മനുഷ്യന്റെ ദൗര്‍ബല്യവും അതിനനുസരിച്ച നിയമവും

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തിന് കല്പന വന്നാൽ കപടവിശ്വാസികളുടെ നിലപാട് വ്യക്തമാക്കുന്നതാണ് സൂറ:മുഹമ്മദിലെ 20 ാമത്തെ ആയത്ത്. ഈ ആയത്തിലെ ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്‌? എന്ന സത്യവിശ്വാസികളുടെ ചോദ്യത്തിൽ ചില പാഠങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَآ أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ ‎﴿٢٠﴾‏ طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًا لَّهُمْ ‎﴿٢١﴾‏

സത്യവിശ്വാസികള്‍ പറയും: ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്‌? എന്നാല്‍ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും അതില്‍ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍, മരണം ആസന്നമായതിനാല്‍ ബോധരഹിതനായ ആള്‍ നോക്കുന്നത് പോലെ നിന്‍റെ നേര്‍ക്ക് നോക്കുന്നതായി കാണാം. എന്നാല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്‌. അനുസരണവും ഉചിതമായ വാക്കുമാണ് വേണ്ടത്‌. എന്നാല്‍ കാര്യം തീര്‍ച്ചപ്പെട്ടു കഴിഞ്ഞപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്തമം. (ഖു൪ആന്‍ :47/20-21)

ഈ ആയത്ത് വിശദീകരിച്ച് ഇബ്നുകസീര്‍ رحمه الله പറയുന്നു:

يقول تعالى مخبرا عن المؤمنين أنهم تمنوا شرعية الجهاد ، فلما فرضه الله – عز وجل – وأمر به نكل عنه كثير من الناس ، كقوله تعالى :

ജിഹാദ് (നിര്‍ബന്ധ) നിയമമാക്കുന്നതിന് വേണ്ടി സത്യവിശ്വാസികൾ ആഗ്രഹം പ്രകടിപ്പിച്ചതായി അല്ലാഹു അറിയിക്കുന്നു. അങ്ങനെ അത് നിര്‍ബന്ധമാക്കപ്പെടുകയും അത് കൊണ്ട് കല്‍പ്പിക്കപ്പെടുകയും ചെയ്തപ്പോൾ ധാരാളം ആളുകൾ അത് അവഗണിച്ചു. അല്ലാഹു പറഞ്ഞതുപോലെ:

أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ إِذَا فَرِيقٌ مِّنْهُمْ يَخْشَوْنَ ٱلنَّاسَ كَخَشْيَةِ ٱللَّهِ أَوْ أَشَدَّ خَشْيَةً ۚ وَقَالُوا۟ رَبَّنَا لِمَ كَتَبْتَ عَلَيْنَا ٱلْقِتَالَ لَوْلَآ أَخَّرْتَنَآ إِلَىٰٓ أَجَلٍ قَرِيبٍ ۗ قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌ وَٱلْـَٔاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ وَلَا تُظْلَمُونَ فَتِيلًا

(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും. സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്‌? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര്‍ പറഞ്ഞത്‌. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്‌. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല. (ഖു൪ആന്‍ :4/77)

وقال هاهنا : {ويقول الذين آمنوا لولا نزلت سورة} أي : مشتملة على حكم القتال; ولهذا قال : {فإذا أنزلت سورة محكمة وذكر فيها القتال رأيت الذين في قلوبهم مرض ينظرون إليك نظر المغشي عليه من الموت} أي : من فزعهم ورعبهم وجبنهم من لقاء الأعداء . ثم قال مشجعا لهم :{فأولى لهم}

ഇവിടെ അല്ലാഹു പറയുന്നു:{സത്യവിശ്വാസികള്‍ പറയും: ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്‌?} അതായത്: യുദ്ധത്തിന്റെ വിഷയത്തിലുള്ള വിധി. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്: {എന്നാല്‍ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും അതില്‍ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍, മരണം ആസന്നമായതിനാല്‍ ബോധരഹിതനായ ആള്‍ നോക്കുന്നത് പോലെ നിന്‍റെ നേര്‍ക്ക് നോക്കുന്നതായി കാണാം}അതായത്: {ശത്രുക്കളെ കണ്ടുമുട്ടുമ്പോൾ അവരുടെ ഭീതിയും, ഭയവും, ഭീരുത്വവും കാരണം}എന്നിട്ട് അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പറഞ്ഞു:{എന്നാല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്‌} (ഇബ്നുകസീര്‍)

ഈ ആയത്ത് വിശദീകരിച്ച് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി رحمه الله പറയുന്നു:

يَقُولُ تَعَالَى: {وَيَقُولُ الَّذِينَ آمَنُوا} اسْتِعْجَالًا وَمُبَادَرَةً لِلْأَوَامِرِ الشَّاقَّةِ: {لَوْلا نُزِّلَتْ سُورَةٌ} أَيْ: فِيهَا الْأَمْرُ بِالْقِتَالِ. {فَإِذَا أُنْزِلَتْ سُورَةٌ مُحْكَمَةٌ} أَيْ: مُلْزَمٌ الْعَمَلُ بِهَا، {وَذُكِرَ فِيهَا الْقِتَالُ} الَّذِي هُوَ أَشَقُّ شَيْءٍ عَلَى النُّفُوسِ، لَمْ يَثْبُتْ ضُعَفَاءُ الْإِيمَانِ عَلَى امْتِثَالِ هَذِهِ الْأَوَامِرِ، وَلِهَذَا قَالَ: {رَأَيْتَ الَّذِينَ فِي قُلُوبِهِمْ مَرَضٌ يَنْظُرُونَ إِلَيْكَ نَظَرَ الْمَغْشِيِّ عَلَيْهِ مِنَ الْمَوْتِ} مِنْ كَرَاهَتِهِمْ لِذَلِكَ، وَشِدَّتِهِ عَلَيْهِمْ.

അല്ലാഹു പറയുന്നു: {സത്യവിശ്വാസികൾ പറയും} ബുദ്ധിമുട്ടുണ്ടാക്കുന്ന കൽപനകൾ ഇറക്കിത്തരാൻ ധൃതിപ്പെട്ടും വേഗതകാണിച്ചും. {ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്?} യുദ്ധത്തിന് കൽപിക്കുന്ന ഒരധ്യായം. {എന്നാൽ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും} പ്രവർത്തിക്കൽ നിർബന്ധമുള്ള. {അതിൽ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താൽ} ആളുകൾക്ക് ഏറ്റവും പ്രയാസമുള്ള കാര്യം. ഇത്തരം കൽപനകൾ നടപ്പിലാക്കുന്നതിൽ ദുർബല വിശ്വാസമുള്ളവർ ഉറച്ചുനിൽക്കില്ല. അതാണ് അല്ലാഹു പറഞ്ഞത്: {ഹൃദയങ്ങളിൽ രോഗമുള്ളവർ – മരണം ആസന്നമായതിനാൽ ബോധരഹിതനായ ആൾ നോക്കുന്നതുപോലെ- നിന്റെ നേർക്ക് നോക്കുന്നതായി കാണാം} അതിനോടുള്ള അനിഷ്ടവും പ്രയാസവും കാരണം.

ثُمَّ نَدَبَهُمْ تَعَالَى إِلَى مَا هُوَ الْأَلْيَقُ بِحَالِهِمْ، فَقَالَ: {فَأَوْلَى لَهُمْ طَاعَةٌ وَقَوْلٌ مَعْرُوفٌ أَيْ: فَأَوْلَى لَهُمْ أَنْ يَمْتَثِلُوا الْأَمْرَ الْحَاضِرَ الْمُحَتَّمَ عَلَيْهِمْ، وَيَجْمَعُوا عَلَيْهِ هِمَمَهُمْ، وَلَا يَطْلُبُوا أَنْ يَشْرَعَ لَهُمْ مَا هُوَ شَاقٌّ عَلَيْهِمْ، وَلِيَفْرَحُوا بِعَافِيَةِ اللَّهِ تَعَالَى وَعَفْوِهِ. فَإِذَا عَزَمَ الأَمْرُ أَيْ: جَاءَهُمُ أَمْرٌ جَدٌّ، وَأَمْرٌ مُحْتَمٌ، فَفِي هَذِهِ الْحَالِ لَوْ صَدَقُوا اللَّهَ بِالِاسْتِعَانَةِ بِهِ، وَبَذْلِ الْجُهْدِ فِي امْتِثَالِهِ لَكَانَ خَيْرًا لَهُمْ مِنْ حَالِهِمِ الْأُولَى، وَذَلِكَ مِنْ وُجُوهٍ:

തുടർന്ന് അല്ലാഹു അവർക്ക് ഏറ്റവും പറ്റിയ കാര്യത്തിലേക്ക് അവരെ ക്ഷണിക്കുന്നു. {എന്നാൽ അവർക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്. അനുസരണവും ഉചിതമായ വാക്കുമാണ് വേണ്ടത്} അവർക്ക് നിർബന്ധമായ നിലവിലുള്ള കൽപന സ്വീകരിക്കലാണ് അവർക്ക് ഏറ്റവും ഉചിതം. മനസ്സിന്റെ ശക്തി അതിൽ കേന്ദ്രീകരിക്കുക. അവർക്ക് ബുദ്ധിമുട്ടുള്ളത് മതനിയമമാക്കാൻ ആവശ്യപ്പെടാതിരിക്കുക. അല്ലാഹു നൽകുന്ന വിട്ടുവീഴ്ചയിലും സൗഖ്യത്തിലും സന്തോഷിക്കുകയും ചെയ്യുക. {എന്നാൽ കാര്യം തീർച്ചപ്പെട്ട് കഴിഞ്ഞപ്പോൾ} നിർബന്ധ പ്രാധാന്യമുള്ള കൽപന അവർക്ക് വന്നപ്പോൾ, അവർ കാണിച്ചിരുന്നുവെങ്കിൽ (അല്ലാഹുവോട് സത്യസന്ധത) ഈ സന്ദർഭത്തിൽ അല്ലാഹുവോട് സഹായം തേടിയും അവന്റെ കൽപന നിർവഹിക്കാൻ പരിശ്രമിച്ചും. (അതായിരുന്നു അവർക്ക് കൂടുതൽ ഉത്തമം) പലനിലക്കും.

مِنْهَا: أَنَّ الْعَبْدَ نَاقِصٌ مِنْ كُلِّ وَجْهٍ، لَا قُدْرَةَ لَهُ إِلَّا إِنْ أَعَانَهُ اللَّهُ، فَلَا يَطْلُبُ زِيَادَةً عَلَى مَا هُوَ قَائِمٌ بِصَدَدِهِ.

അതിലൊന്ന്: മനുഷ്യൻ എല്ലാ നിലക്കും അപൂർണനാണ്. അല്ലാഹുവിന്റെ സഹായമില്ലാതെ അവനൊന്നും സാധ്യമല്ല. ആ സന്ദർഭത്തിൽ നിർവഹിക്കാൻ കഴിയുന്നതല്ലാതെ ആവശ്യപ്പെടരുത്.

وَمِنْهَا: أَنَّهُ إِذَا تَعَلَّقَتْ نَفْسُهُ بِالْمُسْتَقْبَلِ، ضَعُفَ عَنِ الْعَمَلِ، بِوَظِيفَةِ وَقْتِهِ، وَبِوَظِيفَةِ الْمُسْتَقْبَلِ، أَمَّا الْحَالُ، فَلِأَنَّ الْهِمَّةَ انْتَقَلَتْ عَنْهُ إِلَى غَيْرِهِ، وَالْعَمَلَ تَبِعٌ لِلْهِمَّةِ، وَأَمَّا الْمُسْتَقْبَلُ، فَإِنَّهُ لَا يَجِيءُ حَتَّى تَفْتُرَ الْهِمَّةُ عَنْ نَشَاطِهَا فَلَا يُعَانُ عَلَيْهِ.

മറ്റൊന്ന് :ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരാൾ ആലോചിച്ചിരുന്നത്, ഭാവിയിലും ഇപ്പോഴും ചെയ്യേണ്ട കാര്യങ്ങളെ ദുർബലമാക്കും. ഇപ്പോഴുള്ളത് അവന് ചെയ്യാൻ കഴിയാത്തത് അവന്റെ ശ്രദ്ധ മറ്റൊന്നിലേക്ക് മാറുന്നതുകൊണ്ടാണ്. കാരണം മനസ്സിന്റെ ശ്രദ്ധയോടൊപ്പമാണ് പ്രവർത്തനങ്ങൾ. ഭാവിയിലുള്ളത് ചെയ്യാൻ കഴിയാത്തത് അത് വരുമ്പോഴേക്കും അവന്റെ ശ്രദ്ധ നഷ്ടപ്പെട്ടിരിക്കും. അങ്ങനെ അത് അവന് ചെയ്യാൻ കഴിയാതെ വരും.

وَمِنْهَا: أَنَّ الْعَبْدَ الْمُؤَمِّلَ لِلْآمَالِ الْمُسْتَقْبَلَةِ، مَعَ كَسَلِهِ عَنْ عَمَلِ الْوَقْتِ الْحَاضِرِ، شَبِيهٌ بِالْمُتَأَلِّي الَّذِي يَجْزِمُ بِقُدْرَتِهِ، عَلَى مَا يَسْتَقْبِلُ مِنْ أُمُورِهِ، فَأَحْرَى بِهِ أَنْ يُخْذَلَ وَلَا يَقُومَ بِمَا هَمَّ بِهِ وَوَطَّنَ نَفْسَهُ عَلَيْهِ، فَالَّذِي يَنْبَغِي أَنْ يَجْمَعَ الْعَبْدَ هَمَّهُ وَفِكْرَتَهُ وَنَشَاطَهُ عَلَى وَقْتِهِ الْحَاضِرِ، وَيُؤَدِّي وَظِيفَتَهُ بِحَسَبِ قُدْرَتِهِ، ثُمَّ كُلَّمَا جَاءَ وَقْتٌ اسْتَقْبَلَهُ بِنَشَاطٍ وَهِمَّةٍ عَالِيَةٍ مُجْتَمِعَةٍ غَيْرِ مُتَفَرِّقَةٍ، مُسْتَعِينًا بِرَبِّهِ فِي ذَلِكَ، فَهَذَا حَرِيٌّ بِالتَّوْفِيقِ وَالتَّسْدِيدِ فِي جَمِيعِ أُمُورِهِ.

മറ്റൊന്ന്: ഭാവികാര്യങ്ങളിൽ പ്രതീക്ഷവെക്കുന്ന ഒരാൾ, നിലവിലുള്ള കാര്യങ്ങൾ ചെയ്യാൻ അയാൾക്ക് മടിയുണ്ടെങ്കിലും ഭാവി കാര്യങ്ങൾ ചെയ്യാമെന്ന് തന്റെ കഴിവിൽ വിശ്വസിച്ച് തീരുമാനിച്ചുറപ്പിച്ചവനെപ്പോലെ തന്നെയാണ്. അവനും പരാജിതനാകാതെ താൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ തന്റെ മനസ്സിനെ പിടിച്ചുനിർത്താനാകും. അതിനാൽ ഒരാൾ തന്റെ ശ്രദ്ധയും ചിന്തയും താൽപര്യവുമെല്ലാം നിലവിലുള്ളതിൽ കേന്ദ്രീകരിക്കണം. തന്റെ കഴിവനുസരിച്ച് കാര്യങ്ങൾ ചെയ്യണം. പിന്നീട് ഓരോ സമയം വരുമ്പോഴും അതിനെ ഉന്മേഷത്തോടെയും ഉയർന്ന മനശ്ശക്തിയോടെയും സ്വീകരിക്കണം; തന്റെ രക്ഷിതാവിൽ സഹായം തേടിക്കൊണ്ട്. ഇത്തരം ആളുകൾ ജീവിതത്തിലെ എല്ലാ കര്യങ്ങളിലും അല്ലാഹുവിന്റെ സഹായത്തിന് അർഹരായുള്ളവരാണ്. (തഫ്സീറുസ്സഅ്ദി)

ചുരുക്കത്തിൽ, നിലവിലെ അവസ്ഥയിൽ ചെയ്യാൻ പറ്റുന്ന നന്മകൾ ചെയ്യുക. അതിനുവേണ്ടി പരിശ്രമിക്കുക. ഭാവിയിൽ ഞാൻ അങ്ങനെയായിരുന്നെങ്കിൽ ഇന്നതൊക്കെ ചെയ്യാം എന്ന് ചിന്തിക്കേണ്ടതില്ല. ഭാവിയിൽ അങ്ങനെയായാൽ അത് പ്രവര്‍ത്തിക്കുമെന്ന് എന്താണ് ഉറപ്പ്? അതേപോലെ ഇപ്പോൾ അല്ലാഹു ശറആക്കിയത് ചെയ്യുക. നിലവിലെ സാഹചര്യത്തിൽ നമ്മുടെ മേൽ ശറആക്കാത്തതിനെ കുറിച്ച് പ്രയാസപ്പെടേണ്ടതില്ല. അത് ശറആക്കിയാൽ അത് പ്രവര്‍ത്തിക്കുമെന്ന് എന്താണ് ഉറപ്പ്?

أَلَمْ تَرَ إِلَى ٱلْمَلَإِ مِنۢ بَنِىٓ إِسْرَٰٓءِيلَ مِنۢ بَعْدِ مُوسَىٰٓ إِذْ قَالُوا۟ لِنَبِىٍّ لَّهُمُ ٱبْعَثْ لَنَا مَلِكًا نُّقَٰتِلْ فِى سَبِيلِ ٱللَّهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ ٱلْقِتَالُ أَلَّا تُقَٰتِلُوا۟ ۖ قَالُوا۟ وَمَا لَنَآ أَلَّا نُقَٰتِلَ فِى سَبِيلِ ٱللَّهِ وَقَدْ أُخْرِجْنَا مِن دِيَٰرِنَا وَأَبْنَآئِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ تَوَلَّوْا۟ إِلَّا قَلِيلًا مِّنْهُمْ ۗ وَٱللَّهُ عَلِيمُۢ بِٱلظَّٰلِمِينَ

മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമുഖര്‍ തങ്ങളുടെ പ്രവാചകനോട്‌, ഞങ്ങള്‍ക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. (അദ്ദേഹത്തിന്റെ നേതൃത്വത്തില്‍) ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദര്‍ഭം നീ അറിഞ്ഞില്ലേ? അദ്ദേഹം (പ്രവാചകന്‍) ചോദിച്ചു: നിങ്ങള്‍ക്ക് യുദ്ധത്തിന്ന് കല്‍പന കിട്ടിയാല്‍ നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ ? അവര്‍ പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ നിന്നും സന്തതികള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ പുറം തള്ളപ്പെട്ട സ്ഥിതിക്ക് ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ കഴിയും ? എന്നാല്‍ അവര്‍ക്ക് യുദ്ധത്തിന് കല്‍പന നല്‍കപ്പെട്ടപ്പോഴാകട്ടെ അല്‍പം പേരൊഴിച്ച് (എല്ലാവരും) പിന്‍മാറുകയാണുണ്ടായത്‌. അല്ലാഹു അക്രമകാരികളെപ്പറ്റി (നല്ലവണ്ണം) അറിയുന്നവനാകുന്നു. (ഖു൪ആന്‍ : 2/246)

قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏‏ يَا أَيُّهَا النَّاسُ لاَ تَتَمَنَّوْا لِقَاءَ الْعَدُوِّ وَاسْأَلُوا اللَّهَ الْعَافِيَةَ فَإِذَا لَقِيتُمُوهُمْ فَاصْبِرُوا وَاعْلَمُوا أَنَّ الْجَنَّةَ تَحْتَ ظِلاَلِ السُّيُوفِ ‏

നബി ﷺ പറഞ്ഞു: മനുഷ്യരേ, നിങ്ങള്‍ ശത്രുവെ കണ്ടുമുട്ടുവാന്‍ കൊതിക്കരുത്. അല്ലാഹുവിനോടു (അതില്‍ നിന്നു) ഒഴിവാക്കിത്തരുവാന്‍ അപേക്ഷിക്കുകയും ചെയ്യുവിന്‍. എന്നാല്‍, നിങ്ങള്‍ അവരെ കണ്ടുമുട്ടിയാല്‍, അപ്പോള്‍ നിങ്ങള്‍ ക്ഷമ കൈക്കൊള്ളണം. സ്വര്‍ഗ്ഗം വാളുകളുടെ തണലുകളിലുണ്ടെന്നു നിങ്ങള്‍ അറിയുകയും ചെയ്യുക. (മുസ്ലിം:1742)

ഐച്ഛികമായ ഒരു കർമ്മം നിർബന്ധമായും താൻ പ്രവർത്തിക്കുമെന്ന്  സ്വയം പ്രഖ്യാപിക്കുന്നതിനാണ് മതത്തിൽ നേര്‍ച്ച എന്ന് പറയുന്നത്. നേര്‍ച്ച നേര്‍ന്നു കഴിഞ്ഞാൽ അത് നടപ്പിലാക്കണം. എന്നാൽ നേർച്ച നേരുന്നത് കറാഹത്താണെന്ന് പറഞ്ഞ പണ്ഢിതൻമാരുമുണ്ട്. അത് ഇതിനോട് ചേര്‍ത്ത് വായിക്കുക.

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *