ജിഹാദ്

ജിഹാദ് എന്ന പദം ‘ജാഹദ’ എന്ന ക്രിയയുടെ ധാതുവാണ്. ജാഹദ എന്ന പദത്തിന് അറബി ഭാഷ നിഘണ്ടുകളിലും ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലും നല്‍കിയിട്ടുള്ള വിവക്ഷ ‘സആ വ ഹാവല ബി ജിദ്ദിന്‍, ബദല വുസ്അ്ഹു’ (പ്രയത്‌നിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുക, പരമാവധി അധ്വാനിക്കുക) എന്നിങ്ങനെയാണ്. കഠിനമായ പരിശ്രമം, മുഴുവന്‍ കഴിവും ശക്തിയും ഉപയോഗിച്ചുകൊണ്ടുള്ള ശ്രമം എന്നാണ് ജിഹാദിന്റെ യഥാര്‍ഥ ആശയം. ചുരുക്കത്തിൽ ‘പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതുവിധത്തിലുമുള്ള ത്യാഗപരിശ്രമങ്ങള്‍ക്കും പൊതുവായി പറയപ്പെടുന്ന പേരാണ് ജിഹാദ്.’

ജിഹാദിന് വിവിധങ്ങളായ ഇനങ്ങളുണ്ട്. സൽകർമ്മങ്ങൾ പ്രവർത്തിക്കൽ, മാതാപിതാക്കൾക്ക് നൻമ ചെയ്യൽ, ദഅ്​വത്ത് തുടങ്ങി ധാരാളം കാര്യങ്ങൾ. ഒരു അമീറിന്റെ കീഴിൽ ഇസ്ലാമിക ഭരണകൂടം നടത്തുന്ന ചെറുത്ത് നിൽപ്പും ജിഹാദിന്റെ ഇനമാണ്. ഈ ജിഹാദിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

നാല് ഘട്ടങ്ങളിലായിക്കൊണ്ടാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന്റെ മതനിയമം ഇസ്ലാമിൽ ഇറങ്ങുന്നത്.

ഒന്നാം ഘട്ടം

ഇസ്‌ലാമിന്റെ ആരംഭ കാലത്ത് മക്കയില്‍ ക്ഷമയോടു കൂടി നിലകൊള്ളുവാനാണ് അല്ലാഹു വിശ്വാസികളോട് കല്‍പിച്ചത്. മുശ്‌രിക്കുകളില്‍നിന്നുണ്ടാകുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുവാനും അവര്‍ക്ക് മാപ്പ് കൊടുക്കുവാനുമുള്ള കല്‍പനയാണ് അല്ലാഹു നല്‍കിയത്. നമസ്‌കാരവും സകാത്തും എല്ലാം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടു പോകുവാനുള്ള നിര്‍ദേശവും അല്ലാഹു നല്‍കി. മക്കാരാജ്യത്തായിരിക്കെ എണ്ണം കൊണ്ടും സായുധശക്തി കൊണ്ടും അവര്‍ വളരെ ദുര്‍ബലമായിരുന്നു. ശത്രുക്കളാകട്ടെ നേരെ മറിച്ചും. അല്ലാഹു പറയുന്നു:

أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ

(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും പ്രാര്‍ഥന മുറപോലെ നിര്‍വഹിക്കുകയും സകാത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ?…. (ഖു൪ആന്‍:4/77)

മുശ്‌രിക്കുകളുടെ കുതന്ത്രങ്ങളിലും പ്രയാസപ്പെടുത്തലുകളിലും നബി ﷺ യും അനുയായികളും ക്ഷമ കൈക്കൊണ്ട് തിരിച്ചടിക്കാന്‍ തുനിയാതെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ദഅ്‌വത്തില്‍ ഉറച്ചു നിന്ന് മുന്നോട്ടു നീങ്ങുകയായിരുന്നു. അല്ലാഹുവിന്റെ കല്‍പന പ്രകാരം തന്നെയായിരുന്നു ഇത്:

فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ ‎﴿٩٤﴾‏ إِنَّا كَفَيْنَٰكَ ٱلْمُسْتَهْزِءِينَ ‎﴿٩٥﴾

അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. (ഖു൪ആന്‍:15/94-95)

വേദക്കാര്‍ക്കും സത്യനിഷേധികള്‍ക്കും മാപ്പ് കൊടുക്കുവാനും വിട്ടുവീഴ്ച ചെയ്യുവാനും അല്ലാഹു നബി ﷺ യോട് കല്‍പിക്കുകയും ചെയ്തു:

وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ ۖ فَٱعْفُوا۟ وَٱصْفَحُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦٓ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്). എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. (ഖു൪ആന്‍:2/109)

അല്ലാഹുവിന്റെ ഈ കല്‍പന നബി ﷺ യും അനുയായികളും കൃത്യമായി പാലിച്ചു.

لَتُبْلَوُنَّ فِىٓ أَمْوَٰلِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ وَمِنَ ٱلَّذِينَ أَشْرَكُوٓا۟ أَذًى كَثِيرًا ۚ وَإِن تَصْبِرُوا۟ وَتَتَّقُوا۟ فَإِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ

തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു. (ഖു൪ആന്‍:2/186)

عَنِ ابْنِ عَبَّاسٍ، أَنَّ عَبْدَ الرَّحْمَنِ بْنَ عَوْفٍ، وَأَصْحَابًا، لَهُ أَتَوُا النَّبِيَّ صلى الله عليه وسلم بِمَكَّةَ فَقَالُوا يَا رَسُولَ اللَّهِ إِنَّا كُنَّا فِي عِزٍّ وَنَحْنُ مُشْرِكُونَ فَلَمَّا آمَنَّا صِرْنَا أَذِلَّةً ‏.‏ فَقَالَ ‏”‏ إِنِّي أُمِرْتُ بِالْعَفْوِ فَلاَ تُقَاتِلُوا ‏”‏ ‏.‏ فَلَمَّا حَوَّلَنَا اللَّهُ إِلَى الْمَدِينَةِ أَمَرَنَا بِالْقِتَالِ فَكَفُّوا فَأَنْزَلَ اللَّهُ عَزَّ وَجَلَّ ‏{‏ أَلَمْ تَرَ إِلَى الَّذِينَ قِيلَ لَهُمْ كُفُّوا أَيْدِيَكُمْ وَأَقِيمُوا الصَّلاَةَ ‏}‏ ‏.‏

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫും അദ്ദേഹത്തിന്റെ ചില കൂട്ടുകാരും ചേര്‍ന്ന് നബി ﷺ യുടെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ മുശ്‌രിക്കുകളായിരുന്ന കാലത്ത് വലിയ പ്രതാപത്തിലായിരുന്നു. എന്നാല്‍ ഞങ്ങള്‍ വിശ്വാസികളായപ്പോള്‍ നിന്ദ്യന്മാരായിത്തീര്‍ന്നിരിക്കുകയാണ്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘മാപ്പ് കൊടുക്കുവാനാണ് ഇപ്പോള്‍ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ ജനതയോട് നിങ്ങള്‍ യുദ്ധം ചെയ്യരുത്.’ പിന്നീട് അവര്‍ മദീനയിലേക്ക് മാറിയപ്പോള്‍ യുദ്ധത്തിനുള്ള കല്‍പന അല്ലാഹു നല്‍കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു ഈ സൂക്തം  അവതരിപ്പിക്കുന്നത്:(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും പ്രാര്‍ഥന മുറപോലെ നിര്‍വഹിക്കുകയും സകാത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? (അന്നിസാഅ്: 77) (നസാഇ: 3086)

രണ്ടാം ഘട്ടം

നബി ﷺ യില്‍ വിശ്വസിച്ച ആളുകള്‍ക്കെതിരില്‍ ക്വുറൈശികള്‍ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കിയിരുന്നു. മതം കൊണ്ട് പരീക്ഷിക്കപ്പെട്ടവരും ശരീരം കൊണ്ട് ശിക്ഷിക്കപ്പെടുന്ന വരുമായിരുന്നു അവര്‍. അതുകൊണ്ട് തന്നെ തന്നെ സ്വന്തം രാജ്യത്ത് നിന്നും മതം സംരക്ഷിക്കുവാന്‍ അവര്‍ ഓടി രക്ഷപ്പെട്ടു. അങ്ങനെയാണ് ചില സ്വഹാബിമാര്‍ അബിസീനിയയിലേക്കും പിന്നീട് മദീനയിലേക്കും ഹിജ്‌റ പോയത്. ക്വുറൈശികള്‍ അല്ലാഹുവിന്റെ കല്‍പനയെ ധിക്കരിക്കുകയും അല്ലാഹുവിന്റെ മതത്തെ അവഗണിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുകയും പ്രവാചകനെ നിഷേധിക്കുകയും ആ പ്രവാചകനെ പിന്‍പറ്റിയ ആളുകളെ ദ്രോഹിക്കുകയും ചെയ്തപ്പോള്‍ അവരുമായി യുദ്ധത്തിനുള്ള കല്‍പന അല്ലാഹു നല്‍കുകയാണ്. മുസ്ലിംകളില്‍ നിന്ന് പീഡിപ്പിക്കപ്പെടുന്ന ആളുകള്‍ക്കുള്ള സുരക്ഷയുടെ മാര്‍ഗം കൂടിയായിരുന്നു ഇത്.

أُذِنَ لِلَّذِينَ يُقَٰتَلُونَ بِأَنَّهُمْ ظُلِمُوا۟ ۚ وَإِنَّ ٱللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ ‎﴿٣٩﴾‏ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِم بِغَيْرِ حَقٍّ إِلَّآ أَن يَقُولُوا۟ رَبُّنَا ٱللَّهُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَٰمِعُ وَبِيَعٌ وَصَلَوَٰتٌ وَمَسَٰجِدُ يُذْكَرُ فِيهَا ٱسْمُ ٱللَّهِ كَثِيرًا ۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ ‎﴿٤٠﴾‏ ٱلَّذِينَ إِن مَّكَّنَّٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَٰقِبَةُ ٱلْأُمُورِ ‎﴿٤١﴾

യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും ക്രിസ്തീയദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത് നല്‍കുകയും സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു. (ഖു൪ആന്‍:22/39-41)

ഏറ്റവും അനുയോജ്യമായ സന്ദര്‍ഭത്തിലാണ് അല്ലാഹു ജിഹാദിനുള്ള അനുമതി നല്‍കുന്നത്. മുസ്‌ലിംകളോട് ക്വുറൈശികള്‍ കാണിച്ചിരുന്ന അന്യായങ്ങളും അക്രമങ്ങളും ഇല്ലായ്മ ചെയ്യല്‍ കൂടിയായിരുന്നു ജിഹാദിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജിഹാദിനുള്ള അനുമതി നല്‍കി എന്നു മാത്രം; അവര്‍ക്കത് നിര്‍ബന്ധമായിരുന്നില്ല.

മൂന്നാം ഘട്ടം

മുസ്‌ലിംകളോട് യുദ്ധം ചെയ്യുവാന്‍ വരുന്ന ആളുകളോട് മാത്രം യുദ്ധം ചെയ്യുവാന്‍ കല്‍പിച്ചു കൊണ്ട് അല്ലാഹു മതവിധി ഇറക്കി.

وَقَٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ

നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. (ഖു൪ആന്‍:2/190)

എന്നാല്‍ നിഷേധികളുടെയും മുശ്‌രിക്കുകളുടെയും ജൂതന്മാരുടെയും കപടന്മാരുടെയും അക്രമങ്ങളും പീഡനങ്ങളും ശക്തി പ്രാപിക്കുകയും മുസ്‌ലിംകളോട് അവര്‍ യുദ്ധം ചെയ്യുവാന്‍ ഒരുങ്ങുകയും ചെയ്തപ്പോള്‍ അതിക്രമികളായ ആളുകളുടെ ശത്രുതയെ തടയാനുള്ള കല്‍പനയും അല്ലാഹു നല്‍കി.

നാലാം ഘട്ടം

മുശ്‌രിക്കുകളോട് പൊതുവായി യുദ്ധം ചെയ്യുവാനുള്ള കല്‍പനയായിരുന്നു നാലാമത്തെ ഘട്ടം.

وَقَٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةً كَمَا يُقَٰتِلُونَكُمْ كَآفَّةً ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:9/36)

ഇതോടു കൂടി അവരെ സംബന്ധിച്ചിടത്തോളം മുശ്‌രിക്കുകളോടുള്ള യുദ്ധം നിര്‍ബന്ധമായി. അതായത്, ആദ്യം യുദ്ധം നിഷിദ്ധമായിരുന്നു. പിന്നീട് അനുവദനീയമായി. ശേഷം ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോട് അങ്ങോട്ട് യുദ്ധം ചെയ്യുവാനുള്ള കല്‍പനയുണ്ടായി. അവസാനം യുദ്ധം ചെയ്യല്‍ നിര്‍ബന്ധം ആകുന്ന കല്‍പനയും ലഭിച്ചു:

فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ‎

അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. (ഖു൪ആന്‍:9/5)

മതം അല്ലാഹുവിന് വേണ്ടിയാവുക, ഫിത്‌നകള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന്റെ ലക്ഷ്യം. അതല്ലാതെ മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യലോ ഭൂമിയില്‍ ഔന്നത്യം നടിക്കലോ സമ്പത്ത് കൊള്ളയടിക്കലോ ദുര്‍ബലരെ ആക്രമിക്കലോ ആയിരുന്നില്ല:

وَقَٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ لِلَّهِ ۖ فَإِنِ ٱنتَهَوْا۟ فَلَا عُدْوَٰنَ إِلَّا عَلَى ٱلظَّٰلِمِينَ

മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല. (ഖു൪ആന്‍:2/193)

ഇസ്‌ലാമില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ പ്രവേശിക്കുവാനുള്ള സ്വാതന്ത്ര്യം തരപ്പെടുത്തിക്കൊടുക്കലായിരുന്നു ജിഹാദിന്റെ മറ്റൊരു ഉന്നതമായ ലക്ഷ്യം. അതില്‍ നിന്നും തടയുന്ന ആരും തന്നെ ഉണ്ടാകുവാന്‍ പാടില്ല. മാത്രവുമല്ല ഇസ്‌ലാമിലേക്ക് ഒരു വ്യക്തി പ്രവേശിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും തടയാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കെതിരെയുള്ള സുരക്ഷിതത്വവും നിര്‍ബന്ധിച്ചുകൊണ്ട് താന്‍ വെറുക്കുന്ന മതത്തിലേക്ക് തന്നെ കൊണ്ടുപോകുന്നതിനെതിരെയുള്ള മാര്‍ഗം കാണലും ജിഹാദിന്റെ ലക്ഷ്യമായിരുന്നു. വിശ്വാസ സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് വകവെച്ചു കൊടുക്കലും ജിഹാദിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതായിരുന്നു:

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ

 പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. (ഖു൪ആന്‍:18/29)

ലോകത്തിന്റെ നാനാ ഭാഗത്തും അല്ലാഹുവിന്റെ ദീന്‍ എത്തിക്കുവാനുള്ള സൗകര്യമൊരുക്കലും ജിഹാദിന്റെ ഉന്നതമായ ലക്ഷ്യങ്ങളില്‍ പെട്ടതാകുന്നു. മനുഷ്യന്റെ ഇഹപര വിജയത്തിനു വേണ്ടിയാണ് അല്ലാഹുവിന്റെ സന്ദേശം അവരിലേക്ക് എത്തിച്ചുകൊടുക്കുന്നത്:

هَٰذَا بَلَٰغٌ لِّلنَّاسِ وَلِيُنذَرُوا۟ بِهِۦ وَلِيَعْلَمُوٓا۟ أَنَّمَا هُوَ إِلَٰهٌ وَٰحِدٌ وَلِيَذَّكَّرَ أُو۟لُوا۟ ٱلْأَلْبَٰبِ

ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം). (ഖു൪ആന്‍:14/52)

വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്നതിന് വേണ്ടിയായിരുന്നു ജിഹാദ്. അതല്ലാതെ നിര്‍ബന്ധിച്ചുകൊണ്ട് ജനങ്ങളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ആയിരുന്നില്ല:

آ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ

മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു …. (ഖു൪ആന്‍:2/256)

ഇസ്‌ലാം കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മതമാണ്. ജിഹാദിന്റെ വ്യത്യസ്തങ്ങളായ ഘട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്നെ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ജിഹാദ് നിര്‍ബന്ധമാകുന്നതിനു മുമ്പ് 14 കൊല്ലത്തോളം യുക്തിദീക്ഷയോടു കൂടിയും സദുപദേശത്തോടെയും അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നബി ﷺ തന്റെ ജീവിതം നയിച്ചത്. ആ കാലഘട്ടത്തില്‍ തന്നെയാണ് ഏറ്റവും ഉത്തമരും പ്രഗത്ഭരുമായിട്ടുള്ള സ്വഹാബികള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *