മാല-മൗലീദുകൾ പ്രവാചക ചര്യയിൽ പെട്ടതല്ലെന്നും അതിൽ വിശ്വാസ വ്യതിയാനങ്ങൾ വരെ കടന്ന് കൂടിയിട്ടുണ്ടെന്നും പറയുന്നതിന്റെ നിജസ്‌ഥിതി എന്ത്?
നമ്മുടെ സമൂഹം പുണ്യം പ്രതീക്ഷിച്ച് ഏറെ ഭക്തി ബഹുമാനത്തോടെ ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുന്ന പദ്യ -ഗദ്യസമാഹാരമാണ് മാലകളും മൗലിദുകളും. അവയിലുള്ളത് മുഴുവൻ സത്യസമ്പൂർണമാണെന്നും അത് മഹാത്മാക്കളുടെ മദ്ഹാണെന്നുമാണ് പൊതുജനത്തിന്റെ ധാരണ. എന്നാൽ അവയുടെ അകത്തളങ്ങളിലേക്ക് കടന്നു നോക്കിയാൽ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ (ഏകദൈവ വിശ്വാസം) പൊളിച്ചുകളയുന്നതും തൽസ്ഥാനത്ത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്ക് (ബഹുദൈവ വിശ്വാസം) ഊട്ടിയുറപ്പിക്കുന്നതുമായ നിരവധി വരികൾ കാണാൻ സാധിക്കും ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക:
(ഒന്ന്: ഉഹ്‌യിദ്ദീൻ മാല
വല്ലെ നിലത്തീന്നും എന്നെ വിളിപ്പോർക്ക് വായ്കൂടാതുത്തീരം ചെയ്യും ഞാനെന്നോവർ
ചിന്തിക്കുക! ഈ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ആര് വിളിച്ചു തേടിയാലും അവരുടെ വായ അടയുന്നതിന്റെ മുമ്പ് ഉത്തരം ചെയ്യാൻ ശൈഖ് ജീലാനി رحمه الله ക്ക് സാധിക്കുമത്രെ! അഥവാ, ഇവിടെ അല്ലാഹുവിന്റെ കഴിവാണ് ശൈഖിന് വക വെച്ചു കൊടുത്തിരിക്കുന്നത്. കാരണം, ദൂരപരിധിയും സമയ പരിധിയും കാല-ദേശ പരിധിയൊന്നുമില്ലാതെ എല്ലാം ഒരേ
സമയത്ത് കേൾക്കാനും കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ് അല്ലാഹുവിന്റേത് മാത്രമാണല്ലോ. ഈ കഴിവാണ് മേൽ വരിയിലൂടെ നൂറ്റാണ്ടുകൾക്കു മുമ്പ് മരണപ്പെട്ടു പോയ ശൈഖിന് വകവെച്ചു കൊടുക്കുന്നത്!
(രണ്ട്) ഖുതുബിയ്യത്ത്
ومن ينادي اسمي ألفا بخلوته – عزما بهمة صرما لغفوته
أجبته مسرعا من أجل دعوته – فليدع يا عبد القادر محي الدين
ആരെങ്കിലും മനക്കരുത്തോടും തന്റെ വിഷമം മനസ്സിരുത്തിക്കൊണ്ടും ഏകനായിരുന്ന് എന്റെ പേര് ആയിരം പ്രാവശ്യം വിളിച്ചാൽ അവർ തേടിയതു കാരണത്താൽ വേഗത്തിൽ ഞാനവന് ഉത്തരം ചെയ്യും. അതിനാൽ ഹേ അബ്ദുൽ ഖാദർ മുഹ്‌യിദ്ദീനേ എന്ന് അവൻ വിളിക്കട്ടെ!
ഇതും മുകളിൽ പറഞ്ഞതു പോലെ തന്നെ എത്ര അപകടകരമായ വരികളാണ്.
(മൂന്ന്) മങ്കൂസ് മൗലീദ്
ارتكبت على الخطا غير حصر وعدد – لك اشكوا فيه يا سيدي خير النبى.
ഞാൻ നിരവധി തെറ്റുകൾ ചെയ്തിരിക്കുന്നു. നബിമാരിൽ ഉത്തമരായ പ്രവാചകരെ, എൻ്റെ യജമാനരേ! അക്കാര്യത്തിൽ അങ്ങയോടാണ് ഞാൻ സങ്കടം ബോധിപ്പിക്കുന്നത്.
നോക്കൂ, എന്താണീ പറഞ്ഞത്? ഞാൻ എണ്ണമറ്റ തെറ്റ് ചെയ്തി ട്ടുണ്ട്. അത് പൊറുത്ത് കിട്ടാൻ അയാൾ അപേക്ഷിക്കുന്നത് മുഹമ്മദ് നബി ﷺ യോടാണെന്ന്.
ﻳﺎﺳﻴﺪ ﺍﻟﺴﺎﺩﺍﺕ ﺟﺄﺗﻚ ﻗﺎﺻﺪﺍ – ﺍﺭﺟﻮ ﺣﻤﺎﻙ ﻓﻼ ﺗﺨﻴﺐ ﻣﻘﺼﺪ ﻗﺪﺣﻞ ﺑﻲ ﻣﺎ ﻗﺪ ﻋﻠﻢ ﺍﻷﺫﻯ – ﻭﻟﻈﻠﻢ ﻭﺍﻟﻀﻌﻒ ﺷﺪﻳﺪ ﻓﺄﺳﻌﺪ
നേതാക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ്. അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം നേടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ. ഉപദ്രവം, അക്രമം, ശക്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ് എന്നെ സഹായിക്കണമേ.
എത്ര ഗുരുതരമാണ് ഈ വരികളെന്ന് ചിന്തിക്കേണ്ടതാണ്.ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ സംരക്ഷണവും കാവലുമാണ് ഏപ്പോഴും ആഗ്രഹിക്കേണ്ടത്. അല്ലാഹുവല്ലാത്ത ആരുടെ സംരക്ഷണവും കാവലും ആരെങ്കിലും ആഗ്രഹിക്കുകയോ പ്രതക്ഷിക്കുകയോ ചെയ്താല്‍ അത് ശി൪ക്കാണ്. ഇവിടെ മങ്കൂസ് മൌലിദിലൂടെ ഇക്കാര്യം നബി ﷺ യോടാണ് ചോദിക്കുന്നത്. ഇന്നൊരാള്‍ മങ്കൂസ് മൌലിദ് ചൊല്ലുമ്പോള്‍ 1400 ല്‍പരം വ൪ഷങ്ങള്‍ക്ക് മുമ്പ് വഫാത്തായിപ്പോയ നബി ﷺ യില്‍ നിന്ന് അഭൌതികമായ കാര്യകാരണങ്ങള്‍ക്കതീതമായ രീതിയിലുള്ള സംരക്ഷണവും കാവലുമാണ് പ്രതീക്ഷിക്കുന്നത്. ഒരു സത്യവിശ്വാസി ഏത് സമയത്തും അല്ലാഹുവില്‍ നിന്ന് മാത്രമാണ് അഭൌതികമായ കാര്യകാരണങ്ങള്‍ക്കതീതമായ രീതിയിലുള്ള സംരക്ഷണവും കാവലും പ്രതീക്ഷിക്കുകയും തേടുകയും ചെയ്യേണ്ടത്.
(നാല്) ശർറഫൽ അനാം മൗലിദ്
عبدك المسكين يرجو فضلك الجم الغفير
فيك قد أحسنت ظني يا بشير يا نذير
فأغثني و أجرني يا مجير من سعير
يا غياثي يا ملاذي في مهمات الامور
ബഷീറും നദീറുമായ റസൂലേ, അങ്ങയെക്കുറിച്ച് ഉത്തമ വിശ്വാസമാണ് എനിക്കുള്ളത്. ഈ സാധുവായ അങ്ങയുടെ അടിമ ധാരാളമായി അവിടുത്തെ ഔദാര്യത്തെ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്നെ രക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണമേ. നരകത്തിൽ നിന്ന് രക്ഷിക്കുന്നവരേ, വിഷമഘട്ടത്തിൽ എന്റെ സഹായമേ, എന്റെ അഭയസ്ഥാനമേ…”
മാലമൗലിദുകളിലേക്ക് പ്രവേശിച്ചാല്‍ അതില്‍ കുത്തി നിറക്കപ്പെട്ട കുഫ്‌റുകള്‍, ശിര്‍ക്കുകള്‍, കള്ളക്കഥകള്‍, അല്ലാഹുവിനെയും മലക്കുകളെയും പരിഹസിക്കല്‍, ഇസ്‌ലാമിലെ ആരാധനകളെ പരിഹസിക്കല്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ഇസ്‌ലാംവിരുദ്ധതകള്‍ കാണാം.
അല്ലാഹുവിനോട് മാത്രം അപേക്ഷിക്കേണ്ടുന്ന കാര്യങ്ങളാണ് അമ്പിയാക്കളോടും ഔലിയാക്കളോടും അടിമത്വവും അങ്ങേയറ്റത്തെ വിനയവും പ്രകടിപ്പിച്ചു കൊണ്ട് പ്രാർത്ഥിച്ചിരിക്കുന്നത്. സഹോദരൻമാരെ ഇനി നിഷ്പക്ഷമായി ചിന്തിക്കുക! ഇതെല്ലാം ഇസ്ലാം പഠിപ്പിച്ചതാണോ? അതോ അല്ലാഹുവും റസൂലും പഠിപ്പിച്ച ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിനെ തകർ ത്തെറിയുന്നതാണോ? അല്ലാഹു പറയുന്നത് കാണുക:
ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا
പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)
ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا
(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)
إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
നിങ്ങളവരോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. ഇനി കേട്ടാൽ തന്നെ അവർ നിങ്ങൾക്കുത്തരം നൽകുന്നതല്ല. നിങ്ങൾ ചെയ്ത ഈ ശിർക്കിനെ അവർ അന്ത്യദിനത്തിൽ നിഷേധിക്കുകയും ചെയ്യും. (ഖു൪ആന്‍:35/14)
وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّ
പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? (ഖു൪ആന്‍:3/135)
وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ ﴿٥﴾وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ ﴿٦﴾
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും. (ഖു൪ആന്‍:46/5-6)
പ്രവാചകൻ ﷺ ഒരിക്കൽ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു :
إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ
നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.. (തിർമിദി:37/ 2706)
ചുരുക്കത്തിൽ ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളെ വെല്ലുവിളിക്കുകയാണ് മാലകളും മൗലീദുകളും ചെയ്യുന്നത്. അതുകൊണ്ട് നാം അവയെ കയ്യൊഴിച്ചേ പറ്റൂ. പകരം, നമുക്ക് വഴികാട്ടിയായി അല്ലാഹു അവതരിപ്പിച്ചു തന്ന വിശുദ്ധ ഖുർആനും അതിന്റെ വ്യാഖ്യാനമായ നബിയുടെ സുന്നത്തും പഠിക്കുകയും പകർത്തുകയും ചെയ്യുക. എങ്കിൽ അമ്പിയാ -ഔലിയാക്കളോടൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ നമുക്കും ഭാഗ്യം ലഭിക്കും. അതിന് അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.(ആമീൻ)
kanzululoom.com