ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്

അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്.

ﻭَﻟَﺬِﻛْﺮُ ٱﻟﻠَّﻪِ ﺃَﻛْﺒَﺮُ ۗ

അല്ലാഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. (ഖു൪ആന്‍ :29/45)

‘അല്ലാഹുവിനെ സ്മരിക്കൽ’ (ذكر الله ) എന്നു പറയുമ്പോള്‍ അതില്‍, മനസ്സ് കൊണ്ടും നാവ് കൊണ്ടും ഉണ്ടാകുന്ന ദിക്റുകള്‍ ഉള്‍പ്പെടുന്നു.

മഹാനായ സ്വഹാബി മുആദ്‌ ബിന്‍ ജബല്‍ رَضِيَ اللَّهُ عَنْهُ നബി ﷺ യോട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു.

أَنْ تَمُوتَ وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللهِ تَعَالَى

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കെ നീ മരണം വരിക്കുക എന്നതാണത്.(സില്‍സിലത്തു സ്വഹീഹ : 1836)

‘കര്‍മ്മങ്ങളില്‍വെച്ച് ഏതാണ് കൂടുതല്‍ ശ്രേഷ്ടമായത് ?’ എന്ന് ഒരാള്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് ഇങ്ങനെ മറുപടി കൊടുക്കുകയുണ്ടായി:

ان تفارق الدنيا ولسانك رطب من ذكر الله

അല്ലാഹുവിന്റെ ദിക്ര്‍’ നിമിത്തം നിന്റെ നാവ് നനഞ്ഞതായിക്കൊണ്ട് – നാവിനാല്‍ ദിക്ര്‍ നടത്തിക്കൊണ്ടിരിക്കെ – നീ ഇഹലോകവുമായി പിരിഞ്ഞുപോകലാകുന്നു. (അഹ്’മദ്, തി൪മിദി)

ഒരിക്കല്‍ പ്രായം ചെന്ന ഒരു സ്വഹാബി നബി ﷺ യുടെ അടുക്കല്‍ വന്നു പറഞ്ഞു: പ്രായാധിക്യത്താല്‍ ദീനീ ക൪മ്മങ്ങള്‍ എനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ എനിക്ക് മുറുകെ പിടിക്കുന്നതിനായി ഒരു കാര്യം പറഞ്ഞു തരൂ. അപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു.

لاَ يَزَالُ لِسَانُكَ رَطْبًا بِذِكْرِ اللهِ تَعَالَى

അല്ലാഹുവിനെ റിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കട്ടെ.’ (തി൪മിദി – സ്വഹീഹ് അല്‍ബാനി)

നാവ് കൊണ്ട് എളുപ്പം പറയാൻ കഴിയുന്നതും വലിയ പ്രതിഫലം ലഭിക്കുന്നതുമായ ഒരു ദിക്റിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

لَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ

ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്

അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല

അല്ലാഹു പറയുന്നു:

وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ

അല്ലാഹുവിന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌. (ഖു൪ആന്‍ :3/109)

قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ

(നബിയേ,) പറയുക: കാര്യമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. (ഖു൪ആന്‍ :3/154)

أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ

അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവനു തന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. (ഖു൪ആന്‍ :7/54)

വിശുദ്ധ ഖുർആനിൽ സൂറത്തുല്‍ കഹ്ഫ് 32-44 വചനങ്ങളിൽ രണ്ട് തോട്ടക്കാരുടെ സംഭവം വിവരിക്കുന്നുണ്ട്. അതിലൊരാൾക്ക് അല്ലാഹുവില്‍ നിന്ന് ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിരുന്നു. ഫലസമൃദ്ധമായ രണ്ട് തോട്ടങ്ങള്‍ അദ്ദേഹത്തിന് ലഭിച്ച അനുഗ്രഹങ്ങളില്‍ പെട്ടതായിരുന്നു. പക്ഷെ, അയാള്‍ എല്ലാം മറന്ന് അഹങ്കരിച്ചു. അഹങ്കാരത്തോടെയാണ് അവന്‍ തന്റെ തോട്ടങ്ങളില്‍ പ്രവേശിച്ചിരുന്നത്. ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്നോ അന്ത്യസമയം നിലവില്‍ വരുമെന്നോ ഞാന്‍ വിചാരിക്കുന്നില്ലെന്നും ഇനി അല്ലാഹുവിലേക്ക് മടക്കപ്പെടുകയാണെങ്കിൽതന്നെയും ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നും അവൻ വീമ്പ് പറഞ്ഞു. ഈ സന്ദർഭത്തിൽ അവന്റെ സത്യവിശ്വാസിയായ കൂട്ടുകാരൻ അവനോട് സംസാരിക്കുന്ന സന്ദർഭം വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:

وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًا وَوَلَدًا

നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ (ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല) എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍. (ഖുര്‍ആന്‍:18/39)

അർത്ഥവും ആശയവും

അല്ലാഹുവിനെ കൊണ്ടല്ലാതെ ഹൗലും(حول) ഖുവ്വത്തും(قوة) ഇല്ല എന്നാണ് ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്നതിന്റെ അർത്ഥം. ഹൗൽ(حول) എന്നാൽ ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുക എന്നാണ്. ഖുവ്വത്ത്(قوة) എന്നാൽ ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറാനുള്ള ശക്തി എന്നാണ്. ഏതൊരു ചലനവും ആ ചലനത്തിനാവശ്യമായ ശക്തിയും അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടല്ലാതെ ലഭിക്കുന്നില്ല എന്നാണ് ഈ വാക്യത്തിന്റെ അർത്ഥം.  അതിന്റെ ആശയം ഇപ്രകാരമാണ്:

لا حول عن معصية الله إلا بعصمة الله، ولا قوة على طاعة الله إلا بعون الله

അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിന്നും പിന്തിരിയാൻ കഴിയുകയില്ല, അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ അല്ലാഹുവിനെ അനുസരിക്കുന്നതിനുള്ള ശക്തി ഉണ്ടാകുകയില്ല.

لا حول في دفع شر ولا قوة في تحصيل خير إلا بالله

അല്ലാഹുവിനെ കൊണ്ടല്ലാതെ തിന്മയെ അകറ്റാനുള്ള ശക്തിയോ, നന്മ നേടാനുള്ള ശക്തിയോ ഇല്ല.

ബാങ്ക് വിളിക്കുന്നത് കേട്ടാല്‍ മുഅദ്ദിന്‍ പറയുന്നതുപോലെ കേൾക്കുന്നയാളും പറയണമല്ലോ. എന്നാൽ ‏ حَىَّ عَلَى الصَّلاَةِ، حَىَّ عَلَى الْفَلاَحِ എന്ന് കേള്‍ക്കുമ്പോള്‍ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏ എന്നാണ് പറയേണ്ടത്. കാരണം ആ നമസ്കാരത്തിൽ പങ്കെടുത്ത് വിജയിക്കണമെങ്കിൽ അല്ലാഹുവിന്റെ തൗഫീഖ് വേണം.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു : ‘ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്’ എന്നത് അങ്ങേയറ്റം മഹത്വമേറിയ വാചകമാണ്, ഇത് പ്രഭാത-പ്രദോഷങ്ങളിലും, മറ്റിതര സമയങ്ങളിലും നാം അധികരിപ്പിക്കേണ്ടതുണ്ട്.

ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്ന കലിമത്തിന്റെ ശ്രേഷ്ടതകൾ

قال رسول الله صلى الله عليه وسلم :يَا عَبْدَ اللَّهِ بْنَ قَيْسٍ أَلاَ أَدُلُّكَ عَلَى كَلِمَةٍ هِيَ كَنْزٌ مِنْ كُنُوزِ الْجَنَّةِ : لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

നബി ﷺ പറഞ്ഞു: അല്ലയോ അബ്ദുല്ലാഹിബ്നു ഖൈസ്, സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയായ ഒരു വാക്ക് ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്. (ബുഖാരി:6384)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏:‏ أَكْثِرْ مِنْ قَوْلِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ فَإِنَّهَا كَنْزٌ مِنْ كُنُوزِ الْجَنَّةِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്ന വാക്ക് നിങ്ങൾ അധികരിപ്പിക്കുക. അത് സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയാണ്. (തിർമിദി:3601)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏: ألا أدُلُّكَ على كلِمَةٍ مِنْ تحتِ العرشِ، مِنْ كنزِ الجنةِ؟ تقولُ: لا حولَ ولا قوةَ إلّا باللهِ، فيقولُ اللهُ: أسلَمَ عبدي واسْتَسْلَمَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അർശിന് താഴെയുള്ള സ്വര്‍ഗ്ഗത്തിലെ നിധികളില്‍ പെട്ട ഒരു വാക്യത്തെ കുറിച്ച് ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്ന് നീ പറയലാണത്. അപ്പോൾ അല്ലാഹു പറയും: എന്റെ അടിമ എനിക്ക് കീഴൊതുങ്ങിയിരിക്കുന്നു, (പരിപൂർണ്ണമായി) കീഴൊതുങ്ങിയിരിക്കുന്നു. (അഹ്മദ്)

عن أبي ذر الغفاريرَضِيَ اللَّهُ عَنْهُ : أمَرَني خَليلي ﷺ بسَبعٍ: ……. وأمَرَني أنْ أُكثِرَ من قولِ: لا حَولَ ولا قُوَّةَ إلّا باللهِ؛ فإنَّهُنَّ من كَنزٍ تحتَ العَرشِ.

അബൂദർറുൽ ഗിഫാരി  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എന്റെ കൂട്ടുകാരൻ എന്നോട് ഏഴ് കാര്യങ്ങൾ കൊണ്ട് കൽപ്പിച്ചു: ……. ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്ന വാക്ക് അധികരിപ്പിക്കുവാൻ എന്നോട് കൽപ്പിച്ചു, അത് അർശിന് താഴെയുള്ള ഒരു നിധിയിൽ പെട്ടതാണ്. (അഹ്മദ്)

عَنْ قَيْسِ بْنِ سَعْدِ‏ قَالَ فَمَرَّ بِيَ النَّبِيُّ صلى الله عليه وسلم وَقَدْ صَلَّيْتُ فَضَرَبَنِي بِرِجْلِهِ وَقَالَ ‏”‏ أَلاَ أَدُلُّكَ عَلَى بَابٍ مِنْ أَبْوَابِ الْجَنَّةِ ‏”‏ ‏.‏ قُلْتُ بَلَى ‏.‏ قَالَ ‏”‏ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

ഖൈസ് ബ്നു സഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:  നബി ﷺ എന്റ അടുത്തുകൂടെ നടന്നു പോയി,ഞാൻ നമസ്കരിച്ചു കഴിഞ്ഞിരിക്കുകയായിരുന്നു.  അവിടുന്ന്  കാലുകൊണ്ട് എന്നെ തട്ടിയിട്ട് പറഞ്ഞു: സ്വര്‍ഗ്ഗത്തിലെ വാതിലുകളിൽപെട്ട ഒരു വാതിൽ ഒരു വാക്ക് ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? ഞാൻ പറഞ്ഞു:അതെ. നബി ﷺ പറഞ്ഞു: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്. (തിർമിദി:3581)

عن أبي أيوب الأنصاري رَضِيَ اللَّهُ عَنْهُ: أنَّ رسولَ اللهِ ﷺ ليلةَ أُسريَ به مرَّ على إبراهيمَ فقال: من معك يا جبريلُ؟ قال: هذا محمدٌ فقال له إبراهيمُ: مُرْ أُمتَك فلْيُكثِروا من غِراسِ الجنةِ فإنَّ تُربتَها طَهورٌ وأرضُها واسعةٌ قال وما غِراسُ الجنةِ؟ قال: لا حولَ ولا قوةَ إلا بالله

അബൂഅയ്യൂബ് അൽഅൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഇസ്റാഇന്റെ രാത്രി, നബി ﷺ ഇബ്രാഹിം عليه السلام യുടെ അരികിലൂടെ കടന്നുപോയി. ഇബ്രാഹിം عليه السلام ചോദിച്ചു: ജിബ്രീൽ നിങ്ങളുടെ കൂടെ ആരാണ്? ജിബ്രീൽ عليه السلام പറഞ്ഞു: ഇത് മുഹമ്മദാണ്. അപ്പോൾ മുഹമ്മദ് നബി ﷺ യോട് ഇബ്രാഹിം عليه السلام പറഞ്ഞു: നിങ്ങളുടെ ജനതയെ കൽപ്പിക്കുക, അവർ സ്വർഗത്തിലെ തൈകൾ വർദ്ധിപ്പിക്കട്ടെ, കാരണം അതിന്റെ മണ്ണ് ശുദ്ധവും ഭൂമി വിശാലവുമാണ്. നബി ﷺ ചോദിച്ചു: സ്വർഗത്തിലെ തൈകൾ എന്താണ്? ഇബ്രാഹിം عليه السلام പറഞ്ഞു: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്. (സിൽസിലത്തുസ്വഹീഹ)

قال الإمام ابن القيم رحمه الله : سمعت شيخ الاسلام ابن تيمية رحمه الله تعالى يذكر أثرا في هذا الباب ، وهو أن الملائكة لما أمروا بحمل العرش قالوا : يا ربنا، كيف نحمل عرشك وعليه عظمتك وجلالك ؟ فقال : قولوا : لا حول ولا قوة إلا بالله العلي العظيم, فلما قالوها حملوه .

ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നതായി ഞാൻ കേട്ടു: അതായത്, അർശ് (സിംഹാസനം) വഹിക്കാൻ മലക്കുകളോട് കൽപ്പിക്കപ്പെട്ടപ്പോൾ, അവർ പറഞ്ഞു: ഞങ്ങളുടെ നാഥാ, ഞങ്ങൾ എങ്ങനെയാണ് നിന്റെ അർശ് വഹിക്കുക? (അത് വലിയ ഭാരമുള്ളതല്ലേ)  അതിന്മേലാണ് നിന്റെ മഹത്വവും ഗാംഭീര്യവും. അല്ലാഹു പറഞ്ഞു: നിങ്ങൾ പറയുക: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യുൽ അളീം. അവർ അത് പറഞ്ഞപ്പോൾ അവർ അത് (അർശ്) വഹിച്ചു. (മജ്മൂഉൽ ഫതാവാ)

قَالَ مَكْحُولٌ رحمه الله: فَمَنْ قَالَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ وَلاَ مَنْجَا مِنَ اللَّهِ إِلاَّ إِلَيْهِ ‏.‏ كَشَفَ عَنْهُ سَبْعِينَ بَابًا مِنَ الضُّرِّ أَدْنَاهُنَّ الْفَقْرُ ‏

മക്ഹൂൽ رحمه الله പറഞ്ഞു: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്ന് ആരെങ്കിലും (പതിവായി) പറഞ്ഞാൽ അവന് എഴുപത് പ്രയാസങ്ങൾ നീക്കികൊടുക്കും, അതിൽ ഏറ്റവും ചെറുതാണ് ദാരിദ്ര്യം. (തിർമിദി:3601)

قال شيخ الإسلام ابن تيمية رحمه الله: وليكن هجيراه: لا حول ولا قوة الا بالله، فإنها بها تحمل الاثقال، وتكابد الاهوال ، وينال رفيع الاحوال

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു : ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്ന് ആരെങ്കിലും (പതിവായി) പറഞ്ഞാൽ അവന് എത്ര ഭാരമുള്ള കാര്യവും എളുപ്പമാകും, എല്ലാവിധ ഭീതിയെയും അവൻ നേരിടും, അവൻ ഉയർന്ന പദവി നേടും.

قال المناوي رحمه الله: لا حول ولا قوة إلا بالله دواء من تسعة وتسعين داء أيسرُها الهمُّ

ഇമാം മുനാവി رحمه الله പറഞ്ഞു : ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്തൊണ്ണൂറ്റി ഒമ്പത് രോഗങ്ങളിൽ നിന്നുള്ള ശമനമാണ്, അതിൽ ഏറ്റവും നിസാരമായത് വ്യസനമാണ്.

عَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ أَنَّهُمَا شَهِدَا عَلَى النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ ‏.‏ صَدَّقَهُ رَبُّهُ فَقَالَ لاَ إِلَهَ إِلاَّ أَنَا وَأَنَا أَكْبَرُ ‏.‏ وَإِذَا قَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ ‏.‏ قَالَ يَقُولُ اللَّهُ لاَ إِلَهَ إِلاَّ أَنَا وَأَنَا وَحْدِي ‏.‏ وَإِذَا قَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ‏.‏ قَالَ اللَّهُ لاَ إِلَهَ إِلاَّ أَنَا وَحْدِي لاَ شَرِيكَ لِي ‏.‏ وَإِذَا قَالَ لاَ إِلَهَ إِلاَّ اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ ‏.‏ قَالَ اللَّهُ لاَ إِلَهَ إِلاَّ أَنَا لِيَ الْمُلْكُ وَلِيَ الْحَمْدُ ‏.‏ وَإِذَا قَالَ لاَ إِلَهَ إِلاَّ اللَّهُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏.‏ قَالَ اللَّهُ لاَ إِلَهَ إِلاَّ أَنَا وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِي ‏.‏ وَكَانَ يَقُولُ مَنْ قَالَهَا فِي مَرَضِهِ ثُمَّ مَاتَ لَمْ تَطْعَمْهُ النَّارُ.‏

അബൂസഈദ് رَضِيَ اللَّهُ عَنْهُ അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ എന്നിവരിൽ നിന്നും നിവേദനം: അവര്‍ രണ്ട് പേരും നബി ﷺ പറഞ്ഞതിന് സാക്ഷികളായി: നബി ﷺ പറഞ്ഞു: ഒരു അടിമ ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാന്‍ അക്ബര്‍(വലിയവന്‍) ആകുന്നു. അടിമ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാന്‍ ഏകനാണ്. അടിമ ലാ ഇലാഹ ഇല്ലല്ലാഹു, ലാ ശരീകലഹു എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; എനിക്ക് യാതൊരു പങ്കുകാരും ഇല്ല. (അടിമ) ലാ ഇലാഹ ഇല്ലല്ലാഹു ലഹുല്‍ മുല്‍കു വലഹുല്‍ഹംദു എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; എനിക്കുമാത്രമാണ് രാജാധിപത്യവും സര്‍വ്വസ്തുതികളും. (അടിമ) ലാ ഇലാഹ ഇല്ലല്ലാഹു, വലാ ഹൌല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ് എന്ന് പറഞ്ഞാല്‍, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; ഒരു കഴിവും ചലന ശക്തിയും എന്നെക്കൊണ്ടെല്ലാതെ ഇല്ല. അദ്ദേഹം പറയുമായിരുന്നു: ആരെങ്കിലും തന്റെ രോഗാവസ്ഥയില്‍ ഇത് പറയുകയും പിന്നീട് മരണപ്പെടുകയും ചെയ്താല്‍ അയാളെ തീ തിന്നുകയില്ല. (തിർമിദി 3430)

ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്ന ദിക്റ് മറ്റ് ചില ദിക്റുകളോട് ചേർത്തും ചൊല്ലുന്നതിന് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ചിലത് സൂചിപ്പിക്കുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏:‏ خُذُوا جُنَّتَكُمْ مِنَ النارِ ؛ قولوا : سبحانَ اللهِ ، و الحمدُ للهِ ، ولَا إلهَ إلَّا اللهِ ، واللهُ أكبرُ ، فإِنَّهنَّ يأتينَ يومَ القيامةِ مُقَدِّمَاتٍ وَمُعَقِّبَاتٍ وَمُجَنِّبَاتٍ ، وَهُنَّ الْبَاقِيَاتُ الصَّالِحَاتُ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ “നരകശിക്ഷയെ തടുക്കുന്ന പരിച” സ്വീകരിക്കുക, അവ ഇതാണ്: സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹു, അല്ലാഹുഅക്ബര്‍, ലാഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്. ഇവ എന്നെന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മ്മങ്ങളാണ്! (صححه الألباني في صحيح الجامع:٣٢١٤ واحمد:٥١٣)

عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ إِنِّي لاَ أَسْتَطِيعُ أَنْ آخُذَ مِنَ الْقُرْآنِ شَيْئًا فَعَلِّمْنِي مَا يُجْزِئُنِي مِنْهُ ‏.‏ قَالَ :‏ قُلْ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

ഇബ്നു അബി ഔഫാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  അദ്ദേഹം പറഞ്ഞു: ഒരാള്‍ നബി ﷺ യുടെ അടുക്കലേക്ക് വന്നു. അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് ഖു൪ആന്‍ പഠിക്കാന്‍ സാധിക്കുന്നില്ല, അതിനാല്‍ എനിക്ക് മതിയാകുന്ന വല്ലതും പഠിപ്പിച്ചാലും. നബി ﷺ പറഞ്ഞു: നീ പറയുക: സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍, വലാഹൗല വലാഖുവ്വത്ത ഇല്ലാ ബില്ലാഹ്.’ …………… (അബൂദാവൂദ്  :832 – സ്വഹീഹ് അൽബാനി)

عَنْ أَنَسِ بْنِ مَالِكٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ إِذَا خَرَجَ الرَّجُلُ مِنْ بَيْتِهِ فَقَالَ

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ആരെങ്കിലും ഇപ്രകാരം പറഞ്ഞാല്‍ :

بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

അല്ലാഹുവിന്റെ നാമത്തിൽ, ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചു, അല്ലാഹുവിനെ കൂടാതെ ശക്തിയും കഴിവുമില്ല.

‏ قَالَ ‏:‏ يُقَالُ حِينَئِذٍ هُدِيتَ وَكُفِيتَ وَوُقِيتَ فَتَتَنَحَّى لَهُ الشَّيَاطِينُ فَيَقُولُ لَهُ شَيْطَانٌ آخَرُ كَيْفَ لَكَ بِرَجُلٍ قَدْ هُدِيَ وَكُفِيَ وَوُقِيَ

നബി ﷺ പറയുന്നു: അവനോട് ഇപ്രകാരം പറയപ്പെടുന്നതാണ്: നീ സൻമാർഗം പ്രാപിച്ചിരിക്കുന്നു. നിനക്ക് ഇത് മതിയായതാണ്. നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പിശാച് അവനെ വിട്ടു പോകുന്നതുമാണ്. ഒരു പിശാച് മറ്റേ പിശാചിനോട് പറയും: സൻമാർഗം പ്രാപിച്ച, പ്രാപ്തനും സംരക്ഷിക്കപ്പെട്ടവനുമായ ഒരാളെ നീ എങ്ങനെ വഴിതെറ്റിക്കും? (അബൂദാവൂദ്:5095)

അബ്ദുല്ലാഹ് ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭൂമിയുടെ പരപ്പില്‍ ഒരാളുമില്ല.

لَا إِلهَ إِلَّا اللهُ وَ اللهُ أَكْبَرُ سُبْحَانَ اللهِ، والحَمْدُ للهِ، ولَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ

ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്

എന്ന് പറയാതെ, അതോടെ അയാളുടെ പാപങ്ങള്‍ മായ്ക്കപ്പെടും.അത് സമുദ്രത്തിലെ നുരയേക്കാള്‍ അധികമാണെങ്കിലും. (അഹ്മദ് മുസ്നദ് :2/157,210 – സുനനുത്തി൪മുദി :3460 – ഹാകിം അല്‍ മുസ്തദ്റക് :1/503- അല്‍ബാനി സ്വഹീഹുല്‍ ജാമിഉ :5636)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَا عَلَى الأَرْضِ أَحَدٌ يَقُولُ لاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏.‏ إِلاَّ كُفِّرَتْ عَنْهُ خَطَايَاهُ وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ

അബ്ദുല്ലാഹ് ഇബ്നു അംറില്‍ رَضِيَ اللَّهُ عَنْهُ വിൽ നിവേദനം: നബി ﷺ പറഞ്ഞു: ഭൂമുഖത്തുള്ള ഒരാള്‍ لَا إِلهَ إِلَّا اللهُ وَ اللهُ أَكْبَرُ ولَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ (ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ വ ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്) എന്ന് പറഞ്ഞാല്‍ അയാളുടെ പാപങ്ങള്‍ പൊറുക്കപ്പെടും.അത് സമുദ്രത്തിലെ നുര പോലെയാണെങ്കിലും. (തി൪മിദി:3460 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് സഹായം തേടുന്ന വാക്കാണ്

ബാങ്ക് വിളിക്കുന്നത് കേട്ടാല്‍ മുഅദ്ദിന്‍ പറയുന്നതുപോലെ കേൾക്കുന്നയാളും പറയണം. എന്നാൽ ‏ حَىَّ عَلَى الصَّلاَةِ، حَىَّ عَلَى الْفَلاَحِ എന്ന് കേള്‍ക്കുമ്പോള്‍ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ‏ എന്നാണ് പറയേണ്ടത്. കാരണം ആ നമസ്കാരത്തിൽ പങ്കെടുത്ത് വിജയിക്കണമെങ്കിൽ അല്ലാഹുവിന്റെ തൗഫീഖ് വേണം. അതെ, ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് സഹായം തേടുന്ന വാക്കാണ്.

قال ابن القيِّم رحمه الله : مَن كثرَت همومُه وغمومه فليكثِر من قول : لا حول ولا قوة إلَّا بالله .

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : ടെൻഷനും വേവലാധികളും അധികാരിച്ചാൽ അവൻ അധികമായി  لا حول ولا قوه الا بالله  എന്ന് പറയട്ടെ. (സാദുൽ മഅാദ്: 4/183)

ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് ഇസ്തിർജാഇന്റെ വാക്കല്ല

വിപത്തുകൾ ബാധിക്കുമ്പോൾ  إنا لله و إنا إليه راجعون  എന്ന് പറയുന്നതിനാണു ഇസ്തിർജാഅ് എന്ന് പറയുന്നത്‌. لا حول ولا قوة إلا بالله ഇസ്തിർജാഇന്റെ വാക്കല്ല. ചില ആളുകൾ വിപത്തുകൾ ബാധിക്കുമ്പോൾ لا حول ولا قوة إلا بالله എന്ന് പറയുന്നത് കാണാം. ഇത് ശരിയല്ല. അത്തരം സാഹചര്യങ്ങൽിൽ ഇസ്തിർജാഇന്റെ വാക്കായ إنا لله و إنا إليه راجعون  ആണ് പറയേണ്ടത്.

قال شيخ الإسلام ابن تيمية رحمه الله : وذلك أن هذه الكلمة  أي لا حول ولا قوة إلا بالله كلمة استعانة لا كلمة استرجاع ، وكثير من الناس يقولها عند المصائب بمنزلة الاسترجاع ويقولها جزعاً لا صبرا

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു : അതെന്തെന്നാൽ ഈ വാക്ക്‌  അതായത്‌ لا حول ولا قوة إلا بالله എന്നത്‌  ഒരു സഹായം തേടലിന്റെ വാക്കാണ്. ഇസ്തിർജാഇന്റെ വാക്കല്ല. ബുദ്ധിമുട്ടുകളുടെ സമയത്ത്‌ ധാരാളം ആളുകൾ അത്‌ ഒരു ഇസ്തിർജാഇന്റെ വാക്കായിട്ടാണ് പറയുന്നത്‌, ഞെട്ടലിന്റെ വാക്കായി. എന്നാൽ ക്ഷമയുടെ വാക്കായല്ല അവർ പറയുന്നത്‌. (മജ്മൂഉൽ ഫതാവാ :10/686)

قال العلامة محمد بن العثيمين: إذا أعياك الشيء و عجزت عنه قل :  لا حول و لا قوة إلا بالله » فإن الله تعالى يعينك عليه ، و ليست هذه الكلمة كلمة استرجاع كما يفعله كثير من الناس إذا قيل له : حصلت المصيبة الفلانية قال : لا حول و لا قوة إلا بالله ، و لكن كلمة الاسترجاع أن تقول :  إنا لله و إنا إليه راجعون  ، أما هذه فهي كلمة استعانة إذا أردت أن يعينك الله على شيء فقل : لا حول ولا قوة إلا بالله

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: എന്തെങ്കിലും ഒന്ന് നിന്നെ ക്ഷീണിപ്പിക്കുകയോ അതിനെ തൊട്ട്‌ നീ ദുർബലനാവുകയോ ചെയ്താൽ നീ പറയുക : لا حول ولا قوة إلا بالله അപ്പോൾ തീർച്ചയായും അല്ലാഹു അതിന്റെ മേൽ നിന്നെ സഹായിക്കും. ധാരാളം ആളുകൾ ചെയ്യുന്ന പോലെ ഇതൊരു ഇസ്തിർജാഇന്റെ വാക്കല്ല. അവരോട്‌  ഇന്ന ബുദ്ധിമുട്ട്‌ സംഭവിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ അവർ പറയും :لا حول ولا قوة إلا بالله . എന്നാൽ ഇസ്തിർജാഇന്റെ വാക്ക്‌  إنا لله و إنا إليه راجعون എന്ന് പറയലാണ്. എന്നാൽ ഇതാണെങ്കിൽ ഇതൊരു സഹായം തേടുന്ന വാക്കാണ്, എന്തെങ്കിലും കാര്യത്തിൽ അല്ലാഹു നിന്നെ സഹായിക്കണമെന്ന് നീ ഉദ്ധേശിച്ചാൽ നീ لا حول و لا قوة إلا بالله   എന്ന് പറയുക. (ശറഹു രിയാളുസ്വാലിഹീൻ)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *