വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയല്ല, അവന്റെ സംസാരമാണ്

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

അന്തിമദൂതന്‍ മുഹമ്മദ് നബി ﷺ യിലൂടെ ലോകജനതക്ക് സ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അത് അല്ലാഹുവിന്റെ സൃഷ്ടിയല്ല, പ്രത്യുത അവന്റെ സംസാരമാണ്. അല്ലാഹുവില്‍നിന്നും തുടങ്ങി ലോകവസാനം അത് അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. നബി ﷺ ക്ക് അവതരിപ്പിച്ച അവന്റെ വഹ്‌യുമാണത്. ജിബ്‌രീല്‍ عليه السلام മുഖേനയാണ് അവസാന പ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് അത് അവതരിച്ചത്.

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِىٍّ مُّبِينٍ ‎﴿١٩٥﴾

തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്ഥാത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്ന; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്). (ഖുർആൻ:26/192-195)

വാനലോകത്തുനിന്നും അല്ലാഹു ദിവ്യബോധനം നല്‍കുന്നതിനെ കുറിച്ച് നബി ﷺ ഇപ്രകാരം പറഞ്ഞു:

 عن النواس بن سمعان ، قال : قال رسول الله – صلى الله عليه وسلم – : ” إذا أراد الله – عز وجل – أن يوحي بالأمر تكلم بالوحي ، أخذت السماوات منه رجفة ، أو قال رعدة شديدة ، خوفا من الله ، فإذا سمع بذلك أهل السماوات صعقوا ،

നവാസ് ബ്നു സംആൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു ഒരുകാര്യം ദിവ്യബോധനമായി അറിയിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ അത് വഹ്‌യായി സംസാരിക്കും. അവന്‍ സംസാരിച്ചാല്‍ ആകാശം കിടിലംകൊള്ളുന്നതായിരിക്കും, അതല്ലെങ്കില്‍ അല്ലാഹുവിനെ പേടിച്ച് വിറകൊള്ളുന്നതായിരിക്കും. വാനലോകത്തുള്ളവര്‍ അത് കേള്‍ക്കുമ്പോള്‍ ബോധരഹിതരാവുകയും ചെയ്യും’ (ഇബ്‌നുഖുസൈമ)

അല്ലാഹുവിന്റെ അനുയോജ്യമായ വിധത്തിലും യഥാര്‍ഥത്തിലുള്ളതുമായ അവന്റെ ഒരു വിശേഷണത്തില്‍ പെട്ടതാണ് അവന്റെ ഈ സംസാരം. അവന്റെ ഉദ്ദേശ്യമനുസരിച്ച് അതിന്ന് അക്ഷരങ്ങളും കേള്‍ക്കപ്പെടുന്ന ശബ്ദവുമുണ്ടായിരിക്കും. ഇതാണ് അല്ലാഹുവിന്റെ സംസാരമെന്ന വിശേഷണത്തെക്കുറിച്ചുളള മതസംബന്ധിയായ വിശ്വാസം. ക്വുര്‍ആനിക സൂക്തങ്ങള്‍ അല്ലാഹു യഥാര്‍ഥത്തില്‍ സംസാരിച്ച വചനങ്ങളാകയാല്‍ അത് സൃഷ്ടിയാണെന്ന് പറയാവതല്ല.

قال عمرو بن في دينار – من خيار أئمة التابعين -: أدركت أصحاب النبي صلى الله عليه وسلم فمن دونهم منذ سبعين سنة ، يقولون : الله الخالق ، وما سواه مخلوق ، والقرآن كلام الله ، منه خرج ، وإليه يعود

താബിഈങ്ങളിലെ പ്രമുഖ പണ്ഡിതനായ അംറു ബ്‌നു ദീനാര്‍ رحمه الله  പറഞ്ഞു:നബി ﷺ യുടെ സ്വഹാബികളും, അവർക്ക് ശേഷമുള്ളവരുമായ പലരെയും ഞാൻ എഴുപത് വർഷങ്ങളിലായി കണ്ടിട്ടുണ്ട്. അവരെല്ലാം ഇപ്രകാരം പറഞ്ഞിരുന്നു: അല്ലാഹുവാണ് സൃഷ്ടാവ്, അവനല്ലാത്തതെല്ലാം സൃഷ്ടിയാണ്. ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്. അത് അവനില്‍നിന്ന് തുടങ്ങി അവനിലേക്കുതന്നെ മടങ്ങുകയും ചെയ്യും. (ദാരിമി)

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്. അവൻ ഈ ഗ്രന്ഥത്തിലെ ഓരോ വാക്കുകളും സംസാരിക്കുകയും, ജിബ്‌രീല്‍ عليه السلام അത് അല്ലാഹുവിൽ നിന്ന് കേൾക്കുകയും, കേട്ടതു പോലെ അത്  മുഹമ്മദ് നബി ﷺ ക്ക് എത്തിച്ചു നൽകുകയുമാണ് ചെയ്തത്. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയിൽ പെട്ടതാണ് ഇക്കാര്യം.

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സംസാരമാണെന്ന് വിശുദ്ധ ഖുർആൻതന്നെ സൂചിപ്പിച്ചിട്ടുണ്ട്.

وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ

ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്‍റെ സംസാരം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്‌. (ഖുർആൻ:9/6)

{لِيَسْمَعَ كَلَامَ اللَّهِ مِنْكَ}  وَهُوَ القُرْآنُ الذِّي أَنْزَلَهُ اللَّهُ عَلَيْهِ

{അല്ലാഹുവിന്റെ സംസാരം} എന്നത് കൊണ്ട് ഉദ്ദേശം അല്ലാഹു താങ്കൾക്ക് മേൽ ഇറക്കിയ വിശുദ്ധ ഖുർആനാണ്. (തഫ്സീറുത്വബരി)

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്; അതവന്റെ സൃഷ്ടിയല്ല എന്ന കാര്യത്തിൽ നാല് മദ്‌ഹബിന്റെ ഇമാമീങ്ങളും ഏകോപിച്ചിട്ടുണ്ട്.

قال الإمام أبي حنيفة رحمه الله : والقرآن كلام الله ، في المصاحف مكتوب ، وفي القلوب محفوظ ، وعلى الألسن مقروء ، وعلى النبي صلى الله عليه وسلم أنزل

ഇമാം അബൂഹനീഫ رحمه الله പറയുന്നു: ഖുർആൻ അല്ലാഹുവിന്റെ സംസാരമാകുന്നു. അത് മുസ്ഹഫുകളിൽ എഴുതപ്പെട്ടതും, ഹൃദയങ്ങളിൽ മനപാഠമാക്കപ്പെട്ടതും, നാവുകളിൽ പാരായണം ചെയ്യപ്പെടുന്നതുമായ (അവന്റെ സംസാരമാകുന്നു). നബി ﷺ ക്ക് മേൽ (ആ സംസാരം) അവതരിക്കപ്പെട്ടിരിക്കുന്നു. [ الفقه الأكبر 301 ]

قال الإمام أبي حنيفة رحمه الله :والقرآن غير مخلوق

ഇമാം അബൂഹനീഫ رحمه الله പറയുന്നു: ഖുർആൻ സൃഷ്ടിക്കപ്പെട്ടതല്ല. [ الفقه الأكبر 301 ]

قال الإمام أحمد رحمه الله: لم يزل الله متكلما والقرآن كلام الله غير مخلوق . وعلى كل جهة . ولا يوصف الله بشيء أكثر مما وصف به نفسه .

ഇമാം അഹ്‌മദ് رحمه الله പറയുന്നു: അല്ലാഹു  എന്നെന്നും സംസാരിക്കുന്നവനായിരുന്നു. ഖുർആൻ, അത് ഏത് വിധത്തിലായിരുന്നാലും അല്ലാഹുവിന്റെ സംസാരമാണ്. അതൊരിക്കലും സൃഷ്ടിയല്ല. അല്ലാഹു സ്വന്തത്തെ വിശേഷിപ്പിച്ചതിലധികമായി ഒരു കാര്യവും അവനെ വിശേഷിപ്പിക്കരുത്. (മിഹ്നതു അഹ്‌മദ് / ഇബ്നു‌ അബിൽ ഇസ്സ്: 68)

عن الربيع بن سليمان قال: سمعت الشافعى يقول: من قال القرآن مخلوق فهو كافر.

റബീഅ ഇബ്‌നു സുലൈമാൻ رحمه الله പറയുന്നു: ഇമാം ഇമാം ശാഫിഈ رحمه الله പറഞ്ഞിരിക്കുന്നു: ആരെങ്കിലും വിശുദ്ധഖുർആൻ സൃഷ്ടിക്കപ്പെട്ടതാണെന്ന് പറഞ്ഞാൽ അവൻ കാഫിറായിരിക്കുന്നു. (ശറഹു ഉസ്വൂലിൽ ഇഅ്‌തിഖാദ് / ലാലകാഈ: 1/252)

قَالَ  الإمام مَالِكُ بْنُ أَنَسٍ: الْقُرْآنُ كَلَامُ اللَّهِ، وَكَلَامُ اللَّهِ مِنَ اللَّهِ، وَلَيْسَ مِنَ اللَّهِ شَيْءٌ مَخْلُوقٌ.

ഇമാം മാലിക് رحمه الله പറയുന്നു: ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്. അല്ലാഹുവിന്റെ സംസാരം അല്ലാഹുവിൽ നിന്നുള്ളതാണ്. അല്ലാഹുവിൽ നിന്നുള്ള ഒന്നും സൃഷ്ടിയല്ല. (അൽ മുഖ്താർ ഫീ ഉസ്വൂലിസ്സുന്ന)

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് പറഞ്ഞാൽ എന്താണ് കുഴപ്പമെന്ന് ചിന്തിക്കുന്നവരുണ്ട്? അപ്രകാരം പറയുന്നതോടുകൂടി പല വഴികേടിലേക്കുമുള്ള വാതിൽ തുറക്കുകയായി. ഒന്നാമതായി, ഹഖിന് (യാഥാര്‍ത്ഥ്യത്തിന്) അതിന്റേതായ സ്ഥാനവും ബാത്വിവിന് (നിരര്‍ത്ഥകമായതിന്) അതിന്റേതായ സ്ഥാനവുമാണുള്ളത്. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സംസാരമാണെന്നത് ഹഖാണ്. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നത് ബാത്വിലാണ്.

രണ്ടാമതായി, വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് വാദിക്കുന്നതോടെ അല്ലാഹു സംസാരിക്കുന്നവനാണന്ന അവന്റെ വിശേഷണത്തെ നിരാകരിക്കുന്നു. അല്ലാഹുവാകട്ടെ സംസാരിക്കുന്നവനാകുന്നു, അവന് യോജിച്ച രീതിയിൽ.

قَالَ يَٰمُوسَىٰٓ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِى وَبِكَلَٰمِى فَخُذْ مَآ ءَاتَيْتُكَ وَكُن مِّنَ ٱلشَّٰكِرِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്‍റെ സന്ദേശങ്ങള്‍കൊണ്ടും, എന്‍റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. (ഖുർആൻ:7/44)

അല്ലാഹുവിന്റെ സംസാരം എങ്ങിനെയായിരിക്കും? അതിനു അക്ഷരവും ശബ്ദവുമുണ്ടോ? ഏതു ഭാഷയിലായിരിക്കും? ഇതൊന്നും നമുക്കു അറിയുവാനോ സങ്കല്‍പിക്കുവാനോ സാധ്യമല്ല. സൃഷ്ടികളുടെ സംസാരങ്ങളുമായി അതിനു യാതൊരു വിധ സാമ്യവും ഉണ്ടായിരിക്കുകയില്ലെന്നു നമുക്കു തീര്‍ത്തും പറയാം. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.