കാര്യകാരണബന്ധം

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

എല്ലാ സഹായതേട്ടവും ഒരുപോലെയല്ലെന്ന് എല്ലാവരും അംഗീകരിക്കുന്നു. എങ്കിൽ സഹായർത്ഥനകൾ തമ്മിൽ വേർതിരിയുന്നത് എവിടെയാണ്? അത് വ്യക്തമാക്കാനായി പണ്ഡിതൻമാൻ പ്രയോഗിച്ച സാങ്കേതിക പ്രയോഗങ്ങളാണ് ഭൗതികം, അഭൗതികം, ദൃശ്യം, അദ്യ ശ്യം, സാധാരണ സഹായം, അസാധാരണ സഹായം, കാര്യകാരണ ബന്ധങ്ങൾക്കധീനം, കാര്യ കാരണ ബന്ധങ്ങൾക്കതീതം എന്നിവ.

അപ്പോൾ എന്താണ് കാര്യകാരണബന്ധം…?

ഈ ലോകത്ത് ഏതൊരു കാര്യം നടക്കാനും അല്ലാഹു ഒരു കാരണം നിശ്ചയിച്ചിട്ടുണ്ട്.

ഉദാഹരണമായി, വിശപ്പ് മാറുക എന്ന കാര്യം നടക്കണമെങ്കിൽ ഭക്ഷണം കഴിക്കുക എന്ന കാരണവുമായി ബന്ധപ്പെടണം. കൃഷി വിളവ് ലഭിക്കാൻ അതിനുവേണ്ട കാര്യങ്ങൾ ചെയ്യണം. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തണമെങ്കിൽ ഏതെങ്കിലും യാത്രോപാധികൾ സ്വീകരിക്കണം. വിദൂരത്തുള്ള ഒരാളോട് സംസാരിക്കണമെങ്കിൽ എന്തെങ്കിലും ആശയവിനിമയ മാർഗങ്ങൾ വേണം.

ഈ കാര്യകാരണ ബന്ധങ്ങളിലൂടെയാണ് അല്ലാഹു പ്രപഞ്ചത്തിന്റെ നിലനില്പ് സംവിധാനിച്ചിട്ടുള്ളത്. കാരണങ്ങളിലൂടെ കാര്യത്തിൽ എത്തിച്ചേരുക എന്നതാണ് പ്രപഞ്ചത്തിലെ അവന്റെ ചര്യ. എന്നാൽ കാരണങ്ങളിലൂടെ അവൻ നടപ്പിൽ വരുത്തുന്ന കാര്യങ്ങൾ തന്നെ യാതൊരു കാരണവും കൂടാതെ സൃഷ്ടിക്കാനും അവന് സധിക്കും. സാധാരണ ഭൂമിയിൽ നടക്കാത്ത കാര്യങ്ങളും അവൻ ഭൂമിയിൽ നടപ്പിലാക്കും. സ്ത്രീ പുരുഷ സമ്പർക്കമില്ലാതെയാണ് മറിയം عليه السلام  ക്ക് അവൻ സന്താനത്തെ നൽകിയത്. സീസണല്ലാത്ത സമയത്ത് ഫലവർഗങ്ങൾ അവര്‍ക്ക് പള്ളിയിൽ എത്തിച്ചുകൊടുത്തത്. പ്രകൃത്യാ ചൂടുള്ള തീയിനെ ഇബ്രാഹീം നബി عليه السلام ക്ക് തണുപ്പാക്കി നൽകിയത് ‘നീ തണുപ്പാവുക’ എന്ന വാചകത്തിലൂടെയാണ്. ആഴക്കടൽ മൂസാ നബി عليه السلام ക്ക് ഉണങ്ങിയ വഴിയായി പിളർത്തിക്കൊടുത്തത്. മൂസാ നബി عليه السلام യുടെ കയ്യിലെ വടി നിലത്തിട്ടപ്പോൾ പാമ്പാക്കി മാറ്റിയത്, കൈ പ്രകാശിപ്പിച്ചത്, പാറക്കെട്ടിൽനിന്ന് 12 നീരുറവകൾ ഒഴുക്കിയത്, പാറയിലൂടെ ഒട്ടകത്തെ കൊണ്ടുവന്നത് എന്നിങ്ങനെ സാധാരണ ഭൂമിയിൽ നടക്കാത്ത കാര്യങ്ങളും പ്രവാചകൻമാരുടെ മുഅ്‌ജിസത്തായി അല്ലാഹു ഭൂമിയിൽ നടത്തിക്കാണിക്കും. അതും അവന്റെ ചര്യയത്രെ. മുഅ്‌ജിസത്തുകളും കറാമത്തുകളും ഭൂമിയിൽ അല്ലാഹു മഹത്തുക്കളുടെ കയ്യാൽ നടപ്പിൽ വരുത്തുന്നതും കാര്യകാരണ ബന്ധങ്ങൾക്കതീതമായ ഇടപെടലിനാൽ നടക്കുന്നതുമാണ്.

കാര്യകാരണ ബന്ധങ്ങൾക്കതീതമായി ഇടപെടലുകൾ നടത്താൻ സാധിക്കുന്നത് അല്ലാഹുവിന് മാത്രമാകുന്നു. അഭൗതികമായ മാർഗത്തിൽ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രമേയുള്ളൂ.

കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ലോകം മുഴുവൻ കറങ്ങുന്നത്. ഈ കാര്യകാരണ ബന്ധം അവസാനിക്കുന്നിടത്ത് നിന്നാണ് ആരാധന ആരംഭിക്കുന്നത്. കാര്യ കാരണബന്ധങ്ങൾക്കതീതമായി എന്തെങ്കിലും കാര്യം ചെയ്യാൻ വല്ല സൃഷ്ടിക്കും സാധിക്കും എന്ന വിശ്വാസത്തിൽ നിന്നാണ് ആരാധനയുടെ ഉത്ഭവം.

“അഭൗതികമായ മാർഗ്ഗത്തിൽ, അഥവാ കാര്യകാരണ ബന്ധത്തിന് അതീതമായി ഗുണവും ദോഷവും വരുത്താൻ ഒരു വ്യക്തിക്ക് കഴിവ് ഉണ്ടെന്ന വിശ്വാസമാണ് ഇബാദത്തിൻ്റെ ഉറവിടം” (കെ.കുഞ്ഞീതു മദനി-ഇസ്‌ലാമിന്റെ ജീവൻ:പേജ്:12)

“എന്നാൽ അഭൗതികമായ മാർഗ്ഗത്തിൽ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന് മാത്രമേയുള്ളൂ, അവന്റെ പടപ്പുകളിലൊരാൾക്കും ആ കഴിവില്ല.” (കെ.കുഞ്ഞീതു മദനി-ഇസ്‌ലാമിൻ്റെ ജീവൻ:പേജ്:12)

“കാര്യകാരണ ബന്ധങ്ങൾക്കതീതമായ രീതിയിൽ മനുഷ്യ ജീവിതത്തിലിടപെടാൻ സാധിക്കുന്ന ഒരേയൊരു ശക്തി പ്രപഞ്ചാതീതനായ ജഗന്നിയന്താവ് മാത്രമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കാര്യകാരണങ്ങൾക്കപ്പുറമുള്ള ഉപകാരങ്ങൾ തേടിയും ഉപദ്രവങ്ങൾ തടയാനാവശ്യപ്പെട്ടും മനുഷ്യർ നടത്തുന്ന സഹായാർത്ഥനകൾക്കാണല്ലോ പ്രാർത്ഥന എന്നു പറയുന്നത്“ (സമ്മേളന ദഅവാ വിഭാഗം പുറത്തിറക്കിയ ‘നവോത്ഥാനത്തിൻ്റെ ഒരു നൂറ്റാണ്ട്’ എന്ന ലഘുപുസ്തകം, പേജ്: 5)

ഇങ്ങനെ കാര്യകാരണ ബന്ധത്തിനതീതമായതിനെയാണ് അഭൗതികം എന്ന പദപ്രയോഗം കൊണ്ട് നാം അർത്ഥമാക്കിയത്. ഇങ്ങനെ കാര്യകാരണ ബന്ധങ്ങൾക്കതീതമായ സഹായമാണ് നാം പ്രാർത്ഥന എന്നു പറയുന്നത്. അതല്ലാത്തത് പ്രാർത്ഥനയാവുന്നില്ല. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ, അഭൗതികമായ മാർഗത്തിൽ അഥവാ കാര്യകാരണ ബന്ധങ്ങൾക്കതീതമായി ഒരു ഗുണ ലബ്ധിയോ, ദുരിത മോചനമോ നേടാനുള്ള അർത്ഥനയാണ് പ്രാർത്ഥന.

“അപകടത്തിൽ പെട്ടു പോകുന്ന മനുഷ്യൻ ഭൗതിക മാർഗത്തിലും അഭൗതികമായ മാർഗത്തിലും സഹായം തേടാറുണ്ട്. ഇഴഞ്ഞ് നീങ്ങിയ കുഞ്ഞ് മോൻ ആൾ മറ ഇല്ലാത്ത കിണറ്റിന്റെ അടുത്തെത്തിയിരിക്കുന്നു. അടുക്കള ജനലിലൂടെ രംഗം കണ്ട ഉമ്മ ‘മുജീബേ കുട്ടി’ എന്ന് അലമുറ കൂട്ടുന്നു. (ജ്യേഷ്ടൻ മുജീബ് വസ്ത്രം അലക്കുകയാണ്). അതു കേട്ട് ഉമ്മാമ ‘പടച്ചവനേ ഇന്റെ കുട്ടി’ എന്ന് അലമുറ ഇട്ട് നിലവിളിക്കുന്നു. ഇവിടെ ഒന്നാമത്തെ സഹായാർത്ഥന മുജീബ് തന്റെ ഭൗതികമായ കാതുകൾ കൊണ്ട് കേട്ട്, കണ്ണുകൾ കൊണ്ട് കണ്ട്, കാലുകൾ കൊണ്ട് ഓടി ചെന്ന്, കൈകൾ കൊണ്ട് കുട്ടിയെ പിടിച്ചു രക്ഷിക്കാനുള്ളതാണ്. തന്നിമിത്തം അതൊരു പ്രാർത്ഥനയല്ല. എന്നാൽ രണ്ടാമത്തേത് അല്ലാഹുവിനോടുള്ള പ്രാർത്ഥനയും അവനുള്ള ഇബാദത്തുമാണ്.” (കെ. കുഞ്ഞീതു മദനി-ഇസ്‌ലാമിൻ്റെ ജീവൻ:പേജ്:14)

ഈ ഉദാഹരണത്തിൽ നിന്നും എപ്പോഴാണ് ഒരു സഹായാർത്ഥന പ്രാർത്ഥനയാവുന്നതെന്ന് വളരെ വ്യക്തമാണ്. ഇത് വ്യക്തത വരുത്താത്തതാണ്. പലർക്കും ഈ വിഷയത്തിൽ അബദ്ധം പറ്റിയത്. അതാണ് തൗഹീദിൽ തന്നെ ചിലർ പിഴക്കാനുള്ള കാരണം. മുഹ്യിദ്ദീൻ ശൈഖിനോട് സഹായം തേടാൻ പാടില്ലെന്നും അത് പ്രാര്‍ത്ഥനയാണെന്നും പറയുമ്പോൾ, ചില പുരോഹിതൻമാര്‍ നിങ്ങൾ ഡോക്ടറോട് സഹായം തേടാറില്ലേയെന്ന് ചോദിച്ച് പുകമറ സൃഷ്ടിക്കുമ്പോൾ സാധാരണക്കാര്‍ക്ക് കാര്യം മനസ്സിലാക്കാൻ കഴിയാത്തത് ഇത് വ്യക്തമായി മനസ്സിലാക്കാത്തതുകൊണ്ടാണ്.

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.