സ്ത്രീകളുടെ ഇഅ്തികാഫും പള്ളിയിലുള്ള ഇണയെ സന്ദർശിക്കലും
പള്ളിയിൽ ഭജനമിരിക്കുന്ന ഭർത്താവിനെ സന്ദർശിക്കൽ ഭാര്യക്ക് അനുവദനീയമാണ്. അവൾ തിരിച്ച് പോകുമ്പോൾ പള്ളിയുടെ വാതിൽ വരെ വന്ന് യാത്രയയ്ക്കാവുന്നതുമാണ്.
قَالَتْ صفية رضي الله عنها : ” كان النبي صلى الله عليه وسلم معتكفاً (في المسجد في العشر الأواخر من رمضان) فأتيته أزوره ليلاً ، (وعنده أزواجه ، فَرُحْنَ) ، فحدثتُـهُ (ساعة) ، ثم قمت لأنقلبَ ، (فقال : لا تعجلي حتى أنصرف معك) ، فقام معي ليقلبني ، وكان مسكنها في دار أسامة بن زيد (حتى إذا كان عند باب المسجد الذي عند باب أم سلمة) ، فمر رجلان من الأنصار ، فلما رأيا النبي صلى الله عليه وسلم أسرعا ، فقال النبي صلى الله عليه وسلم : ( على رسْـلِكُما ؛ إنها صفية بنت حيي ، فقالا : سبحان الله ! يا رسول الله ! قال : إن الشيطان يجري من الإنسان مجرى الدم ، وإني خشيتُ أن يقذف في قلوبكما شراً ، أو قال : شيئاً.
സ്വഫിയ്യ رضى الله عنها പറയുന്നു: നബി (റമദാനിലെ അവസാന പത്തിൽ പള്ളിയിൽ) ഇഅ്തികാഫിരിക്കുകയായിരുന്നു. രാത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കാൻ ഞാൻ ചെന്നു. (അദ്ദേഹത്തോടൊപ്പം മറ്റു ഭാര്യമാരുമുണ്ടായിരുന്നു. അപ്പോൾ അവരെല്ലാം പോയി) (അൽപസമയം) ഞാൻ നബിയോട് സംസാരിച്ചു. പിന്നീട് ഞാൻ തിരിച്ച് പോകാൻ വേണ്ടി എഴുന്നേറ്റു. നബി പറഞ്ഞു: ധൃതി കാണിക്കല്ലേ, ഞാനും കൂടെ വരാം. അങ്ങിനെ എന്നെ യാത്രയാക്കാൻ എൻ്റെ കൂടെ വന്നു. ഉസാമത് ബസൈദിൻ്റെ വീടിനടുത്തായിരുന്നു അവരുടെ താമസസ്ഥലം. (ഉമ്മുസലമയുടെ വാതിലിനോട് ചാരിയുള്ള പള്ളിയുടെ വാതിലിനടുത്തെത്തിയപ്പോൾ) അൻസാറുകളിൽ പെട്ട രണ്ടാളുകൾ അതിലേ കടന്നുപോയി. അവരെ കണ്ടപ്പോൾ ധൃതിയിൽ ചെന്നുകൊണ്ട് നബി പറഞ്ഞു: “ഇത് സ്വഫിയ്യ ബിൻത് ഹുയയ്യാണ്.” അപ്പോൾ അവർ പറഞ്ഞു: “സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ പ്രവാചകരേ!” നബി പറഞ്ഞു: “മനുഷ്യശരീരത്തിൽ രക്തമോടുന്നിടത്തെല്ലാം പിശാച് എത്തും. നിങ്ങളുടെ മനസ്സിൽ ചീത്തതായൊന്നും തോന്നരുതെന്ന് ഞാൻ കരുതി.” (ബുഖാരി, മുസ്ലിം, സ്വഹീഹു അബീദാവൂദ് :2133-2134)
ഭർത്താവിന്റെ കൂടെ ഇഅ്തികാഫിരിക്കലും ഭാര്യക്ക് അനുവദനീയമാണ്. അവൾ തനിച്ചായാലും വിരോധമൊന്നുമില്ല.
قَالَتْ عائشة رضي الله عنها : اعتكفتْ مع رسول الله صلى الله عليه وسلم امرأة مستحاضة (وفي رواية أنها أم سلمة) من أزواجه ، فكانت ترى الحمرة والصفرة ، فربما وضعنا الطَّسْت تحتها وهي تصلي.
ആഇശാ رضى الله عنها പറയുന്നു: രക്തസ്രാവരോഗമുള്ള (ഇസ്‌തിഹാള്) തൻ്റെ ഭാര്യമാരിൽ ഒരാൾ നബി യുടെ കൂടെ ഇഅ്‌തികാഫിരുന്നു. (അത് ഉമ്മുസലമയായിരുന്നു എന്ന് മറ്റൊരു റിപ്പോർട്ടിലുണ്ട്) അവർക്ക് ചുവപ്പും ഇളം മഞ്ഞയും കണ്ടിരുന്നു. ചിലപ്പോൾ അവർ നമസ്കരിക്കുമ്പോൾ (രക്തം താഴെയാവാതിരിക്കാൻ) ഞങ്ങൾ പാത്രം വെച്ച് കൊടുത്തിരുന്നു. (ബുഖാരി, സ്വഹീഹു അബീദാവൂദ് 2138)
അത് സൈനബ് رضى الله عنها ആയിരുന്നു എന്നാണ് ദാരിമിയുടെ (1/22) ഹദീസിലുള്ളത്.
وقَالَتْ أيضاً :كان النبي صلى الله عليه وسلم يعتكف العشر الأواخر من رمضان حتى توفاه الله،ثم اعتكف أزواجه من بعده.
ആഇശാ رضى الله عنها വീണ്ടും പറയുന്നു: മരണം വരെ നബി അവസാനത്തെ പത്തിൽ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. അവിടത്തെ മരണശേഷം ഭാര്യമാരും ഇഅ്‌തികാഫിരിന്നിരുന്നു. (ബുഖാരി, മുസ്‌ലിം)
ഞാൻ പറയുന്നു: സ്ത്രീകൾക്കും ഇഅ്തികാഫിരിക്കൽ അനുവദനീയമാണെന്നതിന് ഇതിൽ തെളിവുണ്ട്. വലിയ്യിൻ്റെ അനുവാദം വേണം എന്ന നിബന്ധനയോടുകൂടി മാത്രമാണിത്. ഫിത്നയിൽ നിന്നുള്ള നിർഭയത്വവും പുരുഷന്മാരോടൊപ്പമുള്ള കൂട്ടിക്കലരലും ഉണ്ടാകരുത്. ഒട്ടനവധി തെളിവുകൾ ഇതിനുണ്ട്. ഹിഖ്ഹിന്റെ ഒരു പൊതുനിയമം ഇപ്രകാരം കാണാം.
درء المفاسد مقدم على جلب المصالح
ഗുണം കൊണ്ടുവരുന്നതിനേക്കാൾ മുൻഗണന നൽകേണ്ടത് ദോഷത്തെ തടയലിനാണ്.
ഇഅ്തികാഫിന്റെ അവസരത്തിൽ ലൈംഗിക വേഴ്‌ച പാടില്ല
وَلَا تُبَٰشِرُوهُنَّ وَأَنتُمْ عَٰكِفُونَ فِى ٱلْمَسَٰجِدِ
……… എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരുമായി (ഭാര്യമാരുമായി) സഹവസിക്കരുത്. …….(ഖു൪ആന്‍: 2/187)
قال ابن عباس :إذا جامع المعتكف بطل اعتكافه ، وأستأنف.
ഇബ്നു അബ്ബാസ് رضى الله عنه പറയുന്നു:ഇഅ്തികാഫിരിക്കുന്ന വ്യക്തി ലൈംഗികവേഴ്ചയിലേർപ്പെട്ടാൽ അയാളുടെ ഇഅ്തികാഫ് ബാത്വിലായി. പിന്നെ ആദ്യം മുതൽ തുടങ്ങണം. (ഇബ്നു അബീശൈബ 3/92, അബ്‌ദുർറസാഖ് 4/363).
ശൈഖ് അൽബാനി رحمه الله യുടെ رسالة قيام رمضان എന്ന കൃതിയിൽ നിന്നും
www.kanzululoom.com