ജിന്നും ശൈത്വാനും

എല്ലാവർക്കും സുപരിചിതമായ രണ്ടു വാക്കുകളാണ് ജിന്നും, ശൈത്വാനും. നമ്മുടെ ബാഹ്യദൃഷ്‌ടിക്ക് അതീതമായ ഒരുതരം അദൃശ്യ സൃഷ്ടികളാണ് അവരെന്നു പരക്കെ അറിയപ്പെട്ടതാണ്. ഖുർആനിലും, ഹദീഥിലും, മതഗ്രന്ഥങ്ങളിലും അവരെപ്പറ്റി പലതും പ്രസ്താവിച്ചിട്ടുമുണ്ട്.

 ബാഹ്യേന്ദ്രിയങ്ങൾകൊണ്ടു ഗ്രഹിക്കാൻ കഴിയാത്ത കാര്യങ്ങളെ യുക്തികൊണ്ടോ, ശാസ്ത്രം കൊണ്ടോ മനസ്സിലാക്കുവാനും, സ്ഥാപിക്കുവാനും സാധ്യമല്ല. ദൈവികമായ മാർഗദർശനങ്ങൾ മുഖേന മാത്രമേ അതിനു സാധിക്കുകയുള്ളൂ. അതുകൊണ്ട് സ്വർഗം, നരകം, പരലോകം, ആത്മാവ്, ജിന്ന്, മലക്ക് ആദിയായവയെക്കുറിച്ചും അവയുമായി ബന്ധപ്പെട്ടകാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുവാൻ മുസ്ല‌ിംകളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിൻ്റെ വചനങ്ങളും, അവന്റെ റസൂൽ മുഖേന ലഭിക്കുന്ന അറിവുകളും മാത്രമാണ് അവലംബം. ഈ രണ്ടിൽനിന്നും എന്തെല്ലാം മനസ്സിലാക്കുവാൻ കഴിയുമോ അതിനപ്പുറം മറ്റൊരു അഭിപ്രായം ഉണ്ടായിരിക്കുവാൻ മുസ്ല‌ിംകൾക്ക് പാടില്ല. അവയിൽനിന്നു നേർക്കുനേരെ വ്യക്തമായതിനെ മറ്റു പ്രകാരത്തിൽ വ്യാഖ്യാനിക്കുവാനും പാടില്ല.

ج-ن-ن (ജീം-നൂൻ-നൂൻ) എന്നീ മൂന്നക്ഷരങ്ങൾ ചേർന്നതാണ് ‘ജിന്ന്’ (الجن) എന്ന പദം. ഏതെങ്കിലും പ്രകാരത്തിലുള്ള ഒരു അപ്രത്യക്ഷത – അഥവാ മറവ് – ഉൾക്കൊള്ളുന്ന അർത്ഥങ്ങളായിരിക്കും ഈ അക്ഷരങ്ങളിൽ നിന്നുത്ഭവിക്കുന്ന മിക്കവാറും എല്ലാ പദങ്ങൾക്കും ഉണ്ടായിരിക്കുക. അറബി നിഘണ്ടുകൾ പരിശോധിച്ചാൽ ഇതു മനസ്സിലാക്കാം

ഖുര്‍ആനിന്റെ നിഘണ്ടുവായ ‘മുഫ്‌റദാത്തു-റാഗിബി’ൽ ഇങ്ങനെ പറയുന്നു:

أصل الجن ستر الشئ عن الحاسة

ജിന്ന്’ എന്നതിൻ്റെ സാക്ഷാൽ അർത്ഥം ബാഹ്യേന്ദ്രിയങ്ങളിൽ നിന്ന് വസ്തു‌ക്കളെ മറക്കുക എന്നാകുന്നു.

പ്രസിദ്ധ അറബി നിഘണ്ടുവായ ‘ക്വാമൂസി’ലും ഈ കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ജിന്നു വർഗത്തിനു ‘ജിന്ന്’ എന്നുപേർ വരുവാൻ കാരണം ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നതാണ്.

ഇനി, ‘ജിന്ന്’ (الجن) എന്ന വാക്കിന് നിഘണ്ടുകളിലുള്ള അർത്ഥങ്ങൾ കാണുക. (1) മനുഷ്യർ എന്നതിൻ്റെ എതിരിൽ ബാഹ്യ്രന്ദ്രിയങ്ങളിൽ നിന്നു മറഞ്ഞുനിൽക്കുന്ന ആത്മീയജീവികൾ. (2) ചില ആത്മീയ ജീവികൾ (മുഫ്റദാത്) (3) മനുഷ്യർക്കും ആത്മാക്കൾക്കും ഇടയ്ക്കുള്ളതായി കരുതപ്പെടുന്ന ഒരു സൃഷ്‌ടി (അൽ മുൻജിദ്)  (4) പിശാച്  (5) രാക്ഷസൻ (6) ഭൂതം (7) കുലദേവൻ, (8) ദേവത (9) മനുഷ്യന്റെ വിപരീതമായ ‘ജിന്ന്’. ഇങ്ങിനെയുള്ള അർത്ഥങ്ങളല്ലാതെ, മനുഷ്യരിൽപെട്ട ഏതെങ്കിലും ഒരു വിഭാഗത്തിന് ‘ജിന്ന്’ എന്ന വാക്ക് ഉപയോഗിക്കാമെന്നു കാണിക്കുന്ന ഒരു അർത്ഥവും നിഘണ്ടുകളിൽ കാണുന്നില്ല. ‘ജാന്ന് ജിന്നത്ത്’ (11.041) എന്നീ വാക്കുകളും ഈ അർത്ഥങ്ങളിൽ വരുന്ന പര്യായപദങ്ങളാ കുന്നു.

‘ശൈത്വാൻ’ (الشيطان) എന്ന വാക്കിന് നിഘണ്ടുകളിലെ അർത്ഥങ്ങൾ: (1) ദുരാത്മാവ്, (2) മനുഷ്യരിലോ, ജിന്നിലോ, ജീവികളിലോ ഉള്ള ദുഷിച്ച ധിക്കാരശീലൻ, (3) സർപ്പം, (4) അഗ്നിയാൽ സൃഷ്ട‌ിക്കപ്പെട്ട ഒരു സൃഷ്ടി. (5) ഭൂതം, പിശാച്, ചെകുത്താൻ, രാക്ഷസൻ, സാത്താൻ മുതലായവയാണ്.

മേൽകണ്ട അർത്ഥങ്ങൾ പരിശോധിക്കുമ്പോൾ താഴെ പറയുന്ന സംഗതികൾ മനസ്സിലാക്കുവാൻ കഴിയും.

1. ജിന്നും മനുഷ്യനും രണ്ടു പ്രത്യേക വർഗങ്ങളാണ്.

2. ജിന്നു വർഗത്തിലെ ദുഷിച്ച ഒരു വിഭാഗമാണ് ശൈത്വാൻ. എല്ലാ ജിന്നും ശൈത്വാനല്ല.

3. മനുഷ്യരിൽ ദുഷിച്ചവർക്കും ഇതരജീവികളിൽ ദുഷിച്ചവർക്കുതന്നെയും – ശൈത്വാൻ എന്നു പറയപ്പെടും. ഇത് ഒരു ഉപമാലങ്കാര പ്രയോഗമാണുതാനും.

4. മനുഷ്യൻ്റെ ബാഹ്യ്രന്ദ്രിയങ്ങളാൽ കണ്ടെത്തുവാൻ കഴിയാത്ത വർഗമാണ് ജിന്നും ശൈത്വാനും.

ജിന്നും മനുഷ്യനും വെവ്വേറെ വര്‍ഗങ്ങൾ

خَلَقَ ٱلْإِنسَٰنَ مِن صَلْصَٰلٍ كَٱلْفَخَّارِ ‎﴿١٤﴾‏ وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ ‎﴿١٥﴾

കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.  തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു. (ഖുര്‍ആൻ:55/14-15)

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ ‎﴿٢٦﴾‏ وَٱلْجَآنَّ خَلَقْنَٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ ‎﴿٢٧﴾‏

കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അതിന്നു മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു. (ഖുര്‍ആൻ:15/26-27)

ആദം عليهم السلام ക്ക് ഇബ്ലീസ് സുജൂദ് ചെയ്യാത്തതിനെക്കുറിച്ച് അല്ലാഹു ആക്ഷേപിച്ചപ്പോൾ ഇബ്ലീസ് ഇപ്രകാരം  പറഞ്ഞു :

قَالَ أَنَا۠ خَيْرٌ مِّنْهُ ۖ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു. (ഖുര്‍ആൻ:38/76)

മനുഷ്യനും ജിന്നും ഉത്ഭവത്തിൽ തന്നെ രണ്ടു പ്രത്യേക വർഗങ്ങളാണെന്നും, ആകൃതിയിലും പ്രകൃതിയിലുമെല്ലാം അവർ വ്യത്യസ്തമായിരിക്കുമെന്നുമുള്ളതിനും ഇതിലധികം തെളിവ് ആവശ്യമില്ല.

നാടൻ – കാടൻ’ എന്നും, ‘പരിഷ്കൃതൻ – അപരിഷ്കൃതൻ’ എന്നുമൊക്കെ പറയാറുള്ളതുപോലെ, ഒരേ വർഗത്തിൽ (മനുഷ്യരിൽ) പെട്ട രണ്ട് വിഭാഗക്കാരാണ് ‘ഇൻസും ജിന്നും’ എന്ന് ചിലര്‍ വാദിച്ചിരുന്നു. അഥവാ, പരസ്‌പരം ഇണങ്ങിയും സമ്പർക്കം പുലർത്തിയും വരുന്ന വിഭാഗക്കാർ ഇൻസും, മലമ്പ്രദേശങ്ങളിലോ മറ്റോ ഒറ്റപ്പെട്ടു ജീവിക്കുന്ന വിഭാഗക്കാർ ജിന്നും. അറബിഭാഷയിലോ നിഘണ്ടുകളിലോ ഇസ്ലാമിക പ്രമാണങ്ങളിലോ ഇപ്പറഞ്ഞതിന് യാതൊരു തെളിവുമില്ല.

ചുരുക്കിപ്പറഞ്ഞാൽ, ബാഹ്യേന്ദ്രിയങ്ങളാൽ കണ്ടെത്തപ്പെടാത്ത ഒരു പ്രത്യേക വർഗം ജീവികൾക്കാണ് ‘ജിന്ന്, ജാന്ന്, ജിന്നത്ത്, ജിന്നിയ്യ്’ എന്നീ പദങ്ങൾ ഉപയോഗിക്കപ്പെടുന്നത്. ഇവയുടെ എതിരിൽ മനുഷ്യൻ എന്ന അർത്ഥത്തിന് ‘ഇൻസ്, ബശർ, ഇൻസാൻ, ഇൻസിയ്യ്’ എന്നും ഉപയോഗിക്കും.

ഖുര്‍ആനിന്റെ ചില പ്രസ്താവനകൾ

ﻳَٰﺒَﻨِﻰٓ ءَاﺩَﻡَ ﻻَ ﻳَﻔْﺘِﻨَﻨَّﻜُﻢُ ٱﻟﺸَّﻴْﻄَٰﻦُ ﻛَﻤَﺎٓ ﺃَﺧْﺮَﺝَ ﺃَﺑَﻮَﻳْﻜُﻢ ﻣِّﻦَ ٱﻟْﺠَﻨَّﺔِ ﻳَﻨﺰِﻉُ ﻋَﻨْﻬُﻤَﺎ ﻟِﺒَﺎﺳَﻬُﻤَﺎ ﻟِﻴُﺮِﻳَﻬُﻤَﺎ ﺳَﻮْءَٰﺗِﻬِﻤَﺎٓ ۗ ﺇِﻧَّﻪُۥ ﻳَﺮَﻯٰﻛُﻢْ ﻫُﻮَ ﻭَﻗَﺒِﻴﻠُﻪُۥ ﻣِﻦْ ﺣَﻴْﺚُ ﻻَ ﺗَﺮَﻭْﻧَﻬُﻢْ ۗ ﺇِﻧَّﺎ ﺟَﻌَﻠْﻨَﺎ ٱﻟﺸَّﻴَٰﻄِﻴﻦَ ﺃَﻭْﻟِﻴَﺎٓءَ ﻟِﻠَّﺬِﻳﻦَ ﻻَ ﻳُﺆْﻣِﻨُﻮﻥَ

ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ ശൈത്വാന്‍ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് ശൈത്വാന്‍മാരെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു. (ഖു൪ആന്‍ :7/27)

ﻭَﺇِﺫْ ﻗُﻠْﻨَﺎ ﻟِﻠْﻤَﻠَٰٓﺌِﻜَﺔِ ٱﺳْﺠُﺪُﻭا۟ ﻻِءَﺩَﻡَ ﻓَﺴَﺠَﺪُﻭٓا۟ ﺇِﻻَّٓ ﺇِﺑْﻠِﻴﺲَ ﻛَﺎﻥَ ﻣِﻦَ ٱﻟْﺠِﻦِّ ﻓَﻔَﺴَﻖَ ﻋَﻦْ ﺃَﻣْﺮِ ﺭَﺑِّﻪِۦٓ ۗ ﺃَﻓَﺘَﺘَّﺨِﺬُﻭﻧَﻪُۥ ﻭَﺫُﺭِّﻳَّﺘَﻪُۥٓ ﺃَﻭْﻟِﻴَﺎٓءَ ﻣِﻦ ﺩُﻭﻧِﻰ ﻭَﻫُﻢْ ﻟَﻜُﻢْ ﻋَﺪُﻭٌّۢ ۚ ﺑِﺌْﺲَ ﻟِﻠﻈَّٰﻠِﻤِﻴﻦَ ﺑَﺪَﻻً

നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്‌) പകരം കിട്ടിയത് വളരെ ചീത്ത തന്നെ. (ഖു൪ആന്‍:18/50)

ജിന്നുകൾ നബി ﷺ യിൽ നിന്നു ഖുർആൻ കേട്ടശേഷം അവർ ചെയ്‌ത പ്രസ്‌താവനകളുടെ കൂട്ടത്തിൽ അല്ലാഹു സൂറത്ത് ജിന്നിൽ ഉദ്ധരിക്കുന്നു:

وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطًا ‎﴿٤﴾ … وَأَنَّا مِنَّا ٱلصَّٰلِحُونَ وَمِنَّا دُونَ ذَٰلِكَ ۖ ….﴿١١﴾وَأَنَّا مِنَّا ٱلْمُسْلِمُونَ وَمِنَّا ٱلْقَٰسِطُونَ ۖ… ‎﴿١٤﴾

ഞങ്ങളിലുള്ള വിഡ്ഢികള്‍ അല്ലാഹുവെപറ്റി അതിക്രമപരമായ പരാമര്‍ശം നടത്തുമായിരുന്നു…… ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാരുണ്ട്‌. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌ …… ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്‌. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. (ഖു൪ആന്‍:72/4,11,14)

ഈ ഖുർആൻ വാക്യങ്ങളിൽ നിന്നു താഴെ പറയുന്ന കാര്യങ്ങൾ തുറന്ന ഹൃദയമുള്ള ഏതൊരാൾക്കും മനസ്സിലാകും:

(1) മനുഷ്യരെല്ലാം ആദമിന്റെറെയും ഹവ്വാഇൻ്റെയും عليهم السلام മക്കളായിരിക്കും, ‘ആദമിൻ്റെ മക്കളേ’ എന്നു വിളിച്ചുകൊണ്ടും, ‘നിങ്ങളുടെ മാതാപിതാക്കളെ പുറത്താക്കിയതുപോലെ’ എന്നു അനുസ്‌മരിച്ചുകൊണ്ടു, ശൈത്വാനെക്കുറിച്ചും, ഒന്നാമത്തെ ആയത്തിൽ അല്ലാഹു താക്കീതു ചെയ്യുന്നു. അപ്പോൾ മനുഷ്യരും ശൈത്വാൻമാരും ഒരു വർഗത്തിൽപെട്ടവരാകുവാൻ നിവൃത്തിയില്ല.

(2) ആദ്യം ‘ശൈത്വാൻ’ എന്നു ഏക വചനമായി പറഞ്ഞത് ഇബിലീസിനെയും, പിന്നീട് ‘ശൈത്വാൻമാർ’ എന്നു പറഞ്ഞത് അവനെയും അവൻ്റെ കൂട്ടരെയും ഉദ്ദേശിച്ചുമാണ്. അവരെല്ലാം ഒരേ വർഗവുമാണ്.

(3) മനുഷ്യവർഗത്തിന്റെ ജനയിതാക്കളായ ആദമും ഹവ്വാഉം മാത്രമായിരുന്ന – അവർക്ക് സന്തതികൾ ജനിക്കുന്നതിനു മുമ്പുള്ള – കാലത്തുതന്നെ ശൈത്വാന്മാർ ഉണ്ടായിരുന്നു. എന്നിരിക്കെ, അവരും മനുഷ്യരും ഒരു വർഗമായിരിക്കുന്ന പ്രശ്‌നമില്ല.

(4) ഇബ്‌ലീസാകുന്ന ശൈത്വാനെപ്പറ്റി അവൻ ജിന്നിൽപ്പെട്ടവനാണ് (ﻛَﺎﻥَ ﻣِﻦَ ٱﻟْﺠِﻦِّ) എന്നു പറഞ്ഞിരിക്കകൊണ്ട് മറ്റു ശൈത്വാന്മാരും ജിന്നിൽപ്പെട്ടവരാണെന്നു വരുന്നു.

(5) ജിന്നു വർഗ്ഗം ഒന്നു വേറെത്തന്നെയാണെന്നു മാത്രമല്ല, ആ വർഗം മനുഷ്യവർഗത്തിനു മുമ്പേ നിലവിലുണ്ട് താനും, മേലെ ഉദ്ധരിച്ച സൂറഃ ഹിജ്റിലെ ആയത്തിൽ ‘മുമ്പു തന്നെ നാം ജിന്നിനെ സൃഷ്‌ടിച്ചു’ (وَٱلْجَآنَّ خَلَقْنَٰهُ مِن قَبْلُ) എന്ന് വ്യക്തമായിതന്നെ പറഞ്ഞിട്ടുമുണ്ടല്ലോ.

(6) ആദമിന്റെ സന്തതികളാകുന്ന മനുഷ്യവർഗത്തെ ജിന്നിൽപെട്ട ഇബ്ലീസാകുന്ന ശൈത്വാനും അവൻ്റെ കൂട്ടരായ മറ്റു ശൈത്വാന്മാരും ഇങ്ങോട്ടു കാണുന്നു. അതേ സമയത്ത് മനുഷ്യർ അവരെ അങ്ങോട്ടു കാണുകയില്ല. ഇനി വല്ലപ്പോഴും നബി ﷺ യോ മറ്റോ ജിന്നിനെ കണ്ടുവെന്നു തെളിയുന്നപക്ഷം – മലക്കിനെ കാണുന്നതുപോലെ തന്നെ – അതു അസാധാരണ സംഭവങ്ങളുടെ ഇനത്തിൽപെട്ടതായിരിക്കും.

(7) ജിന്നുവർഗത്തിൽ വിഡ്ഢ‌ികളും അല്ലാത്തവരും, നല്ലവരും അല്ലാത്തവരും, മുസ്‌ലിംകളും അല്ലാത്തവരും ഉണ്ടായിരിക്കും.

(8) ശൈത്വാന്മാരെല്ലാം മനുഷ്യരുടെ ശത്രുക്കളാണ്. എന്നാൽ, ജിന്നുകളെല്ലാവരും മനുഷ്യശത്രുക്കളാകുന്നില്ല. കാരണം, ജിന്നുകളിൽ നല്ലവരും ചീത്തപ്പെട്ടവരുമുണ്ട്. ശൈത്വാന്മാരെല്ലാം ദുഷിച്ചവരുമാണ്. ജിന്നുകൾ മനുഷ്യ ശത്രുവാണെന്ന് ഖുർആൻ എവിടെയും പറഞ്ഞിട്ടില്ല. ശൈത്വാന്മാർ ശത്രുക്കളാണെന്നേ പറഞ്ഞുള്ളൂ.

(9) ഇബ്ലീസിനെയും, അവൻ്റെ സന്തതികളെയും എന്ന് പറഞ്ഞിരിക്കകൊണ്ട് അവന്ന് സന്തതികൾ ഉണ്ടെന്നു വരുന്നു. പക്ഷേ, ഈ സന്തതികൾ എങ്ങിനെയുള്ളവരാണെന്ന് നമുക്ക് അറിഞ്ഞുകൂടാ.

മേലുദ്ധരിച്ച ഖുർആൻ വചനങ്ങൾക്കു പുറമെ, ജിന്നിനെയും ശൈത്വാനെയും കുറിച്ചു പ്രസ്‌താവിക്കുന്ന പല ഖുർആൻ വാക്യങ്ങളും, നബിവചനങ്ങളും കാണാം. അവ പരിശോധിച്ചാൽ – വക്രമനസ്ഥിതിയില്ലാത്ത ആർക്കും – മനസ്സിലാക്കുവാൻ സാധിക്കും; മനുഷ്യനു സാധ്യമല്ലാത്ത പലതും അവർക്കു കാൺമാനും ചെയ്യാനും കഴിയുമെന്ന്. സുലൈമാൻ നബി عليهم السلام യുടെ ചരിത്രത്തിൽനിന്നും മറ്റും ഇതു നല്ലപോലെ തെളിഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, മറ്റെല്ലാ സൃഷ്ടികളെയും, വർഗങ്ങളെയും പോലെ, ജിന്നുവർഗത്തിനും ചില പ്രകൃതി വ്യവസ്ഥകളും, നിയമപരിധികളും അല്ലാഹു നിശ്ചയിച്ചിരിക്കുമെന്നു തീർച്ചയാകുന്നു. ആ വലയത്തിനുള്ളിൽ മാത്രമേ അവർക്ക് എന്തിനും കഴിവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയുള്ളൂ.

മനുഷ്യരിൽ പിശാചുക്കളുണ്ട്, ജിന്നുകളില്ല

ജിന്നുവർഗത്തിൽ ദുഷിച്ച വിഭാഗക്കാർക്കാണ് ശൈത്വാൻ എന്ന പേർ സാധാരണ പറയപ്പെടുന്നതെങ്കിലും മനുഷ്യരിൽ ദുഷിച്ച ആളുകൾക്കും ഈ പേർ ഉപമാരൂപത്തിൽ പറയാറുണ്ടെന്ന് മുമ്പ് ചൂണ്ടിക്കാട്ടുകയുണ്ടായി. ജിന്നുകളിലെ പിശാചുക്കളെ മാത്രം ഉദ്ദേശിച്ചും, മനുഷ്യപ്പിശാചുക്കളെ മാത്രം ഉദ്ദേശിച്ചും ഇരുവർഗത്തിലുമുള്ള പിശാചുക്കളെ ഉദ്ദേശിച്ചും ആ വാക്ക് ഖുർആനിൽ ഉപയോഗിച്ചുകാണാം. മേലെ ഉദ്ധരിച്ച ഖു൪ആന്‍ :7/27 ആയത്തിൽ ജിന്നിലെ പിശാചാണുദ്ദേശ്യം. മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കൾ’ (شَيَاطِينَ الْإِنْسِ وَالْجِنِّ-6/112) എന്ന് മറ്റൊരു സ്ഥലത്ത് പറഞ്ഞിരിക്കുന്നു. ധനം ധൂർത്തടിക്കുന്നവരെപ്പറ്റി ‘പിശാചുക്കളുടെ സഹോദരൻമാർ’ ( إِخْوَٰنَ ٱلشَّيَٰطِينِ17/27-) എന്നു പറഞ്ഞിരിക്കുന്നു. പിശാചുക്കളെപ്പോലെയുള്ളവർ എന്നു സാരം. കപട വിശ്വാസികൾ അവരുടെ നേതാക്കളുടെ അടുക്കൽ ചെല്ലുന്നതിനെപ്പറ്റി ‘അവർ അവരുടെ പിശാചുക്കളിലേക്ക് ഒഴിഞ്ഞുചെന്നാൽ ‘ (وَإِذَا خَلَوْا إِلَى شَيَاطِينِهِمْ) എന്നും പറഞ്ഞിട്ടുണ്ട്.

ചില പണ്ഡിതാഭിപ്രായങ്ങൾ

സ്വഹീഹുൽ ബുഖാരിയിൽ ‘ജിന്നുകളെയും, അവരുടെ പ്രതിഫലത്തെയും അവരുടെ ശിക്ഷയെയും കുറിച്ചു പ്രസ്‌താവിക്കുന്ന അദ്ധ്യായം ( بَابُ ذِكْرِ الْجِنِّ وَثَوَابِهِمْ وَعِقَابِهِمْ) എന്നൊരു അദ്ധ്യായമുണ്ട്. മഹ്ശറിൽ വെച്ചു ജിന്നുകളോടും മനുഷ്യരോടും അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യം അടങ്ങിയ സൂ: അൻആമിലെ 128-ാം വചനവും ഒരു ഹദീഥുമാണ് ആ അദ്ധ്യായത്തിൽ ബുഖാരി رحمه الله പ്രധാനമായും ഉദ്ധരിച്ചിരിക്കുന്നത്. ആയത്ത് ഇതാണ്:

يَٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَٰتِى وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَٰذَا

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? (ഖു൪ആന്‍:6/130)

അപ്പോൾ, അല്ലാഹുവിന്റെ വിധിവിലക്കുകൾ ജിന്നുകൾക്കും ബാധകമാണെന്നു വന്നുവല്ലോ. അതിലെ ഹദീഥിൻ്റെ ചുരുക്കം ഇപ്രകാരമാകുന്ന്: ‘നമസ്കാരത്തിനു ബാങ്കു വിളിക്കുന്നത് ഉച്ചത്തിലായിരിക്കണം. കാരണം, അതു കേൾക്കുന്ന ജിന്നും, മനുഷ്യനും, മറ്റു വസ്‌തുക്കളും, ക്വിയാമത്തു നാളിൽ ബാങ്കു വിളിച്ചവന്നു സാക്ഷിയായി വരുന്നതാണ് എന്നു നബി ﷺ അരുളിച്ചെയ്‌തിരിക്കുന്നു.’

ഈ അദ്ധ്യായത്തിൻ്റെ വിവരണത്തിൽ ഇമാം അസ്ക്വലാനീ رحمه الله ഫത്ഹുൽബാരിയിൽ സുദീർഘമായ ഒരു പ്രസ്താവന ചെയ്ത‌തു കാണാം. അതിലെ പ്രസക്തഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമാണ്. അദ്ദേഹം പറയുന്നു:

ഈ ശീർഷകം കൊണ്ട് ബുഖാരിയുടെ ഉദ്ദേശ്യം, ജിന്ന് എന്നൊരു കൂട്ടരുണ്ടെന്നും, അവർ മതശാസനകൾക്കു വിധേയരാണെന്നും സ്ഥാപിക്കലാണ്. എന്നാൽ തത്വശാസ്ത്രജ്ഞന്മാരിലും നിർമതവാദികളിലും, ‘ക്വദ്‌രിയ്യ’ വിഭാഗത്തിലുംപെട്ട പലരും ജിന്നുകളുടെ അസ്‌തിത്വം നിഷേധിക്കുന്നവരാണെന്നു ഇമാമുൽ ഹറമൈനി رحمه الله പ്രസ്‌താവിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ‘മതത്തിൽ വിശ്വസിക്കാത്തവർ അത് നിഷേധിക്കുന്നതിൽ ആശ്ചര്യമില്ല. ഖുര്‍ആനിന്റെ വ്യക്തമായ തെളിവുകളും, നിരവധി ഹദീഥുകളും ഉണ്ടായിട്ടുപോലും മതത്തിൽ വിശ്വസിക്കുന്ന ചില ആളുകൾ നിഷേധിക്കുന്നതിലാണ് ആശ്ചര്യം. വാസ്‌തവത്തിൽ, ബുദ്ധിപരമായി നോക്കുമ്പോൾ അതിൽ അസാംഗത്യമായി ഒന്നുമില്ലതാനും. മനുഷ്യൻ ജിന്നിനെ കാണുന്നില്ലെന്നുള്ളത് മാത്രമാണ് ഈ നിഷേധത്തിൻ്റെ പ്രധാന അടിസ്ഥാനം. അല്ലാഹുവിൻ്റെ അത്യത്ഭുതകരങ്ങളായ കഴിവുകളെപ്പറ്റി ശരിക്കു മനസ്സിലാക്കാത്തവർക്ക് മാത്രമേ അത് പ്രയാസകരമായി തോന്നുകയുള്ളൂ. ക്വാദി അബൂബക്ർ ബാക്വില്ലാനീ പറയുന്നു: ‘ ഈ നിഷേധികളിൽ ചിലർ ജിന്ന് എന്നൊരു വർഗത്തെ സമ്മതിക്കുമെങ്കിലും, ഇപ്പോൾ അവർ നിലവിലില്ലെന്നു പറയുന്നു. വേറെ ചിലർ, ജിന്നുകൾ മനുഷ്യരിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതിനെ നിഷേധിക്കുന്നവരാണ്’. ‘മുഅ്തസിലീ’ നേതാവായ അബ്ദുൽ ജബ്ബാർ പറയുന്നു: ‘ജിന്നുകൾ ഉണ്ടെന്നുള്ളതിന് തെളിവ് മതപ്രമാണങ്ങളാണ് – ബുദ്ധിയല്ല. കാരണം, ജിന്ന് ദൃശ്യ വസ്തുവല്ല. അതുകൊണ്ടാണതിൽ അഭിപ്രായ ഭിന്നതകളുണ്ടായത്. പക്ഷേ, നമുക്ക് അനിവാര്യമായി അറിയുവാൻ സാധിച്ചിട്ടുണ്ട്, മത ത്തിൽ അവരുടെ അസ്‌തിത്വത്തെ നബി ﷺ അംഗീകരിച്ചിട്ടുണ്ടെന്ന്. ഇത് തെളിയിക്കുവാൻ സമയം ചെലവഴിക്കേണ്ടതില്ല. കാരണം അത്രയും പ്രസിദ്ധമായതാണത്.

പിന്നീട്, ജിന്നുകളെ മനുഷ്യർക്ക് കാണുവാൻ കഴിയാത്തതിനു കാരണം എന്താണെന്നതിനെക്കുറിച്ചു ചിലതെല്ലാം സംസാരിച്ച ശേഷം അസ്ക്വലാനി رحمه الله മറ്റു ചില സംഗതികൾ ചൂണ്ടിക്കാട്ടുന്നു. അവ ഇങ്ങനെ സംഗ്രഹിക്കാം:

1. ജിന്നുകൾക്ക് പല വേഷവും സ്വീകരിക്കുവാൻ സാധിക്കുമെന്നു ഹദീഥുകളിൽ നിന്നു വ്യക്തമാവുന്നു. ഇത് യഥാർത്ഥത്തിലുള്ള വേഷം തന്നെയാണോ, അതല്ല പ്രത്യക്ഷത്തിൽ തോന്നുന്നത് മാത്രമായിരിക്കുമോ എന്നതിൽ ഭിന്നാഭിപ്രായമുണ്ട്.

2. ജിന്നുകളെല്ലാം ഒരേ വർഗ്ഗത്തിൽപ്പെട്ടവരാണെന്നാണ് പ്രബലമായ അഭിപ്രായം.

3. ജിന്നുകൾ മതശാസനകൾക്കു വിധേയരല്ലെന്ന അഭിപ്രായം തെറ്റാണ്.

4. ജിന്നുകളിലേക്ക് അവരിൽ നിന്നു (പ്രവാചകത്വമുള്ള) ദൈവദൂതൻമാർ നിയോഗിക്കപ്പെട്ടിട്ടുണ്ടോ, ഇല്ലേ എന്നതിലും, മനുഷ്യരിലുള്ള ദൈവദൂതൻമാർ അവരിലേക്കുകൂടി നിയോഗിക്കപ്പെട്ടിരുന്നുവോ എന്നതിലും അഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ, നബി ﷺ തിരുമേനി മനുഷ്യരിലേക്കെന്നപോലെ ജിന്നുകളിലേക്കും റസൂലായിരുന്നുവെന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല.

5. തൗഹീദ് മുതലായ പ്രധാന മതകാര്യങ്ങളല്ലാത്ത – ശാഖാപരമായ വിഷയങ്ങളിൽ അവരും മനുഷ്യരും തമ്മിൽ വ്യത്യാസമുണ്ടായിരിക്കും.

‘അവരിൽ ഭക്ഷണപാനീയങ്ങളുടെയും, വിവാഹാദി കാര്യങ്ങളുടെയും പതിവുണ്ടോ എന്നതിലും അഭിപ്രായമുണ്ട്. ഭക്ഷണം കഴിക്കാറുണ്ടെന്നാണ് ഹദീഥുകളിൽനിന്നു മനസ്സിലാകുന്നത്.

لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ

അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ (സ്വര്‍ഗ സ്ത്രീകളെ) സ്പര്‍ശിച്ചിട്ടില്ല. (ഖു൪ആന്‍:55/74)

ﺃَﻓَﺘَﺘَّﺨِﺬُﻭﻧَﻪُۥ ﻭَﺫُﺭِّﻳَّﺘَﻪُۥٓ ﺃَﻭْﻟِﻴَﺎٓءَ ﻣِﻦ ﺩُﻭﻧِﻰ

എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? (ഖു൪ആന്‍:18/50)

ഇതിൽ നിന്നും, അവരിൽ വിവാഹവും ജനനവും നടക്കുന്നുണ്ടെന്നാണ് വരുന്നത്.

وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ ഇവരുടെ മേലും (ശിക്ഷയെപറ്റിയുള്ള) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. (ഖു൪ആന്‍:41/25)

ഇപ്രകാരം പ്രസ്താവിച്ചതിനെ ആസ്പദമാക്കി അവരിൽ മരണം ഉണ്ടാകാമെന്നും ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. الله اعلم (ഫത്ഹുൽബാരി)

 

അവലംബം : മുഹമ്മദ് അമാനി മൗലവി  رحمه الله രചിച്ച ‘ജിന്നും ശൈത്വാനും’ എന്ന കൃതി

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *