മഅ്മൂമിന്റെ (തുടർന്നു നമസ്‌കരിക്കുന്നവന്റെ) നമസ്‌കാരത്തിന് ഇമാമിനോടുള്ള ബന്ധമാണ് ഇമാമത്ത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
ആരാണ് ഏറ്റവും അർഹൻ?
ഇമാമത്തിന് ഏറ്റവും അർഹനായവനെയും ഏറ്റവും അനുയോജ്യമായവനെയും അല്ലാഹുവിന്റെ തിരുദൂതർﷺ വ്യക്തമാക്കിയിട്ടുണ്ട്. തിരുനബിﷺ പറഞ്ഞു:
يؤمُّ القوم أقرؤهم لكتاب الله، فإن كانوا في القراءة سواء فأعلمهم بالسنة، فإن كانوا في السنة سواء فأقدمهم هجرة، فإن كانوا في الهجرة سواء فأقدمهم سِلْماً
ഒരു വിഭാഗത്തിന് അവരിൽ ഏറ്റവും നന്നായി ക്വുർആൻ പാരായണം ചെയ്യുന്ന വ്യക്തിയാണ് ഇമാമു നിൽക്കേണ്ടത്. അവർ പാരായണത്തിൽ തുല്യരാണെങ്കിൽ അപ്പോൾ അവരിൽ സുന്നത്തിൽ ഏറ്റവും പരിജ്ഞാനമുള്ളവനും അവർ സുന്നത്തിൽ തുല്യജ്ഞാനമുള്ളവരാണെങ്കിൽ അവരിൽ ഹിജ്‌റയിൽ മുൻകടന്നവനും അവർ ഹിജ്‌റയിൽ തുല്യരാണെങ്കിൽ അവരിൽ ഇസ്‌ലാമിലേക്ക് മുൻകടന്നവനുമാണ് ഇമാമു നിൽക്കേണ്ടത്. (മുസ്ലിം)
അപ്പോൾ, ഇമാമത്തിന് ഏറ്റവും അർഹനും അനുയോജ്യമായവനും താഴെ വരും വിധമായിരിക്കും:
1. ഏറ്റവും നന്നായി ക്വുർആൻ പാരായണം ചെയ്യുന്നവൻ: ക്വുർആൻ പാരായണത്തെ കണിശമാക്കുകയും പരിപൂർണമായ നിലയ്ക്ക് ഓതുകയും ചെയ്യുന്ന, നമസ്‌കാരത്തിന്റെ കർമവിഷയങ്ങൾ അറിയുന്ന വ്യക്തിയാകുന്നു അത്. ഏറ്റവും നന്നായി ക്വുർആൻ പാരായണം ചെയ്യുന്ന വ്യക്തിയും അയാളോളം നന്നായി ക്വുർആൻ പാരായണം ചെയ്യാത്ത, എന്നാൽ കർമവിഷയങ്ങൾ കൂടുതൽ അറിയുന്ന വ്യക്തിയും ഒരുമിച്ചുകൂടിയാൽ കർമവിഷയങ്ങൾ കൂടുതൽ അറിയുന്ന വ്യക്തി ഏറ്റവും നന്നായി ക്വുർആൻ പാരായണം ചെയ്യുന്ന വ്യക്തിയെക്കാൾ മുന്തിപ്പിക്കപ്പെടും. കാരണം, നമസ്‌കാരത്തിലുള്ള അറിവും അതിന്റെ വിധികളിലുള്ള അറിവുമാണ് പാരായണം നന്നാക്കുന്നതിനെക്കാൾ ഏറ്റവുമാവശ്യമായിട്ടുള്ളത്.
2. സുന്നത്തിനെക്കുറിച്ച് നല്ല അറിവും ഫിക്വ‌്‌ഹുമുള്ള വ്യക്തി: പാരായണത്തിൽ തുല്യന്മാരായ രണ്ടു ഇമാമുമാർ ഒത്തുകൂടി. രണ്ടിൽ ഒരാൾ കർമശാസ്ത്രപടുവും സുന്നത്തിൽ നല്ല പരിജ്ഞാനിയുമാണെങ്കിൽ കർമശാസ്ത്ര പണ്ഡിതൻ മുന്തിക്കപ്പെടും. തിരുനബിﷺ പറഞ്ഞു:
فإن كانوا في القراءة سواء فأعلمهم بالسنة
അവർ പാരായണത്തിൽ തുല്യരാണെങ്കിൽ അപ്പോൾ അവരിൽ സുന്നത്തിൽ ഏറ്റവും പരിജ്ഞാനമുള്ളവനാണ് (ഇമാമുനിൽക്കേണ്ടത്)
3. ക്വിറാഅത്തിലും സുന്നത്തിലുള്ള അറിവിലും തുല്യരാണെങ്കിൽ ക്വുഫ്‌റിന്റെ നാട്ടിൽനിന്ന് ഇസ്‌ലാമിക നാട്ടിലേക്ക് ഹിജ്‌റ ചെയ്തു മുൻകടന്നവൻ.
4. ഹിജ്‌റയിലും അവർ തുല്യരാണെങ്കിൽ ഇസ്‌ലാമിലേക്ക് മുൻകടന്നവൻ.
5. വയസ്സിൽ മുതിർന്നവൻ: മുൻസൂചിപ്പിച്ച കാര്യങ്ങളിലെല്ലാം തുല്യരായാൽ വയസ്സിൽ മൂത്തവൻ മുന്തിക്കപ്പെടും. മുമ്പു നൽകിയ ഹദീസിൽ ഇപ്രകാരമുണ്ട്:
فإن كانوا في الهجرة سواء فأقدمهم سلماً
അവർ ഹിജ്‌റയിൽ തുല്യരാണെങ്കിൽ അവരിൽ ഇസ്‌ലാമിലേക്ക് മുൻകടന്നവനാണ് (ഇമാമുനിൽക്കേണ്ടത്).
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: തിരുനബി ﷺ പറഞ്ഞു:
وليؤمكم أكبركم
നിങ്ങളിൽ ഏറ്റവും മുതിർന്നവൻ ഇമാമത്തു നിൽക്കട്ടെ.
രണ്ടുപേർ മുകളിൽ പറഞ്ഞ മുഴുവൻ വിഷയങ്ങളിലും ഒരുപോലെയായാൽ അവർക്കിടയിൽ നറുക്കെടുക്കപ്പെടുകയും വിജയിച്ചവൻ ഇമാമത്തിനു മുന്തിപ്പിക്കപ്പെടുകയും ചെയ്യണം.
തന്റെ അതിഥിയെക്കാൾ വീട്ടുകാരനാണ് ഇമാമത്തു നിൽക്കുവാൻ ഏറ്റവും അർഹൻ. തിരുനബിﷺ പറഞ്ഞു:
لا يؤمَّنَّ الرجلُ الرجلَ في أهله ولا في سلطانه
ഒരു വ്യക്തിയും ഒരു വ്യക്തിക്ക് അയാളുടെ കുടുംബത്തിലും അധികാരപരിധിയിലും ഇമാമത്തു നിൽക്കരുത്. (മുസ്ലിം)
ഇപ്രകാരം ഭരണാധികാരി മറ്റുള്ളവരെക്കാൾ ഇമാമത്തിന് അർഹനാണ്. തൊട്ടുമുമ്പ് ഉണർത്തിയ ഹദീസിന്റെ പൊതുതാൽപര്യം അതാണ് അറിയിക്കുന്നത്. പള്ളിയിൽ നിയമിതനായ ഇമാമാണ് മറ്റുള്ളവരെക്കാൾ ഇമാമത്തിന് അർഹൻ; ഭരണാധികാരിയൊഴിച്ച്. ഭരണാധികാരിയല്ലാത്തവർ കൂടുതൽ ഓതുന്നവരും അറിവുള്ളവരുമാണെങ്കിലും ശരി.
ഇമാമത്തുനിൽക്കൽ നിഷിദ്ധമാകുന്നവർ
താഴെ വരുന്ന അവസ്ഥകളിൽ ഇമാമത്തു നിഷിദ്ധമാകും:
1. പുരുഷനു സ്ത്രീയുടെ ഇമാമത്ത്: തിരുമൊഴിയുടെ പൊതുതാൽപര്യമറിയിക്കുന്നത് ഇതാണ്:
لن يفلح قوم ولوا أمرهم امرأة
തങ്ങളുടെ നേതൃത്വം സ്ത്രീയെ ഏൽപിച്ച ഒരു വിഭാഗവും വിജയിക്കുകയില്ല. (ബുഖാരി)
സ്ത്രീ, തനിക്കുള്ള മറയും സംരക്ഷണവുമെന്ന നിലയ്ക്ക് സ്വഫ്ഫുകളുടെ അവസാനത്തിൽ പിന്തിനിൽക്കലാണ് അടിസ്ഥാനമായിട്ടുള്ളത്. സ്ത്രീ ഇമാമത്തിനു മുന്തിപ്പിക്കപ്പെട്ടാൽ അത് മതപരമായ ഈ അടിസ്ഥാനത്തിന് എതിരായിത്തീരും.
2. തനിക്കു ശുദ്ധിയില്ലെന്നും തന്റെ മേൽ നജസുണ്ടെന്നും അറിവുണ്ടായിരിക്കെ ശുദ്ധി നഷ്ടപ്പെട്ടവന്റെയും നജസ് മേലിലുള്ളവന്റെയും ഇമാമത്ത്: നമസ്‌കാരം തീരുന്നതുവരെ തുടർന്ന് നമസ്‌കരിക്കുന്നവർ ഇത് അറിഞ്ഞിട്ടില്ലയെങ്കിൽ അവരുടെ നമസ്‌കാരം ശരിയാകും.
3. ഉമ്മിയ്യിന്റെ ഇമാമത്ത്: ഫാതിഹ നന്നായി പാരായണം ചെയ്യാത്തവനാണ് ഉമ്മിയ്യുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. മനഃപാഠമായും തിലാവത്തായും ഓതുവാനാകാത്ത, ഇദ്ഗാം ചെയ്യപ്പെടാത്ത അക്ഷരങ്ങളെ ഇദ്ഗാം ചെയ്യുന്ന, ഒരു അക്ഷരത്തിനുപകരം മറ്റൊരു അക്ഷരമാക്കുന്ന, അർഥം തെറ്റുംവിധം പാരായണ ത്തിൽ തെറ്റുപിണയുന്ന ഇത്തരം വ്യക്തികളുടെ ഇമാമത്ത് അയാളെ പോലുള്ളവർക്കല്ലാതെ സ്വഹീഹാവുകയില്ല; നമസ്‌കാരത്തിന്റെ ഒരു റുക്‌ന് നിർവഹിക്കുവാനുള്ള അശക്തതയാണ് കാരണം.
4. തെമ്മാടിയുടെയും മുബ്തദിഇന്റെയും ഇമാമത്ത്: തെമ്മാടിത്തം പരസ്യമായവന്റെയും കാഫിറാക്കുന്ന ബിദ്അത്തിലേക്ക് ക്ഷണിക്കുന്നവന്റെയും പിന്നിൽ നമസ്‌കാരം സ്വഹീഹാവുകയില്ല. അല്ലാഹു പറഞ്ഞു:
أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُونَ
അപ്പോൾ വിശ്വാസിയായിക്കഴിഞ്ഞവൻ ധിക്കാരിയായിക്കഴിഞ്ഞവനെപ്പോലെയാണോ? അവർ തുല്യരാകുകയില്ല. (ഖുർആൻ:32/18)
5. റുകൂഅ്, സുജൂദ്, നിറുത്തം, ഇരുത്തം എന്നിവയ്ക്ക് അശക്തനായവന്റെ ഇമാമത്ത്: ഇവകളിൽ തന്നെക്കാൾ കഴിവുള്ളവന് കഴിവു കുറഞ്ഞവന്റെ ഇമാമത്ത് സ്വഹീഹാവുകയില്ല.
ഇമാമത്ത് നിൽക്കൽ കറാഹത്താകുന്നവർ
താഴെ വരുന്നവർ ഇമാമത്ത് നിൽക്കുന്നതു കറാഹത്താകും:
1. അല്ലഹ്ഹാൻ: ഫാതിഹ ഒഴികെയുള്ളവയിലെ പാരായണത്തിൽ ധാരാളമായി തെറ്റുപിണയുന്നവനാണ് ഉദ്ദേശ്യം. എന്നാൽ മുമ്പുണർത്തിയതുപോലെ അർഥത്തിൽ മാറ്റം വരുമാറ് ഫാതിഹയുടെ പാരായണത്തിൽ തെറ്റുവന്നാൽ അയാളോടൊപ്പം നമസ്‌കാരം സ്വഹീഹാവുകയില്ല. തിരുനബിﷺ പറഞ്ഞു:
يؤم القوم أقرؤهم
ഒരു വിഭാഗത്തിന് അവരിൽ ഏറ്റവും നന്നായി പാരായണം ചെയ്യുന്ന വ്യക്തിയാണ് ഇമാമു നിൽക്കേണ്ടത്.
2. ആളുകൾ അതൃപ്തരായിരിക്കെ, അല്ലെങ്കിൽ ആളുകളിൽ അധികപേരും അതൃപ്തരായിരിക്കെ അവർക്ക് ഇമാമുനിൽക്കുന്നവർ: തിരുനബിﷺ പറഞ്ഞു:
ثلاثة لا ترتفع صلاتهم فوق رؤوسهم شبراً: رجل أمَّ قوماً وهم له كارهون …
മൂന്നു കൂട്ടർ, അവരുടെ നമസ്‌കാരം അവരുടെ തലകൾക്കുമീതെ ഒരു ചാണുപോലും ഉയരുകയില്ല. ആളുകൾ അതൃപ്തരായിരിക്കെ അവർക്ക് ഇമാമു നിൽക്കുന്ന വ്യക്തി… (ഇബ്നുമാജ)
3. ചില അക്ഷരങ്ങൾ വ്യക്തമാക്കി മൊഴിയാതെ വിഴുങ്ങുന്നവൻ: അക്ഷരങ്ങൾ ആവർത്തിക്കുന്നവനും ഇപ്രകാരമാണ്. ഫാഅ് ആവർത്തിക്കുന്ന ഫഅ്ഫാഉം താഅ് ആവർത്തിക്കുന്ന തഅ്താഉം മറ്റും ഉദാഹരണം. പാരായണത്തിൽ ചില അക്ഷരങ്ങൾ വർധിക്കുന്നതിനാലാണ് അത്.
ഇമാമ് നിൽക്കേണ്ട സ്ഥലം
മഅ്മൂമ് രണ്ടോ അതിൽ കൂടുതലോ ഉണ്ടായാൽ അവർ ഇമാമിന്റെ പിന്നിൽ നിൽക്കലും അവരെക്കാൾ ഇമാമ് മുന്നിട്ടു നിൽക്കലുമാണ് സുന്നത്ത്. കാരണം നബിﷺ നമസ്‌കാരത്തിലേക്കു നിന്നാൽ മുന്നോട്ടു നിൽക്കുകയും തന്റെ അനുചരന്മാൽ പിന്നിൽ നിൽക്കുകയും ചെയ്യുമായിരുന്നു. ജാബിറും ജബ്ബാറും-രണ്ടിൽ-ഒരാൾ തിരുമേനിയുടെ വലതുഭാഗത്തും അപരൻ തിരുമേനിയുടെ ഇടതുഭാഗത്തും നിൽക്കുക യുണ്ടായി. തിരുമേനി അവരുടെ കൈകൾ പിടിക്കുകയും അവർ രണ്ടുപേരെയും തന്റെ പിന്നിൽ നിർത്തുകയുമുണ്ടായി എന്ന് ഇമാം മുസ്‌ലിമിന്റെയും അബൂദാവൂദിന്റെയും നിവേദനത്തിലുണ്ട്.
അനസ് رضي الله عنه വിന്റെ വീട്ടിൽ തിരുനബിﷺ നമസ്‌കരിച്ചതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്ക് ഇപ്രകാരമാണ്:
ثم يؤم رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ونقوم خلفه، فيصلي بنا
…ശേഷം തിരുദൂതർ ﷺ ഇമാമു നിൽക്കുകയും ഞങ്ങൾ തിരുമേനിയുടെ പിന്നിൽ നിൽക്കുകയും ഞങ്ങളോടൊത്ത് തിരുമേനി നമസ്‌കരിക്കുകയും ചെയ്തു.
മഅ്മൂമായുള്ള ഒരു വ്യക്തി ഇമാമിന്റെ വലതുഭാഗത്ത് ഇമാമിനു നേരെ നിൽക്കണം. കാരണം, ഇബ്‌നു അബ്ബാസ് رضي الله عنه, ജാബിർ رضي الله عنه എന്നിവർ നബിﷺയുടെ ഇടതുഭാഗത്തു നിന്നപ്പോൾ തിരുമേനി അവരെ തന്റെ വലതുഭാഗത്തേക്ക് തിരിച്ചുനിറുത്തുകയുണ്ടായി.
മഅ്മൂമുകളുടെ മധ്യത്തിലായുള്ള ഇമാമിന്റെ നിറുത്തവും സ്വഹീഹാകും. കാരണം ഇബ്‌നു മസ്ഊദ് رضي الله عنه അൽക്വമ رضي الله عنه വിന്റെയും അൽഅസ്‌വദ് رضي الله عنه വിന്റെയും ഇടയിൽ നമസ്‌കരിക്കുകയും ശേഷം ‘ഇപ്രകാരം അല്ലാഹുവിന്റെ റസൂൽ പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’ എന്നു പറയുകയുമുണ്ടായി. എന്നാൽ ഇത് നിർബന്ധിതാവസ്ഥയിൽ പരിമിതമായിരിക്കും. ഇമാമിന്റെ പിന്നിൽ മഅ്മൂമുനിൽക്കലാണ് ഏറ്റവും ശ്രേഷ്ഠകരം. സ്ത്രീകൾ പുരുഷന്മാരുടെ സ്വഫ്ഫുകൾക്കു പിന്നിലാണ് നിൽക്കേണ്ടത്.
മഅ്മൂമിനുവേണ്ടി ഇമാം ഏൽക്കുന്നത്
ഉറക്കെ ഓതുന്ന നമസ്‌കാരങ്ങളിൽ മഅ്മൂമിന്റെ ക്വുർആൻ പാരായണം ഇമാം വഹിക്കുന്നതാണ് (മഅ്മൂമിനു ഇമാമിന്റെ ക്വിറാഅത്ത് മതിയാകുന്നതാണ്.) തിരുനബിﷺ പറഞ്ഞതായി ഇബ്‌നുമസ്ഊദ് رضي الله عنه വിൽ നിന്ന് നിവേദനം:
وإذا قرأ فأنصتوا
ഇമാമ് ക്വുർആനോതിയാൽ ഉടൻ നിങ്ങൾ മൗനം ദീക്ഷിക്കുക.
من كان له إمام فقراءته له قراءة
വല്ലവന്നും ഇമാമുണ്ടെങ്കിൽ ഇമാമിന്റെ ക്വിറാഅത്ത് അവനുള്ള ക്വിറാഅത്താണ്. (الإرواء برقم ٥٠٠)
എന്നാൽ പതുക്കെയോതുന്ന നമസ്‌കാരങ്ങളിൽ മഅ്മൂമിന്റെ ഫാതിഹ ഇമാം വഹിക്കുകയില്ല.
ഇമാമിനെ മുൻകടക്കൽ
തന്റെ ഇമാമിനെ മുൻകടക്കൽ മഅ്മൂമിനു അനുവദനീയമല്ല. തന്റെ ഇമാമിനു മുമ്പായി വല്ലവനും തക്ബീറതുൽ ഇഹ്‌റാമിൽ പ്രവേശിച്ചാൽ അവന്റെ നമസ്‌കാരം സാധുവാകുകയില്ല. കാരണം തന്റെ ഇമാമിനുശേഷം തക്ബീറതുൽ ഇഹ്‌റാമിൽ പ്രവേശിക്കുകയെന്നത് അത് സാധുവാകുന്നതിന്റെ ശർത്ത്വാകുന്നു. അതാകട്ടെ അവനു നഷ്ടപ്പെട്ടിരിക്കുന്നു.
നമസ്‌കാരത്തിന്റെ കർമങ്ങൾ തന്റെ ഇമാം നിർവഹിച്ചശേഷം തുടങ്ങൽ മഅ്മൂമിനു നിർബന്ധമാണ്.തിരുനബിﷺ പറഞ്ഞു:
إنما جعل الإمام ليؤتم به، فإذا كبر فكبروا، وإذا ركع فاركعوا وإذا قال: سمع الله لمن حمده فقولوا: ربنا ولك الحمد، وإذا سجد فاسجدوا
നിശ്ചയം, ഇമാം നിശ്ചയിക്കപ്പെട്ടത് അദ്ദേഹം പിന്തുടരപ്പെടുന്നതിനു വേണ്ടിയാണ്. ഇമാം തക്ബീർ ചൊല്ലിയാൽ ഉടൻ നിങ്ങളും തക്ബീർ ചൊല്ലുക. റുകൂഅ് ചെയ്താൽ ഉടൻ നിങ്ങളും റുകൂഉ ചെയ്യുക. ഇമാം സമിഅല്ലാഹു ലിമൻഹമിദ എന്നു ചൊല്ലിയാൽ നിങ്ങൾ ഉടൻ റബ്ബനാ വലകൽഹംദ് ചൊല്ലുക. ഇമാം സുജൂദു ചെയ്താൽ ഉടൻ നിങ്ങൾ സുജൂദ് ചെയ്യുക. (ബുഖാരി,മുസ്ലിം)
തക്ബീറതുൽ ഇഹ്‌റാമിലും സലാം വീട്ടലിലും മഅ്മൂമ് ഇമാമിനോട് ഒപ്പത്തിനൊപ്പം ചെയ്താൽ അതു കറാഹത്താകുന്നു (വെറുക്കപ്പെടുന്നതാകുന്നു). കാരണം അതു സുന്നത്തിനെതിരാകുന്നു. അവന്റെ നമസ്‌കാരം ബാത്വിലാവുകയില്ല. കാരണം അവൻ റുക്‌നിൽ ഇമാമിനോട് ഒരുമിച്ചിരിക്കുന്നു. അവൻ ഇമാമിനെ മുൻ കടന്നാൽ അതു ഹറാമുമാകുന്നു. തിരുനബിﷺ പറഞ്ഞു:
لا تسبقوني بالركوع ولا بالسجود ولا بالقيام
നിങ്ങൾ എന്നെ റുകൂഇലും സുജൂദിലും നിറുത്തത്തിലും മുൻകടക്കരുത്. (മുസ്ലിം)
ഈ വിരോധം ഹറാമാക്കലാണ് തേടുന്നത്.
عن أبي هريرة مرفوعاً: أما يخشى الذي يرفع رأسه قبل الإمام أن يحول الله رأسه رأس حمار؟
അബൂഹുറൈറ رضي الله عنه വിൽ നിന്നു നിവേദനം: ഇമാമിനു മുമ്പ് തന്റെ തലയുയർത്തുന്നവൻ, അല്ലാഹു അവന്റെ തലയെ കഴുതയുടെ തലയാക്കി മാറ്റുന്നത് ഭയക്കുന്നില്ലേ? (ബുഖാരി,മുസ്ലിം)
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com