മരണപ്പെട്ട മഹാൻമാരോട് സഹായം ചോദിക്കുന്നതിനും വിളിച്ചു തേടുന്നതിനും നമ്മുടെ നാട്ടിലെ പുരോഹിതൻമാർ സാധാരണക്കാരായ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. മഹാൻമാർക്ക് കൊടുത്ത കഴിവിൽ നിന്നാണ് അവർ സഹായിക്കുന്നതെന്നാണ് പുരോഹിതൻമാർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഒന്നാമതായി, യഥാർത്ഥത്തിൽ കൊടുത്ത കഴിവെന്ന വാദംതന്നെ ഇസ്ലാം പഠിപ്പിക്കാത്തതാണ്. അല്ലാഹു അവന്റെ കഴിവിൽ നിന്ന് എന്തെങ്കിലും മറ്റുള്ളവർക്ക്, അത് പ്രവാചകന്മാരാകട്ടെ ഔലിയാക്കളാകട്ടെ ആർക്കും തന്നെ നൽകിയിട്ടുള്ളതായി ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നില്ല. ഒരാൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ അല്ലാഹു എല്ലാം കാണുന്നവനാണ്, എല്ലാം കേൾക്കുന്നവനാണ്, ഓരോരുത്തരുടെയും ആവശ്യങ്ങൾ ഭാഷകൾക്ക് അതീതമായി കൃത്യമായി വേർതിരിച്ചു മനസ്സിലാക്കുന്നവനാണ്, ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ കഴിവുള്ളവനാണ്. ഈ കഴിവുകൾ അല്ലാഹുവിന് മാത്രമുള്ളതാണ്. ഇവിടെ പുരോഹിതൻമാർ ‘കൊടുത്ത കഴിവ്’ എന്നത് കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഇത്തരം കഴിവുകളെ സംബന്ധിച്ചാണ്. അല്ലാഹുവിന് മാത്രമുള്ള ഈ കഴിവുകൾ അവൻ മറ്റാർക്കും നൽകിയിട്ടില്ലെന്നിരിക്കെ “കൊടുത്ത കഴിവ്” എന്ന ന്യായം പറഞ്ഞ് മരണപ്പെട്ട മഹാൻമാരോട് സഹായം ചോദിക്കുന്നത് എത്ര നിരർത്ഥകമാണ്.
لَيْسَ كَمِثْلِهِۦ شَىْءٌ
അവന് (അല്ലാഹുവിന്) തുല്യമായി യാതൊന്നുമില്ല. (ഖുർആൻ:42/11)
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
അവന് തുല്യനായി ആരും ഇല്ല. (ഖുർആൻ:112/4)
മുഅ്ജിസത്ത് എന്നാല്‍ അല്ലാഹു പ്രവാചകന്‍മാ൪ക്ക് കൊടുത്ത കഴിവാണെന്നും കറാമത്ത് എന്നാല്‍ അല്ലാഹു വലിയ്യുകള്‍ക്ക് കൊടുത്ത കഴിവാണെന്നുമുള്ള തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മരിച്ചു പോയ മഹാന്‍മാരോട് സഹായം ചോദിക്കാമെന്നും പ്രാ൪ത്ഥിക്കാമെന്നും പൌരോഹിത്യം സാധാരണക്കാരായ ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാറുണ്ട്. മുഅ്ജിസത്ത് പ്രവാചകന്റെ പ്രവർത്തനമോ അദ്ദേഹത്തിന്റെ കഴിവിൽ പെട്ടതോ അല്ല. അത് അല്ലാഹുവിന്റെ പ്രവർത്തനവും അവന്റെ മാത്രം കഴിവിൽ പെട്ടതും അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം സംഭവിക്കുന്നതുമാണ്. കറാമത്തിന്റ കാര്യവും അങ്ങനെതന്നെ. അടിസ്ഥാനപരമായ ഈ വസ്തുത മനസ്സിലാക്കുന്നിടത്താണ് അധികമാളുകളും പിഴച്ചിട്ടുള്ളത്.
രണ്ടാമതായി, “കൊടുത്ത കഴിവ്” എന്ന വാദം മക്കയിലെ മുശ്രിക്കുകളുടേതാണ്. ലാത്തയും, ഉസ്സയും, മനാത്തയും, ഇബ്‌റാഹീം നബി عليه السلام യും, ഇസ്മാഈൽ നബി عليه السلام യും സ്വയം കഴിവുള്ളവരല്ല, നമ്മൾ അവരോട് സഹായാർത്ഥന നടത്തിയാൽ അവർ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് നമ്മെ സഹായിക്കും എന്ന വിശ്വാസമായിരുന്നു മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം. ‘സ്വയം സഹായിക്കാന്‍ കഴിവില്ല, അല്ലാഹു കൊടുത്ത കഴിവേയുള്ളൂ’ എന്ന വിശ്വാസത്തോടെയായിരുന്നു മക്കാമുശ്‌രിക്കുകള്‍ അവരോടൊക്കം പ്രാര്‍ത്ഥിച്ചിരുന്നത്. അതിനുള്ള തെളിവ് അവരുടെ തൽബിയത്തിൽ കാണാം.
عَنِ ابْنِ عَبَّاسٍ، – رضى الله عنهما – قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ – قَالَ – فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم “ وَيْلَكُمْ قَدْ قَدْ ” . فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ . يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْتِ .
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: മുശ്‌രിക്കുകൾ (ഹജ്ജിനായി വന്നാൽ) ഇപ്രകാരം (തൽബിയത്ത്) പറയുമായിരുന്നു: ‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരുമില്ല’. അപ്പോൾ നബി ﷺ പറയും: നിങ്ങൾക്ക് നാശം, നിർത്തു നിർത്തു. അപ്പോൾ മുശ്‌രിക്കുകൾ (തുടർന്ന്) പറയും: ‘ഒരു പങ്കുകാരനൊഴികെ; അവൻ നിനക്കുള്ളവൻ തന്നെയാണ്. അവനെയും അവന്റെ ഉടമസ്ഥതയിലുള്ളതും നീ ഉടമപ്പെടുത്തിയിരിക്കുന്നു. കഅബയെ ത്വവാഫ് ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്. (മുസ്ലിം:1185)
മുശ്രിക്കുകളുടെ “കൊടുത്ത കഴിവ്” എന്ന വാദത്തെ അല്ലാഹു ഖണ്ഢിച്ചിട്ടുണ്ട്.
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ
പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. (ഖുർആൻ:34/22)
മുശ്രിക്കുകളുടെ ഈ പിഴച്ച വാദത്തെ അല്ലാഹു ഒരു ഉപമയിലൂടെ ഖണ്ഢിക്കുന്നത് കാണുക:
ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَٰنُكُم مِّن شُرَكَآءَ فِى مَا رَزَقْنَٰكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَٰتِ لِقَوْمٍ يَعْقِلُونَ
നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെ (അടിമകളെ) യും നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു. (ഖുർആൻ:30/28)
അല്ലാഹു നിങ്ങളുടെ കൈവശം തന്നിട്ടുള്ള സ്വത്തുക്കളില്‍ നിങ്ങളുടെ ഉടമസ്ഥതയിലിരിക്കുന്ന നിങ്ങളുടെ അടിമകളും കൂട്ടവകാശികളായിരിക്കുക, എന്നിട്ട് അവരും നിങ്ങളും ഒരുപോലെ അധികാരത്തിലും കൈകാര്യത്തിലും സമന്മാരായിരിക്കുക, സ്വതന്ത്രരും യജമാനന്‍മാരുമായ നിങ്ങള്‍ പരസ്പം മാനിച്ചും പേടിച്ചുംകൊണ്ടിരിക്കുന്ന പ്രകാരം അവരെയും പേടിക്കുകയും മാനിക്കുകയും ചെയ്യുക, ഇതു സംഭവ്യമാണോ? ഒരിക്കലുമല്ല. എന്നിരിക്കെ, അല്ലാഹുവിന്റെ ഉടമാവകാശങ്ങളില്‍ എങ്ങിനെയാണ് മറ്റുള്ളവര്‍ക്ക് – എല്ലാവരും അവന്റെ ഉടമസ്ഥതയിലുള്ളവരാണല്ലോ – പങ്കുണ്ടാവുക?! എന്നത്രെ ആയത്തിന്റെ താല്പര്യം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 30/28 ന്റെ വിശദീകരണം)
നാളെ പരലോകത്തെത്തുമ്പോൾ എല്ലാ കഴിവുകളും അല്ലാഹുവിന് മാത്രമായിരുന്നുവെന്ന് അവർ തിരിച്ചറിയുന്നതാണ്.
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!) (ഖുർആൻ:2/165)
സത്യവിശ്വാസികളേ, എല്ലാ കഴിവുകളുടെയും ഉടമസ്ഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക, അവനോട് മാത്രം സഹായം ചോദിക്കുക. നബി ﷺ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനോട് ഇപ്രകാരം പറഞ്ഞു :
إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ
നീ ചോദിച്ചാല്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടിയാല്‍ അല്ലാഹുവിനോട് സഹായം തേടുക. (സുനനുത്തി൪മുദി :37/2706 – അല്‍ബാനി ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
kanzululoom.com