അഭിപ്രായഭിന്നത : സുന്നത്തിനെ മുറുകെ പിടിക്കുക

ശൈഖ് അൽബാനി رَحِمـهُ الله യുടെ صفه صلاه النبى من التكبير الى التسليم كأنك تراها (നബി ﷺ യുടെ നമസ്കാരം) എന്ന ഗ്രന്ഥത്തിലെ മുഖദ്ദിമയിൽ നിന്നും

ചിലർ പറയുന്നു: നമ്മുടെ ദീനിന്റെ കാര്യങ്ങളിൽ നബിﷺയുടെ മാർഗത്തിലേക്ക് തിരിച്ചു പോകണമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്രത്യേകിച്ച് അഭിപ്രായങ്ങൾക്കും ഇജ്‌തിഹാദിനും ഇടമില്ലാത്ത നമസ്‌കാരം പോലെയുള്ള ശുദ്ധമായ ആരാധനാ കാര്യങ്ങളിൽ. കാരണം, അത് സ്‌ഥായിയായതാണ്. എന്നാൽ, മുഖല്ലിദുകളായ ശൈഖുകളിൽ ആരും തന്നെ അപ്രകാരം കൽപിക്കുന്നതായിട്ട് നാം കേൾക്കുന്നില്ല. മറിച്ച്, അവർ അഭിപ്രായ ഭിന്നതയെ അംഗീകരിക്കുകയും അത് ഈ സമുദായത്തിൻ്റെ വിശാലതയായി കണക്കാക്കുകയും ചെയ്യുന്നു. സുന്നത്തിൻ്റെ സഹായികൾക്ക് മറുപടി പറയുമ്പോൾ അവർ നിരന്തരം ഉദ്ധരിക്കുന്ന ഒരു ഹദീഥുണ്ട്: اختلاف أمتي رحمة {എന്റെ സമുദായത്തിലെ അഭിപ്രായഭിന്നത (ഇഖ്തിലാഫ്) ഒരു കാരുണ്യം (റഹ്‌മത്ത്) ആണ്}. നിങ്ങൾ ക്ഷണിക്കുകയും നിങ്ങളുടെ ഈ പുസ്‌തകവും മറ്റും ക്രോഡീകരിക്കുകയും ചെയ്യുന്ന ആദർശനത്തിനെതിരാണ് ഈ ഹദീഥ് എന്ന് നമുക്ക് തോന്നുന്നു. അതിനാൽ, ഈ ഹദീഥിനെകുറിച്ച് നിങ്ങളെന്താണ് പറയുന്നത്?

മറുപടി : ഇതിനുള്ള മറുപടി രണ്ട് നിലക്കാണ്:

. ഈ ഹദീഥ് സ്വഹീഹല്ല. പ്രത്യുത അത് അസത്യവും അടിസ്‌ഥാന രഹിതവുമാണ്.

قال العلامة السبكي:لم أقف له على سند صحيح، ولا ضعيف، ولا موضوع.

അല്ലാമാ സുബ്‌കി പറഞ്ഞു: അതിന് സ്വഹീഹോ, ളഈഫോ, മൗളുഓ ആയ ഒരു പരമ്പര കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല. (പരമ്പരയില്ല എന്നർത്ഥം).

ഞാൻ (അൽബാനി) പറയുന്നു: മറ്റൊരു രൂപത്തിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:

” … اختلاف أصحابي لكم رحمة “.

“…എന്റെ സ്വഹാബികൾക്കിടയിലുള്ള അഭിപ്രായ ഭിന്നത നിങ്ങൾക്ക് അനുഗ്രഹമാണ്”.

” أصحابي كالنجوم، فبأيهم اقتديتم؛ اهتديتم “.

 “എന്റെ സ്വഹാബികൾ നക്ഷത്രങ്ങളെ പോലെയാണ്, അതിനാൽ, നിങ്ങൾ അതിൽ ആരെ പിന്തുടർന്നാലും സന്മാർഗം പ്രാപിക്കും”.

ഇവ രണ്ടും സ്വഹീഹല്ല. ഒന്നാമത്തേത് തീരെ ദുർബലമാണ്. രണ്ടാമത്തേത് മനുഷ്യനിർമിതവുമാണ് (മൗളൂഅ്’). ഇത്തരത്തിലുള്ള എല്ലാ മൊഴികളും ഞാൻ പരിശോധിച്ച് വിശദമായി سلسلة الأحاديث الضعيفة والموضوعة (നം 58, 59, 61) യിൽ ഉദ്ധരിച്ചിട്ടുണ്ട്.

ബി. ഈ ഹദീഥ് ദുർബലമാണെന്നതോടൊപ്പം, വിശുദ്ധ ഖുർആനിന് വിരുദ്ധവുമാണ്. കാരണം, ദീനിൽ അഭിപ്രായ ഭിന്നതയുണ്ടാകുന്നതിനെ വിരോധിക്കുകയും അഭിപ്രായ ഐക്യമുണ്ടാകുന്നതിനായി കൽപിക്കുകയും ചെയ്യുന്ന ആയത്തുകൾ ഓർമപ്പെടുത്തേണ്ടതില്ലാത്തവിധം പ്രസിദ്ധമാണ്. എന്നിരുന്നാലും അവയിൽ ചിലത് ഉദാഹരണത്തിന് വേണ്ടി ഉദ്ധരിക്കുന്നതിന് കുഴപ്പമില്ല. അല്ലാഹു പറഞ്ഞു:

وَلَا تَنَٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ

നിങ്ങൾ ഭിന്നിച്ച് പോകരുത്. എങ്കിൽ നിങ്ങൾക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ച്) പോകുകയും ചെയ്യും. (സൂറ: അൻഫാൽ – 8/46)

وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ ‎﴿٣١﴾‏ مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا ۖ كُلُّ حِزْبِۭ بِمَا لَدَيْهِمْ فَرِحُونَ ‎﴿٣٢﴾‏

നിങ്ങൾ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്. അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പല കക്ഷികളായി തിരിയുകയും ചെയ്‌തവരുടെ കൂട്ടത്തിൽ. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതിൽ സന്തോഷമടയുന്നവരത്രെ. (സൂറ: റൂം – 30/31-32)

وَلَا يَزَالُونَ مُخْتَلِفِينَ ‎﴿١١٨﴾‏ إِلَّا مَن رَّحِمَ رَبُّكَ ۚ… ‎﴿١١٩﴾

അവർ ഭിന്നിച്ച് കൊണ്ടേയിരിക്കുന്നതാണ്. നിൻറെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ.” (സൂറ: ഹൂദ്-11/118-119)

അപ്പോൾ, നിന്റെ രക്ഷിതാവ് കരുണ ചെയ്‌തവർ ഭിന്നിക്കുകയില്ല. അസത്യത്തിൻ്റെ ആളുകൾ മാത്രമാണ് ഭിന്നിക്കുന്നത്. പിന്നെ എങ്ങനെയാണ് അഭിപ്രായഭിന്നത കാരുണ്യമാവുക?

അതിനാൽ ഈ ഹദീഥ് സ്വഹീഹല്ല എന്നത് സ്‌ഥിരീകരിക്കപ്പെട്ടു, പരമ്പരയുടെ കാര്യത്തിലും ആശയത്തിൻ്റെ കാര്യത്തിലും.

അപ്പോൾ, ഇമാമുകൾ കൽപിച്ച ഖുർആനും സുന്നത്തും അനുസരിച്ച് കൊണ്ട് പ്രവർത്തിക്കുന്നത് തടയാൻ ഈ ഹദീഥ് സ്വീകരിക്കുന്നത് അനുവദനീയമല്ലെന്ന് ഇത് വ്യക്തമായി മനസ്സിലാക്കിത്തരുന്നു.

വേറെ ചിലർ പറയുന്നു: മതത്തിൽ അഭിപ്രായഭിന്നത വിലക്കപ്പെട്ടതാണെങ്കിൽ സ്വഹാബികൾക്കിടയിലും, അവർക്ക് ശേഷമുള്ള ഇമാമുകൾക്കിടയിലുമുള്ള ഭിന്നതയെക്കുറിച്ച് നിങ്ങളെന്ത് പറയുന്നു? അതല്ല, അവരുടെ ഭിന്നതയും, പിൽക്കാലക്കാരുടെ ഭിന്നതയും തമ്മിൽ വ്യത്യാസമുണ്ടോ?

മറുപടി: അതെ, രണ്ട് ഭിന്നതയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രണ്ട് രീതിയിൽ അത് വ്യക്തമാകും. ഒന്ന്: അതിൻ്റെ കാരണം. രണ്ട്: അതിൻറെ ഫലം.

. സ്വഹാബികളുടെ ഭിന്നത ഒഴിച്ചുകൂടാൻ പറ്റാത്തതും മനസ്സിലാക്കുന്നേടത്തുള്ള സ്വാഭാവികമായ ഭിന്നതയും ആണ്. അവരിൽ നിന്നും ആരും അഭിപ്രായ ഭിന്നത സ്വയം തെരഞ്ഞെടുത്തതല്ല അവരുടെ കാലത്തുണ്ടായിരുന്ന മറ്റ് കാര്യങ്ങളും അതിലേക്ക് നയിച്ചിരുന്നു. അത് അവരുടെയിടയിലുള്ള ഭിന്നത അനിവാര്യമാക്കി. പിന്നീട് അവരുടെ കാലശേഷം അത് നീങ്ങിപ്പോവുകയും ചെയ്തു‌.

ഇത്തരം അഭിപ്രായഭിന്നതകൾ പൂർണമായും ഇല്ലാതാക്കാൻ സാധ്യമല്ല. അതിനാൽ, മുമ്പുദ്ധരിച്ച ആയത്തുകളിലും അതേ ആശയത്തിലുള്ള മറ്റ് ആയത്തുകളിലും ഉള്ള ആക്ഷേപം ഇവർക്ക് ബാധകമല്ല. ഉദ്ദേശപൂർവ്വം ഭിന്നിച്ചതോ ഭിന്നതയിൽ ഉറച്ചുനിന്നതോ അല്ലാത്തത് കൊണ്ട് തന്നെ.

എന്നാൽ ഇന്നുള്ള മുഖല്ലിദുകളിൽ കാണുന്ന ഭിന്നതക്ക് പൊതുവിൽ യാതൊരു ന്യായീകരണവുമില്ല. അവരിൽ ചിലർക്ക് ചിലപ്പോൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള തെളിവ് വ്യക്തമാകും. അത്, അവർ സാധാരണ പിന്തുടരുന്നതിനെതിരായിട്ടുള്ള മറ്റൊരു മദ്ഹബിന് അനുകൂലമായ തെളിവാണെങ്കിൽ, സ്വന്തം മദ്ഹബിനെതിരാണെന്ന ഒറ്റക്കാരണത്താൽ അതിനെ അവർ അവഗണിച്ചുകളയും, മദ്ഹബാണ് അവരുടെയടുക്കൽ അടിസ്‌ഥാനപരം എന്ന നിലക്ക്. അല്ലെങ്കിൽ അത് മുഹമ്മദ് നബി ﷺ കൊണ്ടുവന്ന ദീനാണ് എന്ന നിലക്ക്. മറ്റേ മദ്ഹബ്, ദുർബലമാക്കപ്പെട്ട വേറെ ദീൻ ആണ് എന്നതുപോലെ.

വേറെ ചിലർ ഇതിന് നേരെ വിപരീതമാണ്. അവർ ഈ മദ്ഹബുകളെ – അവയ്ക്കിടയിൽ വ്യാപകമായ അഭിപ്രായ ഭിന്നതകളുള്ളതോടൊപ്പംതന്നെ – വിവിധ ശരീഅത്തുകളായി (മതനിയമങ്ങളായി) കണക്കാക്കുന്നു, അവരിൽ പിൽക്കാലക്കാരായ ചിലർ അത് വ്യക്തമാക്കിയതു പോലെ. ഒരു മുസ്‌ലിമിന് അവയേതിൽ നിന്നും അവനുദ്ദേശിക്കുന്നത് കൊള്ളുകയും തള്ളുകയും ചെയ്യുന്നതിന് കുഴപ്പമില്ല. അവയെല്ലാം അംഗീകൃത മതനിയമങ്ങളാണ്! ഈ രണ്ട് കൂട്ടരും തങ്ങൾ അഭിപ്രായ ഭിന്നതയിൽതന്നെ നിലകൊള്ളുവാനുള്ള ന്യായീകരണമായി കാണുന്നത് ഈ നിരർത്ഥകമായ ഹദീഥാണ്: اختلافُ أمتي رحمة  (എൻ്റെ സമുദായത്തിലെ അഭിപ്രായഭിന്നത കാരുണ്യമാണ്). പലരും ഇത് തെളിവായുപയോഗിക്കുന്നത് നാം ധാരാളമായി കേട്ടിട്ടുണ്ട്!

അവരിൽ ചിലർ ഈ ഹദീഥിന് പിന്നിലെ കാരണങ്ങളും ഉദ്ദേശ്യങ്ങളും വ്യക്തമാക്കിക്കൊണ്ട് പറയുന്നു: “നിശ്ചയമായും അഭിപ്രായഭിന്നത അനുഗ്രഹമാകാൻ കാരണം അതിൽ സമുദായത്തോടുള്ള വിശാലതയുൾക്കൊള്ളുന്നത് കൊണ്ടാണ്!” ഈ ‘കാരണം’, മുമ്പുദ്ധരിച്ച വ്യക്തമായ ഖുർആൻ വചനങ്ങൾക്കും സൂചിപ്പിക്കപ്പെട്ട ഇമാമുകളുടെ വചനങ്ങളുടെ ആശയങ്ങൾക്കും എതിരാണ് എന്നതോടൊപ്പം, ഇതിന് വ്യക്‌തമായ മറുപടി ചിലരിൽ നിന്ന് വന്നിട്ടുമുണ്ട്.

قال ابن القاسم: سمعت مالكاً والليث يقولان في اختلاف أصحاب رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ليس كما قال ناس: ” فيه توسعة “؛ ليس كذلك، إنما هو خطأ وصواب “

ഇബ്‌നുൽ ഖാസിം പറഞ്ഞു: റസൂൽ ﷺ യുടെ സ്വഹാബികളിലെ അഭിപ്രായ ഭിന്നതയെകുറിച്ച് മാലികും ലൈഥും പറയുന്നതായി ഞാൻ കേട്ടു: ‘ജനങ്ങൾ പറയുന്നത് പോലെ “അതിൽ വിശാലതയുണ്ട്” എന്നല്ല. അപ്രകാരമല്ല തന്നെ. അതിൽ ചിലത് തെറ്റും ചിലത് ശരിയുമായിട്ടുള്ള കാര്യമാണ്.’  ( ابن عبد البر في ” جامع بيان العلم ” (٢/٨١ و ٨٢) .)

قال أشهب:سئل مالك عمن أخذ بحديث حدثه ثقة عن أصحاب رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ أتراه من ذلك في سعة؟ فقال: لا والله! حتى يصيب الحق، ما الحق إلا واحد، قولان مختلفان يكونان صواباً جميعاً؟! ما الحق والصواب إلا واحد “

അശ്ഹബ് പറഞ്ഞു: റസൂൽ ﷺ യുടെ അനുചരന്മാർ മുഖേന വിശ്വസ്തരായ ആളുകളിൽ നിന്നുള്ള ഹദീഥ് സ്വീകരിച്ച ഒരാളെ കുറിച്ച് ഇമാം മാലിക് ചോദിക്കപ്പെട്ടു: താങ്കൾ അതിൽ വിശാലത കാണുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: “ഇല്ല, അല്ലാഹു സത്യം, സത്യമായത് ലഭിക്കുന്നിടത്തോളം സത്യം ഒന്ന് മാത്രമാണ്. വിരുദ്ധമായ രണ്ടഭിപ്രായങ്ങൾ, അവ രണ്ടും ഒരുമിച്ച് ശരിയാകുമോ? സത്യവും ശരിയും ഒന്നുമാത്രമാണ്. ( المصدر السابق (٢/٨٢ و ٨٨ و ٨٩) .)

قال المُزني صاحب الإمام الشافعي: وقد اختلف أصحاب رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ فخطَّأ بعضهم بعضاً، ونظر بعضهم في أقاويل بعض وتعقَّبها، ولو كان قولهم كله صواباً عندهم؛ لما فعلوا ذلك، وغضب عمر بن الخطاب من اختلاف أُبي بن كعب وابن مسعود في الصلاة في الثوب الواحد؛ إذ قال أُبي: إن الصلاة في الثوب الواحد حسن جميل. وقال ابن مسعود: إنما كان ذلك والثياب قليلة. فخرج عمر مغضباً، فقال: اختلف رجلان من أصحاب رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ممن ينظر إليه، ويؤخذ عنه! وقد صدق أُبَيّ، ولم يَأْلُ ابن مسْعود، ولكني لا أسمع أحداً يختلف فيه بعد مقامي هذا؛ إلا فعلت به كذا وكذا

ഇമാം ശാഫിയുടെ അനുചരനായ ഇമാം മുസ്‌നി പറഞ്ഞു: റസൂൽ ﷺ യുടെ അനുചരന്മാർ ഭിന്നിച്ചിട്ടുണ്ട്. അവരിൽ ചിലർ ചിലരുടെ തെറ്റ് തിരുത്തിയിട്ടുമുണ്ട്. അവരിൽ ചിലർ ചിലരുടെ വാക്കുകൾ പരിശോധിക്കുകയും തെറ്റുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ വാക്കുകൾ മുഴുവൻ ശരിയായി അവർ കണക്കാക്കിയിരുന്നെങ്കിൽ, അവരത് ചെയ്യുമായിരുന്നില്ല. ഒറ്റ വസ്ത്രത്തിൽ നമസ്കരി ക്കുന്ന വിഷയത്തിൽ ഉബയ്യ്ബ്‌നു കഅ്ബ്  رضى الله عنه വും ഇബ്നുമസ്ഊദ് رضى الله عنه വും ഭിന്നിക്കുന്നത് കണ്ട ഉമർ ഇബ്‌നുഖത്വാബ് رضى الله عنه കോപിച്ചു. ഉബയ്യ് رضى الله عنه പറഞ്ഞു: “ഒറ്റ വസ്ത്രം ധരിച്ച് കൊണ്ടുള്ള നമസ്കാരം നല്ലതും ഭംഗിയുള്ളതുമാണ്. ഇബ്നു മസ്ഊദ് رضى الله عنه പറഞ്ഞു: “അവന് അധികം വസ്ത്രങ്ങളില്ലാത്തപ്പോൾ മാത്രമാണത്. കോപിഷ്ഠനായിക്കൊണ്ട് ഉമർ رضى الله عنه പുറത്ത് വന്നു. എന്നിട്ട് പറഞ്ഞു: റസൂൽ ﷺ യുടെ അനുയായികളിലുള്ള രണ്ടാളുകൾ – അവരിലേക്കാണ് ജനങ്ങൾ നോക്കുന്നത്, അവരിൽനിന്നാണ് ജനങ്ങൾ പഠിക്കുകയും ചെയ്യുന്നത് – അവർ ഭിന്നിക്കുകയോ? ഉബയ്യ് പറഞ്ഞതാണ് സത്യം. ഇബ്‌നു മസ്ഊദ് അത് ശ്രദ്ധിച്ചിട്ടില്ല. എന്നാൽ, ഇതിനുശേഷം ഇനിയാരെങ്കിലും ഈ വിഷയത്തിൽ എന്റെ ഈ സ്‌ഥലത്തുവെച്ച് തർക്കിക്കുന്നത് ഞാൻ കേട്ടാൽ ഇന്ന ഇന്ന പ്രവർത്തികൾ അവനോട് ഞാൻ ചെയ്യും. المصدر السابق (٢/٨٣ – ٨٤) .

قال الإمام المُزَني أيضاً:  يقال لمن جوَّز الاختلاف، وزعم أن العالِمَيْن إذا اجتهدا في الحادثة؛ فقال أحدهما: حلال. والآخر: حرام. أن كل واحد منهما في اجتهاده مصيب الحق: أَبِأَصْلٍ قلتَ هذا، أم بقياس؟ فإن قال: بأصل. قيل له: كيف يكون أصلاً، والكتاب ينفي الاختلاف؟! وإن قلت: بقياس. قيل: كيف تكون الأصول تنفي الخلاف، ويجوز لك أن تقيس عليها جواز الخلاف؟! هذا ما لا يجوّزه عاقل؛ فضلاً عن عالم “

ഇമാം മുസ്‌നി തന്നെ വീണ്ടും പറഞ്ഞു: “അഭിപ്രായഭിന്നത അനുവദിക്കുകയും, രണ്ട് പണ്‌ഡിതന്മാർ ഒരു വിഷയത്തിൽ ഇജ്‌തിഹാദ് നടത്തി അവരിൽ ഒരാൾ അത് ‘ഹലാൽ’ എന്നും മറ്റേയാൾ ‘ഹറാം’ എന്നും പറഞ്ഞാൽ അവ രണ്ടും അവരുടെ ഇജ്‌തിഹാദിൻ്റെ അടിസ് ഥാനത്തിൽ ശരിയാണ് എന്ന് വാദിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവരോട് ചോദിക്കുക: ‘ഇത് നിങ്ങൾ പ്രമാണത്തിൻ്റെ അടിസ്ഥാനത്തിലാണോ പറഞ്ഞത് അതല്ല, ഖിയാസിൻറെ അടിസ്ഥാനത്തിലോ?’ ‘പ്രമാണങ്ങളുടെ അടിസ്‌ഥാനത്തിൽ’ എന്നവർ പറയുകയാണെങ്കിൽ അവനോട് ചോദിക്കുക. ‘ഭിന്നിക്കുന്നത് ഖുർആൻ വിരോധിച്ചിട്ടുണ്ടെങ്കിൽ പിന്നെയെങ്ങനെ അത് പ്രമാണങ്ങളുടെ അടിസ്‌ഥാനത്തിലാകും?’. ‘ഖിയാസിൻ്റെ അടിസ്ഥാനത്തിലാണ്’ എന്ന് അവൻ പറയുകയാണെങ്കിൽ അവനോട് ചോദിക്കുക: ‘ഭിന്നിക്കുന്നത് പ്രമാണങ്ങൾ വിലക്കുന്നുണ്ടെങ്കിൽ, ഭിന്നത അനുവദനീയമാണെന്ന് ഖിയാസിൻ്റെ അടിസ്ഥാനത്തിൽ പറയാൻ നിനക്കെങ്ങനെ അനുവാദം കിട്ടി?’ ഇത് ബുദ്ധിയുള്ള ആർക്കും സ്വീകാര്യമല്ല. എന്നിട്ടല്ലേ പണ്‌ഡിതന്?”

ഇനി അവൻ പറയുകയാണെങ്കിൽ: സത്യം ഒന്ന് മാത്രമാണ് – വിവിധങ്ങളല്ല – എന്ന് ഇമാം മാലികിൽനിന്നും നിങ്ങളുദ്ധരിച്ചത് ഉസ്‌താദ് സർഖാഇന്റെ അൽമദ്ഖൽ അൽഫിഖ്ഹി (1/89) എന്ന ഗ്രന്‌ഥത്തിലുള്ളതിന് എതിരാണ്. (അതിൽ പറയുന്നു): “ഇമാം മാലികിന്റെ മദ്ഹബും അദ്ദേഹത്തിന്റെ ഗ്രന്‌ഥമായ ‘മുവത്വ’യും അബ്ബാസീ സാമ്രാജ്യത്തിന്റെ ഔദ്യോഗിക നിയമസംഹിതയായി തെരഞ്ഞെടുക്കാൻ (ഖലീഫമാരായ) അബൂജഅ്ഫർ അൽമൻസൂറും ശേഷം അർറശീദും ഉദ്ദേശിച്ചപ്പോൾ, ഇമാം മാലിക് തന്നെ അതിനെ വിലക്കി. അദ്ദേഹം പറഞ്ഞു: “തീർച്ചയായും റസൂൽ ﷺ യുടെ അനുചരന്മാർ ശാഖാ പരമായ കാര്യങ്ങളിൽ അഭിപ്രായഭിന്നതയിലായിട്ടുണ്ട്. അവർ വിവിധ പട്ടണങ്ങളിലായി ചിതറിയിട്ടുമുണ്ട്. എന്നാൽ അവരെല്ലാം ശരി പ്രാപിച്ചവരാണ്”.

ഞാൻ (അൽബാനി) പറയുന്നു: ഇമാം മാലിക് رَحِمـهُ الله യിൽ നിന്നുള്ള ഈ സംഭവം അറിയപ്പെട്ടതും പ്രസിദ്ധവുമാണ്. എന്നാൽ ‘അവരെല്ലാം ശരിപ്രാപിച്ചവരാണ്’ എന്ന അദ്ദേഹത്തിൻ്റേതായുള്ള അവസാന വാചകത്തിന് ഞാൻ എത്തിച്ചേർന്നിട്ടുള്ള ഒരു അവലംബ കൃതിയിലും റിപ്പോർട്ടിലും അടിസ്‌ഥാനമുള്ളതായി ഞാനറിയില്ല. അല്ലാഹുവാണെ, അബൂനുഐമിൻ്റെ ഹിൽയതുൽ ഔലിയ (6/332) യിലുള്ള ഒരു റിപ്പോർട്ട് ഒഴികെ. അതിൻ്റെ പരമ്പരയിൽ ഒരു അൽമിഖ്‌ദാം ഇബ്‌നു ദാവൂദ് ഉണ്ട്. ദഹബി തന്റെ അള്ളുഅഫാഇൽ അദ്ദേഹത്തെ ദുർബലനായിട്ടാണ് ഉൾപ്പെടുത്തിയത്. അതോടൊപ്പംതന്നെ അതിലെ വാചകം “അവരെല്ലാം സ്വന്തം വീക്ഷണത്തിൽ ശരിപ്രാപിച്ചവരാണ് എന്നതാകുന്നു. “ഇവിടെ “സ്വന്തം വിക്ഷണത്തിൽ” എന്നുള്ള വാചകം അറിയിക്കുന്നത് അൽമദ്ഖലിലുള്ള റിപ്പോർട്ട് കേടുള്ളതാണ് (മദ്‌ഖൂൽ) എന്നാണ്. അതെങ്ങനെ അപ്രകാരമല്ലാതിരിക്കും? ‘സത്യം ഒന്ന് മാത്രമാണ് – വിവിധങ്ങളല്ല’ എന്ന ഇമാം മാലികിൽനിന്നും വിശ്വസ്‌തർ മുഖേന റിപ്പോർട്ട് ചെയ്യപ്പെട്ടതിനെതിരാണത്. ഇത് മുമ്പുദ്ധരിച്ചിട്ടുണ്ട്. ഇതുതന്നെയാണ് സ്വഹാബികളുടെയും താബിഉകളുടെയും മുജ്‌തഹിദുകളായ നാല് ഇമാമുകളുടെയും മറ്റും നിലപാട്.

قال ابن عبد البر  :ولو كان الصواب في وجهين متدافعين؛ ما خطَّأ السلف بعضهم بعضاً في اجتهادهم، وقضائهم، وفتواهم، والنظر يأبى أن يكون الشيء وضده صواباً كله، ولقد أحسن من قال: إثبات ضدين معاً في حال … أقبح ما يأتي من المحال “.

ഇബ്നു അബ്ദിൽ ബർറ് പറഞ്ഞു (2/88): “വിപരീതങ്ങളായ രണ്ട് നിലപാടുകളും ശരിയാണ് എന്നുണ്ടെങ്കിൽ, സലഫുകളിൽ ചിലർ മറ്റു ചിലരുടെ ഇജ്‌തിഹാദും വിധികളും ഫത്വകളും തിരുത്തുകയില്ലായിരുന്നു. ഒരു കാര്യവും അതിൻ്റെ വിപരീതവും ഒന്നിച്ച് ശരിയാകുമെന്നത് ബുദ്ധി അംഗീകരിക്കുന്നില്ല. ഇപ്രകാരം പറഞ്ഞവൻ എത്ര നല്ലവൻ: ‘വിപരീതങ്ങളായ രണ്ടെണ്ണം ഒരുമിച്ച് ശരിയാണെന്ന് പറയുന്നതാണ് അസംഭവ്യമായതിൽ ഏറ്റവും മോശമായത്.’

ഇനി പറയുകയാണെങ്കിൽ, “ഇമാം മാലികിൽനിന്നുള്ള ഈ റിപ്പോർട്ട് അസത്യമാണെന്ന് സ്‌ഥിരപ്പെടുകയാണെങ്കിൽ അദ്ദേഹം പിന്നെയെന്തിനാണ് തൻ്റെ പുസ്‌തകമായ മുവത്വയിലേക്ക് ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽനിന്നും അൽമൻസൂറിനെ വിലക്കിയത്? അദ്ദേഹത്തിന് അത് സമ്മതിച്ച് കൂടായിരുന്നോ?”

ഞാൻ (അൽബാനി) പറയുന്നു: “ഇതിന് മറുപടിയായി ഞാൻ കണ്ടെത്തിയതിൽ ഏറ്റവും നല്ല ഉദ്ധരണി, ഹാഫിള് ഇബ്‌നു കഥീർ شرح اختصار علوم الحديث ൽ (പേജ് 31) ഇമാം മാലികിൽ നിന്നും ഉദ്ധരിക്കുന്നതാണ്. അദ്ദേഹം (ഇമാം മാലിക്) പറഞ്ഞു:

إن الناس قد جمعوا واطلعوا على أشياء لم نطلع عليها

ജനങ്ങൾ ഒരുമിച്ച് കൂടുകയും നാം മനസ്സിലാക്കാത്ത പല കാര്യങ്ങളും മനസ്സിലാക്കുകയും ചെയ്‌തിട്ടുണ്ട്.

ഹാഫിള് ഇബ്നുകഥീർ പറഞ്ഞതുപോലെ, ഇത് അദ്ദേഹത്തിൻ്റെ അറിവിൻ്റെ പൂർണതയുടെയും നീതിബോധത്തിൻ്റെയും ഭാഗമാണ്. അപ്പോൾ സർവ ഭിന്നതയും തിന്മയാണ്, കാരുണ്യമല്ല എന്ന് സ്ഥിരപ്പെട്ടു. എന്നാൽ, അതിൽ ജനങ്ങൾക്ക് ആക്ഷേപാർഹമായതുണ്ട്, മദ്ഹബീ പക്ഷപാതിത്വം കാണിക്കുന്നവരിലെ ഭിന്നതപോലെ. അതിൽ ആക്ഷേപാർഹമല്ലാത്തതുമുണ്ട്, സ്വഹാബികളുടെയും താബിഉകളുടെയും ഭിന്നതപോലെ. അല്ലാഹു നമ്മെ അവരുടെ കൂട്ടത്തിൽ ഒരുമിച്ച് കൂട്ടട്ടെ! അവരുടെ പാത പിൻപറ്റാൻ നമുക്ക് തൗഫീഖ് നൽകുകയും ചെയ്യട്ടെ.

അതിനാൽ, സ്വഹാബികളുടെ ഭിന്നത മുഖല്ലിദുകളുടെ ഭിന്നത പോലെയല്ലെന്ന് വ്യക്‌തമായി.

ചുരുക്കത്തിൽ, സ്വഹാബികൾ ഭിന്നിച്ചത് അനിവാര്യ സാഹചര്യത്തിലാണ്. മാത്രവുമല്ല, അവർ ഭിന്നതയെ വെറുക്കുകയും സാധ്യമാവുംവിധം അതൊഴിവാക്കുകയും ചെയ്തിരുന്നു.

എന്നാൽ, മുഖല്ലിദുകൾ – പല സാഹചര്യങ്ങളിലും അവരിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കാൻ സാധിക്കുമെങ്കിലും – അവർ യോജിക്കുകയോ അതിന് വേണ്ടി പരിശ്രമിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, അവർ അതിനെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ, ഈ രണ്ട് ഭിന്നതകൾക്കുമിടയിൽ വലിയ അന്തരമുണ്ട്. ഇതാണ് കാരണത്തിൻ്റെ വിഷയത്തിലുള്ള വ്യത്യാസം.

ബി. എന്നാൽ, അതിൻ്റെ ഫലത്തിൻ്റെ ഭാഗത്തുള്ള വ്യത്യാസം സുവ്യക്തമാണ്. സ്വഹാബികൾ, ശാഖാപരമായ കാര്യങ്ങളിൽ അഭിപ്രായ ഭിന്നതയിലായിട്ടും ബാഹ്യമായ ഐക്യം കാത്തുസൂക്ഷിക്കാൻ അവർ ശ്രമിച്ചിരുന്നു. അവരെ ഭിന്നിപ്പിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും അണികൾ ഭിന്നിക്കുന്നതിൽനിന്നും അവർ അകന്ന് നിന്നിരുന്നു. ഉദാഹരണത്തിന് അവരുടെ കൂട്ടത്തിൽ (നമസ്ക‌ാരത്തിൽ) ‘ബിസ്‌മി’ ഉറക്കെ ചൊല്ലുന്നത് അനുവദനീയമായി കണ്ടവരും അനനുവദനീയമായി കണ്ടവരുമുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ (നമസ‌കാരത്തിൽ) കൈകളുയർത്തുന്നത് നല്ലതായി കണ്ടവരും, അങ്ങനെയല്ലാത്തവരും ഉണ്ടായിരുന്നു. അവരിൽ സ്ത്രീയെ തൊട്ടാൽ വുളു മുറിയുമെന്ന് കരുതിയവരും അതല്ലാത്തവരുമുണ്ടായിരുന്നു. അതോടൊപ്പം, അവരെല്ലാം ഒരൊറ്റ ഇമാമിന് പിന്നിൽനിന്നാണ് നമസ്ക്കരിച്ചിരുന്നത്. അഭിപ്രായ ഭിന്നതയുടെ പേരിൽ ഒരു ഇമാമിന് പിന്നിൽ നമസ്ക്‌കരിക്കുന്നതിനെ അവരാരും അവജ്‌ഞയോടുകൂടി കണ്ടില്ല.

എന്നാൽ മുഖല്ലിദുകളാകട്ടെ, അവരിലുള്ള ഭിന്നത ഇതിന്റെ നേരെ വിപരീതമാണ്; രണ്ട് സാക്ഷ്യവാക്യങ്ങൾ (ശഹാദതൈനി)ക്ക് ശേഷമുള്ള ഏറ്റവും വലിയ റുക്‌നായ നമസ്‌കാരത്തിന്റെ കാര്യത്തിൽ മുസ്ലിംകൾ ഭിന്നിക്കാൻ അതിടയാക്കി. അവർ ഒരു ഇമാമിന് പിന്നിൽ ഒരുമിച്ച് നമസ്ക്കരിക്കാൻ വിസമ്മതിക്കുന്നു. അവരുടെ തെളിവ് ഇതാണ്: സ്വന്തം മദ്ഹബിലുള്ളതല്ലാത്ത ഇമാമിൻ്റെ നമസ്ക‌ാരം നിഷ്‌ഫലമാണ്, അല്ലെങ്കിൽ വെറുക്കപ്പെട്ടതാണ് എന്ന്. ഇത് നാം കുറെ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമാണ്, നാമല്ലാത്തവരും അത് കണ്ടത് പോലെ . എങ്ങനെ അപ്രകാരമല്ലാതിരിക്കും? അത് വെ റുക്കപ്പെട്ടതും നിഷ്‌ഫലവുമാണെന്ന് ഇന്നുള്ള ചില അറിയപ്പെടുന്ന മദ്ഹബ് ഗ്രന്‌ഥങ്ങൾ വിധി നൽകുന്നു! ഇതിന്റെ ഫലമായി ഇന്ന് ചില വലിയ ജുമുഅ പള്ളികളിൽ നാല് മിഹ്റാബുകൾ കാണുന്നു. അതിൽ നാല് ഇമാമുകൾ തുടരെ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നു. മറ്റൊരു ഇമാം നമസ്‌കാരത്തിനായി നിൽക്കുമ്പോൾ, ജനങ്ങൾ അവരുടെ ഇമാമിനെ കാത്തുനിൽക്കുന്നതായും കാണുന്നു!

എന്നാൽ ചില മുഖല്ലിദുകൾക്കിടയിലുള്ള ഭിന്നത ഇതിനേക്കാൾ കടുപ്പമേറിയ അവസ്‌ഥയിലെത്തിയിരിക്കുന്നു, ഉദാഹരണത്തിന് ഹനഫികളും ശാഫിഈകളും തമ്മിൽ വിവാഹംകഴിക്കുന്നതിലുള്ള വിലക്ക്. പിന്നീട് “മുഫ്‌തി അഥ്‌ഥഖലൈൻ” (മനുഷ്യരുടെയും ജിന്നുകളുടെയും മുഫ്തി) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒരു പ്രസിദ്ധ ഹനഫീ പണ്‌ഡിതൻ ഹനഫി പുരുഷന്മാർക്ക് ശാഫിഈ സ്ത്രീകളെ വിവാഹം കഴിക്കുന്നത് അനുവദിച്ചുകൊണ്ട് ഒരു ഫത് വ നൽകുകയുണ്ടായി. അതിനദ്ദേഹം പറഞ്ഞ കാരണം: “വേദക്കാരികൾക്കുള്ള (അഹ്ലുൽ കിതാബ്) സ്‌ഥാനം അവൾക്ക് നൽകിക്കൊണ്ട്. (البحر الرائق)

അതിൽനിന്നും മനസ്സിലാകുന്നത് മറിച്ചുള്ളത് അനുവദനീയമല്ല എന്നാണ്. അതായത്, ശാഫിഈ പുരുഷൻ ഹനഫീ സ്ത്രീയെ വിവാഹം കഴിക്കുന്നത് മുസ്‌ലിം സ്ത്രീക്ക് ജൂതനെയോ ക്രിസ്‌ത്യാനിയെയോ വിവാഹം കഴിക്കാൻ പാടില്ലാത്തത് പോലെയാണ് എന്ന്!

സലഫുകളുടെ ഭിന്നതയിൽനിന്നും വ്യത്യസ്‌തമായി പിൽക്കാലക്കാരുടെ ഭിന്നതയുടെയും അതിൽ തന്നെ ഉറച്ച് നിൽക്കുന്നതിൻ്റെയും ഫലമായുണ്ടായ വിപത്തുകൾ മനസ്സിലാക്കാൻ ബുദ്ധിയുള്ളവർക്ക് ധാരാളം ഉദാഹരണങ്ങളിൽനിന്നുള്ള ഈരണ്ട് ഉദാഹരണങ്ങൾതന്നെ മതിയാകും. സലഫുകളുടെ ഭിന്നത കാരണം സമുദായത്തിന് വിപത്തുകളൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ, മതത്തിൽ ഭിന്നതയുണ്ടാക്കുന്നത് വിരോധിച്ചുകൊണ്ടുള്ള ആയത്തുകളിൽ ഉൾപ്പെടുന്നതിൽ നിന്നും സലഫുകൾ രക്ഷപ്പെട്ടവരാണ്. പിൽക്കാലക്കാരുടെ സ്‌ഥിതി ഇതിന് വിപരീതമാണ്. അല്ലാഹു നമ്മെ യെല്ലാവരെയും നേരായ പാതയിലൂടെ വഴിനടത്തട്ടെ.

ഇവിടെ പ്രസ്‌താവിക്കപ്പെട്ട അവരുടെ അഭിപ്രായ ഭിന്നത അവരുടെയിടയിൽ മാത്രമായി ഒതുങ്ങുകയും ദഅ്‌വത്ത് നൽകപ്പെടേണ്ട സമുദായങ്ങളിലേക്ക് എത്താതിരിക്കുകയും ചെയ്‌തിരുന്നെങ്കിൽ, കാര്യങ്ങൾ എത്ര നന്നായിരുന്നേനെ. എന്നാൽ, ഖേദകരമെന്ന് പറയട്ടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് അവിശ്വാസികളായ സമൂഹങ്ങളിലേക്ക് ഇത് എത്തുവാൻ അവർ അനുവദിച്ചു. ഈ ഭിന്നത കാരണം കുട്ടമായി അവർ ദീനിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയപ്പെട്ടു! ബഹുമാന്യനായ ഉസ്‌താദ് മുഹമ്മദുൽ ഗസാലി യുടെ ظلام من الغرب (പേജ് 200) എന്ന പുസ്‌തകത്തിൽ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്:

“അമേരിക്കയിലെ പ്രിൻസ്‌ടൺ സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ നടന്ന സംഭവമാണ്. ഓറിയന്റലിസ്‌റ്റുകൾക്കും ഇസ്‌ലാമിൻ്റെ എതിരാളികൾക്കും അനുകൂലമായ ഒരു ചോദ്യം അതിൽ പങ്കെടുത്ത ഒരു വക്‌താവ് ചോദിച്ചു: “ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യുമ്പോൾ, അതിനെ നിർവചിക്കുവാൻ ഏത് അധ്യാപനമാണ് അവർ ലോകർക്ക് മുന്നിൽ വെക്കുക? സുന്നികൾ മനസ്സിലാക്കിയ ഇസ്‌ലാമികാധ്യാപനമാണോ? അതല്ല, ഇമാമി ശിആയോ സൈദി ശിആയോ മനസ്സിലാക്കിയ ഇസ്ലാമിക അധ്യാപനമോ? ഇവരും അവരുമെല്ലാം വീണ്ടും അവർക്കിടയിൽ വിഭജിച്ചിരിക്കുന്നു. അവരിൽ ഒരു വിഭാഗം, ഒരു പരിധിക്കുള്ളിൽനിന്നുകൊണ്ട് പുരോഗമനപരമായി ചിന്തിക്കാമെന്ന് കരുതുന്നു. മറ്റൊരു വിഭാഗം, യാഥാസ്‌ഥിക ചിന്ത മതിയെന്ന് നിർബന്‌ധബുദ്ധിയോടെ വിശ്വസിക്കുന്നു.

ചുരുക്കത്തിൽ, ഇസ്‌ലാം പ്രബോധനം ചെയ്യുന്നവർ പ്രബോധിതരെ അനിശ്ചിതത്വത്തിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കാരണം അവർ സ്വയംതന്നെ പരിഭ്രമത്തിലാണ്.

അല്ലാമാ മുഹമ്മദ് സുൽത്താൻ അൽ മഅ്‌സൂമിയുടെ هدية السلطان إلى مسلمي بلاد جابان (ജപ്പാനിലെ മുസ്ലിംകൾക്കുള്ള സുൽത്താൻ്റെ പാരിതോഷികം) എന്ന ലേഖനത്തിന്റെ മുഖവുരയിൽ പറയുന്നു: ജപ്പാനിലെ നഗരങ്ങളായ ടോക്യോവിലെയും കിഴക്കേ അറ്റത്തുള്ള ഒസാകയിലേയും മുസ്ലിംകൾ എനിക്ക് ഒരു ചോദ്യം തന്നു: “എന്താണ് യഥാർത്ഥത്തിൽ ഇസ്‌ലാം ദീൻ? മദ്ഹബ് എന്നാൽ എന്താണ്? മുസ്‌ലിമായ ഒരുവന് നാലിലൊരു മദ്ഹബ് സ്വീകരിക്കൽ നിർബന്‌ധമുണ്ടോ? അതായത്: മാലികിയോ ഹനഫിയോ, ശാഫിഇയോ മറ്റുള്ളവയോ ആകൽ, അതല്ല, അത് നിർബന്ധമല്ല  എന്നാണോ? കാരണം, ഇവിടെയുള്ള ജപ്പാൻകാരായ ബുദ്ധിജീവികളിൽ നിന്നുള്ള വിവിധ വിഭാഗങ്ങൾ ഇസ്‌ലാം സ്വീകരിക്കുവാനും ഈമാനിന്റെ പവിത്രതകൊണ്ട് ഉൽകൃഷ്ടരാകുവാനും തീരുമാനിച്ചപ്പോൾ ഇവിടെ അഭിപ്രായ വ്യത്യാസവും അനഭിലഷണീയമായ തർക്കങ്ങളും ഉടലെടുത്തു. ടോക്യോയിലുള്ള ചില മുസ്‌ലിംകൾ ഇത് ചൂണ്ടിക്കാണിച്ചപ്പോൾ, ഇന്ത്യക്കാരായ ചിലർ പറഞ്ഞു: “ഇമാം അബൂഹനീഫയുടെ മദ്ഹബ് സ്വീകരിക്കുന്നതാണ് അവർക്ക് അനുയോജ്യമായത്. കാരണം ഈ സമുദായത്തിൻ്റെ വിളക്കാണ് അദ്ദേഹം”.

ഇന്തോനേഷ്യ(ജാവ)ക്കാരായ ചിലർ പറഞ്ഞു: “അവർ ശാഫിഈയാകണം.”അവരുടെ സംസാരം കേട്ട ജപ്പാനികൾ വളരെയധികം അത്ഭുതപ്പെട്ടു. അങ്ങനെ അവർ അനിശ്‌ചിതത്വത്തിലായി. അതിനാൽ, മദ്ഹബിൻ്റെ വിഷയം അവർ ഇസ്‌ലാമാശ്ലേഷിക്കുന്നതിനുള്ള മാർഗതടസ്സമായിത്തീർന്നു!”

സുന്നത്ത് പിൻപറ്റുന്നതിലേക്ക് ക്ഷണിക്കുകയും അതിനെതിരായിട്ടുള്ള ഇമാമുകളുടെ വാക്കുകൾ ഒഴിവാക്കുകയും ചെയ്യുന്നതിന്റെ അർത്ഥം അവരുടെ വാക്കുകളെയും അവരുടെ ഇജ്‌തിഹാദിൽനിന്നും അഭിപ്രായങ്ങളിൽനിന്നും ഉപകാരപ്രദമായത് സ്വീകരിക്കുന്നതിനെയും പൂർണമായും ഒഴിവാക്കുകയെന്നതാണെന്ന് വേറെ ചിലർ വാദിക്കുന്നു.

മറുപടി: ഈ വാദം സത്യത്തിൽനിന്നും അതിവിദൂരമാണ്. എന്നല്ല, അത് അസത്യവും, വ്യക്‌തമായ ന്യൂനതയുമാണ്. മുമ്പുള്ള ചർച്ച യിൽനിന്നും വ്യക്തമാകുന്നത് പോലെ അവയെല്ലാം ഇതിന്റെ വിപരീതമാണ് സൂചിപ്പിക്കുന്നത്. നാം ക്ഷണിക്കുന്നത് മദ്ഹബിനെ മതമായി സ്വീകരിക്കുകയും, അതിന് ഖുർആനിൻ്റെയും സുന്നത്തിൻ്റെയും സ്ഥാനം നൽകുകയും അഭിപ്രായ വ്യത്യാസത്തിൻ സന്ദർത്തിലും നൂതന വിഷയങ്ങൾക്ക് വിധി കണ്ടെത്തേണ്ട സന്ദർഭങ്ങളിലും അവലംബമാക്കേണ്ട ഒന്നാക്കുകയും ചെയ്യുന്നത് നിർത്താൻ വേണ്ടി മാത്രമാണ്. ഇക്കാലത്ത് കർമശാസ്ത്ര പണ്ഡ‌ിതർ എന്നറിയപ്പെടുന്നവർ ചെയ്യുന്നതുപോലും വ്യക്‌തി നിയമങ്ങളിലും നികാഹ്, ത്വലാഖ് പോലെയുള്ള വിഷയങ്ങളിലും ശരിയും തെറ്റും സത്യവും അസത്യവും വേർതിരിച്ചറിയാൻ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുന്നതിന് പകരം മദ്ഹബിനെ ആസ്‌പദമാക്കി പുതിയ വിധികൾ ആവിഷ്കരിക്കുകയാണ്; “അവരിലെ അഭിപ്രായഭിന്നത കാരുണ്യമാണ്” എന്ന വിധത്തിൽ! അതിനു പുറമെ, ഇളവുകളും എളുപ്പമുള്ളവയും സൗകര്യപ്രദമായതും സ്വീകരിക്കുന്നതാണ് നല്ലത് എന്ന് വാദിക്കുകയും ചെയ്യുന്നു! സുലൈമാൻ അത്തൈമി رحمه الله യുടെ വാക്കുകളെത്ര മനോഹരം.

إن أخذتَ برخصة كل عالم؛ اجتمع فيك الشر كله

സർവ്വ പണ്ഡ‌ിതരുടെയും ഇളവുകൾ നീ സ്വീകരിക്കയാണെങ്കിൽ, അതിന്റെയെല്ലാം തിന്മയാണ് നിന്നിൽ സമ്മേളിക്കുക.

ഇബ്നു അബ്ദിൽ ബർറ് (2/91-92) ഇത് റിപ്പോർട്ട് ചെയ്‌തശേഷം പറയുന്നു:

هذا إجماع لا أعلم فيه خلافاً

ഇതിൽ ഇജ്‌മാഅ് ഉണ്ട്. അതിന് വിരുദ്ധമായിട്ടുള്ളതൊന്നും എനിക്കറിയില്ല/

ഇത് തന്നെയാണ് നാം എതിർക്കുന്നതും. അത് നിങ്ങൾ കാണുന്നപോലെ, ഇജ്‌മാഉമായി യോജിക്കുകയും ചെയ്യുന്നു.

എന്നാൽ ഇമാമുകളുടെ വാക്കുകളിലേക്ക് മടങ്ങുന്നതിനെയും അവ പ്രയോജനപ്പെടുത്തുന്നതിനേയും ഖുർആനിലും സുന്നത്തിലും വന്നിട്ടില്ലാത്തതും അവരുടെയിടയിൽ അഭിപ്രായവ്യത്യാസമുള്ളതുമായ വിഷയങ്ങളിൽ സത്യം മനസ്സിലാക്കാനും കാര്യങ്ങൾ കൂടുതൽ വ്യക്തമാകുവാനും അവരുടെ സഹായം സ്വീകരിക്കുന്നതിനെയും നാം എതിർക്കുന്നില്ല. എന്ന് മാത്രമല്ല, നാം അത് കൽപിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. കാരണം, ഖുർആനിലൂടെയും സുന്നത്തിലൂടെയും സന്മാർഗത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിൽനിന്നും പ്രയോജനമുണ്ടാകും.

قال العلامة ابن عبد البر رحمه الله تعالى (٢/١٧٢) : فعليك يا أخي! بحفظ الأصول والعناية بها، واعلم أن من عني بحفظ السنن والأحكام المنصوصة في القرآن، ونظر في أقاويل الفقهاء – فجعله عوناً له على اجتهاده، ومفتاحاً لطرائق النظر، وتفسيراً لجمل السنن المحتملة للمعاني -، ولم يقلد أحداً منهم تقليد السنن، التي يجب الانقياد إليها على كل حال دون نظر، ولم يُرح نفسه مما أخذ العلماء به أنفسهم من حفظ السنن وتدبُّرِها، واقتدى بهم في البحث والتفهم والنظر، وشكر لهم سعيهم فيما أفادوه ونبهوا عليه، وحمدهم على صوابهم الذي هو أكثر أقوالهم، ولم يبرئهم من الزلل؛ كما لم يبرئوا أنفسهم منه؛ فهذا هو الطالب المتمسك بما عليه السلف الصالح، وهو المصيب لحظه، والمعاين لرشده، والمتبع لسنة نبيه صَلَّى اللَّهُ عَلَيْهِ وَسَلَّمَ وهدي صحابته رضي الله عنهم. ومن أعَفَّ نفسه من النظر، وأضرب عما ذكرنا، وعارض السنن برأيه، ورام أن يردها إلى مبلغ نظره؛ فهو ضال مضل، ومن جهل ذلك كله أيضاً، وتقحم في الفتوى بلا علم؛ فهو أشد عمى، وأضل سبيلاً “. 

അല്ലാമാ ഇബ്നു അബ്ദിൽ ബർറ്(B) (2/172) പറഞ്ഞു: “അപ്പോൾ. സഹോദരാ! അടിസ്ഥാന തത്വങ്ങളെ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുക. അറിയുക! സുന്നത്തിനെയും ഖുർആനിൽ വിവരിച്ച വിധികളെയും സംരക്ഷിക്കാൻ ശ്രദ്ധിക്കുക; തൻ്റെ ഇജ്തിഹാദിന് ഉപകാരപ്പെടുന്നതിനും വ്യത്യസ്‌ത സമീപനത്തിൻ്റെ മാർഗങ്ങൾ തുറക്കുന്നതിനും വ്യത്യസ്‌ത ആശയങ്ങളുൾക്കൊള്ളുന്ന ഹദീഥുകളിലെ വാക്യങ്ങളെ വ്യാഖ്യാനിക്കുന്നതിനും വേണ്ടി ഫുഖഹാക്കളുടെ മൊഴികൾ പരിശോധിക്കുക; ഏതവസ്‌ഥയിലും വിശകലനം കൂടാതെ വിധേയത്വം കാണിക്കൽ നിർബന്‌ധമായ പ്രവാചകചര്യ പിൻപറ്റുന്ന അതേ രൂപത്തിൽ ഇമാമുകളിലാരെയും തഖ്ലീദ് ചെയ്യാതിരിക്കുക; പണ്‌ഡിതന്മാർ സുന്നത്ത് സംരക്ഷിക്കുകയും ചിന്തിക്കുകയും ചെയ്തുകൊണ്ട് സ്വയം മുറുകെ പിടിച്ചതിനെ അവഗണിക്കാതിരിക്കുക; എന്നാൽ, അവരുടെ ചർച്ചകളിലും, വീക്ഷണങ്ങളിലും തീരുമാനങ്ങളിലും അവരെ പിന്തുടരുക; അവരുടെ ഏതൊരു പരിശ്രമം അവന് ഉപകാരപ്പെടുകയും അവനെ ഉണർത്തുകയും ചെയ്തുവോ, അതിന് അവൻ നന്ദിയുള്ളവനായിരിക്കുക; അവരുടെ ശരികൾക്ക് – അവരുടെ മൊഴികളിൽ കൂടുതലും അത് തന്നെയാണ് – അവരെ പ്രശംസിക്കുക; അവർ സ്വയം തെറ്റുപറ്റുന്നതിൽനിന്നും നിരപരാധിത്വം പ്രഖ്യാപിച്ചിട്ടില്ലാത്തതുപോലെ തന്നെ അവരെ അങ്ങനെ പ്രഖ്യാപിക്കാതിരിക്കുക. ഇത്രയും കാര്യങ്ങൾ ചെയ്യുന്നവനാണ് സച്ചരിതരായ മുൻഗാമികളുടെ (സലഫുസ്സ്വാലിഹ്) പാത പിൻപറ്റുന്നവൻ; അവനാണ് സൗഭാഗ്യവാനും യഥാർത്ഥ മാർഗം സ്വീകരിച്ചവനും, നബി ﷺ യുടെ സുന്നത്ത് പിൻപറ്റിയവനും, സ്വഹാബികളുടെ മാർഗദർശനം സ്വീകരിച്ചവനും. എന്നാൽ, ആര് വിശകലനം നടത്തുന്നതിൽനിന്നും സ്വയം മാറി നിൽക്കുകയും, നാം പറഞ്ഞ രീതികളെ കൈവെടിയുകയും, സ്വന്തം അഭിപ്രായങ്ങൾകൊണ്ട് സുന്നത്തിനെ എതിർക്കുകയും, സ്വന്തം നിലപാട് അനുവദിക്കുകയാണെങ്കിൽ മാത്രം അതിനെ ഉൾക്കൊള്ളുമെന്ന് കരുതുകയും ചെയ്യുന്നുവോ, അവൻ തന്നെയാണ് വഴിപിഴച്ചവനും വഴിപിഴപ്പിക്കുന്നവനും. നാം പറഞ്ഞ കാര്യങ്ങളിൽ, ആരെങ്കിലും അജ്‌ഞനാവുകയും അറിവ് കൂടാതെ ഫത്‌വ കൊടു ക്കുന്നതിൽ ചാടിവീഴുകയും ചെയ്‌താൽ, അവൻ തന്നെയാണ് കൂടുതൽ അന്‌ധനും പിഴച്ച മാർഗത്തിലുള്ളവനും.

ഇതുതന്നെയാണ് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം; അതിനാൽ, ഇടവഴികളെ തൊട്ട് എന്നെ ഒഴിവാക്കുക. (ചെറിയ കാര്യങ്ങൾ വിട്ട് പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുക എന്നർത്ഥം)

ഇനി മുഖല്ലിദുകൾക്കിടയിൽ വ്യാപകമായി കാണുന്ന മറ്റൊരു തെറ്റിദ്ധാരണ എന്തെന്നാൽ, തങ്ങളുടെ മദ്ഹബിന് എതിരാണെന്ന് വ്യക്ത‌മായ ഒരു സുന്നത്തിനെ പിൻപറ്റുന്നതിൽനിന്നും അവരെ തടയുന്ന കാര്യം – ആ സുന്നത്ത് പിൻപറ്റിയാൽ മദ്ഹബിന്റെ സ്ഥാപകനെ ആ തെറ്റിൻ്റെ ഉത്തരവാദിയാക്കുന്നു എന്ന അവരുടെ ധാരണയാണ്. അവരെ സംബന്‌ധിച്ചിടത്തോളം തെറ്റിന് ഉത്തരവാദിയാക്കുക എന്നാൽ, ആ ഇമാമിനെ ആക്ഷേപിക്കുകയെന്നാണ്. ഒരു സാധാരണ മുസ്‌ലിമിനെപോലും ആക്ഷേപിക്കുന്നത് അനുവദനീയമല്ലെന്നിരിക്കെ, അവരിലുള്ള ഇമാമിനെ ആക്ഷേപിക്കുന്നത് എങ്ങനെ അനുവദനീയമാകും?

മറുപടി: ഈ ആശയം നിരർത്ഥകമാണ്. സുന്നത്ത് മനസ്സിലാക്കാത്തതാണ് അതിൻ്റെ കാരണം. അതല്ലെങ്കിൽ ബുദ്ധിയുള്ള ഒരു മുസ്‌ലിം എങ്ങനെയാണ് ഈ ആശയം പറയുക? റസൂൽ ﷺ പറഞ്ഞിട്ടുണ്ട്:

إذا حكم الحاكم، فاجتهد، فأصاب؛ فله أجران، وإذا حكم فاجتهد، فأخطأ؛ فله أجر واحد

ഒരു വിധികർത്താവ് അവൻ്റെ ഇജ്‌തിഹാദിൻ്റെ അടിസ്ഥാനത്തിൽ വിധിക്കുകയും അത് ശരിയാവുകയും ചെയ്താൽ, അവന് രണ്ട് പ്രതിഫലമുണ്ട്. എന്നാൽ, അവൻ ഇജ്‌തിഹാദിൻ്റെ അടിസ്‌ഥാനത്തിൽ വിധിക്കുകയും, തെറ്റാവുകയും ചെയ്‌താൽ, അവന് ഒരു പ്രതിഫലമാണുള്ളത്. (ബുഖാരി, മുസ്ലിം)

ഈ ഹദീഥ് മുകളിൽ പറഞ്ഞ ആശയത്തെ നിരാകരിക്കുകയാണ്. “ഇന്ന വ്യക്‌തിക്ക് തെറ്റുപറ്റി” എന്നൊരാൾ പറഞ്ഞാൽ, അതിൻ്റെ ശറഈയായ അർഥം, “ഇന്ന വ്യക്തിക്ക് ഒരു പ്രതിഫലം ലഭിച്ചു” എന്നാണെന്ന് ഒരു അവ്യക്‌തതയുമില്ലാത്ത വിധം സ്‌പഷ്‌ടമായി അത് മനസ്സിലാക്കിത്തരുന്നു. അദ്ദേഹത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവൻ്റെ വീക്ഷണത്തിൽ അദ്ദേഹം പ്രതിഫലാർഹനാണെങ്കിൽ, തെറ്റ് ചൂണ്ടിക്കാണിച്ചവൻ അദ്ദേഹത്തെ ആക്ഷേപിച്ചു എന്ന് നിങ്ങളെങ്ങനെ ആരോപിക്കും? നിസ്സംശയം, ഈ ആരോപണം അടിസ്‌ഥാന രഹിതമാണ്. മാത്രവുമല്ല, ഈ ആരോപണം ഉന്നയിക്കുന്നവർ അതിൽനിന്നും മടങ്ങൽ അനിവാര്യമാണ്. അതല്ലെങ്കിൽ, അവൻ തന്നെയാണ് മുസ്‌ലിംകളെ ആക്ഷേപിക്കുന്നവൻ. അവരിലുള്ള സാധാരണക്കാരെ മാത്രമല്ല, സ്വഹാബികളിൽനിന്നും താബിഉകളിൽ നിന്നുമുള്ള ഇമാമുകളെയും അവർക്ക് ശേഷമുള്ള മുജ്‌തഹിദുകളായ ഇമാമുകളെയും മറ്റുമാണ് യഥാർത്ഥത്തിൽ അവർ ആക്ഷേപിക്കുന്നത്. കാരണം, വിഖ്യാതരായ ഈ വ്യക്തിത്വങ്ങൾ പരസ്‌പരം തെറ്റ് ചൂണ്ടിക്കാണിക്കുകയും പരസ്പരം ഖണ്ഡിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന കാര്യം നമുക്ക് നന്നായി അറിയാം. അപ്പോൾ, “അവരിൽ ചിലർ ചിലരെ ആക്ഷേപിക്കാറുണ്ടായിരുന്നു” എന്ന് ബുദ്ധിയുള്ളവൻ പറയുമോ? ഇല്ല. ഒരാളുടെ സ്വ‌പ്നം വ്യാഖ്യാനിക്കുന്ന വിഷയത്തിൽ റസൂൽ ﷺ അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ വിന്റെ തെറ്റ് ചൂണ്ടിക്കാണിച്ചതായി സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റസൂൽ ﷺ അദ്ദേഹത്തോട് പറഞ്ഞു:

أصبت بعضاً، وأخطأت بعضاً

അവയിൽ ചിലതിൽ താങ്കൾ ശരിയാവുകയും ചിലതിൽ തെറ്റുകയും ചെയ്‌തു. (ബുഖാരി, മുസ്ലിം)

അപ്പോൾ, ഈ വാക്കുകൾകൊണ്ട് നബി ﷺ അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ വിനെ ആക്ഷേപിക്കുകയാണോ ചെയ്‌തത്?

ഈ തെറ്റിദ്ധാരണ അതിൻ്റെ പ്രചാരകരിലുണ്ടാക്കിയ ഫലമാണ് അത്ഭുതപ്പെടുത്തുന്നത്. തങ്ങളുടെ മദ്ഹബിന് എതിരായ സുന്നത്ത് പിന്തുടരുന്നതിൽനിന്നും അവർ തടയപ്പെട്ടു. കാരണം അതിനെ പിന്തുടരുക എന്നതിനർത്ഥം അവരെ സംബന്‌ധിച്ചിടത്തോളം, ആ ഇമാമിനെ ഇകഴ്ത്തലാണ്. എന്നാൽ സുന്നത്തിനെതിരാണെങ്കിലും, അദ്ദേഹത്തെ പിന്തുടർന്നാൽ അതിനർത്ഥം അദ്ദേഹത്തെ ആദരിക്കലും ബഹുമാനിക്കലുമാണ്! അതിനാൽ, അവർ സങ്കൽപിക്കുന്ന ഈ അനാദരിക്കലിൽനിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇമാമിൻ്റെ വാക്കുകൾ തഖ്‌ലീദ് ചെയ്യുന്നതിന് അവർ നിർബന്‌ധബുദ്ധി കാണിക്കുന്നത്.

ഈ തെറ്റിദ്ധാരണ കാരണം, അവർ ഓടി രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിനേക്കാൾ എത്രയോ മോശമായ സ്‌ഥലത്താണ് അവർ വന്നുപെട്ടിരിക്കുന്നത് എന്ന കാര്യം അവർ മറന്നുപോയി. മറന്നതായി അഭിനയിക്കുന്നതാണ് എന്ന് ഞാൻ പറയുന്നില്ല. അവരോട് ഇപ്രകാരം പറയുക: “ഒരാളെ പിൻപറ്റുകയെന്നാൽ അദ്ദേഹത്തെ ആദരിക്കലും, ഒരാളെ എതിർക്കുകയെന്നാൽ അദ്ദേഹത്തെ അനാദരിക്കലുമാണെന്നുണ്ടെങ്കിൽ, നിങ്ങളെങ്ങനെ നബി ﷺ യുടെ മാതൃകയെ എതിർക്കുന്നത് സ്വയം അനുവദിക്കും? സുന്നത്തിനെതിരായിട്ടുള്ള മദ്ഹബീ ഇമാമിൻ്റെ മാർഗം പിൻപറ്റുന്നതിന് വേണ്ടി സുന്നത്ത് പിൻപറ്റുന്നത് ഒഴിവാക്കുന്നു. ഇമാമുകളാകട്ടെ, പാപരഹിതരല്ല(മഅ്സും). അവരെ ആക്ഷേപിക്കുന്നത് കുഫ്റാകുകയുമില്ല. ഇമാമിനെ എതിർക്കുകയെന്നാൽ അദ്ദേഹത്തെ ആക്ഷേപിക്കലാണെന്ന് നിങ്ങൾ വ്യാഖ്യാനിക്കുകയാണെങ്കിൽ, റസൂൽ ﷺ യെ എതിർക്കുന്നത് അവിടുത്തെ ആക്ഷേപിക്കലാണെന്ന കാര്യം വളരെ വ്യക്തമാണ്. എന്നു മാത്രമല്ല, അത് പരസ്യമായ കുഫ്റും കൂടിയാണ്. അതിൽനിന്നും അല്ലാഹുവോട് രക്ഷതേടുന്നു.”

ഇപ്രകാരം അവരോട് പറഞ്ഞാൽ, അവർക്ക് അതിന് മറുപടി പറയാൻ സാധിക്കുകയില്ല, അല്ലാഹുവാണെ, ഒരു വാചകമൊഴികെ -അവരിൽ ചിലരിൽനിന്നും നാം ധാരാളം കേട്ടിട്ടുള്ളതും അത് തന്നെയാണ്- ഇതാണ് അവർ പറയുക: “മദ്ഹബിന്റെ ഇമാമിലുള്ള വിശ്വാസത്താലാണ് നാം സുന്നത്ത് ഒഴിവാക്കുന്നത്. സുന്ന ത്തിനെകുറിച്ച് നമ്മേക്കാൾ നന്നായി അറിയുന്നത് അവരാണല്ലോ”.

ഈ വാദത്തിനുള്ള നമ്മുടെ മറുപടി വിവിധ കോണുകളിലൂടെയാണ്. അവയെല്ലാം ഈ ആമുഖത്തിൽ തന്നെ നാം ദീർഘമായി ചർച്ച ചെയ്തതാണ്. അതിനാൽ, അതിൽനിന്നും പ്രസക്‌തമായ ഒരു മറുപടി മാത്രം അല്ലാഹുവിൻ്റെ അനുമതിയോടുകൂടി ചുരുക്കി കൊടുക്കുന്നു. ഞാൻ പറയുന്നു: “സുന്നത്തിനെകുറിച്ച് നിങ്ങളേക്കാൾ നന്നായി അറിയുന്നത് നിങ്ങളുടെ മദ്ഹബിൻ്റെ ഇമാം മാത്രമല്ല. സുന്നത്തിനെ കുറിച്ച് നിങ്ങളേക്കാൾ നന്നായി അറിയുന്ന ദശക്കണക്കിന് അല്ല, ശതക്കണക്കിന് ഇമാമുകളുണ്ട്. അതിനാൽ, പ്രബലമായ ഒരു സുന്നത്ത് നിങ്ങളുടെ മദ്ഹബിനെതിരാവുകയും അത് ആ ഇമാമുകളിൽ നിന്നുള്ള ഏതെങ്കിലും ഒരു ഇമാം സ്വീകരിക്കുകയും ചെയ്തെങ്കിൽ – ഈ സാഹചര്യത്തിൽ – അത് സ്വീകരിക്കൽ നിങ്ങളുടെ കടമയാണ്. അ പ്പോൾ, മുമ്പ് പറഞ്ഞ നിങ്ങളുടെ വാദത്തിന് ഇവിടെ പ്രസക്‌തിയില്ല. കാരണം, നിങ്ങളുടെ എതിർചേരിയിലുള്ളവൻ നിങ്ങളോട് ഇങ്ങനെ പ്രതികരിക്കും: “ഇത് സ്വീകരിച്ച നമ്മുടെ ഇമാമിലുള്ള വിശ്വാസത്താലാണ് നമ്മളും അത് സ്വീകരിച്ചത്.” ഈ ഇമാമിനെ പിൻപറ്റുന്നതാണ് ആദ്യം പറഞ്ഞ സുന്നത്തിനെതിരായ ഇമാമിനെ പിൻപറ്റുന്നതിനേക്കാൾ ഉത്തമമായിട്ടുള്ളത്. ഇത് വളരെ വ്യക്‌തമാണ്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ, ആർക്കും ഒരു അവ്യക്‌തതയുമില്ല.”

അതിനാൽ, എനിക്ക് ഇത് പറയാൻ സാധിക്കും: നമ്മുടെ ഈ പുസ്തകം [صفه صلاه النبى من التكبير الى التسليم كأنك تراها], നബി ﷺ യിൽ നിന്നും അവിടുത്തെ നമസ്‌കാരം വിവരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രബലമായ സുന്നത്താണ് ശേഖരിച്ചിട്ടുള്ളത്. അതിനാൽ, അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുവാൻ ആർക്കും യാതൊരു ഒഴികഴിവുമില്ല. കാരണം, പണ്‌ഡിതന്മാർ ഐക്യകണ്ഠേന നിരസിച്ച ഒന്നും ഇതിലില്ല – അവരങ്ങനെ ചെയ്യുകയുമില്ല. എന്നാൽ, എല്ലാ സാഹചര്യത്തിലും അവരിൽ പലരും പ്രബലമായ സുന്നത്ത് സ്വീകരിച്ചിട്ടുണ്ട്. ആരെങ്കിലും അങ്ങനെ ചെയ്‌തിട്ടില്ലെങ്കിൽ അവന് ഒഴികഴിവുണ്ട്. ഒരു പ്രതിഫലവുമുണ്ട്; കാരണം, അവർക്ക് അ ത് തീരെ വന്നുകിട്ടിയിട്ടില്ല. അല്ലെങ്കിൽ വന്ന് കിട്ടിയിട്ടും വ്യക്തമായ തെളിവ് കിട്ടിയില്ല, അതുമല്ലെങ്കിൽ പണ്ഡ‌ിതന്മാർക്ക് മാത്രം അറിയാവുന്ന മറ്റുവല്ല കാരണങ്ങളും ഉണ്ടായിരിക്കും. എന്നാൽ, അതിനു ശേഷം വ്യക്‌തമായ തെളിവ് സ്‌ഥിരപ്പെട്ടവന് അവൻ്റെ തഖ്ലീദിന് യാതൊരു ന്യായവുമില്ലാതാകും. പ്രത്യുത അന്യൂനമായ തെളിവ് പിൻപറ്റൽ അവന്ന് നിർബന്‌ധമാണ്. ഈ ആമുഖത്തിൻ്റെ ഉദ്ദേശ്യവും ഇതു തന്നെയാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ

നിങ്ങൾക്ക് ജീവൻനൽകുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക. മനുഷ്യന്നും അവന്റെ മനസ്സിനും ഇടയിൽ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞ് കൊള്ളുക. (ഖു൪ആന്‍:8/24)

അല്ലാഹു സത്യം പറയുന്നു; അവൻ നേർവഴി കാണിക്കുന്നു; അവനാണ് ഏറ്റവും നല്ല സംരക്ഷകനും, ഏറ്റവും നല്ല സഹായകനും. അ ല്ലാഹുവിൻ്റെ രക്ഷയും സമാധാനവും മുഹമ്മദ്  നബി ﷺ യുടെ മേലും അവിടുത്തെ കുടുംബത്തിൻ്റെയും അനുചരന്മാരുടെയും മേലും ഉണ്ടാകട്ടെ. ലോക  രക്ഷിതാവായ അല്ലാഹുവിന്നാകുന്നു സ്‌തുതി.

 

വിവര്‍ത്തനം : മുഹമ്മദ് സിയാദ്

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *