അൽ ഇഖ്‌വാനുൽ മുസ്ലിമൂൻ: ഖവാരിജുകളുടെ സരണിയിൽ

നബിﷺയുടെ തിരുനാവിനാൽ മുന്നറിയിപ്പ് നൽകപ്പെട്ടതും ഖലീഫ ഉസ്മാൻ رَضِيَ اللَّهُ عَنْهُ എന്ന ഭരണാധികാരിയെ എതിർത്തുകൊണ്ട് വിപ്ലവം തീർത്ത് അമീറുൽ മുഅ്മിനീൻ അലി رَضِيَ اللَّهُ عَنْهُ വിന്റെ കാലത്ത് വലിയ സംഘമായിത്തീർന്ന അനേകം മുസ്ലീങ്ങളുടെ രക്തച്ചൊരിച്ചിലിന് കാരണക്കാരായി ഇസ്ലാമിക ലോകത്ത് ഉണ്ടായ ആദ്യത്തെ തന്നെ വഴിപിഴച്ച കക്ഷികളാണല്ലോ ഖവാരിജുകൾ.

ഇവരുടെ അടിസ്ഥാനപരമായ രണ്ട് പിഴവുകൾ.

(ഒന്ന്) തങ്ങളുടെ ആശയവുമായി യോജിക്കാത്തവരെ കാഫിറുകൾ ആണെന്ന് പറയുക.

(രണ്ട്) മുസ്ലീം ഭരണകൂടത്തിന് വിരുദ്ധ ശക്തികളായി നിലകൊണ്ടു പ്രവർത്തിക്കുക.

മേൽപ്പറഞ്ഞ രണ്ടു കാരണങ്ങളാൽ ഖവാരിജുകൾ അഹ്ലുസ്സുന്നത്തി വൽ ജമാഅ: അല്ല. സ്വഹാബാക്കൾ മുതൽ അഹ്ലുസ്സുന്നയുടെ നാളിതുവരെയുള്ള പണ്ഡിതന്മാർ ഇതിൽ ഏകാഭിപ്രായക്കാരാണ്. മുസ്ലീംകളെ തക്ഫീർ ചെയ്യുന്നതിലൂടെ ഇക്കൂട്ടർ സുന്നത്തിൽ നിന്നും പുറത്തായി. ഭരണകൂട വിരുദ്ധതയാൽ ഐക്യം തകർത്ത് അൽ ജമാഅ: എന്നതിൽ നിന്നും പുറത്തായി. യഥാവിധം സുന്നത്തും, ജമാഅത്തും മുറുകെപ്പിടിച്ചവർ മാത്രമാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅ.

മതവിരുദ്ധമല്ലാത്ത കാര്യങ്ങളിൽ മുസ്ലിം ഭരണാധികാരിയെ കേട്ടനുസരിക്കണമെന്നതും, ഭരണാധികാരിയിൽ മതവിരുദ്ധമായ കാര്യങ്ങൾ കണ്ടാലും അയാൾക്കെതിരിൽ സംഘടിക്കരുതെന്നതും വാക്കു കൊണ്ടാണെങ്കിലും പൊതുജനങ്ങളെ ചൊടിപ്പിക്കുമാറ് പരസ്യ വിമർശനം അരുതെന്നതും അഹ്ലുസ്സുന്നയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ്. ഖേദകരമെന്നു പറയട്ടെ ഖവാരിജുകളുടെ മേൽപ്പറഞ്ഞ രണ്ടു പിഴവുകളും ഇഖ്‌വാനിസത്തിലുണ്ട്.

അത് വിശദീകരിക്കുന്നതിനു മുമ്പ് പ്രസ്തുത വിഷയത്തിൽ അഹ്ലുസ്സുന്നയുടെ നിലപാട് എന്താണെന്ന്ചുരുക്കത്തിൽ മനസ്സിലാക്കാം. ശേഷം ചില ഇഖ്‌വാൻ നേതാക്കളുടെ പ്രസ്താവനകളും ചേർക്കാം. അതിലൂടെ ഇഖ്‌വാനികൾ ഖവാരിജുകളുടെ വണ്ടി കയറി വന്നവരാണെന്ന് സുതരാം വ്യക്തമാകും.

يقول الإمام أحمد بن حنبل رحمه الله: أصول السنة عندنا التمسك بما كان عليه أصحاب رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ. … ثم ذكر مسألة الإمامة من أصول السنة فقال: والسمع والطاعة للأئمة وأمير المؤمنين البر والفاجر

ഇമാം അഹ്മദ് رحمه الله പ്രവാചക സരണിയുടെ അടിസ്ഥാന തത്വങ്ങൾ (ഉസൂലുസ്സുന്ന) വിവരിക്കവേ പറഞ്ഞു: പുണ്യാളനാണെങ്കിലും, ദുർമാർഗിയാണെങ്കിലും ശരി വിശ്വാസികളുടെ നേതാക്കളെയും ഭരണാധികാരിയെയും കേട്ടനുസരിക്കുക. [ഇമാം ലാലികാഇയുടെ – ശർഹു ഉസൂലി ഇഅ്തിഖാദി അഹ്‌ലിസ്സുന്നത്തി വൽ ജമാഅ:1/175-180]

ويقول الإمام علي ابن المديني رحمه الله: «السنة اللازمة التي من ترك منها خصلة لم يقلها أو يؤمن بها لم يكن من أهلها ثم ذكر من تلك السنن العقدية مسألة الإمامة فقال : ولا يحل قتال السلطان ولا الخروج عليه لأحد من الناس فمن فعل ذلك فهو مبتدع على غير السنة»

ഇമാം അലി ഇബിനുൽ മദീനി رحمه الله പറഞ്ഞു: ഒരാൾക്കും ഭരണാധികാരിയോട് യുദ്ധം ചെയ്യാനോ എതിർ നിൽക്കുവാനോ പാടുള്ളതല്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം അവൻ സുന്നത്തിൽ നിന്നും വ്യതിചലിച്ച ബിദ്അത്തുകാരനാണ്. [ഇമാം ലാലികാഈ യുടെ അതേ ഗ്രന്ഥം:1/185 – 189]

قال البخاري وهو يحكي عقيدة ألف من العلماء الذين التقى بهم من أهل السنة والجماعة وأن من معتقدهم: ولم يكونوا يكفرون أحدا من أهل القبلة بالذنب

ഇമാം ബുഖാരി رحمه الله കണ്ടുമുട്ടിയ ആയിരത്തിലധികം വരുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ നിലപാടായി ഉദ്ധരിക്കുന്നു: പാപം പ്രവർത്തിച്ചതിന്റെ പേരിൽ (കുഫ്ർഅല്ലാത്ത, അല്ലെങ്കിൽ കാഫിറാണെന്ന് പറയത്തക്ക നിബന്ധനകൾ പാലിക്കപ്പെടാത്ത) അഹ്ലുൽ ഖിബ്‌ലയിൽപ്പെട്ട ആരെയും അവർ കാഫിറുകൾ എന്ന് വിധി പറഞ്ഞിരുന്നില്ല.  [ഇമാം ലാലികാഇയുടെ അതേ ഗ്രന്ഥം: 1/ 193 – 196]

قال الطحاوي الحنفي رحمه الله وهو يذكر عقيدة أبي حنيفة رحمه الله التي يعتقدها: ولا نرى الخروج على أئمتنا وولاة أمورنا وإن جاروا، ولا ندعو عليهم ولا ننزع يدا من طاعتهم، ونرى طاعتهم من طاعة الله عزوجل فريضة ما لم يأمروا بمعصية وندعو لهم بالصلاح والمعافاة

وقال: ولا نكفر أحدًا من أهل القبلة بذنب ما لم يستحله.

ഇമാം അബൂജഅ്ഫർ അത്വഹാവീ رحمه الله പറയുന്നു:നമ്മുടെ നേതാക്കൾക്കും ഭരണകർത്താക്കൾക്കും എതിരെ തിരിയൽ നമ്മുടെ നിലപാടല്ല. അവർ അക്രമം പ്രവർത്തിച്ചാലും ശരി നാം അവർക്ക് പ്രതികൂലമായി പ്രാർത്ഥിക്കുകയോ, അനുസരണക്കേട് കാണിക്കുകയോ ചെയ്യുന്നതല്ല. അവർക്കുള്ള അനുസരണം നിർബന്ധമായും അല്ലാഹുവിനുള്ള അനുസരണത്തിന്റെ ഭാഗമാണ്. അവർ കുറ്റകരമായ കാര്യങ്ങൾക്ക് കൽപ്പിക്കുന്നുവെങ്കിൽ (അത്തരം കാര്യങ്ങൾ അനുസരിക്കുന്നതല്ല).

ഇമാം ത്വാഹാവീ رحمه الله പറയുന്നു: ഏതൊരു പാപവും അത് ഹലാലായി ഗണിക്കാതെ ആ പാപം ചെയ്തതിന്റെ പേരിൽ മാത്രം അഹ്ലുൽ ഖിബ്‌ലയിൽപ്പെട്ട ഒരാളെയും നാം കാഫിർ എന്ന് വിധി പറയുന്നതല്ല. [അൽ അഖീദതു ത്വഹാവിയ്യ]

قال الإمام الآجري رحمه الله:  فلا ينبغي لمن رأى اجتهاد خارجي قد خرج على إمام، عادلا كان الإمام أم جائرًا، فخرج وجمع جماعة وسل سيفه، واستحل قتال المسلمين، فلا ينبغي له أن يغتر بقراءته للقرآن، ولا بطول قيامه في الصلاة، ولا بدوام صيامه، ولا بحسن ألفاظه في العلم إذا كان مذهبه مذهب الخوارج

ഇമാം അൽആജൂരീ رحمه الله യുടെ വാക്കുകൾ ശ്രദ്ധേയമാണ്: ഭരണാധികാരി നീതിമാനോ അക്രമകാരിയോ ആകട്ടെ അയാൾക്കെതിരെ പുറപ്പെടുകയും മറ്റൊരു സംഘം രൂപീകരിക്കുകയും, ആയുധമേന്തുകയും മുസ്ലീങ്ങളുടെ രക്തം ചിന്തുന്നത് അനുവദനീയമായി കാണുകയും ചെയ്യുന്നവനോടൊപ്പം നിൽക്കൽ ഒരു നിലയ്ക്കും പാടുള്ളതല്ല. അവന്റെ മദ്ഹബ് ഖവാരിജുകളുടെ മദ്ഹബ് ആണെന്നിരിക്കെ അത്തരക്കാരുടെ ഖുർആൻ പാരായണം, സുദീർഘമായ നിസ്കാരം, നോമ്പ്, അവന്റെ വാചാലത ഇത്തരം കാര്യങ്ങൾ കണ്ട് ആരും വഞ്ചിതരാകാൻ പാടുള്ളതല്ല. [അശ്ശരീഅ:1/345]

അഹ്ലുസ്സുന്നക്ക് അവിതർക്കിതമായ വിഷയമായതുകൊണ്ട് കൂടുതൽ പണ്ഡിതോദ്ധരണികൾ കൊടുത്ത് ദീർഘിപ്പിക്കുന്നില്ല.

തക്ഫീർ (മുസ്ലീംകളെ കാഫിറാക്കൽ), ഖുറൂജ് (ഭരണകൂട വിരുദ്ധ പ്രവർത്തനം) ഈ രണ്ടു പ്രധാനപ്പെട്ട പിഴവുകളാണ് ഖവാരിജുകൾക്കെതിരെ തൂലിക ചലിപ്പിക്കാൻ പണ്ഡിതന്മാരെ പ്രേരിപ്പിച്ച പ്രധാനഘടകം. എന്നാൽ ഈ രണ്ടു പിഴവുകളും ആധുനിക ഖവാരിജുകളായ ഇഖ് വാനികളിൽ ഉണ്ട്. അതിലൂടെ തന്നെയാണ് അവർ ശക്തിയാർജിച്ചതും. അവരുടെ തന്നെ നേതാക്കന്മാരുടെ സത്യപ്രസ്താവന ഈ വിഷയത്തിൽ വന്നിട്ടുണ്ട്. അതിൽ ചിലത് നമുക്ക് നോക്കാം.

يقول علي عشماوي عن جهاد الإخوان: ولم يجدوا وسيلة للجهاد في أبوابه الثابتة فأفتوا بخروج المسلمين من دينهم وكفروهم ثم انقضوا عليهم يستحلون أرواحهم وأعراضهم وأموالهم.

ويقول: وكذلك بقي الأئمة الأربعة والخروج على الحاكم غير موجود إلا في فقه الخوارج والأزارقة… وهو أيضًا موجود في فقه الإخوان المسلمين .

അലീ അശ്മാവീ ഇഖ്‌വാനികളുടെ ജിഹാദിനെ കുറിച്ച് പറയുന്നു: … (ഇഖ്‌വാൻ) ജിഹാദ് നിർവഹിക്കാൻ അതിന്റെ അംഗീകൃതമായ മാർഗങ്ങൾ കണ്ടില്ല. അതിനാൽ മുസ്ലീങ്ങൾ മതത്തിൽ നിന്നും പുറത്താണെന്ന് ഫത്‌വ നൽകുകയും, അവരെ കാഫിറുകളെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.ശേഷം അവരുടെ ജീവനും അഭിമാനവും സമ്പത്തും കവർന്നെടുക്കൽ അനുവദനീയമായി കണക്കാക്കി കടന്നാക്രമണം നടത്തി.

അദ്ദേഹം തുടരുന്നു: ഖവാരിജുകളുടെ കർമ്മ ശാസ്ത്രത്തിൽ ഉണ്ടെന്നല്ലാതെ നാലു മദ്ഹബിന്റെ ഇമാമുകളും ഭരണകൂട വിരുദ്ധ പ്രവർത്തനം അനുവദനീയമായി കണ്ടിരുന്നില്ല…എന്നാൽ അത് അൽ ഇഖ്‌വാനുൽ മുസ്ലിമൂനിന്റെ കർമ്മശാസ്ത്രത്തിൽ നിലനിൽക്കുന്നണ്ട്. [അത്താരീഖുസ്സിരീ ലി ജമാഅത്തിൽ ഇഖ്‌വാനിൽ മുസ്ലിമീൻ : 27-30]

ويقول سالم البهنسالي من كبار جماعة الإخوان: والفكر الجانح إلى التكفير والذي يتبناه محمد قطب يطابق فكر الخوارج الذي يخالف منهج أهل السنة وهذا أمر يعلمه جميع العلماء.(شبهات حول الفكر المعاصر: ٢٧٢)

ഇഖ്‌വാനീ സംഘത്തിന്റെ സമുന്നത നേതാക്കളിൽ ഒരാളായ സാലിം അൽ ബഹൻസാലി പറയുന്നു: തക്ഫീറിന്റെ വശം പിടിച്ചുള്ളതും, മുഹമ്മദ് കുത്വുബ് നിലകൊണ്ടതുമായ ചിന്തകൾ അഹ്ലുസ്സുന്നയുടെ മാർഗത്തിന് വിരുദ്ധമായ ഖവാരിജുകളുടെ ആശയത്തോട് യോജിക്കുന്നതാണ്. ഈ വസ്തുത സകല പണ്ഡിതന്മാർക്കും അറിയുന്നതുമാണ് . [അവ്‌ലവിയാതുൽ ഹറകത്തിൽ ഇസ്‌ലാമിയ്യ: 110]

قال أبو قتادة الفلسطيني: «نحن لا نريد أن نقاتل أمريكا إلا إذا صالت علينا وكانت هي من بدأ بالقتال هذا بخلاف قتال الأنظمة المرتدة في بلادنا الذي يعتبر جهادها فرض عين على كل مسلم»

അബൂ ഖതാദ ഫലസ്തീനി പറയുന്നു: ഞങ്ങളെ കടന്നാക്രമിക്കുകയോ ഇങ്ങോട്ട് യുദ്ധത്തിന് തുടക്കം കുറിക്കുകയോ ചെയ്താൽ മാത്രമേ അമേരിക്കയോട് അങ്ങോട്ടും യുദ്ധം ചെയ്യാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുള്ളു. എന്നാൽ അതേ നിലപാടല്ല നമ്മുടെ നാട്ടിലെ മതത്തിൽ നിന്ന് പുറത്തുപോയ സംഘങ്ങളോടുള്ള സമീപനം. അവരോടുള്ള ജിഹാദ് മുസ്ലിമായ ഓരോ വ്യക്തിക്കും നിർബന്ധമാണ് .[അഖബാതുൻ അലാ ത്വരീഖിദ്ദാഇയ്യ: 2/ 367]

قال سید قطب: إنه ليس على وجه الأرض دولة مسلمة ولا مجتمع مسلم قاعدته التعامل فيه هي شريعة الله والفقه الإسلامي.

وقال أيضا: إن هذا المجتمع الجاهلي الذي نعيش فيه ليس هو المجتمع المسلم.

സയ്യിദ് ഖുത്ബ് പറയുന്നു: അല്ലാഹുവിന്റെ ശരീഅത്തും, ഇസ്ലാമിക കർമ്മശാസ്ത്രപ്രകാരവും നിലകൊള്ളുന്ന മുസ്ലിം രാഷ്ട്രമോ സമൂഹമോ ഭൂമുഖത്ത് ഇല്ല തന്നെ. [ദിലാലിൽ ഖുർആൻ: 4/2122]

മറ്റൊരു സന്ദർഭത്തിൽ പറയുന്നു: നാം ജീവിച്ചു കൊണ്ടിരിക്കുന്ന ഈ ജാഹിലിയ സമൂഹം അത് മുസ്ലിം സമൂഹമല്ല. [ദിലാലിൽ ഖുർആൻ:4/2009]

ഈ പറഞ്ഞതൊന്നും കേവലം വ്യക്തികളുടെ ചിന്തകളും അഭിപ്രായങ്ങളും മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല. കാരണം കാലം പിന്നിട്ട നാൾവഴികളിൽ തക്ഫീറിന്റെയും ഖുറുജിന്റെയും വേറിട്ട ശൈലികൾ സ്വീകരിച്ച് ഇഖ്‌വാനിസം നിലയുറപ്പിച്ചത് കാണാം. അത് ഇന്നും അനുസ്യൂതം തുടരുന്നു. അറബ് ഭരണാധികാരികളെ അമേരിക്കൻ സായിപ്പുമാരുടെ ശൂ നക്കി ഭക്തരെന്നും, അവർക്ക് സുജൂദ്ചെയ്യുന്നവരെന്നും തുടങ്ങി ഒടുങ്ങാത്ത ആക്ഷേപവാക്കുകൾ. അറബ് ഭരണാധികാരികൾ ചെയ്യുന്ന നന്മകൾ ഒന്നും ഈ സാധുക്കളുടെ കണ്ണിൽ ഉടക്കാറുമില്ല. എന്തിനധികം പറയുന്നു; നിസ്സ്വാർത്ഥരായ അഹ് ലുസ്സുന്നയുടെ ഉലമാക്കളെ പോലും ഇവർ വെറുതെ വിട്ടിട്ടില്ല. കൊട്ടാര പണ്ഡിതരെന്നും, ഭരണാധികാരികളുടെ പാദസേവകരെന്നും, അവർക്കുവേണ്ടി ഒപ്പിച്ച് ഫത്‌വ നൽകുന്ന കപടരെന്നും അങ്ങനെയങ്ങനെ പലതും. ഈ ദുനിയാവിലെ അമ്പിയാക്കളുടെ അനന്തരാവകാശികളായ പണ്ഡിതന്മാരെ വിശ്വസിക്കാത്ത ഇക്കൂട്ടർ പിന്നെ ആരിൽ നിന്നും സന്മാർഗമുൾക്കൊള്ളുമെന്നാണ് നമുക്ക് പ്രതീക്ഷിക്കാനുള്ളത്. والله المستعان.

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞതുപോലെ: അൽ ഇഖ്‌വാനുൽ  മുസ്ലിമൂൻ ഖവാരിജുകളെക്കാൾ കുഴപ്പം പിടിച്ചവരാണ്. ഖവാരിജുകൾ മുസ്ലീങ്ങളോട് രണഭൂമിയിലെത്തി യുദ്ധം ചെയ്തിരുന്നു. എന്നാൽ സ്ത്രീകളെയും കുട്ടികളെയും കൈയേറുകയോ, വീടുകൾ, കടകമ്പോളങ്ങൾഎന്നിവയൊന്നും തകർക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇഖ്‌വാനികൾ ഇതൊക്കെ ചെയ്തിട്ടുണ്ട്.

അക്ബർഷ അൽ ഹികമി

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *