മരണാനന്തര ജീവിതം : ബുദ്ധിപരമായ തെളിവുകൾ

സൂറ : യാസീൻ 77-83 ആയത്തുകളിലൂടെ …..

أَوَلَمْ يَرَ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ

മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്‌? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു. (ഖു൪ആന്‍:36/77)

അല്ലാഹു പറയുന്നു: {മനുഷ്യൻ കണ്ടില്ലേ?} അതായത് പുനരുത്ഥാനത്തെ സംശയിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന മനുഷ്യർ കണ്ടില്ലേ. ഉയിർത്തെഴുന്നേൽപ് ഉറപ്പായും സംഭവിക്കുമെന്നതിന് ശക്തമായ തെളിവുകളൊന്നും കണ്ടില്ലേ? അത്: തുടക്കത്തിൽ {ഒരു ബീജകണത്തിൽനിന്ന് തീർച്ചയായും നാം അവനെ സൃഷ്ടിച്ചു} പിന്നീട് അവൻ പല ഘട്ടങ്ങളിലൂടെ കടന്നുപോയി. അങ്ങനെ വലുതായി. യുവാവായി. ബുദ്ധിയുള്ളവനായി. ഘട്ടംഘട്ടമായി വളർന്നു. {എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു} തുടക്കത്തിൽ അവനൊരു ബീജകണമായിരുന്നതിന് ശേഷം മുമ്പത്തേതും ഇപ്പോഴുള്ളതുമായ രണ്ടവസ്ഥകൾ തമ്മിലുള്ള അവന്റെ വ്യത്യാസത്തെക്കുറിച്ച് അവൻ ചിന്തിക്കട്ടെ. ഒന്നുമില്ലായ്മയിൽ നിന്ന് അവനെ സൃഷ്ടിച്ചവൻ ചിതറിപ്പോയതിനുശേഷം അവനെ പുനർനിർമിക്കാൻ ഏറ്റവും അർഹനാണെന്ന് അവ മനസ്സിലാക്കട്ടെ.

وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَٰمَ وَهِىَ رَمِيمٌ

അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്‌? (ഖു൪ആന്‍:36/78)

{അവൻ നമുക്ക് ഒരു ഉപമ എടുത്ത് കാണിക്കുകയും ചെയ്തിരിക്കുന്നു} ആരും അവന് ഉപമ പറയരുത്. കാരണം പടപ്പുകളുടെ കഴിവിനോട് സ്രഷ്ടാവിന്റെ ശക്തിയും കഴിവും താരതമ്യപ്പെടുത്തലാണത്. സൃഷ്ടികൾക്ക് കഴിയാത്തത് സ്രഷ്ടാവിനും കഴിയില്ലെന്ന് പറയലാണത്. അതിന് ഉദാഹരണം ഇവിടെ പറയുന്നു: {അവൻ പറഞ്ഞു: അതായത് മനുഷ്യന്റെ എല്ലുകൾ ദ്രവിച്ചുപോയിരിക്കെ ആരാണ് അതിന് ജീവൻ നൽകുന്നത്?} അതായത്, ആരെങ്കിലും ഇവയെ പുനർജീവിപ്പിക്കുമോ? ഇത് നിഷേധാത്മകമായ ഒരു ചോദ്യമാണ്. അവ ശിഥിലമായി അപ്രത്യക്ഷമായാൽ ഒരാളും അവയെ പുനർജീവിപ്പിക്കില്ല. ഇതാണ് ഉപമയിൽ സാദൃശ്യമാക്കുന്ന വിഷയം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം അസാധ്യമാണ്. ഇത്തരം ഒരു ചോദ്യം അവനിൽ നിന്നുണ്ടായത് അവൻ അവന്റെ ആദ്യ സൃഷ്ടിപ്പിനെക്കുറിച്ച് അശ്രദ്ധനായതിനാലാണ്. പ്രസ്താവ്യമല്ലാത്ത ഒരു അവസ്ഥയിൽനിന്ന് അവൻ എങ്ങനെ സൃഷ്ടിക്കപ്പെട്ടു? അവൻ കാണപ്പെടുന്ന ഒന്നായി. ഇതവൻ ചിന്തിച്ചിരുന്നുവെങ്കിൽ അവൻ ഇങ്ങനെ വാദിക്കുമായിരുന്നില്ല.

قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ

പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ. (ഖു൪ആന്‍:36/79)

ഉയിർത്തെഴുന്നേൽപിന് സാധ്യതയില്ല എന്ന വാദത്തിന് ഒരു സമ്പൂർണ മറുപടി നൽകുകയാണ് ഇവിടെ: {പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്} ഒന്ന് ചിന്തിച്ചാൽ അവന് സംശയരഹിതമായി ബോധ്യപ്പെടും. ആദ്യം ഉണ്ടാക്കാമെങ്കിൽ അത് രണ്ടാമത് ആവർത്തിക്കാനും കഴിയും. സൃഷ്ടിക്കാൻ കഴിയുന്ന ഒരാൾക്ക് അത് ആവർത്തിക്കാൻ വളരെ എളുപ്പമാണ്.

{അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ} ഇത് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ടതാണ്. അത് രണ്ടാമത്തെ തെളിവാണ്. അവന്റെ അറിവ് എല്ലാ സമയത്തും സാഹചര്യങ്ങളിലും എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്നു. മരിച്ചവരുടെ ശരീരങ്ങൾ ഭൂമി ദഹിപ്പിക്കുന്നതും അവശേഷിപ്പിക്കുന്നതും അവനറിയുന്നു. അദൃശ്യവും ദൃശ്യവും അവനറിയുന്നു. ഈ മഹത്തായ ദൈവികജ്ഞാനം അംഗീകരിക്കുന്ന ഒരാൾക്ക് ആ അല്ലാഹുവിന് മരിച്ചവരെ ജീവിപ്പിക്കാനും കുഴിമാടങ്ങളിൽനിന്ന് പുറത്തുകൊണ്ടുവരാനും എളുപ്പമാണെന്ന് മനസ്സിലാകും.

ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ

പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍ അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു. (ഖു൪ആന്‍:36/80)

മൂന്നാമത് ഒരു തെളിവുകൂടി അല്ലാഹു കൊണ്ടുവരുന്നു: {പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവൻ. അങ്ങനെ നിങ്ങളതാ അതിൽനിന്ന് കത്തിച്ചെടുക്കുന്നു} നനവുള്ളതും ഈർപ്പമുള്ളതുമായ പച്ചമരങ്ങളിൽ നിന്ന് അവൻ തീ ഉൽപാദിപ്പിക്കുന്നു. ഉണക്കമരവും പച്ചമരവും അങ്ങേയറ്റം വൈരുധ്യമുള്ളതാണ്. എന്നിട്ടും അവനതുണ്ടാക്കുന്നു. അപ്പോൾ ക്വബ്‌റുകളിൽനിന്ന് പുറത്തുകൊണ്ടുവരുന്നതും അങ്ങനെ തന്നെയാണ്.

أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِقَٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّٰقُ ٱلْعَلِيمُ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. (ഖു൪ആന്‍:36/81)

തുടർന്ന് നാലാമത്തെ തെളിവ് പറയുന്നു: വലുപ്പത്തിലും വിശാലതയിലും {ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലെയുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ?} അവരെത്തന്നെ മടക്കി കൊണ്ടുവരാൻ അവന് കഴിയില്ലേ? {തീർച്ചയായും}  അതിന് കഴിവുള്ളവൻ തന്നെ. ആകാശഭൂമികളുടെ സൃഷ്ടിപ്പ് മനുഷ്യസൃഷ്ടിപ്പിനെക്കാൾ വലുതാണ്. {അവനത്രെ സർവവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും} ഇത് അഞ്ചാമത്തെ തെളിവാണ്.

അവൻ എല്ലാറ്റിന്റെയും സൃഷ്ടാവാണ്. മുമ്പുള്ളതിന്റെയും പിന്നീടുണ്ടായതിന്റെയുമെല്ലാം സ്രഷ്ടാവ്. ചെറുതും വലതുമെല്ലാം അവന്റെ ശക്തിയുടെയും കഴിവിന്റെയും തെളിവാണ്. ഒരു സൃഷ്ടിയും അവൻ സൃഷ്ടിക്കാൻ ഉദ്ദേശിച്ചാൽ അതിന് എതിര് നിൽക്കുകയില്ല. അപ്പോൾ മരിച്ചവരെ തിരിച്ചുകൊണ്ടുവരൽ അവന്റെ സൃഷ്ടിപ്പിൽ ഒന്നുമാത്രം. അതിനാൽ അവൻ പറയുന്നു:

إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ

താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. (ഖു൪ആന്‍:36/82)

{അവൻ ഒരു കാര്യം ഉദ്ദേശിച്ചാൽ} ഏത് കാര്യവും ആകാം. ഉദ്ദേശിക്കുന്ന കാര്യം ഇവിടെ പറഞ്ഞിട്ടില്ല. അതിനാൽ എല്ലാറ്റിനും ബാധകമാണത്. {അതിനോട് ഉണ്ടാകൂ എന്നു പറയുക മാത്രമാകുന്നു അവന്റെ കാര്യം} അപ്പോൾതന്നെ, യാതൊരു തടസ്സവും കൂടാതെ {അപ്പോഴതാ, അത് ഉണ്ടാകുന്നു}

فَسُبْحَٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ

മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍! (ഖു൪ആന്‍:36/83)

{മുഴുവൻ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കൈയിലാണോ അവൻ മഹാപരിശുദ്ധൻ} ഇത് ആറാമത്തെ തെളിവാണ്. അല്ലാഹു, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന പരമാധികാരി. ഈ ലോകത്തും ഉപരിലോകത്തുമുള്ള എല്ലാം അവനുള്ളതാണ്. എല്ലാം അവന്റെ നിയന്ത്രണത്തിന് വിധേയരാകുന്ന അടിമകളാണ്. അവന്റെ മതനിയമങ്ങളും പ്രാപഞ്ചിക നിയമങ്ങളും പ്രതിഫലവ്യവസ്ഥയുമനുസരിച്ച് എല്ലാം അവൻ കൈകാര്യം ചെയ്യുന്നു. പ്രതിഫലം വിധിക്കാൻ അവരെ മരണശേഷം തിരിച്ചു കൊണ്ടുവരിക എന്നത് അവന്റെ അധികാരത്തിൽ പെട്ടതാണ്.

{അവങ്കലേക്കാണ് നിങ്ങൾ മടക്കപ്പെടുന്നത്} അതായത്, യാതൊരു സംശയവുമില്ല. അതിന് ഖണ്ഡിതമായ പ്രത്യക്ഷ തെളിവുകൾ ധാരാളമുണ്ട്. തന്റെ വാക്കുകളിൽ മാർഗദർശനവും ശമനവും വെളിച്ചവും നിശ്ചയിച്ചവൻ അനുഗ്രഹപൂർണനായിരിക്കുന്നു.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *