ഒഴിവുകഴിവുള്ളവരുടെ നമസ്കാരം
ഒഴിവുകഴിവില്ലാത്തവർ നമസ്കരിക്കുന്ന രൂപത്തിൽ നമസ്കാരം നിർവഹിക്കുവാൻ സാധ്യമാകാത്ത രോഗികളും യാത്രക്കാരും ഭയപ്പാടുള്ളവരുമാണ് അഹ്ലുൽ അഅ്ദാർ അഥവാ ഒഴിവുകഴിവുകളുള്ളവർ. അല്ലാഹു അവർക്ക് ഇളവ് നൽകിയിരിക്കുന്നു. അതിനാൽ അവർ അവർക്ക് സാധ്യമാകുന്നതിനനുസരിച്ചു നമസ്കരിക്കണം. അല്ലാഹു പറഞ്ഞു:
وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍ
മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെമേൽ അവൻ ചുമത്തിയിട്ടില്ല. (ഖുർആൻ:22/78)
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. (ഖുര്‍ആന്‍:2/286)
فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ
അതിനാൽ നിങ്ങൾക്കു സാധ്യമായവിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. (ഖുർആൻ:64/16)
അതിനാൽ, മശക്ക്വത്ത് (ഞെരുക്കം) കാണപ്പെടുന്നതിനനുസരിച്ച് തയ്സീറും (എളുപ്പമാക്കലും) കാണപ്പെടും.
യാത്രക്കാരന്റെ നമസ്കാരം
നാലു റക്അത്തുള്ള നമസ്കാരങ്ങൾ ക്വസ്വ്റാക്കൽ
ക്വസ്വ്റാക്കുന്നതിന്റെ വിധി
യാത്രക്കാരനു നാലു റക്അത്തുകളുള്ള നമസ്കാരങ്ങൾ ക്വസ്വ്റാക്കി (രണ്ടാക്കി ചുരുക്കി) നമസ്കരിക്കുന്നത് നിയമമാണെന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമില്ല. വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും ഇജ്മാഇലും അതിനു തെളിവുണ്ട്. വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു:
وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوٓا۟ ۚ
നിങ്ങൾ ഭൂമിയിൽ യാത്രചെയ്യുകയാണെങ്കിൽ സത്യനിഷേധികൾ നിങ്ങൾക്ക് നാശം വരുത്തുമെന്ന് നിങ്ങൾ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിർവഹിക്കുന്നതിൽ നിങ്ങൾക്കു കുറ്റമില്ല. (ഖു൪ആന്‍: 4/101)
പേടിയുടെ അവസ്ഥയിലും മറ്റും യാത്രയിൽ ക്വസ്വ്റാക്കൽ അനുവദനീയമാണ്. ജനങ്ങൾ നിർഭയത്വത്തിലായിരിക്കെ ക്വസ്റാക്കി (ചുരുക്കി) നമസ്കരിക്കുന്നതിനെ കുറിച്ച് ചോദിക്കപെട്ടപ്പോൾ നബിﷺ പറഞ്ഞു:
صدقة تصدَّق الله بها عليكم، فاقبلوا صدقته
അത് അല്ലാഹു നിങ്ങൾക്കരുളിയ ദാനമാണ്. അല്ലാഹുവിന്റെ ദാനത്തെ നിങ്ങൾ സ്വീകരിച്ചുകൊള്ളുക. (മുസ്ലിം)
തിരുനബിﷺയും അവിടുത്തെ സ്വഹാബത്തും ക്വസ്വ്റാക്കൽ പതിവാക്കിയിരുന്നു.
عن ابن عمر رضي الله عنهما قال: إني صحبت رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – في السفر فلم يزد على ركعتين حتى قبضه الله، وصحبت أبا بكر فلم يزد على ركعتين حتى قبضه الله …
ഇബ്നു ഉമര്‍ رضى الله عنه വില്‍ നിന്ന് നിവേദനം: ഞാൻ അല്ലാഹുവിന്റെ റസൂലുമായി യാത്രയിൽ സഹവസിച്ചിട്ടുണ്ട്. തിരുമേനിയെ മരണത്തിലൂടെ അല്ലാഹു പിടികൂടുന്നതുവരെ അവിടുന്ന് രണ്ടു റക്അത്തിനെക്കാൾ വർധിപ്പിച്ചിട്ടില്ല. ഞാൻ അബൂബക്റിനോട് അദ്ദേഹത്തിന്റെ യാത്രയിൽ സഹവസിച്ചിട്ടുണ്ട്. മരണത്തിലൂടെ അല്ലാഹു അദ്ദേഹത്തെ പിടികൂടുന്നതുവരെ അവിടുന്ന് രണ്ടു റക്അത്തിനെക്കാൾ വർധിപ്പിച്ചിട്ടില്ല… (മുസ്ലിം)
ശേഷം ഉമര്‍ رضى الله عنه വിനെയും ഉസ്മാൻ رضى الله عنه വിനേയും (അവരും മരണംവരെ രണ്ടു റക്അത്തിനെക്കാൾ വർധിപ്പിച്ചിട്ടില്ലെന്ന്) ഇബ്നുഉമർ رضى الله عنه അനുസ്മരിച്ചു.
തിരുനബിﷺ പറഞ്ഞതായി ഇബ്നു ഉമര്‍ رضى الله عنه വിൽ നിന്നു നിവേദനം:
إن الله يحب أن تُؤتى رخصه، كما يكره أن تؤتى معصيته
നിശ്ചയം, അല്ലാഹു; അവന് എതിരു പ്രവർത്തിക്കുന്നത് വെറുക്കുന്നതുപോലെ അവനേകിയ ഇളവുകൾ നിർവഹിക്കുന്നത് ഇഷ്ടപ്പെടുന്നു. (അഹ്മദ്)
ഇസ്ലാം ദീനിൽ അനിവാര്യമായും അറിയപ്പെട്ട കാര്യമാണ് ക്വസ്വ്റാക്കുക എന്നത്. മുസ്ലിം ഉമ്മത്ത് ഈ വിഷയത്തിൽ ഏകോപിച്ചിരിക്കുന്നു. അതിനാൽ ഈ സുന്നത്തു കാത്തുസൂക്ഷിക്കലും ഈ ഇളവ് സ്വീകരിക്കലുമാണ് അത് ഉപേക്ഷിക്കുന്നതിനെക്കാൾ ഏറ്റവും അർഹവും ഉത്തമവുമായത്. എന്നു മാത്രമല്ല, നബിയും സ്വഹാബത്തും ഈ സുന്നത്ത് നിത്യമായി ചെയ്യുന്നതിൽ കണിശത പുലർത്തിയതിനാലും ക്വസ്റാക്കൽ യാത്രയിൽ തിരുനബിയുടെ നിത്യചര്യയായതിനാലും ചില പണ്ഡിതന്മാർ യാത്രയിൽ പൂർത്തീകരിച്ചു നമസ്കരിക്കുന്നത് വെറുത്തിട്ടുണ്ട്.
ക്വസ്വ്ർ അനുവദനീയമാകുന്ന നമസ്കാരം
നാലു റക്അത്തുകളുള്ള നമസ്കാരങ്ങളാകുന്നു ക്വസ്വ്ർ അനുവദനീയമാകുന്ന നമസ്കാരങ്ങൾ. അവ ദ്വുഹ്ർ, അസ്വ്ർ, ഇശാഅ് എന്നിവയാകുന്നു. സ്വുബ്ഹിയും മഗ്രിബും ക്വസ്വ്ർ ആക്കപ്പെടുകയില്ലെന്നതിൽ ഇജ്മാഅ് (ഏകോപിച്ചുള്ള അഭിപ്രായം) ഉണ്ട്. തിരുനബിﷺയുടെയും ശേഷം സ്വഹാബത്തിന്റെയും പ്രവൃത്തിയും അതാണ് അറിയിക്കുന്നത്.
قال ابن عباس، رضي الله عنه : فرض الله الصلاة على لسان نبيكم في الحضر أربعاً، وفي السفر ركعتين …
ഇബ്നുഅബ്ബാസ് رضى الله عنه പറഞ്ഞു: അല്ലാഹു തിരുദൂതരുടെ നാവിലൂടെ നാട്ടിൽ താമസിക്കുമ്പോൾ നാലും യാത്രയിൽ രണ്ടും നിർബന്ധമാക്കിയിരിക്കുന്നു… (മുസ്ലിം)
നാലു റക്അത്തുള്ള നമസ്കാരമാണ് ഉദ്ദേശ്യം എന്ന് ഇത് അറിയിക്കുന്നു.
യാത്രയുടെ ദൂരപരിധിയും ഇനവും
നമസ്കാരം ക്വസ്വ്റാക്കപ്പെടുവാനുള്ള യാത്രയുടെ ദൂരപരിധി ഏകദേശം 16 ഫർസഖാകുന്നു. അതാകട്ടെ 4 ബുർദാകുന്നു. മൈലിന്റെ കണക്കിൽ 48 മൈൽ. അത് 80 കിലോമീറ്ററിനോടടുത്താകുന്നു. ഒരു രാവും പകലുമുള്ള യാത്രക്ക് സഫർ എന്നാണ് തിരുനബിﷺ പേരു വെച്ചത്. ഇബ്നു അബ്ബാസും ഇബ്നുഉമറും നാലു ബുർദ് ദൈർഘ്യമുള്ള യാത്രയിൽ നമസ്കാരം ക്വസ്വ്റാക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു. പതിനാറ് ഫർസഖ് യാത്രാദൂരമാണ് അത്.
കച്ചവടത്തിനുള്ള യാത്ര, ഉല്ലാസയാത്ര പോലുള്ള അനുവദനീയ യാത്രയും ഹജ്ജിനും ജിഹാദിനുമുള്ള യാത്രപോലുള്ള നിർബന്ധ യാത്രയും സിയാറത്തിനുള്ള യാത്ര, രാണ്ടാമതു നിർവഹിക്കുന്ന ഹജ്ജിനുള്ള യാത്ര പോലുള്ള സുന്നത്തായ യാത്രയുമാണ് ക്വസ്വ്റാക്കപ്പെടുന്ന യാത്രയുടെ ഇനങ്ങൾ. അതിനാൽ കൂടുതൽ പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരം ഹറാമായ യാത്രയിൽ നമസ്കാരം ക്വസ്വ്റാക്കപ്പെടൽ അനുവദനീയമല്ല.
താമസം ഉദ്ദേശിച്ചവന് ക്വസ്വ്റാക്കാമോ?
വല്ലവനും യാത്ര ചെയ്ത് ഇക്വാമത്ത് (താമസം) ഉദ്ദേശിച്ചാൽ അവൻ ക്വസ്വ്റാക്കുന്ന വിഷയത്തിൽ വിശദീകരണം ആവശ്യമാണ്. അതിപ്രകാരമാണ്: ഒരാൾ (ഇത്ര ദിവസമെന്ന്) നിർണിതമല്ലാത്ത ഇക്വാമത്താണ് ഉദ്ദേശിക്കുന്നതെങ്കിൽ അവൻ ക്വസ്വ്റാക്കരുത്. ക്വസ്വ്റാക്കുന്നതിനെ അനുവദിക്കുന്ന കാരണം അവന്റെ വിഷയത്തിൽ ഇല്ലാതാവുന്നതിനാലാണത്. ഇതു പോലെയാണ് നാലു ദിവസത്തെക്കാൾ കൂടുതൽ താമസിക്കുവാൻ വിചാരിച്ചവനും; ഒരു ആവശ്യത്തിനു താമസിക്കുകയും നാലു ദിവസത്തിനു ശേഷമല്ലാതെ ആവശ്യം തീരുകയില്ലെന്നു ഉറപ്പിക്കുകയും ചെയ്തവൻ. കാരണം തിരുനബി മക്കയിൽ താമസിക്കുകയും അപ്പോൾ ഇരുപത്തിയൊന്ന് നമസ്കാരം ക്വസ്റാക്കിക്കൊണ്ട് നമസ്കരിക്കുകയും ചെയ്തു. ദുൽഹജ്ജ് നാലിന്റെ പ്രഭാതത്തിൽ തിരുമേനി വരികയും യൗമുത്തർവിയ്യ (ദുൽഹജ്ജ് എട്ട്) വരെ താമസിക്കുകയും ചെയ്തു. അവിടെ സ്വുബ്ഹി നമസ്കരിച്ച ശേഷം തിരുമേനി പുറപ്പെട്ടു. അതിനാൽ വല്ലവനും തിരുനബി താമസിച്ചതുപോലെ നാലു ദിവസമോ അല്ലെങ്കിൽ അതിനെക്കാൾ കുറവോ നാളുകൾ താമസിച്ചാൽ അവൻ ക്വസ്വ്റാക്കട്ടെ. അതിനെക്കാൾ കൂടുതൽ താമസിച്ചാൽ അവൻ ക്വസ്വ്റാക്കാതെ പൂർത്തീകരിച്ചു നമസ്കരിക്കട്ടെ. ഇമാം അഹ്മദ് ഇതു രേഖപ്പെടുത്തി.
قال أنس: أقمنا بمكة عشراً نقصر الصلاة
അനസ് رضى الله عنه പറഞ്ഞു:ഞങ്ങൾ മക്കയിൽ പത്തുനാൾ ക്വസ്വ്റാക്കിക്കൊണ്ട് താമസിച്ചു.
ഇതിന്റെ അർത്ഥം നാം ഉണർത്തിയതാണ്. കാരണം ആ താമസം ദുൽഹജ്ജു പത്തിൽ മിനയിലേക്കും അറഫയിലേക്കും ശേഷമുള്ള സ്ഥലങ്ങളിലേക്കുമുള്ള പുറപ്പാടിനനുസരിച്ചാണ്. താമസിക്കുമെന്ന് നിയ്യത്തില്ലാതെ നാലു ദിവസത്തിൽ കൂടുതൽ വല്ല ആവശ്യത്തിനും തങ്ങുകയും ആവശ്യം എപ്പോൾ തീരുമെന്ന് അറിയാതിരിക്കുകയുമായാൽ അവന്ന് ക്വസ്വ്റാക്കാം. ഒരാൾ അന്യായമായി ബന്ധിക്കപ്പെട്ടു, അല്ലെങ്കിൽ മഴയാൽ തടയപ്പെട്ടു; എങ്കിലും ക്വസ്വ്റാക്കാം; അവൻ വർഷങ്ങൾ തങ്ങിയാലും ശരി.
قال ابن المنذر: أجمعوا على أن المسافر يقصر ما لم يُجْمع إقامة.
ഇബ്നുൽ മുൻദിർ പറഞ്ഞു: താമസം തീരുമാനിക്കാത്ത കാലമത്രയും യാത്രക്കാരന് ക്വസ്വ്റാക്കി നമസ്കരിക്കാം എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്.
യാത്രക്കാരൻ പൂർത്തീകരിച്ചു നമസ്കരിക്കൽ നിർബന്ധമാകുന്ന അവസ്ഥകൾ
യാത്രയിൽ ക്വസ്വ്റാക്കൽ അനുവദനീയമെന്നതിൽനിന്ന് ഒഴിവാക്കപ്പെടുന്ന ചില അവസ്ഥകളുണ്ട് (പൂർത്തീകരിച്ചു നമസ്കരിക്കേണ്ട അവസ്ഥകൾ). അവ താഴെ വിവരിക്കുന്നു:
1. യാത്രക്കാരൻ നാട്ടിൽ താമസിക്കുന്നവനെ തുടർന്നു നമസ്കരിച്ചാൽ പൂർത്തീകരിച്ചു നമസ്കരിക്കൽ അവന് നിർബന്ധമാണ്. കാരണം, തിരുനബിﷺ പറഞ്ഞു:
إنما جعل الإمام ليؤتم به
ഇമാമിനെ പിന്തുടരുന്നതിനു വേണ്ടിയാണ് ഇമാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
നാട്ടിൽ താമസിക്കുന്നവന്റെ പിന്നിൽ പൂർത്തിയാക്കി നമസ്കരിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ഇബ്നുഅബ്ബാസ് رضى الله عنه പറഞ്ഞു:
تلك سُنَّة أبي القاسم – صَلَّى اللَّهُ عَلَيْهِ وَسَلَّمَ
അത് അബുൽക്വാസിമിന്റെ (നബിയുടെ) സുന്നത്താകുന്നു. (അഹ്മദ്)
2. യാത്രക്കാരനാണോ അതല്ല നാട്ടിൽ താമസിക്കുന്നവനാണോ എന്ന് സംശയിക്കപ്പെടുന്നവനെ തുടർന്നു നമസ്കരിച്ചാൽ:
വിമാനത്താവളം പോലുള്ള സ്ഥലങ്ങളിൽ ഒരു ഇമാമിനു പിന്നിൽ നമസ്കാരത്തിൽ പ്രവേശിക്കുകയും പ്രസ്തുത ഇമാം യാത്രക്കാരനാണോ അതല്ല നാട്ടിൽ താമസിക്കുന്നവനാണോ എന്ന് അറിയാതിരിക്കുകയും ചെയ്താൽ പൂർത്തീകരിച്ചു നമസ്കരിക്കൽ അവന് നിർബന്ധമാണ്. കാരണം ക്വസ്വ്റാക്കുവാൻ നിയ്യത്ത് അനിവാര്യമാണ്. എന്നാൽ നിയ്യത്തിൽ ആശയക്കുഴപ്പമാണെങ്കിൽ അവൻ പൂർത്തീകരിച്ചു നമസ്കരിക്കണം.
3. നാട്ടിൽ താമസിക്കുമ്പോൾ ഉണ്ടായിരുന്ന നമസ്കാരം യാത്രയിൽ ഓർത്താൽ:
നാട്ടിലായിരിക്കുമ്പോൾ വുദൂഅ് ഇല്ലാതെയാണ് ദ്വുഹ്ർ നമസ്കരിച്ചതെന്ന് യാത്രയിൽ ഓർമിച്ച, അല്ലെങ്കിൽ നാട്ടിലായിരിക്കുമ്പോൾ നഷ്ടപ്പെട്ട നമസ്കാരത്തെ യാത്രയിൽ ഓർമിച്ച യാത്രക്കാരനെപ്പോലെ. ഇവിടെ പൂർത്തീകരിച്ചു നമസ്കരിക്കൽ അവന്നു നിർബന്ധമാണ്. തിരുനബിﷺ പറഞ്ഞു:
من نام عن صلاة أو نسيها فليصلها إذا ذكرها
വല്ലവനും നമസ്കാരത്തെ തൊട്ട് ഉറങ്ങുകയോ അല്ലെങ്കിൽ മറന്നുപോവുകയോ ചെയ്താൽ ഓർമവന്നാൽ അവനതു നമസ്കരിക്കട്ടെ. (ബുഖാരി,മുസ്ലിം)
അഥവാ അത് അതുപോലെ അവൻ നമസ്കരിക്കട്ടെ. കാരണം ഈ നമസ്കാരം അവനു പൂർണമായ നിലയ്ക്കാണ് നിർബന്ധമായത്. അതിനാൽ അതു പൂർണമായ നിലയ്ക്ക് ക്വദാഅ് വീട്ടലും നിർബന്ധമാണ്.
4. പൂർത്തിയാക്കി നിർവഹിക്കൽ നിർബന്ധമായ ഒരു നമസ്കാരത്തിൽ യാത്രക്കാരൻ പ്രവേശിക്കുകയും പ്രസ്തുത നമസ്കാരം ബാത്വിലായി ആ നമസ്കാരം മടക്കി നിർവഹിക്കുകയും ചെയ്യുമ്പോൾ:
നാട്ടിൽ താമസിക്കുന്നവനു പിന്നിൽ ഒരു യാത്രക്കാരൻ നമസ്കരിക്കുന്നതുപോലെ; ഈ അവസ്ഥയിൽ പൂർത്തീക രിച്ചു നമസ്കരിക്കൽ യാത്രക്കാരനു നിർബന്ധമാണല്ലോ. ഈ നമസ്കാരം യാത്രക്കാരനു ബാത്വിലാവു കയും അവനതു മടക്കി നമസ്കരിക്കുകയും ചെയ്യുമ്പോൾ പൂർണമായി മടക്കിനിർവഹിക്കൽ നിർബന്ധ മാണ്. കാരണം അതു പൂർണമായിക്കൊണ്ട് നിർവഹിക്കൽ നിർബന്ധമായ നമസ്കാരത്തെ മടക്കി നിർവഹിക്കലാകുന്നു.
5. താൻ യാത്ര ചെയ്തെത്തിയ നാട്ടിൽ, യാത്ര ഒരു നിർണിത കാലത്തേക്കെന്നോ നിർണിത ജോലിക്കെന്നോ ഉപാധിവെക്കാതെ നിരുപാധികം താമസിക്കുവാൻ യാത്രക്കാരൻ ഉദ്ദേശിച്ചാൽ:
ഇപ്രകാരമാണ് യാത്ര ചെയ്തെത്തിയ നാടിനെ സ്വദേശമായി സ്വീകരിക്കുവാനുദ്ദേശിച്ചാൽ; നമസ്കാരം പൂർണമായി നിർവഹിക്കൽ അവനു നിർബന്ധമാണ്. കാരണം യാത്രയുടെ വിധി അവന്റെ വിഷയത്തിൽ നിലച്ചുപോയി. എന്നാൽ യാത്ര അവസാനിക്കുന്ന ഒരു നിർണിത കാലംകൊണ്ടോ, അല്ലെങ്കിൽ ചെയ്തുതീരുന്ന ജോലികൊണ്ടോ യാത്രക്ക് ഉപാധി വെച്ചാൽ അവൻ യാത്രക്കാരനാണ്. അവനു നമസ്കാരം ക്വസ്വ്റാക്കാം.
രണ്ടു നമസ്കാരങ്ങൾ ജംആക്കൽ
മതവിധി
നമസ്കാരം ക്വസ്റാക്കപ്പെടുന്ന യാത്രയിൽ ദ്വുഹ്റും അസ്വ്റും തമ്മിൽ അവയിൽ ഒന്നിന്റെ സമയത്തും മഗ്രിബും ഇശായും തമ്മിൽ അവയിൽ ഒന്നിന്റെ സമയത്തും ജംആക്കൽ (ഒരുമിച്ചു നമസ്കരിക്കൽ) അനുവദനീയമാകുന്നു. മുആദ് رضى الله عنه വിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
أن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – كان في غزوة تبوك إذا ارتحل قبل زيغ الشمس أَخَّرَ الظهر حتى يجمعها إلى العصر يصليهما جميعاً، وإذا ارتحل بعد زيغ الشمس صلى الظهر والعصر جميعاً ثم سار. وكان يفعل مثل ذلك في المغرب والعشاء
നബിﷺ തബൂക് യുദ്ധത്തിൽ സൂര്യൻ മധ്യത്തിൽനിന്ന് തെറ്റുന്നതിനു മുമ്പാണ് യാത്രയാകുന്നതെങ്കിൽ ദ്വുഹ്റിനെ പിന്തിപ്പിക്കുകയും അസ്വ്റിലേക്കതിനെ ചേർക്കുകയും അവ ഒന്നിച്ചുനമസ്കരിക്കുകയും ചെയ്യുമായിരുന്നു. സൂര്യൻ മധ്യത്തിൽനിന്ന് തെറ്റിയതിനു ശേഷമാണ് യാത്രയാകുന്നതെങ്കിൽ ദ്വുഹ്റും അസ്വ്റും ഒന്നിച്ചു നമസ്കരിക്കുകയും ശേഷം യാത്ര ചെയ്യുകയും ചെയ്യുമായിരുന്നു. മഗ്രിബിന്റെയും ഇശാഇന്റെയും വിഷയത്തിൽ ഇതുപോലെ നബിﷺ ചെയ്യുമായിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
ജംഅ് ആക്കാവുന്നത് ആർക്ക്?
യാത്ര ചെയ്തുകൊണ്ടിരിക്കുന്നവനായാലും ഒരിടത്ത് ചെന്നിറങ്ങിയവനായാലും ഒരുപോലെയാണ്. കാരണം ഇത് യാത്രയുടെ ഇളവുകളിൽ ഒരു ഇളവാണ്. യാത്രയുടെ മറ്റു ഇളവുകൾപോലെ സഞ്ചാരമുണ്ടാകണം എന്നത് ഇതിൽ പരിഗണിച്ചിട്ടില്ല. എന്നാൽ ഇറങ്ങിപ്പാർത്തവന് ഏറ്റവും ഉത്തമമായത് ജംഅ് ആക്കാതിരിക്കുകയെന്നതാണ്. കാരണം ഹജ്ജുവേളയിൽ നബിﷺ മിനയിൽ താമസിക്കുന്നവനായിരിക്കെ ജംആക്കിയിട്ടില്ല.
നാട്ടിൽ താമസിക്കുന്ന രോഗിക്ക് ജംഅ് ആക്കുന്നത് ഒഴിവാക്കിയാൽ ബുദ്ധിമുട്ടാകുമെങ്കിൽ ജംഅ് ആക്കൽ അനുവദിക്കപ്പെടും.
قال ابن عباس، رضي الله عنه :جمع رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – بين الظهر والعصر والمغرب والعشاء بالمدينة من غير خوف ولا مطر
ഇബ്നു അബ്ബാസ് رضى الله عنه പറഞ്ഞു: ഭയമോ മഴയോ കൂടാതെ തന്നെ അല്ലാഹുവിന്റെ റസൂൽ മദീനയിൽ വെച്ച് ള്വുഹ്റിനും അസ്വ്റിനും മഗ്രിബിനും ഇശാഇനും ഇടയിൽ ജംആക്കി.
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:
من غير خوف ولا سفر
ഭയമോ യാത്രയോ കൂടാതെ തന്നെ. (മുസ്ലിം)
ഇനി ശേഷിക്കുന്നത് രോഗമെന്ന ഒഴിവുകഴിവു മാത്രമാണ്. തിരുനബിﷺ ഇസ്തിഹാദത്തുള്ള (രക്തസ്രാവം) സ്ത്രീയോടു രണ്ടു നമസ്കാരങ്ങൾക്കിടയിൽ ജംആക്കുവാൻ കൽപിച്ചിട്ടുണ്ട്. ഇസ്തിഹാദത്ത് ഒരുതരം രോഗമാണ്. മുമ്പുദ്ധരിച്ച ഹദീസിൽ ഇബ്നു അബ്ബാസ് رضى الله عنه ചോദിക്കപ്പെട്ടതായി ഇപ്രകാരമുണ്ട്:لمَ فعل ذلك؟ (എന്തിനാണ് അത് ചെയ്തത്?) അദ്ദേഹം പറഞ്ഞു: كي لا يُحرِجَ أمَّتَه (തന്റെ ഉമ്മത്തികൾക്ക് പ്രയാസം ഉണ്ടാക്കാതിരിക്കുവാൻ വേണ്ടി). അതിനാൽ എപ്പോഴാണോ ജംആക്കൽ ഉപേക്ഷിക്കുന്നതിനാൽ ഒരു മനുഷ്യനു പ്രയാസവും ക്ലേശവുമുണ്ടാകുന്നത് അപ്പോൾ അയാൾക്കു ജംആക്കൽ അനുവദനീയമാണ്; അയാൾ രോഗിയായാലും രോഗമല്ലാത്ത ഒഴിവുകഴിവുള്ളവനായാലും നാട്ടിൽ താമസിക്കുന്നവനായാലും യാത്രക്കാരനായാലും.
ജംആക്കി നമസ്കരിക്കുന്നതിനെ അനുവദനീയമാക്കുന്ന രോഗവും യാത്രയുമല്ലാത്ത ഒഴിവുകഴിവുകളിൽ പെട്ടതാണ് താഴെ പറയുന്നവ:
▪️വസ്ത്രം നനയ്ക്കുകയും ക്ലേശമേൽപിക്കുകയും ചെയ്യും വിധമുള്ള കനത്ത മഴ.
▪️ജനങ്ങൾക്കു നടത്തത്തിനു പ്രയാസം സൃഷ്ടിക്കുന്ന നനഞ്ഞ മണ്ണും ചളിയും.
▪️പതിവിനപ്പുറമുള്ള ശക്തമായ ശൈത്യക്കാറ്റ്.
▪️ഇതുപോലെ ജംആക്കൽ ഉപേക്ഷിച്ചാൽ ഒരു ദാസന് പ്രയാസമേൽപിക്കുന്ന ഇതര ഒഴിവുകഴിവുകൾ.
ജംഅ് ആക്കുന്നതിന്റെ പരിധി
യാത്രക്കാരനും അവന്റെ വിധിയിലുള്ളവനും ദ്വുഹ്റും അസ്വ്റും തമ്മിലും മഗ്രിബും ഇശാഉം തമ്മിലും ജംആക്കലാണ് മതപരമായി അതിനുള്ള പരിധി. ഇപ്രകാരമാണ് മഴകാരണത്താലും മഴയുടെ വിധിയിലുള്ള ഇതര കാരണങ്ങളാലും ജംആക്കലും. അതിനാൽ ദ്വുഹ്റും അസ്വ്റും തമ്മിലും മഗ്രിബും ഇശാഉം തമ്മിലും ജംആക്കൽ അനുവദനീയമാകുന്നു. മുകളിൽ പരാമർശിച്ച, ഇബ്നുഅബ്ബാസ് رضى الله عنه വിൽ നിന്നുള്ള ഹദീസിന്റെ തേട്ടം അതാണ്. അബൂബക്ർ رضى الله عنه, ഉമർ رضى الله عنه, ഉസ്മാൻرضى الله عنه എന്നിവരും അപ്രകാരം ചെയ്തിട്ടുണ്ട്. മഗ്രിബും ഇശാഉം തമ്മിൽ ജംആക്കുവാനുള്ള കാരണം (ജംആക്കിയില്ലെങ്കിൽ) ബുദ്ധിമുട്ടുണ്ട് എന്നുള്ളതാണ്; അതു ദ്വുഹ്റിന്റെയും അസ്വ്റിന്റെയും വിഷയത്തിലുമുണ്ടല്ലോ.
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com