കര്‍മങ്ങളെ സംരക്ഷിക്കുക

കര്‍മങ്ങളെ നശിപ്പിക്കുന്നതും ദുഷിപ്പിക്കുന്നതുമായ കാര്യങ്ങൾ അസംഖ്യമുണ്ട്. കര്‍മങ്ങളനുഷ്ഠിക്കുക എന്നതല്ല പ്രധാന കാര്യം; പ്രത്യുത അവയെ നശിപ്പിക്കുന്നവയില്‍നിന്നും ദുഷിപ്പിക്കുന്നവയില്‍നിന്നും സംരക്ഷിക്കുകയത്രെ സുപ്രധാനം.

‘രിയാഅ്'(പ്രകടനപരത) അതെത്ര ചെറുതാണെങ്കിലും കര്‍മത്തെ നശിപ്പിക്കുന്നതാണ്. അതിന് എണ്ണമറ്റ രൂപങ്ങളുണ്ട്. നബിചര്യക്കനുസരിച്ചല്ലാതെയുള്ള കര്‍മങ്ങളും നിരര്‍ഥകതയെയാണ് അനിവാര്യമാക്കുന്നത്. കര്‍മങ്ങള്‍ പടച്ചവനോടുള്ള ദാക്ഷിണ്യമായി മനസ്സുകൊണ്ടെങ്കിലും എടുത്ത് പറയല്‍ അതിനെ നശിപ്പിക്കുന്ന സംഗതിയാണ്. അപ്രകാരംതന്നെ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുത്ത നന്മകള്‍, ദാനധര്‍മങ്ങള്‍, പുണ്യങ്ങള്‍, ബന്ധംചേര്‍ക്കല്‍ മുതലായവ എടുത്തുപറയലും അവയെ നശിപ്പിക്കുന്ന കാര്യമാണ്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﺗُﺒْﻄِﻠُﻮا۟ ﺻَﺪَﻗَٰﺘِﻜُﻢ ﺑِﭑﻟْﻤَﻦِّ ﻭَٱﻷَْﺫَﻯٰ ﻛَﭑﻟَّﺬِﻯ ﻳُﻨﻔِﻖُ ﻣَﺎﻟَﻪُۥ ﺭِﺋَﺎٓءَ ٱﻟﻨَّﺎﺱِ ﻭَﻻَ ﻳُﺆْﻣِﻦُ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۖ ﻓَﻤَﺜَﻠُﻪُۥ ﻛَﻤَﺜَﻞِ ﺻَﻔْﻮَاﻥٍ ﻋَﻠَﻴْﻪِ ﺗُﺮَاﺏٌ ﻓَﺄَﺻَﺎﺑَﻪُۥ ﻭَاﺑِﻞٌ ﻓَﺘَﺮَﻛَﻪُۥ ﺻَﻠْﺪًا ۖ ﻻَّ ﻳَﻘْﺪِﺭُﻭﻥَ ﻋَﻠَﻰٰ ﺷَﻰْءٍ ﻣِّﻤَّﺎ ﻛَﺴَﺒُﻮا۟ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟْﻜَٰﻔِﺮِﻳﻦَ

സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:2/264)

ഭൂരിഭാഗമാളുകള്‍ക്കും തങ്ങളുടെ നന്മകളെ നശിപ്പിക്കുന്ന തിന്മകളെ സംബന്ധിച്ചു കൃത്യമായൊരു ധാരണയില്ല. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുൻകടന്നു പ്രവര്‍ത്തിക്കരുത്‌. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:49/2)

നാം പരസ്പരം ശബ്ദമുയര്‍ത്തി സംസാരിക്കുന്നതുപോലെ നബി ﷺ യോട് സംസാരിക്കുന്നത് തങ്ങളുടെ കര്‍മങ്ങളെ തകര്‍ത്തുകളയുമെന്ന് സത്യവിശ്വാസികളെ അല്ലാഹു താക്കീത് ചെയ്യുകയാണ്. ഇത് ദീനുപേക്ഷിച്ചു മതപരിത്യാഗിയായി പോകുന്നതുകൊണ്ടല്ല; മറിച്ച് കര്‍മങ്ങളെ നശിപ്പിക്കുന്നവയാണെന്ന് ചെയ്തയാള്‍ക്ക് പോലും അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ കാരണമാണ്.

അപ്പോള്‍ നബി ﷺ യുടെ വാക്കുകളെയും മാതൃകകളെയും ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതിന് പകരം അവയെക്കാള്‍ മാറ്റാരുടെയെങ്കിലും വാക്കുകള്‍ക്കും രീതികള്‍ക്കും മുന്‍ഗണന കല്‍പിക്കുന്നവരെക്കുറിച്ച് എന്താണ് കരുതുന്നത്? അയാള്‍ അറിയാതെ അയാളുടെ കര്‍മങ്ങള്‍ തകരുകയല്ലേ ചെയ്യുന്നത്?!

ഈ കൂട്ടത്തില്‍പെട്ടതാണ് നബി ﷺ ഈ പറഞ്ഞതും:

من ترك صلاة العصر فقد حبط

ആരെങ്കിലും അസ്വ്ര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അയാളുടെ കര്‍മങ്ങള്‍ നിഷ്ഫലമായി. (ബുഖാരി).

(കുറിപ്പ്: അസ്വ്ര്‍ നമസ്കാരം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകമായ ചില താക്കീതുകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിലൊന്നാണിത്. മറ്റൊന്ന് ഇമാം അഹ്മദ് ഉദ്ധരിക്കുന്ന അബുദ്ദര്‍ദാഇ(റ)ന്‍റെ നിവേദനമാണ്. നബി ﷺ പറഞ്ഞു: ‘ആരെങ്കിലും മനഃപൂര്‍വം അസ്വ്ര്‍ നമസ്കാരം ഉപേക്ഷിച്ച് അങ്ങനെ അത് നഷ്ടപ്പെടുത്തിയാല്‍ അയാളുടെ കര്‍മങ്ങള്‍ നിഷ്ഫലമായി.’ ശൈഖ് അല്‍ബാനി ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥരീകരിച്ചിട്ടുണ്ട്. (സ്വഹീഹുത്തര്‍ഗീബ്). മറ്റു ചില റിപ്പോര്‍ട്ടുകളില്‍ ‘ആര്‍ക്കെങ്കിലും അസ്വ്ര്‍ നമസ്കാരം നഷ്ടമായാല്‍ അയാള്‍ സ്വത്തും കുടുംബവും നഷ്ടപ്പെടുത്തിയവനെ (കൊള്ളയടിക്കപ്പെട്ടവനെ)പോലെയാ ണ്’ (ബുഖാരി, മുസ്ലിം) എന്നാണ് ഉള്ളത്).

സെയ്ദ് ഇബ്നു അര്‍ഖം رَضِيَ اللَّهُ عَنْهُ ഈനത്ത് കച്ചവടം നടത്തിയപ്പോള്‍ ആഇശ رَضِيَ اللَّهُ عَنْها പറഞ്ഞതും ഈ കൂട്ടത്തില്‍പെട്ടതാണ്:

إنه قد أبطل جهاده مع رسول الله صلى الله عليه و سلم إلا أن يتوب

നിശ്ചയം, സെയ്ദ് തൗബ ചെയ്തില്ലെങ്കില്‍ നബി ﷺ യോടൊപ്പം നിര്‍വഹിച്ച തന്‍റെ ത്യാഗ പരിശ്രമങ്ങളെ (ജിഹാദിനെ) നിഷ്ഫലമാക്കി. (ബഗവി, മുസ്വന്നഫ് അബ്ദിര്‍റസാഖ്, ദാറഖുത്വ്നി)

ഈനത്ത് കച്ചവടം കൊണ്ട് മതപരിത്യാഗമൊന്നും സംഭവിക്കുകയില്ല. ഏറിവന്നാല്‍ അതുകൊണ്ട് ഒരു പാപം മാത്രമെ ആകുന്നുള്ളൂ.

കര്‍മങ്ങളനുഷ്ഠിക്കുന്ന സന്ദര്‍ഭത്തില്‍തന്നെ അവയെ തകരാറിലാക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയലും ചെയ്തശേഷം പ്രസ്തുത കര്‍മങ്ങളെ തകര്‍ക്കുന്നതും നിഷ്ഫലമാക്കുന്നതുമായ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കിയിരിക്കലും ഗൗരവത്തോടെ പരിശോധിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളാണ്. അത് മനസ്സിലാക്കുവാനും സൂക്ഷിക്കുവാനും പ്രത്യേകം താല്‍പര്യം കാണിക്കേണ്ടതുണ്ട്.

പ്രസിദ്ധമായൊരു വചനത്തില്‍ ഇപ്രകാരം വന്നിട്ടുണ്ട്: “നിശ്ചയം, ഒരാള്‍ അല്ലാഹുവിന് വേണ്ടി രഹസ്യമായി ഒരു കര്‍മം ചെയ്യും. അല്ലാഹു അല്ലാത്ത ഒരാളും അത് അറിഞ്ഞിട്ടുണ്ടാകില്ല. എന്നിട്ട് അയാള്‍ അതിനെക്കുറിച്ച് സംസാരിക്കും. അപ്പോള്‍ അത് രഹസ്യകര്‍മങ്ങളുടെ രേഖയില്‍നിന്ന് പരസ്യപ്രവര്‍ത്തനങ്ങളുടെ പട്ടികയിലേക്ക് മാറും. എന്നിട്ട് ആ പരസ്യപ്പെടുത്തലിനനുസരിച്ച് ആ രേഖയില്‍ അത് ഉണ്ടായിരിക്കും.”

(കുറിപ്പ്: ഈ ആശയത്തില്‍ ഒരു ഹദീസ് അബുദ്ദര്‍ദാഅ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് ഇമാം ബൈഹക്വി ശുഅബുല്‍ ഈമാനില്‍ ഉദ്ധരിക്കുന്നുണ്ട്. പക്ഷേ, അത് സ്ഥിരപ്പെട്ടിട്ടില്ല. ഇമാം ബൈഹക്വിതന്നെ അതിന്‍റെ ദുര്‍ബലത വ്യക്തമാക്കിയിട്ടുമുണ്ട്).

അയാള്‍ പ്രസ്തുത കര്‍മത്തെക്കുറിച്ച് സംസാരിച്ചത് പ്രശസ്തിക്കും മറ്റുള്ളവരുടെയടുക്കല്‍ സ്ഥാനമാനങ്ങള്‍ കിട്ടുന്നതിനുമൊക്കെ വേണ്ടിയാണെങ്കില്‍ അത് ആ കര്‍മത്തെ നശിപ്പിക്കുന്നതാണ്; അതിനു വേണ്ടി പ്രവര്‍ത്തിച്ചാലെന്നപോലെ തന്നെ.

ഈ വ്യക്തി പശ്ചാത്തപിച്ചാല്‍ ആ സല്‍കര്‍മത്തിന്‍റെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുമോ എന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടി ഇതാണ് :

അയാള്‍ ആ കര്‍മം ചെയ്തത് അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍, അഥവാ അത്തരം ഒരു നിയ്യത്തിലാണത് ചെയ്തതെങ്കില്‍ തൗബകൊണ്ട് ആ കര്‍മം പുണ്യമായി മാറുകയില്ല. പ്രത്യുത അതിന്‍റെ പാപവും ശിക്ഷയും ഒഴിവാക്കാനാണ് തൗബ. അയാള്‍ക്കത് അനുകൂലമോ പ്രതികൂലമോ അല്ലാതെ കലാശിക്കും.

എന്നാല്‍ അയാള്‍ അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി (ഇഖ്ലാസോടുകൂടി) ചെയ്തതാവുകയും പിന്നീട് ലോകമാന്യവും പ്രശസ്തിയും അതിലേക്ക് വന്നുചേര്‍ന്നതുമാണെങ്കില്‍, അഥവാ ആ അര്‍ഥത്തില്‍ അയാള്‍ അതിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിച്ച ശേഷം പശ്ചാത്തപിക്കുകയും ഖേദിക്കുകയും ചെയ്തതാണെങ്കില്‍ ആ സല്‍കര്‍മത്തിന്‍റെ പ്രതിഫലം അയാള്‍ക്ക് കിട്ടും. അത് നിഷ്ഫലമാവുകയില്ല. ഇങ്ങനെയും പറയപ്പെട്ടിട്ടുണ്ട്: ‘അത് അയാള്‍ക്ക് തിരിച്ചുകിട്ടുകയില്ല; മറിച്ച് അത് പുനരാരംഭിക്കുകയാണ് വേണ്ടത്.’

അതായത് പ്രശ്നം ഒരു അടിത്തറയെ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊള്ളുന്നത്. അഥവാ, മത പരിത്യാഗം (രിദ്ദത്ത്) കൊണ്ട് മാത്രം സല്‍കര്‍മങ്ങള്‍ തകര്‍ന്നു നിഷ്ഫലമാവുമോ? അതല്ല മുര്‍ത്തദ്ദായി തന്നെ മരിച്ചുപോയാല്‍ മാത്രമാണോ നിഷ്ഫലമാവുക? ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ധമായ രണ്ട് അഭിപ്രായങ്ങളുണ്ട്. ഇമാം അഹ്മദ് رحمه الله യില്‍നിന്നും ഉദ്ധരിക്കപ്പെടുന്ന രണ്ട് റിപ്പോര്‍ട്ടുകളാണവ.

മതപരിത്യാഗം കൊണ്ട് തന്നെ കര്‍മങ്ങള്‍ നിഷ്ഫലമാകുമെന്ന് പറഞ്ഞാല്‍, പിന്നീട് അയാള്‍ ഇസ്ലാം സ്വീകരിച്ച് തിരിച്ചുവരുന്നത് മുതല്‍ കര്‍മങ്ങള്‍ പുനരാരംഭിക്കുകയാണ് എന്നും അതിനു മുമ്പ് ചെയ്ത സകലമാന സല്‍കര്‍മങ്ങളും നിഷ്ഫലമായിപ്പോയി എന്നുമാണ് അര്‍ഥം. എന്നാല്‍ മുര്‍തദ്ദായി തന്നെ മരണപ്പെട്ടാല്‍ മാത്രമെ കര്‍മങ്ങള്‍ നിഷ്ഫലമാവുകയുള്ളു എന്നാണെങ്കില്‍ മുര്‍തദ്ദായ ശേഷം ഒരാള്‍ ഇസ്ലാമിലേക്ക് തിരിച്ചുവന്നാല്‍ അയാളുടെ മുന്‍കാല സല്‍കര്‍മങ്ങളുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടും എന്നുമാണ് അര്‍ഥമാക്കുന്നത്.

ഒരാള്‍ ഒരു നന്മ പ്രവര്‍ത്തിക്കുകയും ശേഷം ആ സല്‍കര്‍മത്തെ നിഷ്ഫലമാക്കുന്ന വല്ല തിന്മയും പ്രവര്‍ത്തിക്കുകയും ആ തെറ്റില്‍നിന്ന് പിന്നീട് പശ്ചാത്തപിച്ചു മടങ്ങുകയുമാണെങ്കില്‍ അയാള്‍ ആദ്യം ചെയ്ത നന്മയുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുമോ എന്ന ചര്‍ച്ച മേല്‍പറഞ്ഞ അടിസ്ഥാനത്തെ ആശ്രയിച്ചു നില്‍ക്കുന്ന ചര്‍ച്ചയും അഭിപ്രായങ്ങളുമാണ്.

എന്റെ മനസ്സില്‍ ഈ വിഷയത്തില്‍ ഇപ്പോഴും എന്തോ ഒരു വ്യക്തതക്കുറവുണ്ട്. അതിലെ സത്യം അറിയാന്‍ ഞാന്‍ അതീവ താല്‍പര്യത്തോടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന് ഒരു ശമനം നല്‍കുന്ന ആരെയും ഞാന്‍ കണ്ടില്ല. എനിക്ക് മനസ്സിലാകുന്നത്-അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. അവനോടാണ് സഹായം തേടുന്നതും. അവനെക്കൊണ്ടല്ലാതെ യാതൊരു കഴിവുമില്ല- നന്മകളും തിന്മകളും പരസ്പരം കൊടുത്തും വാങ്ങിയും നിലകൊള്ളുന്നു എന്നാണ്. അന്തിമവിധി അതില്‍ മികച്ചു നില്‍ക്കുന്ന അഥവാ അതിജയിച്ചു നില്‍ക്കുന്നതിനായിരിക്കും. അപ്പോള്‍ അത് മറ്റേതിനെ കീഴ്‌പ്പെടുത്തി അതിജയിക്കും. അപ്പോള്‍ വിധി അതിനും, പരാജയപ്പെട്ടത് നന്മയായാലും തിന്മയായയാലും മുമ്പ് ഇല്ലാത്തത് പോലെയായിത്തീരും. അതായത് ഒരാളുടെ നന്മകള്‍ അയാളുടെ തിന്മകളെ അതിജയിച്ചാല്‍ ആ അധികരിച്ച നന്മകള്‍ തിന്മകളെ പ്രതിരോധിക്കും. അങ്ങനെ തിന്മകളില്‍നിന്ന് പശ്ചാത്തപിക്കുകയും കൂടി ചെയ്യുമ്പോള്‍ അനുബന്ധമായി കുറെ നന്മകള്‍കൂടി വന്നുചേരുന്നു. അത് ചിലപ്പോള്‍ തിന്മകള്‍കൊണ്ട് നിഷ്ഫലമാക്കപ്പെട്ട നന്മകളെക്കാള്‍ അധികരിക്കുകയും ചെയ്‌തേക്കാം. അതിനാല്‍ പശ്ചാത്തപിച്ചു നന്മ ചെയ്യാന്‍ ഒരാള്‍ ദൃഢനിശ്ചയം ചെയ്യുകയും അത് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഉത്ഭവിക്കുകയും കുറ്റമറ്റതാവുകയും ചെയ്താല്‍ കഴിഞ്ഞുപോയ തിന്മകളെയെല്ലാം കരിച്ചുകളയാന്‍ മാത്രം ശേഷിയുള്ളതാണത്. അങ്ങനെ മുമ്പ് അത്തരം തിന്മകളൊന്നും ഉണ്ടായിട്ടേയില്ലാത്തതുപോലെ ആയിത്തീരും. നിശ്ചയം, സത്യസന്ധമായി പശ്ചാതപിക്കുന്നവന്‍ പാപങ്ങള്‍ ചെയ്യാത്തവനെപ്പോലെയാണ്.

ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട ഈ താക്കീതുകളെക്കുറിച്ച് പണ്ഡിതന്മാര്‍ വ്യത്യസ്ത വിവരണങ്ങളാണ് നല്‍കിക്കാണുന്നത്. ഒന്ന്, ബാഹ്യമായ അര്‍ഥത്തില്‍ തന്നെയുള്ള വിവരണമാണ്. അഥവാ ഒരു നിര്‍ബന്ധ നമസ്‌കാരം പോലും മനഃപൂര്‍വം ആരെങ്കിലും ഉപേക്ഷിച്ചാല്‍ അയാള്‍ ഇസ്‌ലാമില്‍നിന്ന് പുറത്ത് പോയി. അസ്വ്ര്‍ നമസ്‌കാരം പ്രത്യേക ശ്രേഷ്ഠതയുള്ള നമസ്‌കാരമായതിനാല്‍ അതിനെ പ്രത്യേകം പരാമര്‍ശിച്ചു എന്നേയുള്ളു.

രണ്ടാമത്തെ വിശദീകരണം: ഇത് ബാഹ്യാര്‍ഥത്തിലല്ല. ഈ പറഞ്ഞവര്‍ തന്നെ പിന്നീടുള്ള വിവരണങ്ങള്‍ വ്യത്യസ്ത രൂപത്തിലാണ് നല്‍കിയിട്ടുള്ളത്. അവയില്‍ പ്രധാനപ്പെട്ടവ ഇങ്ങനെ സംഗ്രഹിക്കാം:

(1) നമസ്‌കാരം ഉപേക്ഷിക്കല്‍ അനുവദനീയമെന്ന വിശ്വാസത്തില്‍, അഥവാ നിര്‍ബന്ധത്തെ നിഷേധിച്ചുകൊണ്ട് ഉപേക്ഷിക്കല്‍.

(2) അലസതമൂലം അസ്വ്ര്‍ നമസ്‌കാരം സമയം കഴിഞ്ഞ് നമസ്‌കരിക്കുന്നവന് അത് സമയത്തു നമസ്‌കരിച്ചവന്റെ പ്രതിഫലമില്ല. അഥവാ ആ നമസ്‌കാരത്തിന്റെ പ്രതിഫലം അയാള്‍ നശിപ്പിച്ചുവെന്ന് സാരം.

(3) കര്‍മങ്ങള്‍ നഷ്ടപ്പെടുത്തി എന്നാല്‍ പ്രതിഫലത്തിന്റെ വമ്പിച്ചഭാഗം നഷ്ടപ്പെടുത്തി എന്ന് വിവക്ഷ നല്‍കിയവര്‍.

എന്തുതന്നെയായാലും നമസ്‌കാരം ഉപേക്ഷിക്കല്‍ അതീവ ഗുരുതരമായ കുറ്റമാണ്, അതില്‍ അസ്വ്ര്‍ നമസ്‌കാരം പ്രത്യേകം പരിഗണനയര്‍ഹിക്കുന്നുണ്ട് എന്നും ഉപരിസൂചിത ഹദീഥുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ ഖലീലുല്ലാഹി ഇബ്‌റാഹിം عليه السلام പ്രാര്‍ഥിച്ചപോലെ നമുക്കും പ്രാര്‍ഥിക്കാം:

رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ

എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. (ഖുർആൻ:14/40)

ഹകീമുബ്‌നു ഹിസാം رَضِيَ اللَّهُ عَنْهُ ഒരിക്കല്‍ നബി ﷺ യോട് താന്‍ മുസ്‌ലിമാകുന്നതിനു മുമ്പ് ചെയ്ത അടിമ മോചനം, കുടുംബ ബന്ധം ചേര്‍ക്കല്‍, പുണ്യം ചെയ്യല്‍ മുതലായ കാര്യങ്ങള്‍ക്കു പ്രതിഫലം കിട്ടുമോ എന്നു ചോദിച്ചു. അപ്പോള്‍ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു:

أسلمت على ما أسلفت من خير

നീ മുമ്പു ചെയ്ത നന്മകളോടൊപ്പമാണ് മുസ്‌ലിമായത്. (ബുഖാരി, മുസ്‌ലിം).

ബഹുദൈവത്വം കൊണ്ട് നിഷ്ഫലമായിപ്പോകുമായിരുന്ന പ്രസ്തുത സല്‍കര്‍മങ്ങളുടെ പ്രതിഫലം ഇസ്‌ലാം സ്വീകരിക്കുന്നതിലൂടെ അദ്ദേഹത്തിന് തിരിച്ചുകിട്ടുമെന്നാണ് ഇത് അറിയിക്കുന്നത്. ബഹുദൈവത്വത്തില്‍നിന്ന് പശ്ചാത്തപിച്ചു മടങ്ങിയപ്പോള്‍ മുന്‍കഴിഞ്ഞ സല്‍കര്‍മങ്ങളുടെ പ്രതിഫലം അദ്ദേഹത്തിലേക്ക് മടങ്ങിവരുമെന്ന് സാരം.

ഇപ്രകാരം ഒരാള്‍ നിഷ്‌കളങ്കവും സത്യസന്ധവുമായ, ശരിയായ തൗബ (പശ്ചാത്തപം) നിര്‍വഹിച്ചാല്‍ അയാളുടെ മുന്‍കഴിഞ്ഞ തിന്മകള്‍ കരിച്ചുകളയപ്പെടുകയും നന്മകളുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുകയും ചെയ്യും.

(ഇബ്‌നുല്‍ഖയ്യിം رحمه الله സംശയത്തോടുകൂടി പറഞ്ഞ ഇക്കാര്യം തന്റെ പില്‍ക്കാല രചനയായ ‘മദാരിജുസ്സാലികീന്‍’ എന്ന ഗ്രന്ഥത്തില്‍ (1/308) ബലപ്പെടുത്തി സ്ഥിരീകരിക്കുന്നുണ്ട്).

പനിയും വേദനകളുമൊക്കെ ശരീരത്തെ ബാധിക്കുന്ന രോഗങ്ങളാണെന്നപോലെ നിശ്ചയം തിന്മകളും പാപങ്ങളും മനസ്സിനെ ബാധിക്കുന്ന രോഗങ്ങളാണന്നാണ് ഇത് വ്യക്തമാക്കുന്നത്. രോഗി തന്റെ അസുഖങ്ങളില്‍നിന്ന് പരിപൂര്‍ണ ആരോഗ്യത്തോടെ മുക്തനായാല്‍ മുമ്പത്തെക്കാള്‍ നല്ലരൂപത്തില്‍ അയാള്‍ക്ക് ശക്തിയും ആരോഗ്യവും പ്രതിരോധശേഷിയുമൊക്കെ ആര്‍ജിച്ചിട്ടുണ്ടാവും. ക്ഷീണമോ രോഗമോ ഒന്നും അയാള്‍ക്ക് തീരെ ബാധിച്ചിട്ടില്ലാത്തപോലെ ആരോഗ്യവാനായേക്കും. മുന്‍കാല ശേഷിയും ശക്തിയും നന്മകളുടെ സ്ഥാനത്താണ്. അയാള്‍ക്ക് ബാധിച്ച രോഗം പാപത്തിന്റെ സ്ഥാനത്തും ആരോഗ്യവും സൗഖ്യവും തൗബയുടെ സ്ഥാനത്തും.

എന്നാല്‍ ചില രോഗികള്‍ക്ക് ആരോഗ്യം തീരെ തിരിച്ചുകിട്ടാത്തതായും ഉണ്ട്. മുമ്പത്തെ അവസ്ഥയിലേക്ക് ആരോഗ്യസ്ഥിതി മാറിവരുന്നവരുമുണ്ടാകും. മറ്റുചിലര്‍ക്കാകട്ടെ പൂര്‍വോപരി ഉന്മേഷത്തിലും ശക്തിയിലും ആരോഗ്യം തിരിച്ചുകിട്ടുന്നതും കാണാം. എത്രത്തോളമെന്നാല്‍ ചില ശാരീരിക സൗഖ്യങ്ങളുടെ നിമിത്തം ചില രോഗങ്ങളാണ് എന്ന് പറയാവുന്നിടത്തോളേം അവസ്ഥകള്‍ മാറിവരാം. എല്ലാം ഓരോ പ്രതികരണത്തിന്റെയും സ്ഥിതിക്കനുസരിച്ചാണെന്ന് മാത്രം

ഒരു കവി പറഞ്ഞതുപോലെ: ”നിന്റെ ആക്ഷേപത്തിന്റെ അന്ത്യം സ്തുതിഗീതങ്ങളായേക്കാം. കാരണം, ചില ശരീരങ്ങള്‍ രോഗങ്ങള്‍കൊണ്ട് സുഖം പ്രാപിക്കാറുണ്ട്.”

ഇപ്രകാരമാണ് ഒരാള്‍ തൗബക്ക് ശേഷം ഈ മൂന്ന് അവസ്ഥകളിലാകുന്നത്. അല്ലാഹുവാണ് തൗഫീക്വ് നല്‍കുന്നവന്‍. അവനല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അവനല്ലാതെ രക്ഷകനില്ല.

 

ഇബ്നുല്‍ ഖയ്യിം അല്‍ജൗസി رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നും

വിവർത്തനം: ശമീര്‍ മദീനി

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *