍ആന്‍ പറയുന്നു:

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ ‎﴿٧﴾‏ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ ‎﴿٨﴾‏

അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും. (ഖു൪ആന്‍:99/7-8)

പരമകാരുണികനായ അല്ലാഹുവിന്റെ നീതിനടപ്പാക്കല്‍ മാത്രമാണ് പരലോകം. പരലോകശിക്ഷയില്‍ നിന്ന് മനുഷ്യനെ ഏതുവിധേനയും രക്ഷപ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അതിന്നുവേണ്ടിയാണ് സന്മാര്‍ഗം ഉപദേശിക്കാന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചത്. അവസാന വേദമായ ക്വുര്‍ആന്‍ അന്ത്യദിനംവരെ സംരക്ഷിക്കുമെന്ന് ഉറപ്പുതന്നത്. നബിമാരുടെ സാരോപദേശങ്ങള്‍ സത്യപ്പെടുത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്.

കാരുണ്യവും ദയയുമായി ബന്ധപ്പെട്ട ഒട്ടേറെ നാമവിശേഷണങ്ങള്‍ അല്ലാഹുവിന്നുണ്ട്. പാപം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കാനല്ല, മറിച്ച് അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കാനാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (ഖു൪ആന്‍:39/53)

ഏതൊരു സല്‍കര്‍മത്തിന്നും പ്രതിഫലം പത്തിരട്ടിയും, ആത്മാര്‍ഥതക്കനുസരിച്ച് അതിലധികവും അല്ലാഹുവര്‍ധിപ്പിച്ചുകൊടുക്കുമെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. ഒരു സല്‍പ്രവൃത്തി ചെയ്യാന്‍ വിചാരിക്കുന്നതിന്നുപോലും പ്രതിഫലമുണ്ട്. ചെയ്താല്‍ പ്രതിഫലം ഇരട്ടിപ്പിക്കുകയും ചെയ്യും. എന്നാല്‍ തിന്മ ചെയ്യാന്‍ വിചാരിച്ചാല്‍ ശിക്ഷയില്ല. ചെയ്താല്‍ മാത്രം അതിന്നനുസരിച്ച് ശിക്ഷ നല്‍കും. അഥവാ പശ്ചാത്തപിച്ചു മടങ്ങിയാല്‍ രക്ഷപ്പെടുകയും ചെയ്യും. ഇതാണ് അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നബി ﷺ പഠിപ്പിച്ചത്. അതിനാല്‍ പരലോകം എന്നത് അല്ലാഹുവിന്റെ കാരുണ്യത്തെ മനുഷ്യന്ന് വെളിപ്പെടുത്തുന്ന, നീതി നടപ്പാക്കുന്ന സ്ഥലമാണ്.

زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌ

തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു. (നബിയേ,) പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഖു൪ആന്‍:64/7)

لَآ أُقْسِمُ بِيَوْمِ ٱلْقِيَٰمَةِ ‎﴿١﴾‏ وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ ‎﴿٢﴾‏ أَيَحْسَبُ ٱلْإِنسَٰنُ أَلَّن نَّجْمَعَ عِظَامَهُۥ ‎﴿٣﴾‏ بَلَىٰ قَٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ ‎﴿٤﴾

ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുകൊണ്ട് ഞാനിതാ സത്യംചെയ്യുന്നു. കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യംചെയ്തു പറയുന്നു. മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ. (ഖു൪ആന്‍:75/1-4)

രക്ഷപ്പെടാന്‍ മനുഷ്യന്ന് വഴിയുണ്ട്

ആദ്യത്തെ മനുഷ്യനായ ആദം നബി(അ)യുടെ സൃഷ്ടിപ്പും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും അല്ലാഹു വിവരിച്ചുതന്നപ്പോള്‍, മനുഷ്യന്‍ വഴിപിഴക്കാനുള്ള സാഹചര്യത്തെയും, പിഴപ്പിക്കുന്ന പിശാചിനെയും പറ്റി വിവരിച്ചത് കാണാം. ഈ ശത്രുവിന്റെ സാന്നിധ്യം മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കുമെന്നും അതില്‍നിന്ന് രക്ഷപ്പെട്ട് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള ഒരേയൊരു വഴി പശ്ചാത്താപമാണെന്നും ആദ്യസൃഷ്ടിയുടെ ചരിത്രത്തോടൊപ്പം ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَٰتٍ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ

അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:2/37)

قَدْ أَفْلَحَ مَن تَزَكَّىٰ ‎﴿١٤﴾‏ وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ ‎﴿١٥﴾‏

തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍). (ഖു൪ആന്‍:87/14-15)

يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ‎﴿٨٨﴾‏ إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ ‎﴿٨٩﴾

അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. (ഖു൪ആന്‍:26/88-89)

لَقَدْ خَلَقْنَا ٱلْإِنسَٰنَ فِىٓ أَحْسَنِ تَقْوِيمٍ ‎﴿٤﴾‏ ثُمَّ رَدَدْنَٰهُ أَسْفَلَ سَٰفِلِينَ ‎﴿٥﴾‏ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ ‎﴿٦﴾‏ فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ ‎﴿٧﴾‏ أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَٰكِمِينَ ‎﴿٨﴾‏

തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ടായിരിക്കും. എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫലനടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചുതള്ളാന്‍ എന്തു ന്യായമാണുള്ളത്? അല്ലാഹു വിധികര്‍ത്താക്കളില്‍വെച്ചു ഏറ്റവുംവലിയ വിധികര്‍ത്താവല്ലയോ? (ഖു൪ആന്‍:95/4-8)

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *