കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത്

മനുഷ്യ൪ ചെയ്യുന്ന കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയും അവയെല്ലാം അല്ലാഹു പരിശോധിക്കുകയും ചെയ്യുന്നതാണ്. മൂന്ന് രീതിയിലാണ്  അല്ലാഹുവിലേക്ക് മനുഷ്യരുടെ കർമ്മങ്ങൾ ഉയർത്തപ്പെടുന്നത്.

(1)ദിനേനയുള്ള ക൪മ്മങ്ങള്‍ സുബ്ഹി –  അസർ നമസ്ക്കാര സമയങ്ങളില്‍

وَيَرْفَعُهُ يُرْفَعُ إِلَيْهِ عَمَلُ اللَّيْلِ قَبْلَ عَمَلِ النَّهَارِ وَعَمَلُ النَّهَارِ قَبْلَ عَمَلِ اللَّيْلِ

അല്ലാഹുവിന്റെ റസൂൽ(ﷺ) പറഞ്ഞു: പകലിലെ കർമ്മങ്ങൾക്ക്‌ മുമ്പെ രാത്രിയിലെ കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നു. അപ്രകാരം രാത്രിയിലെ കർമ്മങ്ങൾക്ക്‌ മുമ്പായി പകലിലെ കർമ്മങ്ങളും (അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നു) (മുസ്ലിം:179)

عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :  يَتَعَاقَبُونَ فِيكُمْ مَلائِكَةٌ بِاللَّيْلِ وَمَلائِكَةٌ بِالنَّهَارِ ، وَيَجْتَمِعُونَ فِي صَلاةِ الْفَجْرِ وَصَلاةِ الْعَصْرِ ، ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ فَيَسْأَلُهُمْ وَهُوَ أَعْلَمُ بِهِمْ : كَيْفَ تَرَكْتُمْ عِبَادِي ؟ فَيَقُولُونَ : تَرَكْنَاهُمْ وَهُمْ يُصَلُّونَ وَأَتَيْنَاهُمْ وَهُمْ يُصَلُّونَ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: നിങ്ങളിൽ രാവും പകലും മാറിമാറി വരുന്ന മലക്കുകൾ ഉണ്ട്. അവർ പ്രഭാത നമസ്ക്കാര വേളയിലും അസർ നമസ്ക്കാര വേളയിലും ഒരുമിച്ചു കൂടുന്നു. ശേഷം നിങ്ങളുടെ കൂടെ കഴിച്ചു കൂട്ടിയിരുന്ന മലക്കുകൾ മുകളിലേക്ക് കയറിപ്പോകുന്നു. അപ്പോൾ അല്ലാഹു അവരോടു ചോദിക്കും -അവൻ അവരെക്കാൾ അറിവുള്ളവനായിരിക്കെതന്നെ – ‘എങ്ങനെയാണ് എന്റെ ദാസന്മാരെ നിങ്ങൾ വിട്ടേച്ചു പോന്നത് ?’ അപ്പോൾ അവർ പറയും : ‘ഞങ്ങൾ അവരിലേക്ക് ചെന്നപ്പോൾ അവർ നമസ്ക്കാരത്തിലായിരുന്നു, ഞങ്ങളവരെ പിരിഞ്ഞു പോന്നപ്പോഴും അവർ നമസ്ക്കാരത്തിലായിരുന്നു’. (മുസ്‌ലിം:632)

(2)ആഴ്ചയിലെ കർമ്മങ്ങൾ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും

عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :  تُعْرَضُ أَعْمَالُ النَّاسِ فِي كُلِّ جُمُعَةٍ مَرَّتَيْنِ يَوْمَ الِاثْنَيْنِ وَيَوْمَ الْخَمِيسِ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: ഒരു ആഴ്ച്ചയിൽ രണ്ടു പ്രാവശ്യം ജനങ്ങളുടെ കർമ്മങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു, അതായത് തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും ……… ( മുസ്‌ലിം:2565)

(3) ഒരു വർഷത്തെ  കർമ്മങ്ങൾ ശഅബാൻ മാസത്തില്‍

عَنْ أُسَامَةَ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُ قَالَ رَسُولُ اللَّهِ -ﷺ-:  وهو شَهْرٌ تُرْفَعُ فيه الأعمالُ إلى ربِّ العالَمَينَ

അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: ആ മാസം (ശഅബാന്‍), ലോകങ്ങളുടെ റബ്ബായ അല്ലാഹുവിങ്കലേക്ക് (മനുഷ്യരുടെ ഒരു വർഷത്തെ)  കർമ്മങ്ങൾ ഉയർത്തപ്പെടുന്നത് അതിലാകുന്നു. (നസാഈ :2356)

കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന സാഹചര്യങ്ങളില്‍  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

1. സുബ്ഹി, അസർ നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കുക.

സുബ്ഹി നമസ്‌കാരം പള്ളിയില്‍ വെച്ച് ജമാഅത്തായി  നടക്കുന്ന സമയത്താണ് രാത്രിയില്‍ ഉണ്ടായിരുന്ന മലക്കുകള്‍ അല്ലാഹുവിലേക്ക് കയറിപ്പോകുന്നത്. പകലിലെ മലക്കുകള്‍ ഈ സമയത്തുതന്നെ ഇറങ്ങി വരികയും ചെയ്യും.   അസ്൪ നമസ്‌കാരം പള്ളിയില്‍ വെച്ച് ജമാഅത്തായി നടക്കുന്ന സമയത്താണ് പകലില്‍ ഉണ്ടായിരുന്ന മലക്കുകള്‍ അല്ലാഹുവിലേക്ക് കയറിപ്പോകുന്നത്. രാത്രിയിലെ മലക്കുകള്‍ ഈ സമയത്തുതന്നെ ഇറങ്ങി വരികയും ചെയ്യും. രാത്രിയിലേയും പകലിലേയും മലക്കുകൾ സുബ്ഹി, അസർ നമസ്‌കാരങ്ങളില്‍ ഒരുമിച്ചു കൂടുന്നതാണ്. സുബ്ഹി, അസ്ർ നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി  നമസ്കരകരിക്കുന്നവരെ കുറിച്ച് മലക്കുകള്‍ അല്ലാഹുവിനോട് സാക്ഷി പറയുന്നതാണ്. അവ൪ക്ക് വേണ്ടി മലക്കുകള്‍ അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയും ചെയ്യും.

നബി(സ്വ)പറഞ്ഞു: രാത്രിയിലേയും പകലിലേയും മലക്കുകൾ സുബ്ഹി, അസർ നമസ്‌കാരങ്ങളില്‍ ഒരുമിച്ചു കൂടുന്നതാണ്.സുബ്ഹി നമസ്കാരത്തില്‍ അവ൪ ഒരുമിച്ച് കൂടുമ്പോള്‍ രാത്രിയിലുണ്ടായിരുന്ന മലക്കുകൾ (ആകാശത്തേക്ക്) കയറിപ്പോകുന്നു. പകലിലെ മലക്കുകള്‍ സ്ഥിരമായി നില്‍ക്കുന്നു. അസ൪ നമസ്കാരത്തിലും അവ൪ ഒരുമിച്ചുകൂടുന്നു. അപ്പോൾ പകലിലെ മലക്കുകൾ (ആകാശത്തേക്ക്) കയറിപ്പോകുന്നു.രാത്രിയിലെ മലക്കുകള്‍ സ്ഥിരമായി നില്‍ക്കുന്നു. അപ്പോള്‍ അവരുടെ രക്ഷിതാവ് അവരോട് ചോദിക്കും: ‘ഏത് രൂപത്തിലാണ് നിങ്ങള്‍ എന്റെ അടിമകളെ കണ്ടത്.’ അപ്പോൾ അവർ(മലക്കുകള്‍) പറയും: ‘ഞങ്ങൾ അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവ൪ നമസ്കാരത്തിലായിരുന്നു. ഞങ്ങൾ അവരെ ഉപേക്ഷിക്കുമ്പോഴും അവ൪ നമസ്കാരത്തിലായിരുന്നു.അതിനാല്‍ നീ അവ൪ക്ക് പ്രതിഫലനാളില്‍ പൊറുത്തുകൊടുക്കേണമേ’. (അഹ്’മദ്)

2. ആരോടും പകയും വിദ്വേഷവും വെച്ചു പുല൪ത്തി പിണങ്ങി കഴിയരുത്.

തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും ആളുകളുടെ കർമ്മങ്ങൾ അല്ലാഹുവിന്റെ അടുക്കല്‍ പ്രദർശിപ്പിക്കപ്പെടുമ്പോള്‍ തന്റെ സഹോദരനുമായി പിണങ്ങി കഴിയുന്നവന് അല്ലാഹു പൊറുത്തു കൊടുക്കുകയില്ല.

عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :  تُعْرَضُ أَعْمَالُ النَّاسِ فِي كُلِّ جُمُعَةٍ مَرَّتَيْنِ يَوْمَ الِاثْنَيْنِ وَيَوْمَ الْخَمِيسِ فَيُغْفَرُ لِكُلِّ عَبْدٍ مُؤْمِنٍ إِلا عَبْدًا بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ فَيُقَالُ : اتْرُكُوا هَذَيْنِ حَتَّى يَفِيئَا

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: ഒരാഴ്ച്ചയിൽ രണ്ടു പ്രാവശ്യം ജനങ്ങളുടെ കർമ്മങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു, അതായത് തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും. അങ്ങനെ എല്ലാ സത്യവിശ്വാസിയായ ദാസനും പൊറുക്കപ്പെടും, ഒരു ദാസനൊഴികെ. അവന്റെയും അവന്റെ സഹോദരന്റെയും ഇടയിൽ എന്തോ പ്രശ്നമുണ്ട്. അപ്പോള്‍ ഇങ്ങനെ പറയപ്പെടും: അവരെ രണ്ടു പേരെയും വിട്ടേക്കൂ, അവർ പരസ്പരം നന്നാകട്ടേ. (മുസ്‌ലിം:2565)

മനുഷ്യസഹജമായ കാരണങ്ങളാല്‍  പിണക്കവും പ്രശ്നങ്ങളും ഉണ്ടായേക്കാം. പക്ഷെ അതെല്ലാം മൂന്ന്‌ ദിവസത്തിനകം തീ൪ത്തിരിക്കണം.

عَنِ الزُّهْرِيِّ، قَالَ حَدَّثَنِي أَنَسُ بْنُ مَالِكٍ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : لاَ تَبَاغَضُوا، وَلاَ تَحَاسَدُوا، وَلاَ تَدَابَرُوا، وَكُونُوا عِبَادَ اللَّهِ إِخْوَانًا، وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثَةِ أَيَّامٍ ‏

അനസില്‍(റ) നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: നിങ്ങൾ പരസ്‌പരം പകയും അസൂയയും വെച്ച് പുലർത്തരുത്. കുടുംബ ബന്ധം വിച്ചേദിച്ച് പരസ്‌പരം തിരിഞ്ഞു കളയുകയുമരുത്. അല്ലാഹുവിന്റെ അടിമകളും സഹോദരന്മാരുമായി ജീവിക്കുക. ഒരു മുസ്ലിമിന്‌ തന്റെ സഹോദരനുമായി മൂന്ന് ദിവസത്തിലധികം പിണങ്ങി നിൽക്കുവാൻ പാടില്ല. (ബുഖാരി: 6065)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثٍ فَمَنْ هَجَرَ فَوْقَ ثَلاَثٍ فَمَاتَ دَخَلَ النَّارَ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: മൂന്ന് ദിവസത്തിൽ കൂടുതൽ തന്റെ സഹോദരനുമായി പിണങ്ങി കഴിയുന്നത് ഒരു മുസ്‌ലിമിന് ഭൂഷണമല്ല. മൂന്ന് ദിവസത്തിൽ കൂടുതൽ പിണങ്ങി നിൽക്കവെ ആരെങ്കിലും മരണപ്പെടുന്നുവെങ്കിൽ അയാൾ നരകത്തിൽ പ്രവേശിക്കുന്നതാണ്‌.  (അബൂദാവൂദ് : 4914 – സ്വഹീഹ് അല്‍ബാനി)

3. തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് അനുഷ്ടിക്കുക

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ تُعْرَضُ الأَعْمَالُ يَوْمَ الاِثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും പ്രവ൪ത്തനങ്ങള്‍ (അല്ലാഹുവിന്) പ്രദ൪ശിപ്പിക്കപ്പെടുന്നു. ഞാന്‍ നോമ്പുകാരനായ രൂപത്തില്‍ എന്റെ പ്രവ൪ത്തനങ്ങള്‍ പ്രദ൪ശിപ്പിക്കപ്പെടുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (തി൪മിദി:747)

عَنْ أَبِي سَعِيدٍ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ : مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَعَّدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا

അബൂ സഈദില്‍ ഖുദ്’രിയില്‍(റ) നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ  ആരെങ്കിലും ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്നും എഴുപത് വർഷത്തെ ദുരത്തേക്ക്   അകറ്റും. (ബുഖാരി: 2840)

4. ചെറുതും വലുതുമായ ശിർക്കുകളിൽ  നിന്നും പൂ൪ണ്ണമായി വിട്ടുനില്‍ക്കുക

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: تُفْتَحُ أَبْوَابُ الْجَنَّةِ يَوْمَ الاِثْنَيْنِ وَيَوْمَ الْخَمِيسِ فَيُغْفَرُ لِكُلِّ عَبْدٍ لاَ يُشْرِكُ بِاللَّهِ شَيْئًا إِلاَّ رَجُلاً كَانَتْ بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ فَيُقَالُ أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا

അബൂഹുറൈറ(റ)യില്‍ നിന്നു നിവേദനം: നബി (സ്വ) പറഞ്ഞു: സ്വര്‍ഗത്തിന്റെ വാതിലുകള്‍ തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയും തുറക്കപ്പെടും. അങ്ങനെ അല്ലാഹുവില്‍ പങ്കുചേര്‍ക്കാത്ത എല്ലാ അടിമകള്‍ക്കും പൊറുത്തുകൊടുക്കും. ഒരാള്‍ക്കൊഴികെ അവനും അവന്റെ സഹോദരനും തമ്മില്‍ ശത്രുതയുണ്ട്‌. അപ്പോള്‍ ഇങ്ങനെ പറയപ്പെടും: ഇവര്‍ രണ്ടുപേരെയും പിന്തിക്കുക, അവര്‍ രഞ്‌ജിപ്പിലാകുന്നതുവരെ. ഇവര്‍ രണ്ടുപേരെയും പിന്തിപ്പിക്കുക, അവര്‍ രഞ്‌ജിപ്പിലാകുന്നത്‌ വരെ. ഇവര്‍ രണ്ടുപേരെയും പിന്തിപ്പിക്കുക, അവര്‍ രഞ്‌ജിപ്പിലാകുന്നത്‌ വരെ. (മുസ്‌ലിം:2565)

ശിര്‍ക്ക് ചെയ്തു ജീവിക്കുന്നവന്‍ എത്ര തന്നെ സല്‍ക്ക൪മ്മങ്ങള്‍ നി൪വ്വഹിച്ചാലും, ആ ക൪മ്മങ്ങള്‍ അല്ലാഹുവിന്റെ മുമ്പില്‍ പ്രദ൪ശിപ്പിക്കപ്പെടുമ്പോള്‍ യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.

ﻭَﻟَﻮْ ﺃَﺷْﺮَﻛُﻮا۟ ﻟَﺤَﺒِﻂَ ﻋَﻨْﻬُﻢ ﻣَّﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ

….അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമായിപ്പോകുമായിരുന്നു. (ഖു൪ആന്‍:6/88)

5. ശഅബാന്‍ മാസത്തില്‍ കൂടുതല്‍ നോമ്പ് അനുഷ്ഠിക്കുക, പാപമോചനം വ൪ദ്ധിപ്പിക്കുക

മനുഷ്യരുടെ ഒരു വ൪ഷത്തെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്നത് ഈ മാസത്തിലാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ്വ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്.

عَنْ أُسَامَةُ بْنُ زَيْدٍ، قَالَ قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ ‏.‏ قَالَ ‏:‏ ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ ‏

ഉസാമ ബ്ന്‍ സൈദ്‌(റ) പറഞ്ഞു: ഞാന്‍ റസൂലിനോട് (സ്വ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. (നസാഇ: 2357 – അല്‍ബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു)

يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن

മുആദ് ബ്ന്‍ ജബലില്‍ (റ) നിന്നും നിവേദനം: റസൂല്‍ (സ്വ) പറഞ്ഞു: ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, പകയോ വിദ്വേഷമോ വെച്ച് പുലര്‍ത്തുന്നവനോ അല്ലാത്ത  സകല സൃഷ്ടികള്‍ക്കും അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും. (ത്വബറാനി: 20/108 – ഇബ്നു ഹിബ്ബാന്‍: 12/481)

നബി (സ്വ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:

اللهُمَّ إني أعوذُ بكَ مِنْ عَمَلٍ لاَ يُرْفَعُ

അല്ലാഹുവേ! നിന്നിലേക്ക് ഉയർത്തപ്പെടാത്ത കർമ്മങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. (സ്വഹീഹുൽ ജാമിഅ്)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *