ഒരു രാത്രിയില്‍ മക്കയില്‍ നിന്നും അക്കാലത്ത് ഒരു മാസം വഴിദൂരമുള്ള ശാമിലുള്ള ബൈത്തുല്‍ മുഖദ്ദസിലേക്കും, അവിടെ നിന്ന് ഏഴ് ആകാശങ്ങള്‍ക്കപ്പുറമുള്ള സിദ്‌റത്തുല്‍ മുന്‍തഹ വരെയും അല്ലാഹു മുഹമ്മദ് നബി ﷺ യെ കൊണ്ടുപോവുകയും അത്ഭുതക്കാഴ്ചകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഈ രണ്ടു യാത്രകളില്‍ ഒന്നാമത്തെത് ഇസ്‌റാഅ് (രാപ്രയാണം അഥവാ രാവുയാത്ര) എന്നും രണ്ടാമത്തെത് മിഅ്‌റാജ് (ആകാശാരോഹണം അഥവാ വാനയാത്ര) എന്നും അറിയപ്പെടുന്നു. നബി ﷺ ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ ഒരു ആദരവായിരുന്നു ഇസ്‌റാഉം മിഅ്‌റാജും.
തന്റെ സംരക്ഷകനായിരുന്ന അബൂത്വാലിബിന്റെയും തന്റെ വീട്ടിലെ ഐശ്വര്യവും സമാധാനവും ആയിരുന്ന ഖദീജയുടെയും(റ) മരണം നബി ﷺ യെ വല്ലാതെ പ്രയാസപ്പെടുത്തി. സമാധാനവും ആശ്വാസവും ലഭിക്കുമെന്ന പ്രതീക്ഷയോടുകൂടിയും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടിയും നബി ﷺ ത്വാഇഫിലേക്ക് പോയെങ്കിലും അവിടെ നിന്നും പ്രയാസത്തിന്റെ കൈപ്പുനീരുകള്‍ അനുഭവിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിവന്നത്. ദീനിനെ സംരക്ഷിക്കുവാന്‍ വേണ്ടി തന്റെ അനുചരന്മാരുടെ അബിസീനിയയിലേക്കുള്ള യാത്രയും താന്‍ കൊണ്ടുവന്ന ആദര്‍ശത്തെ മക്കയിലുള്ള ആളുകള്‍ അവഗണിച്ചതും തനിക്കെതിരെ എന്തും ചെയ്യാന്‍ അവര്‍ ധൈര്യം കാണിച്ചതും എല്ലാം നബി ﷺ യുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കാര്യങ്ങളായിരുന്നു. തിരമാലകള്‍ പോലെ മേല്‍ക്കുമേല്‍ കടന്നുവന്ന ഇത്തരം പ്രയാസങ്ങളുടെ സന്ദര്‍ഭത്തില്‍ നബി ﷺ ക്ക് അല്ലാഹു നല്‍കിയ വലിയ ഒരു ആശ്വാസവുമായിരുന്നു ഇസ്‌റാഉം മിഅറാജും. ആരൊക്കെ പ്രവാചകനെ അവഗണിച്ചാലും കുറ്റപ്പെടുത്തിയാലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്ലാഹു പ്രവാചകനെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും എന്നുള്ള ഒരു അറിയിപ്പ് കൂടിയായിരുന്നു മിഅ്‌റാജ്.
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ
അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും. (ഖു൪ആന്‍:9/33)
നബി ﷺ യുടെ ജീവിതത്തിലുണ്ടായ അത്ഭുത സംഭവമാണ് ഇസ്‌റാഅ്-മിഅ്‌റാജ്. അത് അല്ലാഹു നബി ﷺ യിലൂടെ പ്രകടമാക്കിയ വലിയ ഒരു മുഅ്ജിസത്തായിരുന്നു. ഈ യാത്രയെ സംബന്ധിച്ച് വിശുദ്ധ ക്വുര്‍ആനിലും ഹദീഥിലും കാണാവുന്നതാണ്. സൂറത്തുല്‍ ഇസ്‌റാഅ് എന്ന പേരില്‍ ഒരു അധ്യായം തന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രസ്തുത അധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ്:
سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ
തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് – അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (ഖു൪ആന്‍:17/1)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ (തന്റെ അടിയാനെ രാപ്രയാണം ചെയ്യിച്ചവന്‍ മഹാപരിശുദ്ധന്‍) എന്നുള്ള തസ്ബീഹിന്റെ പ്രയോഗം, ആ പ്രയാണം കേവലം സാധാരണപോലെയുള്ള ഒരു യാത്രയല്ലെന്നും, അത്ഭുതകരവും അസാധാരണവുമായ ഒരു യാത്രയായിരുന്നുവെന്നും കാണിക്കുന്നു. سُبْحَانَ (സുബ്ഹാന) എന്ന പദം ഉപയോഗിച്ചുകൊണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്നതായി ഖുര്‍ആനില്‍ വന്നിട്ടുള്ള സ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാവുന്നതാകുന്നു. أَسْرَىٰ (അസ്റാ) എന്ന ക്രിയയില്‍ നിന്നു തന്നെ ആ യാത്ര രാത്രി കാലത്തായിരുന്നുവെന്നറിയാമെങ്കിലും ഒരു രാത്രിയുടെ ഏതാനും ഭാഗമേ അതിന് എടുത്തിട്ടുള്ളുവെന്നു لَيْلًا (ഒരു രാത്രിയില്‍) എന്ന വാക്കില്‍ നിന്നു മനസ്സിലാക്കാം. യാത്രയുടെ തുടക്കത്തെപ്പറ്റി مِّنَ الْمَسْجِدِ الْحَرَامِ (മസ്ജിദുല്‍ ഹറാമില്‍ നിന്ന്) എന്നത്രെ അല്ലാഹു പറഞ്ഞത്. (അമാനി തഫ്സീ൪ : ഖു൪ആന്‍ 17/1 ന്റെ വിശദീകരണത്തില്‍ നിന്ന്)
ധാരാളം അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ഉള്‍കൊള്ളുന്ന അത്ഭുതകരമായ ‘ഇസ്‌റാഅ്’ യാത്ര മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്നും ഫലസ്തീനിലെ മസ്ജിദുല്‍ അക്വ്‌സ്വായിലേക്കുള്ള യാത്രയാണ്. അവിടെ നിന്നും ആകാശലോകത്തേക്കുള്ള രാപ്രയാണത്തിനാണ് ‘മിഅ്‌റാജ്’ എന്നു പറയുന്നത്. ഈ യാത്ര ഒരു മനുഷ്യന് സാധ്യമല്ലാത്ത ഒന്നാണ്. അത്ഭുതകരമായ ഈ യാത്രക്ക് മുമ്പ് നബി ﷺ യെ ശാരീരികമായും മാനസികമായും അല്ലാഹു ഒരുക്കിയിരുന്നു. നബി ﷺ പറയുന്നത് കാണുക:
عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ أَبُو ذَرٍّ يُحَدِّثُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” فُرِجَ عَنْ سَقْفِ بَيْتِي وَأَنَا بِمَكَّةَ، فَنَزَلَ جِبْرِيلُ فَفَرَجَ صَدْرِي، ثُمَّ غَسَلَهُ بِمَاءِ زَمْزَمَ، ثُمَّ جَاءَ بِطَسْتٍ مِنْ ذَهَبٍ مُمْتَلِئٍ حِكْمَةً وَإِيمَانًا، فَأَفْرَغَهُ فِي صَدْرِي ثُمَّ أَطْبَقَهُ، ثُمَّ أَخَذَ بِيَدِي فَعَرَجَ بِي إِلَى السَّمَاءِ الدُّنْيَا،
അനസില്‍(റ) നിന്ന് നിവേദനം :അദ്ദേഹം പറഞ്ഞു: ”അബൂദര്‍റ് പറയുമായിരുന്നു: ‘തീര്‍ച്ചയായും അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ഞാന്‍ മക്കയിലായിരിക്കെ എന്റെ വീടിന്റെ മേല്‍ക്കുരയില്‍ വിടവുണ്ടാക്കപ്പെടുകയുണ്ടായി. അങ്ങനെ ജിബ്‌രീല്‍ ﷺ ഇറങ്ങിവന്നു. എന്നിട്ട് എന്റെ നെഞ്ച് വിടര്‍ത്തി. പിന്നീട് സംസം വെള്ളംകൊണ്ട് അതിനെ (ഹൃദയത്തെ) കഴുകി. പിന്നീട് ഹിക്മത്തും ഈമാനും നിറക്കപ്പെട്ട സ്വര്‍ണത്താലുള്ള ഒരു തളിക കൊണ്ടുവന്നു. എന്നിട്ട് അത് എന്റെ നെഞ്ചിനകത്തേക്ക് ഒഴിച്ചു. പിന്നീട് അതിനെ (പൂര്‍വസ്ഥിതിയിലേക്ക്) ചേര്‍ത്തു. പിന്നീട് അദ്ദേഹം എന്റെ കൈപിടിച്ചു. എന്നിട്ട് ഒന്നാം ആകാശത്തേക്ക് എന്നെയും കൊണ്ട് കയറി…” (ബുഖാരി:349)
ബനൂസഅദിന്റെ കൂടെ താമസിക്കുന്ന കാലഘട്ടത്തിലുണ്ടായ ഒന്നാമത്തെ നെഞ്ച് പിളര്‍ത്തലിനു ശേഷം നബിയുടെ ജീവിതത്തിലെ രണ്ടാമത്തെ നെഞ്ചുപിളര്‍ത്തിയ സംഭവമാണിത്. മഹത്തായ ഒരു യാത്രക്കുള്ള തയ്യാറെടുപ്പിനുള്ളതായിരുന്നു ഈ നെഞ്ച് പിളര്‍ത്തിയ സംഭവം. അല്ലാഹുവിന്റെ ഒരു പ്രത്യേകമായ തീരുമാനമായിരുന്നു ഇതെല്ലാം.
അതിനുശേഷം ജിബ്‌രീല്‍ ബുറാഖുമായി വന്നു. കഴുതയെക്കാള്‍ വലുപ്പമുള്ളതും കോവര്‍കഴുതയെക്കാള്‍ ചെറുതുമായ ഒരു മൃഗമാണ് ബുറാഖ്. അതിന്റെ നോട്ടം എവിടേക്കെത്തുന്നുവോ അവിടെയെല്ലാം അതിന്റെ കാല്‍പാദങ്ങളും എത്തും. അത് ഒരു വാഹനം തന്നെയായിരുന്നു. നബി ﷺ യുടെ ഈ യാത്ര ശാരീരികമായി തന്നെയായിരുന്നു നടന്നത് എന്നതിനുള്ള തെളിവും കൂടിയാണ് ഇത്. ബുറാക്വിന്റെ രൂപത്തെ പറ്റി നബി ﷺ തന്നെ നമുക്ക് പറഞ്ഞു തരുന്നത് ഇപ്രകാരമാണ്:
وَأُتِيتُ بِدَابَّةٍ أَبْيَضَ دُونَ الْبَغْلِ وَفَوْقَ الْحِمَارِ الْبُرَاقُ،
വെളുത്ത ഒരു മൃഗത്തെ എനിക്ക് കൊണ്ടുവരപ്പെടുകയും ചെയ്തു. (അത്) കോവര്‍ കഴുതയെക്കാള്‍ ചെറുതും സാധാരണ കഴുതയെക്കാള്‍ വലുതുമായിരുന്നു. (അതാണ്) ബുറാക്വ്. (ബുഖാരി:3207)
നബിﷺ അതില്‍ കയറി ബൈത്തുല്‍ മുഖദ്ദസിലേക്ക് യാത്രയായി. ജിബ്‌രീലും കൂടെ ഉണ്ടായിരുന്നു. നബിമാര്‍ തങ്ങളുടെ മൃഗങ്ങളെ കെട്ടുന്ന ഭാഗത്ത് ബുറാഖിനെ ബന്ധിച്ചു. ശേഷം പള്ളിയില്‍ പ്രവേശിച്ചു. മറ്റുള്ള അമ്പിയാക്കളെ അല്ലാഹു അവിടെ ഒരുമിച്ച് കൂട്ടിയിരുന്നു. അവര്‍ക്ക് ഇമാമായി നിന്ന് രണ്ടു റക്അത്ത് നമസ്‌കരിച്ചു. മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെ മുന്നില്‍ നബി ﷺ ഇമാമായി നില്‍ക്കുകയുണ്ടായി എന്നത് നബി ﷺ ക്ക് മറ്റു പ്രവാചകന്മാരില്‍ നിന്ന് ലഭിച്ചിട്ടുള്ള മഹത്തായ ഒരു പദവിയായിരുന്നു.
മദ്യത്തിന്റെയും പാലിന്റെയും 2 പാത്രങ്ങളുമായി ജിബ്‌രീല്‍ വന്നു. നബി ﷺ പാല്‍ പാത്രം തിരഞ്ഞെടുത്തു.
عَنْ أَبِي هُرَيْرَةَ قَالَ : أُتِيَ رَسُولُ اللَّهِ صلى الله عليه وسلم لَيْلَةَ أُسْرِيَ بِهِ بِإِيلِيَاءَ بِقَدَحَيْنِ مِنْ خَمْرٍ وَلَبَنٍ، فَنَظَرَ إِلَيْهِمَا فَأَخَذَ اللَّبَنَ قَالَ جِبْرِيلُ الْحَمْدُ لِلَّهِ الَّذِي هَدَاكَ لِلْفِطْرَةِ، لَوْ أَخَذْتَ الْخَمْرَ غَوَتْ أُمَّتُكَ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഇസ്‌റാഇന്റെ രാത്രിയില്‍ നബി ﷺ യുടെ അടുത്ത് പാലും കള്ളും നിറക്കപ്പെട്ട രണ്ട് കപ്പ് വെക്കപ്പെട്ടു. അവ രണ്ടിലേക്കും അവിടുന്ന് നോക്കിയിട്ട് പാല് എടുത്തപ്പോള്‍ ജിബ്രീല്‍ (അ) പറഞ്ഞു: പരിശുദ്ധ ഇസ്ലാമിലേക്ക് അങ്ങയെ മാര്‍ഗ്ഗദര്‍ശനം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. കള്ളാണ് അങ്ങ് എടുത്തതെങ്കില്‍ അങ്ങയുടെ അനുയായികള്‍ വഴിതെറ്റിയവരാകുമായിരുന്നു. (ബുഖാരി: 4709)
ഇസ്റാഅ് വേളയില്‍ പല അല്‍ഭുതകരമായ കാഴ്ചകള്‍ നബി ﷺ കണ്ടു. അതുവരെ കണ്ടിട്ടില്ലാത്ത മസ്‌ജിദുല്‍ അഖ്സ കണുവാനും അവിടെ എത്തി മറ്റുള്ള പ്രവാചകന്‍മാരോടൊപ്പം നമസ്കരിക്കുവാനും നബി ﷺ ക്ക് കഴിഞ്ഞു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് അല്ലാഹു ഇസ്റാഅ് നടത്തിയതെന്നാണല്ലോ വിശുദ്ധ ഖു൪ആന്‍ എടുത്ത് പറഞ്ഞിട്ടുള്ളത്.
അതിനുശേഷം നബി ﷺ ക്ക് മുമ്പില്‍ മിഅ്‌റാജ് കൊണ്ടുവരപ്പെട്ടു. ആകാശ യാത്രക്കായി ഒരു ഏണി (മി്്റാജ്) നബി ﷺ ക്ക് കൊണ്ടുവരപ്പെടുകയുണ്ടായി എന്ന് അവിടുന്നുതന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ രൂപം എപ്രകാരമാണ് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. അദൃശ്യമായ ഇത്തരം കാര്യങ്ങളെ പറ്റി അല്ലാഹു അവന്റെ പ്രവാചകനിലൂടെ നമുക്ക് പഠിപ്പിച്ചുതന്നതിന് അപ്പുറം ഒരു അഭിപ്രായം പറയാന്‍ നമുക്ക് പാടില്ല. പ്രമാണത്തില്‍ വന്നതുപോലെ വിശ്വസിക്കുകയേ നമുക്ക് മുമ്പില്‍ മാര്‍ഗമുള്ളൂ.
ജിബ്‌രീലിനോടൊപ്പം അതില്‍ കയറി ആകാശ ലോകത്തേക്ക് യാത്രയായി. ഓരോ ആകാശത്തിലും എത്തുമ്പോള്‍ അവിടെയുള്ള കവാടങ്ങള്‍ തുറക്കാന്‍ കല്‍പിക്കപ്പെടുകയും ആകാശ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്തു. പല നബിമാരെയും അവിടെവെച്ചും തിരുദൂതര്‍ കാണുകയുണ്ടായി.
فَلَمَّا جِئْتُ إِلَى السَّمَاءِ الدُّنْيَا قَالَ جِبْرِيلُ لِخَازِنِ السَّمَاءِ افْتَحْ. قَالَ مَنْ هَذَا قَالَ هَذَا جِبْرِيلُ. قَالَ هَلْ مَعَكَ أَحَدٌ قَالَ نَعَمْ مَعِي مُحَمَّدٌ صلى الله عليه وسلم. فَقَالَ أُرْسِلَ إِلَيْهِ قَالَ نَعَمْ. فَلَمَّا فَتَحَ عَلَوْنَا السَّمَاءَ الدُّنْيَا، فَإِذَا رَجُلٌ قَاعِدٌ عَلَى يَمِينِهِ أَسْوِدَةٌ وَعَلَى يَسَارِهِ أَسْوِدَةٌ، إِذَا نَظَرَ قِبَلَ يَمِينِهِ ضَحِكَ، وَإِذَا نَظَرَ قِبَلَ يَسَارِهِ بَكَى، فَقَالَ مَرْحَبًا بِالنَّبِيِّ الصَّالِحِ وَالاِبْنِ الصَّالِحِ. قُلْتُ لِجِبْرِيلَ مَنْ هَذَا قَالَ هَذَا آدَمُ. وَهَذِهِ الأَسْوِدَةُ عَنْ يَمِينِهِ وَشِمَالِهِ نَسَمُ بَنِيهِ، فَأَهْلُ الْيَمِينِ مِنْهُمْ أَهْلُ الْجَنَّةِ، وَالأَسْوِدَةُ الَّتِي عَنْ شِمَالِهِ أَهْلُ النَّارِ، فَإِذَا نَظَرَ عَنْ يَمِينِهِ ضَحِكَ، وَإِذَا نَظَرَ قِبَلَ شِمَالِهِ بَكَى،
അങ്ങിനെ ഒന്നാമത്തെ ആകാശത്തിൽ ഞാൻ എത്തിയപ്പോൾ, ജിബ്‌രീൽ ആകാശത്തിന്റെ കാവൽക്കാരനായ മലക്കിനോട് പറഞ്ഞു. വാതിൽ തുറക്കൂ. അദ്ദേഹം ചോദിച്ചു. ആരാണ്? ജിബരീൽ പറഞ്ഞു: ഇത് ജിബ്രീലാണ്. കാവൽക്കാരൻ മലക്ക് ചോദിച്ചു. താങ്കളോടൊപ്പം ആരെങ്കിലും ഉണ്ടോ? ജിബ്‌രീൽ പറഞ്ഞു. ഉണ്ട്. എൻ്റെ കൂടെ മുഹമ്മദ്(സ്വ) യുണ്ട്. മലക്ക് ചോദിച്ചു. അദ്ദേഹത്തിന് (അനുവാദം) അയക്കപ്പെട്ടിരുന്നുവോ? ജിബ്‌രീൽ പറഞ്ഞു. അതെ, അങ്ങിനെ (വാതിൽ) തുറന്നപ്പോൾ ഞങ്ങൾ ഒന്നാമത്തെ ആകാശത്തേക്കു കയറി. അപ്പോഴതാ അവിടെ ഒരാൾ ഇരിക്കുന്നു. അദ്ദേഹത്തിൻ്റെ വലതുവശത്ത് മനുഷ്യരൂപങ്ങളുടെ സംഘങ്ങളുണ്ട്. ഇടതുവശത്തും മനുഷ്യരൂപങ്ങളുടെ സംഘങ്ങളുണ്ട്. വലതുവശത്തേക്ക് അദ്ദേഹം നോക്കുമ്പോൾ ചിരിക്കുന്നു. ഇടതുവശത്തേക്ക് നോക്കുമ്പോൾ അദ്ദേഹം കരയുന്നു. അദ്ദേഹം പറഞ്ഞു. സദ്വൃത്തനായ പ്രവാചകനും സദ്വൃത്തനായ പുത്രനും സ്വാഗതം. ഞാൻ ജിബ്‌രീലിനോട് ചോദിച്ചു. ഇതാരാണ്? ജിബ്‌രീൽ പറഞ്ഞു: ഇത് ആദമാണ്. വലതുവശത്തും ഇടതുവശത്തും കാണുന്ന ഈ മനുഷ്യരൂപങ്ങൾ അദ്ദേഹത്തിന്റെ സന്താനങ്ങളുടെ ആത്മാക്കളാണ്. അവരിൽ വലതുഭാഗത്തുള്ളവർ സ്വർഗ്ഗാവകാശികളും ഇടതുഭാഗത്തുള്ളവർ നരകാവകാശികളുമാണ്. വലതുവശത്തേക്ക് അദ്ദേഹം നോക്കുമ്പോൾ അദ്ദേഹം ചിരിക്കും. ഇടതുവശത്തേക്കു നോക്കിയാൽ കരയും. (ബുഖാരി:349)
തുടർന്ന് ജിബ്‌രീൽ നബിയേയും കൊണ്ട് പിന്നേയും ആകാശത്തേക്ക് കയറിപ്പോയി. ആദം, യൂസുഫ്, ഇദ്‌രീസ്, യഹ്‌യാ, ഈസാ, മൂസാ, ഇബ്‌റാഹീം(അ) മുതലായവരെയെല്ലാം ആ സന്ദര്‍ഭത്തില്‍ നബി ﷺ കണ്ടിട്ടുണ്ടായിരുന്നു. അവരുമായി നബി ﷺ സംസാരിച്ചു. അവിടെനിന്നും മുകളിലേക്ക് പോയി. അങ്ങനെ അല്ലാഹുവിന്റെ വിധികള്‍ മലക്കുകള്‍ പേനകൊണ്ട് എഴുതുന്നതിന്റെ ശബ്ദം നബി ﷺ അവിടെ വെച്ച് കേട്ടതും നബി ﷺ നമുക്ക് പറഞ്ഞുതന്നു.
അങ്ങനെ ഏഴ് ആകാശങ്ങള്‍ക്ക് അപ്പുറമുള്ള ബൈത്തുല്‍ മഅ്മുറില്‍ എത്തിച്ചേര്‍ന്നു. അവിടെനിന്നും സിദ്‌റത്തുല്‍ മുന്‍തഹയിലേക്ക് ഉയര്‍ത്തപ്പെട്ടു. അവിടെ വെച്ചുകൊണ്ട് അഞ്ചുനേരത്തെ നമസ്‌കാരം ഈ ഉമ്മത്തിന് വേണ്ടി അല്ലാഹു നിര്‍ബന്ധമാക്കി നിശ്ചയിച്ചു കൊടുത്തു. നരകവും സ്വര്‍ഗവും കണ്ടു. അതിനുശേഷം ആകാശങ്ങളുടെ ഉന്നതികളില്‍ നിന്നും ബൈത്തുല്‍ മുക്വദ്ദസിലേക്ക് ജിബ്‌രീലിന്റെ കൂടെ യാത്രയായി. അവിടെനിന്നും ബുറാഖില്‍ കയറി മക്കയിലേക്ക് തിരിച്ചുപോന്നു. സുബ്ഹിയുടെ മുമ്പുതന്നെ മക്കയില്‍ എത്തിച്ചേരുകയും ചെയ്തു. മിഅ്‌റാജ് യാത്രയിലും പല അല്‍ഭുതകരമായ കാഴ്ചകള്‍ നബി ﷺ കണ്ടു. ഇസ്‌റാഅ് മിഅ്‌റാജ് സംഭവം ഹദീസുകളില്‍ വിശദമായി വന്നിട്ടുണ്ട്. (ബുഖാരി: 3887, മുസ്‌ലിം: 264 കാണുക)
ഉസാമ(റ) ൽ നിന്ന്: പ്രവാചകൻ(ﷺ) മിഅ്‌റാജ് രാത്രിയിൽ സ്വർഗകവാടത്തിൽ നിന്നു. അതിൽ പ്രവേശിച്ചിട്ടുള്ള ഭൂരിഭാഗവും നിർധനരായിരുന്നു. സമ്പന്നർ (പ്രവേശനാനുമതി ലഭിക്കാതെ) തടയപ്പെട്ടിരിക്കുകയാണ്. നരകവാസികൾക്ക് നരകത്തിലേക്ക് ഉത്തരവ് ലഭിക്കുന്നു. നരകകവാടത്തിലും ഞാൻ നിന്നു. അതിൽ പ്രവേശിച്ചിട്ടുള്ളത് ഭൂരിഭാഗവും സ്ത്രീകളായിരുന്നു… (ബുഖാരി; 5196, മുസ്‌ലിം: 2736)
മിഅ്‌റാജിന്റെ സന്ദര്‍ഭത്തില്‍ അല്ലാഹു ഈ ഉമ്മത്തിന് ആദ്യമായി നിര്‍ബന്ധമാക്കിയത് 50 നേരത്തെ നമസ്‌കാരമായിരുന്നു. അത് അഞ്ചായി ചുരുക്കപ്പെടുകയും ചെയ്തു.
قَالَ ابْنُ حَزْمٍ وَأَنَسُ بْنُ مَالِكٍ قَالَ النَّبِيُّ صلى الله عليه وسلم ” فَفَرَضَ اللَّهُ عَلَى أُمَّتِي خَمْسِينَ صَلاَةً، فَرَجَعْتُ بِذَلِكَ حَتَّى مَرَرْتُ عَلَى مُوسَى فَقَالَ مَا فَرَضَ اللَّهُ لَكَ عَلَى أُمَّتِكَ قُلْتُ فَرَضَ خَمْسِينَ صَلاَةً. قَالَ فَارْجِعْ إِلَى رَبِّكَ، فَإِنَّ أُمَّتَكَ لاَ تُطِيقُ ذَلِكَ. فَرَاجَعْتُ فَوَضَعَ شَطْرَهَا، فَرَجَعْتُ إِلَى مُوسَى قُلْتُ وَضَعَ شَطْرَهَا. فَقَالَ رَاجِعْ رَبَّكَ، فَإِنَّ أُمَّتَكَ لاَ تُطِيقُ، فَرَاجَعْتُ فَوَضَعَ شَطْرَهَا، فَرَجَعْتُ إِلَيْهِ فَقَالَ ارْجِعْ إِلَى رَبِّكَ، فَإِنَّ أُمَّتَكَ لاَ تُطِيقُ ذَلِكَ، فَرَاجَعْتُهُ. فَقَالَ هِيَ خَمْسٌ وَهْىَ خَمْسُونَ، لاَ يُبَدَّلُ الْقَوْلُ لَدَىَّ. فَرَجَعْتُ إِلَى مُوسَى فَقَالَ رَاجِعْ رَبَّكَ. فَقُلْتُ اسْتَحْيَيْتُ مِنْ رَبِّي.
ഇബ്നു ഹസമും അനസ് ബ്നു മാലിക്കും പറയുന്നു: ആ സന്ദർഭത്തിൽ എന്റെ സമുദായത്തിന് അമ്പത് വഖ്‌ത് നമസ്‌കാരം നിർബ്ബന്ധമാക്കപ്പെട്ടു. അതുമായി ഞാൻ മടങ്ങിപ്പോന്നു. അങ്ങിനെ മൂസാ(അ)യുടെ സമീപത്തുകൂടി നടന്നുപോ ന്നപ്പോൾ അദ്ദേഹം ചോദിച്ചു. താങ്കളുടെ സമുദായത്തിന് എന്തുകാര്യമാണ് അല്ലാഹു താങ്കൾ മുഖേന നിർബന്ധമാക്കിത്തന്നിട്ടുള്ളത്? ഞാൻ പറഞ്ഞു. അമ്പത് (വഖ്‌ത്) നമസ്കാരം. മൂസാ(അ) പറഞ്ഞു: താങ്കൾ താങ്കളുടെ നാഥനിലേക്ക് തിരിച്ചുപോവുക. താങ്കളുടെ സമുദായത്തിന് അത് നിർവ്വഹിക്കാൻ സാധിക്കുകയില്ല. അങ്ങിനെ ഞാൻ തിരിച്ചുപോയി അപ്പോൾ അതിൻ്റെ പകുതി ഒഴിവാക്കിത്തന്നു. പിന്നെ ഞാൻ മൂസാ(അ)യുടെ അടുത്തേക്ക് മടങ്ങി. ഞാൻ പറഞ്ഞു. പകുതി ഒഴിവാക്കിത്തന്നിട്ടുണ്ട്. അപ്പോൾ അദ്ദേഹം പറഞ്ഞു. താങ്കളുടെ നാഥന്റെയടുത്തേക്ക് തിരിച്ചുപോകുക. താങ്കളുടെ സമുദായത്തിന് അത് നിർവ്വഹിക്കുവാൻ സാധിക്കുകയില്ല. അപ്പോൾ ഞാൻ തിരിച്ചുചെന്നു. അപ്പോഴെനിക്കു പകുതി ഒഴിവാക്കിത്തന്നു. അതുമായി അദ്ദേഹത്തിന്റെയടുത്തേക്കു ഞാൻ മടങ്ങി. അപ്പോഴും അദ്ദേഹം പറഞ്ഞു താങ്കളുടെ നാഥനിലേക്ക് തിരിച്ചുപോവുക. താങ്കളുടെ സമുദായത്തിനത് നിർവ്വഹിക്കാൻ സാധിക്കുകയില്ല. അപ്പോഴും ഞാൻ നാഥൻ്റെയടുത്തേക്ക് തിരിച്ചുചെന്നു. അപ്പോൾ അല്ലാഹു പറഞ്ഞു: ഇതാ നമസ്‌കാരം അഞ്ച് (വഖ്‌തായി) ഞാൻ നിശ്ചയിച്ചിരിക്കുന്നു. അത് അമ്പതിൻ്റെ സ്ഥാനത്താണ്. എന്റെയടുക്കൽ വാക്കുകൾ മാറ്റപ്പെടുകയില്ല. പിന്നെയും മൂസായുടെ അടുത്തേക്കു ഞാൻ മടങ്ങിച്ചെന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു താങ്കളുടെ നാഥൻ്റെ അടുത്തേക്ക് തിരിച്ചുചെല്ലുക. അപ്പോൾ ഞാൻ പറഞ്ഞു. ഇനി എനിക്ക് എൻ്റെ നാഥൻ്റെ അടു ത്തേക്ക് തിരിച്ചുചെല്ലാൻ ലജ്ജ തോന്നുകയാണ്. (ബുഖാരി:349)
നബി ﷺ പറയുകയാണ്: ‘ഞാന്‍ അവിടെ നിന്നും വിട്ടുകടന്നപ്പോള്‍ ഒരു വിളിയാളന്‍ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു: ‘ഞാന്‍ എന്റെ നിര്‍ബന്ധം നടപ്പിലാക്കിയിരിക്കുന്നു. അടിമകള്‍ക്ക് ഞാന്‍ ലഘൂകരണം നല്‍കിയിരിക്കുന്നു.’
അത്ഭുതകരമായ കാഴ്ചകള്‍ നബി ﷺ ഈ യാത്രയില്‍ കാണുകയുണ്ടായി. ഏഴ് ആകാശങ്ങള്‍ക്ക് അപ്പുറമുള്ള ബൈത്തുല്‍ മഅ്മുറിനെ കുറിച്ച് അവിടുന്ന് പറഞ്ഞുതന്നു. ഏഴ് ആകാശങ്ങള്‍ക്ക് മീതെ കഅ്ബയുടെ നേരെ മുകളിലായിട്ടാണ് അത് സ്ഥിതിചെയ്യുന്നത്. ആ ഭവനത്തില്‍ ഓരോ നിമിഷത്തിലും പ്രവേശിക്കുന്ന മലക്കുകളുടെ സംഖ്യാധിക്യം നബി ﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. മിഅ്റാജ് യാത്രയെ കുറിച്ച് വിവരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം.
ثُمَّ رُفِعَ لِيَ الْبَيْتُ الْمَعْمُورُ فَقُلْتُ يَا جِبْرِيلُ مَا هَذَا قَالَ هَذَا الْبَيْتُ الْمَعْمُورُ يَدْخُلُهُ كُلَّ يَوْمٍ سَبْعُونَ أَلْفَ مَلَكٍ إِذَا خَرَجُوا مِنْهُ لَمْ يَعُودُوا فِيهِ آخِرُ مَا عَلَيْهِمْ
നബി ﷺ പറയുന്നു: ശേഷം ബൈതുല്‍ മഅ്മൂറിലേക്ക് ഞാന്‍ ഉയ൪ത്തപ്പെട്ടു. ഞാന്‍ ചോദിച്ചു: ഹേ, ജിബ്രീല്‍, ഇത് എന്താണ്?ജിബ്രീല്‍ പറഞ്ഞു: ഇത് ബൈതുല്‍ മഅ്മൂറാണ്. എല്ലാ ദിവസവും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതില്‍ നിന്നും അവ൪ പുറത്തുപോയാല്‍ പിന്നീടൊരിക്കലും അതിലേക്ക് മടങ്ങി വരുന്നതല്ല. (ഇത് എല്ലാ ദിവസവും നടന്നുകൊണ്ടിരിക്കുന്നു.) (മുസ്ലിം:164)
ثُمَّ انْطَلَقَ بِي حَتَّى انْتَهَى بِي إِلَى سِدْرَةِ الْمُنْتَهَى، وَغَشِيَهَا أَلْوَانٌ لاَ أَدْرِي مَا هِيَ، ثُمَّ أُدْخِلْتُ الْجَنَّةَ، فَإِذَا فِيهَا حَبَايِلُ اللُّؤْلُؤِ، وَإِذَا تُرَابُهَا الْمِسْكُ ”.
പിന്നെ ജിബ്രീൽ എന്നെയും കൊണ്ട് യാത്ര തുടർന്നു. സിദ്‌റത്തുൽ മുൻതഹ വരെയെത്തി. വർണ്ണിക്കാനാ വാത്ത നിറങ്ങൾകൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു. പിന്നെ ഞാൻ സ്വർഗ്ഗ ത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോഴതാ അതിൽ മുത്തു മാലകൾ തൂക്കിയിടപ്പെ ട്ടിരിക്കുന്നു. അതിലെ മണ്ണ് കസ്‌തൂരിയാണ്. (ബുഖാരി:349)
ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള സിദ്‌റതുല്‍ മുന്‍തഹാ എന്ന അത്ഭുതകരമായ വൃക്ഷത്തെ നബി ﷺ കാണുകയുണ്ടായി. അതില്‍ തൂങ്ങിക്കിടക്കുന്ന അതിന്റെ ഫലങ്ങള്‍ വലിയ മണ്‍ഭരണി പോലെയും അതിന്റെ ഇലകള്‍ ആനയുടെ ചെവികള്‍പോലെയും ആകുന്നു എന്ന് നബി ﷺ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതുപോലെ സ്വര്‍ഗനദിയായ അല്‍കൗഥറിനെ പറ്റിയും നബി ﷺ നമുക്ക് പറഞ്ഞുതന്നു. അന്നത്തെ യാത്രയെ പറ്റി നബി ﷺ സ്വഹാബിമാര്‍ക്ക് വിവരിച്ചുകൊടുത്തപ്പോള്‍ അവര്‍ ചോദിച്ചു: ‘നബിയേ, നിങ്ങള്‍ അല്ലാഹുവിനെ കാണുകയുണ്ടായോ?’ ‘പ്രകാശം! ആ പ്രകാശത്തെ ഞാന്‍ എങ്ങനെ കാണും’ എന്നായിരുന്നു മറുപടി. നബി ﷺ അല്ലാഹുവിനെ കണ്ടിട്ടില്ലെന്നതാണ് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. അല്ലാഹുവിനെ ഈ ലോകത്തുനിന്ന് ഒരാള്‍ക്കും കാണാന്‍ സാധ്യമല്ല. നാളെ സ്വര്‍ഗത്തില്‍ വെച്ച് മാത്രമാണ് അല്ലാഹുവിനെ കാണാന്‍ സാധിക്കുക. അതുപോലെ നബി ﷺ ജിബ്‌രീലിനെ സ്വരൂപത്തില്‍ രണ്ടുതവണയാണ് കണ്ടിട്ടുള്ളത്. അതില്‍ ഒന്ന് ആ സന്ദര്‍ഭത്തിലായിരുന്നു.
ചില ശിക്ഷകളും ആ യാത്രയില്‍ നബി ﷺ ക്ക് കാണിക്കപ്പെടുകയുണ്ടായിട്ടുണ്ട്. നബി ﷺ പറയുന്നത് കാണുക:
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَمَّا عُرِجَ بِي مَرَرْتُ بِقَوْمٍ لَهُمْ أَظْفَارٌ مِنْ نُحَاسٍ يَخْمِشُونَ وُجُوهَهُمْ وَصُدُورَهُمْ فَقُلْتُ مَنْ هَؤُلاَءِ يَا جِبْرِيلُ قَالَ هَؤُلاَءِ الَّذِينَ يَأْكُلُونَ لُحُومَ النَّاسِ وَيَقَعُونَ فِي أَعْرَاضِهِمْ
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മിഅ്‌റാജ് രാവിൽ ഞാൻ ചെമ്പിന്റെ നഖങ്ങളാൽ നെഞ്ചും മുഖവും മാന്തുന്ന ഒരു കൂട്ടം ആളുകൾക്കരികിലൂടെ കടന്നുപോയി. ഞാൻ ചോദിച്ചു. ജിബ്‌രീലേ(അ) ആരാണിവർ? അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മാംസം തിന്നുകയും അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്തവരാണവർ. (അബൂദാവൂദ് 4878-സ്വഹീഹ് അല്‍ബാനി)
യാത്ര കഴിഞ്ഞു പ്രഭാതമാകുന്നതിന് മുമ്പ് നബി ﷺ തിരിച്ചെത്തി. നേരം പുലര്‍ന്നു. നബി ﷺ കഅ്ബയുടെ സമീപത്തുള്ള ഹിജ്‌റില്‍ ഇരുന്ന് യാത്രാവിവരണം നടത്തി.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَقَدْ رَأَيْتُنِي فِي الْحِجْرِ وَقُرَيْشٌ تَسْأَلُنِي عَنْ مَسْرَاىَ فَسَأَلَتْنِي عَنْ أَشْيَاءَ مِنْ بَيْتِ الْمَقْدِسِ لَمْ أُثْبِتْهَا . فَكُرِبْتُ كُرْبَةً مَا كُرِبْتُ مِثْلَهُ قَطُّ قَالَ فَرَفَعَهُ اللَّهُ لِي أَنْظُرُ إِلَيْهِ مَا يَسْأَلُونِي عَنْ شَىْءٍ إِلاَّ أَنْبَأْتُهُمْ بِهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഹിജ്‌റില്‍ ഞാന്‍ എന്നെ കാണുകയുണ്ടായി. ക്വുറൈശികള്‍ എന്നോട് എന്റെ രാപ്രയാണത്തെ പറ്റി ചോദിക്കുന്നുണ്ടായിരുന്നു. ബയ്ത്തുല്‍ മക്വ്ദിസിനെ പറ്റിയുള്ള പല കാര്യങ്ങളെക്കുറിച്ചും ക്വുറൈശികള്‍ എന്നോട് ചോദിച്ചു. ഞാന്‍ അതിനെ (പറ്റി പറയാന്‍) സ്ഥൈര്യം ഉള്ളവനായിരുന്നില്ല. അങ്ങനെ ഞാന്‍ അങ്ങേയറ്റം വിഷമിച്ചു. അതുപോലെ തീരെ ഞാന്‍ വിഷമിച്ചിട്ടില്ലായിരുന്നു.’ നബി ﷺ പറയുന്നു: ‘അപ്പോള്‍ അല്ലാഹു എനിക്ക് അതിലേക്ക് നോക്കിക്കാണുന്ന വിധത്തില്‍ അതിനെ ഉയര്‍ത്തിത്തന്നു. അവര്‍ എന്നോട് അതിനെപ്പറ്റി ചോദിച്ചില്ല; ഞാന്‍ അവര്‍ക്ക് അതിനെപ്പറ്റി അറിയിച്ചിട്ടല്ലാതെ”. (മുസ്‌ലിം:172)
നേരം പുലര്‍ന്നപ്പോള്‍ മുഹമ്മദ് നബി ﷺ മക്കക്കാരോട് തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചു. താന്‍ കണ്ട അത്ഭുതകരമായ കാര്യങ്ങള്‍ അവര്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. ഇതോടെ പ്രവാചകനെ വ്യാജമാക്കല്‍ ശക്തിപ്പെടുകയും അവരുടെ പരിഹാസങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. നബി ﷺ പറയുന്നു: ”ഇസ്‌റാഅ് ഉണ്ടായ ശേഷം ജനങ്ങള്‍ എന്നെ വ്യാജമാക്കുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഒരു ഭാഗത്ത് ദുഃഖിതനായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ ശത്രുവായ അബൂജഹ്ല്‍ അതിലൂടെ കടന്നുവന്നു. എന്നിട്ട് എന്റെ സമീപത്തിരുന്ന് ഒരു പരിഹാസ്യ ഭാഷയില്‍ ചോദിച്ചു: ‘എന്തെങ്കിലും സംഭവിച്ചോ?’ ഞാന്‍ പറഞ്ഞു: ‘അതെ, സംഭവിച്ചിട്ടുണ്ട്.’ ‘എന്താണുണ്ടായത്?’ ഞാന്‍ ഇസ്‌റാഇനെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അബൂജഹ്ല്‍ ചോദിച്ചു: ‘എങ്ങോട്ടാണ് ഉണ്ടായത്?’ ഞാന്‍ പറഞ്ഞു: ‘ബൈത്തുല്‍ മുക്വദ്ദസിലേക്ക്.’ അബൂജഹ്ല്‍ ചോദിച്ചു: ‘എന്നിട്ട് ഇത്രയും പെട്ടെന്ന് ഞങ്ങള്‍ക്കിടയിലേക്ക് നീ തിരിച്ചുവന്നുവോ?’ ഞാന്‍ പറഞ്ഞു: ‘അതെ.’ അബൂജഹ്ല്‍ ചോദിച്ചു: ‘നിന്റെ ഈ ജനതയെ നിന്റെ മുമ്പിലേക്ക് കൊണ്ടുവന്നാല്‍ എന്നോട് പറഞ്ഞ ഈ വിവരം നീ അവരോടും പറയുമോ?’ നബി ﷺ പറഞ്ഞു: ‘അതെ, പറയും.’ അബൂജഹ്ല്‍ കഅ്ബ് ഇബ്‌നു ലുഅയ്യ് ഗോത്രത്തെ അവിടേക്ക് വിളിച്ചുവരുത്തി. അബൂജഹ്ല്‍ പറഞ്ഞു: ‘എന്നോട് നീ പറഞ്ഞ കാര്യം ഈ ആളുകളോടും പറയൂ.’ അബൂജഹ്ല്‍ പറഞ്ഞത് പ്രകാരം നബി ﷺ അവരോടു പറഞ്ഞു. അബൂജഹ്ല്‍ ചോദിച്ച ചോദ്യങ്ങള്‍ അവരും ചോദിച്ചു. മുഹമ്മദ് നബി ﷺ പറയുന്ന കാര്യങ്ങള്‍ കളവാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ചിലയാളുകള്‍ കയ്യടിച്ചു. ചിലയാളുകള്‍ തലക്ക് കൈവെച്ചു; എന്നിട്ട് ചോദിച്ചു: ‘മസ്ജിദുല്‍ അക്വ്‌സയെ കുറിച്ച് ഞങ്ങള്‍ക്ക് വര്‍ണിച്ചു തരാന്‍ സാധിക്കുമോ?’ (അവരുടെ കൂട്ടത്തില്‍ മസ്ജിദുല്‍ അക്വ്‌സയും ആ രാജ്യവും സന്ദര്‍ശിച്ചവര്‍ ഉണ്ടായിരുന്നു).മസ്ജിദുല്‍ അക്വ്്‌സയെക്കുറിച്ചും നബി ﷺ കണ്ട കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് മുമ്പില്‍ വര്‍ണിച്ചു കൊടുത്തു.'(അഹ്മദ്: 2819)
മുഹമ്മദ് നബി ﷺ യുടെ ഇസ്‌റാഇനെ കുറിച്ച് ജനങ്ങള്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചു. സംശയം പ്രകടിപ്പിച്ചിരുന്ന ചിലയാളുകള്‍ അബൂബക്കറിനോട്(റ) ചോദിച്ചു: ‘മുഹമ്മദ് ഇങ്ങനെയൊക്കെ പറയുന്നുണ്ട്. നീ അത് വിശ്വസിക്കുമോ? മുഹമ്മദ് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പോയി വന്നു എന്നാണ് പറയുന്നത്. നീ അത് അംഗീകരിക്കുമോ?’ അബൂബക്ര്‍(റ) ചോദിച്ചു: ‘മുഹമ്മദ് നബി ﷺ അങ്ങനെ പറഞ്ഞിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘അതെ, മുഹമ്മദ് പറഞ്ഞിട്ടുണ്ട്.’ അബൂബക്ര്‍(റ) പറഞ്ഞു: ‘ഞാന്‍ അത് അംഗീകരിക്കുന്നു. ഞാന്‍ അത് വിശ്വസിക്കുന്നു.’ അപ്പോള്‍ അവര്‍ ചോദിച്ചു: ‘ഒറ്റ രാത്രി കൊണ്ട് ബൈത്തുല്‍ മുക്വദ്ദസിലേക്ക് പോകുകയും നേരം പുലരുന്നതിനു മുമ്പ് തിരിച്ചു വരികയും ചെയ്തു എന്ന് പറയുകയും ചെയ്യുമ്പോള്‍ നീ അത് വിശ്വസിക്കുകയോ?’ അബൂബക്ര്‍(റ) പറഞ്ഞു: ‘അതെ, മുഹമ്മദ് നബി ഇതിനെക്കാള്‍ വിദൂരമായ കാര്യം പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. ആകാശത്തിലെ വര്‍ത്തമാനങ്ങള്‍ മുഹമ്മദ് നബി പറഞ്ഞാല്‍ ഞാനത് വിശ്വസിക്കുന്നുണ്ട്.’ അങ്ങനെയാണ് അബൂബക്കറിന് സ്വിദ്ദീഖ് എന്ന പേര് ലഭിച്ചത്’ (ഹാകിം: 3/62).
ഇസ്‌റാഅ് കഴിഞ്ഞ് തിരിച്ചുവന്ന് ശേഷം പകലില്‍ ജിബ്‌രീല്‍ നബി(അ)യുടെ അടുക്കലേക്ക് വരികയും എന്നിട്ട് നമസ്‌കാര സമയങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. നബി ﷺ നമസ്‌കാരത്തിനു വേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടി. നബി ﷺ യെയും കൊണ്ട് ജിബ്‌രീല്‍ നമസ്‌കരിച്ചു. നബി ﷺ ജനങ്ങളെ കൊണ്ടും നമസ്‌കരിച്ചു. ആ നമസ്‌കാരത്തിന് ‘ദുഹ്ര്‍’ എന്ന നാമം നല്‍കുകയും ചെയ്തു.
നബി ﷺ യുടെ ഉണര്‍വില്‍ തന്നെ ഒറ്റ രാത്രിയിലായിക്കൊണ്ടാണ് ഇസ്‌റാഉം മിഅ്റാജും ഉണ്ടായത്. അതേപോലെ നബി ﷺ യുടെ ശരീരം കൊണ്ടും ആത്മാവുകൊണ്ടും ആയിരുന്നു അത് സംഭവിച്ചത്.
മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു ഈ സംഭവങ്ങള്‍ എന്നാണ് മനസ്സിലാകുന്നത്. ഇത് സംഭവിച്ചത് ഇന്ന മാസത്തിലാണ് എന്നും ഇന്ന ദിവസത്തിലാണ് എന്നും കൃത്യമായി പറയാന്‍ സാധിക്കുകയില്ല. വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും അഭിപ്രായങ്ങളും ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കുണ്ട്.
ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റഹി) പറഞ്ഞു: നബി ﷺ ക്ക് ഇസ്റാഉം മിഅ്റാജും ഉണ്ടായത്, റജബ് മാസത്തിലെ ഇരുപത്തി എഴാം രാവിനാണെന്നാണ് പലയാളുകളുടെയും ധാരണ. ഇത് ഒരിക്കലും ശരിയല്ല തന്നെ. റബീഉല്‍ അവ്വല്‍ മാസത്തിലാണ് ഇസ്റാഉം മിഅ്റാജും ഉണ്ടായത് എന്നതാണ് പണ്ഡിതാഭിപ്രായങ്ങളില്‍ ഏറ്റവും വ്യക്തമായത് . റജബ് മാസത്തിലെ ഇരുപത്തി എഴാം രാവിന് മിഅ്റാജ് ആഘോഷിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത ബിദ്അത്ത് ആണ്.
എല്ലാവരുടെയും വിശ്വാസത്തിന്റെ ബലവും സത്യസന്ധതയും പരിശോധിക്കപ്പെട്ട സാഹചര്യവുമായിരുന്നു ഈ സംഭവം. ഇതിന് മുസ്‌ലിംകളില്‍തന്നെ ചിലരുടെ വിശ്വാസം ചഞ്ചലമായിപ്പോയി. അബൂബക്ക൪ സിദ്ദീഖിനെ(റ) പോലെയുള്ളവ൪ക്ക് ഈ സംഭവത്തിലൂടെ വിശ്വാസത്തില്‍ ഉറപ്പുണ്ടാകുകയും ചെയ്തു.
ഇമാം ഇബ്നു ഹജ൪ അസ്ഖലാനി(റഹി) പറഞ്ഞു:നബി ﷺ യുടെ നെഞ്ച് കീറി ഹൃദയം പുറത്തെടുത്ത സംഭവം മുതല്‍ ഉള്ള എല്ലാ കാര്യങ്ങളും അസാധാരണ സംഭവങ്ങളും അത് അംഗീകരിക്കല്‍ നിര്‍ബന്ധവുമാണ്. അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറ്റംവരുത്താതെ അംഗീകരിക്കേണ്ടതും അത് അവന്റെ ശക്തി മാഹാത്മ്യത്തിന് വിധേയമാണെന്ന് വിശ്വസിക്കേണ്ടതുമാണ്.” (ഫത്‌ഹുല്‍ബാരി :7/205)
മിഅ്റാജിനെ കുറിച്ച് വിശുദ്ധ ഖു൪ആനില്‍ സൂറ: അന്നജ്മിന്റെ 13-18 വചനങ്ങളിലാണ് അല്ലാഹു പരാമ൪ശിച്ചിട്ടുള്ളത്.
وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ (13) عِندَ سِدْرَةِ ٱلْمُنتَهَىٰ (14) عِندَهَا جَنَّةُ ٱلْمَأْوَىٰٓ (15) إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ (16) مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ (17) لَقَدْ رَأَىٰ مِنْ ءَايَٰتِ رَبِّهِ ٱلْكُبْرَىٰٓ(18
മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്. അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച് അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം. ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍. (നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല. തീര്‍ച്ചയായും തന്റെ രക്ഷിതാവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി. (ഖു൪ആന്‍:53/13-18)
സൂറ: അന്നജ്മിന്റെ 13-18 വചനങ്ങളില്‍ പരാമ൪ശിച്ചിട്ടുള്ള കാര്യങ്ങള്‍ താഴെ ചേ൪ക്കുന്നു.
(13 )ജിബ്രീലിനെ സാക്ഷാല്‍ രൂപത്തില്‍ രണ്ട് പ്രാവശ്യമേ നബി ﷺ കണ്ടിട്ടുള്ളു. ഒന്നാമത്തേതു ഭൂമിയില്‍ – മക്കയില്‍ – വെച്ചാണ്. രണ്ടാമത് മിഅ്റാജ് യാത്രയില്‍ ഉപരിലോകത്തു വെച്ചാണ് കണ്ടത്. മിഅ്റാജ് യാത്രയില്‍ ജിബ്രീലിനെ സാക്ഷാല്‍ രൂപത്തില്‍ കണ്ടതാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്.
(14) സിദ് റത്തുല്‍ മുന്‍തഹായുടെ അടുത്തുവെച്ചാണ് മിഅ്റാജ് യാത്രയില്‍ ജിബ്രീലിനെ സാക്ഷാല്‍ രൂപത്തില്‍ നബി ﷺ കാണുന്നത്. അറബി ഭാഷയില്‍ സിദ്‌റത് എന്നാല്‍ ഇലന്തമരമാണ്. മുന്‍തഹാ എന്നാല്‍ അന്തിമ അതിര്‍ത്തിയും. ‘അങ്ങേയറ്റത്തെ അതിര്‍ത്തിയിലുള്ള ഇലന്തമരം’ എന്നാണ് സിദ്‌റതുല്‍ മുന്‍തഹായുടെ ഭാഷാര്‍ത്ഥം. ഭൗതികലോകത്തിന്റെ ആ അന്തിമ അതിര്‍ത്തിയിലുള്ള ഇലന്തമരം എങ്ങനെയുള്ളതാണ്, അതിന്റെ രൂപവും സ്വഭാവവും എന്താണ് എന്നൊക്കെ മനസ്സിലാക്കുക നമ്മെ സംബന്ധിച്ചിടത്തോളം സാധ്യമല്ല.
(15) സിദ്‌റതുല്‍ മുന്‍തഹായുടെ അടുത്ത് ജന്നതുല്‍ മഅ്‌വാ (സ്ഥിരവാസത്തിന്റെ സ്വ൪ഗം) സ്ഥിതിചെയ്യുന്നുവെന്ന് പറഞ്ഞിരിക്കുന്നു.
(16) ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരിക്കുന്നുവെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.
നബി ﷺ പറയുന്നു:
ثُمَّ رُفِعَتْ لِي سِدْرَةُ الْمُنْتَهَى فَإِذَا نَبِقُهَا مِثْلُ قِلاَلِ هَجَرٍ وَإِذَا وَرَقُهَا مِثْلُ آذَانِ الْفِيَلَةِ
പിന്നീടു എന്നെ സിദ്റത്തുല്‍ മുന്‍തഹായിലേക്കു ഉയര്‍ത്തിക്കൊണ്ടു പോയി. നോക്കുമ്പോള്‍, അതിന്റെ ഫലങ്ങള്‍ ഹജറിലെ വലിയ തോല്‍ കുടങ്ങളെപ്പോലെയും, അതിന്റെ ഇലകള്‍ ആനയുടെ ചെവികള്‍പോലെയുമിരിക്കുന്നു. (നസാഇ:448)
فَلَمَّا غَشِيَهَا مِنْ أَمْرِ اللَّهِ مَا غَشِيَ تَغَيَّرَتْ فَمَا أَحَدٌ مِنْ خَلْقِ اللَّهِ يَسْتَطِيعُ أَنْ يَنْعَتَهَا مِنْ حُسْنِهَا
അല്ലാഹുവിന്റെ കാര്യങ്ങളില്‍ (കല്‍പ്പനകളില്‍) നിന്നും അതിനെ ആവരണം ചെയ്തതെല്ലാം ആവരണം ചെയ്തിരിക്കയാല്‍ അതിന് സ്ഥിതിമാറ്റം വന്നിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ആര്‍ക്കും തന്നെ, അതിന്റെ നന്മ – അഥവാ സൗന്ദര്യം – നിമിത്തം അതിനനെ വര്‍ണ്ണിക്കുവാന്‍ സാധ്യമല്ല. (മുസ്ലിം:162)
وَغَشِيَهَا أَلْوَانٌ لاَ أَدْرِي مَا هِيَ
അതിനെ പല വര്‍ണ്ണങ്ങളും ആവരണം ചെയ്‌തിരിക്കുന്നു. അവ എന്തൊക്കെയാണെന്ന് എനിക്കറിഞ്ഞു കൂടാ. (ബുഖാരി:349)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:സിദ്റത്തുല്‍ മുന്‍തഹ( سِدْرَةِ الْمُنتَهَىٰ) എന്നാല്‍ ‘അറ്റത്തെ ഇലന്തവൃക്ഷം’ എന്നു വാക്കര്‍ത്ഥം. നമ്മെ സംബന്ധിച്ചിടത്തോളം ഇത് അദൃശ്യലോകത്തെ വൃക്ഷമായതുകൊണ്ട് ഖുര്‍ആനിലോ ഹദീസിലോ കണ്ടതില്‍ കവിഞ്ഞു അതിനെപ്പറ്റി അഭിപ്രായമൊന്നും പറയുവാന്‍ സാധ്യമല്ല. സജ്ജനങ്ങളുടെ ആവാസമാകുന്ന –നിവാസകേന്ദ്രമായ–സ്വര്‍ഗ്ഗം (جَنَّةُ الْمَأْوَىٰ) അതിന്റെ അടുക്കലാണെന്നു അല്ലാഹു പ്രസ്താവിച്ചതില്‍ നിന്ന് അതു ഈ ഭൗതിക ലോകത്തിലെ വൃക്ഷമല്ല എന്നു സ്പഷ്ടമാണ്.(അമാനി തഫ്സീ൪ : ഖു൪ആന്‍ 53/14-15 ന്റെ വിശദീകരണത്തില്‍ നിന്ന്)
അല്ലാമാ ആലൂസി(റഹി) പറയുന്നു: എല്ലാ ജ്ഞാനികളുടെയും അറിവ് അവിടെ അവസാനിക്കുന്നു. അതിനപ്പുറമുള്ളത് അല്ലാഹു മാത്രമേ അറിയൂ.(റൂഹുല്‍ മആനി)
(17) മിഅ്റാജ് യാത്രയില്‍ പല വമ്പിച്ച കാഴ്ചകളും അല്ലാഹു നബി ﷺ ക്ക് കാണിച്ചു കാടുത്തു. ആ കാഴ്ചകള്‍ നിമിത്തം അവിടുത്തേക്ക് എന്തെങ്കിലും പാകപ്പിഴവോ, അമളിയോ പിണഞ്ഞിട്ടില്ല. അവിടുന്നു എല്ലാം ശരിക്കു ഗ്രഹിച്ചിരിക്കുന്നുവെന്ന൪ത്ഥം.
(18) നബി ﷺ യുടെ ഇസ്റാഅ് സംഭവം വിവരിക്കുന്ന സൂറ ഇസ്‌റാഇല്‍ പറയുന്നത് لِنُرِيَهُ مِنْ آيَاتِنَا (നാം നമ്മുടെ ദാസനെ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുന്നതിന് വേണ്ടി കൊണ്ടുപോയി) എന്നാണ്. ഇവിടെ സിദ്‌റതുല്‍ മുന്‍തഹായുടെ സാന്നിധ്യം സംബന്ധിച്ചു പറയുന്നതും لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَى (അദ്ദേഹം തന്റെ റബ്ബിന്റെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടു) എന്നാണ്.
ഇബ്‌നു മസ്ഊദ്(റ) لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَى എന്ന വചനം വിശദീകരിച്ചു പറഞ്ഞു: സിദ്‌റത്തുല്‍ മുന്‍തഹാക്കടുത്ത് നബി ﷺ ജിബ്‌രീലിനെ അറുന്നൂറ് ചിറകുകളോടെ കണ്ടു. (മുസ്ലിം:174)
മിഅ്‌റാജില്‍ നബി ﷺ കഴിഞ്ഞകാല പ്രവാചകരെ കണ്ടുമുട്ടി സംഭാഷണം നടത്തി. നബി ﷺ കണ്ടിട്ടില്ലാത്ത മസ്‌ജിദുല്‍ അക്വ്‌സ, അവിടെ നിന്നും കയറിപ്പോകാനുള്ള വാഹനം, അല്ലാഹുവുമായുള്ള സംഭാഷണം, നമസ്‌കാരം നിര്‍ബന്ധമാക്കിയത്. ചുരുക്കാനുള്ള മൂസാനബിയുടെ ശുപാര്‍ശ സ്വീകരിച്ചുപോയതും ചുരുക്കിയതും. മുഹമ്മദ് നബി ﷺ സ്വര്‍ഗവും നരകവും കണ്ടു എന്നത് വിവിധങ്ങളായ ദൃഷ്ടാന്തങ്ങളാണ്.
മിഅ്‌റാജ് വേളയില്‍ മുഹമ്മദ് നബി ﷺ തന്റെ ഹൃദയം കൊണ്ട് അല്ലാഹുവിനെ കണ്ടു. കണ്ണുകള്‍ കൊണ്ട് അല്ലാഹുവിനെ കണ്ടിട്ടില്ല.
عَنِ ابْنِ عَبَّاسٍ، قَالَ رَآهُ بِقَلْبِهِ
ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ അല്ലാഹുവിനെ കണ്ടത് അദ്ദേഹത്തിന്റെ ഹൃദയം കൊണ്ടാണ്. (മുസ്ലിം:176)
عَنْ أَبِي ذَرٍّ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم هَلْ رَأَيْتَ رَبَّكَ قَالَ: نُورٌ أَنَّى أَرَاهُ
അബൂദര്‍റില്‍(റ) നിന്നും നിവേദനം: അദ്ദേഹം നബി ﷺ യോട് ചോദിച്ചു: ‘നിങ്ങള്‍ നിങ്ങളുടെ റബ്ബിനെ കണ്ടിട്ടുണ്ടോ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഒരു പ്രകാശമാണ് ഞാന്‍ കണ്ടത്’ (മുസ്‌ലിം: 178).
എന്നാല്‍ അല്ലാഹുവിനെ നബി ﷺ ദര്‍ശിച്ചുവെന്ന ചിലരുടെ വാദത്തെ ആഇശ(റ) വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്‌തിട്ടുണ്ട്
عَنْ مَسْرُوقٍ، قَالَ قُلْتُ لِعَائِشَةَ ـ رضى الله عنها ـ يَا أُمَّتَاهْ هَلْ رَأَى مُحَمَّدٌ صلى الله عليه وسلم رَبَّهُ فَقَالَتْ لَقَدْ قَفَّ شَعَرِي مِمَّا قُلْتَ، أَيْنَ أَنْتَ مِنْ ثَلاَثٍ مَنْ حَدَّثَكَهُنَّ فَقَدْ كَذَبَ، مَنْ حَدَّثَكَ أَنَّ مُحَمَّدًا صلى الله عليه وسلم رَأَى رَبَّهُ فَقَدْ كَذَبَ. ثُمَّ قَرَأَتْ {لاَ تُدْرِكُهُ الأَبْصَارُ وَهُوَ يُدْرِكُ الأَبْصَارَ وَهُوَ اللَّطِيفُ الْخَبِيرُ} {وَمَا كَانَ لِبَشَرٍ أَنْ يُكَلِّمَهُ اللَّهُ إِلاَّ وَحْيًا أَوْ مِنْ وَرَاءِ حِجَابٍ} ….وَلَكِنَّهُ رَأَى جِبْرِيلَ ـ عَلَيْهِ السَّلاَمُ ـ فِي صُورَتِهِ مَرَّتَيْنِ.
മസ്‌റൂഖില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ ആഇശയോട് (റ) ചോദിച്ചു: ‘ഹേ ഉമ്മാ, മുഹമ്മദ് നബി ﷺ അല്ലാഹുവിനെ ദര്‍ശിച്ചിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘നിന്റെ ചോദ്യം എന്നെ കിടിലംകൊള്ളിക്കുന്നു. മൂന്നു കാര്യങ്ങള്‍ ആരവകാശപ്പെട്ടാലും അതു കള്ളമായിരിക്കുമെന്ന കാര്യം നീ ഓര്‍ക്കാത്തതെന്ത്?’ അതിലൊന്നാമത്തെ കാര്യമായി ആഇശ(റ) എണ്ണി: ‘മുഹമ്മദ് നബി ﷺ അല്ലാഹുവിനെ കണ്ടുവെന്ന് ആരെങ്കിലും നിന്നോട് പറഞ്ഞാല്‍ അവന്‍ കള്ളം പറഞ്ഞു.’ അനന്തരം അവര്‍ ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതി: കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു. (ഖു൪ആന്‍:6/103). നേരിട്ടുള്ള ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുകയെന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല (ഖു൪ആന്‍:42/51). അനന്തരം അവര്‍ പ്രസ്താവിച്ചു: ‘എന്നാല്‍, നബി ﷺ രണ്ടുതവണ ജിബ്‌രീലിനെ യഥാര്‍ത്ഥ രൂപത്തില്‍ ദര്‍ശിച്ചിട്ടുണ്ട്.’ (ബുഖാരി:4855)
ഇത്തരം മുഅ്ജിസത്തുകള്‍ അല്ലാഹു പ്രാചകന്മാര്‍ക്ക് സ്വതന്ത്രമായി വിട്ടുകൊടുത്ത കഴിവുകളല്ലെന്നുള്ള കാര്യവും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന്‍ നിശ്ചയിക്കുന്ന വിധത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ദൃഷ്ടാന്തങ്ങളാണവ. അല്ലാഹു പറയുന്നു:
ۚ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۗ
ഒരു ദൂതനും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. (ഖു൪ആന്‍:13/38)
وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۚ
യാതൊരു ദൂതനും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. (ഖു൪ആന്‍:40/78)
ഇത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിക്കലും പുച്ഛിക്കലും കുഫ്ര്‍(സത്യനിഷേധം) ആണ്. നബി ﷺ യും സ്വഹാബത്തും അടക്കമുള്ള സച്ചരിതരായ മുന്‍ഗാമികളുടെ പാതക്കെതിരുമാണത്. അപ്രകാരം തന്നെ ഇത്തരം അത്ഭുത ദൃഷ്ടാന്തങ്ങളുടെ പേരില്‍ ആഘോഷങ്ങളും ആചാരങ്ങളും സംഘടിപ്പിക്കുന്നതും ആ മഹത്തുക്കളോട് സഹായാര്‍ഥന നടത്തുന്നതും ഇസ്‌ലാം പഠിപ്പിച്ച വിശ്വാസാദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ്.
kanzululoom.com
3 Responses
Jazakallahu ഹൈർ
നല്ല വിശദീകരണം
شكرا لكم جزاكم الله خيرا
വളരെ ഹൃദ്യമായ വിശദീകരണം