മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം

അല്ലാഹു എന്തിന് വേണ്ടിയാണ് മനുഷ്യരെ സൃഷ്ടിച്ചത്? ഈ ചോദ്യത്തിനുള്ള വിശുദ്ധ ഖുർആനിന്റെ കൃത്യമായ ഉത്തരം കാണുക:

ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)

മനുഷ്യരെയും ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചതിന്റെ ലക്ഷ്യമിതാണ്. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തതും ഇതുതന്നെ. അത് അല്ലാഹുവിനെ മനസ്സിലാക്കിയും അവനെ സ്‌നേഹിച്ചും അവനിലേക്ക് ഖേദിച്ചുമടങ്ങിയും മറ്റുള്ളവരില്‍നിന്നും തിരിഞ്ഞുകളഞ്ഞ് അവനിലേക്ക് മുന്നിട്ടും അവനെ ആരാധിക്കുക എന്നതാണ്. (തഫ്സീറുസ്സഅ്ദി)

ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)

മനുഷ്യരെ ഈ ദുനിയാവിലേക്ക് അല്ലാഹു സൃഷ്ടിച്ച് അയച്ചത് അവന് ഇബാദത്ത് (ആരാധന)  ചെയ്യാന്‍ വേണ്ടി മാത്രമാണ്. അതുകൊണ്ട് തന്നെ മനുഷ്യർ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് അതിനാണ്. അപ്പോൾ എന്താണ് ഇബാദത്ത്? പണ്ഢിതൻമാർ ഇബാദത്തിനെ വിശദീകരിച്ച് പഠിപ്പിച്ചിട്ടുണ്ട്:

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:

الْعِبَادَةُ هِيَ اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ تَعَالَى وَيَرْضَاهُ مِنَ الْأَقْوَالِ وَالْأَعْمَالِ الْبَاطِنَةِ وَالظَّاهِرَةِ.

ഇബാദത് എന്നാല്‍, അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്.

അല്ലാഹുവിന് ഇഷ്ടപ്പെട്ട വാക്കുകളിൽ പെട്ടതാകുന്നു പ്രാർത്ഥന, ദിക്ർ, ഖുർആൻ പാരായണം തുടങ്ങിയവയൊക്കെ. അല്ലാഹുവിന് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ പെട്ടതാകുന്നു നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്,  മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ, നന്മ കൽപ്പിക്കൽ, തിന്മ വിരോധിക്കൽ, കുടുംബബന്ധം ചേർക്കൽ, റിലീഫ് പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ. ഇതെല്ലാം അതായത് അല്ലാഹുവിന് ഇഷ്ടപ്പെട്ട വാക്കുകളും പ്രവർത്തനങ്ങളും ബാഹ്യമായ ഇബാദത്തുകൾക്ക് ഉദാഹരണങ്ങളാണ്. ‘ബാഹ്യം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശരീരാവയവങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്.

ആന്തരികമായ ഇബാദത്തുകൾക്ക് ഉദാഹരണങ്ങളാണ് അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള ഇഷ്ഠം, അല്ലാഹുവിനോടുള്ള ഭയം, പ്രതീക്ഷ, പശ്ചാതാപം, ക്ഷമ, നന്ദി കാണിക്കൽ, രിളാ (തൃപ്തി), തവക്കുൽ തുടങ്ങിയവയൊക്കെ. ‘ആന്തരികം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനുള്ളിലെ പ്രവര്‍ത്തനങ്ങളാണ്.

‘ഇബാദത്ത്’  എന്നാൽ  “അങ്ങേഅറ്റം താഴ്മയും ഭക്തിയുമാണ്”  “അങ്ങേയറ്റത്തെ കീഴ്വണക്കവും സ്നേഹവുമാണ്” എന്നൊക്കെ പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്.

മഹബ്ബത്ത് (സ്നേഹം), റജാഅ് (പ്രതീക്ഷ), ഖൗഫ് (ഭയം) എന്നിവ ഇബാദത്തിന്റെ റുക്നുകളായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനെ ഇഷ്ടപ്പെട്ടുകൊണ്ട് മനസംതൃപ്തിയോടെയും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കണമെന്ന പ്രതീക്ഷയോടെയും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ടുമാണ് ഇബാദത്ത് ചെയ്യേണ്ടത്.

وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ

അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. (ഖു൪ആന്‍:2/165)

ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮا۟ ﻳُﺴَٰﺮِﻋُﻮﻥَ ﻓِﻰ ٱﻟْﺨَﻴْﺮَٰﺕِ ﻭَﻳَﺪْﻋُﻮﻧَﻨَﺎ ﺭَﻏَﺒًﺎ ﻭَﺭَﻫَﺒًﺎ ۖ ﻭَﻛَﺎﻧُﻮا۟ ﻟَﻨَﺎ ﺧَٰﺸِﻌِﻴﻦَ

തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. (ഖു൪ആന്‍:21/90)

എല്ലാറ്റിനെക്കാളും അല്ലാഹുവോടുള്ള സ്‌നേഹത്തിന് പ്രാധാന്യം നല്‍കുക, തെറ്റുകളില്‍ നിന്ന് ഖേദിച്ചു അവനിലേക്ക് മടങ്ങുക, അവനെ ശരിയായ രൂപത്തില്‍ മനസ്സിലാക്കുക, മറ്റാരെയും അവനോട് പങ്കുചേര്‍ക്കാതിരിക്കുക, അവന് മാത്രം ഇബാദത്തുകൾ അർപ്പിക്കുക തുടങ്ങിയവ മനുഷ്യ സൃഷ്ടിപ്പിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍ പെട്ടതാകുന്നു.

لَّن يَسْتَنكِفَ ٱلْمَسِيحُ أَن يَكُونَ عَبْدًا لِّلَّهِ وَلَا ٱلْمَلَٰٓئِكَةُ ٱلْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِۦ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا

അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്‍റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്‌. (ഖു൪ആന്‍ :4/172)

അല്ലാഹുവിന്‍റെ അടിമ (عَبْد) ആയിരിക്കുന്നതിനെ സാക്ഷാല്‍കൃതമാക്കുന്നത് അവന് ആരാധന ചെയ്യുന്നത് മൂലമാണെന്ന് ഈ വചനത്തില്‍ നിന്ന് മനസ്സിലാക്കാം. (അമാനി തഫ്സീര്‍)

ഇബാദത്ത് അല്ലാഹുവിങ്കൽ സ്വീകാര്യമാകണമെങ്കിൽ രണ്ട് നിബന്ധനയുണ്ട്.

(1) ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ അഥവാ അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.

وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)

عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ

അബൂഉമാമ അൽബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)

عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

ഉമര്‍ ഇബ്നു ഖതാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺയില്‍ നിന്ന് കേട്ടതായിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. ഏതൊരാള്‍ക്കും ഉദ്ദേശിച്ചതെ കരസ്ഥമാകുകയുള്ളൂ…… (ബുഖാരി: 1 – മുസ്ലിം:1907)

(2) ഇത്തിബാഅ് (സുന്നത്ത്): ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ മാതൃകയനുസരിച്ച് ആയിരിക്കൽ.

ആരാധനാ ക൪മ്മങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ ആ ക൪മ്മങ്ങളില്‍ ഇഖ്ലാസിനോടൊപ്പം ഇത്തിബാഅ് ഉണ്ടാകല്‍ നി൪ബന്ധമാണ്.

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

ഇബാദത്തിനെ തകർക്കുന്ന കാര്യമാണ് അതിൽ രിയാഅ് (ലോകമാന്യം) സംഭവിക്കുക എന്നത്. രിയാഅ് എന്ന്പറഞ്ഞാല്‍ ഒരു മനുഷ്യന്‍ ജനങ്ങള്‍ കാണുന്നതിനും, അവര്‍ പുകഴ്ത്തുന്നതിനും വേണ്ടി ഇബാദത്ത് ചെയ്യുകയെന്നതാണ്. അത് ഇബാദത്തിനെ നശിപ്പിക്കുന്നതും, ശിക്ഷയെ അനിവാര്യമാക്കുന്നതും

فَوَيْلٌ لِّلْمُصَلِّينَ ‎﴿٤﴾‏ ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ‎﴿٥﴾‏ ٱلَّذِينَ هُمْ يُرَآءُونَ ‎﴿٦﴾‏

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. (4) തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (5) ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ. (ഖു൪ആന്‍:107/4-6)

അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിനായിട്ടാണല്ലോ മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചിട്ടുള്ളത്.  ചിലര്‍ ആ ലക്ഷ്യം പൂര്‍ത്തീകരിക്കും. ചിലര്‍ അതില്‍ അശ്രദ്ധരോ, അതിനെ നിഷേധിക്കുന്നവരോ ആയി ജീവിക്കും. അല്ലാഹു പറയുന്നു:

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُو۟لَٰٓئِكَ كَٱلْأَنْعَٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَٰٓئِكَ هُمُ ٱلْغَٰفِلُونَ

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക് മനസ്സുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (ഖു൪ആന്‍:7/179)

യഥാര്‍ഥ ആരാധ്യന്‍ അല്ലാഹു മാത്രമാണ്. മനുഷ്യനെ അവന്‍ സൃഷ്ടിച്ചതിന്റെ ലക്ഷ്യം അവനെ മാത്രം ആരാധിക്കലാണ്. അവനുള്ള ആരാധന സാക്ഷാത്കരിക്കാന്‍ അതില്‍ തടസ്സമുണ്ടാക്കുന്ന പിശാചായ ശത്രുവിന്റെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെട്ടിരിക്കണം. (തഫ്സീറുസ്സഅ്ദി- സൂറ : അന്നാസ്)

അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിനായി അവൻ ഏർപ്പെടുത്തിയ ഒരു താല്‍ക്കാലിക ഭവനമാണ് ഈ ദുനിയാവ്. ഇവിടെ നാം പ്രവർത്തിക്കുന്ന കാര്യങ്ങളെല്ലാം ഇബാദത്തിന്റെ ഗണത്തിൽ വരണമെങ്കിൽ നാം പ്രവർത്തിക്കുന്നതൊക്കെ അല്ലാഹുവിനുള്ള ഇബാദത്താണെന്ന നിയ്യത്ത് ഉണ്ടായിരിക്കണം. അല്ലെങ്കിൽ അവയൊക്കെ കേവലം പതിവ് പ്രവൃത്തി (ആദത്ത്) ആകും. പതിവ് പ്രവൃത്തിയിൽ (ആദത്ത്) നിന്ന് ഇബാദത്തിനെ വേർതിരിക്കുന്നത് നിയ്യത്താണ്. നിയ്യത്തുണ്ടെങ്കിൽ പതിവ് പ്രവൃത്തി (ആദത്ത്) ഇബാദത്തുമാകും.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : إنَّمَا الْأَعْمَالُ بِالنِّيَّاتِ

നബി ﷺ പറഞ്ഞു: നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക.  (ബുഖാരി: 1 – മുസ്‌ലിം: 1907)

قال العلامة ابن عثيمين رحمه الله : عبادات أهل الغفلة عادات وعادات أهل اليقظة عبادات

ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു : അശ്രദ്ധയിലുള്ള ആളുകളുടെ ഇബാദത്തുകൾ പോലും ആദത്താണ് (പതിവ് പ്രവൃത്തി). ഉണർന്നിരിക്കുന്ന ആളുകളുടെ പതിവ് പ്രവൃത്തികൾ പോലും ഇബാദത്താണ്. (അൽ അർബഊന നവവിയ്യയുടെ വിശദീകരണം)

സത്യവിശ്വാസികളെ,  നമ്മെ ഈ ദുനിയാവിലേക്ക് അല്ലാഹു സൃഷ്ടിച്ച് അയച്ചത് അവന് ഇബാദത്ത്  ചെയ്യാന്‍ വേണ്ടി മാത്രമാണെന്നും മറ്റൊന്നിനുമല്ലെന്നും ഉൾക്കൊള്ളുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുക. നമ്മുടെ ചിന്തയും വാക്കുകളും അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമാകട്ടെ. അഥവാ ഹൃദയവും നാവും സദാ അല്ലാഹുവിനെ സ്മരിക്കുന്നതാകട്ടെ. നമ്മുടെ സംസാരങ്ങൾ ഏറ്റവും നല്ലതാകട്ടെ. നമ്മുടെ സകല പ്രവൃത്തികളും അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമാകട്ടെ. അല്ലാഹുവിന്റെ പ്രതിഫലം ഓർത്ത് നൻമകൾ അധികരിപ്പിക്കുക. അല്ലാഹുവിന്റെ ശിക്ഷ ഓർത്ത് തിൻമകളിൽ നിന്ന് പരിപൂർണ്ണമായി വിട്ടുനിൽക്കുക. മരണം വരെയും ഇബാദത്തിൽ മുഴുകുക.

ﻭَٱﻋْﺒُﺪْ ﺭَﺑَّﻚَ ﺣَﺘَّﻰٰ ﻳَﺄْﺗِﻴَﻚَ ٱﻟْﻴَﻘِﻴﻦُ

ഉറപ്പായ ആ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിന് ഇബാദത്ത് ചെയ്യുക. (ഖു൪ആന്‍:15/99)

وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ

നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്‌.)എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ? (ഖു൪ആന്‍:51/21)

كذلك في نفس العبد من العبر والحكمة والرحمة ما يدل على أن الله وحده الأحد الفرد الصمد، وأنه لم يخلق الخلق سدى.

അപ്രകാരംതന്നെ ഓരോ അടിമക്കും തന്നില്‍തന്നെയുണ്ട് ഗുണപാഠങ്ങളും യുക്തിജ്ഞാനവും കാരുണ്യവും. അതെല്ലാംതന്നെ അല്ലാഹു ഒരുവനും ഏകനും നിരാശ്രയനുമാണെന്ന് അറിയിക്കുന്നു; അവന്‍ പടപ്പുകളെ വെറുതെ സൃഷ്ടിച്ചതല്ലെന്നും. (തഫ്സീറുസ്സഅ്ദി)

قال قتادة رَحِمَهُ اللَّهُ: من تفكر في خلق نفسه عرف أنه إنما خلق ولينت مفاصله للعبادة .

ഖതാദ رَحِمَهُ اللَّهُ പറഞ്ഞു: സ്വന്തം സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുന്നവന് താൻ സൃഷ്ടിക്കപ്പെട്ടതും തൻ്റെ സന്ധികൾ പാകപ്പെടുത്തപ്പെട്ടിട്ടുള്ളതും അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ വേണ്ടിയാണെന്ന് ബോധ്യപ്പെടും. (ഇബ്നുകസീര്‍)

അല്ലാഹുവിനെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരെ അവൻ താക്കീത് ചെയ്യുന്നത് കാണുക:

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച. (ഖു൪ആന്‍ : 40/60)

أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى ‎

മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌! (ഖു൪ആന്‍:75/36)

أَيْ: مُهْمَلًا ، لَا يُؤْمَرُ وَلَا يُنْهَى، وَلَا يُثَابُ وَلَا يُعَاقَبُ؟ هَذَا حُسْبَانٌ بَاطِلٌ وَظَنٌّ بِاللَّهِ بِغَيْرِ مَا يَلِيقُ بِحِكْمَتِهِ.

അതായത്: ഒന്നും കല്‍പിക്കപ്പെടാതെ, വിരോധിക്കപ്പെടാതെ, അവഗണിക്കപ്പെട്ടവനായി, ശിക്ഷിക്കപ്പെടാതെ, പ്രതിഫലം നല്‍കപ്പെടാതെ! ഇത് വെറും അര്‍ഥശൂന്യമായ കണക്കുകൂട്ടലാണ്. അല്ലാഹുവിന്റെ ഹിക്മത്തിനോട് ഒട്ടും യോജിക്കാത്ത വിചാരം. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *