അവിശ്വാസത്തിനും ദുര്‍മ്മാര്‍ഗ്ഗത്തിനും കൊടിപിടിച്ചും, അവയുടെ പ്രചാരണത്തിന് വേണ്ടി ഭഗീരഥപ്രയത്നങ്ങള്‍ നടത്തിയും, കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്തിരുന്ന നേതാക്കൻമാരും, അവരുടെ ഇംഗിതത്തിനും താളത്തിനും വഴങ്ങിക്കൊണ്ടിരുന്ന അനുയായികളും പരലോകത്ത് നേര്‍ക്കുനേര്‍ കണ്ടുമുട്ടും. ഇരുകൂട്ടരും തമ്മിലുണ്ടായിരുന്ന ആ പഴയ ബന്ധങ്ങളും, കൂട്ടുകെട്ടുകളുമൊന്നും അവിടെ കാണുകയില്ല. ഓരോരുത്തര്‍ക്കും അവരുടെ സ്വന്തം കാര്യം മാത്രമായിരിക്കും പ്രശ്‌നം. അന്നവര്‍ പരസ്പരം ആരോപണങ്ങളും, പ്രത്യാരോപണങ്ങളും നടത്തുന്നതാണ്.
ഇരുകൂട്ടരും അല്ലാഹുവിന്റെ മുമ്പില്‍ ഹാജറാക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന രംഗം വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നത് കാണുക:
وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَٰذَا ٱلْقُرْءَانِ وَلَا بِٱلَّذِى بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ
ഈ ഖുര്‍ആനിലാകട്ടെ, ഇതിന് മുമ്പുള്ള വേദത്തിലാകട്ടെ ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല എന്ന് സത്യനിഷേധികള്‍ പറഞ്ഞു. (നബിയേ,) ഈ അക്രമികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ നിര്‍ത്തപ്പെടുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍! അവരില്‍ ഓരോ വിഭാഗവും മറുവിഭാഗത്തിന്‍റെ മേല്‍ കുറ്റം ആരോപിച്ച് കൊണ്ടിരിക്കും. ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചിരുന്നവരോട് പറയും: നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ. (ഖു൪ആന്‍:34/31)
قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم ۖ بَلْ كُنتُم مُّجْرِمِينَ
വലുപ്പം നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തിയതിന് ശേഷം അതില്‍ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല, നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു. (ഖു൪ആന്‍:34/32)
وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُۥٓ أَندَادًا ۚ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَجَعَلْنَا ٱلْأَغْلَٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ
ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കാനും, അവന്ന് സമന്‍മാരെ സ്ഥാപിക്കുവാനും നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ (നിങ്ങള്‍) രാവും പകലും നടത്തിയ കുതന്ത്രത്തിന്‍റെ ഫലമാണത്. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെക്കുകയും ചെയ്യും. തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്ക് നല്‍കപ്പെടുമോ. (ഖു൪ആന്‍:34/33)
ധിക്കാര വര്‍ഗ്ഗത്തിലെ നേതാക്കള്‍ നരകത്തില്‍ പ്രവേശിക്കുമ്പോള്‍ അവരൊന്നിച്ച് അവരുടെ അനുയായികളും കൂട്ടം കൂട്ടമായി നരകത്തിലേക്കു വന്നുകൊണ്ടിരിക്കും. ഈ അവസരത്തില്‍ നേതാക്കളോട് : ‘ഇതാ നിങ്ങളൊന്നിച്ചു തിരക്കിക്കടന്നുവരുന്ന ഒരുകൂട്ടം’ എന്നു പറയപ്പെടും. അപ്പോള്‍ അവര്‍ തങ്ങളുടെ അനുയായികളുടെ നേരെ സ്വീകരിക്കുന്ന നയം ‘അവര്‍ക്കു സ്വാഗതമില്ല’ എന്നായിരിക്കും.
هَٰذَا فَوْجٌ مُّقْتَحِمٌ مَّعَكُمْ ۖ لَا مَرْحَبَۢا بِهِمْ ۚ إِنَّهُمْ صَالُوا۟ ٱلنَّارِ
(നരകത്തില്‍ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോള്‍ അവര്‍ പറയും:) അവര്‍ക്ക് സ്വാഗതമില്ല. തീര്‍ച്ചയായും അവര്‍ നരകത്തില്‍ കത്തിഎരിയുന്നവരത്രെ. (ഖു൪ആന്‍:38/59)
ഇഹത്തില്‍ വെച്ച് അവര്‍ പരസ്പരം സ്വാഗതം നല്‍കുകയും, കൂട്ടുകെട്ടില്‍ വര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കിലും, ഇപ്പോള്‍ അവര്‍ തങ്ങള്‍ക്കൊരു ശല്യവും, ശാപവുമായിട്ടാണിരിക്കുന്നത്. അങ്ങനെ, അവരുടെ നേരെയുള്ള അറപ്പും, വെറുപ്പും അവര്‍ പ്രകടിപ്പിക്കുന്നു. പക്ഷെ, ഏതായാലും അവരും ഇവരെപ്പോലെ നരകത്തില്‍ കടന്നെരിയുന്നവര്‍തന്നെയാണ്. നേതാക്കളുടെ നേരെ നീതന്മാരും അവരുടെ വെറുപ്പും പ്രതിഷേധവും പ്രകടമാക്കും:
قَالُوا۟ بَلْ أَنتُمْ لَا مَرْحَبَۢا بِكُمْ ۖ أَنتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ ٱلْقَرَارُ
അവര്‍ (ആ കടന്ന് വരുന്നവര്‍) പറയും; അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്. നിങ്ങളാണ് ഞങ്ങള്‍ക്കിത് വരുത്തിവെച്ചത്. അപ്പോള്‍ വാസസ്ഥലം ചീത്ത തന്നെ. (ഖു൪ആന്‍:38/60)
നിങ്ങളുടെ പ്രബോധനവും വഴിതെറ്റിക്കലും മൂലമാണ് ഞങ്ങൾക്ക് ഈ ഗതി വന്നിട്ടുള്ളത്. അതുകൊണ്ടു അവര്‍ക്കു ശിക്ഷ ഇരട്ടിപ്പിക്കേണമെന്ന് അവര്‍ അല്ലാഹുവിനോടു അപേക്ഷിക്കും. തങ്ങള്‍ക്കു ഏതായാലും ശിക്ഷയില്‍നിന്നു ഒഴിവില്ലെന്നു അവര്‍ക്കറിയാം. എന്നാലും മറ്റേവരോടുള്ള അമര്‍ഷം നിമിത്തം അവര്‍ക്കു കൂടുതല്‍ ശിക്ഷ ലഭിക്കുവാന്‍ അവര്‍ ആഗ്രഹിക്കുകയാണു.
قَالُوا۟ رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدْهُ عَذَابًا ضِعْفًا فِى ٱلنَّارِ
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇത് (ശിക്ഷ) വരുത്തിവെച്ചതാരോ അവന്ന് നീ നരകത്തില്‍ ഇരട്ടി ശിക്ഷ വര്‍ദ്ധിപ്പിച്ചു കൊടുക്കേണമേ. (ഖു൪ആന്‍:38/61)
‘എല്ലാവർക്കും ഇരട്ടിയുണ്ട്’ എന്ന് മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നുണ്ട്:
قَالَ ٱدْخُلُوا۟ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِكُم مِّنَ ٱلْجِنِّ وَٱلْإِنسِ فِى ٱلنَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌ لَّعَنَتْ أُخْتَهَا ۖ حَتَّىٰٓ إِذَا ٱدَّارَكُوا۟ فِيهَا جَمِيعًا قَالَتْ أُخْرَىٰهُمْ لِأُولَىٰهُمْ رَبَّنَا هَٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمْ عَذَابًا ضِعْفًا مِّنَ ٱلنَّارِ ۖ قَالَ لِكُلٍّ ضِعْفٌ وَلَٰكِن لَّا تَعْلَمُونَ
അവന്‍ (അല്ലാഹു) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:7/38)
നേതാക്കളെ സംബന്ധിച്ചിടത്തോളം, അവരുടെ നിഷേധത്തിനും, അനുയായികളെ സംബന്ധിച്ചിടത്തോളം ദൃഷ്ടാന്തങ്ങളും തെളിവുകളും നോക്കാതെ നേതാക്കളെ അനുകരിച്ചും അനുസരിച്ചും കൊണ്ടിരുന്നതിനും ശിക്ഷ അനുഭവിക്കേണ്ടതുണ്ടല്ലോ. ആര്‍ക്കും ഒഴിവില്ലെന്നും, ലഘുത്വമില്ലെന്നും കാണുമ്പോള്‍, നേതാക്കൾ തങ്ങളോടു കാണിച്ച അമര്‍ഷത്തിനു അവര്‍ തിരിച്ച് മറുപടി നൽകും.
وَقَالَتْ أُولَىٰهُمْ لِأُخْرَىٰهُمْ فَمَا كَانَ لَكُمْ عَلَيْنَا مِن فَضْلٍ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْسِبُونَ
അവരിലെ മുന്‍ഗാമികള്‍ അവരുടെ പിന്‍ഗാമികളോട് പറയും: അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാല്‍ നിങ്ങള്‍ സമ്പാദിച്ചു വെച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക. (ഖു൪ആന്‍:7/39)
ദുര്‍മാഗത്തിന്റെയും, ശിര്‍ക്കിന്റെയും നേതൃത്വം വഹിച്ചിരുന്ന തലവന്‍മാരും, അവരെ പിന്‍പറ്റിയിരുന്ന അനുയായികളും ഒരു പോലെ ശിക്ഷക്ക് വിധേയരും നിസ്സഹായരുമായിത്തീരും. ആ അവസരത്തില്‍, തങ്ങള്‍ക്ക് വല്ല ലഘുത്വവും കിട്ടിയെങ്കിലോ എന്നു കരുതി അനുയായികള്‍ നേതാക്കളെപ്പറ്റി ആക്ഷേപിക്കുകയും, അവരെ പഴിചാരുകയും ചെയ്യും. നേതാക്കളാകട്ടെ, അതിനെ നിഷേധിക്കുകയും, ഞങ്ങളെവരെ പിഴപ്പിച്ചതല്ലെന്നും അവര്‍ സ്വയം പിഴച്ചുപോയതാണെന്നും വാദിക്കുകയുമാണ് ചെയ്യുക.
وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ النَّارِ ﴿٤٧﴾ قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّهَ قَدْ حَكَمَ بَيْنَ الْعِبَادِ ﴿٤٨﴾
നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന് ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അഹംഭാവം നടിച്ചവര്‍ പറയും: തീര്‍ച്ചയായും നമ്മളെല്ലാം ഇതില്‍ തന്നെയാകുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്‍മാര്‍ക്കിടയില്‍ വിധി കല്‍പിച്ചു കഴിഞ്ഞു. (ഖു൪ആന്‍:40/47-48)
‘ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ’ എന്ന് അനുയായികൾ തിരിച്ചറിയും. നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിച്ചതാണ് കുഴപ്പമായതെന്നും അവര്‍ക്ക് മനസ്സിലാകും.
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا ﴿٦٦﴾ وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا ﴿٦٧﴾ رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا ﴿٦٨﴾
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും) (ഖു൪ആന്‍:33/66-68)
ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരായ, ഞങ്ങളെ കുഴപ്പത്തിലാക്കുകയും വഴികേടിലാക്കുകയും ചെയ്തവരെ അതുപോലെ നിന്ദ്യരും നികൃഷ്ടരുമാക്കാൻ അവര്‍ ആഗ്രഹിക്കും.
وَقَالَ ٱلَّذِينَ كَفَرُوا۟ رَبَّنَآ أَرِنَا ٱلَّذَيْنِ أَضَلَّانَا مِنَ ٱلْجِنِّ وَٱلْإِنسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ ٱلْأَسْفَلِينَ
സത്യനിഷേധികള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ പിഴപ്പിച്ചവരായ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള രണ്ടുവിഭാഗത്തെ നീ ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ. അവര്‍ അധമന്‍മാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങള്‍ അവരെ ഞങ്ങളുടെ പാദങ്ങള്‍ക്ക് ചുവട്ടിലിട്ട് ചവിട്ടട്ടെ. (ഖു൪ആന്‍:41/29)
ഈ സന്ദര്‍ഭത്തില്‍, ഭൂമുഖത്തേക്ക് ഒന്നുകൂടി മടങ്ങിപ്പോകുവാനുള്ള ഒരവസരം ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ ഇതിന് പകരം ഞങ്ങള്‍ അവര്‍ക്ക് കാട്ടിക്കൊടുത്തേനേ എന്നൊക്കെ അവര്‍ പറയും.
إِذْ تَبَرَّأَ الَّذِينَ اتُّبِعُوا مِنَ الَّذِينَ اتَّبَعُوا وَرَأَوُا الْعَذَابَ وَتَقَطَّعَتْ بِهِمُ الْأَسْبَابُ ﴿١٦٦﴾ وَقَالَ الَّذِينَ اتَّبَعُوا لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا مِنَّا ۗ كَذَٰلِكَ يُرِيهِمُ اللَّهُ أَعْمَالَهُمْ حَسَرَاتٍ عَلَيْهِمْ ۖ وَمَا هُم بِخَارِجِينَ مِنَ النَّارِ ﴿١٦٧﴾
പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്.) പിന്തുടര്‍ന്നവര്‍ (അനുയായികള്‍) അന്നു പറയും : ഞങ്ങള്‍ക്ക് (ഇഹലോകത്തേക്ക്) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാകുകയുമില്ല. (ഖു൪ആന്‍:2/166-167)
മാത്രമല്ല, അങ്ങനെ മടങ്ങിയാൽ വിശ്വസിക്കുന്നതാണെന്നും അവര്‍ പറയും.
قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ ﴿٩٦﴾ تَٱللَّهِ إِن كُنَّا لَفِى ضَلَٰلٍ مُّبِينٍ ﴿٩٧﴾ إِذْ نُسَوِّيكُم بِرَبِّ ٱلْعَٰلَمِينَ ﴿٩٨﴾ وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ ﴿٩٩﴾ فَمَا لَنَا مِن شَٰفِعِينَ ﴿١٠٠﴾ وَلَا صَدِيقٍ حَمِيمٍ ﴿١٠١﴾ فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ ٱلْمُؤْمِنِينَ ﴿١٠٢﴾ إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴿١٠٣﴾
അവിടെ വെച്ച് അന്യോന്യം വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും: അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.നിങ്ങള്‍ക്ക് ഞങ്ങള്‍ ലോകരക്ഷിതാവിനോട് തുല്യത കല്‍പിക്കുന്ന സമയത്ത്. ഞങ്ങളെ വഴിപിഴപ്പിച്ചത് ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ശക്കാരായി ആരുമില്ല. ഉറ്റ സുഹൃത്തുമില്ല. അതിനാല്‍ ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു. തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല. (ഖു൪ആന്‍:26/96-103)
kanzululoom.com