അല്ലാഹു ആദ്യമനുഷ്യനായ ആദം(അ)യെയും അദ്ദേഹത്തിന്റെ ഇണയായ ഹവ്വാ(അ)യെയും സ്വർഗത്തിലാണ് സൃഷ്ടിച്ചത്. അവർ അവിടെ താമസിച്ചു വരവെ, അല്ലാഹു വിലക്കപ്പെട്ട കനി ശൈത്വാന്റെ പ്രേരണയാൽ ഭക്ഷിച്ചതിനാൽ സ്വര്‍ഗീയജീവിതം അവര്‍ക്ക് നഷ്ടപ്പെടുവാനും, ഭൂമിയില്‍ ജീവിതം നയിക്കുവാനും കാരണമായിത്തീര്‍ന്നു.
فَأَزَلَّهُمَا ٱلشَّيْطَٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَٰعٌ إِلَىٰ حِينٍ
എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. (ഖു൪ആന്‍:2/36)
അങ്ങനെ ആദമും ഹവ്വായും സ്വ൪ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് എത്തി. അവരോടൊപ്പം ഇബ്ലീസും(ശൈത്വാനും) ഭൂമിയിലേക്ക് വന്നു. ആ അവസരത്തില്‍ പുനരുത്ഥാന ദിവസം വരെ മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ ഇബ്ലീസ് അല്ലാഹുവിനോട് അപേക്ഷിച്ചു. അല്ലാഹു അതിന് അനുവാദം നൽകി.
ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ
അവന്‍ (ഇബ്ലീസ്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്ക്(മനുഷ്യർക്ക്) ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച. (ഖു൪ആന്‍:15/39)
قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ – ثُمَّ لَءَاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ
അവന്‍ (ഇബ്ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:7/16-17)
എല്ലാ മനുഷ്യരെയും ശൈത്വാന് ഏകപക്ഷീയമായി പിഴപ്പിക്കാൻ കഴിയുമോ? ഒരിക്കലുമില്ല. പിശാചിന്റെ കുതന്ത്രങ്ങളിൽ നിന്നുള്ള രക്ഷാമാർഗം അല്ലാഹു മനുഷ്യർക്ക് പഠിപ്പിച്ച് നൽകിയിട്ടുണ്ട്. അതിൽ നിന്നും മനുഷ്യർ മാറിപ്പോകുമ്പോഴാണ് പിശാചിന് ഇടപെടാൻ സാധിക്കുന്നത്. “അല്ലാഹുവിൽ നിന്നുള്ള മാര്‍ഗദര്‍ശനത്തെ പിൻപറ്റുക” എന്ന ആ രക്ഷാമാർഗം അല്ലാഹു ആദമിനെയും ഹവ്വായെയും പഠിപ്പിക്കുന്നത് കാണുക:
قَالَ ٱهْبِطَا مِنْهَا جَمِيعًۢا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ
അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര് പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. (ഖു൪ആന്‍ :20/123)
ആദമും ഹവ്വായും ഭൂമിയിൽ ജീവിതം ആരംഭിക്കുകയും അദ്ദേഹത്തിന്റെ സന്താനങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുവാന്‍ തുടങ്ങുകയും ചെയ്തതോടെത്തന്നെ, മനുഷ്യശത്രുവായ ശൈത്വാനും അവന്റെ പ്രവർത്തനപരിപാടികള്‍ അവർക്കിടയില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. തന്നാല്‍ കഴിയുന്ന എല്ലാ മാർഗ്ഗങ്ങളിലൂടെയും ആദമിന്റെ സന്തതികളെ വഞ്ചിക്കുമെന്ന പ്രതിജ്ഞ ചെയ്തവനാണല്ലോ ശൈത്വാൻ.
അധികം താമസിയാതെ ആദം നബി(അ)യുടെ മക്കൾക്കിടയില്‍ വഴക്കും ശണ്ഠയും ഉണ്ടാകുമാറ് മനുഷ്യനില്‍ നിക്ഷിപ്തമായ കോപം, അസൂയ, രോഷം തുടങ്ങിയല അവന്‍ ഇളക്കിവിട്ടു. അത് മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ കൊലപാതകത്തില്‍ കലാശിക്കുകയും ഉണ്ടായി. ആദം നബിയുടെ ഒരു മകൻ മറ്റൊരു മകനെ കൊന്നു. രക്തം ചിന്തലിന്റെയും കുഴപ്പത്തിന്റെയും ഉദ്ഘാടനം ശൈത്വാൻ കൊണ്ടാടി. വിശുദ്ധ ഖുർആൻ ഈ സംഭവം സൂറ:അൽ മാഇദയിലെ 27-31 വചനങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്.
കർമരംഗത്ത് മനുഷ്യനെ വഴിപിഴപ്പിക്കുന്നതുകൊണ്ട് പിശാച് തൃപ്തി അടഞ്ഞില്ല. വിശ്വാസ രംഗത്തേക്കും അതവന്‍ വ്യാപിപ്പിക്കാൻ പരിശ്രമിച്ചു. എന്നാൽ ആദ്യതലമുറകളിൽ വിശ്വാസപരമായി മനുഷ്യരെ വഴിപിഴപ്പിക്കാൻ ശൈത്വാന് കഴിഞ്ഞില്ല. ആദ്യ മനുഷ്യനായ ആദം നബിക്ക്(അ) ശേഷമുള്ള പത്ത് തലമുറ തൌഹീദിലായി നിലനിന്നിരുന്നു.
كَانَ ٱلنَّاسُ أُمَّةً وَٰحِدَةً
മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു…………. (ഖു൪ആന്‍ : 2/213)
ആദം നബിക്ക്(അ) ശേഷമുള്ള പത്ത് തലമുറകള്‍ കഴിഞ്ഞാണ് ശി൪ക്ക് ലോകത്തേക്ക് ആദ്യമായി കടന്നു വരുന്നത്. അതായത് നൂഹ് നബി(അ) യുടെ ജനതയിലാണ് ലോകത്ത് ആദ്യമായി ശിർക്ക് സംഭവിക്കുന്നത്.
وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةً وَٰحِدَةً فَٱخْتَلَفُوا۟
മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്. ……(ഖു൪ആന്‍ : 10/19)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ്(റ) പറഞ്ഞു:
عن عبدالله بن عباس: كان بينَ نوحٍ وآدَمَ عشَرةُ قُرونٍ، كُلُّهم على شَريعةٍ مِن الحقِّ، فاختَلَفوا، فبعَثَ اللهُ النَّبيِّينَ مُبشِّرينَ ومُنذِرين. قال: وكذلك هي في قراءةِ عبدِ اللهِ: (كان النّاسُ أمَّةً واحدةً، فاختَلَفوا).
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ആദമിനും നൂഹിനും ഇടയില്‍ പത്ത് നൂറ്റാണ്ടുകളുണ്ടായിരുന്നു. അവരെല്ലാവരും ശരിയായ ശരീഅത്തിലായിരുന്നു (തൌഹീദിലായിരുന്നു). പിന്നീടവ൪ ഭിന്നിച്ചു. അപ്പോള്‍ അല്ലാഹു അവരിലേക്ക് സന്തോഷ വാ൪ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായികൊണ്ട് നബിമാരെ നിയോഗിച്ചു. (ഹാകിം)
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറഞ്ഞു: ആദം സന്തതികളില്‍ സംഭവിച്ച ആദ്യത്തെ ശിര്‍ക്ക് ഇതായിരുന്നു. അത് നൂഹ്(അ)ന്റെ ജനതയിലുമായിരുന്നു.’
മനുഷ്യ സമൂഹത്തില്‍ ശിര്‍ക്കിന്റെ തുടക്കം എങ്ങനെയായിരുന്നു? രണ്ട് അല്ലാഹു ഉണ്ടെന്ന് വാദിച്ചുകൊണ്ടായിരുന്നില്ല ശിര്‍ക്കിന്റെ രംഗപ്രവേശനം. പിന്നെയോ? മരണപ്പെട്ട മഹാന്‍മാരെ ഉപയോഗിച്ചാണ് ലോകത്ത് ആദ്യമായി ശി൪ക്ക് സംഭവിക്കുന്നതിന് വേണ്ടി പിശാച് പരിശ്രമിച്ചത്. അതായത്, മരണപ്പെട്ടുപോയ സദ്‌വൃത്തരായ പുണ്യവാന്മാരുടെ സ്മരണക്കും ബഹുമാനത്തിനും വേണ്ടി അവരുടെ പ്രതിരൂപങ്ങള്‍ നിർമ്മിക്കുകയും, കാലാന്തരത്തില്‍ അവയോടുള്ള ബഹുമാനം അതിരുകവിഞ്ഞ് ആളുകൾ അവയെ ആരാധിച്ചു തുടങ്ങുകയും ചെയ്യുന്നതിന് വേണ്ടിയാണ് ശൈത്വാൻ പരിശ്രമിച്ചത്.
നൂഹ് നബി(അ)ന്റെ ജനതയിലുള്ളവര്‍ അഞ്ച് പ്രധാനപ്പെട്ട ആളുകളെ ആരാധിച്ചിരുന്നു. അവരുടെ പേരുകള്‍ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا
അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്. (ഖു൪ആന്‍ : 71/23)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ്(റ) പറഞ്ഞു:
وهي أسماء رجال صالحين من قوم نوح عليه السلام ، فلما هلكوا أوحى الشيطان إلى قومهم أن انصبوا إلى مجالسهم التي كانوا يجلسون فيها أنصابا وسموها بأسمائهم ، ففعلوا ، فلم تعبد حتى إذا هلك أولئك وتنسخ العلم عبدت
ഇവരെല്ലാം നൂഹ്‌നബിയുടെ(അ) സമുദായത്തില്‍ ജീവിച്ചിരുന്ന നല്ല മനുഷ്യന്‍മാരായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ പിശാച് ആ ജനതക്ക് ദുര്‍ബോധനം നല്‍കി. ആ പുണ്യ പുരുഷന്‍മാര്‍ ഇരിക്കാറുണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ അവരുടെ പേര് നല്‍കിക്കൊണ്ട് ചില പ്രതിഷ്‌ഠകള്‍ സ്ഥാപിക്കണമെന്ന് പിശാച് മന്ത്രിച്ചു. അവര്‍ അപ്രകാരം ചെയ്‌തു. അവര്‍ ആദ്യം അവരെ ആരാധിച്ചിരുന്നില്ല.’ ആ തലമുറ മരണെപ്പട്ടുപോയി. അത് സംബന്ധിച്ചുള്ള അറിവ് ഇല്ലാതാവുകയും ചെയ്‌തു. തുടര്‍ന്ന് അവര്‍ ആരാധിക്കപ്പെട്ടു. (ബുഖാരി)
كانوا قوما صالحين بين آدم ونوح وكان لهم أتباع يقتدون بهم ، فلما ماتوا قال أصحابهم الذين كانوا يقتدون بهم : لو صورناهم كان أشوق لنا إلى العبادة إذا ذكرناهم ، فصوروهم ، فلما ماتوا وجاء آخرون دب إليهم إبليس فقال : إنما كانوا يعبدونهم وبهم يسقون المطر ، فعبدوهم .
ആദമിന്റെയും നൂഹിന്റെയും ഇടക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സജ്ജനങ്ങളായിരുന്നു ഇവര്‍. (വദ്ദ്, സുവാഅ്, യഗൂസ്, യഊക്വ്, നസ്‌ര്‍) അവരെ അംഗീകരിക്കുകയും ചെയ്യുന്ന ചില അനുയായികള്‍ അവര്‍ക്ക് ഉണ്ടായിരുന്നു. ആ മഹാത്മാക്കള്‍ മരിച്ചപ്പോള്‍ പ്രസ്‌തുത അനുയായികള്‍ പറഞ്ഞു. ആ മഹാത്മാക്കളുടെ പ്രതിഷ്‌ഠകള്‍ നിര്‍മിച്ചുവെക്കാം. അവരെ അനുസ്‌മരിക്കുമ്പോള്‍ അത് നമുക്ക് അല്ലാഹുവെ ആരാധിക്കുന്നതിനു കൂടുതല്‍ പ്രചോദനം നല്‍കും. അങ്ങനെ കേവലം അനുസ്‌മരണത്തിനായി സ്ഥാപിക്കപ്പെട്ട പ്രതിമകള്‍- നിര്‍മിച്ച തലമുറ മരണപ്പെട്ടു. തുടര്‍ന്ന് ഇബ്‌ലീസ് പിന്‍തലമുറക്ക് ദുര്‍ബോധനം നല്‍കി. നിങ്ങളുടെ പൂര്‍വീകര്‍ ഈ പ്രതിമകളെ ആരാധിച്ചിരുന്നു. അതുമുഖേന അവര്‍ക്ക് മഴ ലഭിച്ചു. അങ്ങനെ അവര്‍ ആ വിഗ്രഹങ്ങളെ ആരാധിച്ചുതുടങ്ങി. (ഇബ്‌നുകസീര്‍: 8/305)
ഇബ്‌നുല്‍ ക്വയ്യിം(റ) പറയുന്നു: പൂര്‍വികരില്‍ ചിലര്‍ പറഞ്ഞു: അവര്‍ മരിച്ചപ്പോള്‍ അവരുടെ ക്വബറിങ്കല്‍ അവര്‍ ഭജനമിരിക്കുകയും പിന്നീട് അവരുടെ രൂപങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കാലം കുറെ ദീര്‍ഘിച്ചപ്പോള്‍ അവര്‍ അവരെ ആരാധിച്ചു.
നൂഹ് നബി(അ)ന്റെ ജനതയെ പിശാച് പിഴപ്പിച്ചതിന്റെ പടവുകള്‍ നോക്കൂ. ആദ്യം അവരോട് വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്വ്, നസ്വ്ര്‍ തുടങ്ങിയവരുടെ പ്രതിമകള്‍ ഉണ്ടാക്കുവനായി നിര്‍ദേശിക്കുന്നു. ആ സമയം അവരെ ആരാധിക്കുവാന്‍ അവരോട് അവന്‍ കല്‍പിച്ചില്ല. മറിച്ച് അവരെക്കുറിച്ചുള്ള ഓര്‍മകളും മറ്റും നിലനില്‍ക്കാനും അതിലൂടെ നിങ്ങളുടെ ജീവിതം നന്നാക്കാനും ഇത് നല്ലതാണ് എന്ന് തോന്നിപ്പിച്ചു. അടുത്ത തലമുറയോട് അവയെ ആരാധിക്കുവാനുള്ള ദുര്‍ബോധനമാണ് നടത്തിയത്. ഇവിടെ എത്രയോ ആളുകള്‍ മരണപ്പെട്ടല്ലോ. എന്നാല്‍ അവരുടെയെല്ലാം രൂപം നിര്‍മിച്ചതായി നാം കാണുന്നില്ല. പക്ഷേ, അഞ്ചുപേരുടെ മാത്രം രൂപങ്ങള്‍ കാണപ്പെടുന്നു. അതിന് ചില കാരണങ്ങളുണ്ട്. ഇവര്‍ നല്ലവരായ ആളുകളായിരുന്നു. അതിനാല്‍ അവരുടെ അടുത്തേക്ക് ജനങ്ങള്‍ പാപങ്ങള്‍ പൊറുത്തു കിട്ടാനും തങ്ങളുടെ കാര്യങ്ങള്‍ സാധിപ്പിച്ചു കിട്ടാനും അല്ലോഹുവിനോട് തേടാനായി ചെന്നിരുന്നു. അവര്‍ അല്ലാഹുവിനോട് ദുആ ചെയ്യും; പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടുകയും ചെയ്യും. എന്നാല്‍ അവര്‍ മരണപ്പെട്ടിരിക്കുന്നു. പക്ഷേ, അവരുടെ കഴിവുകള്‍ നിലനില്‍ക്കുന്നു. നമ്മളാകട്ടെ പാപികളാണ്. അതിനാല്‍ ഇവരെ സമീപിച്ച് ഇവരോട് നമ്മുടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഇവര്‍ അല്ലാഹുവിനോട് നമ്മുടെ കാര്യങ്ങള്‍ പറഞ്ഞ് സാധിപ്പിച്ചുതരും. ഇത്തരം ദുര്‍ബോധനങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊണ്ടു. അവര്‍ അപ്രകാരം ചെയ്ത് ശിര്‍ക്കില്‍ പതിച്ചു. അല്ലാഹുവിന് മാത്രം അര്‍പ്പിക്കേണ്ട പ്രാര്‍ഥനയും നേര്‍ച്ചയും ബലിയും സത്യം ചെയ്യലും ഭജനമിരിക്കലും എല്ലാം മഹാന്മാരിലേക്ക് തിരിക്കപ്പെട്ടു.
ആ ജനതയില്‍ ശിര്‍ക്ക് തുടങ്ങിയപ്പോള്‍ അല്ലാഹു അവരിലേക്ക് നൂഹിനെ നിയോഗിച്ചു. അല്ലാഹു പറയുന്നു:
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ
നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് ദൂതനായി അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖു൪ആന്‍ :23/23)
إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ ﴿١﴾ قَالَ يَٰقَوْمِ إِنِّى لَكُمْ نَذِيرٌ مُّبِينٌ ﴿٢﴾ أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ ﴿٣﴾ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ ﴿٤﴾
തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയച്ചു. നിന്റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്റെ മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുക എന്ന് നിര്‍ദേശിച്ചു കൊണ്ട്. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍. (ഖു൪ആന്‍ : 71/1-4)
നൂഹ്(അ) 950 കൊല്ലം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്ന് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പഠിപ്പിക്കുകയും, അതിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്തു.
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا
നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പത് കൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി ….. (ഖു൪ആന്‍ : 29/14)
ചുരുക്കത്തില്‍ മരണപ്പെട്ട മഹാന്‍മാരെ ഉപയോഗിച്ചാണ് ലോകത്ത് ആദ്യമായി ശി൪ക്ക് സംഭവിക്കുന്നതിന് വേണ്ടി പിശാച് പരിശ്രമിച്ചത്. അത് ഇന്നും തുട൪ന്നുകൊണ്ടേയിരിക്കുന്നു.
ഏതൊരു സമൂഹത്തിലും ശിര്‍ക്കിന്റെ രംഗപ്രവേശനം പടിപടിയായിട്ടാണ് ഉണ്ടാകാറുള്ളത്. ഒരാള്‍ മരണപ്പെട്ടാല്‍ ആദ്യം അവരെ മഹാന്മാരായി ജനങ്ങളില്‍ പരിചയപ്പെടുത്തും. അതിനായി ഉള്ളതും ഇല്ലാത്തതുമായ നൂലാമാലകള്‍ എഴുതിയുണ്ടാക്കും. പിന്നീട് മറ്റു ക്വബ്‌റുകളില്‍ നിന്ന് പ്രകടമായി കാണുന്ന രൂപത്തില്‍ മഹാത്മാവെന്ന് പറയപ്പെടുന്നവരുടെ ക്വബ്‌റിനെ മാറ്റം വരുത്തും. ശേഷം അതിനെ കെട്ടിപ്പൊക്കുകയും അതിന്മേല്‍ പൂവ് വിതറിയും മാല ചാര്‍ത്തിയും ചന്ദനത്തിരി കത്തിച്ചും സാമ്പ്രാണി പുകച്ചും വിളക്ക് കത്തിച്ചും മറ്റും ഒരു നിഗൂഢ പരിവേഷം നല്‍കി ആ ക്വബ്‌റാളിയോട് പ്രാര്‍ഥിക്കുകയും ചെയ്യും. ശിര്‍ക്കിലേക്ക് ജനങ്ങളെ ഇപ്രകാരമാണ് പിശാച് എത്തിക്കുന്നത്. ആ ദുര്‍നടപടി അങ്ങനെ തുടര്‍ന്നുവന്നു.
ഇതിനെല്ലാം പുറമെ പ്രവാചകന്മാര്‍ തുടങ്ങിയ മഹാത്മാക്കള്‍ മുഖാന്തിരമോ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുക്കളിലൂടെയോ വല്ല അസാധാരണമായ അത്ഭുത സംഭവങ്ങളും നടന്നതായി കാണുമ്പോള്‍, അവരില്‍ / അവയില്‍ ദിവ്യത്വം കൽപ്പിക്കപ്പെടുക അഥവാ ആ മഹാത്മക്കളിലോ, അല്ലെങ്കില്‍ ആ വസ്തുക്കളിലോ അല്ലാഹു അവതരിക്കുകയോ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും, അവന്റെ ഏതെങ്കിലും ഒരു ഗുണം അവതരിച്ചിട്ടുണ്ടെന്നും കരുതുക. അങ്ങിനെ, ആ മഹാത്മാക്കളുടെയോ വസ്തുക്കളുടെയോ പ്രതിമകളുണ്ടാക്കി പൂജിച്ചുവരുക. ചില മതങ്ങളിലെ വിവിധ അവതാര വിശ്വാസങ്ങളും, വിഗ്രഹാരാധനകളും ഈസാ നബിയെ ആരാധിക്കുന്നതുമെല്ലാം ഈ ഇനത്തില്‍ ഉൾപ്പെടുന്നവയത്രെ.
പ്രതിമകളുടെ മുന്നിലാണ് അവരുടെ ആരാധന നടപടികളെല്ലാം അവര്‍ നിര്‍വഹിക്കുന്നതെങ്കിലും അവരുടെ മനസ്സില്‍ കേവലം ആ കല്ലുകളല്ല ഉണ്ടായിരുന്നത്. ആ കല്ലുകള്‍ ആരെയാണോ പ്രതിനിധീകരിക്കുന്നത് അവരുടെ പ്രീതിയും പൊരുത്തവും പ്രതീക്ഷിച്ചും അവരില്‍ നിന്നുള്ള പൊരുത്തക്കേടുകളെ ഭയപ്പെട്ടുമായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ അഭൗതിക മാര്‍ഗത്തിലൂടെയുള്ള ഗുണവും ദോഷവും സൃഷ്ടികളില്‍ നിന്ന് പ്രതീക്ഷിക്കുകയാണ് ചെയ്യുന്നത്. അഭൗതിക മാര്‍ഗത്തിലൂടെ സ്രഷ്ടാവായ അല്ലാഹുവില്‍ നിന്നല്ലാതെ യാതൊരു ഗുണത്തെയോ ദോഷത്തെയോ പ്രതീക്ഷിക്കാവതല്ല.
പിശാചിന്റെ ദുർബോധനങ്ങളില്‍ നിന്നും മനുഷ്യന്റെ അബദ്ധജടിലമായ ചിന്താഗതികളിൾ നിന്നുമായി ഉത്ഭവിക്കുകയും, കാലാന്തരത്തില്‍ ചില പ്രത്യേക രൂപങ്ങളില്‍ സ്ഥിരപ്പെട്ട മതസിദ്ധാന്തങ്ങളായി അംഗീകരിക്കപ്പെടുകയും ചെയ്ത പലതരം വിഗ്രഹാരാധനകളാണ് മേൽപറഞ്ഞതെല്ലാം. വിഗ്രഹാരാധനയുടെ പ്രസ്തുത ഇനങ്ങളെല്ലാം തന്നെ ശിർക്കാണെന്നു (ബഹുദൈവവിശ്വാസമാണെന്നു) ഖുർആന്‍ സംശയാതീതമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിഗ്രഹങ്ങള്‍ സ്വയംതന്നെ തങ്ങൾക്ക് ഗുണമോ ദോഷമോ വരുത്തുവാന്‍ പ്രാപ്തമാണെന്ന വിശ്വാസത്തോടെ അവയെ ആരാധിച്ചുവരുന്നവര്‍ തുലോം കുറവായിരിക്കും. പക്ഷേ, അവയെ ആരാധിക്കുന്നതുമൂലം ഏതെങ്കിലും പ്രകാരേണ ദൈവസാമീപ്യത്തിനും, പുണ്യം നേടുന്നതിനും ഉപകരിക്കുമെന്നും അവയോ അവ പ്രതിനിധാനം ചെയ്യുന്ന പുണ്യാത്മാക്കളോ, അല്ലെങ്കില്‍ വന്‍സൃഷ്ടികളോ അല്ലാഹുവിങ്കല്‍ ശുപാർശയും സ്വാധീനവും ചെലുത്തി തങ്ങൾക്ക് രക്ഷ നൽകുമെന്നുമുള്ള വിശ്വാസമാണ് അതിന്നവരെ പ്രേരിപ്പിക്കുന്നത്.
ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ
അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത് ….. (ഖു൪ആന്‍:39/3)
ﻭَﻳَﻌْﺒُﺪُﻭﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ﻭَﻳَﻘُﻮﻟُﻮﻥَ ﻫَٰٓﺆُﻻَٓءِ ﺷُﻔَﻌَٰٓﺆُﻧَﺎ ﻋِﻨﺪَ ٱﻟﻠَّﻪِ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു … (ഖു൪ആന്‍:10/18)
ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) രേഖപ്പെടുത്തിയിട്ടുള്ളത് കാണുക:
انهم وضعوا هذه الاصنام والاوثان على صور انبيائهم وأكابرهم وزعموا أنهم متى اشتغلوا بعبادة هذه التماثيل فان أولئك الا مابر تكون شفعاء لهم عند الله تعالى ونظيره فى هذا الزمان اشتغال كثير من الخلق بتعظيم قبور الاكابر على اعتقاد انهم اذا عظموا قبورهم فانهم يكونون شفعاء لهم عند الله
ഈ വിഗ്രഹങ്ങളെയും ബിംബങ്ങളെയും അവരുടെ പ്രവാചകന്‍മാരുടെയും മഹാത്മാക്കളുടെയും രൂപത്തിലാണ് അവര്‍ ഉണ്ടാക്കിവെച്ചത്. ഈ പ്രതിമകളുടെ ആരാധനയില്‍ തങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ ആ മഹാത്മാക്കള്‍ അല്ലാഹുവിന്റെ അരികെ തങ്ങള്‍ക്ക് ശുപാര്‍ശകരാകുമെന്ന് അവര്‍ ജല്‍പിക്കുകയും ചെയ്‌തു. മഹാത്മാക്കളുടെ ഖബ്‌റുകളെ ആദരിക്കുന്നതില്‍ അനേകം `പടപ്പുകള്‍’ ഇക്കാലത്ത് ഏര്‍പ്പെട്ടിട്ടുളളത് ഇതിന് തുല്യമാണ്. തങ്ങള്‍ അവരുടെ ഖബ്‌റുകളെ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിങ്കല്‍ തങ്ങള്‍ക്ക് ശുപാര്‍ശകരാകുമെന്നാണ് അവരുടെ വിശ്വാസം.’ (തഫ്സീറുല്‍ കബീ൪:6/227)
kanzululoom.com