സൂറ:കാഫിറൂൻ : ചില പാഠങ്ങൾ

വിശുദ്ധ ഖുർആനിലെ 109 ാ മത്തെ സൂറത്താണ് سورة الكافرون (സൂറ: കാഫിറൂന്‍). ആറ് ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. الكافرون എന്നാൽ ‘സത്യനിഷേധികള്‍’ എന്നാണർത്ഥം. സൂറത്തിന്റെ തുടക്കത്തിൽ കാഫിറൂൻ എന്ന പദം പരാമർശിക്കപ്പെട്ടിരിക്കുന്നു.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ ‎﴿١﴾‏ لَآ أَعْبُدُ مَا تَعْبُدُونَ ‎﴿٢﴾‏ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ‎﴿٣﴾‏ وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ ‎﴿٤﴾‏ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ‎﴿٥﴾‏ لَكُمْ دِينُكُمْ وَلِىَ دِينِ ‎﴿٦﴾‏

(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും. (സൂറ:അൽ കാഫിറൂൻ)

സൂറ:കാഫിറൂനിന്റെ ശ്രേഷ്ടതകൾ

عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: قُلْ يا أيُّها الكافِرُونَ تَعْدِلُ رُبُعَ القرآنِ.

ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഖുൽ യാ അയ്യുഹൽ കാഫിറൂൻ’ എന്ന സൂറത്ത് ഖുര്‍ആനിന്റെ നാലിലൊന്നിന് തുല്ല്യമാണ്. (السلسلة الصحيحة ٥٨٦)

عَنْ فَرْوَةَ بْنِ نَوْفَلٍ، رضى الله عنه أَنَّهُ أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ عَلِّمْنِي شَيْئًا أَقُولُهُ إِذَا أَوَيْتُ إِلَى فِرَاشِي قَالَ ‏”‏ اقْرَأْْ ‏:‏ {قلْ يَا أَيُّهَا الْكَافِرُونَ} فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ ‏”‏

ഫർവതു ബ്നു നൗഫൽ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, വിരിപ്പിലേക്ക് (കിടക്കാനായി) ചെന്നെത്തിയാൽ ചൊല്ലാൻ എന്തെങ്കിലും എനിക്ക് പഠിപ്പിച്ചു നൽകുക’. നബി ﷺപറഞ്ഞു: ‘നീ സൂറ: കാഫിറൂൻ പാരായണം ചെയ്യുക. തീർച്ചയായും അത് ശിർകിൽ നിന്നുള്ള ബന്ധവിഛേദനമാണ്.’ (തിർമിദി: 3403 – സ്വഹീഹ് അൽബാനി)

സൂറ:കാഫിറൂനിന്റെ അവതരണ പശ്ചാത്തലം

حدثني يعقوب, قال: ثنا ابن عُلَية, عن محمد بن إسحاق, قال: ثني سعيد بن مينا مولى البَختري  قال: لقي الوليد بن المُغيرة والعاص بن وائل, والأسود بن المطلب, وأميَّة بن خلف, رسول الله, فقالوا: يا محمد, هلمّ فلنعبد ما تعبد, وتعبدْ ما نعبد, ونُشركك في أمرنا كله, فإن كان الذي جئت به خيرا مما بأيدينا، كنا قد شَرِكناك فيه, وأخذنا بحظنا منه; وإن كان الذي بأيدينا خيرا مما في يديك, كنت قد شَرِكتنا في أمرنا, وأخذت منه بحظك, فأنـزل الله: ( قُلْ يَا أَيُّهَا الْكَافِرُونَ ) حتى انقضت السورة .

സഈദ് ബ്നു മയ്നാഅ് നിവേദനം: (മുശ്രിക്കുകളിൽ പെട്ട) വലീദു ബ്നു മുഗീറയും, ആസ്വു ബ്നു വാഇലും അസ്വദു ബ്നു മുത്വലിബും ഉമയ്യതു ബ്നു ഖലഫും നബി -ﷺ- യുമായി സന്ധിച്ചു. അവർ പറഞ്ഞു: “മുഹമ്മദ്! വരൂ; നീ ആരാധിക്കുന്നതിനെ ഞങ്ങളും ഞങ്ങൾ ആരാധിക്കുന്നതിനെ നീയും ആരാധിക്കുക! ഞങ്ങളുടെ കാര്യങ്ങളിലെല്ലാം നിന്നെ ഞങ്ങൾ പങ്കാളികളാക്കുന്നതാണ്. അങ്ങനെയെങ്കിൽ നിൻ്റെ പക്കലുള്ളത് ഞങ്ങളുടെ കയ്യിലുള്ളതിനേക്കാൾ നല്ലതാണെങ്കിൽ അതിൽ ഞങ്ങൾക്ക് പങ്കുചേരാൻ കഴിയുമല്ലോ? നിൻ്റെ കയ്യിലുള്ളതിനേക്കാൾ നല്ലതാണ് ഞങ്ങളുടെ പക്കലുള്ളതെങ്കിൽ അതിൽ നിനക്കും പങ്കുചേരാവുന്നതാണ്. അപ്പോൾ അല്ലാഹു സൂറ. കാഫിറൂൻ അവതരിപ്പിച്ചു.” (തഫ്സീറു ത്വബരി)

സൂറ:കാഫിറൂനിന്റെ അവതരണകാരണമായി വന്ന നിവേദനങ്ങളിലെല്ലാം ദുർബലതകളുണ്ടെങ്കിലും ധാരാളം മുഫസ്സിറുകൾ നൽകിയ ഈ സംഭവം മുർസലായി വന്നത് സ്ഥിരപ്പെട്ടിട്ടുണ്ട്.

സൂറ:കാഫിറൂനിന്റെ ആശയം

ഈ സൂറത്തിലെ ആശയം ഇങ്ങനെ സംഗ്രഹിക്കാം: അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിച്ചുവരുന്ന യാതൊരു ദൈവത്തെയും -അവ വിഗ്രഹങ്ങളാവട്ടെ, മറ്റേതെങ്കിലുമാകട്ടെ – ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ അതിനു തയ്യാറുമില്ല. ഞാന്‍ ആരാധിച്ചുവരുന്നത്‌ അല്ലാഹുവിനെ മാത്രമാണ്. അവനെ നിങ്ങളും ആരാധിക്കുന്നില്ല. അതിനു നിങ്ങള്‍ തയ്യാറുമില്ല. നിങ്ങള്‍ നടത്തി വരുന്ന ശിര്‍ക്കുപരമായ ആരാധനാമുറകള്‍ ഒന്നും എനിക്ക് സ്വീകാര്യമല്ല. എന്റെ ആരാധനാമുറകള്‍ നിങ്ങളും സ്വീകരിക്കുന്നില്ല. എന്റെ ആരാധ്യനായ അല്ലാഹു നിര്‍ദ്ദേശിച്ചു തന്ന ആരാധനാ രൂപം മാത്രമാണ് ഞാന്‍ സ്വീകരിച്ചുവരുന്നത്. നിങ്ങള്‍ നടത്തിവരുന്ന ആരാധനകളാകട്ടെ, അവ നിങ്ങള്‍ തന്നെ സ്വയം കെട്ടിയുണ്ടാക്കിയ ചില ചടങ്ങുകള്‍ മാത്രമാണ്. അതുകൊണ്ട് നാം തമ്മില്‍ ഒരു കാലത്തും യോജിക്കുക എന്ന പ്രശ്നമേ ഇല്ല. നിങ്ങള്‍ നിങ്ങളുടെ മതവും നടപടിക്രമവും പിന്‍പറ്റിക്കൊള്ളുക. ഞാന്‍ എന്റെ മതവും നടപടിയും പിന്‍പറ്റിക്കൊള്ളാം. അതിന്റെ ഫലം നമുക്ക് ഇരുകൂട്ടര്‍ക്കും വഴിയെ കണ്ടറിയുകയും ചെയ്യാം. (അമാനി തഫ്സീര്‍)

സത്യനിഷേധികളോട് താങ്കൾ ഇപ്രകാരം പ്രഖ്യാപിക്കുക എന്ന് നബി ﷺ യെ അറിയിച്ചുകൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത്. “നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല” എന്നതാണ് ആദ്യത്തെ പ്രഖ്യാപനം.

أَيْ: قُلْ لِلْكَافِرِينَ مُعْلِنًا وَمُصَرِّحًا لا أَعْبُدُ مَا تَعْبُدُونَ أَيْ: تَبَرَّأَ مِمَّا كَانُوا يَعْبُدُونَ مِنْ دُونِ اللَّهِ، ظَاهِرًا وَبَاطِنًا.

സത്യനിഷേധികളോട് വ്യക്തമായും സ്പഷ്ടമായും നീ പറയുക: ”നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.” അതായത് അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയില്‍ നിന്ന് പ്രത്യക്ഷമായും പരോക്ഷമായും നീ വിട്ടുനില്‍ക്കുക. (തഫ്സീറുസ്സഅ്ദി)

لَا أَعْبُدُ فِي الحَالِ وَلَا فِي المُسْتَقْبَلِ مَا تَعْبُدُونَ مِنَ الأَصْنَامِ

നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഇപ്പോഴോ ഇനിയെന്നെങ്കിലുമൊരിക്കലോ ഞാൻ ആരാധിക്കുകയില്ല. (തഫ്സീർ മുഖ്തസ്വർ)

“ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല”എന്നതാണ് അടുത്തെ പ്രഖ്യാപനം. ഇവിടെ സ്വാഭാവികമായും ഒരു സംശയം വരാം. മക്കയിലെ മുശ്രിക്കുകൾ അല്ലാഹുവിനെ അംഗീകരിച്ചവരും അല്ലാഹുവിന് ആരാധ്യതാവകാശം വകവെച്ചു നൽകിയിരുന്നവരുമായിരുന്നു. എന്നിരിക്കെ എന്തുകൊണ്ടാണ് “ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല”എന്ന പ്രഖ്യാപനം വന്നത്? അവര്‍ അല്ലാഹുവിനെ മാത്രം ആരാധിക്കാതെ അല്ലാഹുവിൽ പങ്ക് ചേര്‍ത്തവരായിരുന്നതിനാൽ അവരുടെ ആരാധന സ്വീകാര്യമല്ല എന്നതാണ് അതിനുള്ള മറുപടി.

وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ لِعَدَمِ إِخْلَاصِكُمْ فِي عِبَادَتِكُمْ لِلَّهِ ، فَعِبَادَتُكُمْ لَهُ الْمُقْتَرِنَةُ بِالشِّرْكِ لَا تُسَمَّى عِبَادَةً

”ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല.” കാരണം അല്ലാഹുവിനുള്ള നിങ്ങളുടെ ആരാധന നിഷ്‌കളങ്കമല്ല. അവനുള്ള നിങ്ങളുടെ ആരാധന ശിര്‍ക്ക് (പങ്കുചേര്‍ക്കല്‍) ചേര്‍ന്നതായതിനാല്‍ അതിനെ (അല്ലാഹുവിനുള്ള ഇബാദത്ത്) ആരാധന എന്ന് പറയാവതല്ല. (തഫ്സീറുസ്സഅ്ദി)

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُهُ أَنَا؛ وَهُوَ اللَّهُ وَحْدَهُ.

ഞാൻ ആരാധിക്കുന്ന പോലെ – അല്ലാഹുവിനെ മാത്രം – ആരാധിക്കുന്നവരല്ല നിങ്ങളും. (തഫ്സീർ മുഖ്തസ്വർ)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ قَالَ اللَّهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മഹോന്നതനായ അല്ലാഹു അരുളിയിരിക്കുന്നു. ഞാൻ പങ്കുകാരുടെ പങ്കുകളിൽ നിന്ന് ഏറ്റവും ധന്യനാകുന്നു. ആരെങ്കിലും എന്നോടൊപ്പം പങ്കുചേർത്തവനായി കൊണ്ട് ഏതെങ്കിലും കർമ്മം ചെയ്‌താൽ അവനേയും അവന്റെ പങ്കുചേർക്കലിനേയും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. (മുസ്ലിം:2985)

ഈ രണ്ട് പ്രഖ്യാപനവും വീണ്ടും ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു. അല്ലാഹുവിന് യഥാര്‍ഥ രൂപത്തിലുള്ള ആരാധന അവരില്‍ നിന്നും ഉണ്ടായിട്ടില്ല എന്നതും ആരാധന അല്ലാഹുവിനായി തീരൽ അനിവാര്യമാണെന്നതും  ആവര്‍ത്തനം വ്യക്തമാക്കുന്നു.

“നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും” എന്ന പ്രഖ്യാപനത്തോടെയാണ് ഈ സൂറത്ത് അവസാനിക്കുന്നത്. എല്ലാ ആദര്‍ശവും ശരിയാണെന്ന വാദം ചിലര്‍ ഇതിലൂടെ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ യഥാര്‍ർത്ഥ ആശയം ഇപ്രകാരമാണ്.

لَكُمْ دِينُكُمْ الذِّي ابْتَدْعُتُمُوهُ لِأَنْفُسِكُمْ، وَلِيَ دِينِيَ الذِّي أَنْزَلَهُ اللَّهُ عَلَيَّ.

നിങ്ങൾ സ്വയം പടച്ചുണ്ടാക്കിയ മതം നിങ്ങളുടേത്. എനിക്ക് അല്ലാഹു എന്റെ മേൽ അവതരിപ്പിച്ചു തന്ന എന്റെ മതം (ഇസ്ലാം) മതി. (തഫ്സീർ മുഖ്തസ്വർ)

ഇതേ ആശയം തന്നെയാണ് മറ്റു രണ്ടു സ്ഥലങ്ങളില്‍ അല്ലാഹു പറയുന്നത്:

قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِ

പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. (ഖു൪ആന്‍ : 17/84)

أَنْتُمْ بَرِيئُونَ مِمَّا أَعْمَلُ وَأَنَا بَرِيءٌ مِمَّا تَعْمَلُونَ

ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിങ്ങള്‍ വിമുക്തരാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞാനും വിമുക്തനാണ്.” (ഖു൪ആന്‍ : 10/41)

സത്യനിഷേധികളുടെ ആരാധ്യവസ്തുക്കളിൽ നിന്നും, ആരാധനാ രീതികളിൽ നിന്നും അകൽച്ച പ്രഖ്യാപിക്കാനുള്ള കൽപ്പനയും ഈ സൂറത്തിൽ ഉൾക്കൊള്ളുന്നുണ്ട്.

ആരാധനകൾ അല്ലാഹുവിന് മാത്രമേ നൽകാവൂ എന്നും, ശിര്‍ക്കിൽ നിന്ന് പരിപൂർണ്ണമായ അകൽച്ച പാലിക്കണമെന്നും, ഇസ്ലാമും അനിസ്ലാമിക വിശ്വാസങ്ങളും തികച്ചും വിഭിന്നമായി തന്നെ നിൽക്കുന്നു എന്നും ഈ സൂറത്ത് അറിയിക്കുന്നു.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *