ലൈലത്തുല്‍ ഖദ്റും ഇഅ്ത്തികാഫും

അല്ലാഹു വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ളത് റമളാന്‍ മാസത്തിലെ ഒരു അനുഗൃഹീത രാത്രിയിലാണ്.

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. ……. (ഖു൪ആന്‍: 2/185)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്‍) വന്നെത്തിയിരിക്കുന്നു. …………. അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ – അല്‍ബാനി: 4/129 നമ്പര്‍:2106)

إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ

തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.(ഖു൪ആന്‍:44/2)

വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ള ആ അനുഗൃഹീത രാത്രിയാണ് ലൈലത്തുല്‍ ഖദ്൪.

ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1)

മുഹമ്മദ് നബിﷺക്ക് വ്യത്യസ്ത സന്ദർഭങ്ങളിലായി 23 വർഷം കൊണ്ടാണ് വിശുദ്ധ ഖുർആനിന്റെ അവതരണം പൂർത്തിയായത്. എന്നാൽ ഖുർആൻ നേരത്തെ തന്നെ അല്ലഹുവിന്റെ പക്കൽ ലൌഹുൽ മഹ്ഫൂളിൽ (لوح المحفوظ) രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് ലൈലത്തുല്‍ ഖദ്റില്‍ ഒന്നാം ആകാശത്തേക്ക് അല്ലാഹു അതിനെ അവതരിപ്പിക്കുകയാണുണ്ടായത്.

قاَلَ ابْنُ عَبَّاسٍ وَغَيْرُهُ: أنْزَلَ اللهُ القُرْآنَ جُمْلَةً وَاحِدَةً مِنَ اللَّوْحِ المَحْفُوظِ إلَى بَيْتِ العِزَّةِ مِنَ السَّمَاءِ الدُّنْيَا ثُمَّ نَزَلَ مُفَصَّلاً بِحَسْبِ الوَقَائِعِ في ثَلاَثٍ وَعِشْرِينَ سَنَة عَلَى رَسُولِ اللهِ صَلَّى اللهُ تَعَالَى عَلَيْهِ وَسَلَّمَ

ഇബ്നു അബ്ബാസും (റ) മറ്റും പറയുന്നു: അല്ലാഹു ഖുർആനിനെ മുഴുവനായും ലൌഹുൽ മഹ്ഫൂളിൽ നിന്നും ഒന്നാം ആകാശത്തെ ബൈത്തുൽ ഇസ്സയിലേക്ക് അവതരിപ്പിച്ചു. പിന്നീട് ഓരോ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ 23 വർഷങ്ങളിലായി നബിﷺക്ക് അതിനെ അവതരിപ്പിക്കുകയാണുണ്ടായത്. (തഫ്സീർ ഇബ്നു കസീര്‍ – ഖു൪ആന്‍ :97/1-5 ന്റെ വ്യാഖ്യാനത്തിൽ നിന്ന്)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: നബിﷺക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ 23 കൊല്ലക്കാലം കൊണ്ടായിരുന്നു ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയായതെന്ന വസ്തുത പ്രസിദ്ധമാണ്. രാവും പകലും, നാട്ടിലും യാത്രയിലും, ഗ്രീഷ്മത്തിലും വസന്തത്തിലുമെന്നീ വ്യത്യാസമൊന്നുംകൂടാതെ, സന്ദര്‍ഭത്തിനും ആവശ്യത്തിനും അനുസരിച്ചായിരുന്നു അത്. എന്നിരിക്കെ, ഒരു രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നു പറഞ്ഞതിന്റെ താല്‍പര്യം എന്താണ് ? ഈ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങളാണ് പ്രസക്തമായിട്ടുള്ളത്. 1). അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന മൂലഗ്രന്ഥത്തില്‍(ام الكتاب) നിന്ന് – അഥവാ ‘ലൌഹുല്‍ മഹ്ഫൂള്വില്‍’ (اللحو المحفوظ) നിന്ന് – ഖുര്‍ആനിന്റെ മുഴുവന്‍ ഭാഗവും അടുത്ത ആകാശലോകത്തേക്ക് ആ രാത്രിയില്‍ അവതരിപ്പിച്ചു; പിന്നീടു ആവശ്യാനുസരണം കുറേശ്ശെയായി നബിﷺക്ക് അവിടെനിന്നു അവതരിപ്പിച്ചുകൊണ്ടിരുന്നു. ഇബ്നു അബ്ബാസ് (റ) മുതലായവരുടെ വ്യാഖ്യാനമാണിത്. മുഫസ്സിറുകളില്‍ അധികമാളുകളും ഈ അഭിപ്രായമാണ് സ്വീകരിച്ചുകാണുന്നത്. ഇബ്നു അബ്ബാസില്‍(റ) നിന്ന് ഹാകിം, ബൈഹഖി, നസാഈ, ത്വബ്റാനി (റ) മുതലായ പല മഹാന്‍മാരും ഇതു നിവേദനം ചെയ്തിട്ടുണ്ട്. (كما في الاتقان) ഇതാണ് ശരിയും സ്വീകാര്യമായ അഭിപ്രായമെന്നു ഇമാം അസ്ഖലാനീ (റ) പ്രത്യേകം എടുത്തു പറയുകയും ചെയ്തിരിക്കുന്നു. 2). ഖുര്‍ആനിന്റെ അവതരണം ആരംഭിച്ചത് പ്രസ്തുത രാത്രിയിലാകുന്നുവെന്നാണ് ഇമാം ശുഅ്ബീ (റ) മുതലായവരുടെ വ്യാഖ്യാനം. പല മുഫസ്സിറുകളും ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ രണ്ടു അഭിപ്രായങ്ങളും തമ്മില്‍ പരസ്പര വൈരുദ്ധ്യമില്ലാത്ത സ്ഥിതിക്ക് രണ്ടും ശരിയായിരിക്കുന്നതിന് വിരോധമില്ലതാനും. الله اعلم (അമാനി തഫ്സീ൪ : ഖു൪ആന്‍:44/3 ന്റെ വിശദീകരണത്തില്‍ നിന്ന്)

എന്താണ് ലൈലത്തുൽ ഖദ്ർ ?

ലൈലത്തുൽ ഖദ്റിന് എന്ത് അർത്ഥമാണ് നൽകേണ്ടതെന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ‘ഖദ്ർ’ എന്ന പദത്തിന് അറബി ഭാഷയിൽ ഇടുക്കം, ബഹുമാനം, മതിപ്പ്, വിധി തുടങ്ങിയ അർത്ഥങ്ങളുണ്ട്. ഇവയിൽ ഏതർത്ഥവും യോജിച്ചു വരാവുന്നതുമാണ്. ഹാഫിദ് ഇബ്നു ഹജറുൽ അസ്ഖലാനി(റഹി) സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽബാരിയിൽ കിതാബു ഫദ്ലു ലൈലത്തിൽ ഖദ്റിന്റെ പ്രാരംഭത്തിൽ ഇതു സംബന്ധമായി വിശദീകരിക്കുന്നത് കാണുക:

واخْتَلَفَ فِي الْمُرَادِ بِالقَدْرِ الَّذِي أضِيفَتْ إلَيْهِ اللَّيْلَةُ فَقِيلَ: المُرَادُ بِهِ التَّعْظِيمُ كَقَوْلِهِ تَعَالَى: (وَمَا قَدَرُوا اللهَ حَقَّ قَدْرِهِ) الأنعام 91 وَالمَعْنَى أنَّهَا ذَاتُ قَدْرٍ لِنُزُولِ القُرْآنِ فِيهَا أوْ لِمَا يَقَعُ فِيهَا مِنْ تُنُزلِ المَلائِكَةِ أوْ لِمَا يَنْزِلُ فِيهَا مِنَ البَرَكَةِ وَالرَّحْمَةِ وَالمَغْفِرَةِ أوْ أنَّ الَّذِي يُحْيِيهَا يَصِيرُ ذَا قَدْرٍ. وَقِيلَ: القَدْرُ هُنَا التَّضْيِيقُ كَقَوْلِهِ تَعَالَى: (وَمَنْ قَدََرَ عَلَيْهِ رِزْقُهُ) الطلاق 7 وَمَعْنَى التَّضْيِيقُ فِيهَا إخْفَاؤُهَا عَنِ العِلْمِ تَعْيِينُهَا أوْ لأنَّ الأرْضَ تَضِيقُ فِيهَا عَنِ الْمَلاَئِكَةِ وَقِيلَ: القَدْرُ هُنَا بِمَعْنَى الْقَدَرِ بِفَتْحِ الدَّالِ الَّذِي هُوَ مُؤَاخِي القَضَاء، وَالْمَعْنَى أنَّهُ يُقَدَّرُ فِيهَا أحْكَامُ تِلْكَ السَّنَةِ لِقَوله تعالى: (فِيهَا يُفْرَقُ كُلُّ أمْرٍ حَكِيمٍ) وَبِهِ صَدَرَ النَّوَوِيُّ كَلاَمُهُ فَقاَلَ: قَالَ الْعُلَمَاءُ سُمِّيَتْ لَيْلَةُ القَدْرِ لِمَا تَكْتُبُ فِيهَا المَلاَئِكَةُ مِنَ الأقْدَارِ لِقَوْلِهِ تَعَالَى: (فِيهَا يُفْرَقُ كُلَّ أمْرٍ حَكِيمٍ) الدخان 4 وَرَوَاهُ عَبْدُ الرَّزَّاقُ وَغَيْرُهُ مِنَ الْمُفَسِّرِينَ بِأسَانِيدٍ صَحِيحَةٍ عَنْ مُجَاهِدٍ وَعِكْرِمَة وَقَتَادَة وَغَيْرِهِمْ (فتح الباري )

ഈ രാവിലേക്ക് ചേർത്തു പറയുന്ന ഖദ്ർ എന്ന പദത്തിന്റെ ഉദ്ദേശം എന്താണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. وَمَا قَدَرُوا اللهَ حَقَّ قَدْرِهِ അവർ അല്ലാഹുവിനെ ബഹുമാനിക്കേണ്ടതു പ്രാകാരം ബഹുമാനിച്ചില്ല (ഖുർആൻ :6/91) എന്ന ആയത്തിൽ സൂചിപ്പിച്ച പോലെ തഅ്ദീം (تعظيم) അഥവാ ബഹുമാനം എന്നാണ് ഒരു അർത്ഥമെന്നു പറയപ്പെട്ടിട്ടുണ്ട്. അതു പ്രകാരം ആ രാവ് ഖുർആൻ അവതരിപ്പിക്കപ്പെടുക വഴി ആദരിക്കപ്പെട്ടുവേന്നോ അല്ലെങ്കിൽ മലക്കുകളുടെ സാന്നിധ്യം കൊണ്ടോ അനുഗ്രഹം, കാരുണ്യം, പാപമോചനം എന്നിവ കൊണ്ടോ ബഹുമാനിക്കപ്പെട്ടു എന്നോ അർത്ഥം കൽപ്പിക്കാം.

ومن قَُِدرَ عَلَيْهِ رِزْقُهُ ‘ആരുടെയെങ്കിലും ഉപജീവനം ഇടുങ്ങിയ നിലയിലായെങ്കിൽ’ എന്ന ആയത്തിൽ (ഖു൪ആന്‍:65/7) സൂചിപ്പിച്ചതു പോലെ تضييق അഥവാ ‘ഇടുങ്ങിയത്’ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്നും പറയപ്പെട്ടിട്ടുണ്ട്. ഈ രാവ് ഏതാണെന്ന് ഗോപ്യമാക്കപ്പെട്ടതു കൊണ്ടോ അല്ലെങ്കിൽ മലക്കുകളുടെ ആധിക്യംകൊണ്ട് ഭൂമി ഇടുങ്ങിയതായിത്തീരുന്നതു കൊണ്ടോ ആവാം ഈ അർത്ഥം ഉദ്ദേശിക്കപ്പെടുന്നത്.

മറ്റൊരു അഭിപ്രായം ‘ഖദ്ർ’ എന്ന പദത്തിലെ ദാലിന് സുകൂനിനു പകരം ഫത്ഹ് ആണ് എന്നുള്ളതാണ്. ഇതു പ്രകാരം ‘ഖളാഅ്’ (قضاء) അഥവാ വിധി എന്ന അർത്ഥമായിരിക്കും ലഭിക്കുക. നേരത്തെ ഉദ്ധരിച്ച സൂറത്തു ദുഃഖാനിലെ നാലാം വചനത്തിൽ പറയപ്പെട്ട പോലെ فِيهَا يُفْرَقُ كُلُّ أمْرٍ حَكِيمٍ ആ രാത്രിയിൽ യുക്തിപൂർണ്ണമായ ഓരോ കാര്യവും വേർത്തിരിച്ചു വിവരിക്കപ്പെടുന്നു എന്നതിൽ നിന്നും ഇതേ ആശയമാണല്ലോ ലഭിക്കുന്നത്. ഇമാം നവവി(റഹി) ഈ അഭിപ്രായം കൊണ്ടാണ് അദ്ദേഹത്തിന്റെ സംസാരം തുടങ്ങുന്നതു തന്നെ. അദ്ദേഹം പറയുന്നത് മേൽ വിവരിച്ച ആയത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പറയുന്നത് മലക്കുകൾ തീരുമാനങ്ങൾ എഴുതിവെക്കുന്നതിനാലാണ് ആ രാവിന് ലൈലത്തുൽ ഖദ്ർ എന്നു നാമകരണം ചെയ്തിരിക്കുന്നത് എന്നാണ്. അബ്ദുറസാഖ് മുതലായ ഖുർആൻ വ്യാഖ്യതാക്കൾ മുജാഹിദ്, ഇക്രിമ, ഖത്താദ തുടങ്ങിയവരിൽ നിന്ന് സ്വീകാര്യമായ നിലക്ക് ഇക്കാര്യം ഉദ്ദരിച്ചിട്ടുണ്ട്. (ഫത്ഹുൽ ബാരി)

സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാന ഗ്രന്ഥമായ അൽ മിൻഹാജ് ഫീ ശറഹി സ്വഹീഹി മുസ്ലിമിൽ ഇമാം നവവി(റഹി) ഇപ്രകാരമാണ് വിശദീകരിച്ചു തുടങ്ങുന്നത്.

قاَلَ العُلَمَاءُ: وَسُمِّيَتْ لَيْلَةُ القَدْرِ لِمَا يُكْتَبُ فِيهَا لِلْمَلاَئِكَةِ مِنَ الأقْدَارِ وَالأرْزَاقِ وَالآجَالِ الَّتِي تَكُونُ في تِلْكَ السَّنَةِ كَقَوْلِهِ تَعَالَى: ‘فِيهَا يُفْرَقُ كُلُّ أمْرٍ حَكِيمٍ’ وَقَوْلُهُ تَعَالىَ : ‘تَنَزَّلُ المَلاَئِكَةُ وَالرُّوحُ فِيهَا بإذْنِ رَبِّهِمْ مِنْ كُلِّ أمْرٍ’ مَعْنَاهُ يُظْهَرُ لِلْمَلاَئِكَةِ مَا سَيَكُونُ فِيهَا: يَأمُرُهُمْ بِفِعْلِ مَا هُوَ مِنْ وَظِيفَتِهِمْ وَكُلُّ ذَلِكَ مِمَّا سَبَقَ عِلْمُ اللهِ تَعَالَى بِهِ وَتَقْدِيرِهِ لَهُ.

ആ വർഷത്തിലെ ഭക്ഷണം, ആയുസ്സ്, തീരുമാനങ്ങൾ മുതലായവ മലക്കുകൾക്ക് കാണിക്കപ്പെടുന്ന ദിനമായതു കൊണ്ടാണ് ലൈലത്തുൽ ഖദ്ർ എന്നു നാമകരണം ചെയ്യപ്പെട്ടതെന്ന് പണ്ഡിതർ പറയുന്നു. “ആ രാത്രിയിൽ യുക്തിപൂർണ്ണമായ ഓരോ കാര്യവും വേർത്തിരിച്ചു വിവരിക്കപ്പെടുന്നു എന്നും “മലക്കുകളും ജിബ്രീലും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങിവരും” എന്നും ഖുർആൻ പറഞ്ഞു. അതിനർത്ഥം ആ വർഷത്തിലെ കാര്യങ്ങൾ മലക്കുകൾക്ക് കാണിക്കപ്പെടുമെന്നും അവരുടെ ചുമതലകൾ ഇന്നവയാണെന്നു നിർണ്ണയിക്കപ്പെടുമെന്നും ആയിത്തീർന്നു. ഇതെല്ലാം അല്ലാഹുവിന്റെ മുൻ നിശ്ചയവും അറിവും വെച്ചുകൊണ്ടു തന്നെയാണ് സംഭവിക്കപ്പെടുന്നത്. ആ രാവ് ലോകാവസാനം വരെ നിലനിൽക്കുമെന്നും സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു. (ശറഹു മുസ്ലിം)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: قدر (ഖദ്‌ര്‍) എന്ന വാക്കിനു ‘നി൪ണ്ണയിക്കുക, കണക്കാക്കുക’ എന്നിങ്ങനെയും, ‘നിലപാട്, ബഹുമാനം’ എന്നിങ്ങനെയും അരര്‍ത്ഥമുള്ളതുകൊണ്ട് لَيْلَةُ الْقَدْرِ (ലൈലത്തുല്ഖദ്‌ര്‍) എന്ന വാക്കിനു ‘നിര്ണ്ണയത്തിന്റെ രാത്രി’ എന്നും ‘ബഹുമാനത്തിന്‍റെ രാത്രി’ എന്നും വിവര്‍ത്തനം നല്‍കാം. രണ്ടായാലും, അതു ആ പ്രത്യേക രാത്രിയുടെ പേരാകുന്നു. സൂറ: ദുഖാനില്‍ ഇതേ രാത്രിയെക്കുറിച്ചു فيها يفرق كل امر حكيم (യുക്തിമത്തായ എല്ലാ കാര്യവും അതില്‍ വേര്‍തിരിച്ചു വിവരിക്കപ്പെട്ടിരിക്കുന്നു) എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ നാലാം വചനത്തില്‍ റബ്ബിന്റെ ഉത്തരവുപ്രകാരം എല്ലാ കാര്യത്തെ സംബന്ധിച്ചും അന്നു മലക്കുകളും ‘റൂഹും’ ഇറങ്ങിവരുമെന്നും പറഞ്ഞിരിക്കുന്നു. ആകയാല്‍, ആ രാത്രി ഭൂമിയിലെ കാര്യങ്ങള്‍ പലതും നിര്‍ണ്ണയിച്ചു വ്യവസ്ഥചെയ്യപ്പെടുന്ന ഒരു പ്രത്യേക ദിവസമാണെന്നു മനസ്സിലാക്കാം. സൂറ: ദുഖാനില്‍ ഈ രാത്രിയെപ്പറ്റി ليلة مباركة (അനുഗൃഹീതമായ ഒരു രാത്രി) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഇവിടെയാകട്ടെ, അതിന്റെ പല മാഹാത്മ്യങ്ങളും എടുത്തുപറഞ്ഞ് പ്രശംസിക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍, അതു നിര്‍ണ്ണയത്തിന്റെയും ബഹുമാനത്തിന്റെയും രാത്രിയാണെന്നു വ്യക്തമാകുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍:97/1 ന്റെ വിശദീകരണത്തില്‍ നിന്ന്)

ചുരുക്കത്തിൽ കാര്യങ്ങൾ നിർണ്ണയിക്കപ്പെടുന്ന രാവ്, അല്ലാഹുവിന്റെ മഹത്തായ കാരുണ്യവും പാപമോചനവും അനുഗ്രഹങ്ങളും കൊണ്ടും വിശുദ്ധ ഖുർആനിന്റെ അവതരണം കൊണ്ടും ആദരിക്കപ്പെട്ട രാവ്, മലക്കുകളുടെ ആധിക്യം കൊണ്ട് ഭൂതലം ഇടുങ്ങുന്ന രാവ് തുടങ്ങിയ വിശേഷണങ്ങൾ എല്ലാം ലൈലത്തുൽ ഖദ്റിന് അനുയോജ്യമായി വരുന്നു.

ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ടതകള്‍

ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ടതയെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക.

إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ – وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ – لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ- تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ – سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും റൂഹും(ആത്മാവും) അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.പ്രഭാതോദയം വരെ അത് സമാധാനമത്രെ. (ഖു൪ആന്‍:97/1-5)

إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ – فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ – أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ

തീര്‍ച്ചയായും നാം അതിനെ(ഖു൪ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന. തീര്‍ച്ചയായും നാം (ദൂതന്‍മാരെ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.(ഖു൪ആന്‍:44/2-5)

മേല്‍ വചനങ്ങളില്‍ നിന്ന് ലൈലത്തുല്‍ ഖദ്റിന്റെ താഴെ പറയുന്ന ശ്രേഷ്ടതകളെ കുറിച്ച് മനസ്സിലാക്കാം.

1.വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ച രാത്രി
2.അനുഗൃഹീത രാത്രി
3.ആയിരം മാസത്തേക്കാള്‍ ഉത്തമമായ രാത്രി

ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അതിന് ആയിരം മാസങ്ങള്‍ക്കു സമാനമായ മഹത്ത്വമുണ്ട്. ആ രാത്രിയില്‍ നി൪വ്വഹിക്കുന്ന ഒരു കര്‍മ്മത്തിന് മറ്റു രാത്രികളില്‍ ചെയ്യുന്ന കര്‍മത്തെക്കാള്‍ ആയിരം മാസങ്ങള്‍ക്കു തുല്യമായ പ്രതിഫലമുണ്ട്. അല്ലെങ്കില്‍ ആ രാത്രി പ്രയോജനപ്പെടുത്തുന്ന വ്യക്തി ആയിരം മാസങ്ങളില്‍ ഇബാദത്ത് ചെയ്തവനെ പോലെയാണ്.

{لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ} أَيْ: تُعَادِلُ مِنْ فَضْلِهَا أَلْفَ شَهْرٍ، فَالْعَمَلُ الَّذِي يَقَعُ فِيهَا، خَيْرٌ مِنَ الْعَمَلِ فِي أَلْفِ شَهْرٍ خَالِيَةٍ مِنْهَا ، وَهَذَا مِمَّا تَتَحَيَّرُ فِيهِ الْأَلْبَابُ، وَتَنْدَهِشُ لَهُ الْعُقُولُ، حَيْثُ مَنَّ تَبَارَكَ وَتَعَالَى عَلَى هَذِهِ الْأُمَّةِ الضَّعِيفَةِ الْقُوَّةَ وَالْقُوَى، بِلَيْلَةٍ يَكُونُ الْعَمَلُ فِيهَا يُقَابِلُ وَيَزِيدُ عَلَى أَلْفِ شَهْرٍ، عُمْرِ رَجُلٍ مُعَمِّرٍ عُمْرًا طَوِيلًا نَيْفًا وَثَمَانِينَ سَنَةً.

{ലൈലതുല്‍ ക്വദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു} അതിന് ആയിരം മാസങ്ങള്‍ക്കു സമാനമായ മഹത്ത്വമുണ്ട്. ആ രാത്രിയില്‍ സംഭവിക്കുന്ന ഒരു കര്‍മത്തിന് മറ്റു രാത്രികളില്‍ ചെയ്യുന്ന കര്‍മത്തെക്കാള്‍ ആയിരം മാസങ്ങള്‍ക്കു തുല്യമായ പ്രതിഫലമുണ്ട്. ബുദ്ധിയും ചിന്തയും പരിഭ്രമിച്ചുപോകുന്ന ഒരു വസ്തുതയാണിത്. ദുര്‍ബലമായ ഈ സമുദായത്തിന് അല്ലാഹു നല്‍കിയ മഹത്തായൊരനുഗ്രഹം. ആയിരം മാസങ്ങളെക്കാള്‍ വര്‍ധിച്ച പ്രതിഫലം നിശ്ചയിക്കുന്നതിലൂടെ ദുര്‍ബല സമുദായത്തെ അല്ലാഹു ശക്തിപ്പെടുത്തി. ദീര്‍ഘായുസ്സ്‌ലഭിക്കുന്ന ഒരു വ്യക്തിപോലും ജീവിക്കുന്നത് 80ല്‍ പരം വര്‍ഷങ്ങളാണ്. എന്നാല്‍ അതിലും കൂടുതലാണ് ഈ കാലയളവ്. (തഫ്സീറുസ്സഅ്ദി)

4.മലക്കുകളും റൂഹും(ആത്മാവും) ഇറങ്ങുന്ന രാത്രി

റൂഹ്(ആത്മാവ്) എന്ന് സൂചിപ്പിച്ചിട്ടുള്ളത് ജിബ്രീല്‍(അ) എന്ന മലക്കിനെയാണ്. മലക്കുകൾ ജിബ്‌രീല്‍ ഉള്‍പ്പടെ ആ രാത്രിയില്‍ ഇറങ്ങിവരുന്നു. അതായത് ആ രാത്രിയില്‍ അവര്‍ ധാരാളമായി ഇറങ്ങുന്നു എന്നര്‍ഥം. അവ൪ അല്ലാഹുവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായിട്ടാണ് ആ രാത്രി ഇറങ്ങുന്നത്.

عَنْ أَبِي هُرَيْرَةَ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَيْلَةُ الْقَدْرِ لَيْلَةُ السَّابِعَةِ ، أَوِ التَّاسِعَةِ وَعِشْرِينَ ، وَإِنَّ الْمَلائِكَةَ تِلْكَ اللَّيْلَةَ أَكْثَرُ فِي الأَرْضِ مِنْ عَدَدِ الْحَصَى

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലൈലത്തുൽ ഖദ്ർ ഇരുപത്തി ഏഴിനോ ഇരുപത്തി ഒമ്പതിനോ ആണ്. ആ രാത്രിയിൽ ഭൂമി ലോകത്തുണ്ടാകുന്ന മലക്കുകൾ (ഭൂമിയിലെ) മണൽ തരികളേക്കാൾ അധികമായിരിക്കും. (ഇബ്നു ഖുസൈമ)

5.യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്ന രാത്രി

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:ഏതായാലും, ആ രാത്രിയെപ്പറ്റി ‘അനുഗ്രഹീതമായത് -അഥവാ ആശീര്‍വ്വദിക്കപ്പെട്ടത്’ (مُّبَارَكَة) എന്നു വിശേഷിപ്പിച്ചതില്‍ അടങ്ങിയ തത്വം ശ്രദ്ധേയമാകുന്നു. യുക്തിമത്തായ എല്ലാ കാര്യങ്ങളും ആ രാത്രിയില്‍ വേര്‍തിരിച്ച് വിവേചനം ചെയ്യപ്പെടുന്നു. (فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ) ഇതാണത്. كُلُّ أَمْرٍ حَكِيمٍ എന്ന വാക്കിന് ‘യുക്തമായ എല്ലാ കാര്യങ്ങളും’ എന്നും ‘ബലവത്തായ എല്ലാ കാര്യങ്ങളും’ എന്നും ഉദ്ദേശ്യാര്‍ത്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ‘നമ്മുടെ പക്കല്‍നിന്നുള്ള കല്‍പനയായിക്കൊണ്ട്’ (أَمْرًا مِّنْ عِندِنَا) എന്നു പറഞ്ഞിരിക്കകൊണ്ട് രണ്ടാമത്തെ അര്‍ത്ഥത്തിനാണ് കൂടുതല്‍ ന്യായം കാണുന്നത്. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാകയാല്‍ മാറ്റത്തിരുത്തങ്ങള്‍ക്കോ, ഏതെങ്കിലും ന്യൂനതകള്‍ക്കോ ഇടമില്ലാത്തവിധം സുശക്തവും ബലവത്തുമായ കാര്യങ്ങള്‍ ആ രാത്രിയില്‍ പ്രത്യേകം പ്രത്യേകം വിവരിക്കപ്പെടുമെന്നു ഈ വാക്ക് സൂചിപ്പിക്കുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍:44/4 ന്റെ വിശദീകരണത്തില്‍ നിന്ന്)

എല്ലാ കാര്യങ്ങളുടെയും മൂലരേഖയായ ലൌഹുല്‍ മഹ്ഫൂള്വില്‍ നിന്ന് അതതു കൊല്ലങ്ങളില്‍ ലോകത്ത് നടക്കുന്നതും, നടക്കേണ്ടതുമായ കാര്യങ്ങള്‍ മലക്കുകള്‍ക്ക് ആ രാത്രിയില്‍ വിവരിച്ചുകൊടുക്കുമെന്ന് മുഫസ്വിറുകള്‍ വിശദീകരിച്ചിട്ടുണ്ട്.

6.പ്രഭാതോദയം വരെ അത് സമാധാനമത്രെ

ലൈലത്തുല്‍ ഖദ്റിന്റെ രാത്രി പ്രഭാതോദയം വരെ സമാധാനമായിരിക്കും. കാരണം മലക്കുകള്‍ എല്ലാവിധ ഖൈറും ബറകത്തുമായിട്ടാണ് ഇറങ്ങുന്നത്.

يكثر تنزل الملائكة في هذه الليلة لكثرة بركتها ، والملائكة يتنزلون مع تنزل البركة والرحمة ، كما يتنزلون عند تلاوة القرآن ويحيطون بحلق الذكر ، ويضعون أجنحتهم لطالب العلم بصدق تعظيما له .

ധാരാളം ബറകത്തുമായി ഈ രാത്രിയിൽ മലക്കുകൾ ധാരാളമായി ഇറങ്ങും. ഖുർആൻ പാരായണം ചെയ്യുമ്പോൾ മലക്കുകൾ ഇറങ്ങുന്നതു പോലെ ഈ രാത്രിയിൽ ബറകത്തും റഹ്മത്തുമായി മലക്കുകൾ ഇറങ്ങും ….. (ഇബ്നു കസീർ)

ലൈലത്തുല്‍ ഖദ്൪ എല്ലാ കൊല്ലത്തിലും സംഭവിക്കുമോ?

ഇവിടെ സ്വാഭാവികമായും ഒരു സംശയം വരാം. വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ള അനുഗൃഹീത രാത്രിയാണല്ലോ ലൈലത്തുല്‍ ഖദ്൪. അത് ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അത് കഴിഞ്ഞുപോകുകയും ചെയ്തു. പിന്നെങ്ങനെയാണ് ലൈലത്തുല്‍ ഖദ്൪ എല്ലാ വ൪ഷവും വരുന്നത്? ലൈലത്തുല്‍ ഖദ്൪ എല്ലാ കൊല്ലത്തിലും സംഭവിക്കുമോ?

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:സൂ : ദുഖാനില്‍ ഈ രാത്രിയെക്കുറിച്ച് إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ (നിശ്ചയമായും നാം അതിനേ – ക്വുര്‍ആനെ – അനുഗ്രഹീതമായ ഒരു രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു) എന്ന് പറഞ്ഞതിനു ശേഷം فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (അതില്‍ എല്ലാ യുക്തിമത്തായ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു) എന്ന് പറയുന്നു. അതുപോലെ, സൂ : ക്വദ്‌റില്‍ ആദ്യംإِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ (നിശ്ചയമായും നാം അതിനേ ലൈലത്തുൽ ക്വദ്‌റില്‍ അവതരിപ്പിച്ചു) എന്നും, പിന്നീട് അതിന്‍റെ മഹത്വങ്ങള്‍ വിവരിച്ച കൂട്ടത്തിൽ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا(അതില്‍ മലക്കുകളും ‘റൂഹും’ ഇറങ്ങിവരുന്നു – അഥവാ ഇറങ്ങിവരും) എന്നും പറഞ്ഞിരിക്കുന്നു. രണ്ടു സ്ഥലത്തും ക്വുര്‍ആനെ കുറിച്ചു പറഞ്ഞപ്പോള്‍ ‘അതിനെ അവതരിപ്പിച്ചു’ എന്ന് ഭൂതകാലക്രിയ (الماضي)യാണ് അല്ലാഹു ഉപയോഗിച്ചത്. ആ രാത്രിയിലുണ്ടാകുന്ന സംഭവങ്ങളെകുറിച്ചു പറഞ്ഞപ്പോഴാകട്ടെ ‘അതില്‍ കാര്യം വിവേചനം ചെയ്യപെടുന്നു’ എന്നും, ‘അതില്‍ മലക്കുകള്‍ ഇറങ്ങിവരുന്നു’ എന്നും വര്‍ത്തമാനകാലത്തിനും ഭാവികാലത്തിനും ഉപയോഗിക്കുന്ന ക്രിയ (المضارع)യാണ്‌ അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു ഉപയോഗിച്ച ഓരോ വാക്കുകളിലും അവയുടെ ഉപയോഗക്രമങ്ങളിലും പല സൂചനകളും രഹസ്യങ്ങളും അടങ്ങിയിരിക്കുമെന്ന് പറയേണ്ടതില്ല. ക്വുര്‍ആനെ അവതരിപ്പിച്ചുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം ‘ലൗഹുല്‍മഹ്‍ഫൂള്വി’ല്‍ നിന്ന് ആകാശത്തേക്ക് അവതരിപ്പിച്ചുവെന്നോ, നബിﷺക്ക് അവതരിപ്പിക്കുവാന്‍ ആരംഭിച്ചുവെന്നോ ആവട്ടെ, ഏതായാലും ശരി – ആ അവതരണ സംഭവം കഴിഞ്ഞുപോയിട്ടുണ്ടെന്നും, കാര്യങ്ങളുടെ വിവേചനം നടത്തലും മലക്കുകളുടെ വരവും അതിനുശേഷവും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് – അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കും – എന്നുമാണ്‌ ഇതു വ്യക്തമാക്കിത്തരുന്നത്. എനി, നബിവചനങ്ങളിലേക്ക് കടന്നാല്‍ യാതൊരു വ്യാഖ്യാനത്തിനും ഇടമില്ലാത്തവണ്ണം അതു സ്‌പഷ്ടവുമാകുന്നു.(അമാനി തഫ്സീ൪ : ഖു൪ആന്‍ സൂറ: അല്‍ ഖദ്റിന്റെ വ്യാഖ്യാന കുറിപ്പില്‍ നിന്ന്)

ഹദീസുകള്‍ പരിശോധിച്ചാല്‍ تَحرَّوا لَيْلَةَ القَدْرِ في العَشْرِ الأواخرِ منْ رَمَضانَ നിങ്ങൾ ലൈലത്തുൽ ഖദ്റിനെ റമദാനിലെ അവസാനത്തെ പത്തിൽ പ്രതീക്ഷിക്കുക, فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ നിങ്ങൾ അതിനെ (ലൈലത്തുൽ ഖദ്റിനെ) റമദാനിലെ അവസാനത്തെ പത്തിൽ അന്വേഷിക്കുക എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ രീതിയില്‍ നബി ﷺ പറഞ്ഞിട്ടുള്ളതായി കാണാം. അതെ, ലൈലത്തുല്‍ ഖദ്൪ എല്ലാ കൊല്ലത്തിലും സംഭവിക്കുന്നതാണ്.

ലൈലത്തുല്‍ ഖദ്൪ കഴിഞ്ഞു പോയിട്ടുണ്ടെന്നും അത് എല്ലാ കൊല്ലത്തിലും സംഭവിക്കില്ലെന്നും ശിയാക്കളിൽ ഒരു വിഭാഗം വാദിക്കാറുണ്ട്. സ്വഹാബിമാരുടെ കാലത്തുതന്നെ ഇത്തരം പിഴച്ച വാദക്കാർ ഉണ്ടായിട്ടുണ്ട്. അതിനെ സ്വഹാബികൾ തള്ളിക്കളഞ്ഞിട്ടുമുണ്ട്.

عن عبد الله بن يحنس قلت لأبي هريرة رضي الله عنه: زعموا أن ليلة القدر رفعت، قال: كذب من قال ذلك

അബ്ദില്ലാഹിബ്നു യഹ്നസിൽ(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ അബൂഹുറൈറയോട്(റ) ചോദിച്ചു: ലൈലത്തുൽ ഖദ്ർ ഉയർത്തപ്പെട്ടിരിക്കുന്നുവെന്ന് അവർ വാദിക്കുന്നുണ്ടല്ലോ. അബൂഹുറൈറ(റ) പറഞ്ഞു: അവർ പറഞ്ഞിരിക്കുന്നത് കളവാണ്. (മുസന്നഫ് അബ്ദു റസാഖ് )

ലൈലത്തുൽ ഖദ്ർ എല്ലാ കൊല്ലവും സംഭവിക്കുമെന്ന കാര്യത്തിൽ അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഇല്ല.

എന്നാണ് ലൈലത്തുൽ ഖദ്ർ ?

ഒരിക്കൽ നബി ﷺ എന്നാണ് ലൈലത്തുൽ ഖദ്റെന്ന് സ്വഹാബത്തിനെ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരുന്നു. പക്ഷെ പിന്നീട് ആ അറിവ് മറക്കപ്പെടുകയും ഉയർത്തപ്പെടുകയുമാണുണ്ടായത്. എന്നാൽ അതേസമയം അതിനെ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളുടെ സൂചനകൾ നബി ﷺ നൽകിയിട്ടുണ്ട്.

عَنْ عُبَادَةَ بْنِ الصَّامِتِ، قَالَ خَرَجَ النَّبِيُّ صلى الله عليه وسلم لِيُخْبِرَنَا بِلَيْلَةِ الْقَدْرِ، فَتَلاَحَى رَجُلاَنِ مِنَ الْمُسْلِمِينَ، فَقَالَ ‏ “‏ خَرَجْتُ لأُخْبِرَكُمْ بِلَيْلَةِ الْقَدْرِ، فَتَلاَحَى فُلاَنٌ وَفُلاَنٌ، فَرُفِعَتْ، وَعَسَى أَنْ يَكُونَ خَيْرًا لَكُمْ، فَالْتَمِسُوهَا فِي التَّاسِعَةِ وَالسَّابِعَةِ وَالْخَامِسَةِ ‏”‏‏.‏

ഉബാദത്തുബ്നു സ്വാമിത്തില്‍(റ) നിന്ന് നിവേദനം: ലൈലത്തുൽ ഖദ്റിനെ കുറിച്ച് ഞങ്ങളെ അറിയിക്കുവാൻ നബി ﷺ ഒരിക്കൽ പുറപ്പെട്ടു. അപ്പോൾ മുസ്ലിംകളിൽപ്പെട്ട രണ്ടു പേർ തമ്മിൽ വഴക്ക് കൂടുകയുണ്ടായി. നബി ﷺ പറഞ്ഞു: ലൈലത്തുൽ ഖദ്റിനെ കുറിച്ച് നിങ്ങളെ അറിയിക്കുവാൻ വേണ്ടി ഞാൻ പുറപ്പെടുകയുണ്ടായി. അപ്പോൾ ഇന്നവനും ഇന്നവനും തമ്മിൽ വഴക്ക് കൂടുകയുണ്ടായി. അങ്ങനെ ആ വിജ്ഞാനം ഉയർത്തപ്പെട്ടു. ഒരു പക്ഷേ അതു നിങ്ങൾക്ക് ഗുണകരമായിരിക്കാം. അതുകൊണ്ട് നിങ്ങൾ അതിനെ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കുക. (ബുഖാരി 2023).

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ:‏ الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ لَيْلَةَ الْقَدْرِ فِي تَاسِعَةٍ تَبْقَى، فِي سَابِعَةٍ تَبْقَى، فِي خَامِسَةٍ تَبْقَى

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമദാനിലെ ഒടുവിലത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുവിൻ, (മാസത്തിലെ) അവശേഷിക്കുന്ന ഒമ്പതാം നാളിലും ഏഴാം നാളിലും അഞ്ചാം നാളിലും കാത്തിരിക്കുക.(ബുഖാരി: 2021)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ رِجَالاً، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أُرُوا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الأَوَاخِرِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ، فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ സ്വഹാബിമാരില്‍ ചിലർക്ക് ലൈലത്തുൽ ഖദ്ർ അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി സ്വപ്നദർശനമുണ്ടായി. അപ്പോൾ നബി ﷺ പറഞ്ഞു: അത് അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി നിങ്ങളുടെ സ്വപ്നം ഒത്തുവന്നിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ അതിനെ ആരെങ്കിലും പ്രതീക്ഷിച്ച് ഒരുങ്ങിയിരിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴുനാളുകളിൽ കാത്തിരിക്കട്ടെ. (ബുഖാരി: 2015)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ – يَعْنِي لَيْلَةَ الْقَدْرِ – فَإِنْ ضَعُفَ أَحَدُكُمْ أَوْ عَجَزَ فَلاَ يُغْلَبَنَّ عَلَى السَّبْعِ الْبَوَاقِي

ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: നിങ്ങൾ ലൈലത്തുൽ ക്വദ്‌റിനെ അവസാനത്തെ പത്തിൽ അന്വേഷിക്കുക. അവസാന പത്തിലെ ആദ്യ ദിനങ്ങളിൽ നിങ്ങൾക്ക്‌ ദുർബലത ബാധിച്ചുവെങ്കിൽ അവസാനത്തെ ഏഴ്‌ ദിനങ്ങൾ കൈവിടാതെ നോക്കുക. (മുസ്‌ലിം 1165)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم اعْتَكَفَ الْعَشْرَ الأَوَّلَ مِنْ رَمَضَانَ ثُمَّ اعْتَكَفَ الْعَشْرَ الأَوْسَطَ فِي قُبَّةٍ تُرْكِيَّةٍ عَلَى سُدَّتِهَا حَصِيرٌ – قَالَ – فَأَخَذَ الْحَصِيرَ بِيَدِهِ فَنَحَّاهَا فِي نَاحِيَةِ الْقُبَّةِ ثُمَّ أَطْلَعَ رَأْسَهُ فَكَلَّمَ النَّاسَ فَدَنَوْا مِنْهُ فَقَالَ ‏”‏ إِنِّي اعْتَكَفْتُ الْعَشْرَ الأَوَّلَ أَلْتَمِسُ هَذِهِ اللَّيْلَةَ ثُمَّ اعْتَكَفْتُ الْعَشْرَ الأَوْسَطَ ثُمَّ أُتِيتُ فَقِيلَ لِي إِنَّهَا فِي الْعَشْرِ الأَوَاخِرِ فَمَنْ أَحَبَّ مِنْكُمْ أَنْ يَعْتَكِفَ فَلْيَعْتَكِفْ ‏”‏ ‏.‏ فَاعْتَكَفَ النَّاسُ مَعَهُ قَالَ ‏”‏ وَإِنِّي أُرِيتُهَا لَيْلَةَ وِتْرٍ وَأَنِّي أَسْجُدُ صَبِيحَتَهَا فِي طِينٍ وَمَاءٍ ‏”‏ ‏.‏ فَأَصْبَحَ مِنْ لَيْلَةِ إِحْدَى وَعِشْرِينَ وَقَدْ قَامَ إِلَى الصُّبْحِ فَمَطَرَتِ السَّمَاءُ فَوَكَفَ الْمَسْجِدُ فَأَبْصَرْتُ الطِّينَ وَالْمَاءَ فَخَرَجَ حِينَ فَرَغَ مِنْ صَلاَةِ الصُّبْحِ وَجَبِينُهُ وَرَوْثَةُ أَنْفِهِ فِيهِمَا الطِّينُ وَالْمَاءُ وَإِذَا هِيَ لَيْلَةُ إِحْدَى وَعِشْرِينَ مِنَ الْعَشْرِ الأَوَاخِرِ ‏.‏

അബൂ സഈദിൽ ഖുദ്രിയില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: റമളാനിലെ ആദ്യത്തെ പത്തിൽ നബി ﷺ ഇഅ്തികാഫ് ഇരിക്കുകയുണ്ടായി. തുടർന്ന് നടുവിലെ പത്തിലും ഇഅ്തികാഫ് ഇരുന്നു. ഒരു (ചെറിയ) തുർക്കി ഖുബ്ബയിലായിരുന്നു അദ്ദേഹം. അതിന്റെ കവാടത്തിൽ ഒരു പായ ഉണ്ടായിരുന്നു. അദ്ദേഹം (അബൂസഈദ്) പറഞ്ഞു: അദ്ദേഹം (നബി) പായ കയ്യിലെടുത്ത് ഖുബ്ബയുടെ ഒരു ഭാഗത്ത് കൊണ്ടുപോയി വെച്ചു. എന്നിട്ട് തല പുറത്തിട്ടു കൊണ്ട് ജനങ്ങളോട് സംസാരിച്ചു. ആളുകൾ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഈ രാവിനെ (ലൈലത്തുൽ ഖദ്റിനെ) തേടിക്കൊണ്ടാണ് ഞാൻ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നത്. പിന്നീട് നടുവിലെ പത്തിലും ഇരുന്നു. പിന്നീട് അത് അവസാനത്തെ പത്തിലാണെന്ന് ഞാൻ അറിയിക്കപ്പെട്ടു. അതുകൊണ്ട് ആരെങ്കിലും എന്റെ കൂടെ ഇഅ്തികാഫ് ഇഷ്ടപ്പെടുന്നുവെങ്കിൽ അവർ ഇഅ്തികാഫ് ഇരുന്നുകൊള്ളട്ടെ. അങ്ങനെ ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ ഇഅ്തികാഫ് ഇരുന്നു. അദ്ദേഹം (നബി) പറഞ്ഞു: എനിക്കത് ഒറ്റയായി വരുന്ന രാവായും അതിന്റെ പ്രഭാതത്തിൽ മഴ പെയ്തു വെള്ളത്തിലും ചെളിയിലും സുജൂദ് ചെയ്യു ന്നതുമായിട്ടാണ് കാണിക്കപ്പെട്ടത്. അങ്ങനെ ഇരുപത്തിയൊന്നാം രാവായി. നബി ﷺ സുബ്ഹി നമസ്കാരം നിർവ്വഹിക്കാൻ ആരംഭിച്ചു. അപ്പോൾ മഴ പെയ്യുകയും പള്ളി ചോർന്നൊലിക്കുകയും ചെയ്തു. വെള്ളവും കളിമണ്ണും ഞാൻ കണ്ടു. സുബ്ഹി നമസ്കാരത്തിൽ നിന്നും അദ്ദേഹം വിരമിച്ചതിനു ശേഷം അദ്ദേഹം പുറത്തു വന്നു. അദ്ദേഹത്തിന്റെ നെറ്റിത്തടത്തിലും മൂക്കി ന്മലും മണ്ണും വെള്ളവും പറ്റിയിരുന്നു. ആ സംഭവം അവസാനത്തെ പത്തിലെ ഇരുപത്തിയൊന്നാം രാവിലായിരുന്നു. (മുസ്ലിം:1167)

ഇതേ സംഭവം അബ്ദുല്ലാഹിബ്നു ഉനൈസില്‍(റ) നിന്ന് ഇമാം മുസ്ലിം ഉദ്ദരിക്കുന്നുണ്ട്. (ഹദീസ് നമ്പർ :1168). പ്രസ്തുത ഹദീസിൽ ഇത് ഇരുപത്തിമൂന്നാം രാവ് എന്നാണ് വന്നിട്ടുള്ളത്.

وَأُنْزِلَ الْفُرْقَانُ لِأَرْبَعٍ وَعِشْرِينَ خَلَتْ مِنْ رَمَضَانَ

വാഥില(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ………… ഖു൪ആന്‍ അവതരിക്കപ്പെട്ടതാകട്ടെ, റമളാനിന്റെ ഇരുപത്തിനാല് രാവുകള്‍ പിന്നിട്ട ശേഷവുമാണ്. ( ഇമാം അഹ്മദിന്റെ മുസ്നദ് – ഇമാം അല്‍ബാനിയുടെ സ്വില്‍സ്വിലത്തു സ്വഹീഹ)

ഖു൪ആന്‍ അവതരിക്കപ്പെട്ടത് റമളാനിന്റെ ഇരുപത്തിനാല് രാവുകള്‍ പിന്നിട്ട ശേഷമാണെന്നാണ് ഈ ഹദീസില്‍ പറയുന്നത്, അതായത് ഇരുപത്തിഅഞ്ചാം രാവില്‍. ഖു൪ആന്‍ അവതരിക്കപ്പെട്ട രാത്രിയാണല്ലോ ലൈലത്തുല്‍ ഖദ്൪. ലൈലത്തുല്‍ ഖദ്൪ ഇരുപത്തിഅഞ്ചാം രാവിലും പ്രതീക്ഷിക്കാമെന്ന൪ത്ഥം.

ലൈലത്തുൽ ഖദ്റിനെ കുറിച്ച് ജനങ്ങളെ അറിയിക്കുവാൻ നബി ﷺ ഒരിക്കൽ പുറപ്പെട്ടുവെന്നും അപ്പോൾ മുസ്ലിംകളിൽപ്പെട്ട രണ്ടു പേർ തമ്മിൽ വഴക്ക് കൂടുകയുണ്ടായതിനാല്‍ ആ വിജ്ഞാനം ഉയർത്തപ്പെട്ടുവെന്നുമുള്ള ഹദീസ് (ബുഖാരി:2023) മേല്‍ കൊടുത്തിട്ടുണ്ട്. ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കണമെന്നും ഈ റിപ്പോ൪ട്ടിലുണ്ട്. അതേ റിപ്പോ൪ട്ട് മുസ്ലിമില്‍ വന്നതില്‍ ചില കാര്യങ്ങള്‍ കൂടി വ്യക്തമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ اعْتَكَفَ رَسُولُ اللَّهِ صلى الله عليه وسلم الْعَشْرَ الأَوْسَطَ مِنْ رَمَضَانَ يَلْتَمِسُ لَيْلَةَ الْقَدْرِ قَبْلَ أَنْ تُبَانَ لَهُ فَلَمَّا انْقَضَيْنَ أَمَرَ بِالْبِنَاءِ فَقُوِّضَ ثُمَّ أُبِينَتْ لَهُ أَنَّهَا فِي الْعَشْرِ الأَوَاخِرِ فَأَمَرَ بِالْبِنَاءِ فَأُعِيدَ ثُمَّ خَرَجَ عَلَى النَّاسِ فَقَالَ ‏ “‏ يَا أَيُّهَا النَّاسُ إِنَّهَا كَانَتْ أُبِينَتْ لِي لَيْلَةُ الْقَدْرِ وَإِنِّي خَرَجْتُ لأُخْبِرَكُمْ بِهَا فَجَاءَ رَجُلاَنِ يَحْتَقَّانِ مَعَهُمَا الشَّيْطَانُ فَنُسِّيتُهَا فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ الْتَمِسُوهَا فِي التَّاسِعَةِ وَالسَّابِعَةِ وَالْخَامِسَةِ ‏”‏ ‏.‏ قَالَ قُلْتُ يَا أَبَا سَعِيدٍ إِنَّكُمْ أَعْلَمُ بِالْعَدَدِ مِنَّا ‏.‏ قَالَ أَجَلْ ‏.‏ نَحْنُ أَحَقُّ بِذَلِكَ مِنْكُمْ ‏.‏ قَالَ قُلْتُ مَا التَّاسِعَةُ وَالسَّابِعَةُ وَالْخَامِسَةُ قَالَ إِذَا مَضَتْ وَاحِدَةٌ وَعِشْرُونَ فَالَّتِي تَلِيهَا ثِنْتَيْنِ وَعِشْرِينَ وَهْىَ التَّاسِعَةُ فَإِذَا مَضَتْ ثَلاَثٌ وَعِشْرُونَ فَالَّتِي تَلِيهَا السَّابِعَةُ فَإِذَا مَضَى خَمْسٌ وَعِشْرُونَ فَالَّتِي تَلِيهَا الْخَامِسَةُ .‏ وَقَالَ ابْنُ خَلاَّدٍ مَكَانَ يَحْتَقَّانِ يَخْتَصِمَانِ

നബി ﷺ പറഞ്ഞു: …… അതുകൊണ്ട് നിങ്ങൾ അതിനെ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കുക. ഞാൻ ചോദിച്ചു: ഹേ, അബൂസഈദ് എണ്ണത്തെ കുറിച്ച് ഞങ്ങളേക്കാൾ നിങ്ങൾക്കാണല്ലോ നന്നായി അറിയാവുന്നത്. അദ്ദേഹം പറഞ്ഞു: അതെ. അതിനെകുറിച്ച് നിങ്ങളെക്കാൾ നന്നായി അറിയാവുന്നത് ഞങ്ങൾ തന്നെയാണ്. ഞാൻ ചോദിച്ചു: എന്താണ് ഒമ്പതിലും ഏഴിലും അഞ്ചിലും (അന്വേഷിക്കുക എന്നു പറഞ്ഞാല്‍): അദ്ദേഹം പറഞ്ഞു: ഇരുപത്തി ഒന്ന് പിന്നിട്ടാൽ അതിന് ശേഷം വരുന്ന ഇരുപത്തിരണ്ട്, അതാണ് ഒമ്പത്, ഇരുപത്തി മൂന്ന് പിന്നിട്ടാൽ അതിന് ശേഷം വരുന്ന ഇരുപത്തിനാല്, അതാണ് ഏഴ്, ഇരുപത്തി അഞ്ച് പിന്നിട്ടാൽ അതിന് ശേഷം വരുന്ന ഇരുപത്തി ആറ്, അതാണ് അഞ്ച്. (മുസ്ലിം:1167)

عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ

ആയിശയില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ റമദാൻ അവസാനത്തെ പത്തിൽ ഒറ്റയായ രാവുകളിൽ ലൈലത്തുൽ ഖദ്റിനെ അന്വേഷിക്കുക. (ബുഖാരി 2017)

റമളാനിലെ അവസാനത്തെ പത്തിലെ ഏത് ദിവസവും ലൈലത്തുല്‍ ഖദ്൪ സംഭവിക്കാമെന്ന് ഈ ഹദീസുകളില്‍ നിന്നും മനസ്സിലാക്കാം. ഓരോ വർഷവും ലൈലത്തുൽ ഖദ്ർ കൃത്യമായി ഇന്ന ദിവസമായിരിക്കുമെന്ന് നിശ്ചയിക്കാൻ ഒരു മാർഗ്ഗവുമില്ല. അക്കാര്യം വിശദമാക്കുന്ന ആയത്തോ സ്വഹീഹായ ഹദീസോ ഇല്ല എന്നതാണ് അതിനു കാരണം.

ഇരുപത്തി ഏഴാം രാവും ലൈലത്തുൽ ഖദ്റും

ലൈലത്തുൽ ഖദ്ർ എല്ലാ വ൪ഷവും റമളാനിലെ ഇരുപത്തിയേഴാം രാവിലാണ് സംഭവിക്കുക എന്ന ഒരു പ്രചരണം നമ്മുടെ നാടുകളില്‍ കാണാം. യഥാർത്ഥത്തിൽ പ്രവാചകനിൽ നിന്നും അത്തരമൊരു അഭിപ്രായം സ്വീകാര്യയോഗ്യമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. സ്വഹീഹ് മുസ്ലിമിലെ ഒരു ഹദീസില്‍ ഇപ്രകാരം കാണാം.

عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ تَذَاكَرْنَا لَيْلَةَ الْقَدْرِ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏ :‏ أَيُّكُمْ يَذْكُرُ حِينَ طَلَعَ الْقَمَرُ وَهُوَ مِثْلُ شِقِّ جَفْنَةٍ ‏

അബൂ ഹുറൈറയില്‍ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ പ്രവാചക സന്നിധിയിൽ ലൈലത്തുൽ ഖദ്റിനെ അനുസ്മരിച്ചു കൊണ്ടിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: “ചന്ദ്രൻ ഉദിക്കുമ്പോൾ അത് ഒരു കിണ്ണത്തിന്റെ പകുതി പോലെയാവുന്നത് നിങ്ങളിൽ ആരെങ്കിലും സ്മരിക്കുന്നുണ്ടോ”? (മുസ്ലിം:1170)

ഈ ഹദീസിൽ പരാമർശിച്ച ചന്ദ്രന്റെ സവിശേഷതകൾ ഇരുപത്തി ഏഴാം രാവിനാണെന്ന് അബുൽ ഹസൻ അൽഫാരിസി അഭിപ്രായപ്പെട്ടതായി ഇബ്നു ഹജ൪ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നുണ്ട്. അതേ സമയം ഈ സവിശേഷതകൾ 27നു മാത്രമല്ല അവസാനത്തെ പത്തിലെ എല്ലാ രാവുകൾക്കും ഉണ്ടെന്നതാണ് വാസ്തവം.

അതേപോലെ സ്വഹീഹ് മുസ്ലിമിൽ തന്നെ (ഹദീഥ് 1169-220) മറ്റൊരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഉബയ്യിബ്നു കഅബ് (റ) ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാനത്തെ പത്തിലെ ഇരുപത്തിയേഴാം രാവിലാണെന്ന് ആ ഹദീഥിൽ പ്രസ്താവിക്കുന്നതായി കാണാം. എന്നാൽ ഏതടിസ്ഥാനത്തിലാണ് താങ്കൾ അങ്ങനെ പറയുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇപ്രകാരമാണ്.

قَالَ بِالْعَلاَمَةِ أَوْ بِالآيَةِ الَّتِي أَخْبَرَنَا رَسُولُ اللَّهِ صلى الله عليه وسلم أَنَّهَا تَطْلُعُ يَوْمَئِذٍ لاَ شُعَاعَ لَهَا ‏.‏

പ്രവാചകൻ പറഞ്ഞ അടയാളങ്ങൾ കൊണ്ട്. അഥവാ കൂടുതൽ പ്രകാശിതമല്ലാത്ത ചന്ദ്രൻ എന്ന അടയാളം

ഇവിടെ ലൈലത്തുൽ ഖദ്ർ ഇരുപത്തിയേഴാം രാവിലാണ് എന്ന് നബി ﷺപറഞ്ഞു എന്ന് ഉബയ്യ് (റ) പറയുന്നില്ല. മറിച്ച് അദ്ദേഹം പ്രസ്താവിച്ച അടയാളങ്ങൾ ആപേക്ഷികമാണു താനും. അത് മറ്റു രാവുകൾക്കും ഉണ്ടാവാം.ചുരുക്കത്തില്‍ ലൈലത്തുല്‍ ഖദ്൪ എന്നാണെന്ന് അന്വേഷിച്ചു നടക്കുകയല്ല സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക എന്ന മഹത്തായ കാര്യമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ദിനങ്ങളിൽ നിർവ്വഹിക്കാനുള്ളത്. ഈ രാവിന്റെ ക്ളിപ്തത ലഭ്യമാവാത്തത് വിശ്വാസികൾക്ക് ഒരു പക്ഷേ ഗുണകരമായിരിക്കാമെന്ന് നബി ﷺ വ്യക്തമാക്കിയല്ലോ. ഒരു ദിവസം മാത്രം കൂടുതൽ സൽകർമ്മങ്ങൾ ചെയ്യുന്നതിനു പകരം കൂടുതൽ സൽകർമ്മങ്ങൾ കൂടുതൽ ദിനരാത്രങ്ങളിൽ നിർവ്വഹിക്കുവാൻ അതുമൂലം സാധിക്കുന്നതാണ്.

قال الثعلبي رحمه الله:_أعمى الله علم هذه الليلة على الأمة. ليجتهدوا في العبادة ليالي رمضان طمعا في إدراكها. [الكشف والبيان ۰۹۳/۳۰]

ഇമാം ഥഅലിബി رحمه الله പറഞ്ഞു: അല്ലാഹു ഈ രാവിനെ (ലൈലത്തുൽ ഖദ്ർ) സംബന്ധിച്ച അറിവ് സമുദായത്തിന് മറച്ചുവെച്ചു.അത് ലഭിക്കണമെന്ന ആഗ്രഹത്തോടെ റമദാനിലെ രാവുകളിൽ ആരാധനയിൽ മുഴുകാൻ വേണ്ടിയാണത്.[അൽ-കശ്ഫു വൽ ബയാൻ : 93/3]

ലൈലത്തുല്‍ ഖദ്൪ എങ്ങനെ നേടിയെടുക്കാം.

മുന്‍‌കാല സമുദായങ്ങള്‍ക്ക് കൂടുതല്‍ ആയുസ്സ് ഉണ്ടായിരുന്നത് കൊണ്ട് ദീര്‍ഘകാലം പുണ്യങ്ങളില്‍ മുഴുകാന്‍ അവര്‍ക്ക് സാധിച്ചു. ഈ ഉമ്മത്തിന് ആയുസ്സ് കുറവാണെങ്കിലും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പുണ്യം നേടാന്‍ ഈ രാവ് വഴി അല്ലാഹു അവസരം നല്‍കി. ഈ രാത്രിയില്‍ നാം നി൪വ്വഹിക്കുന്ന ഒരു കര്‍മ്മത്തിന് മറ്റ് രാത്രികളില്‍ ചെയ്യുന്ന കര്‍മ്മത്തെക്കാള്‍ ആയിരം മാസങ്ങള്‍ക്ക് തുല്യമായ പ്രതിഫലമുണ്ട്. ഓരോ വര്‍ഷവും ഈ രാവിനെ പ്രയോജനപ്പെടുത്തുന്ന വിശ്വാസി നൂറ്റാണ്ടുകള്‍ പുണ്യം ചെയ്തവനായി മാറുകയാണ്. ലൈലത്തുല്‍ ഖദ്൪ എങ്ങനെ നേടിയെടുക്കാമെന്നതിന് നബി ﷺ യുടെ ജീവിതത്തില്‍ തന്നെ മാതൃകയുണ്ട്.

عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُجَاوِرُ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ، وَيَقُولُ ‏ “‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ ‏”‏‏.‏

ആയിശ(റ)ൽ നിന്ന് നിവേദനം: നബി ﷺ റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് പറയും. നിങ്ങൾ ലൈലത്തുൽ ഖദ്റിനെ റമദാനിലെ അവസാനത്തെ പത്തിൽ പ്രതീക്ഷിക്കുക. (ബുഖാരി:2020)

عَنْ عَائِشَةُ رضى الله عنها قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ

ആയിശയില്‍(റ) നിന്ന് നിവേദനം : നബി ﷺ അവസാന പത്തില്‍ മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില്‍ ആരാധനാ ക൪മ്മങ്ങളില്‍ കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു. (മുസ്ലിം:1175)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ

ആയിശയില്‍(റ) നിന്ന് നിവേദനം : അവർ പറയുന്നു:നബി ﷺ അവസാനത്തെ പത്ത് ആയിക്കഴിഞ്ഞാൽ ഉടുമുണ്ട് മുറുക്കിയുടുക്കും. രാത്രിയെ (ആരാധനകൊണ്ട്) സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുക പതിവായിരുന്നു. (ബുഖാരി: 2024)

قال ابن رجب رحمه الله: يا من ضاع عمره في لا شيء، استدرك ما فاتك في ليلة القدر فإنها تُحسب بالعمر.

ഇബ്നു റജബ് (റഹി) പറഞ്ഞു: ഒന്നും ചെയ്യാതെ ആയുസ്സ് തുലച്ച മനുഷ്യാ, നിനക്ക് നഷ്ടപ്പെട്ടതൊക്കെ ലൈലത്തുൽ ഖദ്റിൽ വീണ്ടെടുത്തു കൊള്ളുക. കാരണം, അത് ഒരു ആയുഷ്കാലത്തിന് സമമാണ്. (لطائف المعارف ص ٢٧٢)

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ‏.‏

ആയിശയില്‍(റ) നിന്നും നിവേദനം: നബി ﷺ വഫാത്താകുന്നതുവരെ റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനു ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു. (ബുഖാരി : 2026)

ലൈലത്തുല്‍ ഖദ്൪ നേടിയെടുക്കാനായി നബി ﷺ പഠിപ്പിച്ചിട്ടുള്ളത് റമളാനിലെ അവസാനത്തെ പത്ത് ദിവസം പള്ളിയില്‍ ഇഅ്ത്തികാഫ് ഇരിക്കുക എന്നുള്ളതാണ്.

قال سفيان الثوري رحمه الله:أحب إلى إذا دخل العشر الأواخر أن يتهجد بالليل، ويجتهد فيه، وينهض أهله وولده إلى الصلاة إن أطاقوا ذلك

സുഫ്യാനു സൗരി (رحمه الله) പറഞ്ഞു : അവസാനത്തെ പത്ത് വന്നെത്തിയാൽ രാത്രിയിൽ തഹജ്ജുദ് നിസ്കാരവും, കഠിന പരിശ്രമവും ചെയ്ത് സജീവമാക്കാനും, കുടുംബത്തിന് സാധ്യമാകുമെങ്കിൽ അവരെ വിളിച്ചുണർത്താനുമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. [റമദാനിയ്യ :പേജ് 15]

قال العلامة ابن عثيمين رحمه الله :ا العشر الأخيرة من رمضان فيها فضل عظيم لأن النبي ﷺ كان يخصها بالاعتكاف ويخصها بالقيام كل الليل ويوقظ أهله فيها وفيها ليلة القدر التي خير من ألف شهر فلا ينبغي للإنسان أن يضيعها بالتجوال في الأسواق هنا وهناك.

ശൈഖ് ഇബ്നു ഉഥൈമീന്‍ (റഹി) പറഞ്ഞു: റമളാനിലെ അവസാനത്തെ പത്ത് മഹത്തായ ശ്രേഷ്ടതയുള്ളതാകുന്നു. കാരണം നബി – സ്വല്ലള്ളാഹു അലൈഹിവസല്ലമ അതിനെ ഇഅ്ത്തികാഫ്കൊണ്ടും, എല്ലാരാത്രിയിലും നമസ്ക്കാരംകൊണ്ടും പ്രത്യേകമാക്കിയിരുന്നു. അതില്‍ അദ്ദേഹം അവിടുത്തെ കുടുംമ്പത്തെ വിളിച്ചുണര്‍ത്തുമായിരുന്നു. അതിനാല്‍ അങ്ങാടികളില്‍ അവിടെയിവിടെയായി ചുറ്റിത്തിരിഞ്ഞ് ആ രാത്രികളെ പാഴാക്കുകയെന്നതും, അതല്ലെങ്കില്‍ വീട്ടില്‍ ഉറക്കമൊഴിച്ച് ആ രാത്രികളിലെ ധാരാളം നന്‍മകള്‍ നഷ്ടപ്പെടുത്തുകയെന്നതും മനുഷ്യന് അനുയോജ്യമല്ല. فتاوي نور على الدرب شريط ١٧٢

എന്താണ് ഇഅ്ത്തികാഫ്

ഒരു വസ്തുവിനെ വിടാതെ കൂടലും സ്വന്തത്തെ തടഞ്ഞിടലുമാണ് ഇഅ്തികാഫ് ഭാഷാപരമായി അർഥമാക്കുന്നത്. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും ആഗ്രഹിച്ച് അവന് വഴിപ്പെടുന്നതിനുവേണ്ടി മാറിയിരിക്കണം എന്ന ഉദ്ദേശത്തില്‍ സൃഷ്ടികളില്‍ നിന്ന് വിട്ട്, മസ്ജിദില്‍ കഴിഞ്ഞു കൂടുന്നതിനാണ് മതപരമായി ഇഅ്ത്തികാഫ് എന്ന് പറയുന്നത്. ഏറെ ശ്രേഷ്ഠകരമായ ഒരു പുണ്യകര്‍മവും ആത്മീയ വളര്‍ച്ചക്കുള്ള ഒരു മാര്‍ഗവുമാണ് ഇഅ്തികാഫ്. ഇഅ്ത്തികാഫിലൂടെ പൂർണ്ണമായും അല്ലാഹുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇഅ്തികാഫിന്‍റെ മതവിധി

ഇഅ്തികാഫ് സുന്നത്തും അല്ലാഹുവിലേക്കടുക്കുവാനുള്ള പുണ്യകർമവുമാകുന്നു. അല്ലാഹു പറഞ്ഞു:

وَعَهِدْنَآ إِلَىٰٓ إِبْرَٰهِۦمَ وَإِسْمَٰعِيلَ أَن طَهِّرَا بَيْتِىَ لِلطَّآئِفِينَ وَٱلْعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ

……… ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജനം) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.(ഖു൪ആന്‍: 2/125)

ഇഅ്തികാഫ് പൂർവസമുദായങ്ങളിൽവരെ നിയമമായിരുന്നുവെന്നതിന് ഈ ആയത്ത് തെളിവാകുന്നു.

وَلَا تُبَٰشِرُوهُنَّ وَأَنتُمْ عَٰكِفُونَ فِى ٱلْمَسَٰجِدِ

……… എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരുമായി (ഭാര്യമാരുമായി) സഹവസിക്കരുത്‌. …….(ഖു൪ആന്‍: 2/187)

ആഇശ(റ)യിൽനിന്നു വിവേദനം. അവർ പറഞ്ഞു:’അല്ലാഹു മരണത്തിലൂടെ തിരിച്ചുവിളിക്കുന്നതുവരെ റമദാനിലെ അവസാനത്തെ പത്തുനാളുകളിൽ തിരുനബിﷺ ഇഅ്തികാഫിരിക്കുമായിരുന്നു.’

ഇഅ്തികാഫ് നിയമമാണെന്നതിലും സുന്നത്താണെന്നതിലും മുസ്‌ലിംകൾ ഏകോപിച്ചിരിക്കുന്നു. നേർച്ചനേരുക പോലെ ഒരാൾ തനിക്ക് ഇഅ്തികാഫിനെ നിർബന്ധമാക്കിയാലല്ലാതെ ഒരാളുടെമേലും അതു നിർബന്ധമാകില്ല. അപ്പോൾ, ഇഅ്തികാഫ് സുന്നത്താണെന്നത് വിശുദ്ധക്വുർആൻ കൊണ്ടും തിരുസുന്നത്തുകൊണ്ടും ഇജ്മാഉകൊണ്ടും സ്ഥിരപ്പെട്ടു.

الاعتكاف سنة للرجال والنساء؛ لما ثبت عن النبي صلى الله عليه وسلم أنه كان يعتكف في رمضان، واستقر أخيرا اعتكافه في العشر الأواخر، وكان يعتكف بعض نسائه معه، ثم اعتكفن من بعده عليه الصلاة والسلام.

ഇഅ്തികാഫ് ആണിനും പെണ്ണിനും സുന്നത്താണ്; നബി റമളാനിൽ ഈതികഫ് ഇരിക്കാറുണ്ടായിരുനെന്നു സ്ഥിരപ്പെട്ടത്പോലെ. അവസാന പത്തിൽ അദ്ദേഹം ഇഅ്തികാഫ്  ഇരിക്കാറുണ്ടായിരുന്നു. നബിയോടൊന്നിച്ച്  ഭാര്യമാരില്‍ ചിലരും ഇരിക്കാറുണ്ടായിരുന്നു. അവർ അദ്ധേഹത്തിനു ശേഷവും ഇരിക്കാറുണ്ടായിരുന്നു. (മജ്മൂഉൽ ഫതാവാ:15/442 – ശൈഖ് ഇബ്നു ബാസ് رحمه الله)

ഇഅ്തികാഫിന്റെ നിബന്ധനകൾ

ശർത്ത്വുകളുള്ള ഒരു ആരാധനയാകുന്നു ഇഅ്തികാഫ്. അവകൊണ്ടല്ലാതെ പ്രസ്തുത ആരാധന (ഇബാദത്ത്) ശരിയാവുകയില്ല. അവ താഴെ കൊടുക്കുന്നവയാണ്:

1. ഇഅ്തികാഫിരിക്കുന്നവൻ വകതിരിവെത്തിയ, പ്രായപൂർത്തിയായ, മുസ്‌ലിമായിരിക്കണം. അതിനാൽ കാഫിറിൽനിന്നും ഭ്രാന്തനിൽനിന്നും വകതിരിവെത്താത്ത കുട്ടിയിൽനിന്നും ഇഅ്തികാഫ് ശരിയാവുകയില്ല. എന്നാൽ പ്രായപൂർത്തിയാവുക, പുരുഷനായിരിക്കുക എന്നിവ നിബന്ധനയാക്കപ്പെടുകയില്ല. അതിനാൽ പ്രായപൂർത്തിയായിട്ടില്ലാത്തവനിൽനിന്ന് ഇഅ്തികാഫ് സാധു വാകും; അവൻ വകതിരിവുള്ളവനായാൽ. ഇതുപോലെ സ്ത്രീയിൽനിന്നും ഇഅ്തികാഫ് സാധുവാകും.

2.നിയ്യത്ത്:

عَنْ عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

ഉമറുബ്നു ഖത്താബ്(റ)വിൽ നിന്ന് നിവേദനം: നബി ﷺ അരുളി: തീര്‍ച്ചയായും ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ അവരുടെ ഉദ്ദേശമനുസരിച്ചാണ്.ഓരോരുത്തര്‍ക്കും അവര്‍ (ആ കര്‍മ്മം കൊണ്ട്) ഉദ്ദേശിച്ചതെന്തോ അത് ലഭിക്കുന്നു. (ബുഖാരി:1)

ആയതിനാൽ അല്ലാഹുവിനുള്ള ഇബാദത്തായും സാമീപ്യമായും ഇഅ്തികാഫിരിക്കുന്നവൻ പള്ളിയിൽ താമസിക്കുന്നതിനെ നിയ്യത്താക്കണം. ഇഅ്തികാഫ് ഇരിക്കുകയാണെന്ന് മനസ്സില്‍ കരുതുക. നിയത്ത് ചൊല്ലിപറയേണ്ടതില്ല.

3. ഇഅ്തികാഫ് പള്ളിയിലായിരിക്കണം.

وَلَا تُبَٰشِرُوهُنَّ وَأَنتُمْ عَٰكِفُونَ فِى ٱلْمَسَٰجِدِ

……… എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരുമായി (ഭാര്യമാരുമായി) സഹവസിക്കരുത്‌. …….(ഖു൪ആന്‍: 2/187)

തിരുനബിﷺ പള്ളിയിൽ ഇഅ്തികാഫിരുന്നതിനാൽ തിരുചര്യയും അതിനു തെളിവാണ്. പള്ളിയല്ലാത്ത ഇടങ്ങളിൽ നബിﷺ ഇഅ്തികാഫിരുന്നത് ഉദ്ധരിക്കപ്പെട്ടിട്ടില്ല.

4. ഇഅ്തികാഫിരിക്കുന്ന പള്ളി ജമാഅത്തു നമസ്‌കാരം നിർവഹിക്കപ്പെടുന്നതായിരിക്കണം. നിർബന്ധ നമസ്‌കാരം ഇടയിൽ വരുമാറ് ഇഅ്തികാഫിന്റെ സമയമുണ്ടാവുകയും ഇഅ്തികാഫിരിക്കുന്നവൻ ജമാഅത്തു നമസ്‌കാരം നിർബന്ധമുള്ളവനാവുകയും ചെയ്യുമ്പോഴാണത്. കാരണം, ജമാഅത്തു തനിക്കു നിർബന്ധമായിരിക്കെ ജമാഅത്തു നമസ്‌കാരം നിർവഹിക്കപ്പെടാത്ത പള്ളിയിൽ ഇഅ്തികാഫിരിക്കുന്നത് ജമാഅത്തു പേക്ഷിക്കലാണ്. അല്ലെങ്കിൽ, ഇഅ്തികാഫിരിക്കുന്നവന് എല്ലാ നമസ്‌കാര സമയങ്ങളിലും പുറത്തുപോകേണ്ടിവരുന്നു. ഇതാകട്ടെ ഇഅ്തികാഫിന്റെ ലക്ഷ്യത്തെ നിരാകരിക്കുന്നു. എന്നാൽ ഒരു സ്ത്രീയുടെ ഇഅ്തികാഫ്, ജമാഅത്ത് സംഘടിപ്പിക്കപ്പെട്ടാലും ഇല്ലെങ്കിലും എല്ലാ പള്ളികളിലും സാധുവാകും. സ്ത്രീയുടെ ഇഅ്തികാഫിനെ തുടർന്നു ഫിത്‌ന ഉടലെടുക്കുന്നില്ലെങ്കിലാണ് അവൾക്ക് ഇഅ്തികാഫ്. അതിനെ തുടർന്നു ഫിത്‌നയുണ്ടായാൽ അവൾ തടയപ്പെടണം. ഏറ്റവും ശ്രേഷ്ഠമായത് ഇഅ്തികാഫിരിക്കുന്ന പള്ളി ജുമുഅ നിർവഹിക്കപ്പെടുന്ന പള്ളിയായിരിക്കണമെന്നതാണ്. എന്നാൽ അത് ഇഅ്തികാഫിനു നിബന്ധനയല്ല.

5. വലിയ അശുദ്ധിയിൽനിന്നുള്ള ശുദ്ധി: ജനാബത്തുകാരൻ, ആർത്തവകാരി, പ്രസവരക്തമുള്ള സ്ത്രീ എന്നിവരുടെ ഇഅ്തികാഫ് സാധുവാകുകയില്ല; ഇക്കൂട്ടർ പള്ളിയിൽ തമാസിക്കുന്നത് അനുവദനീയമല്ലാത്തതിനാലാണത്.

എന്നാൽ ഇഅ്തികാഫിനു നോമ്പ് ശർത്ത്വല്ല.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ عُمَرَ، سَأَلَ النَّبِيَّ صلى الله عليه وسلم قَالَ : كُنْتُ نَذَرْتُ فِي الْجَاهِلِيَّةِ أَنْ أَعْتَكِفَ لَيْلَةً فِي الْمَسْجِدِ الْحَرَامِ، قَالَ ‏ “‏ فَأَوْفِ بِنَذْرِكَ ‏”‏‏.‏

ഉമർ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ധേഹം നബി ﷺ യോട് ചോദിച്ചു: ഞാൻ മസ്ജിദുൽ ഹറമിൽ ഒരു രാത്രി ഇഅ്തികാഫ് ഇരിക്കാമെന്ന് ജാഹിലിയ്യാ കാലത്ത് നേർച്ച നേർന്നിട്ടുണ്ട്. നബി ﷺ പറഞ്ഞു: താങ്കളുടെ നേർച്ച പൂർത്തിയാക്കുക. (ബുഖാരി: 2032)

നോമ്പു നിബന്ധനയായിരുന്നുവെങ്കിൽ രാത്രികാലത്തുള്ള അദ്ദേഹത്തിന്റെ ഇഅ്തികാഫ് സാധുവാകുമായിരുന്നില്ല. കാരണം രാത്രിയിൽ നോമ്പില്ല. മാത്രവുമല്ല, അവ വേറിട്ട രണ്ടു ഇബാദത്തുകളാണ്. അതിനാൽ അവയിലൊന്ന് മറ്റൊന്നുണ്ടാകുവാൻ നിബന്ധനയാക്കപ്പെടുകയില്ല. (അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന)

ഇഅ്തികാഫ് കൊണ്ടുള്ള ഉദ്ദേശം

التفرغ للعبادة والخلوة بالله لذلك، وهذه هي الخلوة الشرعية. وقال بعضهم في تعريف الاعتكاف: هو قطع العلائق عن كل الخلائق للاتصال بخدمة الخالق.

ഇബാദതിനു വേണ്ടി ഒഴിഞ്ഞിരിക്കലും അല്ലാഹുമായി ഏകാന്തതയിലാകലുമാണ്. ഇതാണ് ശറആക്കപ്പെട്ട ഏകാന്തത. ഇഅ്തികാഫിന്‍റെ നിര്‍വചനമായി ചിലര്‍ പറഞ്ഞുഃ അത് സൃഷ്ടികളുമായുള്ള സമ്പര്‍ക്കം അല്ലാഹുവിന്‍റെ അടിമത്തവേല കൊണ്ട് മുറിക്കലാണ്. (മജ്മൂഉൽ ഫതാവാ:15/438- ശൈഖ് ഇബ്നു ബാസ് رحمه الله)

ഇമാം ഇബ്‌നുല്‍ ഖയ്യിം(റ) പറഞ്ഞു: മനസ്സിനെ അല്ലാഹുവില്‍ ഏല്‍പിക്കുക, ദൈവസ്മരണയില്‍ അതിനെ തളച്ചിടുക, അല്ലാഹുവോടൊപ്പം തനിച്ചാവുക, ലൗകിക കാര്യങ്ങളില്‍ നിന്നകന്ന് അല്ലാഹുവിന്റെ കാര്യത്തില്‍ വ്യാപൃതനാവുക തുടങ്ങിയ കാര്യങ്ങളാണ് ഇഅ്തികാഫിന്റെ ലക്ഷ്യവും ചൈതന്യവും. അങ്ങനെ അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെ കുറിച്ച സ്മരണയും അവനോടുള്ള താല്‍പര്യവും മനസ്സില്‍ നിറയും. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനെ കുറിച്ചായിരിക്കും പിന്നെ അവന്റെ ചിന്ത മുഴുവന്‍. അങ്ങനെ സ്രഷ്ടാവിനോടുള്ള സഹവര്‍ത്തിത്വം അവന് ഏറെ പ്രിയങ്കരമായിമാറും. ഖബ്‌റിലെ ഏകാന്തതയില്‍ അല്ലാഹു മാത്രമായിരിക്കുമല്ലോ കൂട്ട് എന്ന ചിന്തയിലേക്ക് അത് നയിക്കും. ഇതാണ് ഇഅ്തികാഫിന്റെ മഹത്തായ ലക്ഷ്യം. (സാദുല്‍ മആദ്)

റമളാനിലെ ഇരുപത് ദിനങ്ങളിലെ ചെയ്തിട്ടുള്ള ക൪മ്മങ്ങള്‍ വ൪ദ്ധിപ്പിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം. ഇഅ്ത്തികാഫില്‍ അതിന് അവസരവുമുണ്ട്. ഒറ്റക്ക് ഒറ്റക്കായി ഇബാദത്തുകള്‍ നി൪വ്വഹിച്ചുകൊണ്ടാണ് ഇഅ്ത്തികാഫ് ഇരിക്കേണ്ടത്. ജുമുഅ, ജമാഅത്ത്, തറാവീഹ് എന്നിവക്ക് സമയമാകുമ്പോള്‍ ജമാഅത്തായി നമസ്കരിക്കുകയും ശേഷം ഒറ്റക്കായി ഇബാദത്തുകള്‍ നി൪വ്വഹിക്കുന്നതിനായി മാറേണ്ടതുമാണ്. ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രിയില്‍, പള്ളികളില്‍ ഒന്നിച്ചിരുന്ന് ദിക്റുകള്‍ ചൊല്ലിക്കൊടുക്കുകയും അത് ഏറ്റുപറയുകയും ചെയ്ത് ഇഅ്ത്തികാഫ് ഇരിക്കുന്നത് ചില സ്ഥലങ്ങളില്‍ കാണാറുണ്ട്. ഇത് ശരിയായ രീതിയല്ല. ദീ൪ഘനേരം ക്ലാസുകള്‍ സംഘടിപ്പിച്ച് സമയം തള്ളിനീക്കുന്ന രീതിയും കണ്ടുവരാറുണ്ട്. ഇതും ശരിയല്ല. ഇഅ്ത്തികാഫിലായി മസ്ജിദില്‍ കൂടിയിരിക്കുകയും, ജനങ്ങളുമായി സംസാരത്തില്‍ ഏര്‍പ്പെട്ടും സോഷ്യൽ മീഡിയ നോക്കിക്കൊണ്ടും മറ്റും സമയം തള്ളിനീക്കുന്നവരുമുണ്ട്. അതെല്ലാം ഇഅ്ത്തികാഫ് നിഷ്ഫലമാക്കുന്ന കാര്യങ്ങളാണെന്ന് തിരിച്ചറിയുക. ജനങ്ങളിൽ നിന്ന് മാറിയിരുന്ന്, അല്ലാഹുവിന് വേണ്ടി മാത്രമായി ഹൃദയം ഒഴിച്ചിട്ട് ദുആ ദിക്റുകളിലൂടെയും ഖു൪ആന്‍ പാരായണത്തിലൂടെയും സുന്നത്ത് നമസ്കാരങ്ങളിലൂടെയുമായി അല്ലാഹുവുമായി അടുക്കുകയാണ് ഇഅ്ത്തികാഫില്‍ വേണ്ടത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്‌കരിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി:2014)

قال ابن القيم رحمه الله: لو كانت ليلة القدر بالسنة ليلة واحدةً لقمتُ السنة حتى أدركها، فمـا بالك بعشر ليال

ഇബ്നുൽ ഖയ്യിം(റഹി)പറഞ്ഞു : ” ലൈലത്തുൽ ഖദ്‌ർ എന്നത്‌ വർഷത്തിൽ ഒരു രാത്രിയാണെങ്കിൽ അത്‌ നേടിയെടുക്കുന്നത്‌ വരെ വർഷം മുഴുവനായി ഞാൻ ഖിയാം നിർവ്വഹിക്കുമായിരുന്നു , പിന്നെ ഒരു പത്ത്‌ രാത്രികളുടെ അവസ്ഥയെന്താണ്. (‏بدائع الفوائد -٥٥/١)

قال ابن شهاب الزهري{رحمه الله}: عجبا للمسلمين..! تركوا الاعتكاف مع ان النبي صلى الله عليه وسلم ما تركه منذ قدم المدينة حتى قبضه الله عز وجل.

ഇമാം സുഹ് രി (റഹി) പറഞ്ഞു: മുസ്ലിംകളുടെ കാര്യം അൽഭുതംതന്നെ. നബി ﷺ മദീനയിലേക്ക് വന്നതിൽ പിന്നെ മരണം വരെ ഒഴിവാക്കിയിട്ടില്ലാത്ത ഇഅ്തികാഫിനെ അവർ അവഗണിക്കുന്നു. (شعاع من المحراب ٥/‏٣٢٩)

قال ابن باز رحمه الله:من قام العـشْرَ جميعاً ، أدرك ليلة القدر.

ഇബ്നു ബാസ്‌ (റഹി)പറഞ്ഞു : ആരെങ്കിലും പത്തു ദിവസം മുഴുവനായി ഖിയാമിൽ ഏർപ്പെട്ടാൽ അവൻ ലൈലത്തുൽ ഖദ്‌ർ നേടിയെടുത്തു. (الفتاوى ٤٢٧/١٥)

قال ابن باز رحمه الله: وقيامها يكون بالصلاة والذكر والدعاء وقراءة القرآن وغير ذلك من وجوه الخير

ഇബ്നു ബാസ്‌ (റഹി)പറഞ്ഞു : ഖിയാം എന്നത്‌ നമസ്കാരം കൊണ്ടും , ദിക്‌ർ കൊണ്ടും പ്രാർത്ഥന കൊണ്ടും , ഖുർആൻ പാരായണം കൊണ്ടും മറ്റു എല്ലാ നിലക്കുള്ള നല്ല പ്രവർത്തനം കൊണ്ടും സാധ്യമാവും. ( الفتاوى ٤٢٦/١٥)

തന്റെ സ്രഷ്ടാവിലേക്കു ദാസൻ ഒഴിഞ്ഞിരിക്കുകയും മറ്റു ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്യുന്ന ഒരു ഇബാദത്താകുന്നു ഇഅ്തികാഫ്. അതിനാൽ ഇഅ്തികാഫിരിക്കുന്നവൻ ഇബാദത്തിന് ഒഴിഞ്ഞിരിക്കൽ സുന്നത്താകുന്നു. അങ്ങനെ നമസ്‌കാരം, ദിക്ർ, ദുആഅ്, ക്വുർആൻ പാരായണം, തൗബ, ഇസ്തിഗ്ഫാർ പോലുള്ള, അല്ലാഹുവിലേക്കു സാമീപ്യമേകുന്ന പുണ്യങ്ങൾ അവൻ വർധിപ്പിക്കണം.

قَال الإِمَـام ابن رَجَـب -رَحِمَهُ اللَّٰه-: يُستَحبُّ فِي اللَّيالي التِي تُرجى فِيها لَيلة القَدر التنظُّف والتَّزيُّن، وَالتَّطيب بِالغُسـل والطيب وَاللبَـاس الحَـسن، كمَا يُشـرع ذَلك في الجُـمع والأَعيَـاد، وَكذَلك يُشرع أَخذُ الزِّيـنة بِالثيَاب فِي سَائر الصَّـلوات، كَما قَال تَعالى : ﴿خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ﴾ [

ഇമാം ഇബ്നു റജബ് (റഹി) പറഞ്ഞു :ജുമുഅ /പെരുന്നാൾ ദിവസങ്ങളിൽ പഠിപ്പിക്കപ്പെട്ടതു പോലെ/ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന രാത്രികളിൽ കുളി, സുഗന്ധം പൂശൽ, നല്ല വസ്ത്രം ധരിക്കൽ മുതലായവ കൊണ്ട് വൃത്തിയാകലും, അലങ്കാരമുണ്ടാക്കലും, സുന്നത്താണ്. അതുപോലെ എല്ലാ നമസ്കാരങ്ങളിലും നല്ല വസ്ത്രം ഉപയോഗിച്ച് അലങ്കാരം സ്വീകരിക്കലും മതത്തിൽ അംഗീകൃതമാണ്. അല്ലാഹു تعالى പറഞ്ഞതുപോലെ: “എല്ലാ നമസ്‌കാര സ്ഥാനത്തിങ്കലും നിങ്ങള്‍ നിങ്ങളുടെ ഭംഗി [വസ്‌ത്രങ്ങള്‍] എടുത്തു(പയോഗിച്ചു) കൊള്ളുവിന്‍ ” 7:31″. [ലത്വാഇഫുൽ മആരിഫ്]

ഉപകാരപ്രദമായ വിഷയങ്ങളിൽ ജനങ്ങളോടു സംസാരിക്കലും അവരുടെ അവസ്ഥകൾ ചോദിച്ചറിയലും അനുവദനീയമാകുന്നു. എന്നാൽ ഉപകാരപ്രദമല്ലാത്തതും അനിവാര്യമല്ലാത്തതുമായ വിഷയങ്ങളിലുള്ള സംസാരം ഇഅ്തികാഫിന്റെ ഉദ്ദേശ്യത്തെയും അതു നിയമമാക്കിയതിലെ യുക്തിയെയും നിരാകരിക്കുന്നതാണ്.

കുടുംബക്കാർക്കും ബന്ധുക്കൾക്കും ഇഅ്തികാഫിരിക്കുന്നവനെ സന്ദർശിക്കലും അൽപസമയം അവനോടു സംസാരിച്ചിരിക്കലും സന്ദർശകരെ യാത്രയാക്കുവാൻ പള്ളിയിൽനിന്നു പുറത്തിറങ്ങലും അനുവദനീയമാണ്. സ്വഫിയ്യ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്. അവർ പറഞ്ഞു: “തിരുനബിﷺ ഇഅ്തികാഫിരിക്കുന്നവനായിരുന്നു. രാത്രിസമയം ഞാൻ തിരുമേനിയുടെ അടുക്കൽ ചെല്ലുകയും സംസാരിക്കുകയും ശേഷം ഞാൻ എഴുന്നേറ്റു തിരിച്ചുപോരുകയും ചെയ്തു. അപ്പോൾ തിരുമേനി എന്നെ വീട്ടിലേക്കു മടക്കിയയക്കുവാൻ എന്റെ കൂടെ എഴുന്നേറ്റു.’’

പള്ളിയുടെ വൃത്തിയും സുരക്ഷയും കാത്തുസൂക്ഷിച്ചുകൊണ്ട് ഇഅ്തികാഫിരിക്കുന്നവനു പള്ളിയിൽ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കാവുന്നതും ഉറങ്ങാവുന്നതുമാണ്.

ഇഅ്തികാഫിനെ അസാധുവാക്കുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഓര്‍മ്മിക്കുന്നു:

1. അനാവശ്യമായി പള്ളിയിൽനിന്നു ബോധപൂർവം പുറത്തുപോകൽ; പുറത്തു പോകുന്ന സമയം കുറച്ചാണെങ്കിലും ശരി. ആഇശ(റ)യിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “തിരുനബിﷺ ഇഅ്തികാഫിരിക്കുന്നവനായാൽ ആവശ്യത്തിനല്ലാതെ വീട്ടിൽ പ്രവേശിക്കുമായിരുന്നില്ല.’’ ഇഅ്തികാഫിന്റെ റുക്‌നായ പള്ളിയിൽ താമസിക്കുക എന്നതിനെ പുറത്തുപോകൽ നഷ്ടപ്പെടുത്തും.

2. സംഭോഗം; അതു രാത്രിയിലാണെങ്കിലും അല്ലെങ്കിൽ പള്ളിക്കു പുറത്താണെങ്കിലും ശരി. അല്ലാഹു പറഞ്ഞു:

وَلَا تُبَٰشِرُوهُنَّ وَأَنتُمْ عَٰكِفُونَ فِى ٱلْمَسَٰجِدِ

……… എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരുമായി (ഭാര്യമാരുമായി) സഹവസിക്കരുത്‌. …….(ഖു൪ആന്‍: 2/187)

മുഷ്ടിമൈഥുനവും ഭാര്യാസംസർഗമില്ലെങ്കിലും ആശ്ലേഷണം പോലുള്ളതുകൊണ്ട് വികാരത്തോടെ ഇന്ദ്രിയസ്ഖലനമുണ്ടാക്കലും ഇതേ വിധിയിൽ പെടുന്നു.

3.ആർത്തവരക്തവും പ്രസവരക്തവും: ആർത്തവകാരിക്കും പ്രസവരക്തമുള്ളവൾക്കും പള്ളിയിൽ താമസിക്കൽ അനുവദനീയമല്ലാത്തതിനാലാണത്.

സാന്ദർഭികമായി ഒരു കാര്യം ഓർമ്മിപ്പിക്കുന്നു. ലൈലത്തുൽ ഖദ്ർ നേടിയെടുക്കുന്നതിന് ഇഅ്തികാഫ് ശർത്തല്ല. ഒരാൾക്ക് തന്റെ വിട്ടിൽ വെച്ച്‌ ഇബാദത്തുകൾ നിർവ്വഹിച്ച് ലൈലത്തുൽ ഖദ്റിനായി പരിശ്രമിക്കാവുന്നതാണ്. ലൈലത്തുൽ ഖദ്ർ നേടിയെടുക്കുന്നതിനുള്ള ഏറ്റവും ശരിയായ രീതിയും നബി ﷺ നമുക്ക് കാണിച്ചു തന്നതും ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചുകൊണ്ട് റമളാനിലെ അവസാനത്തെ പത്ത് ദിവസം പൂ൪ണ്ണമായി പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കലാണ്.

قال ابن عثيمين رحمه الله: لا يشترط لها اعتكاف، يعني: يمكن لإنسان أن يقوم ليلة القدر في بيته انتهى . شرح البلوغ (٧/ ٥٤٨)

ശൈഖ് ഇബ്നു ഉസൈമീൻ(റഹി)പറഞ്ഞു : അതിനു (ലൈലത്തുൽ ഖദ്‌റിന്) ഇഅ്തികാഫ്‌ വേണമെന്ന നിബന്ധനയില്ല , ഒരാൾക്ക്‌ ലൈലത്തിൽ ഖദ്‌റിനായി തന്റെ വീട്ടിലും ഖിയാം നിർവ്വഹിക്കാം.

സ്ത്രീകള്‍ക്ക് ഇഅ്തികാഫ് ഇരിക്കാന്‍ പാടുണ്ടോ?

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ‏.‏

ആയിശയില്‍(റ) നിന്നും നിവേദനം: നബി ﷺ വഫാത്താകുന്നതുവരെ റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനു ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു. (ബുഖാരി : 2026)

അല്‍ബാനി(റഹി) പറയുന്നു: ‘സ്ത്രീകള്‍ക്കും ഇഅ്തികാഫ് ആകാമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. എന്നാല്‍ കൈകാര്യകര്‍ത്താക്കളുടെ അനുമതിയുണ്ടായിരിക്കുക, ഫിത്‌നഃയുടെ കാര്യത്തില്‍ സുരക്ഷിതത്വമുണ്ടാവുക, അന്യപുരുഷന്മാരുമൊത്ത് ഏകാന്തതക്ക് സാഹചര്യമുണ്ടാകാതിരിക്കുക തുടങ്ങിയ നിബന്ധനകളോടുകൂടി മാത്രമേ അത് അനുവദിക്കപ്പെടൂ എന്നതില്‍ പക്ഷാന്തരമില്ല. ഈ പറഞ്ഞവ നിര്‍ബന്ധമാണന്ന് കുറിക്കുന്ന ധാരാളം തെളിവുകള്‍ നമ്മുടെ മുമ്പിലുണ്ട്.

قال العلامة ابن باز رحمه الله : لا بأس الاعتكاف في المسجد الحرام أو غيره من المساجد للنساء، فقد اعتكف أزواج النبي ﷺ في مسجده في حياته  وبعد وفاته عليه الصلاة والسلام، فلا بأس أن يعتكف النساء في المسجد. نعم.

ശൈഖ് ഇബ്നു ബാസ്  رحمه الله  പറയുന്നു: മസ്ജിദുൽ ഹറാമിലോ അല്ലാത്ത പള്ളികളിലോ ഒരു പെണ്ണിന് ഇഅ്തികാഫിരിക്കാം. അതിന് പ്രശ്നമൊന്നുമില്ല. നബിﷺ ജീവിച്ചിരിക്കുമ്പോഴും അവിടുന്ന് മരിച്ചതിന് ശേഷവും നബിﷺയുടെ പത്നിമാർ മദീനാ പള്ളിയിൽ ഇഅ്തികാഫിരുന്നിരുന്നു. (ബുഖാരി: 2026) അതുകൊണ്ട് തന്നെ സ്ത്രീകൾ പള്ളികളിൽ ഇഅ്തികാഫിരിക്കുന്നതിന് ഒരു പ്രശ്നവുമില്ല. (ഫതാവാ നൂറുന്‍ അലദ്ദര്‍ബ്)

സ്ത്രീകൾക്ക് പള്ളിയിലല്ലാതെ വീട്ടിൽ ഇഅ്തികാഫിരിക്കാൻ പറ്റുമോ?

قال العلامة ابن باز رحمه الله : الاعتكاف سنة وقربة للرجال والنساء، ومحله المساجد كما قال تعالى: وَلا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ[البقرة:187]، ما هو محله البيوت، الاعتكاف يكون في المساجد

ശൈഖ് ഇബ്നു ബാസ്  رحمه الله  പറയുന്നു: ഇഅ്ത്തികാഫ് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള സുന്നത്തും സൽകർമ്മവുമാണ്. പള്ളികളിലാണ് ഇഅ്ത്തികാഫിരിക്കേണ്ടത്. അല്ലാഹു പറയുന്നു: “നിങ്ങള്‍ പള്ളികളില്‍ ‎ ഇഅ്തികാഫിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല.” അപ്പോൾ ഇഅ്ത്തികാഫിരിക്കേണ്ടത് വീടുകളിലല്ല പള്ളികളിലാണ്. (ഫതാവാ നൂറുന്‍ അലദ്ദര്‍ബ്)

ഇമാം നവവി رحمه الله പറയുന്നു: ആണായാലും പെണ്ണായാലും പള്ളിയിലല്ലാതെ ഇഅ്തികാഫ് ശരിയാവുകയില്ല. വീട്ടിൽ നമസ്കാരത്തിനായി പ്രത്യേകമൊരുക്കിയ മുറികളിൽ ഇരുന്നാൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇഅ്തികാഫ് സ്വീകാര്യയോഗ്യമാവില്ല. (അൽ മജ്മൂഅ്: 6/505)

ഇഅ്തികാഫിന്റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത്, എപ്പോഴാണ് അവസാനിക്കുന്നത്

ഇരുപത്തി ഒന്നാം രാവ് ആരംഭിക്കുന്നതിന് മുന്നോടിയായി അഥവാ റമളാനിലെ ഇരുപതാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പായി ഇഅ്തികാഫില്‍ പ്രവേശിക്കണം എന്നതാണ് പ്രബലാഭിപ്രായം. ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ അതിന്റെ സമയം അവസാനിക്കുന്നു.

ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രിയില്‍ വ൪ദ്ധിപ്പിക്കേണ്ട പ്രാ൪ത്ഥന

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫുവ ഫഅ്ഫു അന്നീ

അല്ലാഹുവേ, നീ മാപ്പ് നല്‍കുന്നവനും മാപ്പ് നല്‍കുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, എന്നോട് നീ പൊറുത്ത് മാപ്പാക്കേണമേ

، عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ : تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ‏

ആയിശയിൽ(റ)നിന്ന് നിവേദനം: അവ൪ ചോദിച്ചു: നബി ﷺ പറഞ്ഞു: ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുന്ന രാത്രികളില്‍ ഞാന്‍ ഉരുവിടേണ്ടതെന്താണ്? നബി ﷺ പറഞ്ഞു: നീ (ഇപ്രകാരം) പറയുക:اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي (ഇബ്നുമാജ:3850)

ഐഹിക ജീവിതവും മരണവും യാഥാ൪ത്ഥ്യമാണെന്നതു പോലെ ഖബ്റ് ജീവിതവും മഹ്ശറയും വിചാരണയും നരകവും സ്വ൪ഗവും യാഥാ൪ത്ഥ്യമാണെന്നും നാളെ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നുമെല്ലാം ഓ൪ത്തുകൊണ്ട് അല്ലാഹുവിനെ ഭയന്ന് കരയാന്‍ നമുക്ക് കഴിയണം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لاَ يَلِجُ النَّارَ رَجُلٌ بَكَى مِنْ خَشْيَةِ اللَّهِ حَتَّى يَعُودَ اللَّبَنُ فِي الضَّرْعِ

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കറന്നെടുത്ത പാൽ അകിടിലേക്ക് തിരിച്ചുപോവൽ ആസാധ്യമാണെന്ന പോലെ, അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞ മനുഷ്യൻ നരകത്തിൽ പ്രവേശിക്കുകയില്ല.……. (തിർമുദി: 1633 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي أُمَامَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : ‏ لَيْسَ شَيْءٌ أَحَبَّ إِلَى اللَّهِ مِنْ قَطْرَتَيْنِ وَأَثَرَيْنِ قَطْرَةٌ مِنْ دُمُوعٍ فِي خَشْيَةِ اللَّهِ وَقَطْرَةُ دَمٍ تُهَرَاقُ فِي سَبِيلِ اللَّهِ ‏.‏ وَأَمَّا الأَثَرَانِ فَأَثَرٌ فِي سَبِيلِ اللَّهِ وَأَثَرٌ فِي فَرِيضَةٍ مِنْ فَرَائِضِ اللَّهِ

അബൂഉമാമയില്‍ (റ) യില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് തുള്ളികളേക്കാളും രണ്ട് അടയാളങ്ങളേക്കാളും അല്ലാഹുവിന് പ്രിയങ്കരമായി മറ്റൊന്നുമില്ല. (രണ്ട് തുള്ളി എന്നാല്‍) അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താല്‍ ഒഴുകുന്ന കണ്ണീര്‍തുള്ളി, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചൊരിയപ്പെടുന്ന രക്തതുള്ളി.…..(തിര്‍മിദി : 1669)

ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചുകൊണ്ട് റമളാനിലെ അവസാനത്തെ പത്ത് ദിവസം പൂ൪ണ്ണമായി പള്ളിയില്‍ കഴിച്ചുകൂട്ടുന്നതാണ് ഇഅ്ത്തികാഫിന്റെ ശരിയായ രൂപം. സത്യവിശ്വാസികളെല്ലാവരും അതിനുവേണ്ടി പരിശ്രമിക്കേണ്ടതാണ്. അങ്ങനെ ഫര്ള് നമസ്കാരത്തിന് പുറമേ ധാരാളം ഇബാത്തുകൾ നിർവ്വഹിക്കാൻ കഴിയും.

ماذا يشرع للمعتكف: أن يكثر من الذكر وقراءة القرآن والاستغفار والدعاء والصلاة في غير أوقات النهي

ദിക്റുളും ഖുര്‍ആന്‍ പാരായണവും പാപമോചനം തേടലും ദുആയും വിലക്കപ്പെട്ട സമയങ്ങളിലൊഴികെ (സുബ്ഹിക്കും അസറിനും ശേഷം) നമസ്കാരവും അധികരിപ്പിക്കലാണ് (ശറആക്കപ്പെട്ടത്) (മജ്മൂഉൽ ഫതാവാ:15/443- ശൈഖ് ഇബ്നു ബാസ് رحمه الله)

റമളാനിലെ അവസാനത്തെ പത്ത് ദിവസം പൂ൪ണ്ണമായി പള്ളിയില്‍ കഴിച്ചുകൂട്ടാൻ കഴിയാത്തവ൪ ഈ പത്ത് ദിവസത്തിലെ രാത്രിയിലെങ്കിലും ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചുകൊണ്ട് പള്ളിയില്‍ കഴിച്ചുകൂട്ടാന്‍ പരിശ്രമിക്കേണ്ടതാണ്. കഴിയുന്ന ദിവസങ്ങളിലെല്ലാം പകലിലും പള്ളിയില്‍ കഴിച്ചുകൂടട്ടെ. ഒന്നുമില്ലെങ്കിലും അഞ്ചു നേരത്തെ നിസ്കാരം ജമാഅതായി നിസ്കരിക്കാനും, ആദ്യത്തെ തക്ബീർ തന്നെ നേടിയെടുക്കാനും, സുന്നത്ത് നിസ്കാരങ്ങൾ അധികരിപ്പിക്കാനും, മറ്റു ദുനിയാവിന്റെ കെട്ടുപാടുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും അത് അവനെ സഹായിക്കും. ലൈലത്തുൽ ഖദ്‌റിന്റെ സമയം സൂര്യാസ്തമയം മുതൽ തുടങ്ങി പ്രഭാതോദയം വരെയാണ്.

قال ابن عثيمين رحمه الله: وقت ليلة القدر يبدأ من غروب الشمس إلى طلوع الفجر انتهى . شرح البلوغ (٧/ ٥٤٨)

ശൈഖ് ഇബ്നു ഉസൈമീൻ(റഹി)പറഞ്ഞു :ലൈലത്തുൽ ഖദ്‌റിന്റെ സമയം സൂര്യാസ്തമയം മുതൽ തുടങ്ങി പ്രഭാതോദയം വരെയാണ്.

ലൈലത്തുല്‍ ഖദ്൪ നേടിയെടുക്കാന്‍ പരിശ്രമിക്കാത്തവരെ നബി ﷺ ആക്ഷേപിച്ചിട്ടുള്ളതായി കാണാം.

عَنْ أَنَسِ بْنِ مَالِكٍ، قَالَ دَخَلَ رَمَضَانُ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِنَّ هَذَا الشَّهْرَ قَدْ حَضَرَكُمْ وَفِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَهَا فَقَدْ حُرِمَ الْخَيْرَ كُلَّهُ وَلاَ يُحْرَمُ خَيْرَهَا إِلاَّ مَحْرُومٌ ‏”‏ ‏.‏

അനസിബ്നു മാലികിൽ(റ) നിന്നും നിവേദനം: റമളാൻ സമാഗതമായപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയം ഈ മാസം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. ആയിരം മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രി അതിലുണ്ട്. അത് തടയപ്പെട്ടവൻ ഖൈറ് മുഴുവൻ തടയപ്പെട്ടിരിക്കുന്നു. ആ രാത്രിയുടെ ഖൈറ് മഹ്റൂമിനല്ലാതെ (ജീവിതമാർഗം തടയപ്പെട്ടവൻ, ദരിദ്രൻ) തടയപ്പെടുകയില്ല. (ഇബ്നുമാജ: 1644)

ഇഅ്തികാഫ് ഇരിക്കുന്നത് അല്ലാഹുവുമായി അടുക്കാനുള്ള ഒരു വഴിയാണെന്നുകൂടി തിരിച്ചറിയുക.

عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم يَرْوِيهِ عَنْ رَبِّهِ، قَالَ ‏ “‏ إِذَا تَقَرَّبَ الْعَبْدُ إِلَىَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِذَا تَقَرَّبَ مِنِّي ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَإِذَا أَتَانِي مَشْيًا أَتَيْتُهُ هَرْوَلَةً ‏”‏‏.‏

അനസ്(റ) നിവേദനം: നബി ﷺ പ്രതാപശാലിയും മഹാനുമായ അവിടുത്തെ നാഥനില്‍നിന്ന് ഉദ്ധരിക്കുന്നു: ”അവന്‍ (അല്ലാഹു) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ”അടിമ (മനുഷ്യന്‍) എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനോട് ഒരു മുഴം അടുക്കും. അവന്‍ എന്നോട് ഒരുമുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ് അടുക്കും. അവന്‍ എന്റെ അടുത്തേക്ക് നടന്നുവന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്ക് ഓടിച്ചെല്ലും” (ബുഖാരി:7536)

ഇബ്നുൽ ജൗസി(റഹി) പറഞ്ഞു: ശ്രേഷ്ടമായ പകലുകളുടെയും രാത്രികളുടെയും കാര്യത്തിൽ അശ്രദ്ധയിലാകാവതല്ല. കാരണം ഒരു കച്ചവടക്കാരൻ ലാഭം കൊയ്യാവുന്ന സീസണുകളിൽ അശ്രദ്ധയിലായാൽ പിന്നെ എപ്പോഴാണ് ലാഭം കൊയ്യുക ?

ലൈലതുല്‍ ഖദ്‌റും സ്വലാത്ത് നഗറും

ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് കൃത്യമായി അറിയുന്നവന്‍ അല്ലാഹുവാണ് എന്നതാണ് വസ്തുത. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ അതിനെ പ്രതീക്ഷിക്കുവാനാണ് നബി ﷺ അരുളിയിട്ടുള്ളത്. അവസാനത്തെ പത്തില്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കലും പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കലുമാണ് പ്രവാചകമാതൃക. പ്രാര്‍ഥനാ സദസ്സെന്നപേരിട്ട് ജനങ്ങളെ പള്ളികളില്‍ നിന്നും സ്ഥിരപ്പെട്ട സുന്നത്തുകളില്‍ നിന്നും അകറ്റി പാടത്തും പറമ്പിലും ഒരുമിച്ചു കൂട്ടുന്ന പുത്തനാചാരം നമ്മുടെ നാട്ടില്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. പുരോഹിതവര്‍ഗത്തിന്റെ കെണിയില്‍ പെട്ട് വിശ്വാസികള്‍ നഷ്ടപ്പെടുത്തുന്നത് അളവറ്റ പുണ്യത്തിന്റെ സന്ദര്‍ഭങ്ങളാണ്. പരലോക രക്ഷ ആഗ്രഹിക്കുന്ന വിശ്വാസികള്‍ നിലകൊള്ളേണ്ടത് പ്രമാണങ്ങളുടെ പക്ഷത്താണ്. ഇത്തരം അനാചാരങ്ങളെയും അതിന്റെ പ്രചാരകരെയും നാം കരുതിയിരിക്കുക. ഇത്തരക്കാരുടെ വലയില്‍ അകപ്പെട്ടാല്‍ ദീനും ദുന്‍യാവും നഷ്ടപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഉന്നതമായ സ്വര്‍ഗം കൊതിക്കുന്ന, കരുണാനിധിയായ അല്ലാഹുവിനെ ദര്‍ശിക്കണമെന്നാഗ്രഹിക്കുന്ന ഒരു സത്യവിശ്വാസി സകലവിധ അനാചാരങ്ങളില്‍നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്. അല്ലാഹുവിലും അവന്റെ റസൂലിലുമാണ് നമുക്ക് ഉത്തമ മാതൃകയുള്ളത്. പ്രമാണങ്ങളില്‍ പരാമര്‍ശിക്കുക പോലും ചെയ്യാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുമാണ് ഒരു വിശ്വാസി ശ്രമിക്കേണ്ടത്.

ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം.(ഖു൪ആന്‍:4/115)

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *