ജുമുഅ ദിവസം ഒന്നാമത്തെ ബാങ്ക് (ളുഹ്റിന്റെ സമയത്തുള്ള ബാങ്ക്) വിളിച്ച ഉടനെ ജുമുഅക്കായി പള്ളിയിൽ സന്നിഹിതരായ ആളുകൾ എഴുന്നേറ്റ് ജുമുഅ നമസ്കാരത്തിന് മുമ്പുള്ള സുന്നത്ത് നമസ്കാരം നിർവ്വഹിക്കുന്നതായി നമ്മുടെ നാടുകളിലെ പല പള്ളികളിലും കാണാറുണ്ട്. സാധാരണ ളുഹ്റിന്റെ മുമ്പ് നാല് റക്അത്ത് (2 + 2) സുന്നത്ത് നമസ്കാരം ഉള്ളതുപോലെ ജുമുഅ നമസ്കാരത്തിന് മുമ്പ് സുന്നത്ത് നമസ്കാരം ഉണ്ടോ ? ഇപ്രകാരം ജുമുഅ നമസ്കാരത്തിന് മുമ്പ് സുന്നത്ത് നമസ്കാരം ഉണ്ടെന്നതിന് ഇസ്ലാമിക പ്രമാണങ്ങളിൽ തെളിവില്ല. ജുമുഅ ദിവസം ഒന്നാമത്തെ ബാങ്ക് (ളുഹ്റിന്റെ സമയത്തുള്ള ബാങ്ക്) തന്നെ, ശറഅ് ആക്കിയിട്ടില്ലെന്നതാണ് സത്യം. എന്നിരിക്കെ, പിന്നെങ്ങനെയാണ് ഒന്നാമത്തെ ബാങ്ക് കൊടുക്കുകയും ശേഷം ജുമുഅ നമസ്കാരത്തിന് മുമ്പ് സുന്നത്ത് നമസ്കാരം നിർവ്വഹിക്കുകയും ചെയ്യുക.
വെള്ളിയാഴ്ച ജുമുഅ സമയത്ത് ഇമാം വന്ന് മിംബറില്‍ ഇരുന്ന് കഴിഞ്ഞാല്‍ മുഅദ്ദിന്‍ ബാങ്ക് വിളിക്കുന്നു.ഇതായിരുന്നു നബി ﷺ യുടെ ചര്യ.
عَنِ السَّائِبِ بْنِ يَزِيدَ، أَنَّ الَّذِي، زَادَ التَّأْذِينَ الثَّالِثَ يَوْمَ الْجُمُعَةِ عُثْمَانُ بْنُ عَفَّانَ ـ رضى الله عنه ـ حِينَ كَثُرَ أَهْلُ الْمَدِينَةِ، وَلَمْ يَكُنْ لِلنَّبِيِّ صلى الله عليه وسلم مُؤَذِّنٌ غَيْرَ وَاحِدٍ، وَكَانَ التَّأْذِينُ يَوْمَ الْجُمُعَةِ حِينَ يَجْلِسُ الإِمَامُ، يَعْنِي عَلَى الْمِنْبَرِ.
സായിബ് رضى الله عنه വിൽ നിന്ന് നിവേദനം: ജുമുഅ നമസ്‌കാരത്തിനുള്ള അദാനിന്റെ (വിളിയുടെ) എണ്ണം (ഇഖാമത്ത് ഉൾപ്പടെ) മൂന്നായി വർദ്ധിപ്പിച്ചത് ഉസ്മാൻ ബിൻ അഫ്‌ഫാൻ رضى الله عنه ആയിരുന്നു, അത് മദീനയിലെ ആളുകളുടെ എണ്ണം വർദ്ധിച്ച സമയത്താണ്. നബി ﷺ യുടെ കാലത്ത് ബാങ്ക് വിളിക്കാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. (നബി ﷺ യുടെ കാലത്ത്) ജുമുഅ ദിവസം ബാങ്ക് വിളിക്കുന്നത് ഇമാം മിമ്പറിന്മേല്‍ ഇരുന്നു കഴിയുമ്പോഴായിരുന്നു. (ബുഖാരി:913)
ഇത് അല്ലാതെയുള്ള ബാങ്ക് നബിചര്യയില്‍ ഇല്ല. നബി ﷺ യുടെയും അബൂബക്ക൪ സിദ്ദീഖ് رضى الله عنه വിന്റെയും ഉമർ رضى الله عنه വിന്റെയും കാലത്തും ഈ ഒരു ബാങ്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കാലശേഷം ജനങ്ങള്‍ വ൪ദ്ധിച്ച് വന്നപ്പോള്‍ അവരെ സമയം അറിയിക്കാനായി മറ്റൊരു വിളിച്ചറിയിപ്പ് കൂടി ഉസ്മാന്‍ رضى الله عنه ഏ൪പ്പെടുത്തുകയുണ്ടായി.
عَنِ السَّائِبِ بْنِ يَزِيدَ، قَالَ كَانَ النِّدَاءُ يَوْمَ الْجُمُعَةِ أَوَّلُهُ إِذَا جَلَسَ الإِمَامُ عَلَى الْمِنْبَرِ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ ـ رضى الله عنهما ـ فَلَمَّا كَانَ عُثْمَانُ ـ رضى الله عنه ـ وَكَثُرَ النَّاسُ زَادَ النِّدَاءَ الثَّالِثَ عَلَى الزَّوْرَاءِ
സാഇബുബ്നു യസീദ് رضى الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഇമാം മിംബറില്‍ ഇരുന്ന ശേഷമുള്ള ബാങ്കായിരുന്നു നബി ﷺ യുടെയും അബൂബക്ക൪ സിദ്ദീഖ് رضى الله عنه വിന്റെയും ഉമർ رضى الله عنه വിന്റെയും ഭരണകാലത്തുണ്ടായിരുന്നത്.ഉസ്മാന്‍ رضى الله عنه ന്റെ കാലത്ത് ജനങ്ങള്‍ വ൪ദ്ധിച്ചപ്പോള്‍ അദ്ദേഹം സൌറാഇല്‍ (മദീനയിലെ ഒരു അങ്ങാടി) വെച്ച് ഒരു മൂന്നാം വിളംബരം കൂടുതലായി ഉണ്ടാക്കി. (ബുഖാരി : 912)
ഇമാം മിംബറില്‍ ഇരുന്ന ശേഷമുള്ള ബാങ്ക് ഒന്നാം ബാങ്കായും ഇഖാമത്ത് രണ്ടാം ബാങ്കായും കണക്കാക്കിയാണ് ഉസ്മാന്‍ رضى الله عنه ഏ൪പ്പെടുത്തിയതിനെ കുറിച്ച് മൂന്നാം ബാങ്ക് എന്ന് പറഞ്ഞിട്ടുള്ളത്.
ഉസ്മാന്‍ رضى الله عنه ആണോ മുആവിയ رضى الله عنه ആണോ ഈ ബാങ്ക് ഏ൪പ്പെടുത്തിയത് എന്ന അഭിപ്രായങ്ങള്‍ ഉദ്ദരിച്ച ശേഷം ഇമാം ശാഫി رَحِمَهُ اللَّهُ പറയുന്നു.
‘….അവ൪ രണ്ടുപേരില്‍ ആരുണ്ടാക്കിയാലും ശരി എനിക്ക് ഏറ്റവും ഇഷ്ടം നബിയുടെ കാലത്തുണ്ടായിരുന്ന കാര്യമാണ്.’ (അല്‍ ഉമ്മ് :1/195)
ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പായി, ളുഹ്റിന് മുമ്പുമുള്ളതുപോലെയുള്ള സുന്നത്ത് നമസ്കാരം ഇല്ലെന്നതാണ്. കാരണം ജുമുഅക്ക് മുമ്പ് സുന്നത്ത് നമസ്കരിക്കുന്നതിന് സമയം ഇല്ല.ജുമുഅയുടെ സമയമാകുമ്പോള്‍ നബി ﷺ വീട്ടില്‍ നിന്ന് ഇറങ്ങി നേരെ പള്ളിയിലേക്ക് വന്ന് മിംബറില്‍ കയറി ഇരിക്കുകയാണ് ചെയ്യുന്നത്. നബി ﷺ ഇരുന്ന് കഴിഞ്ഞാല്‍ മുഅദ്ദിന്‍ ബാങ്ക് വിളിക്കുന്നു. ബാങ്ക് വിളിച്ച് കഴിയുമ്പോള്‍ ഖുത്വുബ ആരംഭിക്കുകയായി.
എന്നാല്‍ ഒരാള്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി ഒരാള്‍ പള്ളിയില്‍ വന്നാല്‍ അയാള്‍ക്ക് തഹിയത്ത് നമസ്കരിക്കാവുന്നതാണ്. അതേപോലെ അയാള്‍ക്ക് ഈരണ്ട് റക്അത്തായി എത്ര വേണമെങ്കിലും നമസ്കരിക്കാവുന്നതാണ്. ജുമുഉക്ക് മുമ്പുള്ള സുന്നത്ത് എന്ന നിലക്കല്ല അത് നമസ്കരിക്കുന്നത്. സാധാരണ എപ്പോഴും നമസ്കരിക്കാവുന്ന സുന്നത്ത് നമസ്കാരമായിട്ടാണത്. ഖു൪ആന്‍ ഓതിയും അല്ലാതെയും ഇപ്രകാരം ധാരാളം നമസ്കരിക്കാവുന്നതാണ്. ഇമാം മിംബറില്‍ കയറിയാല്‍ പിന്നെ നമസ്കരിക്കാന്‍ പാടില്ല. ഇമാം മിംബറില്‍ കയറിയതിന് ശേഷം പള്ളിയില്‍ വരുന്ന ഒരാള്‍ തഹിയത്ത് മാത്രമേ നമസ്കരിക്കാനും പാടുള്ളൂ.
عَنْ سَلْمَانَ الْفَارِسِيِّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : لاَ يَغْتَسِلُ رَجُلٌ يَوْمَ الْجُمُعَةِ، وَيَتَطَهَّرُ مَا اسْتَطَاعَ مِنْ طُهْرٍ، وَيَدَّهِنُ مِنْ دُهْنِهِ، أَوْ يَمَسُّ مِنْ طِيبِ بَيْتِهِ ثُمَّ يَخْرُجُ، فَلاَ يُفَرِّقُ بَيْنَ اثْنَيْنِ، ثُمَّ يُصَلِّي مَا كُتِبَ لَهُ، ثُمَّ يُنْصِتُ إِذَا تَكَلَّمَ الإِمَامُ، إِلاَّ غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الأُخْرَى
സൽമാനുല്‍ ഫാരിസി رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജുമുഅ ദിവസം ആരെങ്കിലും കുളിച്ച് (മീശ വെട്ടുക, നഖം മുറിക്കുക, വസ്ത്രം അലക്കുക തുടങ്ങി) കഴിയുന്നത്ര ശുചീകരിച്ചുകൊണ്ട് എണ്ണ തേക്കുകയോ തന്റെ ഭവനത്തിലെ സുഗന്ധം പൂശുകയോ ചെയ്തു, അനന്തരം ജുമുഅ നമസ്‌കാരത്തിന് പുറപ്പെട്ടു, രണ്ടാളുകൾക്കിടയിൽ (കവച്ചുവെച്ചുകൊണ്ട്) വേർപെടുത്തിയതുമില്ല, സാധിക്കുന്നത്ര അവൻ നമസ്‌കരിച്ചു. ഇമാം ഖുതുബ നിർവ്വഹിച്ചപ്പോൾ നിശ്ശബ്ദത പാലിച്ചു, എങ്കിൽ തന്റെ ആ ദിവസത്തിലേയും (കഴിഞ്ഞതോ വരുന്നതോ ആയ) മറ്റൊരു ജുമുഅയുടെയും ഇടയിലുളള ചെറുപാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (ബുഖാരി:883)
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: ജുമുഅ നമസ്കാരത്തിന് മുമ്പ് റവാത്തിബ് സുന്നത്തില്ല. എന്നാൽ പള്ളിയിലെത്തിയ ഒരാൾക്ക് തഹിയ്യത്ത് നമസ്കാരവും, ‘നിരുപാധികമുള്ള സുന്നത്ത് നമസ്കാരം’ എന്ന നിലക്ക് കഴിയുന്നത്ര റക്അത്തുകളും നമസ്കരിക്കാവുന്നതാണ്. (https://youtu.be/ZkRJLwT-Mx4)
ശൈഖ് ഇബ്നുബാസ് رَحِمَهُ اللَّهُ പറയുന്നു: ജുമുഅ നമസ്കാരത്തിന് മുമ്പായി, ഒരാൾക്ക് രണ്ടോ നാലോ ആറോ എട്ടോ പത്തോ അല്ലെങ്കിൽ അതിലധികമോ റക്അത്തുകൾ സുന്നത്ത് നമസ്കരിക്കാവുന്നതാണ്. (ഇത് റവാത്തിബ് സുന്നത്തല്ല.) ‘ഒരാൾ വെള്ളിയാഴ്ച പള്ളിയിൽ എത്തുകയും അല്ലാഹു കണക്കാക്കിയ അത്ര നമസ്കരിക്കുകയും ചെയ്താൽ’ എന്നാണ് ഹദീഥിൽ വന്നിട്ടുള്ള പ്രയോഗം. (ബുഖാരി: 883) ഇവിടെ, ജുമുഅക്ക് മുമ്പുള്ള നമസ്കാരത്തിന് നബിﷺ ഒരു പരിധി നിശ്ചയിച്ചിട്ടില്ല. (https://bit.ly/36k1LV1)
قال شيخ الإسلام : وَهَذَا هُوَ الْمَأْثُورُ عَنْ الصَّحَابَةِ ، كَانُوا إذَا أَتَوْا الْمَسْجِدَ يَوْمَ الْجُمُعَةِ يُصَلُّونَ مِنْ حِينِ يَدْخُلُونَ مَا تَيَسَّرَ ، فَمِنْهُمْ مَنْ يُصَلِّي عَشْرَ رَكَعَاتٍ ، وَمِنْهُمْ مَنْ يُصَلِّي اثْنَتَيْ عَشْرَةَ رَكْعَةً ، وَمِنْهُمْ مَنْ يُصَلِّي ثَمَانِ رَكَعَاتٍ ، وَمِنْهُمْ مَنْ يُصَلِّي أَقَلَّ مِنْ ذَلِكَ
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ رَحِمَهُ اللَّهُ പറയുന്നു:സ്വഹാബികളിൽ നിന്ന് ഉദ്ധരിക്കുന്നത് ഇതാണ്: വെള്ളിയാഴ്ച പള്ളിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ, പത്ത് റക്അത്തും പന്ത്രണ്ട് റക്അത്തും എട്ട് റക്അത്തും അതിൽ കുറവുമൊക്കെ നമസ്കരിക്കുന്നവർ സ്വഹാബിമാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതായി അവരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (മജ്മൂഉൽ ഫതാവാ :24/189)
എന്നാല്‍ ജുമുഅക്ക് ശേഷമുള് സുന്നത്ത് നമസ്കാരം ഹദീസുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.
عَنْ أَبِي، هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا صَلَّى أَحَدُكُمُ الْجُمُعَةَ فَلْيُصَلِّ بَعْدَهَا أَرْبَعًا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ ജുമുഅ നമസ്‌കരിച്ചാൽ അതിന് ശേഷം അവൻ 4 റക്അത്ത് സുന്നത്ത് നമസ്‌കരിച്ചു കൊളളട്ടെ.(മുസ്‌ലിം: 881)
عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي قَبْلَ الظُّهْرِ رَكْعَتَيْنِ، وَبَعْدَهَا رَكْعَتَيْنِ، وَبَعْدَ الْمَغْرِبِ رَكْعَتَيْنِ فِي بَيْتِهِ، وَبَعْدَ الْعِشَاءِ رَكْعَتَيْنِ وَكَانَ لاَ يُصَلِّي بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ فَيُصَلِّي رَكْعَتَيْنِ
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ളുഹ്റിനു മുമ്പ് 2 റക്അത്തും ളുഹ്റിനു ശേഷം 2 റക്അത്തും സുന്നത്തു നമസ്കരിക്കാറുണ്ടായിരുന്നു. മഗ്’രിബിനു ശേഷം തന്റെ വീട്ടില്‍ വെച്ച് തിരുമേനി(സ) 2 റക്അത്തും സുന്നത്ത് നമസ്കരിക്കാറുണ്ട്. ഇശാക്ക് ശേഷം 2 റക്അത്തും ജുമുഅക്ക് ശേഷം പള്ളിയില്‍ നിന്ന് പിരിഞ്ഞ് വീട്ടില്‍ വന്നാല്‍ തിരുമേനി(സ) 2 റക്അത്തു നമസ്കരിക്കും. (ബുഖാരി:937)
ജുമുഅക്ക് ശേഷമുള്ള സുന്നത്ത് നമസ്കാരം പള്ളിയില്‍ വെച്ചാണെങ്കില്‍ 4 റക്അത്തും വീട്ടില്‍ വെച്ചാണെങ്കില്‍ 2 റക്അത്തുമാണ് നമസ്കരിക്കേണ്ടതെന്ന് ഈ ഹദീസുകള്‍ വിശദീകരിച്ച് പണ്ഢിതന്‍മാ൪ രേഖപ്പെടുത്തിയതായും കാണാം.
kanzululoom.com