അന്ത്യനാള്‍ വരെയുമുള്ള മനുഷ്യരുടെ പ്രവാചകന്‍

ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ് പ്രവാചകന്‍മാരിലുള്ള വിശ്വാസം. ഭൂമിയില്‍ മനുഷ്യവാസം തുടങ്ങിയതുമുതല്‍  എല്ലാ കാലത്തും പ്രവാചക നിയോഗമുണ്ടായിട്ടുണ്ട്.

 ۚ وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ

ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.(ഖു൪ആന്‍:35/24)

ثُمَّ أَرْسَلْنَا رُسُلَنَا تَتْرَا ۖ كُلَّ مَا جَآءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَٰهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ

പിന്നെ നാം നമ്മുടെ ദൂതന്‍മാരെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. (ഖു൪ആന്‍:23/44)

കഴിഞ്ഞുപോയ പ്രവാചകന്‍മാ൪ക്കൊന്നും ഇല്ലാത്ത പ്രധാനപ്പെട്ട മൂന്ന് പ്രത്യേകതകള്‍ നമ്മുടെ നബിയായ മുഹമ്മദ് നബി ﷺ ക്കുണ്ട്. അവയെ കുറിച്ച് താഴെ ചേ൪ക്കുന്നു.

(1) ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രവാചകന്‍

(2) അന്ത്യനാള്‍ വരെയുമുള്ള  പ്രവാചകന്‍

മുഹമ്മദ്‌ നബിﷺയുടെ മുമ്പുള്ള പ്രവാചകന്‍മാരെല്ലാം, ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിലേക്കും, കാലത്തേക്കും നിയോഗിക്കപ്പെട്ടവരായിരുന്നു. മനുഷ്യ സമൂഹത്തിന്റെ അന്നത്തെ പരിതസ്ഥിതിയായിരുന്നു അതിനു കാരണം. ബുദ്ധിപരമായും, സാമൂഹ്യമായും, നാഗരീകമായും മനുഷ്യന്‍ വളര്‍ന്നുവരികയായിരുന്നു. ആവശ്യമായ പക്വതയും, പാകതയും അവരില്‍ സംജാതമായിത്തുടങ്ങിയ ഘട്ടത്തിലാണ് നബി ﷺ  അന്ത്യനാള്‍ വരെയും ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രവാചകനായി നിയോഗിക്കപ്പെട്ടത്.  അദ്ദേഹം എല്ലാ മനുഷ്യസമുദായത്തിനും എല്ലാ കാലത്തേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്.

وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്‌. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല. (ഖു൪ആന്‍:34/28)

قُلْ يَٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا

(നബിയെ) പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. (ഖു൪ആന്‍:7/158)

قُلْ يَٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمْ نَذِيرٌ مُّبِينٌ

(നബിയേ) പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.(ഖു൪ആന്‍:22/49)

تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَٰلَمِينَ نَذِيرًا

തന്‍റെ ദാസന്റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌. (ഖു൪ആന്‍:25/1)

عَنْ جَابِرِ بْنِ عَبْدِ اللَّهِ،أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ، وَجُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلاَةُ فَلْيُصَلِّ، وَأُحِلَّتْ لِيَ الْمَغَانِمُ وَلَمْ تَحِلَّ لأَحَدٍ قَبْلِي، وَأُعْطِيتُ الشَّفَاعَةَ، وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً، وَبُعِثْتُ إِلَى النَّاسِ عَامَّةً ‏”‏‏.‏

ജാബിറില്‍  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  അരുളി: എനിക്ക്‌ മുമ്പുള്ളവര്‍ക്ക്‌ നല്‍കാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക്‌ അല്ലാഹു നല്‍കിയിരിക്കുന്നു. ഒരു മാസത്തെ വഴി ദൂരത്തെ ഭയം കൊണ്ട്‌ ഞാന്‍ സഹായിക്കപ്പെട്ടു. ഭൂമിയെ (സര്‍വ്വവും) എനിക്ക്‌ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലമായും ശുചീകരിക്കാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്‍റെ അനുയായികള്‍ ഏതെങ്കിലും ഒരാള്‍ക്ക്‌ നമസ്കാരസമയം എത്തിയാല്‍ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെ വെച്ച്‌ അവന്‍ നമസ്കരിക്കട്ടെ. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക്‌ അനുമതി നല്‍കിയിരിക്കുന്നു. എനിക്ക്‌ മുമ്പ്‌ ആര്‍ക്കും അതനുവദിച്ചുകൊടുത്തിരുന്നില്ല. ശുപാര്‍ശ എനിക്ക്‌ അനുവദിച്ചു തന്നു. നബിമാരെ അവരവരുടെ ജനതയിലേക്ക്‌ മാത്രമാണ്‌ മുമ്പ്‌ നിയോഗിച്ചയച്ചിരുന്നത്‌. എന്നെ നിയോഗിച്ചയച്ചിരിക്കുന്നതാവട്ടെ മനുഷ്യരാശിയിലേക്കാകമാനവും. (ബുഖാരി:335)

(3) അന്ത്യ പ്രവാചകന്‍

مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا

മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:33/40)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِنَّ مَثَلِي وَمَثَلَ الأَنْبِيَاءِ مِنْ قَبْلِي كَمَثَلِ رَجُلٍ بَنَى بَيْتًا فَأَحْسَنَهُ وَأَجْمَلَهُ، إِلاَّ مَوْضِعَ لَبِنَةٍ مِنْ زَاوِيَةٍ، فَجَعَلَ النَّاسُ يَطُوفُونَ بِهِ وَيَعْجَبُونَ لَهُ، وَيَقُولُونَ هَلاَّ وُضِعَتْ هَذِهِ اللَّبِنَةُ قَالَ فَأَنَا اللَّبِنَةُ، وَأَنَا خَاتِمُ النَّبِيِّينَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: എൻറെയും എനിക്ക് മുമ്പുള്ള മറ്റു പ്രവാചകൻമാരുടെയും ഉപമ ഇതാണ്.  “ഒരാൾ ഒരു വീട് നിർമ്മിച്ചു. അതിന് മോടി പിടിപ്പിച്ചു.  അതിൻറെ ഒരു മൂലയിൽ ഒരു ഇഷ്ടികക്കുള്ള സ്ഥലം ഒഴിച്ചിട്ടു. ജനങ്ങൾ അതിന് ചുറ്റും പ്രദക്ഷിണം വെച്ചു. ഈ വിടവ് കണ്ട് അവർ അത്ഭുതപ്പെട്ടു. അവർ പറഞ്ഞു.  ഈ ഇഷ്ടികകൂടി വെച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.  ഞാനാണ് ആ ഇഷ്ടിക. (ആ ഇഷ്ടികയുടെ സ്ഥാനമാണ് പ്രവാചക ശൃംഖലയിൽ എനിക്കുള്ളത്.) ഞാനാണ് അന്ത്യ പ്രവാചകൻ.  (ബുഖാരി: 61)

عَنْ سَعْدِ بْنِ أَبِي وَقَّاصٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِعَلِيٍّ :‏ أَنْتَ مِنِّي بِمَنْزِلَةِ هَارُونَ مِنْ مُوسَى إِلاَّ أَنَّهُ لاَ نَبِيَّ بَعْدِي‏

സഅ്ദ് ബ്നു അബീബഖാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ അലി رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു: എന്നെ സംബന്ധിച്ചിടത്തോളം നീ, മൂസാനബിയെ സംബന്ധിച്ച് ഹാറൂന്‍റെ പദവിയിലാകുന്നു. പക്ഷേ, എന്‍റെ ശേഷം ഒരു നബിയും ഇല്ല. (തി൪മിദി:49/4095)

മുഹമ്മദ് നബിﷺക്ക് ശേഷം ഇനിയൊരു നബിയുണ്ടെന്ന് വിശ്വസിക്കുന്നവന്‍ കാഫിറാണെന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ഇനിയുമൊരു പ്രവാചകന്‍ വരാം, അതില്‍ അസാംഗത്യമൊന്നുമില്ല എന്ന് വിശ്വസിക്കുന്നത് പോലും കുഫ്‌റാണ്.  ഇനിയൊരു പ്രവാചകൻ വരാത്തത് എന്തുകൊണ്ടാണ്? മനുഷ്യരെ ഉദ്ധരിക്കുവാന്‍ നബിമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതു ആവശ്യമല്ലേ? എന്ന് ചിന്തിക്കുന്നവരോട് ചില കാര്യങ്ങൾ ഉണർത്തുന്നു:

മനുഷ്യന്‍ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലാത്തതുകൊണ്ടു ആദ്യകാലങ്ങളില്‍ അല്ലാഹുവിന്‍റെ ഏകമതമായ ഇസ്ലാം അതിന്‍റെ പരിപൂര്‍ണ്ണമായ രൂപത്തില്‍ നബി ﷺ ക്ക് മുമ്പ് അവതരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറിയപ്പെട്ടിടത്തോളം, ശരീഅത്തും (ഇസ്ലാമിക നിയമസംഹിതയും) വേദഗ്രന്ഥവുമാണെന്നനിലക്കു മനുഷ്യസമുദായത്തില്‍ അല്ലാഹുവിനാല്‍ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം തൗറാത്താകുന്നു. അതാകട്ടെ, ഇസ്രാഈല്‍ സമുദായത്തിലേക്കു റസൂലായി നിയോഗിക്കപ്പെട്ട  മൂസാനബി  عليه والسلام യുടെ കൈക്ക് അവര്‍ക്കുവേണ്ടി അവതരിപ്പിക്കപ്പെട്ടതായിരുന്നു. മുഹമ്മദ്‌ നബി ﷺ മനുഷ്യലോകത്തിനാകമാനമുള്ള ദൈവദൂതനാകകൊണ്ടും നബി ﷺ യുടെ നിയോഗമായപ്പോഴേക്കും മനുഷ്യസമുദായത്തിന്‍റെ ബുദ്ധിപരമായ വളര്‍ച്ച പൂര്‍ണ്ണദശ പ്രാപിച്ചതുകൊണ്ടും നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥം – ഖുര്‍ആന്‍ – ഇസ്ലാമിന്‍റെ പരിപൂര്‍ണ്ണവും സര്‍വ്വജനീനവുമായ വേദഗ്രന്ഥമായിത്തീര്‍ന്നു. ആ ഗ്രന്ഥം യാതൊരു മാറ്റത്തിരുത്തവും കൂടാതെ ലോകാവസാനം വരെ നിലനില്‍ക്കുന്നതാണെന്നു അല്ലാഹു ഉറപ്പു നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, എനി ഒരു പ്രവാചകന്‍റെയോ റസൂലിന്‍റെയോ വരവിനാകട്ടെ, വേദഗ്രന്ഥത്തിന്‍റെ അവതരണത്തിനാകട്ടെ ആവശ്യമില്ല. നബി ﷺ യുടെ വിയോഗത്തിന് അല്പം മുമ്പ് മനുഷ്യ സമുദായത്തോടാകമാനം യാത്ര പറഞ്ഞ ഒരു മഹാ സമ്മേളനമായ ‘ഹജ്ജത്തുല്‍ വിദാഇൽ’ (حجة الوداع) വെച്ച് നബി ﷺ ക്ക് അവതരിച്ച ഖുര്‍ആന്‍ വചനം ഈ പരമാര്‍ത്ഥം സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

ഇന്ന്‌ ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക്‌ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു. (ഖു൪ആന്‍: 5/3)

വിശുദ്ധ ഖുര്‍ആന്‍റെ സംരക്ഷണത്തെക്കുറിച്ച് അല്ലാഹു പറയുന്നതു കാണുക:

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍ :15/9)

ആദ്യകാലത്തു മനുഷ്യന്‍ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലെന്നപോലെതന്നെ വാര്‍ത്താവിതരണം, ഗതാഗതസൗകര്യം, അന്യോന്യ സമ്പര്‍ക്കം ആദിയായ നാഗരീക തുറകളിലും മുന്‍സമുദായങ്ങള്‍ വളരെയേറെ പിന്നിലായിരുന്നു. അതുകൊണ്ട് നബി ﷺ ക്ക് മുമ്പ് ഭൂലോകത്തു നിയുക്തരായ എല്ലാ നബിമാരും ചില പ്രത്യേക സമുദായങ്ങളിലേക്കുമാത്രം നിയുക്തരായി. നബി ﷺ യാകട്ടെ, കാലദേശവ്യത്യാസമില്ലാതെ, ലോകാവസാനംവരേക്കുമുള്ള എല്ലാ ജനങ്ങള്‍ക്കും വേണ്ടി നിയുക്തരായ റസൂലും അദ്ദേഹം കൊണ്ടു വന്ന ദൈവിക നിയമസംഹിത സകല ജനങ്ങള്‍ക്കും ബാധകമായതുമാകുന്നു. ഇക്കാരണത്താലും എനി ഒരു പ്രാവചകന്‍റെയോ വേദഗ്രന്ഥത്തിന്‍റെയോ ആവശ്യം ലോകത്തിന് അവശേഷിക്കുന്നില്ല.

എന്നാലും ഇടക്കാലത്ത് സമുദായത്തെ ഉദ്ധരിക്കുവാന്‍ നബിമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതു ആവശ്യമല്ലേ? എന്ന് സംശയിക്കുന്നവർ അറിയുക: പ്രത്യേക വേദഗ്രന്ഥമോ നിയമസംഹിതയോ ഇല്ലാത്ത നബിമാരുടെ ചുമതല തങ്ങള്‍ക്കുമുമ്പ് നിലവിലുള്ള ദൈവിക നിര്‍ദ്ദേശങ്ങള്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കുക എന്നുള്ളതാണ് അവര്‍ക്കു അല്ലാഹുവിങ്കല്‍നിന്നും പ്രവാചകത്വത്തിന്‍റെ സ്ഥാനപദവി ലഭിച്ചിരിക്കുമെന്നുമാത്രം. ഖുര്‍ആന്‍റെ അനുയായികളാകട്ടെ, പ്രവാചകത്വപദവി ഇല്ലാതെത്തന്നെ ഈ കൃത്യം ലോകാവസാനംവരെ നിലനിറുത്തിപ്പോരുവാന്‍ ബാദ്ധ്യസ്ഥരാകുന്നു. ആ നിലക്കും ഒരു പ്രവാചകന്‍റെ ആവശ്യം എനി അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു:

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. (ഖു൪ആന്‍:3/104)

وَٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ سَيَرْحَمُهُمُ ٱللَّهُ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌. (ഖു൪ആന്‍:9/71)

മനുഷ്യർക്ക് മതപ്രബോധനം ചെയ്യുന്നതും, അന്യോന്യം ഉപദേശിക്കുന്നതും മുസ്ലിംകളുടെ കടമയും കര്‍ത്തവ്യവുമാണ്. പണ്ഡിതന്‍മാരിലാണ് ഈ ചുമതല പ്രധാനമായും നിലകൊള്ളുന്നത്. അതുകൊണ്ടാണ് നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുള്ളത്.

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم :وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ

നബി ﷺ പറഞ്ഞു : ഉലമാക്കളാണ് നബിമാരുടെ അനന്തരാവകാശികള്‍. (അബൂദാവൂദ് :3541)

ലോകത്ത് എന്തു മാറ്റങ്ങള്‍ തന്നെ സംഭവിച്ചാലും, ഖുര്‍ആന്‍ അതിന്‍റെ സാക്ഷാല്‍ രൂപത്തിനു ഭംഗം വരാതെ കാത്തുസൂക്ഷിക്കുമെന്നു അല്ലാഹു പറഞ്ഞുവല്ലോ. മനുഷ്യസമുദായം എത്ര ദുഷിച്ചാലും അവരില്‍ അല്പം ചിലരെങ്കിലും സത്യത്തില്‍ നിലക്കൊള്ളുന്നവരായും, ഇസ്ലാമിന്‍റെ സിദ്ധാന്തങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നവരായും ലോകാവസാനംവരെ അവശേഷിക്കാതിരിക്കുകയില്ലെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. മാത്രമല്ല, ഈ യാഥാര്‍ത്ഥ്യം നബി ﷺ പ്രവചിച്ചിട്ടുമുണ്ട്.

عَنْ مُعَاوِيَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ :‏ لاَ يَزَالُ مِنْ أُمَّتِي أُمَّةٌ قَائِمَةٌ بِأَمْرِ اللَّهِ، لاَ يَضُرُّهُمْ مَنْ خَذَلَهُمْ وَلاَ مَنْ خَالَفَهُمْ حَتَّى يَأْتِيَهُمْ أَمْرُ اللَّهِ وَهُمْ عَلَى ذَلِكَ

മുആവിയ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: എന്‍റെ സമുദായത്തില്‍, അല്ലാഹുവിന്‍റെ കല്‍പന അനുസരിച്ച് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ടായിക്കൊണ്ടേയിരിക്കും. അവരെ കൈവെടിയുന്നവരാകട്ടെ, അവരോടു ഭിന്നിച്ചു നില്‍ക്കുന്നവരാകട്ടെ – ആരും തന്നെ – അവര്‍ക്കു ഉപദ്രവം വരുത്തുകയില്ല. അങ്ങിനെ, അവര്‍ അതേ നിലയിലിരിക്കെ അല്ലാഹുവിന്‍റെ കല്‍പന (ലോകാവസാനം) വന്നെത്തും. (ബുഖാരി:3641)

ചുരുക്കത്തിൽ, ഇനിയൊരു വേദഗ്രന്ഥമോ പ്രവാചകനോ ആവശ്യമില്ലാത്ത വിധം സുദൃഢമാണ് ഇസ്ലാമിക ശരീഅത്ത്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *