അദൃശ്യകാര്യത്തിന്റെ താക്കോലുകളെ കുറിച്ച് അല്ലാഹു പറയുന്നു:
وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ
അവന്റെ (അല്ലാഹുവിന്റെ) പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ താക്കോലുകൾ. അവനല്ലാതെ അവ അറിയുകയില്ല. (ഖു൪ആന്‍: 6/59)
അദൃശ്യകാര്യത്തിന്റെ താക്കോലുകൾ അഞ്ചാകുന്നു. അത് ഏതൊക്കെയാണെന്ന് അല്ലാഹു പറയുന്നത് കാണുക:
إِنَّ ٱللَّهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِ ۖ وَمَا تَدْرِى نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِى نَفْسُۢ بِأَىِّ أَرْضٍ تَمُوتُ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ
തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍: 31/34)
അല്ലാഹുവല്ലാതെ മറ്റാരും അറിയാത്ത അദൃശ്യ കാര്യങ്ങളിൽ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഈ വചനത്തിൽ പരാമർശിച്ചിട്ടുള്ളത്. ഈ അഞ്ച് കാര്യങ്ങളെയാണ് مَفَاتِحُ الْغَيْبِ (അദൃശ്യത്തിന്റെ താക്കോല്‍) എന്ന് പറയുന്നത്. നബി ﷺ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَفَاتِيحُ الْغَيْبِ خَمْسٌ لاَ يَعْلَمُهَا إِلاَّ اللَّهُ لاَ يَعْلَمُ مَا فِي غَدٍ إِلاَّ اللَّهُ، وَلاَ يَعْلَمُ مَا تَغِيضُ الأَرْحَامُ إِلاَّ اللَّهُ وَلاَ يَعْلَمُ مَتَى يَأْتِي الْمَطَرُ أَحَدٌ إِلاَّ اللَّهُ، وَلاَ تَدْرِي نَفْسٌ بِأَىِّ أَرْضٍ تَمُوتُ، وَلاَ يَعْلَمُ مَتَى تَقُومُ السَّاعَةُ إِلاَّ اللَّهُ
ഇബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അദൃശ്യജ്ഞാനത്തിന്റെ താക്കോലുകള്‍ (പ്രധാന വിഷയങ്ങള്‍) അഞ്ചെണ്ണമാകുന്നു. അല്ലാഹു അല്ലാതെ അവ അറിയുകയില്ല. നാളെ (ഭാവിയില്‍) എന്തുണ്ടാകുമെന്നു അല്ലാഹു അല്ലാതെ അറിയുകയില്ല. ഗര്‍ഭാശയങ്ങള്‍ കുറവു വരുത്തുന്നതെന്താണെന്നു അല്ലാഹു അല്ലാതെ അറിയുകയില്ല. മഴ വരുക എപ്പോഴാണെന്നു അല്ലാഹു അല്ലാതെ അറിയുകയില്ല. ഏതു ഭൂമിയിലാണു താന്‍ മരണപ്പെടുകയെന്നു ഒരാളും അറിയുകയില്ല. അന്ത്യസമയം എപ്പോള്‍ നിലവില്‍ വരുമെന്നു അല്ലാഹു അല്ലാതെ അറിയുകയില്ല. (ബുഖാരി: 4697)
ഒന്നാമതായി അദൃശ്യകാര്യത്തിന്റെ താക്കോലുകളായി വിശുദ്ധ ഖുർആൻ പരാമർശിച്ചത് അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ് എന്നതാണ്. ലോകാവസാനം എപ്പോഴാണെന്നുള്ളതെന്നത് അല്ലാഹുവിന് മാത്രമേ അറിയാൻ കഴിയുകയുള്ളൂ.
ഇമാം ഇബ്നുകസീര്‍ (റഹി) പറയുന്നു:
هذه مفاتيح الغيب التي استأثر الله تعالى بعلمها ، فلا يعلمها أحد إلا بعد إعلامه تعالى بها; فعلم وقت الساعة لا يعلمه نبي مرسل ولا ملك مقرب
അല്ലാഹുവിന് മാത്രം അറിയുന്ന മറ്റാര്‍ക്കും അറിയാന്‍ സാധിക്കാത്ത അദൃശ്യങ്ങളുടെ താക്കോലിനെ സംബന്ധിച്ചാണ് അല്ലാഹു ഇവിടെ പരാമര്‍ശിക്കുന്നത്. അവ അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ ആര്‍ക്കും അറിയില്ല. അവസാനനാള്‍ സംഭവിക്കുന്ന സമയം അല്ലാഹുവിന് മാത്രമറിയുന്ന കാര്യമാണ്. അല്ലാഹു അയച്ച നബിമാരോ മലക്കുകളോ പോലും അതിനെ കുറിച്ച് അറിയുന്നില്ല. (തഫ്സീർ ഇബ്നു കസീർ – ഖു൪ആന്‍ : 31/34ന്റെ വിശദീകരണം)
അന്ത്യസമയം എപ്പോഴാണെന്നു അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല. അതിന് അല്ലാഹു ഒരു നിശ്ചിത സമയം നിശ്ചയിച്ചുവെച്ചിട്ടുണ്ട്. ആ സമയം വരുമ്പോൾ അത് സംഭവിക്കുകതന്നെ ചെയ്യും.
يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّى ۖ لَا يُجَلِّيهَا لِوَقْتِهَآ إِلَّا هُوَ ۚ ثَقُلَتْ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْـَٔلُونَكَ كَأَنَّكَ حَفِىٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍: 7/187)
മുഹമ്മദ് നബി ﷺ അടക്കമുള്ള പ്രവാചകന്‍മാര്‍ക്കോ, ജിബ്‌രീല്‍ (അ) അടക്കമുള്ള മലക്കുകള്‍ക്കോ ആര്‍ക്കും തന്നെ അന്ത്യസമയം എപ്പോഴായിരിക്കും എന്നറിയുകയില്ലെന്നുള്ളതില്‍ സംശയമില്ല. അതുകൊണ്ടാണ് മതകാര്യങ്ങള്‍ പഠിക്കുവാന്‍ വേണ്ടി മനുഷ്യ രൂപത്തില്‍ ജിബ്‌രീല്‍ (അ) വന്നു നടത്തിയ ചോദ്യോത്തരങ്ങളില്‍, അന്ത്യസമയം എപ്പോഴാണെന്ന് ജിബ്‌രീല്‍ (അ) ചോദിച്ചപ്പോള്‍ നബി ﷺ ഇപ്രകാരം മറുപടി പറഞ്ഞത്.
قَالَ: فَأَخْبِرْنِي عَنْ السَّاعَةِ. قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ
ജിബ്‌രീല്‍ (അ) ചോദിച്ചു: ‘അന്ത്യനാളിനെ കുറിച്ച് അറിയിച്ചു തരിക’. നബി ﷺ പറഞ്ഞു: ‘ചോദിക്കപ്പെട്ടവന്‍ ചോദിച്ചവനെക്കാള്‍ ഈ കാര്യത്തില്‍ അറിവുള്ളവനല്ല’. (മുസ്ലിം:8)
രണ്ടാമതായി, അദൃശ്യകാര്യത്തിന്റെതാക്കോലുകളായി വിശുദ്ധ ഖുർആൻ പരാമർശിച്ചത് മഴയെ പറ്റിയുള്ള കൃത്യമായ അറിവ് അല്ലാഹുവിന് മാത്രമാണ് എന്നതാണ്. മഴ എപ്പോഴാണ്, എവിടെയൊക്കെയാണ്, എങ്ങിനെയൊക്കെയായിരിക്കും പെയ്യുക എന്നുള്ളത് അല്ലാഹുവിന് മാത്രം അറിയുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ മനുഷ്യ പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറമായി അത് അത് വര്‍ഷിക്കുകയും വര്‍ഷിക്കാതിരിക്കുകയും ചെയ്യും.
മൂന്നാമതായി, അദൃശ്യകാര്യത്തിന്റെ താക്കോലുകളായി വിശുദ്ധ ഖുർആൻ പരാമർശിച്ചത് ഗര്‍ഭാശയത്തിലുള്ള കാര്യങ്ങൾ അല്ലാഹു മാത്രമാണ് അറിയുക എന്നതാണ്. ഗര്‍ഭാശയത്തില്‍ എന്താണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് അവനല്ലാതെ മറ്റാര്‍ക്കുമറിയില്ല, എന്നാല്‍ ഗര്‍ഭാശയത്തില്‍ സൃഷ്ടിക്കപ്പെട്ടതിന് ശേഷം ആണോ പെണ്ണോ, സൌഭാഗ്യവാനോ ദൌര്‍ഭാഗ്യവാനോയെന്ന് രേഖപ്പെടുത്താന്‍ കല്‍പ്പിക്കപ്പെട്ട മലക്കുകള്‍ക്ക് നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ അതിന്റെ ചുമതലയുളള മലക്കുകളും, അല്ലാഹു ഉദ്ദേശിക്കുന്ന അവന്റെ സൃഷ്ടികളും അതിനെ സംബന്ധിച്ച് അറിയുന്നതാണ്.
ഓരോ പെണ്ണും ഗര്‍ഭം ധരിക്കുന്നതിനെയും അതില്‍ വരുന്ന ഏറ്റക്കുറവുകളെയും അല്ലാഹു കൃത്യമായി അറിയുന്നു. അതെ, ഗര്‍ഭം എപ്പോള്‍ ഉണ്ടാകുന്നു, എപ്പോള്‍ പ്രസവിക്കുന്നു, ആണാണോ, പെണ്ണാണോ, പൂര്‍ണ്ണ ഗാത്രമോ, വികല ഗാത്രമോ, ഭാഗ്യമുള്ളതോ, നിര്‍ഭാഗ്യമുള്ളതോ, തടിച്ചതോ, മെലിഞ്ഞതോ, സ്വരൂപിയോ, വിരൂപിയോ, എന്നിത്യാദി കാര്യങ്ങളും, ഓരോ ഗര്‍ഭത്തിലും എത്രകുട്ടി ജനിക്കുമെന്നു തുടങ്ങിയ കാര്യങ്ങളും അവനറിയാം. ഓരോ വസ്തുവിനും, ഓരോ കാര്യത്തിനും അതു ഇന്നിന്ന പ്രകാരം ആയിരിക്കണമെന്നും, ആയിരിക്കുമെന്നും അവന്‍ ഓരോ തോതും കണക്കും നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചു മാത്രമേ അത് സംഭവിക്കുകയുള്ളു.
ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ
ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു. (ഖു൪ആന്‍: 13/8)
നാലാമതായി, അദൃശ്യകാര്യത്തിന്റെ താക്കോലുകളായി വിശുദ്ധ ഖുർആൻ പരാമർശിച്ചത് നാളെ ഒരാൾ താന്‍ എന്താണ് പ്രവര്‍ത്തിക്കുകയെന്ന് അഥവാ നാളത്തെ സംഭവങ്ങളെ കുറിച്ച് ഒരാളും അറിയുകയില്ല എന്നതാണ്. ഒരാള്‍ ഐഹികവും പാരത്രികവുമായ ലോകത്ത് എന്താണ് സമ്പാദിക്കാന്‍ പോകുന്നതെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ.
അഞ്ചാമതായി, അദൃശ്യകാര്യത്തിന്റെ താക്കോലുകളായി വിശുദ്ധ ഖുർആൻ പരാമർശിച്ചത് ഒരാൾ താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല എന്നതാണ്. ഒരാൾ എവിടെവെച്ച് മരിക്കും അഥവാ അത് എപ്പോഴാണ്, എങ്ങിനെയാണ് എന്നൊക്കെ അല്ലാഹുവിന് മാത്രമാണ് അറിയുക. ഒരാൾക്ക് അല്ലാഹു മരണം വിധിച്ചിട്ടുള്ളത് എവിടെ വെച്ചാണോ അവിടേക്ക് അല്ലാഹു അവനെ കൊണ്ടുവരുന്നതാണ്. അവിടേക്ക് വരുന്നതിലേക്ക് അപ്പോള്‍ അല്ലാഹു അവന് ഒരു കാരണം ഉണ്ടാക്കുന്നതാണ്.
ﻳَﻘُﻮﻟُﻮﻥَ ﻟَﻮْ ﻛَﺎﻥَ ﻟَﻨَﺎ ﻣِﻦَ ٱﻷَْﻣْﺮِ ﺷَﻰْءٌ ﻣَّﺎ ﻗُﺘِﻠْﻨَﺎ ﻫَٰﻬُﻨَﺎ ۗ ﻗُﻞ ﻟَّﻮْ ﻛُﻨﺘُﻢْ ﻓِﻰ ﺑُﻴُﻮﺗِﻜُﻢْ ﻟَﺒَﺮَﺯَ ٱﻟَّﺬِﻳﻦَ ﻛُﺘِﺐَ ﻋَﻠَﻴْﻬِﻢُ ٱﻟْﻘَﺘْﻞُ ﺇِﻟَﻰٰ ﻣَﻀَﺎﺟِﻌِﻬِﻢْ ۖ
…. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. ……. (ഖു൪ആന്‍:2/154)
അല്ലാഹുവിന് മാത്രം അറിയുന്ന ഈ കാര്യങ്ങള്‍, അല്ലാഹു അറിയിച്ചു കൊടുത്താല്‍ മാത്രമാണ് സൃഷ്ടികൾക്ക് അറിയാന്‍ സാധിക്കുക. ഈ അഞ്ചിനുപുറമെ വേറെയും ധാരാളം അദൃശ്യകാര്യങ്ങളുണ്ട്. അദൃശ്യകാര്യത്തിന്റെ താക്കോലുകളായ അഞ്ചെണ്ണെ എടുത്തു പറഞ്ഞുവെന്നുമാത്രം.
kanzululoom.com