ജാബിർ رضي الله عنه പറയുന്നു :ഖുര്‍ആനിലെ സൂറത്ത് പഠിപ്പിച്ചു തരുന്നതുപോലെ എല്ലാ കാര്യങ്ങളിലും ഇസ്തിഖാറത്ത് (നല്ലതിനെ തേടല്‍) ചെയ്യേണ്ട ക്രമം നബി ﷺ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിരുന്നു. (ബുഖാരി : 6382)
ആമുഖം
അല്ലാഹു പറയുന്നു:
وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشْرِكُونَ
നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു.(ഖുർആൻ:28/68)
എന്തെല്ലാമാണ് സൃഷ്ടിക്കേണ്ടത്, എങ്ങനെയെല്ലാമാണത് സൃഷ്ടിക്കേണ്ടത്, ഏതെല്ലാം കാര്യങ്ങളാണു നടപ്പില്‍ വരുത്തേണ്ടത്, ഏതിനൊക്കെയാണ് മുന്‍ഗണന നല്‍കേണ്ടത്, എന്നിങ്ങിനെയുള്ള ഒന്നിലുംതന്നെ, അവന്‍റെ ഉദ്ദേശമനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കുകയല്ലാതെ, അതില്‍ മറ്റാരുടെയെങ്കിലും ഇഷ്ടത്തിനോ, അഭിപ്രായത്തിനോ യാതൊരുവിധ പങ്കുമില്ലതന്നെ. എന്നിരിക്കെ, അവനെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യത്തില്‍ മറ്റൊരാളെ പങ്കാളിയായി ഗണിക്കുന്ന പ്രശ്നമേ ഇല്ല. അങ്ങിനെയുള്ള ഏതു സങ്കല്‍പ്പത്തിനും അവന്‍ അതീതനാകുന്നു, പരിശുദ്ധനാകുന്നു, അത്യുന്നതനാകുന്നു. (അമാനി തഫ്സീര്‍)
വരാനിരിക്കുന്ന കാര്യങ്ങളെയോ, മറഞ്ഞ സംഗതികളെയോ അറിയേണ്ടതിനും, കാര്യകാരണബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗങ്ങളില്‍കൂടി ഉദ്ദേശങ്ങള്‍ സാധിക്കേണ്ടതിനുംവേണ്ടി, ജ്യോൽസ്യൻമാരെയോ പണ്ഢിതൻമാരെയോ സമീപിക്കുന്നതും, അവരില്‍ വിശ്വാസമര്‍പ്പിക്കുന്നതും മഹാപാപമാണ്.
عَنْ صَفِيَّةَ، عَنْ بَعْضِ، أَزْوَاجِ النَّبِيِّ صلى الله عليه وسلم عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَىْءٍ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ لَيْلَةً
സ്വഫിയ്യ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും ജ്യോത്സ്യന്റെ അടുത്തു ചെല്ലുകയും എന്തെങ്കിലും ചോദിക്കുകയും അവന്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്താല്‍ അവന്റെ നാല്‍പതു ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല. (മുസ്‌ലിം : 2230)
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ فِيمَايَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صلى الله عليه وسلم
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ജ്യോത്സ്യനെയോ കണക്കു നോക്കുന്നവനെയോ സമീപിക്കുകയും, അവൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ് നബി ﷺ യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു. (ഹാകിം:1/8, ബയ്ഹഖി – അസ്സുനനുൽ കുബ്‌റ:8/135)
അപ്പോൾ നമ്മുടെ ജീവിതത്തിൽ നിർണ്ണായക തിരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ, ഒരു കാര്യം അത് ചെയ്യണമോ വേണ്ടയോയെന്ന് തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോൾ എന്താണ് ചെയ്യുക? അവിടെയാണ് ഇസ്തിഖാറ നമസ്കാരത്തിന്റെ പ്രാധാന്യം.
വല്ല പ്രധാനപ്പെട്ട കാര്യങ്ങളിലും ഏര്‍പ്പെടുവാന്‍ ഉദ്ദേശിക്കുന്നവന്‍, അക്കാര്യം തനിക്ക് ഗുണകരമായിരിക്കുമോ, ദോഷകരമായിരിക്കുമോ എന്നറിയാതെ വിഷമിക്കുന്നപക്ഷം, അവനു മനസ്സമാധാനം ലഭിക്കുവാന്‍ നബി ﷺ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗമാണ് ‘ഇസ്തിഖാറത്ത്’ (الاستخارة). ഗുണകരമായതു കാണിച്ചുതരുവാന്‍ അല്ലാഹുവിനോടു തേടുക എന്നത്രെ ഈ വാക്കിന്‍റെ വിവക്ഷ. (അമാനി തഫ്സീര്‍ – ഖു൪ആന്‍ : 28/68 ന്റെ വിശദീകരണം)
വിഷയത്തിന്റെ പ്രാധാന്യം
عَنْ جَابِرٍ ـ رضى الله عنه ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يُعَلِّمُنَا الاِسْتِخَارَةَ فِي الأُمُورِ كُلِّهَا كَالسُّورَةِ مِنَ الْقُرْآنِ “ إِذَا هَمَّ بِالأَمْرِ فَلْيَرْكَعْ رَكْعَتَيْنِ، ثُمَّ يَقُولُ اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ………………….. وَيُسَمِّي حَاجَتَهُ
ജാബിർ رضي الله عنه പറയുന്നു :ഖുര്‍ആനിലെ സൂറത്ത് പഠിപ്പിച്ചു തരുന്നതുപോലെ – അത്ര പ്രാധാന്യം കല്‍പിച്ചുകൊണ്ട് – എല്ലാ കാര്യങ്ങളിലും ഇസ്തിഖാറത്ത് (നല്ലതിനെ തേടല്‍) ചെയ്യേണ്ട ക്രമം നബി ﷺ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിരുന്നു.. അവിടുന്ന് പറഞ്ഞു: ‘ അവന്‍ രണ്ടു റക്അത്ത് (സുന്നത്ത്) നമസ്കരിച്ചുകൊള്ളട്ടെ. ശേഷം ഇസ്തിഖാറത്തിന്റെ ദുആ പറയുക ………………….. അവന്‍റെ ആവശ്യം എടുത്തു പറയുകയും വേണം. (എങ്കിൽ ഉത്തമമായ മാര്‍ഗ്ഗം അല്ലാഹു കാണിച്ചു തരും) (ബുഖാരി: 6382)
നാം ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ, ഒരും സംരംഭം ആരംഭിക്കുമ്പോൾ, ഒരും കാര്യം തീരുമാനിക്കുമ്പോൾ അപ്പോഴൊക്ക നമുക്കത് ഖൈറായിരിക്കുമോ അതോ ശര്‍റായിരിക്കുമോ എന്ന് കൃത്യമായി അറിയാൻ കഴിയില്ല. കാരണം നമുക്കാര്‍ക്കും ഗൈബ് (അദൃശ്യം) അറിയില്ല. അതേപോലെ ഒരു കാര്യം വേണമോ വേണ്ടയോ എന്ന് ആശയ കുഴപ്പത്തിലാകാറുണ്ട്. അത് ചെയ്യുന്നതിലാണോ ഒഴിവാക്കുന്നതിലാണോ നൻമയെന്ന് നമുക്ക് അറിയാൻ കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളിൽ ചെയ്യാൻ പഠിപ്പിക്കപ്പെട്ടതാണ് ഇസ്തിഖാറ നമസ്കാരം. രണ്ട് റക്അത്ത് ഇസ്തിഖാറത്ത് നമസ്കരിച്ച്, ഇസ്തിഖാറത്തിന്റെ പ്രാര്‍ത്ഥന പറഞ്ഞാൽ ആ കാര്യം ഖൈറാണെങ്കിൽ അല്ലാഹു നടത്തി തരും. അത് ശര്‍റാണെങ്കിൽ അതിൽ നിന്നും അല്ലാഹു തടയും. തീരുമാനിച്ച് മുന്നോട്ട് പോകുന്ന കാര്യത്തിലൊരു എളുപ്പമുണ്ടാകും. ഇസ്തിഖാറത്ത് ചെയ്തതിന് ശേഷം അല്ലാഹു നമ്മെ കൊണ്ടെത്തിക്കുന്നതിൽ നമുക്ക് സംതൃപ്തി ഉണ്ടാകും. ഇസ്തിഖാറത്ത് ചെയ്തതാണല്ലോ, ഖൈറായിരിക്കും എന്ന പ്രതീക്ഷയിലായിരിക്കും നാം. ഒരിക്കലും നിരാശപ്പെടുകയില്ല.
വല്ല പ്രധാനപ്പെട്ട കാര്യങ്ങളിലും ഏര്‍പ്പെടുവാന്‍ ഉദ്ദേശിക്കുന്നവന്‍, അക്കാര്യം തനിക്ക് ഗുണകരമായിരിക്കുമോ, ദോഷകരമായിരിക്കുമോ എന്നറിയാതെ വിഷമിക്കുന്നപക്ഷം, അവനു മനസ്സമാധാനം ലഭിക്കുവാന്‍ നബി ﷺ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗമാണ് ‘ഇസ്തിഖാറത്ത്’ (الاستخارة). (അമാനി തഫ്സീര്‍ – ഖു൪ആന്‍ : 28/68 ന്റെ വിശദീകരണം)
كان شيخ الإسلام ابن تيمية يقول: ما ندم من استخار الخالق وشاور المخلوقين وثبت في أمره..
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: സൃഷ്ടാവിനോട് നന്മയെ ചോദിക്കുകയും സൃഷ്ടികളോട് കൂടിയാലോചിക്കുകയും തീരുമാനത്തിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നവന് പിന്നെന്ത് പേടിക്കാനാണ്. [الوابل الصيب ١٥٧]
പക്ഷേ ഖേദകരം എന്ന് പറയട്ടെ, മുസ്ലിംകൾ അല്ല സുന്നത്തിന്റെ ആളുകൾ എന്ന് അവകാശപ്പെടുന്നവർ വരെയും ഈ വിഷയം അവഗണിച്ചു കളഞ്ഞു. അതിന്റെ പ്രാധാന്യം യഥാവിധി അവർ ഉൾക്കൊണ്ടില്ല. അക്കാരണത്താൽ അവർക്ക് ധാരാളം ഖൈറുകൾ തടയപ്പെട്ടു. കാരണം അല്ലാഹു ഖൈറുകളിലേക്ക് നയിക്കുന്നതിനും ശര്‍റുകൾ തടയുന്നതിനും നിശ്ചയച്ചിട്ടുള്ള ഒന്നായിരുന്നു ഇസ്തിഖാറത്ത് നമസ്കാരം.
ഇസ്തിഖാറത്ത് നമസ്കാരത്തിൻ്റെ രൂപം
ശൈഖ് ബ്നു ബാസ് رحمه الله പറയുന്നു:
صلاة الاستخارة أن يصلي ركعتين، ثم يدعو بعدها، ويستخير بما ورد عن النبي ﷺ بعد السلام يرفع يديه ويسأل، يقول: اللهم إني أستخيرك بعلمك …… هذه السنة في الاستخارة نعم.
രണ്ട് റകഅത്ത് നമസ്കരിക്കുകയും അതിനു ശേഷം നബി ﷺ പഠിപ്പിച്ച പ്രാര്‍ത്ഥന പ്രാര്‍ഥിച്ചുകൊണ്ട് ഇസ്തിഖാറ നടത്തുകയും ചെയ്യുക എന്നതാണ് ഇസ്തിഖാറ നമസ്കാരത്തിന്‍റെ രൂപം. സലാം വീട്ടിയത്തിനു ശേഷം തന്‍റെ ഇരു കൈകളും ഉയര്‍ത്തി ഇപ്രകാരം പ്രാര്‍ഥിക്കണം: അല്ലാഹുമ്മ ഇന്നീ അസ്‌തഖീറുക ബിഇൽമിക ……… ഇതാണ് ഇസ്തിഖാറത്തുമായി ബന്ധപ്പെട്ട നബി ﷺ യുടെ ചര്യ. (http://www.binbaz.org.sa/mat/15587)
ഇസ്തിഖാറത്തിന്റെ പ്രാര്‍ത്ഥന
اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ، وَأَنْتَ عَلاَّمُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ فِي عَاجِلِ أَمْرِي وَآجِلِهِ ـ فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ، وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ رَضِّنِي بِهِ. وَيُسَمِّي حَاجَتَهُ ”.
അല്ലാഹുമ്മ ഇന്നീ അസ്‌തഖീറുക ബിഇൽമിക, വഅസ്‌തഖ്‌ദിറുക ബിഖുദ്‌റതിക, വഅസ്‌അലുക മിൻ ഫള്‌ലികൽ അള്വീം. ഫഇന്നക തഖ്‌ദിറു വലാ അഖ്‌ദിറു, വതഅ്‌ലമു വലാ അഅ്‌ലമു, വഅൻത അല്ലാമുൽ ഗ്വുയൂബ്. അല്ലാഹുമ്മ ഇൻ കുൻത തഅ്‌ലമു അന്ന ഹാദൽ അംറ [ഇവിടെ കാര്യമെന്തെന്ന് പറയുക] ഖൈറുൻ ലീ ഫീ ദീനീ വമആശീ വആഖിബതി അംരീ ഫഖ്‌ദുർഹു ലീ വയസ്സിർഹു ലീ, സുമ്മ ബാരിക്‌ലീ ഫീഹി. വഇൻ കുൻത തഅ്‌ലമു അന്ന ഹാദൽ അംറ ശർറുൻ ലീ ഫീദീനീ വമആശീ വആഖിബതി അംരീ ആജിലി അംരീ വ ആജിലിഹി ഫസ്വ്‌രിഫ്‌ഹു അന്നീ വസ്വ്‌രിഫ്‌നീ അൻഹു, ഫഖ്‌ദുർലീ അൽഖൈറ ഹൈസു കാന, സുമ്മ അർളിനീ ബിഹി.
അല്ലാഹുവേ! നിന്റെ വിജ്ഞാനം മുഖേന നിന്നോട് ഞാൻ നന്മയെ ചോദിക്കുന്നു. നിന്റെ കഴിവ് മുഖേന ഞാൻ കഴിവിനെ ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. കാരണം, നീ കഴിവുള്ളവനാണ്; ഞാൻ കഴിവില്ലാത്തവനാണ്. നീ അറിയുന്നവനാണ്; ഞാൻ അറിവില്ലാത്തവനാണ്. നീ എല്ലാ മറഞ്ഞ കാര്യങ്ങളും നന്നായി അറിയുന്നവനാണ്. അല്ലാഹുവേ (ഞാൻ ഉദ്ദേശിച്ച) ഈ കാര്യം [ഇവിടെ കാര്യമെന്തെന്ന് പറയുക] എനിക്ക് എന്റെ ദീനിലും എന്റെ ഐഹിക ജീവിതത്തിലും കാര്യത്തിന്റെ പര്യവസാനത്തിലും (ഈ ലോകത്തും പരലോകത്തും) നന്മയാണെന്ന് നീ അറിയുന്നുവെങ്കിൽ അത് എനിക്ക് നീ വിധിക്കേണമേ. അതിനെ നീ എനിക്ക് എളുപ്പമാക്കിത്തരികയും പിന്നീട് അതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. (എന്നാൽ ഞാൻ ചെയ്യാൻ ഉദ്ദേശിച്ച) ഈ കാര്യം എന്റെ ദീനിലും എന്റെ ഐഹിക കാര്യത്തിലും കാര്യത്തിന്റെ പര്യവസാനത്തിലും (ഈ ലോകത്തും പരലോകത്തും) എനിക്ക് ദോഷകരമായി നീ കാണുന്നുവെങ്കിൽ അതിനെ എന്നിൽ നിന്നും, എന്നെ അതിൽ നിന്നും നീ അകറ്റേണമേ. നന്മ എവിടെയാണെങ്കിലും അത് എനിക്ക് നീ വിധിക്കേണമേ. പിന്നെ അതിൽ എനിക്ക് നീ സംതൃപ്‌തി നൽകുകയും ചെയ്യേണമേ! (ബുഖാരി: 6382)
ഈ പ്രാര്‍ത്ഥനയില്‍ ‘എന്‍റെ ജീവിതത്തിലും എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും’ (وَمَعَاشي وَعَاقِبَةِ أَمْرِي) എന്നതിന്‍റെ സ്ഥാനത്ത് ‘എന്‍റെ കാര്യത്തിന്‍റെ താല്‍ക്കാലികാവസ്ഥയിലും, ഭാവിയിലും’ (في عَاجِلِ أَمْرِي وَآجِلِهِ) എന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാര്‍ത്ഥിക്കുന്നവന്‍റെ യുക്തംപോലെ രണ്ടിലൊന്നു ഉപയോഗിക്കാവുന്നതാണ്.
ഇസ്തിഖാറത്തിന്റെ പ്രാര്‍ത്ഥനയിൽ തൗഹീദ്, തവക്കുൽ, ഉബൂദിയത്ത് എന്നിവയുടെ പ്രഖ്യാപനമുണ്ട്. ആദ്യം ഇസ്തിഖാറത്തിന്റെ പ്രാര്‍ത്ഥനയിലെ പദങ്ങൾ പരിചയപ്പെടുക. ശേഷം അതിന്റെ അര്‍ത്ഥവും ആശയവും ഗ്രഹിക്കുക. ഈ പ്രാര്‍ത്ഥനയിലെ പദങ്ങൾ എളുപ്പമുള്ളതും അതിന്റെ അര്‍ത്ഥവും ആശയവും എല്ലാവര്‍ക്കും മനസ്സിലാകുന്നതുമാണ്. എന്നിട്ട് പ്രാര്‍ത്ഥിക്കുമ്പോൾ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ (ഈ കാര്യം നീ അറിയുന്നുവെങ്കിൽ) എന്ന ഭാഗം എത്തുമ്പോൾ ഉദ്ദേശിച്ച കാര്യം പറയുക. അറബി അറിയില്ലെങ്കിൽ അവിടെ മലയാളത്തിൽ പറയുക. ഉദാഹരണത്തിന് [ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ ഞാൻ ഈ കച്ചവടം ആരംഭിക്കുന്നത് خَيْرٌ لِي فِي دِينِي ] എന്ന് പറയുക. ഈ പ്രാര്‍ത്ഥനയിൽ രണ്ട് സ്ഥലത്ത് ഈ കാര്യം പറയണം. മനപാഠമില്ലാത്തവര്‍ ബുക്കിലോ മൊബൈലിലോ നോക്കി പറയുക. ഏതായാലും ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും ആശയവും ഗ്രഹിക്കണം. എങ്കിൽ മാത്രമേ പറയുന്നത് ആത്മാര്‍ത്ഥതയോടെ ദൃഢതയോടെ അത് പറയാൻ കഴിയൂ. ഈ പ്രാര്‍ത്ഥനയിലൂടെ നമ്മുടെ വിശ്വാസം പ്രഖ്യാപിക്കുകയും നമ്മുടെ ദുര്‍ബലതയും അല്ലാഹുവിന്റെ അറിവും കഴിവുമൊക്കെ എടുത്തു പറഞ്ഞുകൊണ്ട് അല്ലാഹുവിനോട് സഹായം ചോദിക്കുകയാണല്ലോ. അപ്പോൾ ഇതിന്റെ അര്‍ത്ഥവും ആശയവും ഗ്രഹിക്കാതെ ചില പദങ്ങൾ ഹൃദയത്തിന്റെ സാന്നിദ്ധ്യമില്ലാതെ വെറും വാക്കുകള്‍ ഉരുവിട്ടു കൊണ്ട് എത് പ്രയോജനം?
ഈ വിഷയത്തിലെ ചില മേഖലകൾ കൂടി മനസ്സിലാക്കുന്നത് ഇതുമായി ബന്ധപ്പെട്ട ആശയ കുഴപ്പങ്ങൾ ദുരീകരിക്കാൻ സഹായമാണ്. ഇസ്തിഖാറ നമസ്കാരവുമായി ബന്ധപ്പെട്ട് ശൈഖ് അൽബാനി رحمه الله നൽകിയ ഫത്വകൾ കാണുക:
ചോദ്യം: ഇസ്തിഖാറയുടെ പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്ന ഒരാള്‍ക്ക്, ഒന്നിലേക്കും ചായ്‌വ് ഇല്ലാത്ത വിധം 50-50 എന്ന നിലയില്‍ സമമായി നില്‍ക്കുന്ന രണ്ട് വിഷയങ്ങളുണ്ടെങ്കിൽ, അയാള്‍ പ്രാര്‍ത്ഥനയില്‍ എന്തു പറയണം?
മറുപടി: അവന് (ഏതെങ്കിലും ഒന്ന് ചെയ്യാനുള്ള) ഉദ്ദേശമില്ല (*) എന്നാണ് നിങ്ങളുടെ ചോദ്യത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങനെയാകുമ്പോള്‍ അവന്‍ ഇസ്തിഖാറ നിര്‍വ്വഹിക്കേണ്ടതില്ല.
(*) ഉദ്ദേശമെന്നത് ബുഖാരിയില്‍ വന്ന ഹദീഥിലെ വാചകം സൂചിപ്പിച്ചു കൊണ്ടുള്ളതാണ്. നബി ﷺ പറയുന്നു: നിങ്ങളിലാരെങ്കിലും വല്ലതും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍, അവന്‍ രണ്ട് റക്‌അത്ത് നമസ്കരിച്ച ശേഷം ഇപ്രകാരം പറയട്ടെ. (ഇസ്തിഖാറയുടെ പ്രാര്‍ത്ഥന)(ബുഖാരി:6382)
ചോദ്യം: ആരാണ് ഇസ്തിഖാറ ചെയ്യേണ്ടത്, ഏത് ചെയ്യണമെന്ന വിഷയത്തില്‍ ആശയക്കുഴപ്പമുള്ള ഒരുവനാണോ അതല്ല, ഏത് ചെയ്യണമെന്ന് തീരുമാനിച്ചുറച്ചവനോ?
മറുപടി: അല്ല. ഇസ്തിഖാറയുടെ പ്രാര്‍ത്ഥന ആശയക്കുഴപ്പത്തെ ദുരീകരിക്കുകയില്ല. ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചുറച്ച ശേഷമാണ് ഇസ്തിഖാറ. ഇവിടെയാണ് ഇസ്പ്തിഖാറ നിര്‍വ്വഹിക്കേണ്ടത്. ഒരു മുസ്ലിം ചെയ്യാനുദ്ദേശിച്ചിട്ടില്ലാത്ത ഒരു കാര്യത്തെ സംബന്ധിച്ച സംശയങ്ങളും അനിശ്ചിതത്വങ്ങളും നീക്കാനുതകുന്ന ഒന്നല്ല ഇസ്തിഖാറയുടെ പ്രാര്‍ത്ഥന.
ചോദ്യം: ഇസ്തിഖാറയുടെ പ്രാര്‍ത്ഥന നടത്തേണ്ടത് തസ്‌ലീമിന്റെ (നമസ്കാരത്തില്‍ നിന്നും സലാം വീട്ടുന്നതിനു) മുമ്പാണോ അതോ ശേഷമോ?
മറുപടി: തസ്ലീമിന് ശേഷം.
ചോദ്യം: ഇസ്തിഖാറയുടെ പ്രാര്‍ത്ഥന ആവര്‍ത്തിക്കാന്‍ പറ്റുമോ?
മറുപടി: അവന്റെ ഇസ്തിഖാറ ശരീഅത്തിന് അനുസൃതമമല്ലെങ്കില്‍, അത് ആവര്‍ത്തിക്കാവുന്നതാണ്. ഹൃദയത്തിന്റെ സാന്നിദ്ധ്യമില്ലാതെ വെറും വാക്കുകള്‍ ഉരുവിട്ടു കൊണ്ട് മാത്രമാണ് ഇസ്‌തിഖാറ നടത്തുന്നതെങ്കില്‍, ശരീഅത്തിന് അനുസൃതമല്ലാതാകാന്‍ അതു തന്നെ മതിയാകും. അവന്റെ ഈ അശ്രദ്ധയെ കുറിച്ച് അവന്‍ സ്വയം തന്നെ ബോധവാനാണ് എങ്കില്‍ (ഇസ്തിഖാറ നമസ്കാരം) ആവര്‍ത്തിക്കാന്‍ അവന്‍ നിര്‍ബന്ധിതനാണ്. അതല്ല, അങ്ങനെ അവന് തോന്നിയില്ലെങ്കില്‍, (അത് ആവര്‍ത്തിക്കുന്നതിലൂടെ) അവന്‍ ബിദ്‌അത്ത് ചെയ്യുകയായി. [അവലംബം: സില്‍സിലതുല്‍ ഹുദാ വന്നൂര്‍: ന: 206(ചോ:10), 664(ചോ:5), 426(ചോ:12)]
ഇവിടെ കാര്യം വ്യക്തമാണ്. ഒരു കാര്യം വേണമോ വേണ്ടയോ എന്ന് ആശയ കുഴപ്പത്തിലാകുമ്പോൾ, ആശയ കുഴപ്പം മാറാൻ നിര്‍വ്വഹിക്കേണ്ട ഒന്നല്ല ഇസ്‌തിഖാറ നമസ്കാരം. മറിച്ച്, ഒരു കാര്യം തീരുമാനിച്ച് മുന്നോട്ട് പോകുമ്പോൾ അതിൽ അല്ലാഹുവിന്റെ സഹായം തേടലാണ് ഇസ്തിഖാറ. إِذَا هَمَّ بِالأَمْرِ (നിങ്ങളില്‍ ഒരാള്‍ ഒരു കാര്യത്തിന്ന് ഉദ്ദേശിച്ചാല്‍) എന്നാണല്ലോ നബി പറഞ്ഞത്. ഇബ്നു അബീശൈബയുടെ റിപ്പോര്‍ട്ടിൽ إذا أراد أحدكم الحاجة (നിങ്ങളില്‍ ഒരാള്‍ക്ക് ആവശ്യം നിറവേറ്റാനുണ്ടെങ്കിൽ) എന്നും വന്നിട്ടുണ്ട്. അതൊക്കെ ഇതിന് തെളിവാണ്.
ഒരു കാര്യം തീരുമാനിക്കുമ്പോൾ ആവശ്യമെങ്കിൽ വേണ്ടപ്പെട്ടവരോടൊ അതുമായി ബന്ധപ്പെട്ടവരോടോ ഒക്കെ കൂടിയാലോചിക്കാവുന്നതാണ്. ഒരു കാര്യം വേണമോ വേണ്ടയോ എന്ന് ആശയ കുഴപ്പത്തിലാകുമ്പോൾ, ആശയ കുഴപ്പം മാറ്റാനും കൂടിയാലോചിക്കാവുന്നതാണ്. അങ്ങിനെ എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവില്‍ വിശ്വസിച്ച് ഭരമേല്‍പ്പിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു :
وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്. (ഖു൪ആന്‍:3/159)
അങ്ങനെ തീരുമാനിച്ച് മുന്നോട്ട് പോകാനൊരുങ്ങുമ്പോൾ ഇസ്തിഖാറ ചെയ്യുക. ഇസ്തിഖാറ ചെയ്തതിന് ശേഷവും കൂടിയാലോചിക്കാവുന്നതാണ്.
ഏതൊക്കെ കാര്യങ്ങളിൽ ഇസ്തിഖാറ നമസ്കരിക്കാം
ഹദീസിലെ فِي الأُمُورِ كُلِّهَا (എല്ലാ കാര്യങ്ങളിലും) എന്ന പ്രയോഗത്തിൽ നിന്നും നമ്മുടെ ദൈനംദിന ജീവിതത്തിലെ ദുൻയവിയായ മുഴുവൻ കാര്യങ്ങളിലും ഇസ്തിഖാറ നമസ്കാരം നിര്‍വ്വഹിക്കാമെന്ന് വ്യക്തം. ദീനിൽ നിര്‍ബന്ധമായ കര്‍മ്മങ്ങൾക്കോ ഹറാമുകൾ ചെയ്യുന്ന കാര്യങ്ങൾക്കോ ഒന്നും ഇസ്തിഖാറ പാടില്ല.
ഇസ്തിഖാറ നമസ്കരിക്കേണ്ട സമയം
പൊതുവെ സുന്നത്ത് നമസ്‌കാരങ്ങളും മറ്റും നിഷിദ്ധമാക്കപ്പെട്ട ചില സമയങ്ങളുണ്ട്. സുബ്ഹ് നമസ്‌കാരത്തിന് ശേഷം സൂര്യൻ ഉദിച്ചുയരുന്നതുവരെയും അസർ നമസ്‌കാരാനന്തരം സൂര്യൻ അസ്തമിക്കുന്നതുവരെയും നമസ്‌കാരം പാടില്ല. അതല്ലാത്ത ഏത് സമയത്തും ഇസ്തിഖാറ നമസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ بَيْعَتَيْنِ وَعَنْ لِبْسَتَيْنِ وَعَنْ صَلاَتَيْنِ نَهَى عَنِ الصَّلاَةِ بَعْدَ الْفَجْرِ حَتَّى تَطْلُعَ الشَّمْسُ، وَبَعْدَ الْعَصْرِ حَتَّى تَغْرُبَ الشَّمْسُ،
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: രണ്ടു വിധ കച്ചവടത്തെയും രണ്ടുവിധ വസ്ത്രധാരണത്തെയും രണ്ടു വിധ നമസ്കാരത്തെയും അല്ലാഹുവിൻറെ റസൂൽ ﷺ വിരോധിച്ചിട്ടുണ്ട്. സുബ്ഹ് നമസ്‌കാരത്തിന് ശേഷം സൂര്യൻ ഉദിച്ചുയരുന്നതുവരെ നമസ്‌കരിക്കുന്നതും, അസർ നമസ്‌കാരാനന്തരം സൂര്യൻ അസ്തമിക്കുന്നതുവരെ നമസ്‌കരിക്കുന്നതും അവിടുന്ന് വിരോധിച്ചിട്ടുണ്ട്. (ബുഖാരി: 584)
kanzululoom.com