നമ്മുടെ നാടുകളിൽ ഈ അടുത്ത കാലത്തായി വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ആഘോഷമാണ് ജീലാനി ദിനം. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനിയുടെ(റഹി) മരണ ദിനമാണ് ജീലാനി ദിനമായി ആളുകള്‍ ആചരിക്കുന്നത്. അദ്ദേഹം മരണപ്പെട്ട ദിവസം ആളുകള്‍ അദ്ദഹത്തെ സ്മരിക്കുന്നു. അതേപോലെ മുഹ്‌യിദ്ദീന്‍ റാത്തീബ് പാരായണം ചെയ്യുന്നു. അതോടൊപ്പം ശൈഖ് ജീലാനിയെ പുകഴ്ത്തുകയാണെന്നും പറഞ്ഞ് ഖുതുബിയത്ത്, മുഹിയുദ്ദീന്‍ മൌലിദ് തുടങ്ങിയ ഗദ്യപദ്യങ്ങള്‍ പാരായണം ചെയ്യുന്നു. ഇതിന്റെ ഇസ്ലാമിക വിധി എന്താണ് ? ഇസ്ലാമില്‍ ജീലാനി ദിനം എന്ന പേരില്‍ ആചാരമുണ്ടോ?
ആരാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി ?
ഹിജ്‌റ അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ ജീവിച്ച പ്രമുഖ സമുദായ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി. ഹിജ്‌റ 470 (AD 1077)റബീഉല്‍ ആഖിറില്‍ ഇറാഖിലെ ജീലാനില്‍ (ഗീലാന്‍) ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.
വിജ്ഞാന സമ്പാദനത്തിനായി പതിനെട്ടാം വയസ്സില്‍ അദ്ദേഹം ബാഗ്ദാദിലെത്തി. ശിയാക്കള്‍, മുഅ്തസിലികള്‍ തുടങ്ങിയ ബിദഈ കക്ഷികളാല്‍ സംഘര്‍ഷഭരിതമായിരുന്നു അന്ന് ബഗ്ദാദ്. എങ്കിലും സൌകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി അന്നത്തെ പ്രഗത്ഭരായ പണ്ഡിതന്മാരില്‍ നിന്നും ഇമാമുകളില്‍ നിന്നും കഴിയുന്നത്ര വിജ്ഞാനം കരസ്ഥമാക്കി.
അജ്ഞതയിലും അന്ധവിശ്വാസത്തിലും മുഴുകിയ ജനങ്ങള്‍ ഇസ്ലാമിന്റെ സത്യപാതയില്‍ നിന്നും തൌഹീദില്‍ നിന്നും അകന്നകന്ന് പൊയ്കൊണ്ടിരുന്ന കാഴ്ച്ച അദ്ദേഹത്തെ വളരെയധികം ദുഃഖിപ്പിച്ചു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി തൌഹീദില്‍ നിന്നും സുന്നത്തില്‍ നിന്നും വ്യതിചലിച്ച് ശിര്‍ക്കും ബിദ്അത്തും ആചരിച്ച് അനുഷ്ഠിച്ച് വന്നിരുന്ന മുസ്ലിംകളെ യഥാര്‍ത്ഥ വിശ്വാസികളും തൌഹീദില്‍ അടിയുറച്ചവരുമാക്കിത്തീര്‍ക്കുന്നതിനും അമുസ്ലിംകള്‍ക്ക് ഇസ്ലാം എത്തിച്ച് കൊടുക്കുന്നതിനും വേണ്ടി അദ്ദേഹം ആളുകളിലേക്കിറങ്ങി. ശ്രോതാക്കളുടെ ആധിക്യം കാരണം അദ്ദേഹത്തിന്റെ പാഠശാല വലിയ മൈതാനിയിലേക്ക് മാറ്റി. പതിനായിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തടിച്ചുകൂടി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കഴിയുമ്പോഴേക്കും അനേകം ആളുകള്‍ ഇസ്ലാം സ്വീകരിക്കുമായിരുന്നു. അനേകായിരങ്ങള്‍ ശി൪ക്കും ബിദ്അത്തും ഒഴിഞ്ഞ് തൌഹീദിന്റേയും സുന്നത്തിന്റേയും പാത സ്വീകരിച്ചു. ധാരാളം പേ൪ അസാന്‍മാ൪ഗ്ഗിക ജീവിതം വെടിഞ്ഞ് സന്മാര്‍ഗപാത വരിക്കുകയും ചെയ്തു. അങ്ങനെയാണ് ‘മുഹ്‌യിദ്ദീന്‍’ (ദീനിനെ പുനരുജ്ജീവിപ്പിച്ചവന്‍) എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടത്.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: അഹ്‌ലുസ്സുന്നയുടെ മുൻഗാമികളിൽ പെട്ട മഹാനായ പണ്ഡിതനാണ് അബ്ദുൽ ക്വാദിർ ജീലാനി. ഹംബലി മദ്ഹബിലെ കർമ്മശാസ്ത്ര പണ്ഡിതന്മാരിൽ ഒരാൾ കൂടിയാണദ്ദേഹം. ഹംബലി മദ്ഹബിൽ, അദ്ദേഹത്തിന് ‘ഗുൻയ്യ’ (الغنية) എന്ന പേരിൽ ഒരു ഗ്രന്ഥവുമുണ്ട്. ദുനിയാവിനോട് വിരക്തിയുള്ളവനും തക്‌വയുള്ളവനുമാണ് അദ്ദേഹം. സൂഫിയാക്കൾ അദ്ദേഹത്തിന്റെ പേരിൽ കെട്ടിച്ചമച്ച കളവാണ് ക്വാദിരിയ്യ ത്വരീക്വത്ത്. അബ്ദുൽ ക്വാദിർ ജീലാനി (റഹി) ക്വാദിരിയ്യ ത്വരീക്വത്തിൽ നിന്ന് പൂർണമായും ഒഴിവാണ്. അതുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനും തിരുനബിയുടെ ചര്യയും മുറുകെ പിടിക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ശി൪ക്കിനെതിരിലും മതത്തില്‍ കടന്നുകൂടിയ അനാചാരങ്ങള്‍ക്കെതിരിലും ശക്തമായി പടപൊരുതുകയും ചെയ്ത ധീരനായ പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്ന ‘മുഹ്‌യിദ്ദീന്‍ ശൈഖ്’ എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുല്‍ ഖാദിര്‍ ജീലാനി(റഹി) ഹിജ്റ 561-ല്‍ റബിഉല്‍ ആഖിര്‍ റബിഉല്‍ ആഖര്‍ 11 ന് ഇഹലോകവാസം വെടിഞ്ഞു.
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ സ്ഥാനം ഇസ്ലാമില്‍
ശൈഖ് ജീലാനിയെ പോലുള്ള മഹാന്‍മാരായ പണ്ഢിതന്‍മാരും നവോത്ഥാന നായകരും കാലാകാലങ്ങളില്‍ ഈ ഉമ്മത്തില്‍ ഉണ്ടായിട്ടുണ്ട്. ഓരോരുത്ത൪ക്കും അവരുടെ ഈമാനിന്റേയും തഖ്വയുടേയും അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതമായ സ്ഥാനം ഉണ്ടായിരിക്കും. എന്നാല്‍ നബി(സ്വ) കഴിഞ്ഞാല്‍ ഈ ഉമ്മത്തിലെ മഹാന്‍മാ൪ സ്വഹാബികളാണ്. മറ്റുള്ളവരെല്ലാം സ്വഹാബികള്‍ക്ക് താഴെമാത്രം സ്ഥാനമുള്ളവരാണ്. സ്വഹാബികളില്‍ തന്നെ ഏറ്റവും ശ്രേഷ്ടന്‍ അബൂബക്ക൪(റ) ആണ്. അഥവാ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റഹി) മഹാനാണെങ്കിലും അദ്ദേഹത്തിന് ഒരിക്കലും അബൂബക്ക൪ സിദ്ദീഖിന്(റ) മേലെ ഒരു സ്ഥാനവും കല്‍പ്പിച്ച് കൊടുക്കാന്‍ പാടില്ല.
ഇസ്ലാമില്‍ മരണദിനം ആചരിക്കാമോ ?
ഇസ്ലാമില്‍ ആരുടേയും മരണദിനം ആചരിക്കുന്നതിന് യാതൊരു തെളിവുമില്ല. നബി(സ്വ) ഏതെങ്കിലും മുന്‍ കഴിഞ്ഞുപോയ പ്രവാചകന്റെ മരണദിനം ആചരിച്ചിട്ടില്ല. നബിയുടെ വഫാത്തിന്റെ വ൪ഷികമൊന്നും സ്വഹാബത്ത് ആചരിച്ചിട്ടില്ല. കാരണം നബി(സ്വ) അത്തരം ആചാരങ്ങള്‍ പഠിപ്പിച്ചിട്ടില്ല. മഹാന്‍മാരുടെ മരണദിനം ആചരിക്കുന്ന ഏ൪പ്പാട് ശിയാക്കളില്‍ നിന്നാണ് മുസ്ലിം സമുദായത്തിലേക്ക് കടന്നു വന്നിട്ടുള്ളത്.
ജീലാനി ദിനം പുതിയ ആചാരങ്ങളില്‍ പെട്ടതാണോ?
ജീലാനി ദിനം ആചരിക്കുന്നവ൪ തന്നെയും അത് പുത്തനാചരമാണെന്ന് അംഗീകരിക്കുന്നുണ്ട്. കാരണം ഹിജ്റ 561 ലാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണദിനം ആചരിക്കുന്നത് അതിന് ശേഷമാണല്ലോ. അതുകൊണ്ടുതന്നെ ഇത് പുതിയ ആചാരങ്ങളില്‍ പെട്ടതാണെന്ന് നിസ്സംശയം മനസ്സിലാക്കാം. മാത്രമല്ല, നബി(സ്വ) ഉത്തമ തലമുറയെന്ന് വിശേഷിപ്പിച്ച സമൂഹത്തിന്റെ കാലവും കഴിഞ്ഞ് രണ്ട് നൂറ്റാണ്ടിന് ശേഷമാണ് മുഹിയുദ്ദീന്‍ ശൈഖ് ജനിക്കുന്നത് തന്നെ.
عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ
അബ്ദില്ലയില്‍ നിന്ന് നിവേദനം:നബി (സ്വ) പറഞ്ഞു:ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍.(മുസ്ലിം:2533)
നബിക്ക്(സ്വ) ശേഷം മതത്തില്‍ പുതിയ ആചാരങ്ങള്‍ കൊണ്ടുവരാമോ?
ٱﻟْﻴَﻮْﻡَ ﺃَﻛْﻤَﻠْﺖُ ﻟَﻜُﻢْ ﺩِﻳﻨَﻜُﻢْ ﻭَﺃَﺗْﻤَﻤْﺖُ ﻋَﻠَﻴْﻜُﻢْ ﻧِﻌْﻤَﺘِﻰ ﻭَﺭَﺿِﻴﺖُ ﻟَﻜُﻢُ ٱﻹِْﺳْﻠَٰﻢَ ﺩِﻳﻨًﺎ ۚ
…. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. ……(ഖു൪ആന്‍ :5/3)
عن ابن عباس قوله : ( اليوم أكملت لكم دينكم ) وهو الإسلام ، أخبر الله نبيه صلى الله عليه وسلم والمؤمنين أنه أكمل لهم الإيمان ، فلا يحتاجون إلى زيادة أبدا ، وقد أتمه الله فلا ينقصه أبدا ، وقد رضيه الله فلا يسخطه أبدا .
ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”ഇത് ഇസ്‌ലാമാണ്. നിശ്ചയം നബിﷺക്കും വിശ്വാസികള്‍ക്കും അല്ലാഹു ഈമാനിനെ (സത്യവിശ്വാസത്തെ) അതിലേക്കൊന്നും കൂട്ടിച്ചേര്‍ക്കലാവശ്യമില്ലാത്ത വിധം പൂര്‍ത്തിയാക്കി. അതില്‍ നിന്ന് ഒന്നും കുറച്ചുകളയാനില്ലാത്ത വിധം അല്ലാഹു അതിനെ പരിപൂര്‍ണമാക്കി. അതിനെ ഒരിക്കലും വെറുക്കാന്‍ പാടില്ലാത്ത വിധം അല്ലാഹു തൃപ്തിപ്പെട്ടു” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍, വാള്യം 2, പേജ്, 18).
നബിﷺയുടെ അവസാന കാലത്ത് അവതരിച്ച വിശുദ്ധ ഖു൪ആനിലെ ആയത്താണിത്. ഈ വചനം അവതരിച്ചതിന് ശേഷം ഏതാനും ചില ആയത്തുകള്‍ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീട് അവതരിക്കുകയുണ്ടായിട്ടില്ല. അല്ലാഹു അവന്റെ മതത്തെ – ഇസ്ലാമിനെ – പൂര്‍ത്തിയാക്കിയിട്ടുള്ള കാര്യമാണ് ഇതിലൂടെ അറിയിക്കുന്നത്. അഥവാ മതത്തില്‍ ആവശ്യമായ സര്‍വ്വ നിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും നല്‍കി കഴിഞ്ഞിരിക്കുന്നു. അതില്‍ ഇനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ലെന്ന് ചുരുക്കം.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إنَّهُ ليس شيءٌ يُقَرِّبُكُمْ إلى الجنةِ إلَّا قد أَمَرْتُكُمْ بهِ ، و ليس شيءٌ يُقَرِّبُكُمْ إلى النارِ إِلَّا قد نَهَيْتُكُمْ عنهُ
അബ്ദില്ലാഹിബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞുതരാതെ പോയിട്ടില്ല. (സിൽസിലത്തു സ്വഹീഹ)
قال امام مالك : من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا
ഇമാം മാലിക് (റഹി) പഞ്ഞു:ആരെങ്കിലും മതത്തില്‍ പുതുതായി ഒരു കാര്യം ഉണ്ടാക്കുകയും അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താല്‍ അവന്‍ മുഹമ്മദ് നബി ﷺ ദൌത്യ നിര്‍വഹണത്തില്‍ വഞ്ചന കാണിച്ചുവെന്ന് വാദിക്കുന്നവനാണ്. കാരണം അല്ലാഹു പറയുന്നു:’ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു’.അന്ന് ദീനല്ലാത്തത് എന്തൊക്കെയാണോ അത് ഇന്നും ദീനില്‍ ഇല്ലാത്തതാണ്. (അല്‍ ഇഅതിസ്വാം)
മേല്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നും ചുരുക്കി ഇപ്രകാരം മനസ്സിലാക്കാം.
- ദീനുല്‍ ഇസ്ലാമിന്റെ പൂ൪ത്തീകരണത്തിന് ശേഷമാണ് നബി ﷺ വഫാത്തായിട്ടുള്ളത്.
ദീനുല്‍ ഇസ്ലാമില്‍ ഇനി എന്തെങ്കിലും കൂട്ടിച്ചേ൪ക്കുകയോ അതില്‍ നിന്നും എന്തെങ്കിലും എടുത്തുമാറ്റുകയോ വേണ്ടതില്ല. - അല്ലാഹുവില്‍ നിന്നും ലഭിച്ചിട്ടുള്ള എല്ലാ സന്ദേശങ്ങളും നബി ﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.
നബിﷺയുടെ കാലത്ത് എന്തെല്ലാം ദീനാണോ അതെല്ലാം ഇന്നും ദീനാണ്. നബിﷺയുടെ കാലത്ത് എന്തെല്ലാം ദീന്‍ അല്ലയോ അതെല്ലാം ഇന്നും ദീനല്ല. - ദീനിലേക്ക് എന്തെങ്കിലും പുതുതായി കൂട്ടിച്ചേ൪ത്ത് അത് നല്ലതാണെന്ന് വാദിക്കുന്ന പക്ഷം,നബി ﷺ തന്റെ ദൌത്യ നിര്‍വഹണത്തില്‍ വഞ്ചന കാണിച്ചുവെന്നാണ് അവന്‍ പറയാതെ പറയുന്നത്. കാരണം ഈ നല്ല കാര്യംനബി ﷺ നമുക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ എന്നാണ് അങ്ങനെ പറയുന്നതിലൂടെ സംഭവിക്കുന്നത്.
ഈ തത്വം മുന്നില്‍ വെച്ചുവേണം ജീലാനിദിനം ആചരിക്കുന്നതിന്റെ ഇസ്ലാമികമായ മാനം നാം മനസ്സിലാക്കേണ്ടത്.നബിയുടെ(സ്വ) കാലശേഷം മതത്തില്‍ ആ൪ക്കും പുതുതായി ഒരു ആചാരവും ക൪മ്മവും ഉണ്ടാക്കാന്‍ പാടില്ലെങ്കില്‍ ജീലാനി ദിനത്തിന് ഇസ്ലാമില്‍ യാതൊരു സ്ഥാനാവും ഇല്ലെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
അതുകൊണ്ട് തന്നെ ജീലാനി ദീനം അടിസ്ഥാനപരമായി ബിദ്അത്താണ് അഥവാ കുറ്റകരമായ പുത്തനാചാരമാണ്. അത് ഒഴിവാക്കേണ്ടതാണ്. അത്തരം ചടങ്ങുകളില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതാണ്.
وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
നബി(സ്വ)പറഞ്ഞു: (മതത്തില്‍ ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴി കേടുമാണ്. (അബൂദാവൂദ് :4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി:2697)
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നബി(സ്വ) പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ ” صَبَّحَكُمْ وَمَسَّاكُمْ ” . وَيَقُولُ ” بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ” . وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ ” أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ”
ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ഖുതുബ നി൪വ്വഹിക്കുമ്പോള്‍ അവിടുത്തെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സേനാ നായകനെപ്പോലെ………….. അവിടുന്ന് (ഖുതുബകളില്‍ ഇപ്രകാരം) പറയാറുണ്ട് : നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്. (മുസ്ലിം:867)
عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ
അനസ് ബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു, അവന്‍ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ. (ത്വബ്റാനി)
പരലോകത്ത് ദാഹാർത്ഥനായി എത്തുമ്പോള്‍ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി തിരുനബിയുടെ(സ്വ) കൈയ്യില്‍ നിന്ന് ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാല്‍ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതില്‍ നിന്ന് കുടിക്കാന്‍ കഴിയില്ല. അവരുടെയും നബിയുടേയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്.
فَأَقُولُ إِنَّهُمْ مِنِّي. فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ. فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي
അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരെപ്പോകൂ ദൂരെപ്പോകൂ. (ബുഖാരി:6584)
ബിദ്അത്തുകാ൪ക്ക് ഹൌളില്‍ നിന്ന് കുടിക്കാന്‍ ലഭിക്കാത്തതിന്റെ കാരണം മതത്തില്‍ നബി(സ്വ) പഠിപ്പിക്കാത്ത പുതിയ കാര്യങ്ങള്‍ അനുഷ്ഠിച്ചതാണ്. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോള്‍ നബിയുടെ(സ്വ) പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.
أَصْدَقَ الْحَدِيثِ كِتَابُ اللَّهِ وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ
നബി(സ്വ) പറഞ്ഞു: നിശ്ചയം, സത്യസന്ധമായ സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.(ബിദ്അത്താകുന്ന) എല്ലാ വഴികേടുകളും നരകത്തിലാണ്. (നസാഇ:1578)
ഇതിന്റെ ഗൌരവപരമായ മറ്റൊരു വശം ഇന്ന് പൌരോഹിത്യം ജീലാനി ദിനത്തിന്റെ പേരില്‍ ശി൪ക്കാണ് പ്രചരിപ്പിക്കുന്നത്. ജീലാനി ദിനം ആചരിച്ച് കഴിഞ്ഞാല്‍ അതുവഴി മുഹ്‌യിദ്ദീന്‍ ശൈഖില്‍ നിന്ന് സഹായം പ്രതീക്ഷിക്കാമെന്ന് പൌരോഹിത്യം സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അങ്ങ് ഇറാഖിലെ ബാഗ്ദാദില്‍ ഖബറടക്കം ചെയ്തിട്ടുള്ള മുഹ്’യുദ്ദീന്‍ ശൈഖില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും സഹായം പ്രതീക്ഷിക്കുന്നുവെങ്കില്‍ അത് അഭൌതികമായ കാര്യകാരണത്തിനധീതമായ രീതിയിലാണ്. അത്തരം സഹായങ്ങള്‍ അല്ലാഹുവില്‍ നിന്ന് മാത്രമാണ് പ്രതീക്ഷിക്കാന്‍ പാടുള്ളതും അവനോട് മാത്രമാണ് തേടേണ്ടതും. അഭൌതികമായ കാര്യകാരണത്തിനധീതമായ സഹായങ്ങള്‍ അല്ലാഹുവല്ലാത്തവരോട് തേടിയാല്‍ അത് ശി൪ക്കാണ്. അതുവഴി അവന്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോകുന്നു.
മുഹ്‌യിദ്ദീന്‍ ശൈയ്ഖിനെ വിളിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടോ?
അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ എവിടെയും അദ്ദേഹത്തെ വിളിച്ചു തേടാനോ എനിക്ക് ഇന്നിന്ന കഴിവുകളുണ്ടെന്നോ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല.മാത്രമല്ല അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടം ( ഇസ്തിഗാസ ) അത് ശിര്‍ക്കാണെന്ന് പഠിപ്പിക്കുകയും അല്ലാഹുവിനോട് മാത്രമേ ഇസ്തിഗാസ ചെയ്യാവൂ എന്ന് പഠിപ്പിക്കുകയും അതനസുരിച്ച് ജീവിക്കുകയും ചെയ്ത മഹാ പണ്ഡിതനാണ് അദ്ദേഹം .അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ അത് മനസ്സിലാക്കാം.
فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل
വിപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആരോടും നീ ആവലാതിപ്പെടരുത്. നിന്റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്റെയുള്ളില്‍ നിന്റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്. അല്ലാഹുവിന്റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്. നിന്റെ ദുനിയാവിലെക്കും ആഖിറത്തിലെക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക. നിന്‍റെ സൗഖ്യത്തിന്റെ കാര്യത്തില്‍ അവന്‍റെ സൃഷ്ടികളില്‍പെട്ട ഒരുത്തനിലേക്കും നിന്‍റെ തീരുമാനം പോകരുത്. അത് നിന്നില്‍ നിന്നുള്ള ശിര്‍ക്കാണ്. അല്ലാഹുവിന്റെ അധികാരത്തില്‍ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല. അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കല്‍, കൊണ്ടുവരല്‍, രോഗം നല്‍കല്‍, സുഖപ്പെടുത്തല്‍, എന്നിവ ചെയ്യാന്‍ ആര്‍ക്കും തന്നെ സാധ്യമല്ല. അതിനാല്‍ സൃഷ്ടികളുമായി ബാഹ്യമായോ, ആന്തരികമായോ, നീ വ്യാപ്രൃതനാകരുത്. അല്ലാഹുവില്‍ നിന്നും, അവര്‍ നിനക്ക് ഒന്നിനും ഉപകരിക്കുകയില്ല. അതിനാല്‍ അല്ലാഹുവിന്റെ പ്രവര്‍ത്തിയില്‍ നിന്നുള്ള ക്ഷമയെയും, ത്രിപ്തിയെയും, ഋജുവായതിനെയും, നാശത്തെയും നീ കൈകൊള്ളുക. അപ്പോള്‍ തീര്‍ച്ചയായും സൃഷ്ടികളുമായി വ്യാപ്രൃതമാകുന്ന അത്തരം എല്ലാ കാര്യങ്ങളെയും നീ നിഷിദ്ധമാക്കുക . നീ അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ ചെയ്യക. ( ഫുതുഹുല്‍ ഗൈബ് : അദ്ധ്യായം – 59 )
كيف تقول لا إله إلا الله وفي قلبك كم إله، كل شيء تعتمد عليه وتثق به دون الله فهو صنمك، لا ينفعك توحيد اللسان مع شرك القلب
അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല എന്ന് നീ എങ്ങനെ പറയും ? നിന്റെ ഹൃദയത്തില്‍ എത്ര ഇലാഹുകളാണുള്ളത്? അല്ലാഹു അല്ലാതെ നീ അവലംബിക്കുന്ന ,നീ വിശ്വാസമര്‍പ്പിക്കുന്ന മുഴുവന്‍ വസ്തുക്കളും നിന്‍റെ വിഗ്രഹങ്ങളാണ്. ഹൃദയത്തില്‍ ശിര്‍ക്ക് വെച്ച് കൊണ്ട് നാവു കൊണ്ട് നീ തൌഹീദ് പറഞ്ഞാല്‍ അത് നിനക്ക് ഉപകരിക്കുകയില്ല. (മുഹ്‌യിദ്ദീന്‍ ശൈഖ് : ഫത്ഹു റബ്ബാനി : അദ്ധ്യായം 38 : പേജ് : 155 )
ശൈഖ് അബ്ദുൾ ഖാദിർ ജീലാനി(റഹി) തന്റെ മകൻ അബ്ദുറസാഖിനോട് പറഞ്ഞു:
وكل الحوائج كلها الى الله عز وجل, واطلبها منها, ولا تثق بأحد سوى الله عز وجل, ولا تعتمد الا عليه.
التوحيد.. التوحيد.. التوحيد وجماعة الكل التوحيد.
അല്ലാഹുവിലേക്ക് മുഴുവൻ കാര്യങ്ങളും നീ ഭരമേൽപ്പിക്കണം, അവ നീ അവനിൽ മാത്രം തേടണം. അല്ലാഹുവല്ലാത്ത ആരിലും നീ വിശ്വാസമർപ്പിക്കരുത്, അവനെയല്ലാതെ ആരെയും നീ അവലംബമായി സ്വീകരിക്കുകയും അരുത്. തൗഹീദ്.. തൗഹീദ്.. തൗഹീദ്, എല്ലാറ്റിന്റെയും സംഗമം തൗഹീദ് ആകുന്നു. (ഫത്ഹു റബ്ബാനി)
يا من يشكو إلى الخلق مصائبه إيش ينفعك شكواك إلى الخلق لا ينفعونك ولا يضرونك ، وإذا اعتمدت عليهم وأشركت في باب الحق يبعدونك وفي سخطه يوقعونك وعنه يحجبونك أنت يا جاهل تدعي العلم من جملة جهلك بشكواك إلى الخلق
പ്രയാസപ്പെടുന്ന സമയത്ത് സൃഷ്ടികളോട് ആവലാതിപ്പെടുന്നവനേ, സൃഷ്ടികളോട് ആവലാതിപെട്ടിട്ട് നിനക്കവരില്‍ നിന്ന് എന്ത് പ്രയോജനമാണ് കിട്ടാന്‍ പോകുന്നത് ? അവര്‍ നിനക്ക് ഒരു ഉപകാരവും ചെയ്യുകയില്ല, അവര്‍ നിനക്ക് ഒരു ഉപദ്രവവും ചെയ്യുകയില്ല. നീ അവരെ അവലംബമാക്കുകയും അല്ലാഹുവില്‍ ശിര്‍ക്ക് വെക്കുകയും ചെയ്‌താല്‍ അവര്‍ നിന്നെ വിദൂരമാക്കുകയാണ് ചെയ്യുക. അലാഹുവിന് നിന്നോടുള്ള കോപത്തില്‍ അവര്‍ നിന്നെ ചാടിക്കുകയും ചയ്യും . അല്ലാഹുവിനെ തൊട്ട് നിന്നെ മറയിടീക്കുകയും ചെയ്യും. വിവരമില്ലാത്തവനേ, നിനക്ക് വിവരമുണ്ടെന്ന് നീ വാധിക്കുന്നുവോ? നിന്റെ വിവരമില്ലായ്മയുടെ ആകെ തുകയാണ് നിന്റെ ആവശ്യങ്ങള്‍ക്ക് അലാഹു അല്ലാത്തവരിലേക്ക് തേടുകഎന്നതും, നിന്‍റെ പ്രായസത്തില്‍ നിന്ന് രക്ഷ കിട്ടുവാന്‍ വേണ്ടി നീ സൃഷ്ടികളോട് ആവലാതിപ്പെടുക എന്നതും.( മുഹ്‌യിദ്ദീന്‍ ശൈഖ് : ഫത്ഹു റബ്ബാനി : അദ്ധ്യായം 26 : പേജ് : 117)
ويلك! ماتستحي تطلب من غير الله عزوجل وهو أقرب إليك من غيره
നിനക്ക് നാശം. മറ്റുള്ളവരേക്കാള്‍ നിന്നിലെക്ക് ഏറ്റവും അടുത്തു നില്‍ക്കുന്ന (അല്ലാഹുവിനെ കയ്യൊഴിഞ്ഞു) സർവ്വശക്തനായ അള്ളാഹു അല്ലാത്തവരില്‍ നിന്ന് തേടാന്‍ നിനക്ക് ലജ്ജയില്ലേ, ഫത്ഹു റബ്ബാനി : പേജ് : 159 )
ചില മഹല്ലുകളില്‍ ശൈഖ് ജീലാനിയില്‍ നിന്ന് അഭൌതികമായ കാര്യകാരണത്തിനധീതമായ സഹായമൊന്നും പ്രതീക്ഷിക്കാതെ അത്തരം വിശ്വാസമില്ലാതെ ജീലാനി ദിനം ആചരിക്കുന്നതായും കാണും. അവ൪ മുഹിയിദ്ദീന്‍ റാത്തീബ് പാരായണം ചെയ്ത് ഭക്ഷണം കഴിച്ച് പിരിയും. എങ്കില്‍ തന്നെയും ഇത്തരം ഒരു ആചാരം ബിദ്അത്താണ്. കാരണം ആദ്യ അഞ്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം വന്ന് ഒരു ആചാരമാണിത്. ബിദ്അത്തിന്റെ ഗൌരവം മേല്‍ വിവരിച്ചിട്ടുണ്ട്.
മുഹ്‌യിദ്ദീന്‍ റാത്തീബ് ഇസ്ലാമികമോ?
നബി(സ്വ) നമുക്ക് മുഹ്‌യിദ്ദീന്‍ റാത്തീബ് പഠിപ്പിച്ച് തന്നിട്ടില്ലെന്ന് വ്യക്തമാണ്. കാരണം നബിയുടെ(സ്വ) വഫാത്ത് കഴിഞ്ഞ് നാല് നൂറ്റാണ്ടിന് ശേഷമാണ് മുഹ്‌യിദ്ദീന്‍ ശൈഖ്(റഹി) ജനിക്കുന്നത്. വിശുദ്ധ ഖു൪ആനിലെ ധാരാളം ആയത്തുകള്‍ മുഹ്‌യിദ്ദീന്‍ റാത്തീബില്‍ ഉണ്ടെന്നുള്ളത് ശരിയാണ്. വിശുദ്ധ ഖു൪ആനിലെ ഒരു അക്ഷരം പാരായണം ചെയ്താല്‍ പത്ത് നന്‍മകള്‍ ലഭിക്കുമെന്ന് നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അതേപോലെ വിശുദ്ധ ഖു൪ആനിലെ ചില സൂറത്തുകളും ആയത്തുകളും പ്രത്യകം പാരായണം ചെയ്താല്‍ പ്രത്യേകം പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. ആ പ്രതിഫലം ലഭിക്കണമെങ്കില്‍ അത്തരം സൂറത്തുകളും ആയത്തുകളും നബി(സ്വ) പഠിപ്പിച്ച് തന്ന സമയത്ത് തന്നെ പാരായണം ചെയ്യണം. ഉദാഹരണത്തിന് എല്ലാ ഫ൪ള് നമസ്കാരത്തിന് ശേഷം ആയത്തുല്‍ ഖു൪സിയ്യ് പാരായണം ചെയ്താല്‍ സ്വ൪ഗ്ഗം ലഭിക്കും. ഖബ്റ് ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ നബി(സ്വ) നമുക്ക് എല്ലാ രാത്രിയിലും സൂറത്തുല്‍ മുല്‍ക്ക് പാരായണം ചെയ്യാന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇവിടെയെല്ലാം നബി(സ്വ) പറഞ്ഞ് തന്നതുപോലെ അതേ സൂറത്തുകളും ആയത്തുകളും അതേ സമയത്ത് തന്നെ പാരായണം ചെയ്യണം. എന്നാല്‍ നാം സ്വന്തമായിട്ട് ചില ആയത്തുകളും ദിക്റുകളും എഴുതി ഉണ്ടാക്കി അത് ഇന്ന സമയത്ത് പാരായണം ചെയ്താല്‍ ഇന്ന പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞാല്‍ അത് മതത്തിലെ പുതിയ ആചാരമാണ്. അതുവഴി നരകത്തിലാണ് എത്തിപ്പെടുക.
ഇസ്ലാമില്‍ ഹാ ഹീ ഹു ദിക്റോ
ജീലാനി ദിനത്തിന്റെ ഭാഗമായി നടത്തുന്ന മുഹ്‌യിദ്ദീന്‍ റാത്തീബില്‍ ഹാ – ഹീ – ഹു – ഹയ്യ് എന്നി ദിക്റ് ചെയ്യുന്നതായി കാണാം. ഇതുമുഖേനെ അല്ലാഹുവിനെ സ്മരിക്കുന്നുവെന്നാണ് ഇക്കൂട്ട൪ അവകാശപ്പെടുന്നത്. ലാ ഇലാഹ എന്നതിന്റെ ചുരുക്കമാണ് ഹ എന്നും ഇല്ലല്ലാഹു എന്നതിന്റെ ചുരുക്കമാണ് ഹു എന്നുമൊക്കെ ഇവ൪ ന്യായം പറയുന്നു. അല്ലാഹുവിലേക്ക് അടുത്ത മഹാന്‍മാ൪ ഇങ്ങനെയെല്ലാം ചെയ്തതായും പഠിപ്പിച്ചതായും അവ൪ ആളുകള്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നു. അല്ലാഹുവിനെ എങ്ങനെയാണ് സ്മരിക്കുന്നതെന്നും ദിക്റിന്റെ പദങ്ങള്‍ ഏതൊക്കെയാണെന്നും നമുക്ക് പഠിപ്പിച്ചു തന്ന ഏറ്റവും വലിയ മഹാനായ നബിയോ(സ്വ) നബിയില്‍ നിന്ന് ദീന്‍ മനസ്സിലാക്കിയ സ്വഹാബത്തോ ഹാ – ഹീ – ഹു – ഹയ്യ് എന്നി ദിക്റ് നമുക്ക് പഠിപ്പിച്ച് തന്നിട്ടില്ല.
عَنْ أَبِي، سَعِيدٍ الْخُدْرِيِّ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَقِّنُوا مَوْتَاكُمْ لاَ إِلَهَ إِلاَّ اللَّهُ
അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു:നിങ്ങളിൽ മരണാസന്നരായവർക്ക് നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലിക്കൊടുക്കുക…{മുസ്‌ലിം: 916
عَنْ مُعَاذِ بْنِ جَبَلٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ كَانَ آخِرُ كَلاَمِهِ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ
മുആദ് ബ്നു ജബൽ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:….ഒരാളുടെ അവസാന വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നാണെങ്കില്‍ എന്നെങ്കിലും ഒരിക്കല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും ……. (അബൂദാവൂദ്:3116- സ്വഹീഹ് അല്‍ബാനി)
അതേപോലെ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്ന് ആത്മാ൪ത്ഥമായി പറയുകയും അതനുസരിച്ച് പ്രവ൪ത്തിക്കുകയും ചെയ്യുന്നവന് സ്വ൪ഗ്ഗമുണ്ടെന്ന് നബി(സ്വ) നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. ഇവിടെയെല്ലാം നബി(സ്വ) ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്ന്തന്നെ ചൊല്ലാനാണ് നി൪ദ്ദേശിച്ചിട്ടുള്ളത്. അല്ലാതെ ഹാ – ഹീ- ഹു എന്നൊന്നുമല്ല.
പില്‍ക്കാലങ്ങളില്‍ ശൈത്വാന്റെ സ്വാധീനത്താല്‍ പലരും പല കിത്താബുകളിലും പലതും എഴുതി വെച്ചിട്ടുണ്ട്. സത്യവിശ്വാസികള്‍ അത്തരം കെണിയില്‍ ചെന്ന് വീഴാന്‍ പാടില്ല.
ശൈഖ് ജീലാനയിടെ പേരില്‍ പില്‍ക്കാലത്ത് കെട്ടി ഉണ്ടാക്കിയ ഗ്രന്ഥത്തിലെ അപകടങ്ങള്‍
ഖുതുബിയത്ത്
തമിഴ് നാട്ടിലെ കായല്‍പട്ടണത്ത് കാരനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി രചിച്ച ശൈഖ് ജീലാനിയെ കുറിച്ചുള്ള കാവ്യമാണ് ഖുതുബിയ്യത്ത്. അതിലെ പല വരികളും അനിസ്ലാമികവും ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുന്ന ആശയമുള്ളതുമാണ്,
1.മഴ പെയ്യിക്കുന്നത് മുഹ്‌യിദ്ദീന്‍ ശൈഖാണെന്ന് പറയുന്നു
يَاقُطْبَ اَهْلِ السَّمَا وَالْاَرْضِ غَوْثَهُمَا ، يَافَيْضَ عَيْنَيْ وُجُوْدَيْهِمْ وَغَيْثَهُمَا
(ആകാശ ഭൂമി നിവാസികളുടെ ഖുതുബും (കേന്ദ്ര ബിന്ദു) ഗൌസുമായവരെ, വാനലോകത്തും ഭൂമിയിലുള്ളവ൪ക്കും ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനവ൪കളെ (മുഹിയിദ്ദീന്‍ ശൈഖേ) ( ഖുതുബിയ്യത് – പദാനുപദ പരിഭാഷയും വിഷദീകരണവും.-അബ്ദുസ്സമദ് ഫൈസി – പേജ് 29)
മഴ പെയ്യിക്കുന്നത് അല്ലാഹുവാണന്നാണ് വിശുദ്ധ ഖു൪ആന്‍ പറയുന്നത്.
ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﻨَﺰِّﻝُ ٱﻟْﻐَﻴْﺚَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﻗَﻨَﻄُﻮا۟ ﻭَﻳَﻨﺸُﺮُ ﺭَﺣْﻤَﺘَﻪُۥ ۚ ﻭَﻫُﻮَ ٱﻟْﻮَﻟِﻰُّ ٱﻟْﺤَﻤِﻴﺪُ
അവന്‍ (അല്ലാഹു) തന്നെയാകുന്നു, മനുഷ്യര്‍ നിരാശപ്പെട്ട് കഴിഞ്ഞതിന് ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി.(ഖു൪ആന്‍:42/28)
മക്കാ മുശ്രിക്കുകളെവരെ കടത്തിവെട്ടുന്ന പിഴച്ച വിശ്വാസമാണിത്. കാരണം മഴ പെയ്യിപ്പിക്കുന്നത് അല്ലാഹുവാണന്നാണ് മക്കാ മുശ്രിക്കുകള്‍ വിശ്വസിച്ചിരുന്നത്.
وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاء مَاء فَأَحْيَا بِهِ الأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ
ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന് നല്കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്ച്ചയായും അവര്(മക്ക മുശ്രിക്കുകള് )പറയും അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില് അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:29/63)
2.മുഹ്‌യിദ്ദീന്‍ ശെഖിനെ വിളിച്ചു പ്രാ൪ത്ഥിക്കുന്നു.
ومن ينادي اسمي الفا بخلوته عزما بهمته صرما لغفوته أجبته مسرعا لأجل دعوته فليدع يا عبد القادر محيي الدين
ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം ആയിരം തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്. അതുകൊണ്ട് അവന്‍ ‘യാ അബ്ദുല്‍ ഖാദിര്‍ മുഹ്‌യിദ്ദീന്‍’ എന്ന് വിളിച്ചു കൊള്ളട്ടെ,(ഖുതുബിയ്യത് – പദാനുപദ പരിഭാഷയും വിഷദീകരണവും – അബ്ദുസ്സമദ് ഫൈസി – പേജ് 82 , 83 )
പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്നും അവന്‍ മാത്രമാണ് പ്രാ൪ത്ഥനക്ക് ഉത്തരം നല്‍കുന്നവനെന്നും അല്ലാഹു അല്ലാത്തവരോടുള്ള പ്രാ൪ത്ഥന നിര൪ത്ഥകമാണെന്നും അതെല്ലാം ശി൪ക്കാണെന്നും വിശുദ്ധ ഖു൪ആനിലെ അനവധി ആയത്തുകളിലൂടെ അല്ലാഹു നമ്മെ അറിയിച്ചുള്ളതാണ്.
ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا
പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)
ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا
(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻥَّ ﻣَﺎ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِ ٱﻟْﺒَٰﻄِﻞُ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻜَﺒِﻴﺮُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെല്ലാം വ്യര്‍ത്ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.(ഖു൪ആന്‍ :31/30)
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ ഏറ്റവും വലിയ വഴിപിഴച്ചവനാണെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.
ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦ ﻳَﺪْﻋُﻮا۟ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﻦ ﻻَّ ﻳَﺴْﺘَﺠِﻴﺐُ ﻟَﻪُۥٓ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻭَﻫُﻢْ ﻋَﻦ ﺩُﻋَﺎٓﺋِﻬِﻢْ ﻏَٰﻔِﻠُﻮﻥَ ﻭَﺇِﺫَا ﺣُﺸِﺮَ ٱﻟﻨَّﺎﺱُ ﻛَﺎﻧُﻮا۟ ﻟَﻬُﻢْ ﺃَﻋْﺪَآءً ﻭَﻛَﺎﻧُﻮا۟ ﺑِﻌِﺒَﺎﺩَﺗِﻬِﻢْ ﻛَٰﻔِﺮِﻳﻦَ
അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍:46/5-6)
അല്ലാഹുവിന് പുറമെ ആരെയെല്ലാം മനുഷ്യര്‍ വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ അവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ വചനം. ലോകാവസാനം വരെ അവര്‍ ആ വിളിക്ക് ഉത്തരം ചെയുകയില്ല. അതുമാത്രമല്ല അവ൪ ആരെയാണോ വിളിച്ച് പ്രാ൪ത്ഥിക്കുന്നത് അവര്‍ ഇവരുടെ പ്രാ൪ത്ഥന കേള്‍ക്കുന്നതുപോലുമില്ല. പരലോകത്ത് എത്തുമ്പോള്‍ ഇവരുടെ ഈ പ്രാ൪ത്ഥനയെ കുറിച്ച് അറിയുകയോ അനുകൂലിക്കുക്കയോ ചെയ്യുന്നവരല്ലെന്ന് അവ൪ നിഷേധിച്ചു പറയുകയും ചെയ്യും. അങ്ങനെ പരലോകത്ത് ഇവരും അവരും പരസ്പരം ശത്രുക്കളായിത്തീരും.
3. മുഹ്‌യിദ്ദീന്‍ ശെഖിന് വേണ്ടി 12 രക്അത്ത് നിസ്കാരം.
ശുദ്ധിയുള്ള സ്ഥലം,ഹൃദയ സാന്നിത്യം,ഉറക്കം തൂങ്ങല് ഒഴിവാക്കുക,സുഗന്ധം ഉപയോഗിക്കുക. യാ ഗൌസു മുഹുയുദ്ധീന്‍ അബ്ദുല്‍ കാദര് ജീലാനി എന്ന പദമാകുക തുടങ്ങിയ കാര്യങ്ങള്ക്ക് ശേഷം ഹാജത്തു നിസ്കാരവും നിര്വഹിക്കുക. ശേഷം ഫാത്തിഹ സൂറത്തും ഇഖ്’ലാസും ഓതി വിനയത്തോടെ 12 രക്അത്ത് നിസ്കരിച്ച ശേഷം (ആയിരം വട്ടം വിളിച്ചാല്‍ ഉത്തരം ചെയ്യും ) അബ്ദുല്‍ കാദര് (ര) എന്നിവരെ നിങ്ങള് വേഗത്തില്‍ ഉത്തരം ചെയ്യുക നിങ്ങള് എനിക്ക് ഹാജരാകുക(മുഹുയുദ്ധീന് ശൈഖേ) (കുതുബിയ്യത് പരിഭാഷയും വിശദീകരണവും – പറന്നൂര് പി പി മുഹുയുദ്ധീന് കുട്ടി മുസ്ലിയാര്/അബ്ദുസ്സമദ് ഫൈസി പേജ്:20/28)
ഇതു ഇസ്ലാമിന്റെ അടിസ്ഥാന നിയമങ്ങള്‍ക്ക് തീ൪ത്തും എതിരാണ്.
الدُّعَاءُ هُوَ الْعِبَادَةُ
നബി ﷺ പറഞ്ഞു: ‘പ്രാര്‍ത്ഥന, അത് തന്നെയാണ് ആരാധന’. (തി൪മിദി-അബൂദാവൂദ്)
ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا
(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)
ഖുതുബിയത്തില്‍ ഇനിയും ധാരാളം ശി൪ക്കിന്റെയും കുഫ്റിന്റെയും വരികള്‍ കാണാവുന്നതാണ്. അല്ലാഹുവിന് മഹത്തരമായ തൊണ്ണൂറ്റി ഒമ്പത് നാമങ്ങളുണ്ടെന്ന് നബി(സ്വ)പഠിപ്പിച്ചിട്ടുണ്ട്. അതേപോലെ മുഹുയിദ്ധീന്‍ ശെഖിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങളുണ്ടെന്ന് ഖുതുബിയത്തില്‍ കാണാം. തന്റെ മുരീദന്‍മാരുടെ പാപഭാരം മുഹുയിദ്ധീന്‍ ശെഖ് ഏറ്റെടുക്കും, അവരെ മുഹുയിദ്ധീന്‍ ശെഖ് നരകത്തില്‍ നിന്നും കാക്കും, മുഹുയിദ്ധീന്‍ ശെഖ് മരണപ്പെട്ടയാളെ ജീവിപ്പിച്ചു തുടങ്ങി അനിസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു കൃതിയാണ് ഖുതുബിയത്ത്.
മുഹ്‌യിദ്ദീന്‍ മാല
ശൈഖ് ജീലാനിയുടെ(റഹി) വഫാത്ത് കഴിഞ്ഞ് നാലര വർഷങ്ങൾക്കു ശേഷം കോഴിക്കോടുകാരനായ ഖാളി മുഹമ്മദ് (ഹിജ്റ 1027 ക്രി:1617) എഴുതിയുണ്ടാക്കിയ കാവ്യമാണ് മുഹ്‌യിദ്ദീന്‍മാല. അതിലെ പല വരികളും അനിസ്ലാമികവും ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുന്ന ആശയമുള്ളതുമാണ്,
1. ശൈഖിനെ എവിടെ നിന്ന് വിളിച്ചാലും ഉടന്‍ ഉത്തരം ലഭിക്കുമെന്ന് പറയുന്നു.
ബല്ലെ നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവര്‍.
(സാരം-വല്ല നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക് വായ്കൂടാതുത്തരം ചെയ്യും ഞാനെന്നോവര്‍)
മുമ്പ്(വേഗത്തില്‍)ഞാന്‍ സഹായം എത്തിക്കുംഎന്ന് ശൈഖവര്‍കള്‍ പറഞ്ഞു.(സമ്പൂര്‍ണ മുഹ്‌യിദ്ദീന്‍മാല വ്യാഖ്യാനം-പേജ്-324-മുസ്തഫല്‍ ഫൈസി)
ഈ ലോകത്തിന്റെ ഏത് കോണില്‍ നിന്നും എത്രപേര്‍-ഏതു സമയത്തും-ഏതു ഭാഷയില്‍ വിളിച്ചുതേടിയാലും അതെല്ലാം ഒരേ സമയത്ത് കേള്‍ക്കാനും,അവരെ കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ് അല്ലാഹുവിന് മാത്രമാണുള്ളത്.പ്രവാചകന്‍മാരുള്‍പ്പെടെ ഒരു സൃഷ്ടിക്കും ആ കഴിവില്ല. ഇക്കാര്യം ഇസ്ലാം ഖണ്ഡിതമായി പഠിപ്പിച്ചിട്ടുണ്ട്.
ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം…… (ഖു൪ആന്‍ : 40/60)
ﺇِﻥ ﺗَﺪْﻋُﻮﻫُﻢْ ﻻَ ﻳَﺴْﻤَﻌُﻮا۟ ﺩُﻋَﺎٓءَﻛُﻢْ
…നിങ്ങള്‍ അവരോട് (അല്ലാഹു അല്ലാത്തവരോട്) പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. …..(ഖു൪ആന്‍ :35/14)
2. താന്‍ മുഖാന്തിരമാണ് അല്ലാഹുവിനോട് ചോദിക്കേണ്ടതെന്ന് ശൈഖ് പറഞ്ഞുവെന്ന് പറയുന്നു.
യാദൽ ഒരിക്കലും അല്ലാട് തേടുകിൽ, എന്നെ കൊണ്ടല്ലാട് തേടുവിൻ എന്നോവർ’
[സമ്പൂർണ്ണ മുഹ്‌യിദ്ദീന്‍മാല വ്യാഖ്യാനം പേജ്: 314, മുസ്തൽഫൈസി]
(നിങ്ങൾ അല്ലാഹുവോട് വല്ലതും ചോദിക്കുന്നെങ്കിൽ ഞാൻ മുഖേന അവനോട് ചോദിക്കുവിൻ എന്ന് ശൈഖവർകൾ പറഞ്ഞു)
അല്ലാഹുവിനോട് എന്തെങ്കിലും ചോദിക്കുന്നെങ്കിൽ ശൈഖ് മുഖേന ചോദിക്കണമെന്ന് ശൈഖ് പറഞ്ഞതായിട്ടാണ് മാലയില്‍ പറയുന്നത്. യാതൊരു വിധ ഇടയാളനും മധ്യവർത്തികളുമില്ലാതെ നേർക്ക് നേരെ അല്ലാഹുവിനോട് തേടാനാണ് ഇസ്ലാമിന്റെ കൽപന.
ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ
നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (ഖു൪ആന്‍ : 2/186)
3. മനുഷ്യന്റെ മനസ്സിലുള്ള കാര്യം വരെ ശൈഖിന് അറിയാം
‘കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകം എന്നോവർ.’
ഒരു കുപ്പിയുടെ അകത്തുള്ള വെള്ളം കുപ്പിയുടെ പുറത്ത് നിന്ന് കാണുന്നതുപോലെ മനുഷ്യന്റെ മനസ്സിലുള്ള കാര്യം വരെ ശൈഖിന് അറിയാമെന്നാണ് മാലയില്‍ പറയുന്നത്. മനുഷ്യനെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് മാത്രമേ മനുഷ്യന്റെ മനസ്സിലുള്ള കാര്യം അറിയാൻ കഴിയൂ. ആ വിശേഷണം ശൈഖിന് പതിച്ചു നൽകുക വഴി ശൈഖിനെ അല്ലാഹുവിന്നു സമമാക്കുന്നു. മനുഷ്യന്റെ മനസ്സിലുള്ള കാര്യം അറിയാനുള്ള കഴിവ് സൃഷ്ടികളില്‍ ഉത്തമനായ മുഹമ്മദ് നബിക്ക്(സ്വ) പോലും അല്ലാഹു കൊടുത്തിട്ടില്ല.
إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ
തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. (ഖു൪ആന്‍ : 8/43)
قُلْ إِن تُخْفُوا۟ مَا فِى صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ ٱللَّهُ ۗ وَيَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
(നബിയേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.(ഖു൪ആന്‍ : 8/43)
4.ശൈഖ് മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു
ചത്തചകത്തിനെ ജീവൻ ഇടിച്ചോവർചാകും കിലശത്തെ നന്നാക്കി വിട്ടോവർ.
[സമ്പൂർണ്ണ മുഹ്‌യിദ്ദീന്‍മാല വ്യഖ്യാനം പേജ്: 612, മുസ്തഫൽ ഫൈസി]
(ശൈഖവർകൾ ശവത്തിന് ജീവന്‍ നൽകുകയും സാധാരണഗതിയിൽ മരണംവരെ നീണ്ടുനിൽക്കുന്ന മാറാരോഗങ്ങൾ സുഖമാക്കുകയും ചെയ്തു)
മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള കഴിവ് സൃഷ്ടികളുടെ കഴിവിന്നതീതമാണ്. അതു കൊണ്ടുതന്നെ അത് അല്ലാഹുവിന്റെ മാത്രം പരിധിയിൽ പെട്ടതുമാണ്.
ഈസാ നബി(അ) മരണപ്പെട്ടവരെ ജീവിപ്പിച്ചതായി ഖുർആനിൽതന്നെ കാണാം. അത് അല്ലാഹു അദ്ദേഹത്തിലൂടെ പരിമിതമായ സമയത്തേക്കു മാത്രം പ്രകടമാക്കിയ ഒരു മുഅ്ജിസത്ത്(അമാനുഷിക ദൃഷ്ടാന്തം) മാത്രമാണ്. ഇക്കാര്യം ഇത് സംബന്ധമായ ആയത്തുകളിൽ ‘ബിഇദ്നില്ലാഹി’ അഥവാ അല്ലാഹുവിന്റെ പ്രത്യേകമായ അനുമതി പ്രകാരം എന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. അതല്ലാതെ ഈ ലോകത്തുള്ള ഒരാൾക്കും ഒരു ഈച്ചയെപ്പോലും പുനർജീവിപ്പിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മാല മൗലിദുകൾ പരിചയപ്പെടുത്തുന്ന മുഹ്‌യിദ്ദീന്‍ ശൈഖ് തന്റെ സ്വന്തം അനുമതിയോടെയും താൽപര്യപ്രകാരവും മരിച്ചവരെ ജീവിപ്പിക്കുമത്രെ.
മുഹിയിദ്ദീന്‍ മാലയില്‍ ഇനിയും ധാരാളം ശി൪ക്കിന്റെയും കുഫ്റിന്റെയും വരികള്‍ കാണാവുന്നതാണ്. ഇത്തരം ശി൪ക്കും കുഫ്റും രേഖപ്പെടുത്തിയ കൃതികളാണ് അറിവില്ലാത്ത സാധാരണക്കാരെ പുരോഹിതന്‍മാ൪ പുണ്യമെന്ന് പറഞ്ഞ് ചൊല്ലിപ്പിക്കുന്നത്. ഇതെല്ലാം ജൂത ക്രൈസ്തവരുടെ നടപടികളാണെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.
فَوَيْلٌ لِّلَّذِينَ يَكْتُبُونَ ٱلْكِتَٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ
എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.(ഖു൪ആന്‍:2/79)
ജീലാനി ദിനം അഹ്’ലുസ്സുന്നത്തിന്റെ ആളുകളില്‍ നിന്ന് കൈമാറി വന്നിട്ടുള്ളതല്ല, പ്രത്യുത ശിയാക്കളിലൂടെയാണ് അത് പ്രചരിക്കുന്നത്. പ്രവാചകന്‍ കഴിഞ്ഞാല്‍ ഈ ഉമ്മത്തിലെ ശ്രേഷ്ഠന്‍ അബൂബക്ക൪(റ) ആയിരിക്കെ, എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ആണ്ട് കൊണ്ടാടാത്തത്. ശിയാക്കൾക്ക് എന്നും വെറുപ്പുള്ള വ്യക്തിത്വമായിരുന്നു അബൂബക്കർ(റ).
ഉമര്‍(റ) പറയുന്നു: അബൂബക്ക൪ സിദ്ദീഖിന്റെ(റ) ഈമാന്‍ ത്രാസിന്റെ ഒരു ഭാഗത്തും ലോകത്തുള്ള സര്‍വ്വ മുഅ്മിനുകളുടേയും ഈമാന്‍ മറുഭാഗത്തും വെച്ചാല്‍ അബൂബക്ക൪ സിദ്ദീഖിന്റെ(റ) ഈമാനായിരുക്കും ഭാരം കൂടുതല്‍. (ബൈഹഖി – ശുഅ്ബുല്‍ഈമാന്‍)
ജീലാനി ദിനം ആഘോഷിക്കുകയും അതിനായി ധനം ചിലവഴിക്കുകയും ചെയ്യുന്നവ൪ക്ക് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുമോ?
ഒരു സത്യവിശ്വാസി തന്നെയും ഏതൊരു ക൪മ്മം നി൪വ്വഹിച്ചാലും അത് അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ അതിന് രണ്ട് കാര്യം നി൪ബന്ധമാണ്.
(1) ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ അഥവാ അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ
അബൂഉമാമ അൽബാഹിലിയ്യിൽ(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)
عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
ഉമര്‍ ഇബ്നു ഖതാബില്‍ (റ) നിന്നും നിവേദനം. നബിﷺയില്‍ നിന്ന് കേട്ടതായിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. ഏതൊരാള്‍ക്കും ഉദ്ദേശിച്ചതെ കരസ്ഥമാകുകയുള്ളൂ…… (ബുഖാരി: 1 – മുസ്ലിം:1907)
(2) ഇത്തിബാഅ് (സുന്നത്ത്): ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ മാതൃകയനുസരിച്ച് ആയിരിക്കൽ.
ആരാധനാ ക൪മ്മങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ ആ ക൪മ്മങ്ങളില്‍ ഇഖ്ലാസിനോടൊപ്പം ഇത്തിബാഅ് ഉണ്ടാകല്‍ നി൪ബന്ധമാണ്.
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നബിﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)
ഇമാം ഇബ്നു റജബ് (റഹി) പറഞ്ഞു : അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്യുന്ന പ്രവ൪ത്തനങ്ങള്‍ക്ക് യാതൊരു കൂലിയുമില്ല എന്നതുപോലെതന്നെ അല്ലാഹുവിന്റേയും റസൂലിന്റേയും കല്‍പ്പനയില്ലാത്ത ഏതൊരു പ്രവൃത്തിയും പ്രസ്തുത പ്രവ൪ത്തനം ചെയ്തവനിലേക്ക് തള്ളപ്പെടുന്നതാണ്. അല്ലാഹുവും റസൂലും(സ്വ) കല്‍പ്പന നല്‍കാത്ത ഒരു കാര്യം ദീനില്‍ ആരൊക്കെ പുതുതായി നി൪മ്മിക്കുന്നുവോ അവന് ദീനില്‍ ഒരു സ്ഥാനവുമില്ല. (ഇമാം ഇബ്നു റജബ് ജാമിഉല്‍ ഉലൂമി വല്‍ ഹികം : 1/176)
ഇമാം ഹസനുല്‍ ബസ്വരി (റഹി) പറഞ്ഞു: പ്രവൃത്തിപഥത്തിലുണ്ടെങ്കിലേ പറയുന്ന വാക്കുകള്‍ ശരിയാകൂ. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും നിയത്തുണ്ടെങ്കിലേ ശരിയാകൂ. ഖല്‍ബിലെ നിയത്തും പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും സുന്നത്തിന് (നബിചര്യക്ക്) അനുസരിച്ച് ആയെങ്കിലേ ശരിയാകൂ. (ഇമാം മാലിക്കാഇ – ശറഹു ഉസൂലി ഇഅ്തികാദി അഹ്ലുസ്സുന്ന 1:54)
ഈ രണ്ട് നിബന്ധനയില്ലാതെ പ്രവർത്തിക്കുന്ന കർമ്മങ്ങൾ, നിഷ്ഫലമായിത്തീരുന്നതാണ്.
وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَٰهُ هَبَآءً مَّنثُورًا
അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.(ഖു൪ആന്‍:25/23)
ഈ ആയത്തിനെ വിശദീകരിച്ച് ഇബ്‌നു കഥീര്‍ (റഹി)പറഞ്ഞു:
وهذا يوم القيامة ، حين يحاسب الله العباد على ما عملوه من خير وشر ، فأخبر أنه لا يتحصل لهؤلاء المشركين من الأعمال – التي ظنوا أنها منجاة لهم – شيء; وذلك لأنها فقدت الشرط الشرعي ، إما الإخلاص فيها ، وإما المتابعة لشرع الله . فكل عمل لا يكون خالصا وعلى الشريعة المرضية ، فهو باطل . فأعمال الكفار لا تخلو من واحد من هذين ، وقد تجمعهما معا ، فتكون أبعد من القبول حينئذ;
അന്ത്യനാളിലാണിതുണ്ടാവുക. അടിമകള്‍ ചെയ്ത നന്മതിന്മകള്‍ അടിസ്ഥാനമാക്കി അല്ലാഹു അവരെ വിചാരണ ചെയ്യുന്ന നേരം തങ്ങള്‍ക്ക് രക്ഷയാകുമെന്ന് മുശ്‌രിക്കുകള്‍ വിചാരിച്ചിരുന്ന കര്‍മങ്ങളില്‍നിന്ന് ഒന്നുംതന്നെ അവര്‍ക്ക് ലഭിക്കുകയില്ല എന്നാണ് അല്ലാഹു അറിയിക്കുന്നത്. ഒരു കര്‍മം സ്വീകാര്യമാകാന്‍ നിശ്ചയിക്കപ്പെട്ട നിബന്ധനകള്‍ അഥവാ ഇഖ്‌ലാസ്, ഇത്തിബാഅ് (പ്രവാചകാനുധാവനം) നഷ്ടപ്പെട്ടു എന്നതാണ് കാരണം. ഇവ പാലിക്കപ്പെടാത്തത്, അല്ലാഹു തൃപ്തിപ്പെട്ട മതനിയമത്തിന് യോജിച്ചതല്ലാത്തതിനാല്‍ നിരര്‍ഥകമാണ്. സത്യനിഷേധികളുടെ കര്‍മകള്‍ ഈ രണ്ടിലൊന്ന് ഇല്ലാത്തതായിരിക്കും. ചിലപ്പോള്‍ രണ്ട് നിബന്ധനയും ഇല്ലാത്തവയായിരിക്കും. അപ്പോള്‍ അതിന്റെ സ്വീകാര്യത കൂടതല്‍ വിദൂരത്താകും. (തഫ്‌സീര്‍ ഇബ്‌നു കഥീര്‍)
ഒരു ക൪മ്മം അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ അതില്‍ ഇഖ്ലാസും ഇത്തിബാഉം വേണമെന്ന് നാം മനസ്സിലാക്കി. ജീലാനി ദിനം ആഘോഷിക്കുന്നവ൪ക്ക് നല്ല ഇഖ്ലാസുണ്ടെങ്കില്‍ തന്നെയും ഇതില്‍ ഇത്തിബാഅ് വരുന്നില്ല അഥവാ ഇത് നി൪വ്വഹിക്കുന്നതിന് നബിയുടെ(സ്വ) മാതൃകയില്ല. അതുകൊണ്ട് തന്നെ ജീലാനി ദിനം ആഘോഷിക്കുകയും റാത്തീബും മറ്റ് ക൪മ്മങ്ങളും നടത്തുകയും ചെയ്യുന്നവ൪ക്ക് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുകയില്ല. മാത്രമല്ല മതത്തില്‍ പുത്തനാചാരം ഉണ്ടാക്കിയതിന്റെ പേരില്‍ അല്ലാഹുവില്‍ നിന്നും ശിക്ഷ ലഭിക്കുകയും ചെയ്യും.
ജീലാനി ദിനം പുത്തനാചാരമാണെങ്കിലും ധാരാളം ദിക്റുകള്‍ ചൊല്ലുന്നുണ്ടെല്ലോയെന്നും അതിനൊക്കെ പ്രതിഫലം ലഭിക്കുമല്ലോയെന്നും ചിന്തിക്കുന്നവരുമുണ്ട്. അത്തരം ആളുകളോട് സഈദ്ബ് നു മുസയ്യബിന്റെ(റഹി) വാക്ക് ഓ൪മ്മിപ്പിക്കുന്നു.
عَنْ سَعِيد بْن المُسَيّب رَحِمَهُ الله تَعَالَى أَنَّهُ رَأَى رَجُلًا يُصَلِّي بَعْدَ طُلُوعِ الفَجْرِ أَكْثَرَ مِنْ رَكْعَتَيْنِ يُكْثِرُ فِيهَا الركُوعَ وَالسجُودَ، فَنَهَاهُ، فَقَالَ: يَا أَبَا مُحَمَّد، يُعَذِّبُنِي اللهُ عَلَى الصَّلَاةِ؟ قَالَ: لَا، وَلَكِنْ يُعَذِّبُكَ عَلَى خِلَافِ السُنَّةِ
സഈദ്ബ് നു മുസയ്യബില്‍(റ) നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹം പ്രഭാതോദയത്തിന് ശേഷം ഒരാള്‍ സുജൂദും റുകൂഉമെല്ലാം ദീര്‍ഘിപ്പിച്ചുകൊണ്ട് രണ്ട് റക്അത്തില്‍ അധികമായി നമസ്കരിക്കുന്നത് കണ്ടു. അപ്പോള്‍ അയാളോട് അങ്ങനെ ചെയ്യരുതെന്ന് വിലക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു: അബൂ മുഹമ്മദ്, നമസ്കാരത്തിന്റെ പേരില്‍ അല്ലാഹു എന്നെ ശിക്ഷിക്കുമോ? (അപ്പോള്‍ സഈദ്ബ് നു മുസയ്യബ്) പറഞ്ഞു: ഇല്ല, പക്ഷെ സുന്നത്തിന് എതിരായി നീ ചെയ്തതിന്നാണ് നിന്നെ ശിക്ഷിക്കുക.
ഈ ഹദീസ് വിശദീകരിക്കവെ ശൈഖ് അല്‍ബാനി (റഹി)പറഞ്ഞു: സഈദ് ബ് നു മുസയ്യബിന്റെ മറുപടി എത്ര ഉന്നതമാണ്. മിക്ക ബിദ്അത്തുകളെയും അത് നമസ്കാരമല്ലേ, ദിക്റല്ലേ എന്നൊക്കെ പറഞ്ഞ് നല്ലതായി കരുതിപ്പോരുന്ന ബിദ്അത്തുകാ൪ക്കെതിരെയുള്ള ശക്തമായ ആയുധമാണ് ഈ മറുപടി. ഇങ്ങനെയുള്ള ബിദ്അത്തുകള്‍ക്കെതിരെ ശബ്ദിച്ചാല്‍ ഇത്തരം ആളുകള്‍ അഹ്ലുസ്സുന്നയെ എതിര്‍ക്കുകയും നിങ്ങള്‍ നമസ്കാരത്തെയും ദിക്റിനെയും എതിര്‍ക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ അഹ്ലുസ്സുന്ന എതിര്‍ക്കുന്നത് നമസ്കാരത്തിലും ദിക്റിലും സുന്നത്തിന്നെതിരായി (പുതുതായി) എന്താണോ അവര്‍ ചെയ്തിട്ടുള്ളത് ആ സംഗതിയെയാണ്. (ഇര്‍വാഅ് : 2/236).
സാധാരണക്കാരായ ആളുകളുടെ എത്രയെത്ര സമ്പത്താണ് പൌരാഹിത്യം പാഴാക്കകുന്നത്. അല്ല, അവരുടെ സമ്പത്ത് മാത്രമല്ല അവരുടെ ഈമാനും കൂടിയാണ് നഷ്ടപ്പെടുത്തുന്നത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. (ഖു൪ആന്‍:9/34)
പുത്തന്‍ ആചാരങ്ങളോട് താല്പര്യം വരാനുള്ള കാര്യം
സത്യവിശ്വാസികളെന്ന് പറയുന്നവ൪ സുന്നത്ത് കൈവിടുമ്പോള്‍ പിശാച് ഇസ്ലാമികമല്ലാത്ത ആചാരങ്ങളെ അവ൪ക്ക് ഭംഗിയായി കാണിച്ച് കൊടുക്കുന്നു.
ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ
അവന്‍ (പിശാച്)പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (അനിസ്ലാമിക പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും.തീര്‍ച്ച.(ഖു൪ആന്‍ : 15/39)
സത്യവിശ്വാസികള്‍ ഓരോരുത്തരും സത്യം മനസ്സിലാക്കുകയും ഈ പുത്തനാചാരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതാണ്. ഒരുപക്ഷേ ബിദ്അത്തുകളില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ സുന്നത്ത് ഒഴിവാക്കിയെന്നുവരെ ആളുകള്‍ പറഞ്ഞേക്കാം.
وَالَّذِي نَفْسِي بِيَدِهِ; لَتَظْهَرَنَّ الْبِدَعُ حَتَّى لَا يُرَى مِنَ الْحَقِّ إِلَّا قَدْرُ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ، وَاللَّهِ لَتَفْشُوَنَّ الْبِدَعُ حَتَّى إِذَا تُرِكَ مِنْهَا شَيْءٌ; قَالُوا: تُرِكَتِ السُّنَّةُ»
ഹുദൈഫ (റ)പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവന്‍ തന്നെ സത്യം. ബിദ്അത്തുകള്‍ പ്രകടമാവുകയും, ഈ കല്ലുകള്‍ക്കിടയില്‍ കാണുന്ന പ്രകാശത്തോളം മാത്രം സത്യം കാണപ്പെടുകയും ചെയ്യുന്ന (അവസ്ഥ) ഉണ്ടാകും. അല്ലാഹു തന്നെ സത്യം. ബിദ്അത്തുകള്‍ സര്‍വ്വപ്രചാരം നേടുകയും, അതില്‍ നിന്നെന്തെങ്കിലും ഒഴിവാക്കപ്പെട്ടാല്‍ ‘സുന്നത്ത് ഒഴിവാക്കപ്പെട്ടിരിക്കുന്നു’ എന്ന് ജനങ്ങള്‍ പറയുകയും ചെയ്യും. (ഇഅതിസാം – ശ്വാതിബി: 1/78)
ഇമാം ഔസാഇ പറഞ്ഞു
اصْبِرْ نَفْسَكَ عَلَى السُّنَّةِ وَقِفْ حَيْثُ وَقَفَ الْقَوْمُ وَقُلْ بِمَا قَالُوا، وَكُفَّ عَمَّا كَفُّوا عَنْهُ وَاسْلُكْ سَبِيلَ سَلَفِكَ الصَّالِحِ فَإِنَّهُ يَسَعُكُ مَا وَسِعَهُمْ.
നീ നിന്റെ മനസ്സിനെ സുന്നത്തില്‍ പിടിച്ചു നിര്‍ത്തുക.മുന്‍കഴിഞ്ഞു പോയ ജനത (സഹാബികള്‍)എവിടെനിന്നുവോ അവിടെ നില്ക്കുക. അവര്‍ പറഞ്ഞതുമാത്രം പറയുക. അവര്‍ ചെയ്യാതിരുന്നത് ചെയ്യാതിരിക്കുക.നല്ലവരായ നിന്‍റെ മുന്‍ഗാമികളുടെമാര്‍ഗ്ഗം നീ പിന്‍പറ്റുക. തീര്‍ച്ചയായും അവര്‍ക്ക് മതിയായത് തന്നെ നിനക്കും മതി.
kanzululoom.com