നീതി എന്നത് ഇസ്‌ലാമിന്റെ മുഖമുദ്രയാണ്. നീതിയെ കുറിച്ച് വിശുദ്ധ ഖുർആൻ ആവർത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല, പ്രവാചകന്മാരുടെ നിയോഗത്തിന്റെയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതിന്റെയും മുഖ്യ ലക്ഷ്യങ്ങളിലൊന്നായി ഖുര്‍ആന്‍ എടുത്തുപറയുന്നത് നീതിയുടെ സംസ്ഥാപനമാണ്.
لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ
തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. (ഖു൪ആന്‍ :57/25)
അതായത്, മനുഷ്യസമുദായം നീതി അനുസരിച്ചു നിലകൊള്ളുന്നതിനാവശ്യമായ തെളിവുകളും ലക്ഷ്യങ്ങളും ഉപദേശനിര്‍ദ്ദേശങ്ങളും സഹിതം വേദഗ്രന്ഥങ്ങളും, നീതിയുടെ മാനദണ്ഡങ്ങളും നിയമവ്യവസ്ഥകളുമാകുന്ന തുലാസ്സുകളും കൊണ്ടാണ് ഓരോ കാലത്തും അല്ലാഹു അവന്റെ ദൂതന്‍മാരെ അയച്ചിട്ടുള്ളത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ وَلَوْ عَلَىٰٓ أَنفُسِكُمْ أَوِ ٱلْوَٰلِدَيْنِ وَٱلْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَٱللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا۟ ٱلْهَوَىٰٓ أَن تَعْدِلُوا۟ ۚ وَإِن تَلْوُۥٓا۟ أَوْ تُعْرِضُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു. (ഖു൪ആന്‍ :4/135)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعْمَلُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍ :5/8)
وَإِنْ حَكَمْتَ فَٱحْكُم بَيْنَهُم بِٱلْقِسْطِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു. (ഖു൪ആന്‍ :4/135)
ഈ വചനം നബി ﷺ യും സ്വഹാബികളും കേവലമായി പാരായണം ചെയ്യുകയല്ല ചെയ്തത്, മറിച്ച് അവര്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിക്കുകയായിരുന്നു. ചില സംഭവങ്ങൾ കാണുക:
ബനൂ ദ്വഫര്‍ എന്ന അന്‍സ്വാരി ഗോത്രത്തിലെ ത്വഅ്മത്ബ്‌നു ഉബൈരിക്വ് എന്ന് പേരുള്ള ഒരു മുസ്‌ലിം തന്റെ അയല്‍ക്കാരനായ ഖതാദബിന്‍ നുഅ്മാന്‍ എന്ന മറ്റൊരു മുസ്‌ലിമിന്റെ വീട്ടില്‍ നിന്നും ഒരു അങ്കി മോഷ്ടിച്ചു. ഈ അങ്കി സൂക്ഷിച്ചിരുന്നത് ഗോതമ്പ് പൊടിയുള്ള ഒരു വലിയ തോല്‍സഞ്ചിയില്‍ ആയിരുന്നു. അങ്കി കൊണ്ടുപോയപ്പോള്‍ അതിന്റെ കൂടെ തോല്‍സഞ്ചി പൊട്ടിയ ഭാഗത്തുകൂടി പൊടിയും ചിതറി. ഇത് അയാളുടെ വീടുവരെ എത്തി. തുടര്‍ന്ന് ഇയാള്‍ ഈ അങ്കി ഒരു ജൂതന്റെ അടുക്കല്‍ ഒളിപ്പിച്ചുവെച്ചു. ഇദ്ദേഹത്തിന്റെ പേര് സൈദ്ബ്‌നു സമീന്‍ എന്നായിരുന്നു. അങ്ങനെ, അങ്കിയെ കുറിച്ച അന്വേഷണം ത്വഅ്മയുടെ അടുക്കല്‍ എത്തി. അദ്ദേഹം അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട് അത് നിഷേധിച്ചു. എന്നാല്‍ അങ്കിയുടെ ആളുകള്‍ പറഞ്ഞു: ‘ഗോതമ്പ് പൊടിയുടെ അടയാളങ്ങള്‍ അയാളുടെ വീട്ടില്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്.’
അയാള്‍ വീണ്ടും സത്യം ചെയ്തു പറഞ്ഞതോടെ അയാളെ വിട്ടയച്ചു. പിന്നീടവര്‍ പൊടിയുടെ അടയാളം നോക്കി ജൂതന്റെ വീട്ടിലെത്തി. അങ്കി അവിടെ കണ്ടെത്തുകയും ചെയ്തു. ജൂതന്‍ പറഞ്ഞു: ‘അത് ഇവിടെ ത്വഅ്മ കൊണ്ടുവച്ചതാണ്.’ ത്വഅ്മയുടെ ഗോത്രക്കാരായ ബനൂ ദ്വഫര്‍കാര്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിനുവേണ്ടി വാദിക്കാന്‍ അനുമതി ചോദിച്ചു. നബി ﷺ യാകട്ടെ ജൂതനെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. കളവുമുതല്‍ അവന്റെ പക്കല്‍ നിന്ന് കണ്ടുകിട്ടിയതിനെയും അവനെതിരില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകളെയും അടിസ്ഥാനമാക്കി യഹൂദന്റെ വാദം നബി ﷺ തള്ളിക്കളയുകയും ഉബൈരിക്വിന്റെ മകന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ഉണ്ടായി.
യഥാര്‍ഥ മോഷ്ടാവായ ഉബൈരിക്വിന്റെ മകനെ നിരപരാധിയായി നബി ﷺ പ്രഖ്യാപിച്ചതും അവന്റെ കക്ഷിയുടെ വാദത്തെ ന്യായീകരിച്ചതും ബാഹ്യമായ തെളിവുകള്‍ക്കനുസരിച്ചാണ്. അദൃശ്യ കാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ലല്ലോ. നബി ﷺ യും ഇതില്‍ നിന്ന് ഒഴിവില്ല.
അതുകൊണ്ടാണ് ഒരു സംഭവത്തില്‍ നബി ﷺ ഇങ്ങിനെ പറഞ്ഞത്: ”അറിഞ്ഞേക്കുക: ഞാന്‍ ഒരു മനുഷ്യന്‍ തന്നെയാണ്. ഞാന്‍ കേള്‍ക്കുന്നതനുസരിച്ചേ ഞാന്‍ വിധികല്‍പിക്കുകയുള്ളൂ. നിങ്ങളില്‍ ചിലര്‍, ചിലരെക്കാള്‍ തന്റെ ന്യായം വ്യക്തമാക്കിയിട്ടുണ്ടായിരിക്കും. അങ്ങനെ, അവന് ഞാന്‍ ഗുണമായി വിധിച്ചു കൊടുത്തേക്കുകയും ചെയ്യും. ഒരു മുസ്‌ലിമിന്റെ (യഥാര്‍ഥ) അവകാശം ഞാന്‍ (വേറെ) ആര്‍ക്കെങ്കിലും വിധിച്ചു കൊടുത്താല്‍ (യഥാര്‍ഥത്തില്‍) അത്, നരകത്തില്‍ നിന്നുള്ള ഒരു കഷ്ണമായിരിക്കും. അതവന്‍ ഏറ്റെടുക്കുകയോ, ഉപേക്ഷിക്കുകയോ (ഇഷ്ടംപോലെ) ചെയ്തുകൊള്ളട്ടെ” (ബുഖാരി, മുസ്‌ലിം).
മുകളില്‍ സൂചിപ്പിച്ച സംഭവത്തിന്റെ സന്ദര്‍ഭത്തില്‍ അവതരിച്ച ക്വുര്‍ആന്‍ സൂക്തങ്ങളാണ് നാലാം അധ്യായം 105 മുതല്‍ 112 വരെയുള്ളത്.
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ لِتَحْكُمَ بَيْنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُ ۚ وَلَا تَكُن لِّلْخَآئِنِينَ خَصِيمًا ﴿١٠٥﴾ وَٱسْتَغْفِرِ ٱللَّهَ ۖ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا ﴿١٠٦﴾ وَلَا تُجَٰدِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا ﴿١٠٧﴾ يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ ٱلْقَوْلِ ۚ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطًا ﴿١٠٨﴾ هَٰٓأَنتُمْ هَٰٓؤُلَآءِ جَٰدَلْتُمْ عَنْهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا فَمَن يُجَٰدِلُ ٱللَّهَ عَنْهُمْ يَوْمَ ٱلْقِيَٰمَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًا ﴿١٠٩﴾ وَمَن يَعْمَلْ سُوٓءًا أَوْ يَظْلِمْ نَفْسَهُۥ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورًا رَّحِيمًا ﴿١١٠﴾ وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُۥ عَلَىٰ نَفْسِهِۦ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴿١١١﴾ وَمَن يَكْسِبْ خَطِيٓـَٔةً أَوْ إِثْمًا ثُمَّ يَرْمِ بِهِۦ بَرِيٓـًٔا فَقَدِ ٱحْتَمَلَ بُهْتَٰنًا وَإِثْمًا مُّبِينًا ﴿١١٢﴾
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്. അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു. ഹേ! കൂട്ടരേ, ഐഹികജീവിതത്തില്‍ നിങ്ങളവര്‍ക്ക് വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുള്ളത്? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടായിരിക്കുക? ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്‍റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്. (ഖു൪ആന്‍ :4/105-112)
ജൂതന്‍ നിരപരാധിയാണ് എന്ന് അല്ലാഹു അതിലൂടെ നബി ﷺ യെ അറിയിക്കുകയായിരുന്നു. അക്കാര്യം നബി ﷺ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ജൂതന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. തന്റെ വിധി ശരിയായിരുന്നില്ല എന്ന് സൂചിപ്പിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ മറച്ചുവെക്കുകയല്ല നബി ﷺ ചെയ്തത്; അത് ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു.
عَنَ عَائِشَةَ، أَنَّ قُرَيْشًا، أَهَمَّهُمْ شَأْنُ الْمَرْأَةِ الْمَخْزُومِيَّةِ الَّتِي سَرَقَتْ فَقَالُوا مَنْ يُكَلِّمُ فِيهَا رَسُولَ اللَّهِ صلى الله عليه وسلم فَقَالُوا وَمَنْ يَجْتَرِئُ عَلَيْهِ إِلاَّ أُسَامَةُ حِبُّ رَسُولِ اللَّهِ صلى الله عليه وسلم . فَكَلَّمَهُ أُسَامَةُ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ ” . ثُمَّ قَامَ فَاخْتَطَبَ فَقَالَ ” أَيُّهَا النَّاسُ إِنَّمَا أَهْلَكَ الَّذِينَ قَبْلَكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ وَإِذَا سَرَقَ فِيهِمُ الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ وَايْمُ اللَّهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا ” .
ആഇശ(റ) പറയുന്നു: ഒരു മഖ്‌സൂം ഗോത്രക്കാരിയുടെ മോഷണക്കേസ് ക്വുറൈശികള്‍ക്ക് വിഷമപ്രശ്‌നമായി. ”അല്ലാഹുവിന്റെ ദൂതനോട് അവളുടെ പ്രശ്‌നം സംബന്ധിച്ച് ആരാണ് സംസാരിക്കുക?” അവര്‍ തമ്മില്‍ തമ്മില്‍ അന്വേഷിച്ചു. ”തിരുമേനിയുടെ ഇഷ്ടനായ ഉസാമതുബ്‌നു സൈദിനല്ലാതെ മറ്റാര്‍ക്കാണ് അതിന് ധൈര്യം വരിക?”- ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ(റ) നബി ﷺ യോട് സംസാരിച്ചു. അപ്പോള്‍ തിരുമേനി ﷺ ചോദിച്ചു: ”അല്ലാഹുവിന്റെ ശിക്ഷാവിധിയില്‍ നീ ശുപാര്‍ശയുമായി വരികയോ?” തുടര്‍ന്ന് അവിടുന്ന് ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ”ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടുകയും ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുന്‍ഗാമികള്‍ക്കിടയില്‍ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ ഞാന്‍ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും!” (മുസ്‌ലിം:1688).
عبد الله بن رواحة ، لما بعثه النبي صلى الله عليه وسلم يخرص على أهل خيبر ثمارهم وزرعهم ، فأرادوا أن يرشوه ليرفق بهم ، فقال : والله لقد جئتكم من عند أحب الخلق إلي ، ولأنتم أبغض إلي من أعدادكم من القردة والخنازير ، وما يحملني حبي إياه وبغضي لكم على ألا أعدل فيكم . فقالوا : ” بهذا قامت السماوات والأرض ” .
ഖൈബര്‍ യുദ്ധത്തെത്തുടര്‍ന്നു യഹൂദികളില്‍ നിന്ന് ലഭിച്ചിരുന്ന വസ്തുവകകളുടെ ആദായം പിരിച്ചെടുക്കുവാന്‍ നബി ﷺ അബ്ദുല്ലാഹിബ്‌നു റവാഹത്ത് (റ)നെ അയച്ചിരുന്നപ്പോള്‍, തങ്ങള്‍ നല്‍കേണ്ടിയിരുന്ന തുകയില്‍ ഇളവ് നല്‍കുവാന്‍ വേണ്ടി അവര്‍അദ്ദേഹത്തിന് കൈക്കുലി കൊടുക്കുവാന്‍ ശ്രമിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘അല്ലാഹു തന്നെയാണ,സൃഷ്ടികളില്‍ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ – നബി ﷺ യുടെ- അടുക്കല്‍ നിന്നാണ് ഞാന്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. നിങ്ങളാകട്ടെ, എന്‍റെ അടുക്കല്‍ കുരങ്ങുകളെക്കാളും പന്നികളെക്കാളും അധികം വെറുക്കപ്പെട്ടവരുമാകുന്നു: എന്നാലും അദ്ദേഹത്തോടുളള സ്‌നേഹവും, നിങ്ങളോടുളള വെറുപ്പും നിങ്ങളില്‍ നീതിപാലിക്കാതിരിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുകയില്ല’. ഇതു കേട്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇത് (നീതി) കൊണ്ടുതന്നെയാണ് ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നതും’. (തഫ്സീർ ഇബ്നു കസീർ)
عن أنس بن مالك: كان مع رسولِ اللهِ ﷺ رجلٌ فجاءَ ابنٌ لهُ فقَبَّلَهُ وأجلسهُ على فَخِذِهِ ثم جاءتْ بنتٌ لهُ فأَجْلَسَها إلى جنبِه, قال فهلَّا عَدَلْتَ بينَهُمَا
അനസ് ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം: നബി ﷺ യുടെ കൂടെയുണ്ടായിരുന്ന ഒരാളുടെ അടുത്തേക്ക് ആയാളുടെ ആണ്കുട്ടി വന്നപ്പോൾ അയാളവനെ ചുംബിക്കുകയും തന്റെ മടിയിൽ ഇരുത്തുകയും ചെയ്തു. പിന്നീട് അയാളുടെ പെണ്കുട്ടിവന്നപ്പോൾ അവളെ തന്റെ ഒരു സൈഡിലേക്ക് ഇരുത്തി.(അപ്പോൾ നബി ﷺ ) പറഞ്ഞു: നിനക്ക് അവർക്ക് രണ്ടുപേർക്കുമിടയിൽ നീതി കാണിച്ചുകൂടെ? (സിൽസിലത്തുസ്വഹീഹ)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الْمُقْسِطِينَ عِنْدَ اللَّهِ عَلَى مَنَابِرَ مِنْ نُورٍ عَنْ يَمِينِ الرَّحْمَنِ عَزَّ وَجَلَّ وَكِلْتَا يَدَيْهِ يَمِينٌ الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا
അംറ് ബ്നു ആസില്‍ (റ)ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നീതി പാലകർ അല്ലാഹുവിന്റെ അടുക്കൽ പ്രകാശത്തിന്റെ സ്റ്റേജുകളിലായിരിക്കും. അവർ തങ്ങൾ വിധിക്കുന്നതിലും കുടുംബത്തിലും ഏൽപ്പിക്കപ്പെട്ടവയിലുമെല്ലാം നീതി പുലർത്തുന്നവരാണ്. (മുസ്ലിം: 1827)
kanzululoom.com